നമ്മുടെ കയ്യിലല്ല വെള്ളത്തിന്റെ ഖജാനകള്‍

നമ്മുടെ കയ്യിലല്ല വെള്ളത്തിന്റെ ഖജാനകള്‍

ജലമാണ് ജീവന്റെ സ്രോതസ്സ് എന്ന് ഖുര്‍ആന്‍ (വിശുദ്ധ ഖുര്‍ആന്‍ ആശയം 21:30). മനുഷ്യരുടെയും മറ്റു ജന്തുക്കളുടെയും സസ്യലതാദികളുടെയെല്ലാം സ്രോതസ്സ് വെള്ളം തന്നെയാണ്. ഭൂമിക്ക് ചേതന ലഭിക്കുന്നത് വെള്ളം കൊണ്ടാണെന്ന് മറ്റൊട്ടേറെ ഇടങ്ങളില്‍. അറുപത്തിമൂന്ന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ വെള്ളത്തെ പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ പഠിതാവിന്റെ മുന്നില്‍ വെള്ളം അല്ലാഹുവിന്റെ മഹത്തായ കുറിമാനമാണ്.

‘അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി. മൃതമായിക്കിടന്നിരുന്ന ഭൂമിയെ അവന്‍ ജീവസ്സുറ്റതാക്കി. കേള്‍ക്കുന്ന ജനതക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്.’
‘ആകാശഭൂമികളുടെ സൃഷ്ടിപ്പിലും പകലിരവുകള്‍ മാറിവരുന്നതിലും ജനങ്ങള്‍ക്കുപകാരമുള്ള വസ്തുക്കള്‍ നിറച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലുകളിലും ആകാശത്ത് നിന്ന് അല്ലാഹു ഇറക്കിയ വെള്ളത്തിലും ദൃഷ്ടാന്തമുണ്ട്. അതുകാരണമായി അവന്‍ മൃതമായിക്കിടന്നിരുന്ന ഭൂമിയെ ജീവസ്സുറ്റതാക്കി. എല്ലാവിധ ജീവജാലങ്ങളെയും ഭൂമിയില്‍ വ്യന്യസിക്കുകയും ചെയ്തു. കാറ്റുകളുടെ ക്രയവിക്രയത്തിലും ആകാശഭൂമികള്‍ക്കിടയില്‍ വിധേയപ്പെടുത്തപ്പെട്ട മേഖലകളിലും ചിന്തിക്കുന്ന വിഭാഗത്തിന് ദൃഷ്ടാന്തമുണ്ട്.’ (2:64)
ജലം മനുഷ്യന്റെ സൃഷ്ടിയല്ല. അല്ലാഹുവിന്റേതാണ്. നമുക്ക് ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കാന്‍ വേണ്ടി എന്തൊക്കെ വിസ്മയകരമായ സംവിധാനങ്ങളാണ് പടച്ചവന്‍ ഒരുക്കിയതെന്നോ? ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗവും അവന്‍ കടലാക്കി സൃഷ്ടിച്ചു. ‘(ജലകണികകളെ) പറത്തിക്കൊണ്ട് പോകുന്ന കാറ്റുകള്‍ തന്നെയാണ! വലിയ ഭാരമുള്ള മേഘങ്ങളെ വഹിക്കുന്ന കാറ്റുകള്‍! തുടര്‍ന്ന് എളുപ്പത്തില്‍ അവയുമായി സഞ്ചരിക്കുന്ന കാറ്റുകള്‍! കല്പനപ്രകാരം മഴ വിതരണം ചെയ്യുന്ന കാറ്റുകള്‍!’
മഴയുടെ വ്യത്യസ്തഘട്ടങ്ങളെ എത്ര സുന്ദരമായാണ് അല്ലാഹു ആഖ്യാനിച്ചിരിക്കുന്നത്.
സമൃദ്ധമായി ശുദ്ധജലം നാം ഉപയോഗിക്കുന്നു; എന്നാല്‍ അതിന്റെ നാലു ഘട്ടങ്ങള്‍ വളരെ പ്രധാനമാണ്.

