വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

വാങ്ങാന്‍ പഠിച്ചാല്‍ പര്‍ച്ചേസ് മാനേജരാവാം

പലചരക്ക് കട തുടങ്ങുന്നതിന്റെ ഏറ്റവും ആദ്യത്തെ ചുവട് എന്താണെന്നറിയാമോ? വില്‍ക്കാനുള്ള സാധനങ്ങള്‍ കടയിലെത്തിക്കുക എന്നത് തന്നെ. ഏറ്റവും വില കുറഞ്ഞ സാധനമെത്തിക്കുകയല്ല, മിതമായ വിലയ്ക്ക് വില്‍ക്കാന്‍ പറ്റുന്ന ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ വേണം സമാഹരിക്കാന്‍. അത് കാര്യക്ഷമമായി ചെയ്യാന്‍ പറ്റിയാല്‍ ബിസിനസ് പകുതി വിജയിച്ചു എന്ന് പറയാം. നല്ല സാധനങ്ങളാണെങ്കില്‍ ഒരു പരസ്യവുമില്ലാതെ ആവശ്യക്കാര്‍ കടയിലേക്കൊഴുകിയെത്തും.

പറഞ്ഞുതുടങ്ങിയത് പലചരക്കുകടയുടെ കാര്യമാണെങ്കിലും എല്ലാ തരം വ്യാപാര-വ്യവസായ ഇടപാടുകള്‍ക്കും ഇത് ബാധകം തന്നെ. അവിടെയാണ് പര്‍ച്ചേസ് മാനേജരുടെ പദവിയുടെ പ്രാധാന്യം. ഓഫീസിലേക്ക് വേണ്ട പേനയും മൊട്ടുസൂചിയും തൊട്ട് ലക്ഷക്കണക്കിന് രൂപ വിലയുള്ള യന്ത്രസാമഗ്രികള്‍ വരെ വാങ്ങേണ്ടത് പര്‍ച്ചേസ് മാനേജരുടെ ഉത്തരവാദിത്തമാണ്. പര്‍ച്ചേസിങ് കാര്യക്ഷമമായാല്‍ ബിസിനസിന്റെ പകുതി ടെന്‍ഷനൊഴിയും.

ഓരോ കമ്പനിയുടെയും സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ പര്‍ച്ചേസ് മാനേജര്‍ക്ക് നിര്‍ണായക പങ്കുണ്ട്. വലിയ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനായി പര്‍ച്ചേസിങ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടാകും. പര്‍ച്ചേസ് മാനേജരുടെ കീഴില്‍ നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നുമുണ്ടാകും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ട പണിയേ പര്‍ച്ചേസ് മാനേജര്‍ക്കുണ്ടാകൂ. എന്നാല്‍ ചെറിയ സ്ഥാപനങ്ങളില്‍ അങ്ങനെയല്ല. അവിടെ പര്‍ച്ചേസ് മാനേജര്‍ തന്നെ വേണം എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍. സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് വേണ്ട സാധനങ്ങളുടെ പട്ടിക തയാറാക്കുക, കൃത്യ സമയത്ത് അത് വിതരണം ചെയ്യാന്‍ പ്രാപ്തിയുള്ള സപ്ലയര്‍മാരെ കണ്ടെത്തുക, അവരുമായി കരാറിലേര്‍പ്പെടുക, അവരുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോവുക എന്നതൊക്കെയാണ് പര്‍ച്ചേസ് മാനേജരുടെ ജോലികള്‍. ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണെങ്കില്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ വാങ്ങേണ്ട ചുമതലയും പര്‍ച്ചേസ് മാനേജര്‍ക്കാണ്. വിപണിയുടെ ഗതിവിഗതികള്‍ മനസിലാക്കി ആവശ്യമായ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ കഴിവുള്ളയാളാണ് മികച്ച പര്‍ച്ചേസ് മാനേജര്‍.

