തടയണകള്‍ സ്വയം പണിയാന്‍ കഴിയാത്തവരെന്തു ചെയ്യും?

തടയണകള്‍ സ്വയം പണിയാന്‍ കഴിയാത്തവരെന്തു ചെയ്യും?

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗണ്യമായി ശക്തിപ്പെട്ടില്ലെങ്കില്‍, വരും മാസങ്ങളില്‍ മഴയുടെ വിതരണം മെച്ചപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വീണ്ടും വരള്‍ച്ചയുണ്ടാകും. 2019 ജൂലൈ 7 വരെ ഇന്ത്യയിലെ 266 ജില്ലകളില്‍ മഴയുടെ കുറവ് നാല്പതു ശതമാനമോ അതിനു മുകളിലോ ആയിരുന്നു. അതില്‍ പകുതി ജില്ലകളില്‍ ആ കുറവ് അറുപതു ശതമാനത്തില്‍ കൂടുതലും 46 ജില്ലകളില്‍ എണ്‍പതു ശതമാനത്തില്‍ കൂടുതലുമായിരുന്നു. ഇതില്‍ പലതും മണ്‍സൂണ്‍ അടുത്തു മാത്രം എത്തിയ വടക്കേ ഇന്ത്യയിലാണ്. എന്നാല്‍ മണ്‍സൂണ്‍ മുമ്പേ എത്തിയ തെക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്. ജൂണ്‍ എട്ടോടെ മണ്‍സൂണ്‍ എത്തിച്ചേര്‍ന്ന കേരളത്തിലും തമിഴ്‌നാട്ടിലും മഴയുടെ കുറവ് യഥാക്രമം നാല്‍പത്തി അഞ്ചും നാല്‍പത്തി എട്ടും ശതമാനമാണ്.

തമിഴ്‌നാട്ടിലെ 32 ജില്ലകളില്‍ പത്തൊമ്പതിലും മഴയുടെ കുറവ് നാല്പതു ശതമാനമാണ്. എന്നാല്‍ ശേഷിച്ച പതിനാല് ജില്ലകളില്‍ അത് അറുപതു ശതമാനമോ അതിന് മുകളിലോ ആണ്. രാമനാഥപുരത്ത് ഈ മണ്‍സൂണില്‍ മഴ ലഭിച്ചിട്ടേ ഇല്ല. നാലു ജില്ലകളിലത് 90 ശതമാനത്തില്‍ കൂടുതലാണ്.

പോണ്ടിച്ചേരിയിലെ എല്ലാ ജില്ലകളിലും മഴയുടെ കുറവ് നാല്പതു ശതമാനത്തില്‍ കൂടുതലാണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിനും ഈ വര്‍ഷം മാര്‍ച്ചിലുണ്ടായ കൊടുംചൂടിനും ശേഷം മോശമായ മണ്‍സൂണ്‍ പോണ്ടിച്ചേരിയ്ക്ക് വരള്‍ച്ചയുടെ ഭീതി നല്‍കിയിരിക്കുകയാണ്.

