കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

കശ്മീര്‍ ഇന്ത്യയോടൊപ്പം വന്നത് എങ്ങനെയാണ്?

അമിത് ഷാ എന്ന ജൈനമതവിശ്വാസി മോഡിസര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ ആഭ്യന്തരമന്ത്രിയായി അവരോധിതനായത് ആര്‍.എസ്.എസിന്റെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കുന്നതിനാണ് എന്ന് നിരീക്ഷിച്ചവരുടെ പ്രവചനങ്ങള്‍ പുലരാന്‍ തുടങ്ങിയിരിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം 1986ന് ശേഷമാണ് സംഘ്പരിവാറിന്റെ അജണ്ടയിലെ ഒരിനമായി എഴുതപ്പെടുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ തന്നെ ഹിന്ദുത്വരാഷ്ട്രീയം നെഞ്ചോട് ചേര്‍ത്തുപിടിച്ച വിഷയമാണ് കശ്മീര്‍. ഹൈന്ദവഭൂരിപക്ഷ ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏക സംസ്ഥാനത്തിന്റെ അസ്തിത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കാന്‍ സമ്മതിക്കാത്ത ആധിപത്യമനോഭാവമാണ് കശ്മീരിനെ പ്രേതഭൂമിയാക്കി മാറ്റിയെടുത്തിരിക്കുന്നത്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കലോ ജനാധിപത്യം തിരിച്ചുകൊണ്ടുവരലോ അല്ല, ആയുധമുഷ്‌ക് കൊണ്ട് കശ്മീരികളെ അടിച്ചമര്‍ത്തുകയും ജീവിതസൈ്വരം കെടുത്തുകയും അന്നാട്ടിന്റെ ചരിത്രവും വര്‍ത്തമാനവും അട്ടിമറിക്കുകയുമാണ് മോഡിസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്ന ദിനങ്ങളാണ് വരാന്‍പോകുന്നത്. ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം അമിത് ഷാ ആദ്യമായി താഴ്‌വര സന്ദര്‍ശിക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ്, ജൂണ്‍22ന്, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് ഒരു രഹസ്യം പുറത്തുവിട്ടു: ‘വിഘടനവാദികള്‍ ചര്‍ച്ചക്ക് തയാറാണ് എന്ന്. രാം വിലാസ് പാസ്വാനു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ച ഹുര്‍റിയത്ത് നേതാക്കള്‍ ഇപ്പോള്‍ സംഭാഷണത്തിന് സന്നദ്ധമായി മുന്നോട്ടുവന്നിരിക്കുന്നു.’ സമാധാന സംഭാഷണങ്ങള്‍ക്കുള്ള സമയം അതിക്രമിച്ചിരിക്കയാണെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. ഒടുവില്‍, ജൂണ്‍ 26ന് അമിത് ഷാ ദ്വിദിന സന്ദര്‍ശനത്തിന് ശ്രിനഗറില്‍ ലാന്‍ഡ് ചെയ്തതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. സാധാരണയായി ഇത്തരം ഉന്നത ഭരണനേതാക്കള്‍ താഴ്‌വരയില്‍ കാല് കുത്തുമ്പോള്‍ ആഹ്വാനം ചെയ്യാറുള്ള കടകള്‍ അടച്ചുള്ള പ്രതിഷേധമോ ഹര്‍ത്താലോ ഇത്തവണ ഉണ്ടായിരുന്നില്ല. എന്നല്ല, മീര്‍വായിസ് ഉമര്‍ ഫാറൂഖിനെ പോലുള്ളവര്‍ ചര്‍ച്ചക്ക് തയാറായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഷായുടെ ഭാഗത്തുനിന്ന് പോസിറ്റീവായ സമീപനം ഉണ്ടായില്ല എന്നുമാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെ പോലും കാണാന്‍ കൂട്ടാക്കിയില്ല. തന്നെയുമല്ല, പലരുടെയും സ്ഥാപനങ്ങളില്‍ വ്യാപകമായ ആദായനികുതി റെയ്ഡുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. ഭീകരവാദത്തോടും ഭീകരവാദികളോടും അശേഷം വിട്ടുവീഴ്ചക്ക് തയാറല്ല എന്നും തീവ്രവാദികള്‍ക്കുള്ള