തുറക്കട്ടെ ഇനിയും വാതിലുകള്‍

തുറക്കട്ടെ ഇനിയും വാതിലുകള്‍

മനുഷ്യനില്‍ ക്രിയാത്മകത സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യാനാണ് ഇസ്‌ലാം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഖുര്‍ആന്റെ ഓരോ വരികളും പ്രവാചകരുടെ ഓരോ വചനങ്ങളും ഇവയുടെയെല്ലാം സര്‍വത്ര വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മനുഷ്യന്റെ കഴിവുകളെ പരമാവധി വികസിപ്പിക്കാനും ക്രിയാത്മകതയെ അത്യുല്‍കൃഷ്ടമായി ഉപയോഗപ്പെടുത്താനും നിര്‍ദേശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമാണ്. മനുഷ്യനെ മറ്റിതര ജീവികളില്‍നിന്നും തീര്‍ത്തും വ്യതിരക്തമാക്കുന്നത് ബുദ്ധിയും വിവേകവുമാണെന്നു നിരന്തരം ബോധ്യപ്പെടുത്തിയ ഇസ്‌ലാമും ഖുര്‍ആനും ബുദ്ധിയെ മന്ദീഭവിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പോകരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചു. ലഹരി വസ്തുക്കളുടെ ചെറിയൊരു ഉപയോഗം പോലും വലിയതെറ്റായി കാണാന്‍ ഇസ്‌ലാം തയാറായത് ബുദ്ധിയെയും വിവേകത്തെയും ഇസ്‌ലാം അത്രമാത്രം പരിപാലിച്ചുവെന്നതിന്റെ പ്രകടമായ തെളിവാണ്. നിരന്തരം ബുദ്ധിയെയും ചിന്തയെയും തൊട്ടുണര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന മറ്റേതു വേദഗ്രന്ഥമുണ്ട്? ഒരു സെക്കന്റ് സമയം ചിന്തയെ പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നത് ഒരു വര്‍ഷം ആരാധന ചെയ്യുന്നതിനെക്കാള്‍ മഹത്തരമാണെന്ന് മുഹമ്മദ് നബി(സ).

ഖുര്‍ആനും ഹദീസും ഹൃദയങ്ങളോടും മസ്തിഷ്‌കങ്ങളോടും നേരിട്ടാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. പുതിയത് കണ്ടെത്താനും പുതുലോകത്തെ സൃഷ്ടിക്കാനും അവ നിരന്തരം ഉണര്‍ത്തുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ വിശേഷണമായി ഖുര്‍ആന്‍ പലവുരു പറഞ്ഞത് ‘ബദീഅ്’ എന്നാണ് . പുതുമകളെ സൃഷ്ടിക്കുന്നവന്‍ എന്നിതിന് അര്‍ഥം നല്‍കാം. മനുഷ്യനോട് അല്ലാഹുവിന്റെ കല്പനതന്നെ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ അന്തസത്ത ഉള്‍ക്കൊണ്ട് ജീവിതത്തില്‍പകര്‍ത്താനും പ്രാവര്‍ത്തികമാക്കാനുമാനാണ്. അഥവാ അല്ലാഹു, അവന്‍ പരമകാരുണ്യവാനാണ് എന്ന് പറഞ്ഞതില്‍ നിന്ന് മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ടത് കാരുണ്യം സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന സന്ദേശമാണ്. പുതുമകള്‍ സൃഷ്ടിക്കുന്നവനാണ് അല്ലാഹു എന്ന് കാണുമ്പോള്‍ മനുഷ്യനും ബുദ്ധിയുപയോഗിച്ച് പുതുമകള്‍ സൃഷ്ടിക്കണമെന്ന സന്ദേശമുണ്ട്. ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ ആദ്യ മനുഷ്യനോടൊപ്പം ഉള്ളതാണെങ്കിലും ഇന്നും പുതുമകളോടെ നിലനില്‍ക്കുന്നതാണ്. അന്ത്യനാള്‍വരെ ഈയവസ്ഥ തുടരുകയും ചെയ്യും. അതേസമയം മനുഷ്യന്റെ ഭൗതിക ജീവിതം സുഗമമാക്കാനും മതത്തിന്റെ ആന്തരികഭാവവും മൂല്യങ്ങളും സമൂഹത്തിലെത്തിക്കാനും പുതിയ രീതികളും സങ്കേതങ്ങളും ആവിഷ്‌കാരങ്ങളും കണ്ടെത്തുന്നത് ഇസ്‌ലാം വിലക്കുന്നില്ല. അത്തരം പരിശ്രമങ്ങള്‍ അതിമഹത്തായ സത്കര്‍മവും ആരാധനയുമായി ഇസ്‌ലാം പരിചയപ്പെടുത്തുകയും ചെയ്തു.