ആന്ധ്രയിലും കര്‍ണ്ണാടകയിലും സ്ഥിതി അല്പം മെച്ചപ്പെട്ടതാണ്. എങ്കിലും ചില പ്രദേശങ്ങളില്‍ മഴ കുറഞ്ഞിട്ടുണ്ട്. തെലുങ്കാനയില്‍ വീണ്ടും 31 ജില്ലകളില്‍ പതിനൊന്നിലും മഴയുടെ കുറവുണ്ട്. പശ്ചിമബംഗാളില്‍ പതിനാലും ബീഹാറില്‍ പതിനഞ്ചും ഝാര്‍ഖണ്ഡില്‍ ഇരുപത്തിയേഴും ജില്ലകളില്‍ മഴയുടെ കുറവുണ്ട്.
കഴിഞ്ഞ മണ്‍സൂണ്‍ മുതല്‍ വരള്‍ച്ച അനുഭവിച്ച വടക്കുകിഴക്കന്‍ പ്രദേശത്തിന് ഇത്തവണയും ആശ്വാസം ലഭിച്ചില്ല. മണിപ്പൂരില്‍ 63 ശതമാനവും അരുണാല്‍ പ്രദേശില്‍ 33 ശതമാനവും മഴയുടെ കുറവുണ്ട്. ജൂലൈ 15 നു ശേഷം മണ്‍സൂണ്‍ ഇടവേളയിലേക്ക് മടങ്ങുമെന്ന കാലാവസ്ഥാ പ്രവചനവുമുണ്ട്. അതിനര്‍ഥം ജൂലൈയിലെ മൊത്തം മഴയും കുറവാകുമെന്നാണ്. 1877 മുതല്‍ 2005 വരെ ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും മോശം വരള്‍ച്ചകളില്‍ ആറും ജൂലൈയിലെ മഴക്കുറവു കൊണ്ടുണ്ടായതാണെന്ന് പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ സജീവമായ മഴക്കാലം ബീഹാറിലെയും അസമിലെയും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഒറ്റപ്പെട്ട ജില്ലകളില്‍ കനത്ത മഴ പെയ്യിക്കുകയും അതു വഴി പ്രളയമുണ്ടാകുകയും ചെയ്‌തേക്കാം. മഴയില്ലാത്ത കാലവും അതിനു ശേഷം കനത്ത മഴയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ മണ്‍സൂണിന്റെ മുഖമുദ്രയാണ്. ഈ പ്രതിഭാസം നിരവധി പ്രദേശങ്ങളെ വരള്‍ച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും നിര്‍ദയമായ വൃത്തത്തില്‍ കുടുക്കിയിട്ടിരിക്കുകയാണ്.

ഈയവസരത്തില്‍ രാജ്യത്തെ ജലസംരക്ഷണനയത്തില്‍ ഈയ്യടുത്ത കാലത്തുണ്ടായ കാതലായ മാറ്റങ്ങളെ വിശകലനം ചെയ്യുന്നത് ഉപകാരപ്രദമാണ്.

ചമാരിയയുടെ തടയണ
ജൂണ്‍ മാസത്തിലെ കൊടുംചൂടില്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ മന്നുബായ് ചമാരിയ ഉണങ്ങിപ്പോയ ഒരു അരുവിയുടെ കരയിലേക്ക് ഭാരമുള്ള ഉരുളന്‍ കല്ലുകള്‍ താങ്ങിക്കൊണ്ട് വരികയാണ്. അവിടെ മറ്റു പണിക്കാര്‍ ഒരു ചെറിയ തടയണ നിര്‍മിക്കുന്നുണ്ട്. ആ പണി അല്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും തടയണ ദാഹിച്ചു വലയുന്ന കൃഷിയിടങ്ങള്‍ക്ക് വെള്ളവും തങ്ങള്‍ക്ക് ഐശ്വര്യവും കൊണ്ടു വരുമെന്ന വിശ്വാസത്തിലാണവര്‍.

‘സാധാരണയായി ഈ അരുവി മണ്‍സൂണില്‍ മാത്രമാണ് നിറയുന്നത്,’ ചമാരിയ പറഞ്ഞു. നാല്പതുകളില്‍ പ്രായമുള്ള ആ സ്ത്രീ സാംഗ്‌വി ഗ്രാമത്തിലെ കറുത്ത മണ്ണില്‍ സോയാബീനും പരുത്തിയും കൃഷി ചെയ്യുന്നുണ്ട്. ‘എന്നാല്‍ ഈ തടയണ മറ്റു കാലങ്ങളിലും വെള്ളം കിട്ടാന്‍ ഞങ്ങളെ സഹായിക്കും.’

