പിണറായി വിജയന്‍ മറക്കരുത് കരുണാകരന്റെ പൊലീസിനെ

പിണറായി വിജയന്‍ മറക്കരുത് കരുണാകരന്റെ പൊലീസിനെ

രാം നായിക്കിനെ അറിയുമല്ലോ അല്ലേ? അറിയണം. ഉത്തര്‍പ്രദേശിന്റെ ഗവര്‍ണറാണ്. കഴിഞ്ഞ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് ഓര്‍ക്കുമല്ലോ? അതും മറക്കാന്‍ പാടില്ലാത്തതാണ്. അടിത്തട്ട് മുതല്‍ പണിയെടുത്ത് ബി.ജെ.പി അക്ഷരാര്‍ഥത്തില്‍ യു.പി തൂത്തുവാരി. കൃത്യമായ അജണ്ടയോടെ ഭിന്നിപ്പുകള്‍ സൃഷ്ടിച്ച്, തീവ്രഹിന്ദുത്വയെ ആളിക്കത്തിച്ച് നേടിയ വിജയം. ഹിന്ദുത്വക്ക് വേണ്ടി അര്‍ധസായുധ സേനയെ സൃഷ്ടിച്ച ഗൊരഖ്പൂരിലെ മഠാധിപതി ആദിത്യനാഥിനെ പാര്‍ലമെന്റില്‍ നിന്ന് കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി വരവറിയിക്കുകയും ചെയ്തു ബി.ജെ.പി. ആ യോഗി ആദ്യത്യനാഥിനെ സര്‍വാത്മനാ പിന്തുണക്കാന്‍ ഒരു ഗവര്‍ണറെയും കൊണ്ടുവന്നു. മുംബൈയില്‍ നിന്നുള്ള കടുംവെട്ട് ആര്‍.എസ്.എസുകാരനും ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയുമായ രാം നായിക്. അപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും സംസാരിക്കുന്ന നമ്മള്‍ക്ക് രാം നായിക്കിനെ അറിയാതിരിക്കാന്‍ തരമില്ല. അധികാരമേറ്റ് ഏറെക്കഴിയും മുന്നേ ഈ രാം നായിക്കും യോഗി ആദിത്യനാഥും തമ്മില്‍ ഒരു കൂടിക്കാഴ്ച നടന്നു. പിന്നാലെ കത്തിടപാടും. രാം നായിക്കിന്റെ ആവശ്യം യു.പി. യിലെ മൂന്ന് പ്രധാന നഗരങ്ങളില്‍ പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കണം എന്നായിരുന്നു.

കമ്മീഷണറേറ്റെന്നാല്‍ ഒരു തരം കമ്മീഷണറാണ്. അദ്ദേഹത്തിന് മജിസ്റ്റീരിയല്‍ അധികാരം ഉണ്ടായിരിക്കും. മജിസ്റ്റീരിയല്‍ അധികാരമെന്നാല്‍ മറ്റൊരുതരം അധികാരമാണ്. പൊലീസിന് ഇല്ലാത്ത ഒന്ന്. അതൊരു ജുഡീഷ്യല്‍ അധികാരമാണ്. ജനങ്ങളുമായി മറ്റൊരു തരത്തില്‍, യൂണിഫോമിലല്ലാതെ, ബലപ്രയോഗത്തിന്റെ ഭാഷയിലല്ലാതെ ബന്ധപ്പെടുന്ന ഒരുതരം അധികാരം. ഇന്ത്യയിലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡാണ് അത് നിര്‍വചിക്കുന്നത്. നിങ്ങള്‍ക്കറിയാം നിരോധനാജ്ഞ എന്താണെന്ന്. അത് ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ ഒരു വ്യവസ്ഥയാണ്. അക്രമമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് മനസിലായാല്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കും. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുത്, യോഗം ചേരരുത്, ആയുധങ്ങള്‍ ഏന്തരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍. ആരാണത് പ്രഖ്യാപിക്കുക. തീര്‍ച്ചയായും ആ പ്രഖ്യാപനം മൈക്ക് കെട്ടി ജനങ്ങളെ അറിയിക്കുക പൊലീസാണ്. പക്ഷേ, ്രപഖ്യാപിക്കുന്നത് പൊലീസല്ല. അത് ജനങ്ങളുമായി ബലപ്രയോഗത്തിന്റേതല്ലാത്ത അധികാരബന്ധമുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ്. അത് ജില്ലാ കലക്ടറാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍ ആരാണ് നടപടി എടുക്കുക? അത് പൊലീസാണ്. അപ്പോള്‍ പിന്നെ ആ ആജ്ഞ പൊലീസിന് തന്നെ പ്രഖ്യാപിച്ചാലെന്താ? ജനാധിപത്യത്തില്‍ പറ്റില്ല. കാരണം പൊലീസിന് മജിസ്റ്റീരിയല്‍ അധികാരമില്ല. എന്തുകൊണ്ടില്ല? പൊലീസിന് ബലപ്രയോഗത്തിന്റെ ഭാഷയുണ്ട്, വയലന്‍സുണ്ടാകാവുന്ന സാഹചര്യത്തില്‍ പൊലീസ് ഒരു കക്ഷിയാണ്. സ്വന്തം ഇടപാടില്‍ സ്വയം വിധിപറയുന്നത് ജനാധിപത്യമല്ല. നിങ്ങള്‍ അസ്വാഭാവികമരണങ്ങള്‍ കണ്ടിട്ടുണ്ട്. ആത്മഹത്യകള്‍ ഉള്‍പ്പടെ. അവിടെ ഇന്‍ക്വസ്റ്റ് എന്ന ഒരു പരിപാടിയുണ്ട്. പ്രേതപരിശോധന. അവിടെയും വേണം നമ്മള്‍ മുന്നേ പറഞ്ഞ മജിസ്റ്റീരിയല്‍ അധികാരമുള്ളവര്‍. കാരണമിതാണ്: അനേ്വഷണത്തില്‍ പൊലീസ് കക്ഷിയാണ്.
ഇനി അറസ്റ്റിലേക്ക് വരാം. ഇന്ത്യയില്‍ മുഴുവന്‍ ബാധകമായ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ അഥവാ സി. ആര്‍. പി.സിയും സുപ്രീം കോടതിയുടെ സുപ്രധാനമായ വിധിയും അറസ്റ്റ് എന്നാല്‍ എന്താണ് എന്ന് നിരങ്കുശം വിശദീകരിക്കുന്നുണ്ട്. ആര്‍ക്കാണ് ഒരു പൗരനെ അറസ്റ്റ് ചെയ്യാന്‍ അധികാരം? നടപ്പുരീതിയില്‍ അത് പൊലീസിനാണ്. നടന്നുകഴിഞ്ഞ ഒരു കുറ്റകൃത്യത്തില്‍ പൊലീസാണ് അറസ്റ്റ് ചെയ്യുക. നമ്മള്‍ അറിയേണ്ട ഒന്ന് നിയമത്തില്‍ അത് അങ്ങനെ അല്ല എന്നാണ്. ഏതൊരു പൗരനും അറസ്റ്റിന് അധികാരമുണ്ട്. നടക്കാനിടയുള്ള ഒരു കുറ്റകൃത്യത്തില്‍ പ്രത്യേകിച്ചും. അത് പ്രായോഗികമായി സംഭവിക്കാറില്ല എന്നത് വേറെ കാര്യം. പക്ഷേ, ചട്ടത്തില്‍ അങ്ങനെയുമുണ്ട്. ഇനി പൊലീസ് അറസ്റ്റ് നടത്തി എന്നിരിക്കട്ടെ. എന്താണ് അടുത്ത നടപടി? 24 മണിക്കൂറിനുള്ളില്‍ ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍, ശ്രദ്ധിക്കുക കോടതിയില്‍ പോലും വേണമെന്നില്ല, ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തണം. അതിനര്‍ഥം 24 മണിക്കൂറിലധികം ഒരു മജിസ്റ്റീരിയല്‍ സംവിധാനമറിയാതെ ഒരു പൗരനെ തടഞ്ഞുവെക്കാന്‍ പൊലീസിന് അധികാരമില്ല. ബലപ്രയോഗത്തിന് അധികാരമുള്ള നിര്‍വഹണ ഉദ്യോഗസ്ഥരാണ് പൊലീസ് എന്ന് പറഞ്ഞല്ലോ? ആ ബലപ്രയോഗത്തിനും വേണം ഒരു എക്‌സിക്യൂട്ടീവ് മജസ്‌ട്രേറ്റിന്റെ അനുമതി. അതായത് പൗരാവകാശത്തെ നമ്മുടെ സിവില്‍ സമൂഹവുമായി അങ്ങേയറ്റം ബന്ധിപ്പിച്ച് നിര്‍ത്തുന്ന നിയമവ്യവസ്ഥയാണ് നമ്മുടേത്. നമ്മുടേത് എന്ന് മാത്രമല്ല ജനാധിപത്യത്തിന്റേത്.

