അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

അവര്‍ യൂറോപ്പില്‍നിന്ന് ദേശരാഷ്ട്ര സങ്കല്‍പം അപ്പാടെ കടമെടുത്തിരിക്കുകയാണ്

ഭാരതീയ ജനതാപാര്‍ട്ടിക്ക് തുടര്‍ച്ചയായ രണ്ടാം തവണയുമുണ്ടായ തിരഞ്ഞെടുപ്പു വിജയം അസാമാന്യ നേട്ടമായി. 1984 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുകയും അന്നത്തെ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ മാത്രം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അതിശക്തമായ തിരിച്ചുവരവാണ്. എണ്‍പത്തിനാലിനുശേഷം രാമജന്മഭൂമി പ്രസ്ഥാനം ക്രമേണ രാഷ്ട്രീയ ആധിപത്യം നേടാന്‍ ബിജെപിയെ സഹായിച്ചു. 2014 ല്‍ ബിജെപി ലോകസഭയില്‍ 282 സീറ്റും 2019 ല്‍ 303 സീറ്റും നേടി.

ഹൈന്ദവദേശീയതയുടെ വളരുന്ന ജനകീയതയാണ് ബി ജെ പിയുടെ അസാധാരണമായ വളര്‍ച്ച സൂചിപ്പിക്കുന്നത്. അപരനെ ശത്രുവായിക്കാണുന്ന, പൊതുസ്വത്വത്തിലേക്ക് വൈവിധ്യങ്ങളെ ചുരുക്കുന്ന ഹിന്ദുത്വയെ സ്വീകരിക്കുന്ന വിധത്തിലേക്ക് ഇന്ത്യയുടെ പൊതുബോധം നാടകീയമായി മാറിപ്പോയി എന്നാണ് ബിജെപിയുടെ സമകാലിക ആധിപത്യം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ജനത എന്തു കൊണ്ട് ഹിന്ദുത്വയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിനെക്കുറിച്ചാണ് രാഷ്ട്രീയ ചിന്തകനായ അശിഷ് നന്ദി പത്രപ്രവര്‍ത്തകനായ അജാസ് അഷ്‌റഫ ിനോട് സംസാരിക്കുന്നത്.

അജാസ് അഷ്‌റഫ്: 2019 ലെ ബിജെപിയുടെ ഞെട്ടിപ്പിക്കുന്ന വിജയത്തിന് രാഷ്ട്രീയ ചിന്തകനും നിരീക്ഷകനുമെന്ന നിലയില്‍ താങ്കളെ സംബന്ധിച്ചിടത്തോളം എന്തര്‍ത്ഥമാണുള്ളത്?

അശിഷ് നന്ദി: ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ബിജെപിക്ക് ഇത്ര വലിയ ജയം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവരുടെ മികച്ച തിരഞ്ഞെടുപ്പുപ്രചരണത്തിന് ആ വിജയത്തില്‍ വലിയ പങ്കുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ ചെയ്തതെല്ലാം തന്നെ തിരഞ്ഞെടുപ്പിനെ മുന്‍കൂട്ടി കണ്ടാണ്. അതുകൊണ്ടാണവര്‍ക്ക് മറ്റൊന്നും തന്നെ ചെയ്യാനുള്ള നേരമില്ലാതെ പോയത്. നരേന്ദ്ര മോഡിയെ ഇന്ത്യയുടെ രക്ഷകനായി ഉയര്‍ത്തിക്കാട്ടലായിരുന്നു ബിജെപിയുടെ പ്രചരണത്തിന്റെ കാതലായ ഭാഗം.

മാറുന്ന ഇന്ത്യയുടെ വലിയ ചട്ടക്കൂടില്‍ ഈ വിജയത്തെ നാം നോക്കിക്കാണേണ്ടതുണ്ടോ?