അത്തരം തടയണകള്‍ക്ക് അരുവി നിറഞ്ഞാല്‍ തുറന്നു വിടാന്‍ നീര്‍ച്ചാലുകളോ ലോഹവാതിലുകളോ കാണും. ‘അത്തരം വാതിലുകള്‍ വെള്ളം തുറന്നുവിടാന്‍ സഹായിക്കും,’ ഗ്രാമവാസികളെ തടയണകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന സന്നദ്ധ സംഘടനയായ സമാജ് പ്രഗതി സഹയോഗിലെ കാര്‍ഷിക എന്‍ജിനീയറായ രാധേശ്യാം പാട്ടീല്‍ പറഞ്ഞു: ‘അവയില്ലെങ്കില്‍ അരുവികളില്‍ ചേറ് വന്നടിയുകയും വെള്ളം സംഭരിക്കാനുള്ള ശേഷി പെട്ടെന്ന് കുറയുകയും ചെയ്യും.’ അതു കൊണ്ടാണ് നിര്‍ഗമന വാതിലുകളുള്ള തടയണകള്‍ ജലസംരക്ഷണത്തിന് പ്രധാനമാകുന്നത്.
എന്നാല്‍ തടയണകള്‍ക്ക് ധനസഹായം നല്‍കുന്ന ജില്ലാഭരണകൂടം അതില്‍ നിര്‍ഗമനദ്വാരങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കാറില്ല. നരേന്ദ്രമോഡി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ ജലസംരക്ഷണ നയത്തില്‍ വന്ന വിവാദപരമായ മാറ്റമാണതിനു കാരണം.

ചമാരിയയുടെ ഗ്രാമത്തില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന തടയണ കേന്ദ്ര സര്‍ക്കാരിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ കീഴിലുള്ള നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമാണ്. നീര്‍ത്തടങ്ങള്‍ മഴവെള്ളം സ്വീകരിക്കുന്ന തടങ്ങളാണ്. അവ മഴവെള്ളത്തെ മണ്ണില്‍ സൂക്ഷിക്കുകയും ശേഷിച്ചത് അരുവികളിലേക്കും പുഴകളിലേക്കും ഒഴുക്കിവിടുകയും ചെയ്യുന്നു.
2009 ല്‍ തുടങ്ങിയ സംയോജിത നീര്‍ത്തട പരിപാലന പരിപാടി മണ്ണിനോടും കാടുകളോടുമൊപ്പം വെള്ളത്തെ നൂറു കണക്കിന് പദ്ധതികളിലൂടെ സംരക്ഷിച്ച് ഇന്ത്യയിലെ വരള്‍ച്ചയെ ചെറുക്കാനാണ് ലക്ഷ്യമിടുന്നത്. 5000 ഏക്കറിലധികം വ്യാപ്തിയുള്ള നീര്‍ത്തടതലത്തിലാണ് ഓരോ പദ്ധതിയും പ്രവര്‍ത്തിക്കുന്നത്. ദശകങ്ങളോളം ഈ സംയോജിത പരിപാടി വെള്ളം ദുര്‍ലഭമായ പ്രദേശങ്ങളിലെ പാരിസ്ഥിതികസംരക്ഷണത്തിന്റെ വിജയിച്ച മാതൃകയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലത് തികച്ചും അനിവാര്യമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ത്യയുടെ മൂന്നില്‍ രണ്ടു ഭാഗവും വരണ്ട പ്രദേശമാണ്. അവിടത്തെ കൃഷിയുടെ 53 ശതമാനവും മഴയെ ആശ്രയിച്ചുള്ളതാണ്. ക്രമം നഷ്ടപ്പെട്ട കാലാവസ്ഥ അതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ അങ്ങേയറ്റം ദുര്‍ബലമാണ്. ജൂണ്‍ മൂന്നാമത്തെ ആഴ്ചയില്‍ ഇന്ത്യയുടെ 43.62 ശതമാനം ഭാഗവും വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ നാലാമത്തെ വന്‍നഗരമായ ചെന്നൈ കടുത്ത വരള്‍ച്ചയിലാണ്. ഈ അവസ്ഥയില്‍ ഇന്ത്യ ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും മികച്ച വഴി നീര്‍ത്തട പരിപാലനമാണ്.

