ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വഞ്ചിക്കപ്പെട്ട ജനത

താഴ്‌വരയുടെ ഭാഗധേയം ഇനി തീരുമാനിക്കുക അവിടുത്തെ ജനങ്ങളായിരിക്കും എന്ന് സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറയുമ്പോള്‍ സംഭവബഹുലങ്ങളായ രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്‌നേപി നിനച്ചുകാണില്ല. പാകിസ്ഥാന്‍ അയച്ച സായുധ ഗോത്രവര്‍ഗക്കാരെ ഓടിക്കാന്‍ ഇന്ത്യന്‍പട്ടാളം ശ്രീനഗറിലിറങ്ങിയ നിമിഷം മഹാരാജ ഹരിസിങ് നഗരം വിട്ടു. പിന്നീട് സര്‍വ നിയന്ത്രണങ്ങളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരുടെ കൈകളിലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും തോളോടുതോള്‍ ചേര്‍ന്നു തെരുവുകളില്‍ സമാധാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ വ്യാപൃതരായി. കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ലയും ഡിവിഷനല്‍ കമാണ്ടര്‍ മേജര്‍ ജനറല്‍ തിമ്മയ്യയും താഴ്‌വരയുടെ സ്വാസ്ഥ്യം തിരിച്ചുപിടിക്കുന്നതില്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. 4000 സൈനികരാണ് ശ്രീനഗറിന്റെ സുരക്ഷാചുമതല ഏറ്റെടുത്ത് യന്ത്രത്തോക്കുമായി മര്‍മ്മപ്രധാന കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചത്. ശൈത്യകാലത്തിന്റെ വരവോടെ സൈനിക ഓപ്പറേഷനുകള്‍ തല്‍ക്കാലം നിറുത്തിവെച്ചു. കശ്മീരിന്റെ ആഭ്യന്തരകാര്യങ്ങളിലേക്ക് പ്രധാനമന്ത്രി ശ്രദ്ധതിരിച്ച ഘട്ടത്തില്‍ മഹാരാജ ഹരിസിങ്ങിന് അദ്ദേഹം ഒരു കത്തെഴുതി. താഴ്‌വരയുടെ ഭാവി ഇനി എങ്ങോട്ടാവണം എന്നതായിരുന്നു ഉള്ളടക്കം. ശൈഖ് അബ്ദുല്ലയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കുക. താഴ്‌വരയില്‍ ഈ ഘട്ടത്തില്‍ ഗുണകരമായ മാറ്റം കൊണ്ടുവരാന്‍ ഒരാള്‍ക്കു മാത്രമേ സാധിക്കൂ. അത് ശൈഖാണ്. മഹാത്മാഗാന്ധിക്ക് വ്യത്യസ്തമായൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ഇരുനേതാക്കളും മതേതരത്വത്തിന്റെ പ്രതീകമായാണ് നാഷണല്‍ കോണ്‍ഫറന്‍സ് തലവനെ നോക്കിക്കണ്ടത്. പക്ഷേ, പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന് എതിരഭിപ്രായമായിരുന്നു. ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മുന്‍കൈയെടുത്ത് നടത്തുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി നവംബര്‍ 27ന് നെഹ്‌റുവും ലിയാഖത്ത് അലി ഖാനും കണ്ടുമുട്ടി. ഹിതപരിശോധന (Plebiscite) മാത്രമാണ് ഏക പരിഹാരമാര്‍ഗം എന്ന നിര്‍ദേശം മുന്നില്‍വെച്ചപ്പോള്‍ ലിയാഖത്ത് അലി ഖാന് പറയാനുള്ളത് മറ്റൊന്നായിരുന്നു: പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് നിഷ്പക്ഷമെന്ന് തോന്നുന്ന, തീര്‍ത്തും