കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

കശ്മീരില്‍ നിന്നുള്ള വാര്‍ത്തകള്‍ ന്യൂസ്‌റൂമുകളുടെ പടികയറില്ല!

ഗ്രേറ്റര്‍ കശ്മീര്‍ എഡിറ്റര്‍ ഫയാസ് അഹ്മദ് കലൂവിനെ ഏഴ് ദിവസത്തോളം ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്യുകയുണ്ടായി. 2016 ലെ ഹിസ്ബുല്‍ മുജാഹിദീനിന്റെ മിലിറ്റന്റ് ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടന്നത്. പത്രത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ മറ്റു ദേശീയ പത്രങ്ങള്‍ക്കൊന്നും നേരിടേണ്ടതില്ലാത്ത നടപടികള്‍ ഗ്രേറ്റര്‍ കശ്മീരിന് നേരിടേണ്ടതുണ്ട്. ഫയാസ് കലൂവിനെ ചോദ്യം ചെയ്ത വിവരം ആദ്യമായി പുറത്തുവിട്ടത് പി.ടി.ഐ ആണ്. എന്നാല്‍ പി.ടി.ഐ പത്രത്തിന്റെയും, എഡിറ്ററുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ദ വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഫയാസ് അഹ്മദ് കലൂവ് ആണ് ചോദ്യംചെയ്യലിന് വിധേയമായതെന്ന് സ്ഥിരീകരിച്ചത്. എന്‍.ഐ.എയുടെ അന്വേഷണത്തിന്റെ പ്രധാനലക്ഷ്യം കശ്മീരിലെ വിഘടനവാദികള്‍ക്കെത്തുന്ന വിദേശ ധനസഹായത്തെ കുറിച്ച് അറിയലായിരുന്നു. ഫയാസിന്റെ വിദേശ യാത്രകള്‍ ഉള്‍പ്പെടെ മറ്റു വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും എന്‍.ഐ.എ വിശദാംശങ്ങള്‍ തേടിയതായി ദ വയര്‍ റിപ്പോര്‍ട്ട് പറയുന്നു. ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ സ്വഭാവം അത് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ പകര്‍പ്പല്ല എന്നതാണ്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും, ഇന്ത്യന്‍ സൈന്യം നടത്തുന്ന അധിനിവേശത്തെ കുറിച്ചും തുറന്നടിക്കുന്നതാണ് ഗ്രേറ്റര്‍ കശ്മീരിന്റെ രാഷ്ട്രീയ ഭാഷ. താഴ്വരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ എല്ലാമൊന്നും ഡല്‍ഹിയിലെ പ്രസ്സുകളിലും വാര്‍ത്താമുറികളിലും ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ ഗ്രേറ്റര്‍ കശ്മീര്‍ ഒരു ജനതയുടെ ചെറുത്ത് നില്‍പ്പിന്റെ ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലമാണ് ഇന്ന് പത്രം നേരിടുന്ന പ്രശ്‌നങ്ങളും. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച് സാമ്പത്തികമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ട് പോലും പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തെ അസ്വസ്ഥതപ്പെടുത്തുന്നു. ഫയാസ് കലൂവിനെ കൂടാതെ ഗ്രേറ്റര്‍ കശ്മീറിന്റെ മാനേജിംഗ് എഡിറ്ററെയും നേരെത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. കശ്മീരില്‍ അന്യായമായി കൊന്നൊടുക്കിയവരുടെയും തടവില്‍ പാര്‍പ്പിച്ചവരുടെയും കണക്കുകള്‍ അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ സംരക്ഷണ സംഘടനകള്‍ പുറത്തുവിടുമ്പോള്‍ അത്തരം വിഷയങ്ങളെ മുഖവിലക്കെടുക്കാന്‍ രാജ്യത്തെ നിയമസംവിധാനങ്ങള്‍ തയാറാകുന്നില്ല. കശ്മീരിലെ മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിലുപരിയായ പ്രശ്‌നങ്ങള്‍ അവിടെ നിലനില്‍ക്കുമ്പോഴും കലൂവിനെ ചോദ്യം ചെയ്യുന്നത് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യമുള്ളതായോ പ്രതിഷേധാത്മക സംഭവമായോ ചര്‍ച്ച ചെയ്യപ്പെടുന്നില്ലായെന്നത് തന്നെ പ്രശ്‌നമാണ്. കശ്മീര്‍ എഡിറ്റേര്‍സ് ഗില്‍ഡ് അധ്യക്ഷന്‍ കൂടിയാണ് ഫയാസ് കലൂവ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോല്‍ കശ്മീര്‍ താഴ്‌വരയില്‍ പ്രായോഗികമല്ല. പത്രസ്വാതന്ത്ര്യത്തിന് വേണ്ടി കലഹിക്കുന്ന ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ തുടങ്ങിയ ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമേ വസ്തുതകളെ ജനങ്ങളിലേക്കെത്തിക്കാന്‍ പോരാട്ടം നടത്തുന്നുള്ളൂ. അതിലുപരി കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്കുള്ളത്.

