ദേശീയവിദ്യാഭ്യാസ നയം: വെമുലയുടെ വംശത്തിന് പഠിക്കാന്‍ ഇനിയൊരു കാമ്പസുണ്ടാകില്ല

ദേശീയവിദ്യാഭ്യാസ നയം: വെമുലയുടെ വംശത്തിന് പഠിക്കാന്‍ ഇനിയൊരു കാമ്പസുണ്ടാകില്ല

മരിച്ചില്ലായിരുന്നെങ്കില്‍ എന്നത് മനുഷ്യരെ സംബന്ധിച്ച അസംബന്ധപൂര്‍ണമായ ഒരു വന്യഭാവനയാണ്. പക്ഷേ, ചരിത്രത്തെ ഓര്‍മപ്പെടുത്താന്‍ ചിലപ്പോള്‍ വന്യഭാവനകളുടെ കൈപിടിക്കേണ്ടിവരുമെന്നത് അസംബന്ധമല്ല. രോഹിത് വെമുല മരിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെയാകുമായിരുന്നു? ഇന്ത്യന്‍ കാമ്പസുകളെ പ്രകമ്പനം കൊള്ളിച്ച ആത്മഹത്യ ആയിരുന്നല്ലോ അത്? ഒന്നാം മോഡി സര്‍ക്കാര്‍ യുവാക്കളാല്‍ വിചാരണ ചെയ്യപ്പെട്ട നാളുകള്‍. ആ ഓര്‍മയില്‍ നാം ഇപ്പോഴും പ്രതീക്ഷാഭരിതമായി ത്രസിക്കുന്നതിനാല്‍ നമ്മുടെ ഒരുത്തരം ഇന്ത്യന്‍ അക്കാദമിക്‌സിലെ വലിയ പേരുകളിലൊന്നായി രോഹിത് ഏതെങ്കിലും സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നാവും. അല്ലെങ്കില്‍ രോഹിത് എഴുതിവെച്ച അവസാന പേരായ കാള്‍ സാഗനെപ്പോലെ ഒരെഴുത്തുകാരന്‍. അതുമല്ലെങ്കില്‍ ഒരധ്യാപകന്‍. അതുമല്ലെങ്കില്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ജിച്ച ജ്ഞാനപ്രകാശത്തെ സ്വന്തം ജനതയിലേക്ക് തെളിക്കുന്ന ദളിത് ചിന്തകന്‍. ജീവിച്ചിരിപ്പില്ല, അഥവാ ഒരു വ്യവസ്ഥ നിഷ്ഠുരമായി കൊന്നുകളഞ്ഞു എന്ന് നമുക്കുറപ്പുള്ള ഒരു ചെറുപ്പക്കാരനെക്കുറിച്ചാവുമ്പോള്‍ അത്രമേല്‍ ഭാവനാപൂര്‍ണവും ഉദാരവുമായി നാം ഇങ്ങനെ ചിന്തിച്ചേക്കാം.

ജീവിച്ചിരിക്കുമ്പോള്‍ അവനുമേല്‍, അവന്റെ വംശത്തിനുമേല്‍ ഒട്ടും ഉദാരമായിരുന്നില്ല ലോകം എന്നതിനാല്‍ ഇതൊന്നും ആകുമായിരുന്നില്ല വെമുല എന്ന് പക്ഷേ, നമ്മുടെ അബോധം പറയും. രാഷ്ട്രീയ അബോധം, പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്‌നെസ്സ് എന്നത് വലിയാരു സൈദ്ധാന്തിക സമീക്ഷയാണല്ലോ? ഒരു ജനത അതിന്റെ ചരിത്രത്തില്‍ നിന്ന്, ചരിത്രത്താല്‍ അടിമുടി ബന്ധിതമായ ജീവിതത്തില്‍ നിന്ന് സ്വാംശീകരിക്കുന്ന ഉള്‍ബോധമെന്ന് ഏറ്റവും ലളിതമായി പറയാം. ആ അബോധം പറയും; വെമുല ഏതെങ്കിലും ഒരു ഇന്ത്യന്‍ നഗരത്തില്‍ പലതരം പണികളെടുക്കാന്‍ ഓടിനടക്കുന്ന ഒരു ദളിത് ചെറുപ്പക്കാരനായി തീര്‍ന്നേനെ എന്ന്. അക്കാദമിക് ഭൂതകാലം അയാളില്‍ ഒരു നല്ല ഓര്‍മയും അവശേഷിപ്പിക്കില്ല എന്ന്. അവശേഷിപ്പിക്കുന്ന ഓര്‍മകളെല്ലാം തിരയടിച്ചെത്തി അയാള്‍ വിഷാദത്തിന് കീഴടങ്ങിയേനെ എന്ന്.