പുതിയൊരു ഭരണകൂടം കശ്മീരില്‍ നിലവില്‍വരുക എന്നതാണ് ആദ്യപടിയായി വേണ്ടത്. മഹാരാജ ഹരിസിങ്ങിന് എഴുതിയ നീണ്ട കത്തില്‍ നെഹ്‌റു നാല് പോംവഴികളിലൊന്ന് തിരഞ്ഞെടുക്കുകയേ നിര്‍വാഹമുള്ളുവെന്ന് ഓര്‍മിപ്പിച്ചു. ഒന്ന്: ഏത് രാജ്യവുമായാണ് ചേരാന്‍ ആഗ്രഹിക്കുന്നത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തൊട്ടാകെ ഹിതപരിശോധന നടത്തുക. രണ്ട്: ഇന്ത്യയും പാകിസ്ഥാനും പ്രതിരോധ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുത്ത് കശ്മീര്‍ ഒരു സ്വതന്ത്രരാജ്യമായി നിലനില്‍ക്കുക. മൂന്ന്: രാജ്യം വിഭജിക്കുക. ജമ്മു ഇന്ത്യയോടും ശേഷിക്കുന്നത് പാകിസ്ഥാനോടും കൂട്ടിയോജിപ്പിക്കുക. നാല്: ജമ്മുവും കശ്മീരും ഇന്ത്യയോട് ചേര്‍ന്ന്, പൂഞ്ചും അതിനപ്പുറവും പാകിസ്ഥാന് വിട്ടുകൊടുക്കുക. നെഹ്‌റു എഴുതിയ ഈ കത്ത് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതീവരഹസ്യരേഖയായാണ് ചരിത്രത്തില്‍ ഇടം പിടിച്ചത്.

ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്റെ ഉപദേശമനുസരിച്ചാവണം 1948 ജനുവരി ഒന്നിന് കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ മുമ്പാകെ കൊണ്ടുവരാന്‍ ഇന്ത്യ തീരുമാനിച്ചു. യു.എന്‍ രക്ഷാസമിതി നിരവധി തവണ ഇരുന്ന് കശ്മീര്‍കാര്യം ആഴത്തില്‍ ചര്‍ച്ചചെയ്തു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് സഭയില്‍ ഹാജരായ സര്‍ സഫറുല്ലാ ഖാന്‍ ഇന്ത്യയുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ പുതിയ സിദ്ധാന്തങ്ങള്‍ മെനഞ്ഞത് ചര്‍ച്ചയുടെ ഗതി തന്നെ തിരിച്ചുവിട്ടു. 1946-47 കാലഘട്ടത്തില്‍ വടക്കേ ഇന്ത്യയിലുടനീളം അരങ്ങേറിയ വര്‍ഗീയ കലാപത്തോടുള്ള പ്രതികരണമാണ് ഗോത്രവര്‍ഗക്കാരുടെ കടന്നുകയറ്റം ക്ഷണിച്ചുവരുത്തിയതെന്നും കിഴക്കന്‍ പഞ്ചാബില്‍ നടമാടിയ മൃഗീയമായ കൂട്ടക്കൊലകള്‍ അറുപത് ലക്ഷം മുസ്‌ലിംകളെ പാകിസ്ഥാനിലേക്ക് അഭയാര്‍ഥികളായി ആട്ടിയോടിക്കുകയുണ്ടായെന്നും സമര്‍ഥിക്കാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചു. അതോടെയാണ് ജമ്മുകശ്മീര്‍ പ്രശ്‌നം ഇന്ത്യ-പാക് പ്രശ്‌നമായി രൂപമാറ്റം സംഭവിക്കുന്നത്. മുഴുവന്‍ സായുധ സൈന്യത്തെയും താഴ്‌വരയില്‍നിന്ന് പിന്‍വലിച്ച്, നിഷ്പക്ഷമായ ഇടക്കാല ഭരണകൂടത്തിന്റെ കീഴില്‍ ഹിതപരിശോധന നടത്തുകയാണ് അഭികാമ്യമെന്ന് പാകിസ്ഥാന്‍ വാദിച്ചു. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവ് എന്ന നിലയില്‍ ശൈഖ് അബ്ദുല്ലയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടക്കട്ടെ എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. തന്നെ അധികാരത്തില്‍നിന്ന് മാറ്റിനിറുത്തിക്കൊണ്ടുള്ള ഒരു പോംവഴിയും ആരും ചിന്തിക്കേണ്ട എന്ന് ശൈഖ് അബ്ദുല്ല യു.