മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ടേരണ്ടു വഴികള്‍ മാത്രം!

പത്ര പ്രിന്റുകള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനം നേരത്തെ തന്നെ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇന്ത്യയില്‍ കുത്തക മുതലാളിത്തത്തിന്റെ ഉടമസ്ഥതയിലുള്ള അച്ചടിമാധ്യമങ്ങള്‍ പോലും നിര്‍ത്തലാക്കേണ്ടിവന്നിട്ടുണ്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പത്രരൂപം അടച്ചുപൂട്ടിയത് ഈയിടെയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പത്രം നിര്‍ത്തലാക്കിയെങ്കില്‍ ഇന്ത്യയിലെ മറ്റു പത്രസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കം സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ്. ഹിന്ദു, ടെലഗ്രാഫ്, ടൈംസ് നൗ എന്നീ രാജ്യത്തെ പ്രധാന മാധ്യമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യവിതരണം നിഷേധിച്ചതിന് ശേഷമാണ് പുതിയ നീക്കം. അച്ചടി കടലാസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി രാജ്യത്തെ ആഭ്യന്തരമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് നിര്‍മല സീതാരാമന്റെ വാദം. എന്നാല്‍ രാജ്യത്തെ മിക്ക പത്രങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള അച്ചടി കടലാസുകളിലേക്കും സാങ്കേതികവിദ്യയിലേക്കും മാറിയിരിക്കുന്നു. മാത്രമല്ല അച്ചടി കടലാസുകളുടെ ആഭ്യന്തര ഉല്‍പാദനം 15 മുതല്‍ 20 ശതമാനം വരെ മാത്രമേയുള്ളൂ. പത്രങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അച്ചടിക്കടലാസുകളെ ആശ്രയിക്കുകയാണെങ്കില്‍ തന്നെ അത് ഗുണമേന്മയില്‍ ഗണ്യമായ കുറവുകള്‍ വരുത്തിയേക്കാം. ഇപ്പോള്‍ പത്ത് ശതമാനം നികുതി ചുമത്തിയത് മാധ്യമങ്ങളില്‍ സമ്മര്‍ദം സൃഷ്ടിക്കാനാണ്. 2014ല്‍ അധികാരമേറ്റതിനു ശേഷം രാജ്യവ്യാപകമായി മോഡിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രധാനമായത് മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു എന്നതാണ്. രണ്ടാംഘട്ടത്തില്‍ മൃഗീയഭൂരിപക്ഷം നേടിയ മോഡി സര്‍ക്കാര്‍ പത്രങ്ങളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ധനമന്ത്രിയായി അധികാരമേറ്റതിനു ശേഷം നിര്‍മല സീതാരാമന്‍ മാധ്യമങ്ങള്‍ക്ക് അതിരുകള്‍ സൃഷ്ടിച്ചിരിക്കുന്നു. ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക പഴയതുപോലെ എളുപ്പമാകില്ല. ഭരണകൂടത്തോട് കൂറ് പുലര്‍ത്താത്ത മാധ്യമസ്ഥാപനങ്ങള്‍ക്ക് വാര്‍ത്തകളുടെ സ്രോതസ്സുകള്‍ ലഭിക്കുകയെന്നത് ഭാരമുള്ള ജോലിയാകും. പത്രങ്ങള്‍ക്ക് നോര്‍ത്ത് ബ്ലോക്കിലേക്ക് എളുപ്പം പ്രവേശിക്കാന്‍ കഴിയില്ല. മുന്‍കൂട്ടിയുള്ള അനുമതി തേടേണ്ടതായി വരും. മന്ത്രിയുടെ നീക്കത്തെ ട്വിറ്ററില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രതിരോധമന്ത്രാലയത്തിലുമുള്ള ചട്ടങ്ങള്‍ ധനമന്ത്രാലയത്തിലേക്ക് മാറ്റുന്നതുകൊണ്ട് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിക്കേണ്ട വാര്‍ത്തകളോ വിവരങ്ങളോ തടഞ്ഞുവെക്കാന്‍ സാധിക്കില്ല, അതവരിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ജി ഗോപീകൃഷ്ണന്‍ പ്രതികരിച്ചത്. ബജറ്റ് അവതരണത്തിന് ശേഷവും തുടരുന്ന ഈ സമീപനം മാധ്യമപ്രവര്‍ത്തകര്‍ വകുപ്പില്‍ സൗഹൃദവലയങ്ങളുണ്ടാക്കുന്നതും വിവരങ്ങള്‍ ശേഖരിക്കുന്നതും തടയാന്‍ വേണ്ടിയാണ്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യഭരണവും ഇങ്ങനെ ആഗ്രഹിക്കില്ല. ബി.ജെ.പി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ അവരുടെ ഭരണം രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടിയല്ല എന്നാണ് വ്യക്തമാക്കുന്നത്.