ഓരോ കാലത്തും മനുഷ്യന്‍ അവന്റെ നിലനില്‍പിനാവശ്യമായ കണ്ടെത്തലുകള്‍ നടത്തിയതായി ഖുര്‍ആന്‍ പറയുന്നുണ്ട്. ആദം നബിയുടെ മകന്‍ ഖാബീല്‍ ഹാബീലിനെ കൊന്നപ്പോള്‍ മയ്യിത്ത് മറവു ചെയ്യാന്‍ മണ്ണ് മാന്തുകയാണ് ചെയ്തത്. ഇതുപ്രത്യേകം എടുത്തുപറയുന്ന ഖുര്‍ആന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വന്ന നൂഹ് നബി (സ) നിര്‍മിച്ച കപ്പലിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. നാടൊട്ടുക്കും മഹാപ്രളയം വന്നപ്പോള്‍ നൂഹ് നബി കപ്പല്‍ നിര്‍മിക്കുകയാണ് ചെയ്തത്. കപ്പല്‍ നിര്‍മാണത്തിന് അല്ലാഹു പ്രത്യേകം നിര്‍ദേശം നല്‍കുകയും ജലഗതാഗതത്തിന്റെ മുഴുവന്‍ സാങ്കേതിക വിദ്യയും നൂഹ് നബിയെ പഠിപ്പിക്കുകയും ചെയ്തു. ഈ കപ്പല്‍ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. മനുഷ്യാവിര്‍ഭാവം കഴിഞ്ഞ് അധികം വര്‍ഷങ്ങള്‍ പിന്നിടുന്നതിനു മുമ്പ് കപ്പല്‍ നിര്‍മാണവും ജലഗതാഗതവും ആരംഭിച്ചുവെന്നും നബിമാര്‍ തന്നെ ഇതിന് നേതൃത്വം നല്കിയെന്നും ചുരുക്കം. ”താങ്കള്‍ നമ്മുടെ മേല്‍നോട്ടത്തിലും പ്രത്യേക നിര്‍ദേശാനുസരവും (വഹ്യ് ) കപ്പല്‍ നിര്‍മിക്കുക” (ഹൂദ്/ 37) എന്നാണ് അല്ലാഹു നൂഹ് നബിയോട് പറയുന്നത്. അഥവാ കപ്പല്‍ നിര്‍മാണവും അതിന്റെ ഉപയോഗവും അല്ലാഹുവിന്റെ വഹ്യിന്റെ ഭാഗമായിരുന്നു. സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അതാവശ്യമായി വന്നപ്പോള്‍ നബിമാര്‍ മുഖേന അവ അല്ലാഹു സമൂഹത്തെ പഠിപ്പിച്ചുവെന്നു മനസിലാക്കാം. സുലൈമാന്‍ നബിക്ക്(അ) വായുവിലൂടെ സഞ്ചരിക്കാന്‍ സാധ്യമാക്കിയതുപോലെതന്നെ മികച്ച ആശയവിനിമയ സാധ്യതകളും നല്‍കിയിരുന്നു. ഖുര്‍ആനില്‍ പലയിടത്തും ഇതാവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ദാവൂദ്‌നബിക്ക്(അ) ഇരുമ്പുകൊണ്ട് വ്യത്യസ്ത ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള കഴിവുകള്‍ നല്‍കിയിരുന്നു. ലോകത്തെ ഒന്നാം വ്യാവസായിക വിപ്ലവമായി (എശൃേെ കിറൗേെൃശമഹ ഞല്ീഹൗശേീി) ദാവൂദ് നബിയുടെ ഈ കണ്ടത്തലിനെ വിശേഷിപ്പിക്കാം. കാരണം ഇരുമ്പാണല്ലോ ശേഷമുണ്ടായ മുഴുവന്‍ കണ്ടെത്തലുകള്‍ക്കും ആക്കം കൂട്ടിയത്. ശേഷം വന്ന പ്രവാചകന്മാരെല്ലാം അതാതു സമൂഹത്തിനാവശ്യമായ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും കണ്ടെത്തലുകളും സമൂഹത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ) സമൂഹത്തെ നിരന്തരം ബോധിപ്പിച്ചതും ഇതേ പ്രതലത്തില്‍നിന്നു കൊണ്ടാണ്. മനുഷ്യന്റെ പാരത്രിക ജീവിതം വളരെ പ്രധാനമാണെന്നും എന്നാല്‍ ഐഹികജീവിതം അപ്രധാനമായി തള്ളരുതെന്നും ഇസ്‌ലാം സിദ്ധാന്തിച്ചു. ഇഹലോകത്തും പരലോകത്തും നല്ലതു മാത്രം (ഹസനത്ത്) വരുത്തണമെന്നു പ്രാര്‍ഥിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്തത്. ഇഹലോകത്തെ നന്മ ഇവിടുത്തെ സുഖസൗകര്യങ്ങളില്‍കൂടിയാണ് നിലകൊള്ളുന്നത്. നീണ്ട എട്ടുനൂറ്റാണ്ടു കാലം ലോക സാങ്കേതികവിദ്യയുടെ അണിയറയിലും അരങ്ങിലും മുസ്‌ലിം ടെക്‌നോളോജിസ്റ്റുകളായിരുന്നുവെന്നത് യാദൃഛികമല്ല. മുസ്‌ലിം ലോകത്തിനു ഈ ആധിപത്യം ഇന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലുമത് സാങ്കേതികവിദ്യയോടുള്ള വിമുഖത കാരണമായിട്ടല്ല. പ്രത്യുത, മുസ്‌ലിംലോകത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും യൂറോപ്പിന്റെ സാമ്പത്തിക മേല്‍ക്കോയ്മയുമാണ് അതിന് കാരണമായത്.

വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ‘ഓ ജിന്ന്-മനുഷ്യ വര്‍ഗമേ, ആകാശ ഭൂമികളുടെ അതിര്‍വരമ്പുകള്‍ വിട്ടുകടന്നുപോകാന്‍ കഴിയുമെങ്കില്‍ അതിനു തയാറാകുക; പക്ഷേ ശക്തമായ സാങ്കേതിക വിദ്യകൊണ്ടല്ലാതെ നിങ്ങള്‍ക്കത് സാധ്യമാകില്ല'(സൂറ: അര്‍റഹ്മാന്‍/ 33). വ്യോമസഞ്ചാരം തീരെ പരിചയമില്ലാത്ത ഒരു കാലഘട്ടത്തിലാണ് ഖുര്‍ആന്‍ ആകാശ-ഭൂമികളുടെ അതിരുകള്‍ മറികടക്കാനാവശ്യമായ സൗകര്യങ്ങളും സാങ്കേതികവിദ്യയും കണ്ടെത്താന്‍ നിര്‍ദേശം നല്‍കുന്നത്. ആസ്ട്രോണമിയിലും ആസ്ട്രോഫിസിക്‌സിലും മുസ്‌ലിം ലോകം അത്യുന്നതങ്ങള്‍ കീഴടക്കിയതും ഇന്നത്തെ മുഴുവന്‍ ബഹിരാകാശ-ഗ്രഹ സഞ്ചാരങ്ങള്‍ക്ക് അടിസ്ഥാന ശിലയിട്ടതും ഖുര്‍ആന്റെ പ്രചോദനമായിരുന്നു. ആകാശസഞ്ചാരം നടത്താനുള്ള ഉപകരണങ്ങളുടെ ആദ്യ ചര്‍ച്ചകള്‍ മുസ്‌ലിംലോകത്ത് തന്നെയാണുണ്ടാകുന്നത്. അത്തരം ചര്‍ച്ചകളുടെയും ആലോചനകളുടെയും ബാക്കി പത്രമാണ് ഇന്നത്തെ ആകാശ യാത്രകളെല്ലാം. നബി (സ) തന്നെ ആകാശയാത്ര നടത്തി മുസ്‌ലിംസമൂഹത്തിനു കൂടുതല്‍ ഊര്‍ജം നല്‍കിയതും വിസ്മരിക്കാനാവില്ല.