വിനായക് ദാമോദര്‍ സവര്‍ക്കറില്‍ നിന്ന് കടമെടുത്ത രാഷ്ട്രസങ്കല്പത്തിലാണ് ബിജെപിയുടെ പ്രചരണത്തിന്റെയും വിജയത്തിന്റെയും അടിസ്ഥാനമെന്ന് പറയാന്‍ അല്പം പരിഭ്രമമുണ്ട്. ആ സങ്കല്പം ആര്‍ എസ് എസിന്റെ ചിന്താധാരയെ ഏറെക്കാലമായി ഭരിച്ചുകൊണ്ടിരിക്കുകയാണ്.

എന്തായിരുന്നു സവര്‍ക്കറുടെ രാഷ്ട്രസങ്കല്പം?

അങ്ങേയറ്റം ആണത്തസ്വഭാവമുള്ള രാഷ്ട്രസങ്കല്പമാണത്. എല്ലാം-ദേശീയത പോലും-ആണത്തസ്വഭാവമുള്ള ആ രാഷ്ട്രത്തിന് അടി പണിയും. നിങ്ങളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും രാഷ്ട്രം പ്രധാനപ്പെട്ട, നിര്‍ണായകമായ പങ്കു വഹിക്കുമെന്നാണ് അതിനര്‍ത്ഥം.

ഒരു ആണത്തരാഷ്ട്രത്തിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

ശൗര്യത്തെയും ദേശീയസ്വത്വത്തിന്റെ പ്രാമാണീകരണത്തെയും അവകാശവാദങ്ങളെയും ആണത്ത സ്വഭാവമുള്ളതാക്കി മാറ്റുകയെന്നതാണ് അതു കൊണ്ടുദ്ദേശിക്കുന്നത്. ബിജെപിയുടെ കാര്യത്തിലാകട്ടെ, അത്തരം അടിസ്ഥാനസ്വഭാവത്തെ തള്ളിപ്പറഞ്ഞും ഇടക്കെല്ലാം അത് വികസിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോഡി താന്‍ ആരെയും കൂട്ടത്തില്‍ നിന്ന് പുറന്തള്ളുന്നില്ലെന്ന് പറയാറുണ്ട്.
ദേശസ്‌നേഹത്തിനും ദേശീയതയ്ക്കുമിടയില്‍, ഹൈന്ദവദേശീയതയ്ക്കും ദേശീയതയ്ക്കുമിടയില്‍ വ്യത്യാസം കാണാത്ത വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ പ്രധാന ചിന്താരീതി ആണത്ത രാഷ്ട്രമെന്ന ആശയമായി മാറിയിട്ടുണ്ടെന്നാണ് 2019 ലെ തിരഞ്ഞെടുപ്പു ഫലത്തില്‍ നിന്നു തോന്നുന്നത്.

ദേശീയതയ്ക്കും ദേശസ്‌നേഹത്തിനുമിടയിലെ വ്യത്യാസത്തെക്കുറിച്ച് താങ്കള്‍ ഏറെ എഴുതിയിട്ടുണ്ട്. ആ വ്യത്യാസം ഒന്നു വിശദീകരിക്കാമോ?

ഹോമോ സാപിയനുകള്‍ക്ക് തങ്ങളുടെ ഇടത്തെക്കുറിച്ചുള്ള നൈസര്‍ഗികബോധമാണ് ദേശസ്‌നേഹം. അത് ജീവിവര്‍ഗങ്ങള്‍ക്കതീതമാണ്. പൂച്ചകള്‍ക്കും നായ്ക്കള്‍ക്കും പോലും ഈ ബോധമുണ്ട്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ദേശസ്‌നേഹം നൈസര്‍ഗികമാണ്. പക്ഷേ ഇത്തരം ദേശസ്‌നേഹം രാഷ്ട്രമേല്‍ക്കോയ്മയ്ക്ക് പര്യാപ്തമല്ല.

അതിന് ദേശരാഷ്ട്രത്തിന്റെ വികാസവുമായി ബന്ധമുണ്ടോ?

