5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

പണ്ട് ഏതെങ്കിലുമൊരു മണ്ഡലത്തിലെ പാര്‍ലമെന്റേറിയനോട് നിങ്ങളുടെ മണ്ഡലത്തില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ ഉത്തരം ബി. എസ്. പി എന്നാവും. ബിജിലി സടക്ക് പാനി. വൈദ്യുതി, റോഡ്, വെള്ളം. പിന്നെ അതിനോടൊപ്പം വീട് വന്നു. ആ ചോദ്യം ഇന്നാണെങ്കില്‍ മറ്റൊന്നുകൂടി പ്രധാനമായി വരും. അത് ബാന്‍ഡ് വിഡ്ത് ആണ്. മെച്ചപ്പെട്ട ഇന്റര്‍നെറ്റ്. ഉദാഹരണം പറയാം.

നാലഞ്ച് ആളുകളുള്ള ഒരു വീട്ടിലേക്ക് വെള്ളം നല്‍കാന്‍ എങ്ങനെയുള്ള പൈപ്പ് ആണ് വേണ്ടത്? അരയിഞ്ചുള്ള ഒരു പൈപ്പിലൂടെ വെള്ളം നല്‍കിയാല്‍ മതിയാകുമോ? പോരാ. വലിയ വ്യാസമുള്ള പൈപ്പ് വേണം. അതൊരു ഹോസ്റ്റലാണെങ്കിലോ? വ്യാസം പിന്നെയും മാറും. ചെറിയ പൈപ്പിലൂടെ വെള്ളം നല്‍കിയാല്‍ അതിനെടുക്കുന്ന സമയം നിങ്ങള്‍ക്ക് ഊഹിക്കാം. 2 ജി, 3 ജി, 4 ജി, ഇപ്പോള്‍ 5 ജി എന്നെല്ലാം പറയുമ്പോള്‍ നമ്മള്‍ ഈ പൈപ്പിന്റെ വ്യാസം കൂട്ടുകയാണ്. അതായത് ഈ വിവരവാഹിനിക്കുഴലുകളുടെ ഇന്റര്‍നെറ്റ് നല്‍കുവാനുള്ള വേഗതയുടെ കഴിവനുസരിച്ചായിരിക്കും പലകാര്യങ്ങളും മുമ്പോട്ടുപോകുന്നത്. ഇനി ബിസിനസ് ചുറ്റിക്കറങ്ങാന്‍ പോകുന്നത് ഈ വ്യാസം വര്‍ധിപ്പിക്കലിലാണ്. അതിനാലാണ് സ്വകാര്യ കമ്പനികള്‍ പുതിയ തന്ത്രങ്ങളുമായി വരുന്നത്. മല്‍സരം കടുക്കുന്നത്. അതിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ചില പ്രാഥമിക കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

ലാഭം ഡാറ്റയിലൂടെ
ടെലികോം കമ്പനികളുടെ പ്രവര്‍ത്തനസ്വഭാവം പരിശോധിക്കാം. വയബിലിറ്റി എന്നൊരു വാക്കുണ്ട്. നിലനില്‍പ്ക്ഷമത എന്നോ ലാഭക്ഷമത എന്നോ പറയാം. ഇത് നോക്കുന്നത് ആവറേജ് റെവന്യൂ പെര്‍ യൂസര്‍ എന്ന രീതിയിലാണ്. മൈാബൈല്‍ ഫോണ്‍ വന്ന കാലം ഓര്‍ക്കുക. ഒരു ഉപഭോക്താവില്‍ നിന്ന് തന്നെ കമ്പനികള്‍ക്ക് 500 രൂപക്ക് മുകളില്‍ ലഭിക്കുമായിരുന്നു. ഇന്‍കമിംഗിനും ഔട്‌ഗോയിങ്ങിനും ചാര്‍ജുള്ള കാലമാണ്. ഇന്റര്‍നെറ്റ് വ്യാപകമല്ലാത്ത കാലമാണ്. അന്നത്തെ ഒരേയൊരു ആഡംബരം എസ് എം എസ് ആയിരുന്നു. പിന്നീട് പതിയെ ഇന്‍കമിങ് സൗജന്യമാകുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് വരുന്നു. അതോടൊപ്പം വലിയ പല മാറ്റങ്ങള്‍കൂടി സംഭവിക്കുന്നു.

