അതിനാല്‍ രാഹുലിനെ യാത്രയാക്കുക

അതിനാല്‍ രാഹുലിനെ യാത്രയാക്കുക

പതിനൊന്നുമാസം ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. 1969 ജൂലൈ 17 മുതല്‍ 1970 ജൂണ്‍ 27 വരെ. ഇപ്പോഴും അജ്ഞാതമായ കാരണത്താല്‍ സോഷ്യലിസ്റ്റ് വീക്ഷണം പുറമേ പ്രകടിപ്പിച്ചിരുന്നു അന്നത്തെ ഇന്ദിര. ബാങ്ക് ദേശസാല്‍കരണം അത്തരമൊരു മുഖമായിരുന്നു. പില്‍ക്കാല ഇന്ത്യയെ ആഞ്ഞുദംശിച്ച രാഷ്ട്രീയ ഫാഷിസ്റ്റിന്റെ വിഷപ്പല്ലുകള്‍ അക്കാലം ഒളിഞ്ഞിരിപ്പായിരുന്നു. പാരമ്പര്യം മൂലധനമാക്കി പാര്‍ട്ടി പിടിക്കാനും കുടുംബാധിപത്യമുറപ്പിക്കാനുമാണ് ഇന്ദിര സോഷ്യലിസ്റ്റിന്റെ വേഷം കെട്ടുന്നതെന്ന് കോണ്‍ഗ്രസിലെ അന്നത്തെ ദേശീയ നേതാക്കള്‍ക്ക് തീര്‍ച്ചയായിരുന്നു. ഇന്ത്യയിലെമ്പാടും ആഴത്തില്‍ വേരുകളുണ്ടായിരുന്നു ആ ദേശീയനേതാക്കള്‍ക്ക്. അതിലൊരാളെ നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മൊറാര്‍ജി ദേശായി!

നെഹ്‌റു കുടുംബത്തോട് ഒരു വിധേയത്വവുമില്ലാത്ത ഒന്നാംതരം കോണ്‍ഗ്രസുകാരാല്‍ സമ്പന്നമായിരുന്നു അക്കാലത്തെ കോണ്‍ഗ്രസ്. നെഹ്‌റുവിന്റെ മകളായിരുന്ന കാലം മുതല്‍ ഇന്ദിരക്ക് അധികാരമിഷ്ടമായിരുന്നു എന്ന് അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകള്‍ തെളിവ് തന്നിട്ടുമുണ്ട്. അപ്രമാദിയായി തഴച്ചുവളരാന്‍ ഇന്ദിര കോണ്‍ഗ്രസിനോട് ഇടയാന്‍ തുടങ്ങി. അതിന്റെ ആദ്യ ഇരയെ മറക്കരുത്; നീലം സഞ്ജീവ റെഡ്ഡി. അന്ന് കോണ്‍ഗ്രസെന്നാല്‍ നെഹ്‌റു കുടുംബമല്ല. ഇന്ത്യയില്‍ എല്ലായിടത്തും വേരോടിപ്പടര്‍ന്ന് ഉഗ്രമായി പന്തലിച്ച വടവൃക്ഷമാണ്. അതിന്റെ ആന്ധ്രയിലെ അനിഷേധ്യനായിരുന്നു സഞ്ജീവ റെഡ്ഡി. ദേശീയ സിണ്ടിക്കേറ്റിലെ ്രപബലന്‍. സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള നിജലിംഗപ്പയാണ് പാര്‍ട്ടി പ്രസിഡണ്ട്. ഇന്ദിര ഇടഞ്ഞു. പ്രിയങ്കരനായ വി.വി ഗിരിയെ പിന്തുണച്ചു. ഗിരിയെ നമുക്ക് അറിയാം. കേരളത്തില്‍ ഗവര്‍ണറായിരുന്നു. വിമോചനസമരം കഴിഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട കാലത്തിന് ശേഷമുള്ള രാഷ്ട്രീയഅനിശ്ചിതകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്നു. ആ പിരിച്ചുവിടലില്‍ ഇന്ദിരാഗാന്ധി വഹിച്ച പങ്ക് നിങ്ങള്‍ക്ക് അറിയാമല്ലോ? വി.വി ഗിരിയുടെ ചെറുമകനെയും നമ്മള്‍ അറിയും – പി. സായ്‌നാഥ്.