എന്തിനാണിത്? പൊലീസും കലക്ടറെപ്പോലെ, തഹസില്‍ദാരെപ്പോലെ, സര്‍ക്കാരിന്റെ സംവിധാനമല്ലേ? അവിടെന്തിന് മൂപ്പിളമ തര്‍ക്കം? പൊലീസിന് ഈ അധികാരങ്ങള്‍ നല്‍കിയാലെന്താ? ഒരൊറ്റ ഏജന്‍സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതി മികവ് തെളിയിച്ച് വരുന്ന ഐ.പി.എസുകാര്‍ക്കും ഐ.എ.എസുകാര്‍ക്കും ഇടയില്‍ ഇത്തരം വിവേചനം എന്തിന്? ചോദ്യം പ്രത്യക്ഷത്തില്‍ ന്യായമാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. പ്രത്യക്ഷത്തിലുള്ളതല്ല യഥാര്‍ത്ഥം എന്നതിന് ജനാധിപത്യം എന്ന രാഷ്ട്രീയ പ്രയോഗം തന്നെയാണല്ലോ ഏറ്റവും വലിയ തെളിവ്?

കലക്ടര്‍ എന്നത് അടിസ്ഥാനപരമായി വില്ലേജ് ആഫീസറുടെ പടുകൂറ്റന്‍ പരിണാമമാണ്. ആരാണ് അഥവാ എന്താണ് വില്ലേജ് ഓഫീസര്‍? ഒരു ചെറിയ റവന്യൂ ഡിവിഷനിലെ, അഥവാ ഒരു തുള്ളി സംസ്ഥാനത്തിലെ അധികാരിയാണത്. അടിസ്ഥാനപൗരന്റെ സാക്ഷ്യപത്രം. വിശദീകരിച്ചാല്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്നുമുതല്‍ നിങ്ങളുടെ സകലമാന സ്വത്വങ്ങളുടെയും-ജാതി,മത, സാമ്പത്തിക, വൈവാഹിക നിലകളുടെ – സാക്ഷ്യാധികാരി. ഈ അധികാരിയുടെ പരമപദമാണ് കലക്ടര്‍. എന്നുവെച്ചാല്‍ പൗരന്റെ സ്വത്വരേഖയുടെ ഖജാന്‍ജി. പൗരന്റെ സര്‍വവിധ ജീവിതാവസ്ഥകളിലേക്കും തെളിക്കാനുള്ള ഭരണകൂടത്തിന്റെ ഞെക്കുവിളക്ക് കലക്ടറാണ്; കമ്മീഷണറോ പൊലീസ് സൂപ്രണ്ടോ അല്ല. ക്രിമിനല്‍ എന്ന് നിയമപരമായി വ്യവഹരിക്കപ്പെടുന്ന ഒരു സാമൂഹിക ചലനത്തില്‍ മാത്രം പ്രവര്‍ത്തനക്ഷമമാകുന്ന, പ്രവര്‍ത്തനക്ഷമമാകേണ്ട ഒരു ഭരണകൂട ഏജന്‍സിയാണ് പൊലീസ്. കലക്ടര്‍ അതല്ല. സിവിലും ക്രിമിനലുമായ പൗരവ്യവഹാരങ്ങളില്‍ ഭരണകൂടത്തിന്റെ, ജനാധിപത്യത്തിന്റെ മധ്യസ്ഥാധികാരിയായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം എക്‌സിക്യൂട്ടീവുകളുടെ സമസ്തപദമാണത്.