നിങ്ങളുടെ പണമിടപാടുകള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സാങ്കേതികതയിലൂടെയാകുന്നു. നിങ്ങള്‍ക്ക് ഭക്ഷണമെത്തിച്ചു തരുവാന്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാവുന്നു. യാത്ര ക്രമീകരിക്കാനും എളുപ്പമാക്കാനും മാപ്പുകള്‍ വരുന്നു. വഴിചോദിക്കല്‍ ആവശ്യമില്ലാതാകുന്നു. മാപ്പ് മൊബൈല്‍ വഴി ഉപയോഗിക്കാന്‍ സാധിക്കുന്നു. അപ്പോള്‍ സ്പീഡിനനുസരിച്ച് നമ്മുടെ ആവശ്യങ്ങളും കൂടി വന്നു. അതോടനുസരിച്ചൊരു ഡിജിറ്റല്‍ ഇക്കോ സിസ്റ്റവും ഇവിടെ വളര്‍ന്നുവന്നു. ഒരു ഡിജിറ്റല്‍ പരിസ്ഥിതി. റിയല്‍ ആയി നടക്കുന്ന എല്ലാ ബിസിനസ് സിസ്റ്റവും ഈ ഇക്കോസിസ്റ്റത്തിലേക്കു കൂടി പരിവര്‍ത്തനം ചെയ്യപ്പെട്ടു. മുഖാമുഖം സംസാരിച്ചിരുന്നത് വീഡിയോ വഴി എളുപ്പമായി.
അതായത് സാഹചര്യം മാറി. കമ്പനികള്‍ ലാഭത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. കോളുകള്‍ ഫ്രീ ആയതോടെ ആളോഹരി വരുമാനം കുറഞ്ഞു. അപ്പോള്‍ പിന്നെ ടെലികോം കമ്പനികള്‍ക്ക് ഡാറ്റയാണ് അഭയം. അതുതന്നെയാണ് കമ്പനിക്ക് എണ്ണ. ഏറ്റവും കൂടുതല്‍ ഡാറ്റ നല്‍കി, അത് ഉപഭോക്താവിനെക്കൊണ്ട് ഉപയോഗിപ്പിച്ചു കഴിഞ്ഞാലേ കൂടുതല്‍ വരുമാനം ലഭിക്കൂ എന്ന നില വന്നു.
ഇതിനുവേണ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി തന്നെ ഒരുക്കുന്നു. ടെലികോം ലൈസന്‍സ് ഉദാരമാകുന്നു. പുതിയ, വലിയ കമ്പനികള്‍ മാര്‍ക്കറ്റിലേക്ക് വരുന്നു. കമ്പനികള്‍ക്കിടയില്‍ ഏകീകരണം നടക്കുന്നു. ഒരിക്കല്‍ ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ വന്നുകഴിഞ്ഞാല്‍ കമ്പനികള്‍ക്ക് പണമുണ്ടാക്കിയേ പറ്റൂ. അപ്പോള്‍ ഒരു ഡിജിറ്റല്‍ ഇക്കോ സിസ്റ്റം വരണം. ആളുകള്‍ എല്ലാം വലയുടെ അകത്താകണം. നമ്മള്‍ അങ്ങനെ ആയിക്കഴിഞ്ഞു. വേള്‍ഡ് വൈഡ് വെബില്‍ ജീവിക്കുന്നവര്‍. ബാങ്കിലെ കാര്യങ്ങള്‍, ഗവണ്മെന്റ് സഹായങ്ങള്‍ എല്ലാം ഈ ഡിജിറ്റല്‍ ഇക്കോ സിസ്റ്റം ഉപയോഗിച്ചാണ് നാം നടത്തുന്നത്. അതിന്റെ ഒരു ഗുണമെന്താണെന്നു വെച്ചാല്‍ സമൂഹവും ഗവണ്‍മെന്റും അത്രമേല്‍ സുതാര്യമാവുകയാണ്.

പാരലല്‍ വേള്‍ഡ്
മറ്റൊരുതരത്തില്‍ ഇതിനെ വിശദീകരിക്കാം. IRCTC വഴി ഒരുദിവസം ഇന്ത്യയില്‍ ബുക്ക് ചെയ്യപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണം ഏകദേശം പന്ത്രണ്ടുലക്ഷമോ അതിലധികമോ വരും. ഇനി റെയില്‍വേ സ്റ്റേഷന് അകലെ താമസിക്കുന്ന ഒരു വൃദ്ധയായ സ്ത്രീയുടെ കാര്യമെടുക്കാം. അവര്‍ക്കു റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. അതിനായി വണ്ടിപിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ വരണം, ക്യൂ നില്‍ക്കണം. വന്നാലും ടിക്കറ്റ് ലഭിക്കണമെന്നുമില്ല. ഒരുദിവസം നഷ്ടമാവുന്നു. ഒപ്പം നഗരത്തിരക്കുകളില്‍ അലയേണ്ടിവരികയും ചെയ്യും. ഓണ്‍ലൈന്‍ ടിക്കറ്റ് ലഭ്യമാക്കുന്ന സൗകര്യം ആ അമ്മക്ക് ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഇതൊഴിവാക്കാം. അതിനവര്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ അറിയുന്നയാളാവണമെന്നില്ല. അവര്‍ക്കു അക്ഷയ സെന്ററില്‍ പോകാമല്ലോ?