സഞ്ജീവറെഡ്ഡി തോറ്റു. ഗിരി രാഷ്ട്രപതിയായി. ഇന്ദിരയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. അതേ, നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാഗാന്ധിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍്രഗസില്‍ നിന്ന് പ്രസിഡണ്ട് നിജലിംഗപ്പ പുറത്താക്കി! ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തില്‍ ആദ്യമായി ദേശീയപ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെയും ആലഭാരങ്ങളും ആടയാഭരണങ്ങളും വെടിഞ്ഞ് അധികാരപ്പെരുവഴിയില്‍ നഗ്‌നരായി. കോണ്‍ഗ്രസ് അതിന്റെ വരാനിരിക്കുന്ന കൊടുംതകര്‍ച്ചകളടെ പ്രവചനപുസ്തകം എഴുതിത്തുടങ്ങി. ആദ്യവരിയും കയ്യൊപ്പും സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയുടേത്. കഴിഞ്ഞില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന് അതുവരെ പരിചിതമല്ലാത്ത സര്‍വനാടകങ്ങളും അരങ്ങേറി അക്കാലത്ത്. സകല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തമ്മിലടിച്ചു. ഇന്ദിര തമിഴ്‌നാട്ടിലെ ഡി.എം.കെയുടെ സഹായത്താല്‍ അധികാരം നിലനിര്‍ത്തി.
മൊറാര്‍ജി ദേശായി ആയിരുന്നല്ലോ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും. ഒരു ചര്‍ച്ചയുമില്ലാതെ മൊറാര്‍ജി പുറത്തായി. അഭിമാനിയായ ആ ദേശീയ നേതാവ് ഇറങ്ങിപ്പോവുകയായിരുന്നു. ഫലം കോണ്‍ഗ്രസിന് രാജ്യത്താദ്യമായി ഒരു ഉഗ്രപ്രതാപിയായ എതിരാളി പിറന്നു; മൊറാര്‍ജി ദേശായി. 69 മുതല്‍ 75 വരെ ഇന്ദിരാഗാന്ധി അധികാരമുറപ്പിക്കാന്‍ നടത്തിയ വഴിവിട്ട കളിയില്‍ നിന്നാണ് കോണ്‍ഗ്രസ് അതിന്റെ വിലാപയാത്ര തുടങ്ങുന്നത്. അത് വഴിയേ പറയാം.
ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് നിര്‍മലാ സീതാരാമന്‍; ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രി, നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ സാമ്പത്തിക പ്രകടനപത്രിക ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വേഷഭൂഷകളില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിച്ചു അവര്‍. കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ നെടുകെപ്പിളര്‍ത്തിയ ഇന്ദിരാഗാന്ധിയെ സില്‍ബന്ധികളായി കൂപ്പുകുത്തിയ പുതിയ ഇനം കോണ്‍ഗ്രസുകാര്‍ ഇന്ത്യയിലാകമാനം അവതരിപ്പിച്ചത് ഹിന്ദുദേവതാസങ്കല്‍പങ്ങളുടെ രൂപകങ്ങളെ ആവോളം കലര്‍ത്തിയായിരുന്നു. ദുര്‍ഗാരൂപമായി ബംഗാളിലും ഉത്തരേന്ത്യയിലും ഇന്ദിരാഗാന്ധിക്ക് പ്രതിഛായാനിര്‍മാണം നടന്നു. സമാനമായ ബിംബനിര്‍മിതിക്കാണ് നിര്‍മലാ സീതാരാമനിലൂടെ സംഘപരിവാറും ലക്ഷ്യമിടുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ കെ.