രാം നായിക്കിലേക്ക് വരാം. ഈ സമസ്ത പദത്തിലേക്ക് ക്രിമിനല്‍ വ്യവഹാരവുമായി മാത്രം ബന്ധമുള്ള പൊലീസിനെ ഉള്‍ച്ചേര്‍ക്കാനുള്ള നിര്‍ദേശമാണ് യു.പി ഗവര്‍ണര്‍ മുന്നോട്ട് വെച്ചത്. അതിനെയാണ് കമ്മീഷണറേറ്റ് എന്ന് വിളിക്കുന്നത്. പൊലീസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക. ഉദാഹരണത്തിന് ഗുണ്ടാ ആക്ട് ഇപ്പോള്‍ നിയന്ത്രിക്കുന്നത് കലക്ടറാണ്. കലക്ടറാണ് ഗുണ്ടകളുടെ പട്ടിക പ്രഖ്യാപിക്കുന്നത്. കമ്മീഷണറേറ്റ് വന്നാല്‍ ആ പണി പൊലീസ് തനിച്ച് ചെയ്യും. ഇങ്ങനെ നാനാതരം അധികാരങ്ങള്‍, നിലവില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള, റവന്യൂ സ്വഭാവമുള്ള, ബലപ്രയോഗം ഘടനയില്‍ ഇല്ലാത്ത അധികാരികള്‍ നിര്‍വഹിച്ചുപോന്ന കാര്യങ്ങള്‍ പൊലീസ് നേരിട്ട് ചെയ്യും. അഥവാ പൊലീസിന് ആരോടും ഒന്നും ബോധിപ്പിക്കണ്ട. സംശയകരമായ സാഹചര്യത്തില്‍ ഒരാളെക്കണ്ടാല്‍, അഥവാ ഒരാളെക്കണ്ടപ്പോള്‍ പൊലീസിന് സംശയകരമായ സാഹചര്യമാണല്ലോ എന്ന് വെറുതേ തോന്നിയാല്‍ അയാളെ അറസ്റ്റ് ചെയ്യാം. മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണര്‍ക്ക് ആ അറസ്റ്റ് ശരിവെക്കാം. പൊലീസ് പൊലീസിനെ ശരിവെക്കുന്നു. ഇതാണ് യുപിയിലെ വന്‍നഗരങ്ങളില്‍ നടപ്പാക്കാന്‍ യോഗി ആദിത്യനാഥിനോട് രാം നായിക് ശുപാര്‍ശ ചെയ്തത്. ഭരണത്തില്‍ പുതുമുഖമായ ആദിത്യനാഥിനെ അക്കാര്യത്തില്‍ സഹായിക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസ്സുകാരനായ രാം നായിക് വന്നതെന്ന് പറഞ്ഞല്ലോ?