അസംബന്ധം എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ വെമുലക്കൊപ്പം, അതിന് മുന്‍പ്, അതിന് ശേഷം സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങിയ ദളിത് വിദ്യാര്‍ഥികള്‍ എന്തുചെയ്യുന്നു എന്ന് വെറുതേ ഒന്ന് തിരയുക. അവരുടെ വേറിട്ട ഒച്ചകളെവിടെ എന്ന് തിരക്കുക. അപ്പോഴുണ്ടാവുന്ന ശൂന്യതയുടെ നിമിഷത്തില്‍ വെമുലയെ ഓര്‍മിക്കുക. ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതി എത്രമേല്‍ പുറംതള്ളലിന്റെതായിരുന്നു എന്നും ഇപ്പോള്‍ അതെത്രമേല്‍ ശക്തമായിരിക്കുന്നു എന്നും അപ്പോള്‍ ബോധ്യം വരും. working of a contsitution does not depend wholly on the nature of the constitution എന്ന് അംബേദ്കര്‍. വരും കാലങ്ങളിലും അത് അതേ നില തുടരും എന്ന് അടിവരയിടുകയാണ് കസ്തൂരിരംഗന്‍ സമിതി തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം 2019-ന്റെ ഡ്രാഫ്റ്റ്.
കസ്തൂരിരംഗന്‍ എന്ന പേര് നിങ്ങളെ സമീപഭൂതത്തിലെ വലിയൊരു ഓര്‍മമുഖത്തേക്ക് ആഗ്രഹിച്ചാലും ഇല്ലെങ്കിലും കൊണ്ടുപോകും. അമ്പരപ്പിക്കുന്ന ഒരു യാദൃഛികത ആ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനും ഈ ഡ്രാഫ്റ്റിനുമുണ്ടെന്നറിയുമ്പോള്‍ ‘കാലമേ’ എന്ന് നിങ്ങള്‍ അത്ഭുതം കൂറും.