ഫണ്ട് കര്‍ക്കശമായി നിരീക്ഷിക്കുമെന്നും ഭീഷണിമുഴക്കിയാണ് അമിത് ഷാ തിരിച്ചുപോയത്. പാര്‍ലമെന്റിലെത്തേണ്ട താമസം, കശ്മീരില്‍ രാഷ്ട്രപതിഭരണം ആറുമാസത്തേക്കു കൂടി നീട്ടുന്ന ബില്‍ പാസ്സാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ അന്തരീക്ഷം അനുകൂലമാണെങ്കില്‍ എന്തുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ജനാധിപത്യസര്‍ക്കാരിന്റെ കൈകളിലേക്ക് ഭരണം തിരിച്ചേല്‍പിച്ചുകൂടാ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കിയില്ല. എന്നല്ല, വിഷയം സങ്കീര്‍ണമാക്കുംവിധം അമിത്ഷാ ഒരഭിപ്രായപ്രകടനം കൂടി നടത്തി. ജമ്മുകശ്മീരിനു സവിശേഷ പദവി നല്‍കുന്ന 370ാം അനുഛേദം താല്‍ക്കാലികമാണെന്നും അത് എടുത്തുകളയേണ്ടതാണെന്നും. കശ്മീരികളുടെ പൈതൃകവും സ്വത്വവും കാത്തുസൂക്ഷിക്കുന്ന 35 എ ഖണ്ഡികയുടെ കടക്കുകത്തിവെക്കാന്‍ നേരത്തെ തന്നെ താമരരാഷ്ട്രീയക്കാര്‍ ശ്രമങ്ങളാരംഭിച്ചതാണല്ലോ.

നരേന്ദ്രമോഡിക്ക് ഭരണത്തുടര്‍ച്ച സ്വര്‍ണത്താലത്തില്‍വെച്ചുകൊടുത്തത് പുല്‍വാമ തീവ്രവാദാക്രമണവും ബാലാക്കോട് പ്രത്യാക്രമണവുമാണെന്നാണ് സ്ഥിരീകരിക്കപ്പെട്ട സിദ്ധാന്തം. കശ്മീരിനോട് എത്ര കാര്‍ക്കശ്യത്തോടെയും ആയുധമുഷ്‌കോടെയും പെരുമാറുന്നുവോ അത്രക്കും ജനപ്രീതി വര്‍ധിക്കുമെന്ന് ആര്‍.എസ്.എസും മോഡിയെ പോലുള്ള പ്രചാരകുകളും എന്നോ മനസിലാക്കിവെച്ചിട്ടുണ്ട്. 2014 മെയ് 26ന്, മോഡി പ്രധാനമന്ത്രിപദമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ജമ്മുവിലെ ഉദ്ദംപൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗം ബി.ജെ.പിയിലെ ജിതേന്ദ്രസിങ് റാണ രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു കുഴിബോംബ് പൊട്ടിച്ചു. ”ബന്ധപ്പെട്ടവരുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്യും; 370ാം ഖണ്ഡിക ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്”. അഞ്ചുവര്‍ഷം മുമ്പ് അങ്ങനെ വിഷയം വിവാദമായപ്പോള്‍, കശ്മീരും ഇന്ത്യന്‍ യൂണിയനും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ വിവിധ മാനങ്ങള്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടതാണ്. രാജ്യം ഇന്നഭിമുഖീകരിക്കുന്ന കാതലായ ഏക പ്രശ്‌നം 370ാം അനുഛേദമാണെന്നും താഴ്‌വരക്കു പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന 35എ ഖണ്ഡിക എടുത്തുമാറ്റുന്നതോടെ കശ്മീര്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നൊക്കെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിതണ്ഡവാദങ്ങള്‍ ആര്‍.എസ്.എസ് കഴിഞ്ഞ ഏഴുപതിറ്റാണ്ടായി കൊണ്ടുനടക്കുന്ന മുനയൊടിഞ്ഞ ആയുധമാണ്. കശ്മീര്‍ എങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായെന്നോ 370ാം ഖണ്ഡിക ഏത് ചരിത്രപശ്ചത്തലത്തിലാണ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടതെന്നോ സത്യസന്ധമായി അന്വേഷിച്ചാല്‍ ഗീബല്‍സിയന്‍ നുണകളെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും ആശ്രയിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാവും.