കെ ഭട്ടാചാര്യ ഇന്ദിരാഗാന്ധിയുടെയും നിര്‍മലാ സീതാരാമന്റെയും ബജറ്റ് പ്രഭാഷണത്തിലെ കൃത്യമായ ചില സമാനതകളെ അക്കമിടുന്നുണ്ട്. അറിഞ്ഞും അറിയാതെയും മാധ്യമങ്ങള്‍ നിര്‍മലാ സീതാരാമന്‍ സമം ഉഗ്രരൂപിണിയായ ഹിന്ദുദേവത എന്ന രൂപകത്തെ സൃഷ്ടിക്കാന്‍ മത്സരിക്കുന്നുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രം എടുക്കുക. ബജറ്റിന് പിറ്റേന്നത്തെ മാധ്യമം കറുത്ത് മെല്ലിച്ച ഒരു മനുഷ്യന്റെ മുതുകില്‍ കയറി ദുര്‍ഗാനൃത്തമാടുന്ന അതിചൈതന്യവതിയായ നിര്‍മലാ സീതാരാമന്റെ കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ചത് കാണുക. ദരിദ്രന്റെ മുതുകില്‍ ധനമന്ത്രിയുടെ നൃത്തമെന്നാണ് ആ കാരിക്കേച്ചറിന്റെ ഒറ്റനോട്ട വായന. നിങ്ങള്‍ ശ്രദ്ധിച്ചുവോ, അത് ഒറ്റനോട്ട വായന മാത്രമാണ്. രണ്ടാം നോട്ടത്തില്‍ നിങ്ങളില്‍ രജിസ്റ്റര്‍ ആവുക നൃത്തരൂപിണിയായ ഹിന്ദുദേവതയാണ്. നിര്‍മലാ സീതാരാമനെ എന്തായി, ആരായി രജിസ്റ്റര്‍ ചെയ്യാനാണോ സംഘപരിവാര്‍ ആഗ്രഹിക്കുന്നത്. ആഗ്രഹത്തിന് ഉറപ്പുള്ള പാലമിടുകയാണ് മുസ്‌ലിം ന്യൂനപക്ഷ വായനക്കാര്‍ ഭൂരിപക്ഷമായ മാധ്യമം പോലും. കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനമിരിക്കുന്ന നരേന്ദ്രമോഡിയുടെ ബിംബം ഏറെ ട്രോള്‍ ചെയ്യപ്പെട്ടത് ഓര്‍ക്കുക. ട്രോളുകള്‍ മാഞ്ഞുപോവുകയും ധ്യാനസ്ഥനായ മോഡി അവശേഷിക്കുകയും ചെയ്തു. ഇത് ബിംബസൃഷ്ടി സംബന്ധിച്ച മാര്‍ക്കറ്റിംഗ് പാഠമാണ്. നിലം പറ്റി കുനിഞ്ഞിരിക്കുന്ന കറുത്ത് മെല്ലിച്ച രൂപം മാഞ്ഞുപോവുകയും പട്ട് ചുറ്റി നൃത്തമാടുന്ന നിര്‍മലാ സീതാരാമന്‍ അവശേഷിക്കുകയും ചെയ്യും. എഴുപതുകളില്‍ ഇതേതന്ത്രം, വിമര്‍ശകരുടെ ആയുധങ്ങളെ സ്വന്തം ആവനാഴിയിലേക്ക് വലിച്ചിടുന്ന ബിംബയുദ്ധത്തിലെ വിജയകരമായ തന്ത്രം, ഇന്ദിരാഗാന്ധിയും പയറ്റിയിരുന്നു. ഈ കെണിയില്‍ വീഴാത്ത പത്രാധിപന്‍മാര്‍ കാരിക്കേച്ചറില്‍ കാണിച്ച ജാഗ്രതകൂടി അറിയണമെങ്കില്‍ ജൂലൈ ആറിലെ ദ ഹിന്ദു കാണുക. ധനമന്ത്രിയെ ധനമെക്കാനിക്കായി ചിത്രീകരിച്ച് ദീപക് ഹരിച്ചന്ദ്രന്‍ സൃഷ്ടിച്ച ആ കാരിക്കേച്ചറില്‍ നിന്ന് വസ്തുതകളല്ലാതെ നിര്‍മലാ സീതാരാമന്‍ കൂടെപ്പോരില്ല. സംഘപരിവാറിന്റെ കളികളില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്ന വിരലിലെണ്ണാവുന്ന; അതും ഒറ്റക്കൈയ്യിലെ വിരലുകളില്‍ എണ്ണാവുന്ന പത്രമാണ് ദ ഹിന്ദു എന്നും കൂട്ടി വായിക്കുക.