എന്തായിരുന്നു സമീപഭൂതത്തിലെ ആ കസ്തൂരി രംഗന്‍ ഓര്‍മ? അത് പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഒന്നാണ്. ഇന്നത്തെ കേരളത്തിലിരുന്ന്, അതും പ്രളയാനന്തര കേരളത്തിലിരുന്ന്, അതും മഴയിലും വെയിലും പരസ്പരം മാറിപ്പോകുന്ന കേരളത്തിലിരുന്ന്, പെരും മഴയില്‍ വരണ്ടുണങ്ങുന്ന നദികളുള്ള; തെറ്റിയതല്ല അങ്ങനെയുമുണ്ട് ഒരു നവകേരള പ്രതിഭാസം, ആ സമീപഭൂതത്തിലിരുന്ന് പശ്ചിമഘട്ടത്തെയും കസ്തൂരിരംഗനെയും ഓര്‍ക്കുന്നതിന് വലിയ രാഷ്ട്രീയ പ്രധാന്യമുണ്ട്. കേരളം പാരിസ്ഥിതിക ദുര്‍ബലപ്രദേശമാണെന്ന തീര്‍പ്പില്‍ നിന്നായിരുന്നല്ലോ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉണ്ടായത്. ജീവിതത്തെ പാരിസ്ഥിതിക പഠനങ്ങള്‍ക്ക് സമ്പൂര്‍ണമായി; അതിശയോക്തിയല്ല, സമ്പൂര്‍ണമെന്ന വാക്ക് കൂടുതല്‍ തിളങ്ങിയാണ് ഈ വരികളില്‍ ജ്വലിക്കുന്നത്, സമര്‍പ്പിച്ച ജീനിയസാണ് മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ടമാണ് കേരളത്തിന്റെ ആവാസത്തെ നിയന്ത്രിക്കുന്നതെന്നും നിര്‍ണയിക്കുന്നതെന്നും ഗാഡ്ഗില്‍ അലഞ്ഞലഞ്ഞും പഠിച്ചുപഠിച്ചും തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ മാമലകളെ കാക്കൂ, കേരളത്തെ നിലനിര്‍ത്തൂ എന്ന ആഹ്വാനമായി അദ്ദേഹം ദീര്‍ഘമായ ഒരു റിപ്പോര്‍ട്ട് തയാറാക്കി. തീര്‍ച്ചയായും ഒരു ജനവാസ കേന്ദ്രം കൂടിയാണല്ലോ കേരളം. മനുഷ്യരെ ബാധിക്കുന്നതാണല്ലോ മലയും മണ്ണും. ബോധ്യപ്പെടുത്തലുകളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ചില പ്രശ്‌നങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവിച്ചത് അതല്ല. ആ റിപ്പോര്‍ട്ടിന്റെ അന്തസത്തകളെ ചോര്‍ത്തി, മണ്ണും മലയും ഒരു വ്യവസായഉല്‍പന്നമാണെന്ന, ഉത്തരമുതലാളിത്തം പോലും കയ്യൊഴിഞ്ഞ ആശയത്തിന്റെ രൂപരേഖപോലെ പശ്ചിമഘട്ടം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ടിന്റെ പേര് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നായിരുന്നു. ആധുനിക ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയുടെ അടിവേര് ദേശീയപ്രസ്ഥാനത്തിന്റെ; സ്വാതന്ത്ര്യ സമരത്തിന്റെ പ്രകാശമുണ്ടായിരുന്ന നെഹ്‌റുവിയന്‍ സങ്കല്‍പനങ്ങളായിരുന്നു. പില്‍ക്കാല ഭരണകൂടങ്ങള്‍ വിദ്യാഭ്യാസം എന്ന പ്രമേയത്തോട് സ്വീകരിച്ച നിസ്സംഗതയാല്‍ ആ സങ്കല്‍പനങ്ങള്‍ നിറം മങ്ങി. ജ്ഞാനകേന്ദ്രിതമായ ഒരു വ്യവസ്ഥയായി പരികല്‍പിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസം കമ്പോളോന്‍മുഖമായ ഒന്നായി മാറിത്തീര്‍ന്നു. അതിനെതിരെ ചെറുത്തുനില്‍പുകളുമുണ്ടായി. എന്താണ് ചെറുത്തുനില്‍പിനുള്ള കാരണം? സങ്കല്‍പനത്തില്‍, വിഭാവനയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യത്തിന്റെ സത്ത നിറഞ്ഞതുമായ ഒന്നാണ്. പ്രയോഗത്തില്‍ അത് കമ്പോളോന്‍മുഖവും പുറന്തള്ളല്‍ സ്വഭാവമുള്ളതും ജനാധിപത്യവിരുദ്ധവുമായി മാറുമ്പോള്‍ സ്വാഭാവികമായും ്രപതിഷേധങ്ങള്‍ സംഭവിക്കും. കാരണം ആ നയം തിരുത്തപ്പെടണമല്ലോ?. നമ്മുടെ നയം അതല്ലല്ലോ? രോഹിത് വെമൂലയുടെ ആത്മഹത്യ അത്തരം ഒരു പ്രതിഷേധമായിരുന്നു. നിങ്ങള്‍ ഈ നടപ്പാക്കുന്നതല്ല ഇന്ത്യയുടെ വിദ്യാഭ്യാസ നയം എന്ന പ്രഖ്യാപനമായിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന പാരിസ്ഥിതിക ജാഗ്രത നയമായി മുകളിലുണ്ടെങ്കില്‍ മലയും മണ്ണും സംരക്ഷിക്കാന്‍ നിശ്ചയമായും പ്രതിഷേധങ്ങള്‍ ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ? അതിനാല്‍ ആ നയം റദ്ദാക്കി മറ്റൊരു പാരിസ്ഥിതിക പദ്ധതിയെ, ആശയത്തെ സ്ഥാപിക്കുകയായിരുന്നു കസ്തൂരിരംഗന്‍. അത് കമ്പോളോന്‍മുഖമായ ഒരു പാരിസ്ഥിതിക ആശയമായിരുന്നു.

