വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

‘വിശക്കുന്ന മനുഷ്യാ,
പുസ്തകം കയ്യിലെടുക്കൂ.
പുത്തനൊരായുധമാണ്
നിനക്കത്’

ബ്രഹ്തിന്റെ അതിപ്രശസ്തമായ വാക്കുകളാണിത്. ലോകത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ തങ്ങളുടെ അനുയായികളുടെ ഹൃദയത്തില്‍ കാലങ്ങളായി ആഴത്തില്‍ പതിപ്പിച്ച മുദ്രാവാക്യങ്ങളിലൊന്നുമാണിത്. പുസ്തകം വായിച്ചാല്‍ വിശക്കുന്നവന്റെ വയറുനിറയുമെന്നല്ല, മറിച്ച് എന്തുകൊണ്ടാണ് വിശക്കുന്നതെന്നും അത് മറികടക്കാനുള്ള വഴിയെന്തെന്നും പുസ്തകം പഠിപ്പിച്ചുതരുമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ നമ്മുടെ പുതിയ തലമുറയോട് വിശക്കുമ്പോള്‍ വയറിന്റെ കത്തലടക്കാന്‍ പുസ്തകം വായിച്ചാല്‍ മതിയെന്ന് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക? അവര്‍ക്കത് നല്ല അര്‍ഥത്തില്‍ മനസിലാകുമോ എന്നുതന്നെ സംശയം!
എഴുത്തും വായനയും ഇലക്ട്രോണിക് ആയി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പത്തുവര്‍ഷത്തിനുള്ളില്‍ പുതുതലമുറയില്‍പെട്ട എല്ലാവരും കടലാസും പേനയും ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് ഇപ്പോഴുള്ള പോക്ക് സൂചിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടുന്നവരും ഗവേഷണത്തിനിറങ്ങുന്നവരും മാത്രം പുസ്തകങ്ങളില്‍ മുഖംപൂഴ്ത്തുന്ന കാലമാണ് വരാനിരിക്കുന്നത്. നിലവില്‍ മുപ്പതുവയസ്സിന് താഴെയുള്ള ആളുകളുകളില്‍ അധികവും വായനയും എഴുത്തും ഏതാണ്ട് പൂര്‍ണമായും ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. പത്രവായന, പുസ്തകപാരായണം എന്നിവയും ഇലക്ട്രോണിക്കിലേക്കുള്ള ഓട്ടപ്പാച്ചിലിലാണ്.

മനുഷ്യകുലത്തിന്റെ വികാസം വിജ്ഞാനത്തിലൂടെയായിരുന്നുവെന്ന് പറഞ്ഞാല്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. വിജ്ഞാനത്തെ കാലത്തിന്റെ മറവികളിലേക്ക് തള്ളിവിടാതെ കാത്തുസൂക്ഷിച്ചത് പുസ്തകങ്ങളാണ്. തോല്‍ച്ചുരുളുകളിലും കളിമണ്‍ ഫലകങ്ങളിലും ലോഹത്തകിടുകളിലും പാറക്കീറുകളിലും ഓലക്കഷണങ്ങളിലും അറിഞ്ഞതൊക്കെ രേഖപ്പെടുത്തിവയ്ക്കുന്ന ക്ലേശകരമായ സമ്പ്രദായത്തിന് അവസാനമാകുന്നത് കടലാസിന്റെ കണ്ടുപിടുത്തത്തോടെയാണ്. പുരാതന ഈജിപ്തിലും ചൈനയിലും കടലാസിന്റെ ഉപയോഗം കണ്ടെത്തുകയും ഇതുപയോഗിച്ച് അച്ചടിയുടെയും പുസ്തക നിര്‍മാണത്തിന്റെയും പരീക്ഷണങ്ങളൊരുപാട് ലോകത്തെമ്പാടും നടക്കുകയും ചെയ്തു. ജര്‍മന്‍കാരനായ ഗുട്ടന്‍ബര്‍ഗ് ആധുനിക അച്ചടിവിദ്യ കണ്ടുപിടിച്ചതോടെ പുസ്തകനിര്‍മാണത്തിന് അന്നുവരെയുണ്ടായിരുന്ന മഹാക്ലേശങ്ങളൊക്കെ അവസാനിച്ചു. കടലാസും അച്ചടിയും വിജ്ഞാനകൈമാറ്റരംഗത്തുണ്ടാക്കിയ വിപ്ലവം അതിമഹത്തരമായിരുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അടക്കമുള്ള ഇലക്ട്രോണിക് വിവരവിനിമയവിപ്ലവം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് അച്ചടിയെയും പുസ്തകനിര്‍മാണത്തെയും കുറിച്ചുള്ള പഴംപുരാണങ്ങള്‍ അനവസരത്തിലുള്ളതാണ്. എങ്കിലും ചരിത്രത്തിലേക്കുള്ള സഞ്ചാരം മാനവരാശിയുടെ നിലനില്പിന് തന്നെ അത്യന്താപേക്ഷിതമാണെന്നതിനാല്‍ പുസ്തകങ്ങളിലൂടെ വായനയും അറിവും സാധാരണക്കാരന് പ്രാപ്യമാക്കിയ ഗ്രന്ഥശാലകളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നല്ലതുതന്നെയാണ്.

കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനം (സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍) ഇപ്പോഴും സജീവമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. സംസ്ഥാനത്തെങ്ങുമുള്ള ലൈബ്രറികളെ കൂട്ടിയോജിപ്പിക്കാനും അവ നിലനിര്‍ത്താനുമുള്ള സംവിധാനമായി ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലമായി ഈ പ്രസ്ഥാനം നിലകൊള്ളുന്നു. സ്വാതിതിരുനാള്‍ തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്ന കാലത്താണ് രാജകുടുംബാംഗങ്ങളുടെ ആവശ്യാര്‍ഥം തിരുവനന്തപുരത്ത് ലൈബ്രറി സ്ഥാപിക്കുന്നത്. 1829ല്‍ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ എഡ്വേര്‍ഡ് കഡോഗന്റെ സഹായത്തോടെ സ്വാതി തിരുനാള്‍ ഈ ഗ്രന്ഥശാല വിപുലമാക്കി പബ്ലിക് ലൈബ്രറിയാക്കി മാറ്റി. 1900ല്‍ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് ഇപ്പോള്‍ കാണുന്ന പ്രൗഢമായ കെട്ടിടം ലൈബ്രറിക്കായി നിര്‍മിച്ചു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ മാതൃകയില്‍ കോട്ടയത്തും എറണാകുളത്തും തൃശൂരിലും കോഴിക്കോട്ടും പില്‍ക്കാലത്ത് പബ്ലിക് ലൈബ്രറികള്‍ സ്ഥാപിക്കപ്പെട്ടു. തിരുവനന്തപുരത്തെ പബ്ലിക്ക് ലൈബ്രറി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി എന്ന പേരില്‍ ഇന്നും നിലകൊള്ളുന്നുണ്ട്.
തിരുവിതാംകൂറിലെ ഗ്രന്ഥശാലവിപ്ലവത്തിനൊപ്പം തന്നെ കൊച്ചിയിലും മലബാറിലുമൊക്കെ വായനശാലകള്‍ രൂപംകൊണ്ടുതുടങ്ങി. തിരുവിതാംകൂറിലും കൊച്ചിയിലും ഭരണകര്‍ത്താക്കളുടെ സഹായത്തോടെയാണ് ഗ്രന്ഥശാലകള്‍ അധികവും സ്ഥാപിക്കപ്പെട്ടതെങ്കില്‍ മലബാറില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ജനകീയ മുന്‍കയ്യിലാണ് വായനശാലകള്‍ സ്ഥാപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെയും ശ്രീ വാഗ്ഭടാനന്ദഗുരുദേവന്റെയും ഉദ്‌ബോധനങ്ങളും തിരുവിതാംകൂറിലും മലബാറിലും വായനശാലകള്‍ രൂപം കൊള്ളാനിടയാക്കിയിട്ടുണ്ട്. അറിവിലൂടെ മാത്രമേ ഉയര്‍ച്ചയുണ്ടാകൂവെന്നുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ഉദ്‌ബോധനം നാട്ടിലെങ്ങും വ്യാപകമായി ഗ്രന്ഥശാലകള്‍ രൂപം കൊള്ളാനിടയാക്കി. 1937 ജൂണ്‍ 14ന് കെ കേളപ്പന്റെ അധ്യക്ഷതയില്‍ ഒന്നാം മലബാര്‍ വായനശാല സമ്മേളനം നടന്നു. കൊച്ചിയിലും സമസ്ത കേരള പുസ്തകാലയ സമിതി എന്ന പേരില്‍ ഒരു പ്രസ്ഥാനം രൂപമെടുത്തിരുന്നു.
1945ല്‍ സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം വിളിച്ചുകൂട്ടി. സര്‍ സി.പി രാമസ്വാമി അയ്യരാണ് ആ സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായ പി.എന്‍ പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈ എടുത്താണ് ഈ സമ്മേളനം നടത്തിയത്. ഈ സമ്മേളനമാണ് വാസ്തവത്തില്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിറവിക്ക് കാരണമായതെന്ന് കണക്കാക്കപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലുണ്ടായിരുന്ന നൂറ്റിയമ്പതോളം വായനശാലകളില്‍ നാല്‍പത്തിയേഴ് വായനശാലകളില്‍ നിന്നുള്ള പ്രതിനിധികളാണ് അമ്പലപ്പുഴ സമ്മേളനത്തിനെത്തിയത്. ഉത്തരവാദിത്വപ്രക്ഷോഭം നടക്കുന്ന കാലത്ത് തികഞ്ഞ ഏകാധിപതിയായ സര്‍ സി പിയെക്കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അക്കാലത്ത് ഭൂരിപക്ഷം ഗ്രന്ഥശാലകളും ഈ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ചരിത്രം വ്യക്തമാക്കുന്നു.