മനുഷ്യന്‍ ഒറ്റയടിക്കല്ല വികസനം നേടിയെടുക്കുന്നതെന്നും പടിപടിയായി മാത്രമേ അത് സാധ്യമാകുന്നുള്ളൂവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സൂറതുല്‍ ഇന്‍ശിഖാഖില്‍ ഇങ്ങനെ കാണാം: ”തീര്‍ച്ചയായും നിങ്ങള്‍ പടിപടിയായി ഉയരങ്ങള്‍ താണ്ടുകതന്നെ ചെയ്യും”(വചനം 19). ഈ സൂക്തം വിശദീകരിച്ച് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞത് മനുഷ്യന്റെ സാങ്കേതികവിദ്യയിലെ മികവിനെക്കുറിച്ചാണ് ഖുര്‍ആന്‍ ഇപ്പറഞ്ഞതെന്നാണ്. സാങ്കേതികരംഗത്ത് ഘട്ടംഘട്ടമായി വികസിക്കുമെന്നു പറഞ്ഞ നബി (സ) കൂടെക്കൂടെ ലോകം അവസാനത്തോടടുക്കുമ്പോള്‍ സാങ്കേതികവിദ്യ എത്രമാത്രം വികാസം പ്രാപിച്ചിരിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ‘നിങ്ങളുടെ കൈകള്‍ നിങ്ങളോട് സംസാരിക്കുന്നതുവരെ’ അന്ത്യനാള്‍ സംഭവിക്കില്ലെന്ന് ഹദീസില്‍ ഉണര്‍ത്തുകയുണ്ടായി. മൊബൈല്‍ ടെക്‌നോളജി ഇനിയും വികസിച്ച് കൈകള്‍ തന്നെ സംവേദനോപകരണമായിമാറുന്ന യുഗം വരാനിരിക്കുന്നു. ആശയവിനിമയവും ഗതാഗതവുമാണ് മനുഷ്യന് ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വികസനം. ഈ മേഖലകളിലെല്ലാം ഖുര്‍ആനും തിരുചര്യയും വെളിച്ചം വിതറിയിട്ടുണ്ട്.
ശാസ്ത്രവും സാങ്കേതികവിദ്യയും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച ഇസ്‌ലാം ഇവ മനുഷ്യനന്മക്കേ ഉപയോഗിക്കാവൂവെന്ന കര്‍ശന നിബന്ധനവെച്ചു. ആയുധങ്ങള്‍ രാജ്യസുരക്ഷയ്ക്കാവാം; പക്ഷേ അവ അന്യായമായി ജനങ്ങളെ കൊല്ലാനാവരുത്. ഒരാളെഅന്യായമായി കൊല്ലുന്നത് ഒരുസമൂഹത്തെ മൊത്തം കൊല്ലുന്നതിനു തുല്യമാണെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു. വ്യക്തിതാല്പര്യങ്ങളെക്കാളുപരി സമൂഹതാല്പര്യങ്ങള്‍ക്കാണ് ഇസ്‌ലാം പരിഗണന നല്‍കുന്നത്.