കേള്‍ക്കൂ. ഇനി ഒരു രോഹിത് വെമുല ഉണ്ടാകില്ല. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ പുറംതള്ളല്‍ നയത്തില്‍ ്രപതിഷേധിച്ച് ഒരു ദളിതനോ മുസ്‌ലിമോ പഠനമുപേക്ഷിക്കില്ല. കാരണം പുറംതള്ളലിനെ നയപരമായി വ്യാഖ്യാനിക്കുകയും അതാണ് നയം എന്ന് സമര്‍ഥിക്കുകയുമാണ് ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ വിഭാവനം എന്ന് ചൂണ്ടിക്കാട്ടി, പ്രാദേശികസ്വത്വങ്ങളെ ഇതാ ഈ പഠനപദ്ധതി അഥവാ ഈ നയം റദ്ദാക്കുന്നു എന്ന് നാം ബഹളം വെക്കില്ല. കാരണം പുതിയ വിദ്യാഭ്യാസപദ്ധതി പ്രാദേശികഭേദങ്ങളെ മാനിക്കുന്നില്ല. സംവരണം എന്ന ലോകോത്തര പ്രയോഗത്തെ ഇതാ അട്ടിമറിക്കുന്നു എന്ന് കാട്ടി ഇനി പ്രക്ഷോഭമുയരില്ല. കാരണം സമീപഭാവിയില്‍ സംവരണം നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ പരിഗണനയല്ല. പല ഭാഷകളുടെ സിംഫണിയാണ് ഇന്ത്യയെന്ന് കവിതകളുണ്ട്. ഭാഷാവകാശത്തെ റദ്ദാക്കുന്നു എന്നും തല്‍പരലക്ഷ്യത്തോടെ ചില ഭാഷകള്‍ അടിച്ചേല്‍പിക്കുന്നു എന്നും കാട്ടി ഇനി പ്രക്ഷോഭിക്കുക സാധ്യമല്ല. കാരണം സംസ്‌കൃതത്തിന്‍േറയും ഹിന്ദിയുടെയും വ്യാപനത്തെ, വ്യാപിപ്പിക്കലിനെ നാം നയമായി സ്വീകരിക്കാന്‍ പോകുന്നു.
പറയുന്നത് രണ്ടാം മോഡിസര്‍ക്കാറിന്റെ ആദ്യ വിജ്ഞാപനങ്ങളിലൊന്നായി ഇപ്പോള്‍ നമുക്ക് മുന്നിലുള്ള വിദ്യാഭ്യാസ നയം സംബന്ധിച്ച കരടിനെക്കുറിച്ചാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ സമൂലം മാറ്റാന്‍ പോകുന്ന നിര്‍ദേശങ്ങള്‍ നാലുഭാഗങ്ങളായി, 477 പേജുകളിലായി ഇപ്പോള്‍ പൊതുമണ്ഡലത്തിലുണ്ട്. ജൂലൈ 31 വരെ കരടിന്‍മേല്‍ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ആ തീയതിയില്‍ മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്. തികച്ചും ജനാധിപത്യപരമെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ജനാധിപത്യരാജ്യങ്ങളില്‍ പോളിസി രൂപപ്പെടുത്തുന്നതിന്റെ മികച്ച മാതൃകയാണ് ഡ്രാഫ്റ്റും നിര്‍ദേശങ്ങളും നയനിര്‍മാണവും. ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത്, സ്‌കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ നിലനില്‍ക്കുന്ന അവസ്ഥകളെക്കുറിച്ച് അത്ര ദീര്‍ഘമല്ലാത്ത വിവരണം റിപ്പോര്‍ട്ടില്‍ പലയിടത്തായി വായിക്കാം.
പറഞ്ഞല്ലോ മോഡി സര്‍ക്കാരിന്റെ, സംഘപരിവാര്‍ സര്‍ക്കാരിന്റെ, നാടൊട്ടുക്കും പലതരം പ്രത്യാശാഭരിതമായ ചെറുത്തുനില്‍പുകള്‍ ഉയര്‍ന്നിട്ടും, കര്‍ഷകര്‍ ലക്ഷങ്ങളായി പെരുകി ഒഴുകിയെത്തിയിട്ടും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഒരു സര്‍ക്കാരിന്റെ നയരേഖയാണ് മുന്നില്‍. അതിന്റെ ആദ്യത്തെ വരി ഇന്ത്യയെ ഒരു നോളജ് സൂപ്പര്‍ പവര്‍ ആക്കുമെന്നാണ്. സൂപ്പര്‍ പവര്‍ എന്ന വാചകം ചില്ലറക്കാരനല്ല. അത് മോദിസര്‍ക്കാരിന്റെ ആപ്തവാക്യമാണ്.