എന്നില്‍ അസന്ദിഗ്ധമായി പറഞ്ഞത് ഇന്ത്യക്ക് ആശ്വാസമായി. എന്നാല്‍ ബ്രിട്ടന്റെ പാക് അനുകൂല നിലപാട് ഇന്ത്യക്ക് തിരിച്ചടിയായി. ഫലസ്തീന്‍ മണ്ണില്‍ സയണിസ്റ്റ് സ്വപ്‌നമായ ഇസ്രായേലിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌പേര് കഴുകിക്കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണീ അംഗീകാരമെന്ന് ചിലര്‍ വിലയിരുത്തി. കശ്മീര്‍ പ്രശ്‌നം യു.എന്നില്‍ എത്തിച്ചത് വലിയ അബദ്ധമായിപ്പോയെന്ന് അപ്പോഴാണ് നെഹ്‌റുവിന് മനസ്സിലായത്. 1948മാര്‍ച്ചില്‍ മെഹര്‍ ചന്ദ് മഹാജനു പകരം ശൈഖ് അബ്ദുല്ല കശ്മീര്‍ പ്രധാനമന്ത്രിയായി അവരോധിതനായത് ചരിത്രത്തെ മറ്റൊരു വഴിത്തിരിവിലെത്തിച്ചു.

ശൈഖ് അബ്ദുല്ലയുടെ രാഷ്ട്രീയ മധുവിധു
സ്വാതന്ത്ര്യത്തിന്റെ പുലര്‍കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശ്രവിക്കാനിടയായ പേരാണ് ശൈഖ് അബ്ദുല്ലയുടേത്. കശ്മീര്‍ ‘പ്രധാനമന്ത്രി’യുടെ കൈകളിലാണ് ഇന്ത്യന്‍ യൂണിയനും താഴ്‌വരയും തമ്മിലുള്ള ഭാവിബന്ധം എന്ന് മനസ്സിലാക്കി ഡല്‍ഹി ഭരണകൂടം അതിരറ്റ സ്‌നേഹാദരവുകളോടെയാണ് അദ്ദേഹത്തോട് പെരുമാറിയത്. ഭരണത്തലവന്‍ എന്ന നിലയില്‍ കേവലം അലങ്കാരമൂല്യം മാത്രമുള്ള ‘സദറെ റിയാസത്ത്’ പദവിയുമായി മഹാരാജയെ ഒരു മൂലക്കൊതുക്കി. ഇന്ത്യയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാന്‍ പരമാവധി ചെയ്തു. സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മദിരാശിയില്‍നിന്നിറങ്ങുന്ന ‘സ്വതന്ത്ര’ വാരികയില്‍ മതമൈത്രിയുടെ സന്ദേശങ്ങള്‍ തെക്കേ ഇന്ത്യവരെ എത്തിക്കാന്‍ ശൈഖ് നീണ്ടൊരു സന്ദേശം കുറിച്ചിട്ടു. ശങ്കരാചാര്യരും കശ്മീരും തമ്മിലുള്ള ആത്മീയബന്ധം തൊട്ട് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ എന്ന പ്രയോഗം വരെ ഉള്‍കൊണ്ട ആ സന്ദേശത്തിന്റെ വരികള്‍ ഹൃദയസ്പൃക്കായിരുന്നു. ശൈഖ് അബ്ദുല്ല തരവും സന്ദര്‍ഭവും ഒത്തുവന്നപ്പോഴെല്ലാം പാകിസ്ഥാനെ അധിക്ഷേപിച്ചു. പാകിസ്ഥാന്‍ ഒരു മതാധിഷ്ഠിത രാജ്യമാണെന്നും മുസ്‌ലിംലീഗ് രാജകുമാരന്മാരോട് ആഭിമുഖ്യമുള്ള (Pro prince) പാര്‍ട്ടിയാണെന്നും ജനങ്ങളോട് അശേഷം അതിനു കൂറില്ലെന്നും തുറന്നടിച്ചു. ഭരണം കൈയില്‍ വന്നപ്പോള്‍ ഭൂപരിഷ്‌കരണത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഏതാനും ഹിന്ദു, മുസ്‌ലിം ഭൂവുടമകളുടെ കൈകളിലാണ് ഭൂമിയുടെ ഭൂരിഭാഗവും കിടക്കുന്നതെന്ന് മനസ്സിലാക്കി, ആദ്യവര്‍ഷം തന്നെ 40,000 ഏക്കര്‍ സാധാരണക്കാര്‍ക്കു പതിച്ചുനല്‍കി.