മരിക്കുകയാണ് നീര്‍ത്തട പദ്ധതി
സംയോജിത നീര്‍ത്തട പരിപാലന പരിപാടി പതിയെ മരിക്കുകയാണ്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു കൊല്ലത്തിനകം പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന പ്രഖ്യാപിക്കപ്പെട്ടു. ‘എല്ലാ കൃഷിയിടത്തിനും വെള്ളം’ എന്നും ‘ഓരോ തുള്ളിയ്ക്കും കൂടുതല്‍ വിള’ എന്നുമാണ് അതിന്റെ മുദ്രാവാക്യങ്ങള്‍.
കൃഷിയിടത്തിലേക്കുള്ള ജലസേചനത്തിലുള്ള സങ്കുചിതമായ ഊന്നല്‍ നീര്‍ത്തട പരിപാലനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍ നിന്നുള്ള കാതലായ മാറ്റമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നീര്‍ത്തട പരിപാലനം വെള്ളം സംരക്ഷിക്കുക മാത്രമല്ല, പ്രാദേശിക പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കല്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. വെള്ളം ഏറെ ഉപയോഗിക്കുന്ന വിളകളില്‍ നിന്ന് കര്‍ഷകരെ അകറ്റി വെള്ളത്തിന്റെ സുസ്ഥിരമായ ഉപയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും നീര്‍ത്തട പരിപാലനത്തിന്റെ ഊന്നലാണ്.

മോഡി സര്‍ക്കാര്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി നിര്‍ത്തിയില്ല. പകരം അതിനെ പ്രധാന്‍മന്ത്രി സിഞ്ചായി യോജനയുടെ നീര്‍ത്തട വികസന ഘടകത്തിന്റെ ഭാഗമാക്കി. എന്നാല്‍ പ്രായോഗിക തലത്തില്‍ ആ പരിപാടി ഇല്ലാതായി എന്നു തന്നെ പറയാം. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ആ പരിപാടിക്കുള്ള കേന്ദ്ര സഹായം ഗണ്യമായി വെട്ടിച്ചുരുക്കപ്പെട്ടിട്ടുണ്ട്. 2014-15 ല്‍ അത് 2284 കോടിയായിരുന്നെങ്കില്‍ അടുത്തവര്‍ഷമത് 1487 കോടിയായി ചുരുങ്ങി.

പരിപാടിയിയുടെ അടിസ്ഥാനലക്ഷ്യങ്ങള്‍ക്കും കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ നേരിട്ട് ജലസേചനത്തിനുപകരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ അനുമതിയും ധനസഹായവും ലഭിക്കുന്നുള്ളൂ. അതു കൊണ്ടു തന്നെ ജലനിര്‍ഗമനദ്വാരങ്ങളില്ലാത്ത തടയണകള്‍ക്കാണ് പ്രാമുഖ്യം. മണ്ണുസംരക്ഷണത്തിനുള്ള നിര്‍മിതികള്‍ക്ക് അനുമതി ലഭിക്കുന്നില്ല.
2016 മുതല്‍ സര്‍ക്കാര്‍ പുതിയ നീര്‍ത്തട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നില്ല. മുപ്പത്തിയൊമ്പത് ദശലക്ഷം ഹെക്ടര്‍ സ്ഥലത്ത് നീര്‍ത്തട പരിപാലനം എന്ന ലക്ഷ്യത്തില്‍ നിന്ന് വെറും പതിനൊന്നര ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനം എന്നതിലേക്ക് പരിപാടി ചുരുങ്ങിപ്പോയിരിക്കുന്നു എന്നര്‍ഥം.

പുറകോട്ട് സഞ്ചരിക്കുന്ന സര്‍ക്കാര്‍
‘കാര്‍ഷിക ജലസേചനത്തിലേക്ക് ഊന്നല്‍ മാറ്റിയതിലൂടെ സര്‍ക്കാര്‍ ജലസംരക്ഷണ ശ്രമങ്ങളെ ഇരുപതു വര്‍ഷം പുറകിലേക്കു കൊണ്ടുപോയിരിക്കുകയാണ്.’ സമാജ് പ്രഗതി സഹയോഗിന്റെ സ്ഥാപക അംഗമായ വിജയ് ശങ്കര്‍ പറഞ്ഞു. രണ്ടു പതിറ്റാണ്ടുകളിലൂടെ നിരവധി വിദഗ്ദ്ധ സമതികളുടെ പഠനങ്ങളുടെയും അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ എണ്ണമില്ലാത്ത പരീക്ഷണങ്ങളുടെയും ഫലമായിരുന്നു സംയോജിത നീര്‍ത്തട പരിപാലന പരിപാടി. എന്നാല്‍ അതില്‍ വരുത്തിയ മാറ്റം യാതൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമായിരുന്നില്ല. ഈ പരിപാടി നടത്തുന്നത് ഗ്രാമവികസന മന്ത്രാലയമാണ്. മാറ്റങ്ങള്‍ വരുത്തിയതാകട്ടെ ധനകാര്യങ്ങള്‍ക്കായുള്ള മന്ത്രിസമിതിയും. നീര്‍ത്തടപരിപാലനപരിപാടികള്‍ ഫലം കണ്ടു തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലും വേണം. ഇടയ്ക്ക് ഇത്തരത്തില്‍ പരിപാടിയില്‍ കാതലായ മാറ്റങ്ങളുണ്ടാക്കുന്നത് ആശ്വാസ്യമല്ല.