നോളജ് സൂപ്പര്‍ പവര്‍ ഒരു മോശം കാര്യമല്ല. നനാതരം അറിവുകള്‍ ഏത് ദേശത്തുമുണ്ട്. അതിനെ ക്രോഡീകരിച്ച്, അതിന്റെ വ്യാപനത്തെ ശക്തിപ്പെടുത്തി ലോകത്തിന്റെ വൈജ്ഞാനിക സമ്പത്തിന് സമര്‍പ്പിക്കല്‍ മനുഷ്യരാശിയുടെ മുന്നോട്ടുപോക്കിനെ വലിയ തോതില്‍ സഹായിക്കും. അതിനാല്‍ ഡ്രാഫ്റ്റിന്റെ ആദ്യവരി നിങ്ങളെ സന്തുഷ്ടരാക്കും. അങ്ങനെ സന്തുഷ്ടരാവുന്ന നിങ്ങള്‍ ചരിത്രത്തെയും സമീപഭൂതകാലത്തെയും തെല്ലിട വിസ്മരിച്ചാല്‍ ഈ റിപ്പോര്‍ട്ടിന് നിസ്സംശയം കയ്യടിക്കാം. അതല്ല, ചരിത്രം നിങ്ങളിലെ ത്യാജ ഗ്രാഹ്യബുദ്ധിയെ മുനകൂര്‍പ്പിച്ച് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ പിന്നീടുള്ള ഭൂരിപക്ഷം വാക്കുകളിലും വരികളിലും പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞ് നടുങ്ങും.

ഒന്നാമതായി, അത് നോളജ് എന്ന വലിയ പ്രമേയത്തെ ഡ്രാഫ്റ്റിന്റെ പ്രായോജകര്‍ എങ്ങനെ സമീപിക്കുന്നു എന്ന തിരിച്ചറിവാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത് സംഘപരിവാറിന്റെ രാഷ്ട്രീയആയുധമായ കെട്ടുകഥകളിലും വീരസ്യങ്ങളിലും ആണ് അഭയം കണ്ടെത്തുന്നത്. പുഷ്പകവിമാനമാണ് വിമാന സാങ്കേതികതയുടെ പ്രഭവകേന്ദ്രമെന്നും മഹാഭാരതമാണ് ടെസ്റ്റ് ട്യൂബ് സാങ്കേതികതുടെ പേറ്റില്ലമെന്നും ഊറ്റം കൊള്ളുന്ന ഒന്നാണത്. അത്തരം ഊറ്റങ്ങള്‍ക്ക് ആധുനികവൈജ്ഞാനികതയില്‍ ഒരു സ്ഥാനവുമില്ലെന്ന്, ലോകം മാനിക്കില്ലെന്ന് അവരല്ലാത്ത എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