1950 ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളുടെയും പട്ടാളത്തോട് കശ്മീര്‍ കാലിയാക്കാന്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ആദ്യമായി സ്ഥലം വിടട്ടെ എന്ന് നെഹ്‌റു ഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ ശൈഖ് അബ്ദുല്ലയുടെ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ആദ്യമായി വേണ്ടതെന്ന് പാകിസ്ഥാന്‍ വാദിച്ചു. അതിനിടയില്‍, ഇന്ത്യയുടെ ലിഖിത ഭരണഘടന പ്രാബല്യത്തില്‍ വന്നപ്പോള്‍ 370 ഖണ്ഡിക പ്രകാരം കശ്മീരിനു പ്രത്യേക പദവി വാഗ്ദാനം ചെയ്തു( നരേന്ദ്രമോഡി സര്‍ക്കാര്‍ എടുത്തുകളയാന്‍ പോകുന്ന ഈ ഖണ്ഡികയെ കുറിച്ച് പിന്നീട് സവിസ്തരം പ്രതിപാദിക്കാം). പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നീ വിഷയങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഇന്ത്യന്‍ പ്രസിഡന്റ് കശ്മീര്‍ സര്‍ക്കാരിനോട് ആലോചിച്ചായിരിക്കും തീരുമാനങ്ങളെടുക്കുക എന്ന വ്യവസ്ഥയോടെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പദവി വകവെച്ചുകൊടുത്തു. എന്നാല്‍, പാക് സര്‍ക്കാര്‍ അതൊന്നും കാര്യമായെടുത്തില്ല. കശ്മീര്‍ പൂര്‍ണമായും വിമോചിതമാവുന്നത് വരെ പാകിസ്ഥാന്‍ അപൂര്‍ണമായിരിക്കുമെന്നും കശ്മീരിന്റെ വിമോചനം ഓരോ പാകിസ്ഥാനിയുടെയും വിശ്വാസത്തിന്റെ കാതലായ വശമാണെന്നും പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ തറപ്പിച്ചുപറഞ്ഞു. അതോടെ കശ്മീര്‍ രാഷ്ട്രാന്തരീയ തര്‍ക്കമായി മാറി. 1951 ജനുവരിയില്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സര്‍ റോബര്‍ട്ട് മെന്‍സീസ് വെച്ച നിര്‍ദേശം ഇതാണ്: കോമണ്‍വെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ഹിതപരിശോധന നടത്തുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ക്‌ളെമെന്റ് അറ്റ്‌ലി അതിനു അനുകൂലമായിരുന്നു. പക്ഷേ നെഹ്‌റു ഇന്ത്യയുടെ നിലപാട് വെട്ടിത്തുറന്നുപറഞ്ഞു: ശൈഖ് അബ്ദുല്ല സര്‍ക്കാരിന്റെ അനുമതിയോട് കൂടിയ ഒരു ഒത്തുതീര്‍പ്പിനേ ഇനി പ്രസക്തിയുള്ളൂ.