അതായത് നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപപ്പെടുത്തിയിരിക്കുന്നത് ഒരു ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത വ്യക്തിയെക്കൂടി ഉള്‍ക്കൊള്ളുവാന്‍ പാകത്തിനായാണ്. അതിനുള്ള ക്ലാസിക്കല്‍ ഉദാഹരണം അക്ഷയസെന്ററുകളുടെയും, സിറ്റിസണ്‍ സര്‍വീസ് സെന്ററുകളുടെയും (CSC ) പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തയാള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇത്തരം സാങ്കേതിക വിദ്യകളുടെ ഉപയോഗം അറിയാത്ത ഒരു ചേച്ചിക്കോ, ചേട്ടനോ ഇത്തരത്തില്‍ ബുക്കിംഗ് സംവിധാനങ്ങള്‍ ചെയ്തുനല്‍കാന്‍ നിങ്ങള്‍ക്ക് തന്നെ സാധിക്കില്ലേ. ചുരുക്കം പറഞ്ഞാല്‍ അവിടെ റെയില്‍വേയും അപ്രത്യക്ഷമാവുകയാണ്. പക്ഷേ ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്നു. മുന്‍പ് അങ്ങനെയായിരുന്നില്ല. റെയില്‍വേ ടിക്കറ്റ് നല്‍കുന്ന ഉദോഗസ്ഥനും അതിലൊരു പിടിവരുമായിരുന്നു. പലപ്പോഴും പലരുടെയും കാലുപിടിക്കുകപോലും വേണ്ടിവരുമായിരുന്നു ഒരു ടിക്കറ്റ് ലഭിക്കാനായി. മറ്റൊരുദാഹരണം പറഞ്ഞാല്‍ കുക്കിംഗ് ഗ്യാസ് ബുക്കിംഗ് എന്ന, വെറുമൊരു മിസ്‌കോളില്‍ തീരുന്ന കാര്യത്തിന് മുന്‍പ് നാം നേരിട്ട് പോകേണ്ടിവരുമായിരുന്നു. ഒപ്പം റെസിപ്റ്റ് അടച്ചു കാത്തിരിക്കുകകൂടി വേണമായിരുന്നു. അതായത് കാശ് ഡിജിറ്റലാകുന്നു, ഓഫീസുകള്‍ ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു, ഇ-ഗവേണന്‍സ് വരുന്നു. ക്ലാസ്‌റൂം ഖാന്‍ അക്കാദമിയിലേക്കും, ബൈജൂസ് ലേര്‍ണിംഗ് ആപ്പിലേക്കും മാറുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഞാനും നിങ്ങളും എന്തൊക്കെ കാര്യങ്ങളിലാണോ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്, അതിന്റെയെല്ലാം ഒരു ഡിജിറ്റല്‍ പകര്‍പ്പുകൂടി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഒരു ഡിജിറ്റല്‍ പാരലല്‍ വേള്‍ഡ്.

ഫിസിക്കല്‍ ലൈഫും ഡിജിറ്റല്‍ ലൈഫും
ലളിതമായി പറഞ്ഞാല്‍ മനുഷ്യനിന്ന് രണ്ടു ജീവിതമായി. ഫിസിക്കല്‍ ജീവിതവും, ഡിജിറ്റല്‍ ജീവിതവും. നമ്മള്‍ സംസാരിക്കുന്നു, ഞാന്‍ വില്ലേജ് ഓഫീസില്‍ പോകുന്നു- ഇതെല്ലാം ഫിസിക്കല്‍ ലൈഫിന്റെ ഭാഗമാണ്. ഞാന്‍ ഇവിടെയിരുന്ന് യൂബര്‍ ബുക്കുചെയ്യുന്നു, ഗൂഗിള്‍ പേ വഴി പണം നല്‍കുന്നു, നിങ്ങളുമായി ചാറ്റ് ചെയ്യുന്നു- അതെന്റെ ഡിജിറ്റല്‍ ലൈഫ് ആണ്. ഇനി ഈ ഡിജിറ്റല്‍ ലൈഫില്‍ ഉള്ള മറ്റൊരുകാര്യം നിങ്ങള്‍ നിങ്ങളെപ്പറ്റി വിവരിക്കേണ്ടി വരുന്നില്ല എന്നതാണ്. മറിച്ചു ഫിസിക്കല്‍ ലൈഫില്‍ നിങ്ങളതിന് നിര്‍ബന്ധിതമാകും. അതിനു ഗുണവുമുണ്ട്, ദോഷവുമുണ്ട്. എന്നാല്‍ ഒരു ചാറ്റില്‍ ഇരിക്കുന്ന വ്യക്തിയെ സംബന്ധിച്ചു നിറമോ വണമോ വര്‍ഗമോ ഒന്നും തന്നെ വിഷയമാകുന്നില്ല. അവിടെ ആശയങ്ങളാണ് കാര്യം. അതിനു മറ്റൊരു തലമാണ്. അതില്‍ ചൂഷണമോ, ചതിയോ ഇല്ലെന്നല്ല. സഫിഷ്യന്റ്‌ലി അഡാപ്റ്റഡ് ടെക്‌നോളജി ഒരു മാജിക് ആണ്. ഒരു ഇരുപതുകൊല്ലം മുന്‍പ് ഇതെല്ലാം സാധ്യമായിരുന്നോ എന്ന്കൂടി ആലോചിച്ചുനോക്കൂ. ഇപ്പോള്‍ ഗവണ്‍മെന്റല്ല ഗവെര്‍ണന്‍സ് ചെയ്യുന്നത്. സിസ്റ്റം തന്നെ ഗവെര്‍ണന്‍സ് രൂപപ്പെടുത്തിയിരിക്കുന്നു
ഈ മാറ്റങ്ങള്‍ കമ്പനികള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്ന് നോക്കാം. മാറ്റത്തിന് അനുസരിച്ച് മാറാന്‍, വേഗം കൂട്ടാന്‍ കമ്പനികള്‍ക്കിടയില്‍ കടുത്ത സമ്മര്‍ദം വരും. ഗൂഗിള്‍, ഫേസ്ബുക് പോലുള്ള കമ്പനിയുടെ ഇടപെടലുകളുണ്ടാവും. റെയില്‍വേ സ്റ്റേഷന്‍ പോലുള്ള ഇടങ്ങളില്‍ ഗൂഗിള്‍ നല്ല സ്പീഡുള്ള ബാന്‍ഡ്‌വിഡ്ത് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് നമ്മുടെ ടെലികോം ലൈനില്‍ കൂടിയല്ല ലഭിക്കുന്നത്. റെയില്‍വേ ലൈനുമായി ചേര്‍ന്നാണ്. കൂട്ടുകാര്‍ തമാശയായി പറയാറുണ്ട് ഓഫീസില്‍ ഡാറ്റ പ്രശ്‌നം ഉണ്ടെങ്കില്‍ റയില്‍വേസ്റ്റേഷനില്‍ പോയിരുന്നു പണി കഴിഞ്ഞു വരാം, ഒപ്പം ഒരു അരമണിക്കൂര്‍ ലാഭിക്കുക കൂടി ചെയ്യാമെന്ന്. അതായത് 5 ജി നേരിട്ട് ലഭിച്ചുതുടങ്ങിയില്ലെങ്കിലും അതിനു സമാനമായ പല സേവനങ്ങളും ലഭ്യമാക്കുന്നുണ്ട് പൗബ്ലിക് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമായി പലയിടങ്ങളിലും. ഒരു വൈദ്യതി ലൈന്‍ ലഭിക്കാന്‍ സ്ഥലത്തെ അധികാരികളുടെയോ ജനപ്രധിനിധികളുടെയോ പിറകില്‍ നടന്നിരുന്നതുപോലെ നടക്കാതെ തന്നെ ടെലികോം ലൈനുകള്‍ നമുക്കുലഭിച്ചു. അവിടെ വിപണിയാണ് നമുക്കായി പ്രഷര്‍ ചെലുത്തിയത് എന്നുമാത്രം.