സ്വന്തം നിലയില്‍ സൃഷ്ടിച്ച കോണ്‍ഗ്രസിനെ എക്കാലത്തെയും അധികാര ശക്തിയാക്കി നിര്‍ത്താന്‍ ഇന്ദിരാഗാന്ധി കാണിച്ച സൂക്ഷ്മമായ തന്ത്രങ്ങള്‍ ഇന്ദിരയുടെ ബജറ്റ് പ്രസംഗത്തില്‍ ഉടനീളമുണ്ടായിരുന്നു. സുസ്ഥിര വികസനം, സാമൂഹ്യ സുരക്ഷ തുടങ്ങി ദരിദ്രന്റെ ക്ഷേമം ലക്ഷ്യംവെക്കുന്ന വാക്കുകള്‍. അതിനുള്ള പണമെവിടെ എന്ന ചോദ്യം ഉയരാതിരിക്കാനുള്ള ഗിമ്മിക്കുകളും. അതേപാതയിലായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രഭാഷണവും കണക്കുകളും. നമ്മളൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധം വാഗ്ദാനങ്ങളും വാഗ്‌ധോരണികളും. പ്രഭാഷണത്തിന്റെ ഒരു മണിക്കൂര്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു എന്ന് ജെ.എന്‍.യുവിലെ പ്രൊഫസര്‍ സി.പി ചന്ദ്രശേഖര്‍. മുന്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നായി വിവരിക്കുകയായിരുന്നു ധനമന്ത്രി. ഒപ്പം ഇനി നടത്താനിരിക്കുന്ന ക്ഷേമങ്ങളും. പക്ഷേ, ഒരു കേന്ദ്രബജറ്റിന്റെ കേന്ദ്രാശയത്തിലേക്ക് നിര്‍മലാ സീതാരാമന്‍ ഒരിക്കലും വന്നില്ല. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ വളര്‍ച്ച സംബന്ധിച്ച കണക്കുകളോട് നീതികാട്ടിയില്ല. ലക്ഷ്യമിടുന്ന സാമ്പത്തിക വളര്‍ച്ചക്ക് നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല എന്ന സത്യം ധനമന്ത്രി മറച്ചുവെച്ചു. ലോട്ടറി അടിക്കുമെന്ന് കരുതി കടംവാങ്ങിക്കൂട്ടുന്ന നാട്ടിന്‍ പുറത്തുകാരന്റെ ലളിതന്യായങ്ങളല്ല ഇന്ത്യ പോലൊരു രാജ്യത്തിന്റെ ധനമന്ത്രിയെ ഭരിക്കേണ്ടത്. പക്ഷേ, മൗലികമായ ഒരു വിമര്‍ശനവും ഉയരാതെ ബജറ്റ് സ്വീകരിക്കപ്പെട്ടു. ബജറ്റിനപ്പുറത്തേക്ക് വളര്‍ത്തിയെടുത്ത നിര്‍മലാ സീതാരാമന്‍ എന്ന ബിംബത്തിന്റെ ശക്തിയായിരുന്നു അത്. എഴുപതുകളില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഇന്ദിരാഗാന്ധി സര്‍വ വിധ്വംസകതകളെയും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തിയ പ്രതിച്ഛായയുടെ മതാത്മക ആവിഷ്‌കാരമായി മാറി നിര്‍മലാ സീതാരാമന്‍.

വരാനിരിക്കുന്ന ദീര്‍ഘഭരണത്തിന്റെ പ്രകടനപത്രിക ലോക്‌സഭയില്‍ അരങ്ങേറുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് എന്തെടുക്കുകയായിരുന്നു? വന്‍തിരകളോട് തോറ്റുതകര്‍ന്ന കപ്പലിനെ അനുസ്മരിപ്പിച്ചു അത്. പാരമ്പര്യം മാത്രം മേനിയായുള്ള ഒരു പഴയ കപ്പലിനെ. അതിന്റെ അവസാന പ്രതീക്ഷയായിരുന്ന നായകന്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ വരികള്‍ എഴുതിവെച്ച് ഇറങ്ങിപ്പോയിരിക്കുന്നു. ഒറ്റക്കായിപ്പോയി എന്ന വിലാപമായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തിന്റെ കേന്ദ്രഭാവം. സത്യമായിരുന്നു. കോണ്‍ഗ്രസിന് ഉള്ളടക്കം നഷ്ടമായിരുന്നു. ആ പതനത്തിന് പക്ഷേ, ഒറ്റ കോണ്‍ഗ്രസുകാരും ഒറ്റയ്ക്ക് ഉത്തരവാദികളല്ല എന്നതാണ് വസ്തുത. കാരണം; ദേശീയപ്രസ്ഥാനത്തിന്റെയും മൂല്യാധിഷ്ഠിത ജനകീയതയുടെയും വേരുകളെ പൂര്‍ണമായും അറുത്തുമുറിച്ചാണ് ആ നായകന്റെ മുത്തശ്ശി ഈ കോണ്‍ഗ്രസിനെ പടച്ചുണ്ടാക്കിയത്. നിലനില്‍പിനായുള്ള കളികളാണ്; അത് മാത്രമാണ് രാഷ്ട്രീയമെന്ന തെറ്റായ പാഠം പഠിപ്പിച്ചാണ് എഴുപതുകളില്‍ ഇന്ദിരാഗാന്ധിയും അവരുടെ സിണ്ടിക്കേറ്റും ഇന്ന് കാണുന്ന കോണ്‍ഗ്രസിനെ സൃഷ്ടിച്ചത്.