1949 ഏപ്രിലില്‍ ഹരിസിങ്ങിനെ സദറെ റിയാസത്ത് പദവിയില്‍നിന്ന് നിഷ്‌കാസനം ചെയ്തു തല്‍സ്ഥാനത്ത് അദ്ദേഹത്തിന്റെ മകന്‍ കരണ്‍സിങിനെ പ്രതിഷ്ഠിച്ചു. മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികളെ ഡല്‍ഹിലെ ഭരണഘടനാനിര്‍മാണ സഭയിലേക്ക് പറഞ്ഞയക്കാനും ശൈഖ് അബ്ദുല്ല ഉല്‍സാഹം കാണിച്ചു. വിഭജനാനന്തരം ഒഴുകിയെത്തിയ അഞ്ചുലക്ഷം അഭയാര്‍ഥികള്‍ ഡല്‍ഹിയുടെ തെരുവുകളെ വീര്‍പ്പുമുട്ടിച്ച കാലസന്ധി. നെഹ്‌റു പ്രതീക്ഷിച്ചത് പോലെയല്ല സംഭവഗതികള്‍ മുന്നോട്ടുനീങ്ങിയത്. ശൈഖ് അബ്ദുല്ലയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന നെഹ്‌റു സര്‍ക്കാരിനു ലഭിച്ച ചില ദുസ്സൂചനകള്‍, സംശയങ്ങളുയര്‍ത്തി. 1950 മെയ് 30ന് വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതിയ കത്തില്‍ നെഹ്‌റു പറഞ്ഞു; ശൈഖ് വളരെ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന്. 1950 സെപ്തംബര്‍ 29ന് യു.എസ് അംബാസര്‍ ലോയ് എന്‍ഡേഴ്‌സണുമായി ശൈഖ് നടത്തിയ സംഭാഷണത്തില്‍, സ്വതന്ത്രകശ്മീരാണ് പരമലക്ഷ്യമെന്ന് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്ക അത്തരമൊരു രാഷ്ട്രീയനീക്കത്തെ പിന്തുണക്കുമോ എന്നാണത്രെ ശൈഖിന് അറിയാനുണ്ടായിരുന്നത്. കശ്മീരിനു സ്വന്തമായി ഭരണഘടന നിര്‍മാണ സഭ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്ത്യയുമായി എങ്ങനെ യോജിച്ചുമുന്നോട്ടുപോകണമെന്ന കാര്യത്തില്‍ സഭ നിര്‍ണായക തീരുമാനമെടുക്കും. ഇന്ത്യയുമായുള്ള കശ്മീരിന്റെ കൂടിച്ചേരല്‍ അന്തിമമല്ല എന്ന പ്രതീതി അതോടെ സൃഷ്ടിക്കപ്പെട്ടു.

ഈ അസന്ദിഗ്ധതക്ക് പോംവഴി കാണാന്‍ ശൈഖ് അബ്ദുല്ലയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പല വട്ടം ചര്‍ച്ച നടത്തി. അങ്ങനെയാണ് നെഹ്‌റുവും ശൈഖും ചേര്‍ന്ന സുപ്രസിദ്ധമായ ഡല്‍ഹി കരാര്‍ ( Delhi Agreement ) ചുട്ടെടുക്കുന്നത്. ഇന്ത്യയും താഴ്‌വരയും തമ്മിലുള്ള ബന്ധം നിശ്ചയിക്കുന്ന ഈ കരാറില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്ത അധികാരങ്ങളും പദവികളും നല്‍കി.