സര്‍ക്കാറിന്റെ വാര്‍ത്താ പരസ്യങ്ങള്‍
ഇന്ത്യന്‍ ഭരണകൂടം കശ്മീരില്‍ ഏര്‍പ്പെടുത്തുന്ന പ്രതിരോധങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കണം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എ നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. രാഷ്ട്രീയസാഹചര്യങ്ങള്‍ അതി രൂക്ഷമായതിനാല്‍ ഗവര്‍ണര്‍ ഭരണം നിര്‍ത്തലാക്കി നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ പോലും കശ്മീരില്‍ ബി.ജെ.പി സര്‍ക്കാരിന് സാധിക്കുന്നില്ല. മനുഷ്യാവകാശ പരിഗണനയും ഭരണഘടനാപരമായ അവകാശ സ്വാതന്ത്ര്യങ്ങളും കശ്മീരിന് നല്‍കാതിരിക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. ഒരുവിധ ചര്‍ച്ചകളും നടക്കാത്തത് കൊണ്ട് തന്നെ അനുദിനം കൊല്ലപ്പെടുന്ന സൈനികരുടെയും, വിഘടന സംഘടനകളില്‍ ചേരുന്ന യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനവ് മാത്രമേയുള്ളൂ. കശ്മീരിനെ കൂടുതല്‍ അധികാരപ്രയോഗം നടത്തി വരുതിയില്‍നിര്‍ത്തുകയെന്ന നയം തിരുത്താന്‍ അമിത് ഷായെ പോലൊരു ഭരണാധികാരിക്ക് ഒരിക്കലും കഴിയില്ല. 2019 ലെ ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമനെ ആഘോഷിക്കും വിധമുള്ള തലവാചകങ്ങളാണ് ഇന്ത്യയിലെ മുപ്പതിലധികം ദേശീയമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. നിര്‍മലാ സീതാരാമന്റെ മാന്ത്രിക ബജറ്റ് അവതരണം എന്നൊക്കെയുള്ള പെരുപ്പിക്കലുകള്‍ ഉണ്ടായിരുന്നു. കാലങ്ങളായുള്ള ബ്രിട്ടീഷ് കൊളോണിയല്‍ അവശേഷിപ്പായ സ്യൂട്ട്‌കേസിനു പകരം അശോകസ്തംഭം രേഖപ്പെടുത്തിയ ചുവന്ന തുണിയില്‍ പൊതിഞ്ഞുകൊണ്ടു വന്ന രേഖകള്‍ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. കൊളോണിയല്‍ ഭരണത്തിന്റെശേഷിപ്പുകളെ നിര്‍മല സീതാരാമന്‍ തച്ചുടച്ചു, ബജറ്റ് അവതരണത്തെ കൂടുതല്‍ ദേശീയമാക്കി തുടങ്ങിയ നിരവധി സ്തുതികള്‍ മാധ്യമങ്ങള്‍ പാടിക്കൊണ്ടിരുന്നു. ബജറ്റില്‍ അഭിമുഖീകരിക്കാത്ത രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളായ കാര്‍ഷിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങളെയും ആകര്‍ഷിച്ചില്ല. കൊളോണിയല്‍ കാലത്തെ 124 എ പ്രകാരം ജെ.എന്‍.യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തിയ ബി.ജെ.പി സര്‍ക്കാരിനെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ കൊളോണിയല്‍ അവശേഷിപ്പുകള്‍ ഇല്ലാതാക്കുന്നവരായി വരുത്തിത്തീര്‍ക്കുന്നത്. നിര്‍മലയെ പ്രകീര്‍ത്തിക്കുന്നതില്‍ ഒതുങ്ങിപ്പോയ ബജറ്റ് അവലോകനങ്ങള്‍ക്കുപരിയായി ബജറ്റിലെ പ്രധാന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില മാധ്യമങ്ങളിലെങ്കിലും ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അശോക് ഗുലാത്തിയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനം ബജറ്റ് എത്രമാത്രം കര്‍ഷകരെ നിരാശരാക്കി എന്നത് തുറന്നുകാട്ടുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതി തകരാറിലായിരിക്കുകയാണെന്ന് സര്‍ക്കാരിന്റെ തന്നെ ഉപദേഷ്ടാക്കള്‍ പറയുന്നു. ബിബെക് ഡിബ്രോയ് അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടതും ഇതു തന്നെയാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ബജറ്റിനെ വിലയിരുത്തിയത് ‘ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആകാന്‍ ഇത്തരമൊരു ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധിക്കില്ല. മാത്രമല്ല ഒരു ഉയര്‍ന്ന മധ്യമവര്‍ഗ രാജ്യമായി ഇന്ത്യയ്ക്ക് പൂര്‍ണമായി മാറാന്‍ തക്കവണ്ണമുള്ളത് പോലുമായിരുന്നില്ല അത്’ എന്നാണ്. നിര്‍മലയെ പുകഴ്ത്തുന്ന മാധ്യമങ്ങളിലെ എഴുത്തുകുത്തുകള്‍ ഭരണകൂടത്തിന്റെ പ്രീതി നേടാനുള്ള ശ്രമങ്ങളാണെന്നത് തീര്‍ച്ച. സര്‍ക്കാര്‍ പരസ്യങ്ങളെക്കാള്‍ ഗംഭീരമായി സര്‍ക്കാറിനെ എഴുതി പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ തെളിയിച്ചത്. വാര്‍ത്തകളുടെ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന മനോഭാവം മോഡി ഭരണത്തോട് ഞങ്ങള്‍ സംഘട്ടനത്തിനില്ല എന്ന പ്രഖ്യാപനം കൂടിയാണ്.