രണ്ടാമതായി, വിദ്യാഭ്യാസം എന്ന സമഗ്രവികസന പദ്ധതിയില്‍ നിന്ന് നിലവില്‍തന്നെ പിന്‍വാങ്ങിനില്‍ക്കുന്ന സര്‍ക്കാരിനെ പൂര്‍ണമായും പിന്‍വാങ്ങാന്‍ ഈ ഡ്രാഫ്റ്റ് സഹായിക്കുന്നു. വിപണി ഉന്മുഖ വിദ്യാഭ്യാസം എന്ന വൈജ്ഞാനികതയെ തരിമ്പും മാനിക്കാത്ത ഒരു നയത്തിലേക്കാണ് കസ്തൂരിരംഗന്റെ ഡ്രാഫ്റ്റ് വിരല്‍ചൂണ്ടുന്നത്.
മൂന്നാമതായി, അത് ഗവേഷണം പോലെ അത്യധികം സ്വാതന്ത്ര്യം ആവശ്യമുള്ള ഒരിടത്തേക്ക് സര്‍ക്കാരിനെയും കമ്പോളത്തെയും പ്രതിഷ്ഠിക്കുന്നു. ഗവേഷണത്തെ മല്‍സരോന്‍മുഖ പ്രക്രിയയാക്കി അവതരിപ്പിക്കുന്നു.

നാലാമതായി, അത് പരസ്പരവിരുദ്ധതയാല്‍ അവ്യക്തത സൃഷ്ടിക്കുന്നു. ഒരിടത്ത് സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമായാല്‍ തൊട്ടടുത്ത വരിയില്‍ നിയന്ത്രണത്തെക്കുറിച്ച് അതിവാചാലമാവുന്നു. ഈ പരസ്പരവിരുദ്ധത ഇത്തരമൊരു ഡ്രാഫ്റ്റിന്റെ സാംഗത്യമില്ലായ്മയും സാധുത ഇല്ലായ്മയും അപകടകരമാം വിധം വെളിപ്പെടുത്തുന്നു. സാംഗത്യം ഇല്ലാത്ത ഒന്ന്, സാധുതയില്ലാത്ത ഒന്ന് ഇത്തരത്തില്‍ എന്തിന് പൊതുസംവാദത്തിന് മുന്നോട്ടുവെക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരത്തിന് ആരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് എന്ന് നോക്കിയാല്‍ മതി.
അഞ്ചാമത്തേതാണ് നമ്മെ അടിമുടി നടുക്കേണ്ടത്. കാരണം അത് നമ്മുടെ കുഞ്ഞുങ്ങളെ പിടികൂടുന്നു. കാച്ച് ദെം യങ് എന്ന മുദ്രാവാക്യം ഓര്‍ക്കുമല്ലോ? നമ്മുടെ സ്‌കൂളിംഗ് സംവിധാനം ഈ വിധത്തില്‍ രൂപപ്പെട്ടതിന്റെ പ്രദേശികവും സ്വത്വപരവും ഭാഷാപരവുമായ ദര്‍ശനത്തെ ഈ ഡ്രാഫ്റ്റ് ഒറ്റയടിക്ക് റദ്ദാക്കുന്നു. മൂന്നുവയസ്സുമുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസമെന്ന നിര്‍ദേശം നോക്കൂ. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സമകാലിക കുടുംബാവസ്ഥകളില്‍ ആ നയം എന്ത് ഫലമാണ് ഉണ്ടാക്കുക? കുട്ടികളെ സ്‌കൂളില്‍ നിന്ന് അകറ്റുകമാത്രം ചെയ്യും. പ്രാദേശികതക്ക്, പ്രാദേശിക കൂട്ടായ്മകള്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് വലിയതോതില്‍ പങ്കാളിത്തമുള്ള ഒന്നാണ് ഇന്ത്യന്‍ സ്‌കൂളിംഗ്. അത് സമ്പൂര്‍ണമായി മാറുകയും കേന്ദ്രീകൃത സ്വഭാവമുള്ള, വരേണ്യമായ നിയന്ത്രണമുള്ള ഒന്നായി അത് സ്‌കൂളിംഗിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യും.