( അങ്ങനെയാണ് 35എ ഖണ്ഡിക എഴുതിച്ചേര്‍ക്കുന്നത്. പിന്നീട് അത് വിശദമായി ചര്‍ച്ച ചെയ്യാം). അതോടെ കശ്മീരികള്‍ പൂര്‍ണ ഇന്ത്യന്‍ പൗരത്വമുള്ള പ്രജകളായിരിക്കുമെന്ന് ധാരണയിലെത്തി. ‘ചരിത്രപരവും മറ്റുമായ കാരണങ്ങളാല്‍’ കശ്മീരിന്റെ പുതിയ പതാക ( നാഷനല്‍ കോണ്‍ഫറന്‍സാണ് അത് രൂപകല്‍പന ചെയ്തത്) ഇന്ത്യയുടെ ദേശീയപതാകയോടൊപ്പം പറപ്പിക്കും. ശ്രീനഗറിന്റെ അനുമതിയില്ലാതെ ആഭ്യന്തരസംഘര്‍ഷം ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ അയക്കില്ല. പുറത്തുള്ളവര്‍ കശ്മീരില്‍ ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും വിലക്കേര്‍പ്പെടുത്തും. കുടിയേറ്റത്തിലൂടെ താഴ്‌വരയുടെ ജനസംഖ്യാപരമായ സന്തുലനം തെറ്റിക്കുന്ന ഒരു നടപടിയും ഉണ്ടാവില്ല. യൂണിയന്‍ ഗവണ്‍മെന്റിന് എന്തെല്ലാം അധികാരങ്ങള്‍ നല്‍കണമെന്നത് സംസ്ഥാനമാണ് തീരുമാനിക്കുകയെന്നും സുപ്രീംകോടതിയുടെ അധികാരപരിധി നിര്‍ണയിക്കാനുള്ള അവകാശവും സംസ്ഥാനത്തിനാണെന്നും കശ്മീര്‍ ഭരണഘടനാ അസംബ്ലിയില്‍ ശൈഖ് അബ്ദുല്ല വ്യക്തമാക്കി. തന്റെ നിലപാടുമായി യോജിച്ചുപോവുന്നില്ലെങ്കില്‍ പിതാവിന്റെ അതേ ദുര്‍ഗതി ഏറ്റുവാങ്ങേണ്ടിവരുമെന്ന് കരണ്‍സിങിന് മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നില്ല. ‘പിന്തിരിപ്പന്‍ ശക്തികളുമായി ചേര്‍ന്നു (ജമ്മുവിലെ ഹിന്ദുക്കള്‍) അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിചാരമെങ്കില്‍ അത് പൂതി മാത്രമായിരിക്കു’മെന്നും താക്കീത് നല്‍കി.

ജനസംഘത്തിന്റെ ഇടപെടല്‍
ജനസംഘത്തിന്റെ ആശീര്‍വാദവുമായി പ്രജാപരിഷത് എന്ന ഹിന്ദുകൂട്ടായ്മ രംഗത്തുവന്നതോടെ സംഭവഗതികള്‍ വര്‍ഗീയവത്കരിക്കപ്പെടാന്‍ വഴിയൊരുങ്ങി. കശ്മീര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാനാണ് അവര്‍ ശ്രമങ്ങളാരംഭിച്ചത്. പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് സ്റ്റേറ്റ് പതാക എടുത്തുമാറ്റി തല്‍സ്ഥാനത്ത് ദേശീയപതാക നാട്ടിയത് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചു. പാക് അതിര്‍ത്തിക്കടുത്ത് പ്രക്ഷോഭകരില്‍ ഒരാള്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് സംഘര്‍ഷം വ്യാപിപ്പിച്ചു. ജനസംഘം നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ‘ദേശഭക്തരായ’ പ്രജാപരിഷത്തിന്റെ പൂര്‍ണ പിന്തുണ കശ്മീരിനെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്നതിന് നെഹ്‌റുവിന് വാഗ്ദാനം ചെയ്തത് വിഷയത്തിന് വര്‍ഗീയമാനം കൈവരുത്താന്‍ കാരണമായി. അറസ്റ്റിലായ പരിഷത്ത് നേതാക്കളെ വിട്ടയക്കണമെന്ന് നെഹ്‌റുവിനോടും