ഭാഷയെ മായ്ക്കുന്ന ഡിജിറ്റല്‍ ഇടങ്ങള്‍
ഈ മാറ്റങ്ങള്‍ വളരെ സ്വാഭാവികമാണ്. ഡിജിറ്റലായേ കഴിയൂ. നിങ്ങള്‍ ഏതെങ്കിലുമൊരു നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമത്തില്‍ യാത്രപോകുകയാണ് എന്ന് കരുതുക. അവിടെ നിങ്ങള്‍ക്ക് രിസാലയോ, മാതൃഭൂമിയോ, മനോരമയോ ലഭിക്കുകയെന്നത് എത്രകണ്ട് സാധ്യമാണ്? കാരണം ഫിസിക്കല്‍ ലഭ്യതക്കു പരിമിതികളുണ്ട്. പെരുമ്പാവൂരില്‍മാത്രം അഞ്ചുലക്ഷത്തിലധികം അയല്‍സംസ്ഥാന തൊഴിലാളികളുണ്ട്. അവര്‍ക്കു അവരുടെ നാട്ടിലെ പത്രം വായിക്കണമെങ്കില്‍ എന്തുചെയ്യും? ഡിജിറ്റല്‍ മോഡിലേക്ക് അവര്‍ മാറേണ്ടിവരും. ടെക്സ്റ്റ് ടു റീഡ് സംവിധാനമുപയോഗിച്ചുകൊണ്ട് സാക്ഷരതയില്ലാത്തവര്‍ക്കും പത്രവായന സാധ്യമാകുന്നു. ഒരു കര്‍ഷകന് വിലവിവരപ്പട്ടികയില്‍ മുളകിന്റെയും, മല്ലിയുടെയും വില കൃത്യമായി മനസ്സിലാക്കി ഇടനിലക്കാരനോട് സംസാരിക്കാന്‍ സാധിക്കുന്നു.അവിടെ ഹിന്ദിയുടെയും, ഭോജ്പുരിയുടെയും അക്ഷരങ്ങള്‍ വായിക്കാന്‍ അറിയേണ്ട ആവശ്യകത ഇല്ലാതാവുന്നു. ഇന്ന് എല്ലാ ഇന്നോവേഷനുകളും നാം കരുതിയിരുന്ന പല സീമകളുടെയും അതിരുകള്‍ കൂടി താണ്ടിയാണ് പൊതുജനങ്ങളിലേക്ക് എത്തുന്നത്. അവിടെയാണ് 4ജി എന്നതില്‍നിന്നും 5ജിയിലേക്ക് എന്നതിന് പ്രാധാന്യമേറുന്നത്.