യൂറോപ്പില്‍ രാജാധിപത്യത്തിന്റെ തകര്‍ച്ചയോടെയാണ് ദേശരാഷ്ട്രം ഉടലെടുത്തത്. വിവിധ സമൂദായങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള സവിശേഷാധികാരം രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. അവരുടെ അഭാവത്തില്‍ രാഷ്ട്രത്തോട് കൂറ് ഉറപ്പു വരുത്താന്‍ വരേണ്യവര്‍ഗം ദേശീയതയ്ക്കു വേണ്ടിയുള്ള പ്രചരണം യൂറോപ്യന്‍ സമൂഹങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.
എന്നാല്‍ യൂറോപ്പിലെ വരേണ്യവര്‍ഗം ഒരിക്കലും ദേശീയവാദികളായിരുന്നില്ല. രാജകുടുംബത്തിലുള്ളവര്‍ക്ക് അതിനു പുറത്തേക്ക് വിവാഹം ചെയ്യാനാകുമായിരുന്നില്ല. അതുകൊണ്ട് അവര്‍ മറ്റു ദേശങ്ങളിലെ രാജകുടുംബങ്ങളുമായാണ് വിവാഹബന്ധത്തിലേര്‍പ്പെട്ടത്. മറ്റു രാജകുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു പോയവര്‍ അവിടത്തെ ദേശീയതയെ സ്വീകരിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രം പുതിയ ദൈവമായി മാറി. ദേശം, ദേശീയത., ദേശരാഷ്ട്രം – ഇവ കൂടിച്ചേര്‍ന്ന ത്രിത്വം എല്ലായ്‌പ്പോഴും ഒരുമിച്ചു വേണമെന്നായി. ഈ പ്രചരണം തന്നെയാണ് ഇന്ത്യയിലും തുടങ്ങിയിട്ടുള്ളത്.

ദേശീയതയുടെ പ്രചാരവേലകള്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ ചുവടുറയ്ക്കുന്നതെന്തുകൊണ്ട്?

ദേശസ്‌നേഹവും ദേശീയതയും തമ്മിലുള്ള വ്യത്യാസം അവര്‍ മായ്ച്ചു കളഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ജന്മനാല്‍ ദേശസ്‌നേഹിയാണ്. എന്നാല്‍ ദേശീയതയെന്നാല്‍ ദേശത്തോടുള്ള, നിര്‍മ്മിക്കപ്പെടുന്ന കൂറാണ്. മിക്കവരും ദേശീയതയ്ക്കും ദേശസ്‌നേഹത്തിനുമിടയില്‍ വ്യത്യാസം കണ്ടെത്താറില്ല. ഈ രണ്ടു വാക്കുകളും ഇന്ത്യയില്‍ മാറി മാറി ഉപയോഗിക്കാറുണ്ട്. ദേശസ്‌നേഹത്തിനും ദേശീയതയ്ക്കുമിടയിലെ അതിരുകള്‍ നേര്‍പ്പിക്കുന്നതാണ് രാജ്യദ്രോഹത്തിനെ കുറിച്ചുള്ള ബിജെപിയുടെ നിരന്തരമായ വര്‍ത്തമാനം.

ബിജെപിയുടെ ഉദ്ദേശ്യം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

ഭരണകൂടത്തിനെതിരെയുള്ള ഏതൊരു ശബ്ദത്തെയും ദേശദ്രോഹമായി മുദ്രകുത്തല്‍!

എന്തുകൊണ്ടാണ് ദേശീയതയെ കുറിച്ചുള്ള പ്രചാരവേലകളോട് ഇന്ത്യക്കാര്‍ അനുകൂലമായി പ്രതികരിച്ചത്?

ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം, ഇന്ത്യയെന്ന ആശയം, ദേശരാഷ്ട്രം എന്നിവയോടെല്ലാം വലിയ മതിപ്പാണ്. പക്ഷേ അതേക്കുറിച്ചുള്ള അവരുടെ ആശയങ്ങള്‍ വളരെ വ്യത്യസ്തമാണ്. എന്നാല്‍ ദേശസ്‌നേഹവും ദേശീയതയും ഒന്നാണെന്ന തരത്തിലുള്ള ഏകപക്ഷീയമായ സന്ദേശങ്ങളാണ് അവര്‍ അഭിമുഖീകരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ അവര്‍ക്ക് കഴിയാതെ പോകുന്നത്. അവര്‍ക്ക് ടെലിവിഷനില്‍ അന്ധമായ വിശ്വാസമുണ്ട്. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കക്കാര്‍ക്ക് ടെലിവിഷനിലുണ്ടായിരുന്നതു പോലുള്ള വിശ്വാസം! ആരോഗ്യകരമായതും കരുത്തുള്ളതുമായ വിമര്‍ശനബുദ്ധി ഇനിയും ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നു വന്നിട്ടില്ല. അതിനെ വളരാന്‍ സമ്മതിച്ചില്ല എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

പഞ്ചാബിലെയും കശ്മീരിലെയും പോലുള്ള ഭീകരപ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ഉത്കണ്ഠകള്‍ കാരണമാണോ ബിജെപിയോട് ജനങ്ങള്‍ അനുഭാവത്തോടെ പ്രതികരിക്കുന്നത്?

ഭീകരവാദത്തിലുപരിയായി,എല്ലാ തരം അക്രമങ്ങളെ ചൊല്ലിയും ജനങ്ങള്‍ അസ്വസ്ഥരാണ്.

പക്ഷേ, അക്രമം ഉത്കണ്ഠകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അതു നേരാണ്. കേന്ദ്രീകൃതമായ ഒരു രാഷ്ട്രം സമാധാനം ഉറപ്പു വരുത്തുമെന്ന് ജനം കരുതുന്നുണ്ടാകാം. ബ്രീട്ടീഷ് ഭരണത്തിനു കീഴില്‍ ആദ്യത്തെ തലമുറയും അങ്ങിനെത്തന്നെയാണ് കരുതിയിരുന്നത്. മുഗള്‍ സാമ്രാജ്യത്തിന്റെ അവസാനഘട്ടത്തിലുണ്ടായ കുഴഞ്ഞുമറിഞ്ഞ അവസ്ഥയ്ക്കുള്ള ഉത്തരമാണ് ബ്രിട്ടീഷ് വാഴ്ചയെന്ന് അന്ന് ബംഗാളിലെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായിരുന്ന എഴുത്തുകാരന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി പോലും വിശ്വസിച്ചിരുന്നു. മറാത്തകള്‍ ശക്തരായിരുന്ന കാലമായിരുന്നു അത്. അവര്‍ക്ക് കൊള്ളയടിക്കുന്ന സ്വഭാവമുണ്ടായിരുന്നു. 1857 ല്‍ ബ്രിട്ടീഷ് സൈന്യത്തിന് ശിപ്പായിമാരുടെ മേല്‍ വിജയം ആശംസിച്ച് കൊല്‍ക്കൊത്തയില്‍ ആളുകള്‍ വിശേഷാല്‍ പൂജകള്‍ പോലും നടത്തി.