എന്തിനായിരുന്നു രാം നായിക്കിന്റെ ആ ശുപാര്‍ശ? സംഘടിത കവര്‍ച്ചകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും പതിവായ ഒരിടത്ത്, ക്രൈം റേറ്റിംഗില്‍ മുന്‍പന്തിയിലുള്ള ഒരിടത്ത് ഇത്തരമൊരു അമിതാധികാര പൊലീസിംഗ് എന്തിനെന്ന ചോദ്യം തന്നെ അപ്രസക്തമല്ലേ എന്നാവും നിങ്ങളുടെ സംശയം. എന്നാല്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ രാം നായിക് ആവശ്യപ്പെട്ടത് അതിനായിരുന്നില്ല. മറിച്ചോ, അടിയന്തിരമായി നടപ്പാക്കാന്‍ പോകുന്ന ചില കേന്ദ്രപദ്ധതികള്‍ക്കെതിരില്‍, ചില സംഘടനകള്‍ രംഗത്തുണ്ട്. കുടിയൊഴിക്കല്‍ ആവശ്യമുള്ള വന്‍കിട പദ്ധതികളാണ്. ജാതിപരമായും സാമുദായികമായും അടിവേരുകളുള്ള നിരവധി സംഘടനകള്‍ പ്രക്ഷോഭപാതയിലാണ്. ആ സമരങ്ങള്‍ അടിച്ചമര്‍ത്താതെ വികസനം മുന്നോട്ട് പോകില്ല. കടുത്ത നടപടികള്‍ക്ക് ഇപ്പോഴത്തെ തടസ്സം പൊലീസിന് മജിസ്റ്റീരിയല്‍ അധികാരമില്ലാത്തതാണ്. അതിനാല്‍ താമസംവിനാ അത് വേണം. തീവ്രവര്‍ഗീയത ഏറ്റെടുത്ത് നടത്തുന്ന സംഘര്‍ഷങ്ങള്‍ നിര്‍ബാധമാക്കാനുള്ള നിയമക്കളിയാണ് ഈ കമ്മീഷണറേറ്റെന്ന് വിമര്‍ശനമുയര്‍ന്നു. ജനതയുടെ അവസാന ആശ്രയമായ ജുഡീഷ്യല്‍ ചെക്ക് ഇല്ലാതാവുന്നതോടെ സമ്പൂര്‍ണ പൊലീസ്‌രാജിന് കളമൊരുങ്ങുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അതെല്ലാം വനരോദനങ്ങളായത് ചരിത്രം.

ഒരുവിധ സാദൃശ്യമോ സാധര്‍മ്യമോ ഇല്ല ഉത്തര്‍പ്രദേശും കേരളവും തമ്മില്‍. ജീവിത ഗുണനിലവാരത്തിന്റെ സര്‍വ തലങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ മുകളിലോ ഒപ്പമോ ആണ് കേരളം. യു.പി യെ അപേക്ഷിച്ച് കുറ്റകൃത്യ നിരക്ക് ബഹുദൂരം പിന്നില്‍. സാമൂഹ്യഘടനയില്‍ ജാതീയതയുടെ നീരാളിപ്പിടിത്തം കുറവൊന്നുമല്ല എങ്കിലും അതിന് അധികാരമാര്‍ജിക്കാനോ അധികാരത്തെ നിശ്ചയിക്കാനോ ത്രാണിയില്ല. നായര്‍ മുതല്‍ താഴോട്ടുള്ള ഹിന്ദുസമൂഹത്തിന്റെ വിശ്വാസപരമായ ൈവകാരികത ഏറെ പിണഞ്ഞുകിടക്കുന്ന ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും, അത് ആളാനുള്ള സകല വിഡ്ഡിത്തങ്ങളും സാധ്യമാകും വിധത്തില്‍ സംസ്ഥാന ഭരണകൂടം ചെയ്തിട്ടും ഒരു സീറ്റില്‍ പോലും സംഘപരിവാര്‍ പച്ചതൊടാത്ത സംസ്ഥാനമാണ്. ഇടതുപക്ഷത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൃദു വലതുപക്ഷത്തിനും ഏതാണ്ട് തുല്യമായ മേല്‍ക്കൈ സര്‍വരംഗങ്ങളിലുമുള്ള സംസ്ഥാനം. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തെക്കാളും ആഴത്തില്‍ ജനാധിപത്യവല്‍കരിക്കപ്പെട്ട, ഒന്നാംതരം അവകാശബോധമുള്ള ജനതകൂടിയാണ് കേരളീയര്‍. അതിനാല്‍തന്നെ കേരളത്തില്‍ ബലപ്രയോഗങ്ങള്‍ എന്നും പ്രതിക്കൂട്ടിലാണ് ചെെന്നത്തുക. പൊലീസ് നടത്തുന്ന ഒരു ലാത്തിച്ചാര്‍ജുപോലും വന്‍പ്രതിഷേധമാണ് കേരളത്തില്‍ സൃഷ്ടിക്കുക.