സാമ്പ്രദായികമായ ജലസേചനപദ്ധതികള്‍ അണക്കെട്ടുകളുടെയും കുളങ്ങളുടെയും നിര്‍മ്മാണത്തിലാണ് വിരലൂന്നുന്നത്. അവയെല്ലാം തന്നെ താഴ്‌വരകളിലുമായിരിക്കും. എന്നാല്‍ മഴ വെള്ളം ഒഴുകിയിറങ്ങുന്ന സ്ഥലങ്ങളെ കുറിച്ച് അതു നിശ്ശബ്ദമാണ്. നീര്‍ത്തട പരിപാലനത്തില്‍ ഇവ രണ്ടും സംരക്ഷിക്കപ്പെടുകയും ഭൂഗര്‍ഭജലം ഉയരുകയും ചെയ്യുന്നു. മണ്ണൊലിപ്പ് ജലസംരക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വനസംരക്ഷണവും നീര്‍ത്തടപരിപാലനത്തിന്റെ ലക്ഷ്യമാണ്.

ഇന്ത്യയില്‍ 1980 കള്‍ മുതല്‍ പല രൂപങ്ങളില്‍ നീര്‍ത്തടപരിപാലനം നടത്തുന്നുണ്ട്. അതാണ് 2009 ല്‍ പ്രത്യേക പരിപാടിയായി പ്രഖ്യാപിക്കപ്പെട്ടത്. 2009 മുതല്‍ 2015 വരെ ഗ്രാമവികസന മന്ത്രാലയം 8214 നീര്‍ത്തട വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിലെ 39 ദശലക്ഷം ഹെക്ടര്‍ ഭൂമി ഇതിലുള്‍പ്പെട്ടിരുന്നു. ഓരോ പദ്ധതിയും 2000 മുതല്‍ 5000 വരെ-സാധാരണയായി എട്ടു മുതല്‍ പത്തു വരെ- ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്നു. മിക്ക പദ്ധതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നടത്തുന്നത്. ചിലത് സന്നദ്ധ സംഘടനകളും.

ആദ്യം മുതലേ തദ്ദേശീയ സമൂഹത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി നീര്‍ത്തടപരിപാലനത്തിനു പുറകിലെ ശാസ്ത്രത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളുണ്ട്. ഗ്രാമസമിതികളാണ് പിന്നീട് കാര്യങ്ങള്‍ നടത്തുന്നത്. കാര്‍ഷിക ജലസേചനത്തിലേക്കുള്ള മാറ്റം നീര്‍ത്തടപരിപാലനപരിപാടിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

വെള്ളം ദുര്‍ലഭമായ പ്രദേശത്തു താമസിക്കുന്നവര്‍ക്കാണ് ഇതു കൊണ്ട് ദോഷമുണ്ടാകുന്നത്. ‘ഞങ്ങളുടെ ഭൂഗര്‍ഭ ജലം വളരെ താഴെയാണ്. അത്യാവശ്യമായി തടയണകള്‍ നിര്‍മിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സഹായിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ കഴിയുന്നതു പോലെ അതു ചെയ്യും,’ മധ്യപ്രദേശിലെ ഖോല്‍വാ ഗ്രാമത്തിലെ അസിഫ് ഖാന്‍ പറഞ്ഞു.

അക്ഷിത് അങ്കോംല, അരേഫ ജോഹരി, നിത്യ സുബ്രഹ്മണ്യന്‍

You must be logged in to post a comment Login