ഒന്ന് : ഉപരിലോകത്ത് നിന്ന് വെള്ളം മഴയായി പെയ്യുക.
രണ്ട് : അവ ഭൂഗര്‍ഭ അറകളില്‍ നിറക്കുക.
മൂന്ന് : അവയില്‍ നിന്ന് ഉറവയായും ഉപരിതലത്തില്‍ തന്നെ ജലാശയങ്ങളിലും നിലനില്‍ക്കുന്ന വെള്ളത്തില്‍ ഉപ്പ് രസമില്ലാതെ അതിന്റെ വിശുദ്ധി നിലനിര്‍ത്തുക.
നാല്: അവ വരണ്ടു പോകാതെ ഒഴുകുന്ന ജലമായി നിലനിര്‍ത്തുക.
ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യങ്ങളാണ്. ഇതൊന്നും മനുഷ്യന്റെ ശ്രമഫലങ്ങളല്ല. ഓരോ ജലത്തുള്ളിയിലും ജഗന്നിയന്താവിന്റെ സൃഷ്ടിവൈഭവവും പരിപാലനവും ഉള്‍കൊണ്ട് നന്ദിയുള്ള അടിമയായി ജീവിക്കാന്‍ മനുഷ്യന്‍ മെനക്കടണം.
ഈ വ്യത്യസ്ത ഘട്ടങ്ങളിലേക്ക് സൂചിപ്പിക്കുന്ന ആയത്തുകള്‍ നോക്കൂ.
ഒന്ന് : ‘നിങ്ങള്‍ പാനം ചെയ്യുന്ന ജലത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. നിങ്ങളാണോ മേഘത്തില്‍ നിന്ന് അവ വര്‍ഷിപ്പിച്ചത് അതോ നാമാണോ?’ (56:69).
എന്തിന്? ജലം പെട്ടെന്ന് ബാഷ്പീകരിക്കാന്‍!

നോക്കൂ.. ഒരു ഗ്ലാസ് വെള്ളം ഒരിടത്ത് വെച്ചാല്‍ അടുത്ത ദിവസമായാലും അതവിടെ അങ്ങനെത്തന്നെയുണ്ടാകും. ഇത്തിരി വെള്ളം ഒരു ഗ്ലാസിന്റെയോ മറ്റോ പ്രതലത്തില്‍ ഒഴിച്ചുവെന്ന് സങ്കല്‍പിക്കുക. വെള്ളത്തിന്റെ വ്യാപ്തി കൂടുന്നതിനനുസരിച്ച് ബാഷ്പീകരണം വര്‍ധിക്കുന്നതായിക്കാണാം. അപ്പോള്‍ കൂടുതല്‍ ബാഷ്പീകരണം നടക്കാനാണ് കൂടുതല്‍ പ്രവിശ്യയില്‍ വെള്ളം വെച്ചത്. അങ്ങനെ ആ ഉപ്പ്ജലസംഭരണി ബാഷ്പീകരിക്കപ്പെടുമ്പോള്‍ ഉപ്പിന്റെ അംശങ്ങള്‍ ഒഴിവായി ജലകണികകള്‍ മുകളിലോട്ട് ഉയരുന്നു. ബാഷ്പീകരണത്തിനായി സൂര്യന്‍ പണിയെടുക്കുന്നു. ജലകണികകളെ മുകളിലേക്കുയര്‍ത്താനായി കാറ്റ് ജോലി ചെയ്യുന്നു. അങ്ങനെ അന്തരീക്ഷത്തില്‍ മേഘക്കീറുകള്‍ രൂപപ്പെടുന്നു. അവ പരസ്പരം കൂടിച്ചേരുന്നു. വലിയ മേഘങ്ങള്‍ രൂപപ്പെടുന്നു. ചില മേഘങ്ങള്‍ പത്തു കിലോമീറ്റര്‍ വരെയൊക്കെ ഉയരത്തില്‍ ഒരു വലിയ കൂനയായി നിലകൊള്ളുന്നു. പിന്നീട് അവ അല്ലാഹു നിശ്ചയിച്ച ഭാഗത്തേക്ക് എളുപ്പത്തില്‍ സഞ്ചരിക്കുന്നു. അവിടെ മഴ വര്‍ഷിക്കുന്നു. അങ്ങനെ ശുദ്ധജലം പെയ്ത് കിണറുകളും ആറുകളും നിറയുന്നു.
ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നുവെന്നോ?
നിനക്ക് ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കാന്‍.