ഇടുക്കിയിലെ തങ്കമണിയെ ഓര്‍ക്കാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാട്ടുനടപ്പായ കയ്യേറ്റമാണ് തങ്കമണിയില്‍ പൊലീസ് നടത്തിയത്. 1986 ആണ് വര്‍ഷം. കെ.കരുണാകരന്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസില്‍ അന്ന് മുടിചൂടിയ മന്നനാണ് കരുണാകരന്‍. വയലാര്‍ രവിയെ തുരത്തി ആഭ്യന്തരവകുപ്പുകൂടി കരുണാകരന്‍ ഏറ്റെടുക്കുന്നു. പൊലീസിന്റെ ആത്മവീര്യമുയര്‍ത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. അങ്ങനെ ഉയര്‍ന്ന ആത്മവീര്യമാണ് തങ്കമണിയില്‍ കണ്ടത്. വിദ്യാര്‍ഥികളും ഒരു സ്വകാര്യബസും തമ്മിലുണ്ടായ നിസാര തര്‍ക്കവും കയ്യേറ്റവും. ബസ്സുടമ ഭരണകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്. എ.സി തമ്പാന്‍ എന്നയാളാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. നേതാവിന്റെ ആത്മബന്ധു. കരുണാകരന്‍ കല്‍പിച്ച് നല്‍കിയ വീര്യവുമായി തമ്പാന്റെ പൊലീസ് തങ്കമണിയിലെ ഗ്രാമീണരെ നേരിട്ടു. അറുപതുകാരനായ കര്‍ഷകനെ വെടിവെച്ചുകൊന്നു. അതുകൊണ്ടും അരിശം തീരാഞ്ഞ് പാതിരാത്രിയില്‍ വീടുകള്‍ തേടിയെത്തി. സ്വാതന്ത്ര്യാനന്തരകേരള ചരിത്രത്തിലാദ്യമായി പൊലീസ് വീടുകളില്‍ കയറി കൂട്ടബലാല്‍സംഗം നടത്തി. വൃദ്ധരെയും കുഞ്ഞുങ്ങളെയും തല്ലിച്ചതച്ചു. കേരളമിളകി മറിഞ്ഞു. സുഗതകുമാരി ഉള്‍പ്പടെയുള്ളവര്‍ തെരുവിലിറങ്ങി. ഇടതുപക്ഷം പ്രക്ഷോഭം നടത്തി. മാസങ്ങള്‍ക്കിപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ കരുണാകരനും കോണ്‍ഗ്രസും തൂത്തെറിയപ്പെട്ടു. കെ. കരുണാകരന്‍ വാഗ്ദാനം ചെയ്ത ആത്മവീര്യം വര്‍ധിപ്പിക്കലും വാരിക്കോരി നല്‍കിയ സ്വാതന്ത്ര്യവുമാണ് തങ്കമണിയില്‍ പൊലീസിനെ ക്രിമിനലുകളായി പരിവര്‍ത്തിപ്പിച്ചത്. ബലപ്രയോഗത്തിന്റെ പാഠങ്ങളാണ്, ശരീരമാണ് കരുത്തെന്ന രീതികളാണ് പൊലീസിംഗിന്റെ പ്രധാന പരിശീലനം. ബലം പ്രയോഗിക്കുന്നതില്‍ നിന്ന് അവരെ തടയുന്ന അദൃശ്യമായ ചരടാണ് ജനകീയ ഭരണകൂടങ്ങള്‍. ആ ചരട് കരുണാകരന്‍ പൊട്ടിച്ചതാണ് തങ്കമണിയിലെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ കാരണം.