ശൈഖിനോടും മുഖര്‍ജി ആവശ്യപ്പെട്ടു. മുഖര്‍ജിയുടെ നിര്‍ദേശങ്ങളൊന്നും നെഹ്‌റു ചെവിക്കൊണ്ടില്ല. അതോടെ സത്യഗ്രഹം ഡല്‍ഹി തെരുവിലേക്ക് കൊണ്ടുവന്നു. പാര്‍ലമെന്റ് ഹൗസിലെ മുറിയിലിരുന്ന് മുഖര്‍ജിയാണ് സത്യഗ്രഹത്തിന് മേല്‍നോട്ടം വഹിച്ചത്. ജനസംഘവും ഹിന്ദുമഹാസഭയും രാം രാജ്യപരിഷത്തും പ്രക്ഷോഭം ശക്തമാക്കിയപ്പോള്‍ 1,300ഓളം പേര്‍ അറസ്റ്റിലായി. അതിനിടയില്‍, മെയ് എട്ടിനു ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സത്യാഗ്രഹസന്ദേശവുമായി ജമ്മുവിലെത്തി. സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും അദ്ദേഹം അതിര്‍ത്തികടന്നു. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ സമരം നടത്തി ഒരു രാത്രി പോലും ജയിലില്‍ കിടക്കാന്‍ സൗഭാഗ്യം ലഭിക്കാത്ത ഈ ബംഗാളി ‘ബദ്രലോകിനെ’ ശൈഖ് അബ്ദുല്ലയുടെ പൊലീസ് അറസ്റ്റ് ചെയ്തു ശ്രീനഗര്‍ ജയിലില്‍ അടച്ചു. കാലിനു വേദന കൊണ്ട് തുടങ്ങിയ രോഗം കടുത്ത പനിയില്‍ കലാശിക്കുകയും ജൂണ്‍ 22ന് ഹൃദയാഘാതം മൂലം മുഖര്‍ജി എന്നെന്നേക്കുമായി വിടപറയുകയും ചെയ്തു. അതോടെ, ഖൂന്‍ കാ ബദലാ ഖൂ സെ ലായേന്‍ഗാ’ ( രക്തത്തിന് രക്തം കൊണ്ട് പകരം വീട്ടും ) എന്ന മുദ്രാവാക്യം ഡല്‍ഹി തെരുവുകളില്‍ ഉയര്‍ന്നുകേട്ടു. മധ്യവര്‍ഗം ഒന്നാകെ രോഷാകുലരായി. ശൈഖ് അബ്ദുല്ല തലസ്ഥാനത്ത് കാല് കുത്തിയാല്‍ ജീവനെടുക്കുമെന്ന് ഭീഷണി മുഴങ്ങി. നെഹ്‌റുവിന്റെ ജീവനും ഭീഷണിയുണ്ടെന്ന് വിവരം ലഭിച്ചത് അസ്വാസ്ഥ്യം വ്യാപിപ്പിച്ചു.

ഡല്‍ഹി വരെ വന്നു പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് നെഹ്‌റു കത്തെഴുതിയിട്ടും ശൈഖ് അബ്ദുല്ല വഴങ്ങിയില്ല. അമേരിക്കയുടെ പിന്തുണ തനിക്കുണ്ടെന്ന വിശ്വാസമാണ് ഏതറ്റം വരെ പോകാനും ശൈഖിന് ധൈര്യം പകര്‍ന്നത്. കശ്മീരിലെ ഓരോ സംഭവവികാസത്തിനും പ്രതീകാത്മകമായി പല മാനങ്ങളുണ്ടെന്നും മതേതരത്വത്തിന്റെ ഉരകല്ലായി ഇത് മാറിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഒടുവില്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ തന്നെ തീരുമാനിച്ചു. നാഷനല്‍ കോണ്‍ഫറന്‍സിനകത്ത് ഇന്ത്യക്ക് അനുകൂലമായും സ്വാതന്ത്ര്യത്തിനു അനുകൂലമായും രണ്ടു ചേരികള്‍ വളര്‍ത്തിയെടുക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗം അപ്പോഴേക്കും വിജയിച്ചുകഴിഞ്ഞിരുന്നു. യു.