മോഡി 2.0 സംഘകാല കണക്കുപുസ്തകത്തിലെ കര്‍ഷകര്‍

മോഡി 2.0 സംഘകാല കണക്കുപുസ്തകത്തിലെ കര്‍ഷകര്‍

27,86,349 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് 2019-20 കാലയളവിലേക്കായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് (അഞ്ച് ലക്ഷം കോടി ഡോളര്‍) ഉയര്‍ത്തുമെന്ന ഗംഭീര പ്രഖ്യാപനവും ധനമന്ത്രി ബജറ്റ്പ്രസംഗത്തില്‍ നടത്തുകയുണ്ടായി. ബാങ്കിംഗ് മേഖലയില്‍ കുതിച്ചുയരുന്ന കിട്ടാക്കട (Non Performing Asset-NPA) പ്രതിസന്ധി, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ഉല്‍പാദന മാന്ദ്യം, വിദേശ കടത്തിലെ വര്‍ധനവ്, വിദേശനിക്ഷേപത്തിലെ ഇടിവ് തുടങ്ങി സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ഒരു പരാമര്‍ശവും നടത്താതെയാണ് അഞ്ച് ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയെക്കുറിച്ച് ധനമന്ത്രി വാചാലയായിരിക്കുന്നത്. സംഘകാല കണക്കുപുസ്തക മാതൃകയില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ് ബജറ്റ് ലോകസഭയിലേക്ക് കൊണ്ടുവന്നതും പുറനാനൂറില്‍ നിന്നുള്ള ഉദ്ധരണികളും 58 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നു എന്ന പുതുമയും മാറ്റി നിര്‍ത്തിയാല്‍ 2019 ഫെബ്രുവരിയില്‍ പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിന്ന് എന്ത് വ്യത്യാസമാണ് നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തിക്കാണിക്കുവാനേ സാധിക്കുകയുള്ളൂ. നിരവധി ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യയിലെ ഏറ്റവും സുപ്രധാന മേഖലയായ കാര്‍ഷിക മേഖലയിലെ ബജറ്റ് വകയിരുത്തലുമായി ബന്ധപ്പെടുത്തി ഇക്കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പാദന(Gross Domestic Product-GDP)ത്തിന്റെ 14% സംഭാവന ചെയ്യുന്ന, ഇന്ത്യന്‍ ജനസംഖ്യയിലെ 60ശതമാനവും ആശ്രയിക്കുന്ന, തൊഴില്‍ശക്തിയിലെ 70%ത്തോളം കാര്‍ഷിക മേഖലയിലായിരിക്കുന്ന ഒരു രാജ്യത്തിന്റെ ബജറ്റ് നീക്കിയിരുപ്പില്‍ ആ മേഖലയെ എത്രമാത്രം ഗൗരവത്തോടെ പരിഗണിച്ചിരിക്കുന്നു എന്നത് സുപ്രധാനമാണ്. പ്രത്യേകിച്ചും കര്‍ഷക ആത്മഹത്യകള്‍ മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. വെള്ളപ്പൊക്കം, വരള്‍ച്ച, ഹിമപാതം എന്നീ തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍(Extreme Weather Events) കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭം ഏതാണെന്ന് ചോദിച്ചാല്‍ അത് കര്‍ഷകരുടെ മുന്‍കൈയ്യില്‍ നടന്നവയാണ് എന്നാണ് ഉത്തരം. നൂറുകണക്കായ കര്‍ഷകസംഘടനകളുടെ മുന്‍കൈയ്യില്‍ നടന്ന ലോംഗ് മാര്‍ച്ചുകളും വിള ബഹിഷ്‌കരണവും ഗ്രാമീണ ബന്ദും ആത്മഹത്യാ നീക്കങ്ങളും അടക്കമുള്ള വിവിധങ്ങളായ കനത്ത കര്‍ഷകപ്രക്ഷോഭങ്ങള്‍ക്ക് രാജ്യതലസ്ഥാനമടക്കുള്ള വേദികള്‍ സാക്ഷിയായി. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവശ്യമായ വരുമാനം ലഭിക്കാതിരിക്കുമ്പോള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരിക്കൊടുത്ത് ഇന്ത്യയുടെ പൊതുഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയായിരുന്നു ഈ പ്രക്ഷോഭങ്ങളുടെ കുന്തമുന. കര്‍ഷകപ്രക്ഷോഭങ്ങളുടെ തീവ്രത തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിരവധി വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിക്കുകയുണ്ടായി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ, മിനിമം സഹായവില ഉറപ്പുവരുത്തല്‍ തുടങ്ങിയ വിവിധങ്ങളായ വാഗ്ദാനങ്ങളാണ് 2019 ഫെബ്രുവരിയില്‍ പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇവിഎം കൃത്രിമത്വം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വമ്പിച്ച ഭൂരിപക്ഷത്തോടെ മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ സാന്നിധ്യം പോലും നാമമാത്രമായിരിക്കേ കോര്‍പ്പറേറ്റ് സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ ഇനിയും ആരെയും ഭയക്കേണ്ടതില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് 2019-20 കാലയളവിലെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. ബാക്കിയായ പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടി വിറ്റൊഴിക്കാനും എല്ലാ മേഖലകളിലും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനും സൈനിക മേഖലയില്‍ അമേരിക്കയുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഒക്കെയുള്ള തീരുമാനങ്ങള്‍ വളരെ ആസൂത്രിതമായിത്തന്നെ കൈക്കൊണ്ടു. കാര്‍ഷിക മേഖലയെ രണ്ടാം മോഡി സര്‍ക്കാരും പുതിയ ബജറ്റും എങ്ങനെയാണ് സമീപിക്കുന്നത് എന്ന കാര്യം പരിശോധിച്ചാല്‍ മാത്രം മതിയാകും ഇനിയുള്ള കാലം സംഘപരിവാര്‍ ഗവണ്‍മെന്റ് ഇന്ത്യന്‍ കര്‍ഷകരെ എങ്ങനെയാണ് പരിഗണിക്കാന്‍ പോകുന്നതെന്ന് മനസിലാക്കാന്‍.