അറിവിന്റെ പരിധികളില്ലാത്ത, നഗര ഗ്രാമ ഭേദമില്ലാത്ത വ്യാപനം ഈ സാങ്കേതികവിദ്യയുടെ വിജയമാണ്, മേന്‍മയാണ്. ഗ്രാമത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും വലിയ ഇടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭ്യമാകുന്ന എല്ലാ അറിവുകളും നല്‍കുവാന്‍ സാധിക്കും. ഇവിടെ ജനാധിപത്യം നിലനില്‍ക്കുക എന്നത് എന്റെയും നിങ്ങളുടെയും ഈ സമൂഹത്തിന്റെയും ആവശ്യമാണ്. അധികാരികള്‍ക്ക് പത്രങ്ങളെ വിലക്കെടുക്കാം. മാധ്യമ പ്രവര്‍ത്തകരെ വിലക്കെടുക്കാം. പക്ഷെ നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയ വര്‍ത്തമാനങ്ങളെ വിലക്കെടുക്കാന്‍ സാധിക്കുമോ?

നമ്മുടെ കാഴ്ച നമ്മുടെ സ്വാതന്ത്ര്യമാണ്
കൊച്ചിയിലെ കാര്യം എടുക്കാം. ഇവിടെ എത്രയധികം ആളുകള്‍ യൂട്യൂബ് വീഡിയോകള്‍ വഴി പണം സമ്പാദിക്കുന്നുണ്ട്? യാത്രകളുടെയും പാചകത്തിന്റെയുമെല്ലാം യൂട്യൂബ് വീഡിയോകള്‍ വഴി ജീവിക്കുന്ന നിരവധി ചെറുപ്പക്കാരെ നമുക്കറിയാം. 4 ജി ഇല്ലായിരുന്നെങ്കിലോ? അപ്പോഴുമിവരെല്ലാം ഇതെല്ലാം ചെയ്യും. പക്ഷെ ഞാനോ നിങ്ങളോ അത് കണ്ടെന്നുവരില്ല. അപ്പോള്‍ ഈ ഇക്കോ സിസ്റ്റം തന്നെയാണ് ഈ റവന്യൂ സിസ്റ്റം ഉണ്ടാക്കിയതും. ഇതെല്ലാം ഒരുതരം കോര്‍പ്പറേറ്റ് സ്ട്രാറ്റജി അല്ലേ എന്നാണെങ്കില്‍ ഇതേ പ്ലാറ്റ്‌ഫോം തന്നെയല്ലേ സോഷ്യല്‍ ആക്ടിവിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. പിന്നെ നിങ്ങള്‍ യുട്യൂബില്‍ എന്തുകാണണമെന്ന് തീരുമാനിക്കുന്നത് നിങ്ങള്‍ മാത്രമാണ്. ശരിയാണ്, ഇന്റര്‍നെറ്റ് കാലഘട്ടത്തിനുമുമ്പ് നമുക്ക് പലതരം സിനിമാപ്രദര്‍ശനശാലകളുണ്ടായിരുന്നു. അവിടെയും പണം എന്നതൊരു വിഷയമായിരുന്നു. അതുകൊണ്ടുതന്നെ അരവിന്ദന്റെയോ, മറ്റോ സിനിമകള്‍ക്ക് തിയേറ്റര്‍ അപ്രാപ്യമായിരുന്നു. എന്നാല്‍ ഇപ്പോളോ ? നിങ്ങളെന്തുകാണണമെന്നു നിങ്ങളാണ് തീരുമാനിക്കുന്നത്. അല്ലാതെ ഇടനിലക്കാരനല്ല. അതിനാല്‍ തന്നെ എത്രയധികം പാരലല്‍ സിനിമാപരീക്ഷണങ്ങള്‍ ആണിവിടെ നടക്കുന്നത്. ഇന്റര്‍നെറ്റ് എന്ന സൗകര്യമില്ലായിരുന്നെങ്കില്‍ അതെല്ലാം എത്രയധികം സാധ്യമാകുമായിരുന്നു എന്നുകൂടിയുണ്ട്. എവിടെയും ഇന്‍ഫ്രാസ്ട്രക്ചറിസ്റ്റുകള്‍, മുതലെടുപ്പ് നടക്കുന്നുണ്ട്. എന്നിരുന്നാലും അത്തരം മുതലെടുപ്പുകള്‍ക്കപ്പുറത്തേക്കു നമുക്ക് പലതരം നേട്ടങ്ങള്‍കൂടി ലഭിക്കുന്നുമുണ്ട്.