അതിന് മുന്‍പും ആ ജനാധിപത്യത്തിന്റെ ചരട് പൊലീസില്‍ നിന്ന് അഴിഞ്ഞ് പോയിട്ടുണ്ട് എന്ന് അറിയാമല്ലോ? അടിയന്തിരാവസ്ഥക്കാലം. അന്നും കരുണാകരനാണ് പൊലീസിന്റെ മന്ത്രി. ചരടഴിഞ്ഞ പൊലീസ് കേരളത്തിന്റെ ജനപ്രതിനിധികളില്‍ ഒരാളായിരുന്ന ഒരു ഇരുപത്തിനാലുകാരനെ ഊടുപാട് തല്ലിച്ചതച്ചു. വീണുപോയിട്ടും ചവിട്ടി. ചോരവാര്‍ന്ന കുപ്പായവുമായാണ് ആ യുവാവ് നിയമസഭാ സമ്മേളനത്തിന് എത്തിയത്. സഭാചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ പ്രസംഗം അന്ന് പിറന്നു. കെ. കരുണാകരന്‍ എന്ന അന്നത്തെ സര്‍വാധികാരിയെ ആ യുവാവ് വാക്കുകള്‍ കൊണ്ട് വെല്ലുവിളിച്ചു. ഉജ്വലമായ പോരാട്ടവീര്യം കണ്ട് കേരള നിയമസഭ പ്രകമ്പിതമായി. ആ ചെറുപ്പക്കാരനാണ് ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ന് തന്നെ തല്ലിച്ചതച്ച, അന്ന് തന്റെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിഞെരിച്ച പൊലീസിന്റെ ഇന്നത്തെ മന്ത്രിയും പിണറായി വിജയനാണ്. പൊലീസിന് അമിതാധികാരം കൈവന്നാല്‍ എന്ത് സംഭവിക്കുമെന്ന് ശരീരത്തിലറിഞ്ഞ അതേ പിണറായി വിജയന്‍. അത്തരം അറിവുകള്‍ തരിമ്പുമില്ലാത്ത ആളാണല്ലോ യു.പിയില്‍ കമ്മീഷണറേറ്റ് സൃഷ്ടിക്കുന്ന യോഗി ആദിത്യനാഥ്.
പക്ഷേ, അതേ പിണറായി വിജയനാണ് കേരളത്തിലും കമ്മീഷണറേറ്റ് എന്ന, യു.ഡി.എഫ് കാലത്ത് വന്ന വഴിപോയ ആശയത്തെ വീണ്ടും പൊടിതട്ടിയെടുത്തത്. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ (ഇപ്പോഴും ശമിച്ചിട്ടില്ലാത്ത അദ്ഭുതമാണ് പിണറായിയുടെ പൊലീസിലേക്കുള്ള ബെഹ്‌റയുടെ വരവും അനക്കമില്ലാതുള്ള കുടിയിരിപ്പും), മുഖ്യമന്ത്രിയുടെ പൊലീസിംഗ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ (ആ പദവിയും അവിടത്തെ ശ്രീവാസ്തവയും ഡോസൊട്ടും കുറയാത്ത മറ്റൊരദ്ഭുതം) എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് അഥവാ അവര്‍ മാത്രം പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തിന്റെ ജനാധിപത്യ ജീവിതത്തെ സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ തീരുമാനം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകളായി നിയമിച്ചത്. അതിലൊരാള്‍ വിജയ് സാഖറെയാണ് എന്ന് കേട്ടാല്‍ ഇനി എന്ത് ഞെട്ടാന്‍. സാഖറെയുടെ പൂര്‍വകഥകള്‍ ഓര്‍ക്കാന്‍ ശ്രമിക്കുക. ഈ കമ്മീഷണര്‍മാര്‍ക്ക് മജിസ്‌ട്രേറ്റ് അധികാരം നല്‍കാനാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി സഭയില്‍ പറയുകയും ചെയ്തു. ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ ഉള്‍പ്പടെ ഉയര്‍ത്തിയ എതിര്‍പ്പ് കണക്കിലെടുത്ത് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ തല്‍ക്കാലം പിന്‍വലിഞ്ഞിട്ടുണ്ട്. വേണ്ടെന്ന് വെച്ചിട്ടില്ല. ചീഫ് വിപ്പ് പോലെ ജനാധിപത്യ വിരുദ്ധവും അധികാരാര്‍ത്തിയുടെ നഗ്‌നതാ പ്രദര്‍ശനവുമായ പദവി ൈകപ്പറ്റിയത് വഴി രാഷ്ട്രീയ ധാര്‍മികതക്ക് കടുത്ത മങ്ങലേറ്റ സി.പി.ഐക്ക് എത്രകാലം എതിര്‍പ്പിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് സംശയമുണ്ട്.