വാര്‍ത്തമിനിമയരംഗത്തെ സാങ്കേതികവിദ്യ ഉപയോഗത്തിലും ഇസ്‌ലാം ശക്തമായി ഇടപെടുന്നുണ്ട്. വാര്‍ത്തകളും വൃത്താന്തങ്ങളും സമൂഹത്തിലെത്തിക്കണമെന്നു നിര്‍ദേശിച്ച ഇസ്‌ലാം അത് സമൂഹത്തിന്റെ നന്മ കാംക്ഷിച്ചായിരിക്കണമെന്നും വിശദീകരിക്കുന്നു. സമൂഹനന്മയില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത ഇസ്‌ലാം ആധുനിക മീഡിയ സംസ്‌കാരവുമായി ഇടയുന്നത് ഇക്കാര്യത്തില്‍ മാത്രമാണ്. മനുഷ്യന്റെ നന്മയിലുപരി ലാഭേച്ഛ മാത്രം മുന്നില്‍കണ്ട് സംസ്‌കാരവും ധാര്‍മികതയും തകര്‍ക്കുന്നത് ഇസ്‌ലാമിന്റെ സമ്മതമല്ല.

മൊബൈലുകളിലും മറ്റും ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഉപയോഗിക്കുന്നതുമെല്ലാം ഇസ്‌ലാം വിലക്കിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘ഇസ്‌ലാമില്‍ ഒരാളുടെ നല്ല സ്വഭാവം ആവശ്യമില്ലാത്തത് ഉപേക്ഷിക്കുക എന്നത്'(തുര്‍മുദി). ഖുര്‍ആനും മൊബൈല്‍ സാങ്കേതിക വിദ്യയുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗത്തിന് ശക്തമായ മാനദണ്ഡങ്ങള്‍ വെക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വാസി സമൂഹമേ, ഊഹാപോഹങ്ങള്‍ ഉപേക്ഷിക്കണം. മിക്ക ഊഹാപോഹങ്ങളും വലിയ തെറ്റുകളാണ്. നിങ്ങള്‍ അന്യന്റെ സ്വകാര്യം ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം കുറ്റം കണ്ടെത്തുകയും ചെയ്യരുത്. അന്യന്റെ മാംസം കഴിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ?'(49/ 12). അന്യന്റെ പച്ചമാംസം കഴിക്കുന്നതുപോലെയാണ് ഇത്തരം മീഡിയകള്‍ ഉപയോഗിച്ച് അന്യനെ കുറ്റം പറയുന്നതും അവഹേളിക്കുന്നതും.
ഇസ്‌ലാം വിഭാവന ചെയ്യുന്ന ഇത്തരം നൂറുകൂട്ടം മീഡിയ-കമ്മ്യൂണിക്കേഷന്‍-ടെക്‌നോളജി എത്തിക്‌സ് മനസിലാക്കിമാത്രം വേണം ഒരു മുസ്‌ലിം സമൂഹം മുന്നോട്ടുപോവാന്‍. അപ്പോഴാണ് സ്‌നേഹവായ്‌പോടുകൂടിയുള്ള ജീവിതവും സന്തോഷദായകമായ അന്തരീക്ഷവും ജനിക്കൂ. അപ്പോള്‍ മാത്രമാണ് സാങ്കേതിക വിദ്യ മനുഷ്യന് ഉപകാരമാകൂ. അല്ലെങ്കില്‍ ഈ ലോകം ഉപദ്രവങ്ങളുടെ പ്രേതലോകമായി മാറും.

ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login