എസ് പിന്തുണയോടെ ശൈഖ് അബ്ദുല്ല സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോവുകയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ശൈഖ് അബ്ദുല്ലയുടെ അടുത്ത സഹപ്രവര്‍ത്തകനായ മിര്‍സാ അഫ്‌സല്‍ ബേഗായിരുന്നു സ്വതന്ത്രകശ്മീരിനു വേണ്ടി വാദിച്ചത്. ഇന്ത്യക്കനുകൂലമായി ‘സദറെ റിയാസത്ത്’ കരണ്‍സിങ്ങിന്റെ വിഭാഗവും. ശൈഖ് മന്ത്രിസഭയിലെ അംഗമായ ബക്ഷ് ഗുലാം മുഹമ്മദിനെ മുന്നില്‍ നിറുത്താനും ശൈഖിനെ അധികാരത്തില്‍നിന്ന് പുറംതള്ളാനും അപ്പോഴേക്കും നെഹ്‌റു തീരുമാനമെടുത്തിരുന്നു. രാവിലെ ഉറക്കില്‍നിന്ന് എഴുന്നേല്‍ക്കുമ്പോഴേക്കും ശൈഖിനെ എതിരേറ്റത് അധികാരത്തില്‍നിന്ന് പുറന്തള്ളിയ ഉത്തരവാണ്. ബക്ഷ് ഗുലാം മുഹമ്മദിന്റെ കരങ്ങളിലാണ് ഭരണച്ചെങ്കോല്‍ കൈമാറിയിരിക്കുന്നത്. താമസിച്ചില്ല; ശൈഖ് അബ്ദുല്ലയെ നെഹ്‌റു സര്‍ക്കാര്‍ തുറങ്കിലടച്ചു. മന്ത്രിസഭാംഗമായ റഫി അഹ്മദ് കിദ്വായി ആണ് അറസ്റ്റിന് പ്രേരിപ്പിച്ചതെന്ന് ചരിത്രത്തില്‍നിന്ന് വായിക്കാം.

എന്തുതന്നെയായാലും കശ്മീര്‍ പ്രശ്‌നം അപരിഹാര്യമായ സമസ്യയായി അതോടെ സങ്കീര്‍ണമാക്കപ്പെടുകയാണ്! ഇന്നലെ വരെ ആത്മസുഹൃത്തും മതേതരത്വത്തിന്റെ ഉത്തമ മാതൃകയുമായി ഉയര്‍ത്തിക്കാണിച്ച ഒരു നേതാവിനെയാണ് നെഹ്‌റുവിനെ പോലൊരു സഹൃദയന്‍ ക്രൂരമായി ജയിലലടച്ചിരിക്കുന്നത്. അതും നിര്‍ണായകഘട്ടത്തില്‍ കശ്മീരിനെ ഇന്ത്യയോടൊപ്പം പിടിച്ചുനിറുത്തിയ ഒരപൂര്‍വ വ്യക്തിത്വത്തെ. കശ്മീരിന്റെ ചരിത്രം സംഭവബഹുലമായി മുന്നോട്ടുകുതിച്ചപ്പോഴും ഭരണഘടനയുടെ രണ്ടു ഖണ്ഡികകള്‍, 370ഉം 35എയും ഡമോക്‌ളസിന്റെ വാള്‍ പോലെ കശ്മീരികളുടെ തലക്കുമുകളില്‍ തൂങ്ങിക്കിടന്നു. ഏറ്റവുമൊടുവില്‍ കശ്മീര്‍ പ്രശ്‌നത്തിന്റെ മര്‍മം ഈ രണ്ടു ഭരണഘടനാ ഖണ്ഡികകളെ ചുറ്റിപ്പറ്റിയാണ്. 370 ാം അനുഛേദം എടുത്തുകളയുമെന്ന് ബി.ജെ.പി ഒരു ഭാഗത്തൂടെ ഭീഷണി മുഴക്കുമ്പോള്‍, മറുഭാഗത്തൂടെ 35എ ഖണ്ഡികക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നു. ഈ അനുച്ഛേദങ്ങള്‍ കൊണ്ട് വിവക്ഷിക്കുന്നത് എന്താണെന്ന് കൂടി വിശദീകരിച്ചാലേ കശ്മീര്‍ എങ്ങനെ സ്പാനിഷ് അള്‍സറായി ഇപ്പരുവത്തില്‍ പൊട്ടിയൊലിച്ചതെന്ന് വ്യക്തമാവൂ. അടുത്ത ലക്കത്തില്‍ അതുകൂടി വിവരിച്ചുനിര്‍ത്താം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login