തരംഗമാകാതെ തിരംഗ ടി വി
ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളില്‍ മിക്കവയും നരേന്ദ്രമോഡിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പുവേളയില്‍ നരേന്ദ്രമോഡി നല്‍കിയ ടരൃശുലേറ അഭിമുഖങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിന് 90 ശതമാനത്തോളം ഓഹരിയുള്ള തിരംഗ ടി വിയുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാണ്. ദൃശ്യമാധ്യമങ്ങളില്‍ ഒരു പ്രതിപക്ഷ കാഴ്ചപ്പാടുള്ള വാര്‍ത്താചാനല്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. എന്നാല്‍ ചാനലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് മുതല്‍ തുടങ്ങിയ ആക്രമണങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല. ചാനല്‍ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കുന്നു. വാര്‍ത്താ സ്ഥാപനങ്ങളുടെ നിലനില്‍പ്പില്‍ പരസ്യങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. തിരംഗ ടി വി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും അതുതന്നെ. മറ്റു ചാനലുകളില്‍ വന്‍കിട സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ തിരംഗ ടിവിയില്‍ കാര്യമായ ഒരു പരസ്യം പോലുമില്ല. ഇടവേളകളില്‍ വരുന്നതാകട്ടെ ചാനലിന്റെ തന്നെ പരിപാടികളുടെ പ്രോമോകളും. ഇന്ത്യയിലെ പ്രഗല്‍ഭരായ അവതാരകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പങ്കാളിത്തം പോലും ചാനലിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കാനായില്ല. ഇന്ത്യന്‍ ടെലിവിഷന്റെ സെലിബ്രിറ്റി മുഖങ്ങളായ കരണ്‍ ഥാപ്പറും ബര്‍ഖാ ദത്തും തിരംഗയിലുണ്ട്. പക്ഷേ ചാനലിന്റെ വിപണിമൂല്യം മാറ്റമില്ലാതെ തുടരുന്നു. ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് പ്രകാരം രണ്ടുദിവസം തുടര്‍ച്ചയായി തിരംഗ ടി വി സംപ്രേക്ഷണം പരിശോധിച്ചെങ്കിലും ഒരു തവണപോലും കമ്പനി ഉല്‍പന്നങ്ങളുടെ പരസ്യം ഉണ്ടായിരുന്നില്ല. അതിനിടെ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 22 ജോലിക്കാരെ വിവിധ വകുപ്പുകളില്‍ നിന്നായി ചാനല്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍, എഡിറ്റോറിയല്‍, ടെക്‌നിക്കല്‍, എഡ്മിന്‍ എന്നീ വിഭാഗങ്ങളിലാണിവ. ഓരോ ദിവസവും ജോലി ചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും പിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. ശമ്പളം ഒരുമാസത്തേക്ക് ദീര്‍ഘിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. കമ്പനിയില്‍നിന്ന് മറ്റു വിശദീകരണങ്ങള്‍ ഒന്നും തന്നെ ജോലിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ചാനലിലെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയില്‍ ‘നിശബ്ദ പ്രതിഷേധം’ നടന്നിരുന്നു. പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട പോസ്റ്ററില്‍ ‘നിങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒപ്പം നില്‍ക്കാമെ’ന്ന പ്രഖ്യാപനവും നടത്തി. തങ്ങളുടെ ജോലി നഷ്ടമായതില്‍ കപില്‍ സിബല്‍ മറുപടി പറയണമെന്ന ആവശ്യത്തെക്കുറിച്ച് ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ടര്‍ സമരക്കാരായ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയുണ്ടായി ‘എന്തുകൊണ്ട് സിബല്‍ മറുപടി പറയണം?’ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചതിങ്ങനെയാണ്: ‘കഴിഞ്ഞ സെപ്തംബറില്‍ കമ്പനിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ കപില്‍ സിബല്‍ തിരംഗ ജീവനക്കാര്‍ക്ക് ജോലി സുരക്ഷിതത്വം ഉറപ്പു നല്‍കി’ എന്നാണ്. കമ്പനി പിരിച്ചുവിട്ട പ്രതിഷേധക്കാരുടെ പ്രധാന ആവശ്യവും മതിയായ നഷ്ടപരിഹാരം നല്‍കുക എന്നതാണ്. ‘അന്ന് ഞങ്ങള്‍ പങ്കുവെച്ച ആശങ്കകള്‍ക്ക് കപില്‍ സിബല്‍ വ്യക്തമായ ഉത്തരങ്ങള്‍ തന്നു, ജോലിയുടെ ഉറപ്പും നല്‍കി. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ഇവിടം വരെയായി’ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. മൂന്നുവര്‍ഷത്തോളമെങ്കിലും നിലനില്‍ക്കുമെന്നവകാശപ്പെട്ട കമ്പനിയുടെ ഉറപ്പിനെയും പിരിച്ചുവിട്ടവര്‍ വിമര്‍ശിക്കുന്നു. തിരംഗയുടെ പ്രതിസന്ധി വാര്‍ത്തകളില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. മാധ്യമലോകം വളരെ നിസ്സംഗമായാണ് പ്രശ്‌നത്തെ കാണുന്നത്. മാധ്യമങ്ങളില്‍ ഒരു പ്രതിപക്ഷസ്വരമെന്ന വ്യാഖ്യാനങ്ങള്‍ക്കപ്പുറത്ത് സംപ്രേക്ഷണം ഏതുനിമിഷവും നിര്‍ത്തലാക്കാം എന്ന മട്ടിലാണ് ചാനലിന്റെ ഇപ്പോഴത്തെ നില. തിരംഗയെ പോലെ കോണ്‍ഗ്രസ് പക്ഷപാതിത്വമുള്ള ചാനലില്‍ തങ്ങളുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ കമ്പനികളും ആഗ്രഹിക്കുന്നില്ല എന്നാണ് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്. തിരംഗ ടി വിയുടെ പ്രശ്‌നം കപില്‍ സിബലിന്റെതും കമ്പനിയുടെ ഓഹരികളുടെയും പ്രശ്‌നമായി മാത്രം ഒതുങ്ങുന്നില്ല. തിരംഗ ടി വി മോഡിവത്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ കാലത്ത് വേറിട്ട ശബ്ദമായി നില്‍ക്കേണ്ടതാണ്. വ്യാജവാര്‍ത്തകളെ മുഖ്യധാരാമാധ്യമങ്ങള്‍ നിസ്സാരവത്കരിക്കുമ്പോള്‍, അവയുണ്ടാക്കുന്ന പ്രശ്‌നങ്ങളെ നിരന്തരം ചൂണ്ടിക്കാണിച്ചതാണ് തിരംഗ ടി വി. ബി.ജെ.പി യില്‍ നിന്നുള്ള പ്രതികൂല നീക്കങ്ങള്‍ തന്നെയാകണം ചാനലിന്റെ ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണം. ഒന്നുകില്‍ കുത്തക കമ്പനികളുടേതാവുക, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ കാഹളങ്ങളാവുക എന്നതിലുപരിയായുള്ള തിരഞ്ഞെടുപ്പുകള്‍ക്കൊന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇനി സാധ്യതകളില്ല. തങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയപ്പെടുന്ന ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തുക എന്നതാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ദിരാ ജയ്‌സിംഗിനോടിങ്ങനെ
മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗിന്റെ വീട് സി ബി ഐ റെയ്ഡ് നടത്തുകയുണ്ടായി. നിരവധി കേസുകളില്‍ മനുഷ്യാവകാശ സംരക്ഷണത്തിന്റെ മുഖമായിരുന്നു ഇന്ദിരാ ജയ്‌സിംഗ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും നിയമത്തിന്റെ ഭാഷയില്‍ മറുപടി നല്‍കിയ കരുത്തുറ്റ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗ് തീവ്രവലതുപക്ഷത്തിനു ഉണ്ടാക്കിയ അതൃപ്തികള്‍ ചെറുതല്ല. റെയ്ഡ് നടത്താന്‍ പ്രചോദനം നല്‍കിയത് ഇത്തരം കാരണങ്ങള്‍ തന്നെയാണെന്നത് വളരെ വ്യക്തം. ഇന്ദിരാ ജയ്‌സിംഗും ഭര്‍ത്താവ് ആനന്ദ് ഗ്രോവറും നടത്തിപ്പോരുന്ന എന്‍ ജി ഒ ആയ Lawyers Collective ന്റെ വിവിധ ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി. ആനന്ദ് ഗ്രോവറിനെതിരെ വിദേശത്തുനിന്നും അനധികൃതമായി ധനസഹായം സ്വീകരിച്ചു എന്ന കുറ്റമാണ് സി ബി ഐ ആരോപിക്കുന്നത്. കൃത്യമായ ലക്ഷ്യങ്ങളോട് കൂടി തന്നെയാണ് അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ വന്ന ലൈംഗികാരോപണത്തില്‍ ക്ലീന്‍ ചിറ്റ് ആവശ്യപ്പെട്ടു എന്നത് കൊണ്ടും ഇന്ദിരാ ജയ്‌സിംഗിനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടായിരിക്കണം. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ വേണ്ടി പണം സമാഹരിക്കുന്നു എന്നാണ് ഇന്ദിര ജയ്‌സിംഗിനെതിരായ മുഖ്യ ആരോപണം. ഭരണകൂടം ഉള്‍പ്പെടുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ഇന്ദിരാ ജയ്സിംഗ് നടത്തിയ പോരാട്ടം ഒട്ടുംതന്നെ ചെറുതല്ല. അവരുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിനെ മാധ്യമങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടിയിരുന്നു. ദ സിറ്റീസണില്‍ മാധ്യമപ്രവര്‍ത്തക സീമ മുസ്തഫ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഇന്ദിരാ ജയ്‌സിംഗിന്റെ പങ്കാളിത്തത്തെക്കുറിച്ച് ലേഖനമെഴുതുകയുണ്ടായി. എന്നാല്‍ പോലും ആശയപരമായി അനുനയത്തിന് വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യുക എന്ന ബി.ജെ.പിയുടെ ശ്രമത്തെ മാധ്യമങ്ങള്‍ വേണ്ട വിധം ചോദ്യം ചെയ്യുന്നില്ല.