എന്ത് പഠിക്കണം?
ഓരോ സ്ഥാപനത്തിന്റെയും സ്വഭാവത്തിനനുസരിച്ച് പര്‍ച്ചേസ് മാനേജരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കും മാറ്റം വരും. ഒരു മരുന്ന് നിര്‍മാണക്കമ്പനിയുടെ പര്‍ച്ചേസ് മാനേജര്‍ക്ക് വേണ്ട യോഗ്യതയല്ല ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പര്‍ച്ചേസ് മാനേജര്‍ക്കാവശ്യം. എങ്കിലും പൊതുവായി ബിസിനസ് മാനേജ്‌മെന്റിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ ബിരുദമാണ് ഈ മേഖലയിലേക്ക് കടക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത. വലിയ കമ്പനികളിലേക്കാണെങ്കില്‍ എം.ബി.എ. നിര്‍ബന്ധമാണ്. മെറ്റീരിയല്‍ മാനേജ്‌മെന്റ് അഥവാ പര്‍ച്ചേസ് മാനേജ്‌മെന്റ് മുഖ്യസ്‌പെഷ്യലൈസേഷനായി പഠിപ്പിക്കുന്ന മാനേജ്‌മെന്റ് കോഴ്‌സുകളുണ്ട്. പര്‍ച്ചേസ് മാനേജ്‌മെന്റില്‍ നിരവധി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും സ്ഥാപനങ്ങള്‍ ഇപ്പോള്‍ നടത്തുന്നു. ബിസിനിസ് ലോ, ഫിനാന്‍സ്, ബിസിനസ് എത്തിക്‌സ്, നെഗോസിയേഷന്‍ ടാക്റ്റിക്‌സ് എന്നിവയാണ് ഈ കോഴ്‌സുകളുടെയെല്ലാം പൊതുവായുള്ള ഉള്ളടക്കം. പര്‍ച്ചേസിങ് മാനേജര്‍മാര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. ഇന്റര്‍നെറ്റിലൂടെ ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാനും സപ്ലൈ ഡാറ്റാബേസുകള്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാനുമൊക്കെ ഇവര്‍ക്ക് അറിവുണ്ടാകണം. രാജ്യാന്തരവ്യാപാരം നടത്തുന്ന സ്ഥാപനത്തിലെ പര്‍ച്ചേസ് മാനേജര്‍മാര്‍ വിദേശഭാഷകളും അറിഞ്ഞിരിക്കണം.

എവിടെ പഠിക്കാം?
പര്‍ച്ചേസിങ് മാനേജ്‌മെന്റില്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയല്‍സ് മാനേജ്‌മെന്റ് (ഐ.ഐ.എം.എം.). ബംഗളൂരു, അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, ഗോവ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡല്‍ഹി, പൂനെ, വഡോദര എന്നീ നഗരങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കാമ്പസുകളുണ്ട്. പി.ജി. ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, പി.ജി. ഡിപ്ലോമ ഇന്‍ എസ്.സി.എം. ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നിവയാണിവിടുത്തെ പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍. എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള ഈ രണ്ട് പ്രോഗ്രാമുകള്‍ക്കും ബിരുദമാണ് യോഗ്യത. കാലാവധി രണ്ടു വര്‍ഷം. ഇതിന് പുറമെ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ്, സെര്‍ട്ടിഫൈഡ് പ്രൊഫഷനല്‍ ഇന്‍ സപ്ലൈ മാനേജ്‌മെന്റ്, ഇന്റര്‍നാഷനല്‍ ഡിപ്ലോമ ഇന്‍ പര്‍ച്ചേസിങ് ആന്‍ഡ് എസ്.സി.എം., പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ സ്റ്റോഴ്‌സ് മാനേജ്‌മെന്റ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ ട്രേഡ് എന്നീ കോഴ്‌സുകളും ഐ.ഐ.എം.എം. നടത്തുന്നു. ഓരോ കോഴ്‌സിനും ചേരാന്‍ ആവശ്യമായ യോഗ്യത അറിയാന്‍ https://iimm.org എന്ന വെബ്‌സൈറ്റ് കാണുക.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (ഐ.എസ്.ബി.എം.) പര്‍ച്ചേസ് മാനേജ്‌മെന്റില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വേറെയും നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പര്‍ച്ചേസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നടത്തുന്നു.

രാജ്യത്തിനകത്തും പുറത്തുമുളള ബിസിനസ് സ്ഥാപനങ്ങളിലായി മികച്ച തൊഴില്‍ സാധ്യതയാണ് പര്‍ച്ചേസ് മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിക്കുന്നത്.

പി.ഡി. സിനില്‍ ദാസ്‌

You must be logged in to post a comment Login