ആറാമതായി അത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ, പലതരത്തിലുള്ള ന്യൂനപക്ഷങ്ങളെ, വിദ്യാഭ്യാസത്തിന്റെ കര്‍തൃത്വത്തില്‍ നിന്ന് പുറത്താക്കും. ആരാണ് ഭരിക്കുന്നത് എന്ന ചോദ്യം ആവര്‍ത്തിക്കുന്നില്ല. എങ്ങനെ പുറത്താക്കുമെന്നല്ലേ? സ്‌കൂളിംഗ് ഏകശിലാത്മകമാവുമ്പോള്‍ ആ ശില ആരുടേതാവും എന്ന് സങ്കല്‍പിക്കൂ. ഉത്തരം കിട്ടും. ഉന്നത വിദ്യാഭ്യാസത്തിലേക്ക് സ്വയംഭരണാധികാരത്തോടെ കോര്‍പറേറ്റുകള്‍ കടന്നുവരുമ്പോള്‍ ആ മല്‍സരത്തില്‍ ആരാണ് ബാക്കിയാവുക എന്നും ആലോചിക്കൂ.
അവസാനമായി വാചകക്കസര്‍ത്തുകളാല്‍ സമ്പന്നമായ ഈ ഡ്രാഫ്റ്റ് നിയമമായാല്‍ ഡ്രാഫ്റ്റിലെ പരസ്പര റദ്ദാക്കലുകള്‍ മുഴച്ചുനില്‍ക്കുകയും നിയമം നിയമ വിരുദ്ധമായി തീരുകയും ചെയ്യും. അത്തരം നിയമവിരുദ്ധതയുടെ വാളുറയാണ് ഈ ഡ്രാഫ്റ്റ്.
സച്ചിദാനന്ദസിന്‍ഹ വിദ്യാഭ്യാസ കരടിനെ സംബന്ധിച്ച് ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനം അവസാനിപ്പിക്കുന്നത് പി.സി സര്‍ക്കാരിന്റെ മാജിക്കിനെ ഓര്‍മിച്ചുകൊണ്ടാണ്. എത്ര വെള്ളമൊഴിച്ചിട്ടും നിറയാത്ത പാത്രം. ഒടുവില്‍ ആ സത്യം വെളിപ്പെടുന്നു. അടി ഭാഗം ശൂന്യമായ ഒരു പാത്രമായിരുന്നു അത്. അത്തരമൊരു ചെപ്പടിവിദ്യയാണോ ഈ ഡ്രാഫ്റ്റ് എന്ന ചോദ്യമാണ് സിന്‍ഹ ഉയര്‍ത്തുന്നത്. കസ്തൂരിരംഗനും ഡ്രാഫ്റ്റും ബാക്കി വെക്കുന്നത് അതേ ചോദ്യമാണ്.
നിലവില്‍ വെമുലയുടെ വംശത്തിന് പഠിക്കാന്‍ പോവുകയെങ്കിലും ചെയ്യാമായിരുന്നു. പുതിയ നയം നടപ്പായാല്‍ സ്‌കൂളുകള്‍ അപ്രാപ്യമാവുന്ന കൂട്ടത്തില്‍ ആദ്യപേര് അവന്റെ വംശത്തിന്‍േറതാകും.

അതിനാല്‍ രോഹിത് വെമുലമാര്‍ ഇനി ആത്മഹത്യ ചെയ്യില്ല. എന്തെന്നാല്‍ ആത്മഹത്യ ചെയ്യാന്‍ അവര്‍ക്ക് ഒരു കാമ്പസ് ഇനിയുണ്ടാകാന്‍ തരമില്ല.

കെ കെ ജോഷി

You must be logged in to post a comment Login