2019 ലെ തിരഞ്ഞെടുപ്പു ഫലം ആര്‍ എസ് എസിലൂടെ പരന്ന സവര്‍ക്കറുടെ ലോകവീക്ഷണത്തിന്റെ വിജയമാണ്. മിക്കപ്പോഴും ഒരൊറ്റ ഭാഷാസമൂഹം മാത്രമടങ്ങുന്ന, യൂറോപ്യന്‍ മട്ടിലുള്ള ദേശരാഷ്ട്രമാണ് സവര്‍ക്കറുടേത്. ഹിന്ദുത്വമെന്നാല്‍ ഹിന്ദുമതമല്ലെന്നും സവര്‍ക്കര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ വ്യത്യാസം തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി മായ്ച്ചുകളയപ്പെട്ടു. സവര്‍ക്കര്‍ നിരീശ്വരവാദിയായിരുന്നു. തന്റെ ഭാര്യയ്ക്ക് പാരമ്പര്യവിധിയനുസരിച്ചുള്ള ശവസംസ്‌കാരം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങിലും മതപരമായ യാതൊന്നുമുണ്ടായിരുന്നില്ല.
ഗുജറാത്ത് വികസനമാതൃക ഗുജറാത്തിനു പുറത്തേക്ക് വ്യാപിച്ചിട്ടില്ല. അടുത്തു കാലത്തൊന്നും അതു സംഭവിക്കാനും പോകുന്നില്ല. പക്ഷേ, വെറുപ്പിന്റെ ഗുജറാത്ത് മാതൃക കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ വ്യാപിച്ചു.

നമുക്ക് ഇന്ത്യയെ ഗുജറാത്തിന്റെ അനുഭവങ്ങളിലൂടെ മനസിലാക്കാനാകുമോ?

1961ല്‍ ഞാന്‍ ആദ്യമായി ഗുജറാത്തിലേക്ക് താമസിക്കാന്‍ ചെന്നപ്പോള്‍ ഗുജറാത്തികള്‍ മുസ്‌ലിംകളെ വ്യത്യസ്ത സമുദായമായി കണ്ടിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും തുണിമില്ലുകളില്‍ പണിയെടുക്കാനായി വന്ന മുസ്‌ലിംകളെയാണ് അവര്‍ മുസ്‌ലിംകളെന്നു വിളിച്ചിരുന്നത്. ഗുജറാത്തിലെ മുസ്‌ലിംകള്‍ അവരുടെ ഗോത്രപ്പേരുകളിലാണ്-ബോഹ്രയെന്നോ മേമണ്‍ എന്നോ-അറിയപ്പെട്ടിരുന്നത്, മതത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാലിപ്പോള്‍ അവിടത്തെ മുസ്‌ലിംകള്‍ ഒരൊറ്റ മതസമൂഹമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഏറെക്കാലം ഞാന്‍ കരുതിയിരുന്നത് ജാതികള്‍ ഹിന്ദുത്വത്തെ കൈകാര്യം ചെയ്യുമെന്നാണ്. പക്ഷേ അതുണ്ടായില്ല.

അപ്പോള്‍ ഇന്ത്യന്‍ പൊതുബോധത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്, അല്ലേ?

തീര്‍ച്ചയായും മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാലവയെ ‘അടിസ്ഥാനപരം’ എന്നൊന്നും മുദ്ര കുത്താനാകില്ല. ഒന്നാമത്തെ മാറ്റം, ദേശീയതയും ദേശസ്‌നേഹവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയതാണ്. രണ്ടാമത്തേത്, അക്രമം-ചെറിയ അളവിലാണെങ്കില്‍ പോലും- പുതിയ പരിതസ്ഥിതിയില്‍ ശക്തമായ ഒരു കേന്ദ്രീകൃത രാഷ്ട്രത്തിന് സാമൂഹിക സന്തുലനം നിലനിര്‍ത്താനുള്ള ബലപ്രയോഗം നടത്താനാകും എന്ന വര്‍ധിച്ചുവരുന്ന വിശ്വാസമാണ്. ഈ പശ്ചാത്തലത്തില്‍,വളരെ പ്രധാനപ്പെട്ട ഒരു ഘടകം വികസനപദ്ധതികളാല്‍ വേരു പറിച്ചെറിയപ്പെട്ട ജനങ്ങളാണ്. ഇത്രയധികം അണക്കെട്ടുകള്‍ നമുക്കാവശ്യമുണ്ടോ?