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അവഗണിക്കാനാവുമോ നമുക്ക്.
‘അല്ലാഹു മേഘങ്ങളെ തെളിച്ചുകൊണ്ട് പോകുന്നത് നീ കാണുന്നില്ലേ; അവന്‍ അവയെ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് അതിനെ അവന്‍ വലിയ കൂനയാക്കി മാറ്റുന്നു. അവയ്ക്കിടയിലൂടെ മഴ പെയ്യുന്നത് നീ കാണുന്നു.’ (24:42)

ഒരു തുള്ളിയും പാഴാക്കാരുത്
‘മുസബ്ബലായ’ വെള്ളം കൊണ്ട് അംഗശുദ്ധിചെയ്യുമ്പോള്‍ മുന്നിലധികം പ്രാവശ്യം കഴുകുന്നത് നിഷിദ്ധമാണെന്നാണ് മതവിധി. അംഗശുദ്ധിക്ക് വേണ്ടി സംവിധാനിക്കപ്പെട്ട പൊതുവെള്ള സംഭരണികളാണ് ‘മുസബ്ബല്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പള്ളികളിലെ ജലസംഭരണി- ഹൗള് ഉദാഹരണം. പള്ളികളിലെ ഹൗള് നിസ്‌കാരനുബന്ധമായ ശുചീകരണങ്ങള്‍ക്കുവേണ്ടി സംവിധാനിക്കപ്പെട്ടത് ആണല്ലോ. അപ്പോള്‍ അവിടെ നിന്ന് അതുമാത്രമേ ചെയ്യാവൂ. വുളൂവിന്റെ- അംഗശുദ്ധിയുടെ പൂര്‍ണരൂപം എടുത്താലും കുഴപ്പമില്ല. പക്ഷേ മൂന്നിലേറെ കഴുകേണ്ട ഒരാവശ്യം ഒരു അവയവത്തിനും ഇല്ല. നാലാമത്തെ പ്രവാശ്യം കഴുകുന്നത് സ്വന്തം വെള്ളമാണെങ്കില്‍ കറാഹത്താണ്. പൊതുവെള്ളമാണെങ്കില്‍ ഹറാം! മറ്റുള്ളവരെ പ്രയാസപ്പെടുത്തും അതെന്നതാണ് കാരണം.

ഈ മസ്അലയിലെ മാനവികതയും പാരിസ്ഥിതിക ഉണര്‍വും ഒന്നാലോചിച്ച് നോക്കിയേ. നമ്മുടെ അമിതവ്യയം കാരണമായി മറ്റുള്ളവര്‍ കഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കണം. ആ വ്യയം ഒരു ആരാധനയുടെ അനുബന്ധ ചടങ്ങ് ആണെങ്കില്‍ പോലും.

വുളു ഇവിടെ ഒരു സിംബലാണ്. വെള്ളം ആവശ്യമായി വരുന്ന എല്ലാവര്‍ക്കും ബാധകമാവുന്ന ഒരു സുപ്രധാന ആരാധനയാണത്. പല ഹദീസുകളും ഇവ്വിഷയകമായി വന്നിട്ടുണ്ട്. തിരുനബി ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂ ചെയ്യുകയും ഒരു സ്വാഅ് വെള്ളം കൊണ്ട് കുളിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസില്‍ കാണാം. 3.200 ലിറ്ററാണ് ഒരു സ്വാഅ്. 800 മി.ലിറ്ററാണ് ഒരു മുദ്ദ്. മുത്ത്‌നബിക്ക് വുളൂ ചെയ്യാന്‍ ഒരു ലിറ്റര്‍ പോലും വെള്ളം ആവശ്യമായിരുന്നില്ല. 800 മി.ലിറ്ററിനെക്കാള്‍ വെള്ളം വുളൂ ചെയ്യാനും 3.200 ലിറ്ററിനെക്കാള്‍ കൂടുതല്‍ കുളിക്കാനും ഉപയോഗിക്കരുത്. കറാഹതാണ്. നമ്മള്‍ വുളൂ ചെയ്യുന്ന ടാപ്പിനടിയില്‍ ഒരു ബക്കറ്റ് വെച്ച് നോക്കൂ! എത്ര ലിറ്ററുകള്‍!