മഹാരാജാ ഹരിസിങും ശൈഖ് അബ്ദുല്ലയും
ഇരുപതാം നൂറ്റാണ്ടിലെ കശ്മീരിന്റെ ചരിത്രം രണ്ടു വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോയത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍, 1925 സെപ്തംബറില്‍ കിരീടമണിഞ്ഞ ദോഗ്ര രജപുത്ര രാജാവായി വാഴുകയായിരുന്ന ഹരിസിങാണ് ഒന്നാമത്തെ കഥാപാത്രം. ജനങ്ങളുമായി യാതൊരു ഹൃദയബന്ധവുമില്ലാതെ, ബോംബെ നഗരത്തില്‍ സുഖലോലുപതയിലും കശ്മീര്‍ കാടുകളില്‍ മൃഗയാവേട്ടയിലും സമയം കഴിച്ചുകൂട്ടുന്ന സ്വഭാവക്കാരനായിരുന്നുവത്രെ അദ്ദേഹം. അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത െൈശഖ് മുഹമ്മദ് അബ്ദുല്ലയായിരുന്നു ചരിത്രം കൈയിലിട്ട് അമ്മാനമാടിയ രണ്ടാമത്തെ കഥാപുരുഷന്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും കശ്മീര്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരുദ്യോഗം നേടാനുള്ള അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടത് ശൈഖ്അബ്ദുല്ലയെ ഇരുത്തിച്ചിന്തിപ്പിച്ചു. താഴ്‌വരയില്‍ മുസ്‌ലിംകള്‍ അംഗബലത്തില്‍ ഭൂരിപക്ഷമാണെങ്കിലും അവര്‍ സാമ്പത്തികമായി ഏറെ പിന്നോക്കത്തിലാണ് എന്ന് മാത്രമല്ല, നിഖില മേഖലകളിലും പൂര്‍ണമായി തഴയപ്പെടുകയും പിറന്ന മണ്ണില്‍ മുട്ടിട്ടിഴയാന്‍ വിധിക്കപ്പെട്ടവരുമാണെന്ന കണ്ടെത്തല്‍ 1932ല്‍ ഓള്‍ ജമ്മുകശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ് എന്ന രാഷ്ട്രീയകൂട്ടായ്മക്ക് ജന്മം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. താമസിയാതെ, അതിന്റെ മതസ്വഭാവം ഒഴിവാക്കി, ഹിന്ദുക്കളെയും സിഖുകാരെയും ഉള്‍പ്പെടുത്തി, നാഷനല്‍ കോണ്‍ഫറന്‍സ് എന്ന പേരിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്തു. ഇതേസമയത്തുതന്നെ, ശൈഖ് അബ്ദുല്ല ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്തു. ആ അടുപ്പം കോണ്‍ഗ്രസിനെയും നാഷനല്‍ കോണ്‍ഫറന്‍സിനെയും സഖ്യത്തിലെത്തിച്ചു. 1931 മുതല്‍ ജയിലിലായിരുന്ന ശൈഖ് അബ്ദുല്ല, നാല്‍പതുകളില്‍ ഹരിസിങ് ഭരണത്തിനെതിരെ കശ്മീരികളെ തെരുവിലിറക്കി. ‘ക്വിറ്റ് കശ്മീര്‍’ പ്രസ്ഥാനത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നെഹ്‌റു ക്ഷുഭിതനായി. ശൈഖിനെ മൂന്നുവര്‍ഷത്തേക്ക് തടവിലിട്ടത് അന്തരീക്ഷം സംഘര്‍ഷഭരിതമാക്കി.

ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയ ദോഗ്ര രാജാവ് കശ്മീരിന്റെ ഭാഗധേയം സ്വയം തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി രാമചന്ദ്ര കാക്ക് ആ നീക്കത്തിന് എല്ലാ പ്രോത്സാഹനവും നല്‍കി. 1947 ആഗസ്ത് 15നു രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍, ജമ്മുകശ്മീര്‍ , ഒരു പക്ഷത്തും ചേര്‍ന്നില്ല. ഇരുരാജ്യങ്ങളുമായി ‘സ്റ്റാന്‍ഡ് സ്റ്റില്‍ എഗ്രിമെന്റ്’ (Standstill Agreement) ഒപ്പുവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പാകിസ്ഥാന്‍ ഒപ്പുവെച്ചെങ്കിലും പശ്ചിമപഞ്ചാബിലെ സിയാല്‍കോട്ടിനും ജമ്മുവിനും ഇടക്കുള്ള റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ലോറിഗതാഗതവും തടഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സന്ദര്‍ഭത്തില്‍ രണ്ടു പ്രധാനമന്ത്രിമാരെ മഹാരാജ പുറത്താക്കി. കോണ്‍ഗ്രസുമായി നല്ല ബന്ധം കാത്തുസുക്ഷിച്ച മുന്‍ പഞ്ചാബ് ഹൈകോടതി ജഡ്ജി മെഹര്‍ ചന്ദ് മഹാജന്‍ പ്രധാനമന്ത്രിയായി വന്നത് നെഹ്‌റുവിന്റെയും പട്ടേലിന്റെയും പ്രതീക്ഷകള്‍ക്ക് മിഴിവേറ്റി. 1947 സെപ്തംബര്‍ 27നു നെഹ്‌റു പട്ടേലിനു എഴുതിയ കത്തില്‍, താഴ്‌വരയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കയാണെന്നും വന്‍തോതില്‍ നുഴഞ്ഞുകയറ്റക്കാരെ കശ്മീരിലേക്കയക്കാന്‍ പാകിസ്ഥാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ബോധ്യപ്പെടുത്തി. ഇന്ത്യയോട് കശ്മീരിനെ കൂട്ടിയോജിപ്പിക്കുന്നതിനു ശൈഖ്അബ്ദുല്ലയുടെയും അനുയായികളുടെയും പിന്തുണ സഹായകരമാവുമെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. ജയില്‍മോചിതനായ ശൈഖ് അബ്ദുല്ല ശ്രീനഗറിലെ പ്രശസ്തമായ ഹസ്‌റത്ത് ബാല്‍ പള്ളിയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ഒരു കാര്യമാണ്: ‘കശ്മീരിലെ ജനങ്ങളുടെ കൈകളിലേക്ക് അധികാരം പൂര്‍ണമായും കൈമാറണം. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ പിന്നീട് തീരുമാനിക്കും രാജ്യം ഇന്ത്യയോടൊപ്പം നില്‍ക്കണോ അതോ പാകിസ്ഥാനോടൊപ്പമോ എന്ന്. താഴ്‌വരയില്‍ രൂപവത്കരിക്കപ്പെടുന്ന സര്‍ക്കാര്‍ ജനകീയസര്‍ക്കാരായിരിക്കും. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സിഖുകാരുടെയും സര്‍ക്കാരായിരിക്കും അത്. അതിനുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്.’ അതേസമയം, മഹാരാജ ഹരിസിങ് അപ്പോഴും ഒരു സ്വതന്ത്രകശ്മീരാണ് സ്വപ്‌നം കണ്ടത്. കശ്മീരിനെ പൂര്‍വദേശത്തെ സ്വിറ്റ്‌സര്‍ലാന്‍ഡാക്കി മാറ്റുകയാണ് തന്റെ സ്വപ്‌നമെന്ന് പലരുമായും അദ്ദേഹം പങ്കുവെച്ചു.