കമ്മീഷണറേറ്റിന് കാരണമായി രാം നായിക് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യം മറക്കരുത്. വികസനത്തിനെതിരായ പ്രതിഷേധം. കേരളത്തില്‍ നവമുതലാളിത്തത്തിന്റെ തീവ്രവികസനം പെരുങ്കളിയാട്ടം നടത്തുന്ന രണ്ട് നഗരങ്ങള്‍ തിരുവനന്തപുരവും എറണാകുളവുമാണ്. അജ്ഞാത മൂലധനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടിവിടങ്ങളിലേക്ക്. വിശദീകരണങ്ങളില്ലാതെ കാര്യം തിരിഞ്ഞല്ലോ അല്ലേ?

പൊലീസിന്റെ അമിതാധികാരം പൗരനെ കൊലക്ക് കൊടുക്കും. വരാപ്പുഴയിലെ ശ്രീജിത്ത് മുതല്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ട ജലീല്‍ വരെ നിരവധിയുണ്ട് ആരോപണങ്ങള്‍. ആലുവ എസ്.പിയുടെ സ്വകാര്യസേന മുതല്‍ തണ്ടര്‍ ബോള്‍ട്ട് വരെ പ്രതിക്കൂട്ടില്‍ നിരന്നുനില്‍ക്കുന്നുണ്ട്.
ജനാധിപത്യത്തിന് മേല്‍ ബലപ്രയോഗത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നത് ഫാഷിസ്റ്റുകളാണ്. ഇടതുപക്ഷം ഫാഷിസ്റ്റുകളല്ല. ഭൂമി എല്ലാവര്‍ക്കും ജീവിക്കേണ്ട ഇടമാണ് എന്ന പ്രാഥമിക മുദ്രാവാക്യമാണ് തീവ്രവികസനത്തോടുള്ള എതിര്‍പ്പുകളുടെ കാരണം. മണ്ണിനും മനുഷ്യര്‍ക്കും എതിരായ കയ്യേറ്റത്തെ ഇല്ലാതാക്കാനാണ്, അല്ലെങ്കില്‍ മയപ്പെടുത്താനാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ചില ചട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ആ ചട്ടങ്ങള്‍ നടപ്പാക്കേണ്ട സിവില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന് കയ്യേറ്റങ്ങളെ ക്രമപ്പെടുത്താനുള്ള വ്യഗ്രത ഒരു വശത്ത് തകൃതിയാക്കുക, പൗരസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂട ബലപ്രയോഗങ്ങളെ തടയുന്ന മജിസ്റ്റീരിയല്‍ വ്യവസ്ഥകളെ റദ്ദാക്കി, ബലം പ്രയോഗിക്കാന്‍ മാത്രമറിയുന്ന, ബലപ്രയോഗത്തിന്റെ ചോരപുരണ്ട ചരിത്രം ആവോളമുള്ള പൊലീസിനെ കയറൂരി വിടുക; സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ഇത് രണ്ടുമാണ്. എന്നിട്ടും ഇത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് നാം പറയുന്നു എങ്കില്‍ അത് ഇടതുപക്ഷത്തോടുള്ള നമ്മുടെ ഔദാര്യവും ഇടതുപക്ഷമാണല്ലോ, അവര്‍ തിരുത്തുമെന്നുള്ള പ്രതീക്ഷയും കൊണ്ട് മാത്രമാണ്.

കെ കെ ജോഷി

You must be logged in to post a comment Login