ഡിജിറ്റല്‍ തുരുത്തുകള്‍
ഗുണങ്ങള്‍ ഏറെയുണ്ട് എന്നത് പോലെത്തന്നെ ഇതിനു മറുപുറവുമുണ്ട്. കുടുംബത്തെ ബാധിക്കുന്നുണ്ട് ഇന്റര്‍നെറ്റ്. അത് സോഷ്യല്‍ ലൈഫിനെ തകര്‍ക്കുന്നുണ്ട്.
പണ്ട് ക്ലാസില്‍ കൂട്ടുകൂടി വര്‍ത്തമാനം പറഞ്ഞിരുന്നവര്‍ ഇന്ന് വാട്‌സാപ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ആണ്. ഒരുപക്ഷേ തൊട്ടടുത്തിരിക്കുന്ന കുട്ടിയുടെ വീട്ടില്‍ കഞ്ഞി കുടിക്കാനുണ്ടോ എന്നവര്‍ അറിയുന്നുണ്ടാവില്ല. പക്ഷെ അവന്‍ സംസാരിക്കുന്നതു അമേരിക്കയില്‍ ഇരിക്കുന്ന മറ്റൊരു കുട്ടിയോട് പഠന വിഷയങ്ങള്‍ ആയിരിക്കും. നമ്മള്‍ അറിഞ്ഞോ അറിയാതെയോ പരസ്പരം കണക്ടഡ് ആണ്. പക്ഷെ നമുക്ക് വേണ്ടതിനോടും ഇഷ്ടമുള്ളതിനോടും മാത്രമാണെന്ന് മാത്രം. പണ്ടും ഇതുണ്ടായിരുന്നു. എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ ആകുലതകള്‍ എനിക്കറിയാമായിരിക്കും. പക്ഷേ ഞാന്‍ അതറിഞ്ഞാല്‍ അവരെ കൂടെ കൂട്ടണമെന്നില്ല. ക്ലാസ്‌റൂമുകളില്‍ ഇത്തരമെത്ര തുരുത്തുകള്‍ ഉണ്ടായിരുന്നു? പണമുള്ളവരുടെ, ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ, പഠിക്കുന്നവരുടെ, പഠിക്കാത്തവരുടെ അങ്ങനെ എത്രയെത്ര തുരുത്തുകള്‍. അതുപോലെ ഡിജിറ്റല്‍ തുരുത്തുകളുമുണ്ടാകുന്നുണ്ട്. കൊച്ചിയിലെ ചേരിപ്രദേശങ്ങള്‍ പോലെ. പണ്ടൊക്കെ പലയിടങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനുമായുമെല്ലാം എത്തുന്ന കൂട്ടരില്‍ പലരും അന്തര്‍മുഖരായിരുന്നു. പലരും ആത്മഹത്യചെയ്തിട്ടുപോലുമുണ്ട്. എന്നാല്‍ ഇന്നോ, ഫിസിക്കല്‍ കൈത്താങ്ങില്ലായിരിക്കും; പക്ഷെ ഒരു വിഷമ പോസ്റ്റോ മറ്റോ കാണുമ്പോള്‍, എന്താണെന്നു ചോദിക്കുന്ന ആളുകളുണ്ട്. കോമണ്‍ സുഹൃത്തുക്കളിലൂടെ അതിനെക്കുറിച്ചറിയാനാളുകള്‍ ശ്രമിക്കും. ഫിസിക്കലി ഐസൊലേറ്റഡ് ആണെങ്കിലും, വിര്‍ച്വല്‍ ലോകത്തവര്‍ ഏകാന്തരല്ല. ഇതുപോലെ എന്നേ മരണപ്പെട്ടുപോകേണ്ടിയിരുന്ന ഭാഷകള്‍, മൃതപ്രായരായ സംസ്‌കൃതം, ഉറുദു പോലുള്ള ക്ലാസിക് ഭാഷകള്‍ക്കുപോലും പുനജീവിതം കിട്ടുന്നു. ബ്ലോഗുകള്‍ വഴിയും വിക്കിപീഡിയ വഴിയുമെല്ലാം അവ പുനരുജ്ജീവിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ആത്മഹത്യക്കുമുന്നില്‍നിന്നും ഏകാന്തരായ മനുഷ്യരെ രക്ഷിച്ചപോലെ പലഭാഷകള്‍ക്കും കലകള്‍ക്കുമെല്ലാം നവജീവന്‍ നല്കി എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

ഓരോ പൗരനും ഓരോ കുട്ടിയും അവന്റെ മാത്രം ഫിസിക്കല്‍ കംഫോര്‍ട് സോണിലേക്ക് ഒതുങ്ങുകയാണെന്ന് പറയാം. പക്ഷെ ഒരു തുരുത്തുണ്ടാകുന്നു എന്നതോടൊപ്പം ഒരു തുറസ്സ് വെളിപ്പെടുന്നുമുണ്ട് ഇന്റര്‍നെറ്റില്‍. അതുപോലെത്തന്നെ ഇതൊരു പോസ്റ്റ് ട്രൂത് അഥവാ വാസ്തവാനന്തര കാലഘട്ടമാണ്. ഉദാഹരണമായി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പു നിങ്ങള്‍ക്കൊരു ഇന്‍ഫര്‍മേഷന്‍ ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്നു, അതു വിശ്വസിച്ചു നിങ്ങള്‍ വോട്ട് ചെയ്‌തെന്നു വിചാരിക്കുക. തിരഞ്ഞെടുപ്പിന് ശേഷമാണ് നിങ്ങളറിയുന്നത് അതൊരു കള്ളം അല്ലെങ്കില്‍ വ്യാജവാര്‍ത്തയായിരുന്നു എന്ന്. പല വലിയ കക്ഷികളും, അതായത് ഡിജിറ്റല്‍ മീഡിയയില്‍ അപ്പര്‍ഹാന്‍ഡ് ഉള്ളവര്‍ ഇതിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചെറിയപാര്‍ട്ടികള്‍ക്കു ഈ സുനാമിയില്‍ പിടിച്ചുനില്‍ക്കുക സാധ്യമല്ല. ഇത്തരത്തില്‍ ചെയ്താല്‍ പിടിക്കപ്പെടുകകൂടി ചെയ്യും.