‘സ്വിറ്റ്‌സര്‍ലാന്‍ഡി’ലേക്ക് നുഴഞ്ഞുകയറിയ കലാപകാരികള്‍
രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, വടക്കുനിന്ന് ആയിരക്കണക്കിന് ആയുധധാരികള്‍ അതിര്‍ത്തികടന്നു കശ്മീരിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങി. പാകിസ്ഥാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍നിന്നുള്ള പഠാണികളാണ് ഇവരില്‍ കൂടുതലുമെന്നാണ് പറയപ്പെടുന്നത്. സത്യസന്ധവും ആധികാരികവുമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും ഈ നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് നമ്മുടെ പക്കലില്ല എന്നത് ഏറെ ദുരൂഹമായി തോന്നാം. പൂഞ്ചിലാണ് കലാപക്കൊടി വ്യാപകമായി ഉയര്‍ന്നത്. രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ, രാഷ്ട്രീയബോധമുള്ളവരുടെ പട്ടണമായിരുന്നു അത്. മുസ്‌ലിം ഉദ്യോഗസ്ഥര്‍ ജോലി രാജിവെച്ച് കലാപകാരികളോടൊപ്പം ചേര്‍ന്നു ഹരിസിങിനെതിരെ പോരാടാന്‍ ഇറങ്ങി. പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്റെയും പഞ്ചാബ് മുസ്‌ലിം ലീഗ് നേതാവ് മിയാന്‍ ഇഫ്തിഖാറുദ്ദീന്റെയും ആശീര്‍വാദം ഈ ഗോത്രവര്‍ഗക്കാര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിലെ അക്ബര്‍ ഖാന്‍ 4000 റൈഫിളുകള്‍ സംഭരിച്ച് കലാപകാരികള്‍ക്ക് വിവരണം ചെയ്തിരുന്നുവത്രെ. സ്‌പെയിന്‍ കീഴടക്കിയ സേനാനായകന്‍ താരീഖ് ബിനു സിയാദിന്റെ പേര്‍ അനുസ്മരിപ്പിച്ചുകൊണ്ട്, അക്ബര്‍ ഖാന്‍, ‘ജനറല്‍ താരീഖ്’ എന്ന അപരനാമത്തില്‍ നേതൃത്വം നല്‍കിയതായും ഒരു ജിഹാദിന്റെ പരിവേഷം ചാര്‍ത്തി ‘മുസ്‌ലിം കശ്മീരി’നെ രക്ഷിച്ചെടുക്കാനുള്ള ധര്‍മയുദ്ധമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും സൂചനകളുണ്ട്. പക്ഷേ ബാരാമുല്ലയില്‍ കണ്ണില്‍കണ്ട കടകളെല്ലാം കൊള്ളയടിച്ചതും സമാധാനകാംക്ഷികളായ മുസ്‌ലിംകളുടെ വീടുകള്‍ കയറി ആക്രമിച്ചതും മുസ്‌ലിം യുവതികളെയടക്കം പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയതുമെല്ലാം പോരാട്ടത്തിന്റെ ഗതി മാറ്റിമറിച്ചു. ജിഹാദ് പരിവേഷം താനേ കൊഴിഞ്ഞുവീണു. ശ്രീനഗര്‍ കീഴടക്കാനുള്ള ശ്രമങ്ങള്‍ എവിടെയെത്തിയതുമില്ല.