വാഗ്ദാനങ്ങള്‍, വാഗ്ദാനങ്ങള്‍ മാത്രം
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ ആവര്‍ത്തിച്ച് നടത്തിക്കൊണ്ടിരുന്നത്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മൊത്തം കാര്‍ഷികമേഖലയ്ക്കായി നീക്കിവെച്ച തുക കേവലം 1,13,800 കോടി രൂപ മാത്രമാണ് എന്നറിയണം. അതായത് മൊത്തം ബജറ്റിന്റെ 4% മാത്രം. ഇതില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കായി നീക്കിവെച്ച 75,000 കോടി മാറ്റിനിര്‍ത്തിയാല്‍ കാര്‍ഷികമേഖലയിലെ മറ്റെല്ലാ ചെലവുകള്‍ക്കുമായി നീക്കിവെച്ചത് 38,800 കോടി രൂപയാണെന്ന് സാരം! കര്‍ഷക പെന്‍ഷന്‍, ജലസേചനം, വിള ഇന്‍ഷ്വറന്‍സ്, കടാശ്വാസം തുടങ്ങി നിരവധി മേഖലകളിലേക്കായി അനുവദിക്കപ്പെട്ട തുകയാണിത്!
കേന്ദ്രബജറ്റിലെ കാര്‍ഷികമേഖലാ നീക്കിയിരിപ്പ് ഒന്നുകൂടി വിശദമായി നമുക്കൊന്ന് പരിശോധിക്കാം.

കിസാന്‍ സമ്മാന്‍ പദ്ധതി : 75,000 കോടി
ഹ്രസ്വകാല കട പലിശ ഇളവ് : 18,000 കോടി
പ്രധാന്‍മന്ത്രി ബീമാ യോജന :14,000 കോടി
പ്രധാനമന്ത്രി
കൃഷി ജലസേചന പദ്ധതി : 3500 കോടി
പ്രധാനമന്ത്രി അന്നദാത
വരുമാന സംരക്ഷണ പദ്ധതി : 1500 കോടി
പ്രധാന്‍മന്ത്രി
കിസാന്‍ പെന്‍ഷന്‍ പദ്ധതി : 900 കോടി
മൊത്തം ബജറ്റ് നീക്കിയിരുപ്പ് : 1,31,800 കോടി