അമ്പലപ്പുഴ സമ്മേളനം പി.എന്‍ പണിക്കരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1948ല്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. അതേവര്‍ഷം തന്നെ മുഖപത്രമായി ഗ്രന്ഥാലോകം മാസിക പ്രസിദ്ധീകരണം തുടങ്ങി. ഈ പ്രസ്ഥാനം 1950ല്‍ തിരു-കൊച്ചി ഗ്രന്ഥശാല സംഘമായും കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം കേരള ഗ്രന്ഥശാലാ സംഘമായും രൂപാന്തരപ്പെട്ടു. തിരുകൊച്ചി ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് പറവൂര്‍ ടി കെ നാരായണപിള്ളയും പി എന്‍ പണിക്കരുമായിരുന്നു. 1977ല്‍ കേരള ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1991 മുതല്‍ ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.
തിരുവിതാംകൂറില്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സുഗുണപോഷിണി വായനശാലയാണ് ആദ്യത്തെ ജനകീയ വായനശാല എന്ന പേരില്‍ അറിയപ്പെടുന്നത്. തിരുവിതാംകൂറില്‍ ഉടനീളം വായനശാലകള്‍ സ്ഥാപിക്കപ്പെടുന്ന കാലത്തുതന്നെ കൊച്ചിയിലും മലബാറിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നിരുന്നു. കൊച്ചിയില്‍ ഗ്രാമീണഗ്രന്ഥശാലകള്‍ എന്ന പേരിലാണ് ഈ മുന്നേറ്റം അറിയപ്പെട്ടത്. ദേശീയ പ്രസ്ഥാനത്തിനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനും ഊര്‍ജം പകരാന്‍ കൊച്ചിയിലെയും മലബാറിലെയും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. മലബാറില്‍ നവോത്ഥാന ആശയങ്ങള്‍ക്ക് വേരോട്ടമേറെയുണ്ടായതിനാല്‍ കെ കേളപ്പന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, കെ ദാമോദരന്‍, എ.കെ.ജി തുടങ്ങിയ പ്രമുഖരാഷ്ട്രീയ നേതാക്കളൊക്കെ ഗ്രാമഗ്രാമാന്തരങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വായനശാല സ്ഥാപനത്തിനും മുന്‍ഗണന നല്‍കി. 1937ല്‍ അഖില മലബാര്‍ വായനശാലാ സംഘം എന്ന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ പങ്കെടുത്തത് നൂറ്റിയമ്പതോളം വായനശാലകളിലെ പ്രതിനിധികളായിരുന്നു. കെ ദാമോദരനായിരുന്നു കണ്‍വീനര്‍. 1943ല്‍ അഖില മലബാര്‍ വായനശാലാ സംഘത്തിന്റെ പേര് കേരള ഗ്രന്ഥാലയ സംഘം എന്നാക്കി മാറ്റി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഗ്രന്ഥശാലകളെയും ഉള്‍പ്പെടുത്തിയാണ് കേരള ഗ്രന്ഥാലയസംഘം വിപുലീകരിച്ചത്. എന്നാല്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ മുന്‍ഗാമിയായി കേരള ഗ്രന്ഥാലയസംഘം പരിഗണിക്കപ്പെട്ടിട്ടില്ല.
കേരളത്തില്‍ 14 ജില്ലാ ലൈബ്രറി കൗണ്‍സിലുകളും 63 താലൂക്ക് ലൈബ്രറി കൗണ്‍സിലുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ സംസ്ഥാനത്തൊട്ടാകെ 8632 ലൈബ്രറികളാണുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലതൊക്കെ നിര്‍ജീവമായിട്ടുമുണ്ട്. എല്ലാ വര്‍ഷവും ലൈബ്രറികള്‍ക്ക് ഗ്രേഡ് അനുസരിച്ച് പുസ്തകം വാങ്ങാനായി പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നുണ്ട്. ഇതിനായി ജില്ലാ തലത്തില്‍ ലൈബ്രറി പുസ്തക മേഖലകളും ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. സാക്ഷരതാപ്രവര്‍ത്തനമുള്‍പ്പെടെ നിര്‍ണായകമായ പ്രവര്‍ത്തനം നടത്തിയ ചരിത്രമുള്ള ലൈബ്രറി കൗണ്‍സിലിന് യുനെസ്‌കോയുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ജാതിമത ചിന്തകള്‍ അതിരൂക്ഷമായി നിലനിന്നിരുന്ന കേരളീയ സമൂഹത്തില്‍ നവോത്ഥാനത്തിന്റെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങള്‍ പ്രസരിപ്പിച്ച മഹാപുരുഷന്മാര്‍ നല്‍കിയ വെളിച്ചം കത്തിജ്ജ്വലിപ്പിച്ചത് നാട്ടിലെമ്പാടുമുള്ള വായനശാലകളായിരുന്നു. ദേശീയ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന് സ്വാതന്ത്ര്യചിന്തകളെ ഊതിക്കത്തിച്ചതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേകിയതും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഈ ഗ്രന്ഥപ്പുരകളായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് കേരളത്തിലെ സാമാന്യജനവിഭാഗങ്ങളുടെ ബൗദ്ധിക വളര്‍ച്ചയ്ക്കും ജീവിതോന്നതിക്കും ഗ്രന്ഥശാലകള്‍ നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. വിദ്യാഭ്യാസം നേടി ജീവിതവിജയം കരസ്ഥമാക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചത് ഗ്രാമഗ്രാമാന്തരങ്ങളിലുള്ള വായനശാലകള്‍ തന്നെയാണ്.
ആദ്യകാലത്ത് ഗ്രന്ഥശാല രൂപീകരണത്തിലും അതിന്റെ നടത്തിപ്പിലും അധ്യാപകര്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. കേരളത്തിലെ ഗ്രന്ഥശാലകളുടെ ചരിത്രം പി.എന്‍ പണിക്കരിലൂടെയാണ് തുടങ്ങുന്നത്. അദ്ദേഹം അധ്യാപകനായി അമ്പലപ്പുഴയില്‍ എത്തിയകാലത്താണ് അവിടെ സാഹിത്യപഞ്ചാനന്‍ പി.കെ നാരായണപിള്ളയുടെ പേരില്‍ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാല ആരംഭിച്ചത്. ഇവിടെ വച്ചാണ് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സമ്മേളനം നടന്നത്. പി.എന്‍ പണിക്കര്‍ തന്റെ ജന്മദേശമായ നീലംപേരൂരിലും സനാതനധര്‍മവായനശാല എന്ന പേരില്‍ ഒരു ഗ്രന്ഥാലയം തുടങ്ങിയിരുന്നു. ഒട്ടേറെ തടസ്സങ്ങള്‍ നേരിട്ട്, കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ അദ്ദേഹം തളരാതെ മുന്നോട്ടുപോയതിന്റെ ഫലമായാണ് തിരുവിതാംകൂറിലും പിന്നീട് തിരുകൊച്ചിയിലും കരുത്തുറ്റ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയുണ്ടായത്. അധ്യാപകരും പൊതുപ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം കഠിനാധ്വാനം ചെയ്ത് രൂപപ്പെടുത്തിയ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ഇന്ന് വളര്‍ച്ചയുടെ വലിയ പടവുകള്‍ പിന്നിട്ടിട്ടുണ്ട്. കാലത്തിന്റെ കുതിച്ചുപായലില്‍ പുതിയ തലമുറ ഗ്രന്ഥശാലകളില്‍ നിന്ന് അകന്നുപോകാതിരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലിയ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒട്ടേറെ വായനശാലകള്‍ കേരളത്തിലുണ്ട്.

കേവലമൊരു മൊബൈല്‍ ഫോണ്‍ തന്നെ വലിയൊരു ലൈബ്രറിയുടെ സേവനം പകര്‍ന്നുതരുന്ന ഇക്കാലത്ത് പുസ്തകങ്ങളിലേക്കും അവ സൂക്ഷിച്ചിരിക്കുന്ന ഗ്രന്ഥാശാലകളിലേക്കും കടന്നുചെല്ലുന്നതിന് പുതിയ തലമുറ വിമുഖത കാട്ടുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളിലും പ്രമുഖ കോളജുകളിലുമുള്ള ലൈബ്രറികള്‍ ഇന്നും കുട്ടികളുടെ വിജ്ഞാനാന്വേഷണത്തെ പോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ലൈബ്രറി തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പതിനായിരക്കണക്കിന് പുസ്തകങ്ങളുള്ള ഈ പുസ്തകാലയം കേരളത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനത്തിനും ഗവേഷണത്തിനുമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഷിബു ടി ജോസഫ്‌

You must be logged in to post a comment Login