താഴെ നിന്നുള്ള സമ്മര്‍ദ്ദം തടഞ്ഞുനിര്‍ത്താനായി വരേണ്യവര്‍ഗമാണോ ഇത്തരമൊരു കരുത്തന്‍ രാഷ്ട്രത്തെ തിരഞ്ഞെടുത്തത്?

വ്യവസായികള്‍ തങ്ങളുടെ വികസനമാതൃകയുടെ സംരക്ഷണത്തിനായി കരുത്തന്‍ രാഷ്ട്രത്തെ തിരഞ്ഞെടുത്തുവെന്നു പറയാം. മധ്യവര്‍ഗത്തില്‍ ഭൂരിഭാഗവും അതേറ്റെടുത്തിട്ടുണ്ട്. ഇത്തരം ചിന്താരീതിയില്‍ അന്തര്‍ലീനമായ ചില അപകടങ്ങളുണ്ട്. ദേശരാഷ്ട്രത്തെ കുറിച്ചുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യവര്‍ഗമാണ്. സ്ഥായിയായ പുരോഗതിയെന്ന മിത്ത് പ്രചരിപ്പിക്കുന്നതും അവര്‍ തന്നെ. എന്നാല്‍ വികസനത്തിന്റെ ആ വഴി ഈ ആ ഗ്രഹത്തെ തന്നെ ഇല്ലാതാക്കും!
എന്റെ പുസ്തകമായ ‘ദി ഇല്ലെജിറ്റിമസി ഓഫ് നാഷണലിസം:രബീന്ദ്രനാഥടാഗോര്‍ ആന്റ് ദി പൊളിറ്റിക്‌സ് ഓഫ് സെല്‍ഫ്’ മൂന്നാമത്തെ തവണയാണ് ചൈനയില്‍ പരിഭാഷപ്പെടുത്തപ്പെടുന്നത്. ഇത്തവണ സര്‍ക്കാര്‍ പ്രസിദ്ധീകരണമായി തന്നെയാണ് പരിഭാഷ പുറത്തിറങ്ങിയിരിക്കുന്നത്. തങ്ങള്‍ ഉയര്‍ത്തിവിട്ട ദേശീയതയെ ചൈനയിലെ വരേണ്യവര്‍ഗം പേടിക്കുന്നുണ്ടെന്നാണ് എന്റെ അനുമാനം. അവര്‍ ദേശീയതയെ ഇപ്പോള്‍ ആസ്തിയായി കാണുന്നില്ല.

ദേശീയതയെ കടിഞ്ഞാണില്ലാതെ അഴിച്ചുവിട്ടാല്‍ യൂറോപ്പിന് 1930കളില്‍ സംഭവിച്ചത് ആവര്‍ത്തിക്കപ്പെടാം. വന്‍കൂട്ടക്കൊലകള്‍ക്കു മുമ്പ് അവിടെ വിദ്യാഭ്യാസവ്യവസ്ഥയും നീതിന്യായവ്യവസ്ഥയും ക്രമാനുഗതമായി അട്ടിമറിയ്ക്കപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ കത്തിക്കുകയെന്ന പ്രതിഭാസവും അവിടങ്ങളിലുണ്ടായി.

ഇന്ത്യയുടെ ഇപ്പോഴത്തെ പോക്ക് താങ്കളെ ഭയപ്പെടുത്തുന്നുണ്ടോ?

തീര്‍ച്ചയായും. ഇന്ത്യ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ലോകതലസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. നാം പാകിസ്ഥാനോട് വല്ലാതെ സാദൃശ്യം പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ സൈന്യവും ഇപ്പോള്‍ അധികാരപ്രമത്തതയുടെ ഭാഷ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബിജെപിയും ആര്‍ എസ് എസും പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും തങ്ങളുടെ പിണിയാളുകളെ കുടിയിരുത്തിക്കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ പോലും അവര്‍ അവിടെയുണ്ടാകും. മോഡിയുടെ സര്‍ക്കാര്‍ ചെയ്തതിന്റെ ഫലം ഇന്ത്യക്കാരുടെ ഒരു തലമുറ അനുഭവിക്കേണ്ടി വരും. ഇന്ത്യയുടെ നാനാത്വത്തെയാണ് ബിജെപി ഭയക്കുന്നത്.