ഒക്ടോബര്‍ 24ന് നുഴഞ്ഞുകയറ്റക്കാര്‍ ഉറിയില്‍നിന്ന് ബാരാമുല്ലയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ മഹാരാജ ഹരിസിങ് സൈനിക സഹായം തേടി ഡല്‍ഹിയിലേക്ക് ടെലിഗ്രാം ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ പിറ്റേന്ന് രാവിലെ ചേര്‍ന്ന പ്രതിരോധസമിതി യോഗം ചേര്‍ന്നു, താഴ്‌വരയിലെ നിജസ്ഥിതി മനസിലാക്കാന്‍ വി.പി മേനോനെ ശ്രീനറിലേക്കയച്ചു. നഗരത്തിലെ ശ്മശാനമൂകത മേനോനെ അമ്പരിപ്പിച്ചു. രാജാവിനോട് ജമ്മുവില്‍ സുരക്ഷിതതാവളം തേടാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വി.പി മേനോന്‍ നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്താന്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍പ്രഭു, പ്രധാനമന്ത്രി നെഹ്‌റു, ആഭ്യന്തരമന്ത്രി പട്ടേല്‍, ശൈഖ് അബ്ദുല്ല, കശ്മീര്‍ പ്രധാനമന്ത്രി മഹാജന്‍ എന്നിവര്‍ കൂടിയാലോചനയില്‍ മുഴുകി. സൈനിക സഹായം ഉടന്‍ ലഭിച്ചില്ലെങ്കില്‍ താഴ്‌വര പാകിസ്ഥാന്റെ കൈകളിലേക്ക് പോകുമെന്ന് മഹാജന്‍ ഓര്‍മപ്പെടുത്തി. പട്ടാളത്തെ അയക്കുന്നതിനു മുമ്പ് ഹരിസിങ് കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ക്കട്ടെ എന്നായിരുന്നു മൗണ്ട് ബാറ്റന്‍ വെച്ച നിര്‍ദേശം. ജമ്മുവിലേക്ക് ഉടന്‍ പറന്ന മേനോന്‍, ഇന്ത്യക്ക് കശ്മീരിനെ കൈമാറുന്ന ‘ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സെഷനില്‍’ (Instrument of Accession ) ഒപ്പ് വാങ്ങി. പിന്നെ താമസിച്ചില്ല, 27ഒക്ടോബര്‍ പുലര്‍ച്ചെ ഇന്ത്യന്‍ പട്ടാളം ശ്രീനഗറിലിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളും പാസഞ്ചര്‍ വിമാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് പട്ടാളക്കാരെയാണ് താഴ്‌വര കാക്കാന്‍ നിയോഗിച്ചത്. പ്രക്ഷുബ്ധത നിറഞ്ഞ മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട നെഹ്‌റു, സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി: ”നമ്മള്‍ ചാഞ്ചാടുകയും ഒരു ദിവസം വൈകുകയും ചെയ്തിരുന്നുവെങ്കില്‍ ശ്രീനഗര്‍ കത്തിച്ചാമ്പലായേനെ… കശ്മീരിന്റെ ഭാഗധേയം അവിടുത്തെ ജനം തീരുമാനിക്കുമെന്ന് ഞങ്ങള്‍ സമ്മതിച്ചിരിക്കുകയാണ്. അതിനിടയില്‍, ശൈഖ് അബ്ദുല്ലയെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, കശ്മീര്‍ പൂര്‍ണമായോ അല്ലാതെയോ സ്വതന്ത്രമാകുന്നത് പ്രശ്‌നമല്ല. പക്ഷേ, അത് പാകിസ്ഥാന്റെ ചൂഷിതമേഖലയായി മാറുന്നത് ക്രൂരമായ ആഘാതമായിരിക്കും.”
ഇവിടെയാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ കാതല്‍ മറഞ്ഞുകിടക്കുന്നത്. താഴ്‌വരയെ സ്വതന്ത്രമായി വിടാന്‍ പ്രഥമ പ്രധാനമന്ത്രി സന്നദ്ധമായിരുന്നു. പക്ഷേ, അത് ശത്രുരാജ്യത്തിന്റെ കീഴില്‍ വരുന്നത് സഹിക്കാവുന്നതായിരുന്നില്ല. ഹിതപരിശോധനയുടെയും ഭരണഘടനാഅസംബ്ലിയുടെയും 370ാം ഖണ്ഡികയുടെയുമെല്ലാം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത് ഈ ഘട്ടത്തിലാണ്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login