ഉള്ളടക്കം; അത് എന്തുമാവട്ടെ, എത്ര വിധ്വംസകമാകട്ടെ, ഉണ്ടാവുക എന്നതാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അതിജീവിക്കാനുള്ള ഏക വഴി. എന്തായിരുന്നു കഴിഞ്ഞ നാല് പതിറ്റാണ്ടില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം? അത് അധികാരം ആര്‍ജിക്കാനുള്ള കുറുക്കുവഴിയായി മാത്രം സംഘടനാ പ്രവര്‍ത്തനത്തെ കണ്ടു. തിരഞ്ഞെടുപ്പാവുമ്പോള്‍ ഒത്തുകൂടുന്ന ആള്‍ക്കൂട്ടമെന്ന നാണംകെട്ട രാഷ്ട്രീയ പദവിയെ ആഭരണമായി അവര്‍ ആഘോഷിച്ചു. രാജ്യത്തൊരിടത്തും നാല് പതിറ്റാണ്ടിനിടെ ആര്‍ജവമുള്ള പ്രതിപക്ഷമായി അവര്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഫലം സംഘടന എന്നത് ഒരുകൂട്ടം നേതാക്കള്‍ മാത്രമായി. ആ നേതാക്കള്‍ അധികാരമേറുമ്പോള്‍ എറിഞ്ഞുകിട്ടുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്കായി മല്‍സരിക്കുന്നവരെ കോണ്‍ഗ്രസ് അണികളായി മനസിലാക്കി. അധികാരമില്ലാതെ ആ അണികളെ നിലനിര്‍ത്താനാവില്ല. മൂല്യം, വീണ്ടും പറയുന്നു അത് എന്തുമാകട്ടെ, എന്ന ഒന്നിനെ സംഘടനാശരീരത്തില്‍ കാണാതായി. അതും അത്രമേല്‍ സ്വാഭാവികമാണ്. കാരണം ആ മൂല്യാധിഷ്ഠിതത്വത്തിന്റെ അടിവേരാണല്ലോ നെഹ്‌റുവിന്റെ മകള്‍ പിഴുതത്. എല്ലാം ഇന്ദിരാ കുടുംബത്തിലേക്ക് കേന്ദ്രീകരിച്ചു. സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ അമര്‍ന്ന കാലം മറക്കരുത്. അസ്വസ്ഥമായിരുന്നു അക്കാലത്തെ നമ്പര്‍ ടെന്‍ ജനപഥ്. അസ്വസ്ഥ ആയിരുന്നു സോണിയാഗാന്ധി. രാഹുല്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ തീരുമാനിച്ച കാലവും നിങ്ങള്‍ മറക്കരുത്. കഴിഞ്ഞ യു.പി.എ കാലത്ത് രാഹുലിന്റെ സഭാപ്രവവേശം കഴിഞ്ഞിരുന്നു. എന്തുകൊണ്ടാണ് പണ്ട് നെഹ്‌റു ഇന്ദിരയെ കാബിനറ്റില്‍ ഉള്‍പ്പെടുത്തി ഭരണപരിചയം ആര്‍ജിപ്പിച്ചതുപോലെ രാഹുല്‍ ഗാന്ധിയെ യു.പി.എ കാലത്ത് ഒരു മന്ത്രിപദം നല്‍കി രാഷ്ട്രീയം പഠിപ്പിക്കാന്‍ സോണിയാഗാന്ധി മുന്‍കൈ എടുക്കാതിരുന്നത്? രാമചന്ദ്രഗുഹ ചൂണ്ടിക്കാണിച്ചതുപോലെ രാഹുലിന് താല്‍പര്യമുണ്ടായിരുന്ന ഗ്രാമീണ വികസനമെങ്കിലും? ഉത്തരം ലളിതമാണ്. പ്രധാനമന്ത്രിപദമൊഴികെ മറ്റൊന്നും സ്വീകാര്യമല്ലാത്ത വിധം ആ കുടുംബത്തിന്റെ മനോനില മാറിയിരുന്നു. അനേകം തലമുറകളിലേക്ക് ഒരേ ആര്‍ജവത്തോടെ ഒഴുകാന്‍ മാത്രം കരുത്തൊന്നും ഇന്ദിരയുടെ പിന്‍മുറക്കില്ല എന്ന് കോണ്‍ഗ്രസും ഓര്‍ത്തില്ല.