ആ ഭയം എന്തിനെയാണ് സൂചിപ്പിക്കുന്നത്?

അവര്‍ ഹിന്ദുക്കളോ ഇന്ത്യക്കാരോ അല്ലെന്നു തന്നെ. അവര്‍ യൂറോപ്പില്‍ നിന്ന് ദേശരാഷ്ട്ര സങ്കല്പം അപ്പാടെ കടമെടുത്തിരിക്കുകയാണ്. അതുതന്നെയാണ് സവര്‍ക്കര്‍ ആഗ്രഹിച്ചതും.

ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിന്റെ ഖ്യാതി മുഴുവന്‍ മോഡിക്കുള്ളതാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ എന്താണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്?

അദ്ദേഹം ദരിദ്രകുടുംബത്തില്‍ നിന്നു വന്ന് വിജയം നേടിയത് പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. അദ്ദേഹം ചില തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നത് ദീര്‍ഘകാലയളവില്‍ ഗുണം ചെയ്യുമെന്ന് ജനം കരുതുന്നുണ്ട്. അദ്ദേഹത്തിന്റെ കടന്നാക്രമിക്കുന്ന രീതിക്ക് ആരാധകരുണ്ട്. ഈ ആഖ്യാനം പടുത്തുയര്‍ത്തിയതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

അപ്പോള്‍ സ്‌നേഹത്തിന്റെ ഭാഷയ്ക്ക് ആരാധകരില്ലെന്നാണോ?

സ്‌നേഹത്തിന്റെ ഭാഷയെ കുറിച്ച് നിസ്സന്ദേഹമായി സംസാരിക്കാന്‍ കഴിവുള്ള നേതാവ് നമുക്കില്ലെന്നു മറക്കരുത്. ജയപ്രകാശ് നാരായണന്‍ അതു പരീക്ഷിച്ച് വിജയിച്ചയാളാണ്. സ്‌നേഹത്തെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നയാളിന്റെ ജീവിതത്തില്‍ ത്യാഗത്തിന്റെ സാന്നിധ്യം വേണം.

ജാതി, മതം, പ്രാദേശികവും ഭാഷാപരവുമായ സ്വത്വങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം മാറി ഇന്ത്യക്കാരന് ‘ഹിന്ദു’ എന്ന സ്വത്വം കൈവന്നിട്ടുണ്ടോ?

അങ്ങനെയൊരു ബോധം എല്ലായ്‌പ്പോഴും അവിടെയുണ്ടായിരുന്നു. പതിഞ്ഞ മട്ടിലും ഉപബോധമനസിലുമാണെന്നു മാത്രം. ഭൂരിപക്ഷം തങ്ങള്‍ ഭൂരിപക്ഷമാണെന്നു കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭൂരിപക്ഷജനത കരുതുന്നത് തങ്ങള്‍ ന്യൂനപക്ഷമാണെന്നും തങ്ങളെ മറ്റുള്ളവര്‍ ആക്രമിക്കുകയാണെന്നുമാണ്. അത്തരമൊരു വികാരം ഭൂരിപക്ഷജനതയില്‍ കുത്തിവെക്കപ്പെട്ടതാണ്. എല്ലാ കാലത്തും ആശയങ്ങളുടെ വ്യാപാരികളും ഇടനിലക്കാരുമായ മധ്യവര്‍ഗത്തിനും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

ജീവിതത്തിന്റെ അനിശ്ചിതാവസ്ഥകളാണോ മധ്യവര്‍ഗത്തിന്റെ ആത്മവിശ്വാസത്തെ ബാധിച്ചത്?