അസമിലെ കവികള്‍
എന്‍ ആര്‍ സിക്കെതിരെ കവിതകളെഴുതിയ പത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് മുസ്‌ലിംകളുടെ പ്രാദേശിക ഭാഷ വൈവിധ്യത്തില്‍ നിന്ന് രൂപപ്പെട്ട മിയ കവിതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 1983 അസമില്‍ നടന്ന (രണ്ടായിരത്തോളം ബംഗ്ലാദേശി മുസ്‌ലിംകള്‍ ആറു മണിക്കൂറില്‍ കൊല്ലപ്പെട്ട) നെല്ലി കൂട്ടക്കൊലയെ കുറിച്ച് കബീര്‍ അഹമ്മദ് എഴുതിയ ‘ഞാന്‍ രാജ്യത്തോട് യാചിക്കുന്നു’ (I beg to the state) എന്ന കവിതയാണ് മിയാ കവിതകളുടെ മികച്ച ഉദാഹരണമായി പറയപ്പെടുന്നത്. രാഷ്ട്രീയമായി മൂര്‍ച്ചയേറിയ വരികളുടെ പ്രതിഫലനം അസമിലെ എന്‍ ആര്‍ സി പ്രശ്‌നത്തിലേക്കും കടന്നുവരുമ്പോള്‍ നിയമസംവിധാനങ്ങള്‍ അതിനെ ഭയപ്പെടുന്നു. ഇതുകൊണ്ടുതന്നെയാണ് പത്തു കവികളെ വഞ്ചന, കോപ്പി റൈറ്റ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരിയതോതില്‍ പോലും പ്രതിഷേധ സ്വരങ്ങള്‍ കേള്‍പ്പിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരാണ് ഭരണത്തെ പുനര്‍നിര്‍മിക്കുകയാണെന്ന് അവകാശപ്പെടുന്നത്. ബി.ജെ.പി യുടെ യുവനേതാവും ബാംഗ്ലൂര്‍ ലോക്‌സഭാ പ്രതിനിധിയുമായ തേജസ്വി സൂര്യ എന്‍ ആര്‍ സി കര്‍ണാടകയിലും നടപ്പില്‍വരുത്തണമെന്ന് അഭിപ്രായപ്പെടുന്നു. രാജ്യത്തെ പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ നിരവധിയുണ്ട്. വിലക്കുകള്‍ക്കതീതമായി ഇന്ത്യയിലെ മാധ്യമങ്ങള്‍ വളരേണ്ടിയിരിക്കുന്നു. അതിന് പ്രത്യാശ നല്‍കുന്നതായിരുന്നു ദ ഇന്ത്യന്‍ എക്‌സ്പ്രസ് തയാറാക്കിയ മുഖപ്രസംഗം. സര്‍ക്കാര്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു നേരെ നടത്തുന്ന അതിക്രമങ്ങളെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു അത്. ഇന്ത്യയില്‍ പത്ര സ്വാതന്ത്ര്യം എന്നത്തെക്കാളും നിയന്ത്രിക്കപ്പെടുന്നുവെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്നും മുഖപ്രസംഗം ഓര്‍മിപ്പിച്ചു.

നബീല പാനിയത്ത്‌

You must be logged in to post a comment Login