ഇന്ത്യന്‍ രാഷ്്രടീയത്തിന്റെ അടിസ്ഥാന ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെപോയ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു രാഹുല്‍ ഗാന്ധി. തന്റെ കുടുംബം കാര്‍മികത്വം വഹിച്ച ഹിന്ദുവല്‍കരണം കോണ്‍ഗ്രസിനെ മുച്ചൂടും മൂടിയത് അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഗോപാലകൃഷ്ണ ഗാന്ധി, ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാ മെയറെ ഓര്‍മിപ്പിച്ച് എഴുതുന്നു: ”Oh don’t be so humblehumble; you are not that great!” അത്ര വിനയമൊന്നും വേണ്ട; കാരണം അത്ര മഹത്വമൊന്നും നിങ്ങള്‍ക്കില്ല’.
നിശ്ചയമായും ചില മഹത്വങ്ങള്‍, ചില കരുതലുകള്‍ രാഹുല്‍ ഗാന്ധിക്കുണ്ട്. കഴിഞ്ഞ മോഡി സര്‍ക്കാരിനെതിരില്‍ അയാള്‍ ഒറ്റയ്ക്ക് നയിച്ച യുദ്ധങ്ങള്‍ ഓര്‍ക്കുക. ഇതേ പംക്തിയില്‍ ആ പോരാട്ടത്തെ നാം പ്രതീക്ഷയെന്ന് വിളിച്ച് അഭിവാദ്യം ചെയ്തു. പക്ഷേ, ഒറ്റക്കായിരുന്നു ആ യുദ്ധങ്ങള്‍. രാജ്യത്തെ ഒരു ഡി.സി.സി പോലും രാഹുല്‍ ഉയര്‍ത്തിയ ചോദ്യങ്ങളെ ഏറ്റെടുത്തില്ല. കാരണം ഡി.സി.സികള്‍ ഉണ്ടായിരുന്നില്ല. മറുവശത്തോ? എണ്ണയിട്ട യന്ത്രം പോലെ ബി.ജെ.പി സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചു; ഫലമുണ്ടായി.

ഈ കാലവും കടന്നുപോകും. പരമാധികാരം അതിനുള്ളില്‍ നാശത്തിന്റെ വിത്തുകള്‍ പേറുന്നുണ്ട്. ആ വിത്തുകള്‍ സര്‍വനാശമായി മുളപൊട്ടാതെ വയ്യ. പ്രതിപക്ഷം എന്നത് ഒരു സാധ്യതയായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറായാല്‍ സംഘപരിവാരത്തിന്റെ പതനത്തിന് ആക്കം കൂട്ടാം. നായകരെ കാത്തിരിക്കാതെ ഗ്രാമങ്ങളിലേക്ക് പോവുകയാണ് ഒരേയൊരു വഴി. ഗ്രാമങ്ങളില്‍ ചെന്നാല്‍ അമ്പരപ്പിക്കുന്ന ആ സത്യം വാതില്‍ തുറക്കും; നെഹ്‌റു കുടുംബത്തിന് അവിടെങ്ങും വേരുകളോ ഓര്‍മകള്‍ പോലുമോ ഇല്ലെന്ന്. എവിടെയെങ്കിലും ബാക്കിയുള്ള ഓര്‍മകളെ സംഘപരിവാര്‍ സ്വന്തമാക്കിയെന്ന്.

കെ കെ ജോഷി

You must be logged in to post a comment Login