സ്വകാര്യതയുടെ നഷ്ടങ്ങള്‍
ഇതിന്റെ വലിയൊരു വശമെന്താണെന്ന് വെച്ചാല്‍ നമുക്ക് ഒളിക്കാനൊരിടമില്ലാതെയായി. അതിന് ഇന്റര്‍നെറ്റ് തന്നെ ഉപയോഗിക്കേണ്ട. നിങ്ങള്‍ എ ടി എം ഉപയോഗിച്ചാല്‍ മതി. അതുപയോഗിക്കുന്ന നിമിഷം നിങ്ങള്‍ രാജ്യത്തെ ഡിജിറ്റല്‍ നെറ്റ്‌വര്‍കില്‍ റെക്കോര്‍ഡഡ് ആയി. പിന്നീട് സ്വതന്ത്രമായ ചില ചെറിയ കള്ളങ്ങള്‍ക്കുള്ള നിങ്ങളുടെ സാധ്യതപോലും അടയ്ക്കപ്പെടുകയാണ്. അതും പോട്ടെ, നിങ്ങള്‍ എ ടി എം ഉപയോഗിക്കുന്നില്ല. പബ്ലിക് നിരത്തിലൂടെ നടക്കുമ്പോള്‍ തന്നെ നിങ്ങള്‍ എത്രയെത്ര ക്യാമറയ്ക്കു നടുവിലാണ്. അതായത് ഇവിടെ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ പ്രൈവസി ആണ്. എനിക്കിതിനകത്തുനിന്നെല്ലാം പുറത്തുകടക്കാന്‍ സാധിക്കണം. മനുഷ്യങവകാശ സംബന്ധമായ ഒരുകാര്യം ഇനി പറയാം. ഒരു കുഞ്ഞു ജനിച്ചതുതൊട്ട് നാമിന്നു അവനു ഡിജിറ്റല്‍ ഇടം ഉണ്ടാക്കുകയാണ്. പതിനെട്ടുവയസ്സായാല്‍ അവന്‍ പറയുകയാണ്, എന്തിനാണ് നിങ്ങള്‍ ഇത്തരം ഡിജിറ്റല്‍ പാടുകള്‍ ഉണ്ടാക്കിയത്; എനിക്കതു ആവശ്യമില്ല എന്ന്. മതം തിരഞ്ഞെടുക്കുന്നതുപോലെയും വേണ്ടെന്നുവെക്കുന്നതുപോലെയും അതിനും ആ കുഞ്ഞിന് അവകാശമില്ലേ. ഒരു കുട്ടിജനിച്ചാല്‍ അതിനുമേല്‍ അവകാശം സ്റ്റേറ്റിനും കുഞ്ഞിനുമാണെന്നിരിക്കെ നമ്മള്‍ മാതാപിതാക്കള്‍ സന്തോഷത്തിന്റെ പേരില്‍ ഉണ്ടാക്കുന്ന ഡിജിറ്റല്‍ പാടുകള്‍ ആ കുഞ്ഞിനൊരു ബാധ്യതയാവില്ലേ? അതും ആലോചിക്കേണ്ട ഒന്നല്ലേ. എങ്ങനെ ആന്‍സര്‍ ചെയ്യണമെന്നു പറയാന്‍ സാധ്യമാവാത്ത വിധത്തിലുള്ള ചില ചോദ്യങ്ങളാണിതെല്ലാം. ഫിസിക്കല്‍ ക്യാമറ പോലെയല്ല. ട്രാന്‍സ്‌പെരന്‍സി അറ്റ് ദി കോസ്റ്റ് ഓഫ് പ്രൈവസി എന്നതാണ്. അതിലേക്കു സമൂഹം മാറണം.

പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നുണ്ട്. അല്ലെങ്കില്‍ നമുക്ക് മാറി നില്ക്കാന്‍ സാധിക്കാത്ത ചില കാര്യങ്ങള്‍. നമ്മള്‍ കോഫി കുടിക്കുന്ന ചിത്രം ഞാന്‍ ഇന്‍സ്റ്റാഗ്രാമിലിട്ടാല്‍ അത് ടാറ്റ കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു ഓപ്പര്‍ച്യുണിറ്റി ആണ്. ഞാന്‍ കോഫി ഇഷ്ടപ്പെടുന്ന ആളാണ്. പോയിരിക്കുന്നത് ടാറ്റായുടെ കോംപിറ്റീറ്ററുടെ ഷോപ്പില്‍ ആണ്. ആയതിനാല്‍ അവര്‍ക്കു സ്‌പോണ്‍സേര്‍ഡ് അഡ്വെര്‍ടൈസ്‌മെന്റുകള്‍ തരാം. അതുകൊണ്ടൊരു കടുംപിടുത്തമവിടെ സാധ്യമാകില്ല. ചിലതു നേടുമ്പോള്‍ ചിലതു നഷ്ടപ്പെടുത്തേണ്ടിവരുമെന്ന് സാരം. എന്നാല്‍ അവിടെ വാര്‍ത്തകള്‍ പ്രശ്‌നമാണ്. റൈറ്റ് ടു പ്രൈവസി ബില്‍ പാര്‍ലിമെന്റില്‍ വരാന്‍ പോകുകയാണ് എന്ന് തോന്നുന്നു. ഇനി പ്രൈവസി ആരില്‍നിന്നെല്ലാം വേണം എന്നുള്ളതാണ്. പ്രൈവറ്റ് കമ്പനികളില്‍നിന്നും മാത്രം മതിയോ? അപ്പോള്‍ ഗവണ്‍മെന്റോ? ഒരു പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ ആദ്യം ചോദിക്കുക മൊബൈല്‍ ആണ്. നിയമം അതിനുള്ള അനുമതി കൊടുക്കുന്നില്ല. എന്നിട്ടും നിയമമറിയാത്തവന്‍ ചൂഷണം ചെയ്യപ്പെടുന്നു. ഒപ്പം നിയമം അറിയുന്നവന്‍ അതിനെ ദുരുപയോഗം ചെയ്യുകകൂടിയാണ്. ഇനി കള്ള സിമ്മുകളിലൂടെ എത്ര കള്ള വാര്‍ത്തകളാണ് പടച്ചുവിടുന്നത്. ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ എന്തെല്ലാം കള്ളമാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്? ചൈല്‍ഡ് അഭ്യൂസ് പോലെയുള്ള കാര്യങ്ങള്‍ക്കാണിതെല്ലാം ഇന്ന് ഉപയോഗിക്കപ്പെടുന്നത്. അതുകൂടി അഡ്രസ് ചെയ്യപ്പെടണം, ഇതോടൊപ്പം. ഫിസിക്കല്‍ വേള്‍ഡില്‍ അത്രകണ്ട് സാധ്യമല്ലാത്തത് പലതും ഇന്ന് വിര്‍ച്വല്‍ വേള്‍ഡ് ഉപയോഗിച്ച് ഈസി ആയി നടത്തുന്നു.

ഇന്റര്‍നെറ്റ് നമ്മെ വിഴുങ്ങുമോ?
ഫ്രാങ്കിസ്റ്റിന്‍ സ്‌റ്റൈല്‍ പോലെ മാറുമോ ഇന്റര്‍നെറ്റ് എന്നതാണ് പലര്‍ക്കും പേടിയുള്ള മറ്റൊരു കാര്യം . കവി ഷെല്ലിയുടെ ഭാര്യയും കഥാകാരിയുമായ മേരി ഷെല്ലിയെഴുതിയ കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന പോലെ നമ്മുടെ നിര്‍മിതി നമ്മളെ തന്നെ ഒരു ഭൂതമായി വന്നു വിഴുങ്ങുക. ഇന്റര്‍നെറ്റ് അതുപോലെയാകുമോ? ഒരു ഭൂതമാവില്ല, പക്ഷെ ഒരടി തരാനെങ്കിലും സാധിക്കുമായിരിക്കും. ഭാവിയില്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലൊരു യുദ്ധമുണ്ടായാല്‍ ചിലപ്പോള്‍ ആദ്യം അവര്‍ അറ്റാക് ചെയ്യുക ഡിജിറ്റല്‍ സിസ്റ്റത്തെ ആയിരിക്കും. പ്രധാനപ്പെട്ട പല സിസ്റ്റങ്ങളെയും അതുവഴി താറുമാറാക്കാന്‍ സാധിക്കും എന്നതുതന്നെയാണ്. അതായിരിക്കും ഭീകരമായ അടി. ഇവിടെ എന്തുവേണം? നമുക്ക് ‘ഫിസിക്കല്‍’ ആവാന്‍ സാധിക്കണം. നമുക്ക് ക്ലാസ്‌റൂം എഡ്യൂക്കേഷന്‍ നല്ലതാക്കാന്‍ ക്യാമറയും ഇത്തരം സംവിധാനങ്ങളും കൊണ്ട് സാധിക്കും. ഒപ്പം ഒരു കുട്ടിയുടെ വസ്ത്രമൊന്നു മാറിക്കിടന്നാല്‍ അതും അവിടെ പ്രശ്‌നമാണ്. മാറ്റങ്ങളോടുകൂടിയാണ് പുതിയ ടെക്‌നോളജി വരുന്നത്. നിയമങ്ങള്‍ അനുസരിക്കാതിരിക്കാന്‍ ആര്‍ക്കും തരമില്ല. ഒപ്പം ഗവേഷണങ്ങള്‍ അനവധി നടക്കുന്നു. അതിലും ഗവണ്‍മെന്റ് ഇടപെടലുകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അതെല്ലാം തന്നെ അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. നമുക്ക് നല്ല മൂല്യങ്ങള്‍ നല്‍കാം. ടെക്‌നോളജിക്ക് മോശം വശങ്ങളുണ്ടാവും. എന്നാല്‍ അതിലുമധികം നല്ല വശങ്ങളുമുണ്ട്.അതിനെക്കൂടി നമുക്ക് ശ്രദ്ധിക്കാം, അതിലൂന്നി മുന്നോട്ടുപോകാം.

(ബാങ്കിംഗ്, ടെക്‌നോളജി വിദഗ്ധനാണ്
വി കെ ആദര്‍ശ്. ജയിന്‍ ഡീംഡ്
ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിന്‍ ക്യാമ്പസില്‍
അസി. പ്രൊഫസറാണ് ജയശ്രീ കുനിയത്ത്)

You must be logged in to post a comment Login