സഅ്ദു ബിന്‍ അബീ വഖാസ്(റ) വുളൂ ചെയ്തുകൊണ്ടിരിക്കേ തിരുനബി അതിലൂടെ പോകാനിടയായി. നബി ചോദിച്ചു: ‘ഇതെന്തൊരു അമിതവ്യയമാണ്!’
‘വുളൂഇലും അമിതവ്യയം ഉണ്ടോ?’ അദ്ദേഹം ചോദിച്ചു. ‘അതേ! ഒഴുകുന്ന പുഴയില്‍ നിന്ന് വുളൂ ചെയ്യുകയാണെങ്കില്‍ പോലും!’
പുഴയില്‍ നിന്ന് ആരാധനക്കായി വെള്ളമെടുക്കുമ്പോള്‍ പോലും അമിതവ്യയം അരുതെന്ന് പഠിപ്പിച്ച തിരുനബി, ജലസംരക്ഷണത്തിന്റെ മഹാപാഠങ്ങളാണ് പകര്‍ന്നു നല്‍കിയത്.

രണ്ട് : ‘ആകാശത്തു നിന്നും നിശ്ചിത കണക്കനുസരിച്ച് വെള്ളം ഇറക്കി. അവയെ ഭൂമിയില്‍ നാം സംഭരിച്ചു. അതിനെ പോക്കിക്കളയാന്‍ നമുക്ക് കഴിയുമായിരുന്നു.'(23:18)
‘വെള്ളത്തെ ഗര്‍ഭം പേറിയ കാറ്റുകളെ നാം പറഞ്ഞയച്ചു. അങ്ങനെ ആകാശത്തു നിന്ന് മഴ വര്‍ഷിപ്പിച്ച് നിങ്ങളെ കുടിപ്പിച്ചു. അവയെ സംഭരിച്ച് നിര്‍ത്തുന്നത് നിങ്ങളല്ല കെട്ടോ..’ (15; 22)
മൂന്ന് : അടുത്തടുത്തായി രണ്ട് സമുദ്രങ്ങളെ ഒഴുക്കിവിട്ടവനാണവന്‍. ഒന്ന് ശുദ്ധലം, മറ്റൊന്ന് ശക്തമായ ഉപ്പുവെള്ളം. അവയ്ക്കിടയില്‍ അവന്‍ ശക്തമായ മറ സ്ഥാപിച്ചു'(25:53). ‘നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ആ മഴവെള്ളത്തെ നാം ഉപ്പ് രസമുള്ളതാക്കുമായിരുന്നു. നിങ്ങള്‍ നന്ദി ചെയ്യുന്നില്ലേ?

നാല്: ‘നബിയെ! അങ്ങ് പറഞ്ഞേക്കുക!
നിങ്ങളുടെ വെള്ളം ഒരു പ്രഭാതത്തില്‍ മരുഭൂമിയിലേക്ക് താഴ്ന്നുപോയാല്‍ ആരാണ് ഒഴുകുന്ന വെള്ളം നിങ്ങള്‍ക്ക് കൊണ്ടുവന്ന് തരിക.’
അല്ലാഹു എല്ലാം ഓശാരമായി നല്‍കിയതാണ്. ഇതറിയിക്കാനും പാഠമുള്‍കൊള്ളാനുമൊക്കെയാണ് അവന്‍ ഇടയ്ക്കിടക്ക് ചില പരീക്ഷണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായി ജലനിരപ്പ് കൂടിയത് കാരണം തുറന്നുവിട്ട ഡാമുകള്‍ ഈ മഴക്കാലത്ത് വറ്റിവരണ്ട് കിടക്കുകയാണ്. രണ്ടുകൊല്ലം മുമ്പ് പ്രളയം ബാധിച്ച് ദുരിതബാധിതരായ തമിഴ്‌നാട്ടുകാര്‍ ഇന്ന് ഒരു കുടം വെള്ളം കിട്ടാനായി പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുകെട്ടിക്കഴിയുകയാണ്. പറയൂ, നമ്മുടെ കയ്യിലാണോ വെള്ളത്തിന്റെ ഖജാനകള്‍?

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login