ഒരു കൊലകൂടി
ഉക്രേനിയന്‍ റിപ്പോര്‍ട്ടര്‍ വാദിം കാമറോവിന്റെ കൊലപാതകം സി.പി.ജെ (Committee to protect journalist) ഒഴികെ, യൂറോപ്പിലെ മറ്റ് മാധ്യമങ്ങളിലൊന്നും വലിയ ചര്‍ച്ചാവിഷയമായില്ല. ഉക്രേനിയന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ സെലന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടത് അഴിമതി വിരുദ്ധ സന്ദേശവുമായാണ്. പക്ഷേ രാജ്യത്ത് അഴിമതിക്കെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ അപകടകരമാണ്. വാദിമിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രധാനമായും പ്രാദേശിക തലത്തിലെ ഭരണ സംവിധാനത്തിലുള്ള അഴിമതികളെയായിരുന്നു തുറന്നുകാണിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് ഉക്രേനിയന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ് ഓഫ് ഉക്രൈന്‍(NUJU) ആവശ്യപ്പെട്ടു. വാദിമിനെ അക്രമിച്ച അജ്ഞാതരെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. എന്‍.യു.ജെ.യു അധ്യക്ഷന്‍ സെര്‍ജി ടൊമിലിന്‍കോ പ്രതികരിച്ചത് കൊല്ലപ്പെട്ട വാദിം ഉക്രെയ്‌നില്‍ ഭരണാധികാരികള്‍ക്ക് തലവേദന സൃഷ്ടിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടെന്നാണ്. 2019ല്‍ 4 മാസങ്ങള്‍ക്കിടയില്‍ മുപ്പതോളം ശാരീരിക ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനം അപകടത്തിലാക്കുന്ന അറുപത്തിമൂന്നോളം കേസുകള്‍ വേറെയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന നിരവധി സംഘടനകള്‍ വാദിമിന്റെ കൊലപാതകത്തെ അപലപിച്ചെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെട്ടില്ല.

നബീല പാനിയത്ത്‌

You must be logged in to post a comment Login