അതെ. ചുറ്റും സംഭവിക്കുന്ന പല കാര്യങ്ങളെ കുറിച്ചും മധ്യവര്‍ഗത്തിന് യാതൊരു തിട്ടവുമില്ല. പഞ്ചാബിന്റെ കാര്യം തന്നെയെടുക്കാം. അതിപ്പോള്‍ ഹരിതവിപ്ലവത്തിന്റെ സ്വര്‍ഗമല്ല. അവിടത്തെ കര്‍ഷകര്‍ ഭൂമി വിറ്റൊഴിക്കുകയും മക്കളെ തൊഴിലുകള്‍ പഠിക്കാനായി വിദേശത്തേക്കയക്കുകയും ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് ആധുനികസമൂഹത്തില്‍ സ്ഥാനമില്ല എന്ന തോന്നലാണ് അതിനു കാരണം. 1995 മുതല്‍ മൂന്നു ലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ജീവനൊടുക്കിയത്. അതിന്റെ അലയൊലികള്‍ എമ്പാടും കാണാം.

സ്വാധി പ്രഗ്യാസിംഗിന്റെ വിജയത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

തങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഭയം വേണ്ടെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് സ്വാധി. സ്വാധിയാണ് ശരിയെന്ന് ബിജെപിയുടെ പ്രത്യയശാസ്ത്രം വോട്ടര്‍മാരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.

സ്വാധിയോട് പരാജയപ്പെട്ടതിനു ശേഷം കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ‘മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രം ഇന്ത്യയെ ജയിച്ചിരിക്കുന്നു’ എന്നു പറയുകയുണ്ടായി. ഗാന്ധിജിയും നെഹ്‌റുവും മരണശേഷം തോല്‍പ്പിക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ?

ഗാന്ധിജി തോല്‍പ്പിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ സ്വയംപര്യാപ്ത ഗ്രാമമെന്ന ഗാന്ധിജിയുടെ ആശയത്തെ, തോറ്റു പോയ സംസ്‌കൃതിയുടെ കാല്പനിക വ്യാമോഹമെന്നു തള്ളിക്കളഞ്ഞ നെഹ്‌റുവിനെ കുറിച്ച് എനിക്കത്ര ഉറപ്പില്ല. സമത്വം എന്ന ആശയത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ പുരോഗതിയെക്കുറിച്ചുള്ള നെഹ്‌റുവിന്റെ സങ്കല്പത്തിന് ബിജെപിയുടേതില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല.

പക്ഷേ നെഹ്രു ഇന്ത്യയുടെ നാനാത്വത്തെ അംഗീകരിച്ചിരുന്നു.

നാനാത്വത്തെ അദ്ദേഹം ഏതു തലം വരെ അംഗീകരിച്ചിരുന്നുവെന്ന കാര്യത്തില്‍ എനിക്ക് സന്ദേഹങ്ങളുണ്ട്. അദ്ദേഹം നാനാത്വത്തെ ഒരു അലങ്കാരമായാണ് കണ്ടത്. എന്നാല്‍ ഗാന്ധിജി വ്യത്യസ്തനായിരുന്നു. അദ്ദേഹത്തെ കൊല്ലാനാകില്ല. കൊലപ്പെടുത്തിയതു കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്. മദന്‍ലാല്‍ പഹ്‌വ 1948 ജനുവരി 20 ന് ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചിട്ടും അദ്ദേഹം കൂടുതല്‍ സുരക്ഷ സ്വീകരിച്ചില്ല. പാര്‍ശ്വവല്‍കരിക്കപ്പെട്ടെങ്കിലും ഗാന്ധിജി സമൂഹത്തില്‍ ആശയങ്ങളുടെ വാഹകനായിത്തന്നെ നിലനില്‍ക്കും.

കടപ്പാട്: ദി കാരവന്‍

You must be logged in to post a comment Login