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നത് കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കിയാണ് കൊട്ടിഘോഷിക്കപ്പെടുന്ന കിസാന്‍ സമ്മാന്‍ പദ്ധതിക്കുള്ള ചെലവ് ധനമന്ത്രി കണ്ടെത്തിയിരിക്കുന്നത് എന്നാണ്. കര്‍ഷകവരുമാനം ഇരട്ടിയാക്കുമെന്ന് നിരന്തരമായി വാഗ്ദാനങ്ങള്‍ നല്‍കിയ മോഡി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് മാസത്തില്‍ 500രൂപ! കാര്‍ഷിക മേഖലയിലെ സകലമാന ചെലവുകളും വിളനാശവും വിപണിമത്സരവും ഒക്കെക്കൂടി പരിഗണിച്ചാല്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്റെ പ്രതിമാസവരുമാനം 3333.00രൂപയാണ്! ഇതിലേക്കാണ് 500 രൂപ എന്ന തുച്ഛമായ തുക കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഏഴാം ശമ്പളക്കമ്മീഷന്‍ പ്രതിമാസ മിനിമം വേതനം 18,000 രൂപയായി നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യയിലെ കര്‍ഷകന്റെ മാസവരുമാനം നാലായിരം രൂപയില്‍ താഴെയായി നില്‍ക്കുന്നതെന്ന് ഓര്‍ക്കണം. കാര്‍ഷിക അനുബന്ധ മേഖലകളുടെ തകര്‍ച്ച കാര്‍ഷികേതര ജോലികളില്‍നിന്നുള്ള കര്‍ഷകരുടെ വരുമാനത്തില്‍ വലിയ കുറവുകള്‍ ഉണ്ടാക്കാനിരിക്കുന്നതേയുള്ളൂ. ഇതിനര്‍ഥം വരുംനാളുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് കര്‍ഷകരെ കാത്തിരിക്കുന്നത് എന്നാണ്.

കുറഞ്ഞ സഹായവിലയും കൂടിയ ചില്ലറവിലയും
കാര്‍ഷികപ്രതിസന്ധിക്ക് പ്രധാന കാരണമായി വര്‍ത്തിക്കുന്നത് കര്‍ഷകരെ വിപണിയുടെ കരങ്ങളിലേക്ക് തള്ളിവിടുന്നു എന്നതാണ്. 82ശതമാനത്തിലധികം കര്‍ഷകര്‍ തുണ്ട് ഭൂമികളില്‍ കൃഷി ചെയ്യുന്നവരാണ് (0.4-2 ഹെക്ടറില്‍ താഴെ ഭൂമിയുള്ളവര്‍) എന്നതുകൊണ്ടുതന്നെ വിപണി മത്സരങ്ങളോട് ഏറ്റുമുട്ടാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു എന്നതാണ് യാഥാര്‍ഥ്യം. മിനിമം സഹായവില പ്രഖ്യാപിച്ചുകൊണ്ടു കര്‍ഷകരെ ഈയൊരു ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ നിന്ന് മോചിപ്പിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്ക് കൃഷിച്ചെലവിന്റെ 50% നല്‍കുമെന്നും മിനിമം സഹായവില ഉറപ്പുനല്‍കുമെന്നും പ്രഖ്യാപിച്ച ബിജെപി പുതിയ ബജറ്റില്‍ അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും മിനിമം സഹായവിലയ്ക്ക് താഴെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഇക്കണോമിക് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാര്‍ഷികോല്‍പന്നങ്ങള്‍ക്കും മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ക്കും വില നിശ്ചയിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന തന്ത്രം വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ലെന്നതാണ് വസ്തുത. വ്യാവസായിക ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും ഉപഭോഗ വസ്തുക്കളുടെ, വില നിശ്ചയിക്കുവാനുള്ള അധികാരം പൊതുവില്‍ ഉല്‍പാദകര്‍ക്കാണ് നല്‍കുന്നത്. സോപ്പ്, ചീര്‍പ്പ്, കണ്ണാടി മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള എല്ലാ വസ്തുക്കളുടെയും പരമാവധി ചില്ലറവില (Maximum Retail Price) അതത് ഉത്പാദകര്‍ തീരുമാനിക്കുമ്പോള്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് മാത്രം അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അവകാശമില്ല. അവരുടെ ഉല്‍പന്നങ്ങളുടെ വില അതത് കാലത്തെ വിപണി നീക്കങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നും താഴ്ന്നും നില്‍ക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ സഹായ വില(Minimum Support Price)യില്‍ കര്‍ഷകര്‍ എക്കാലവും തൃപ്തരായി നിന്നുകൊള്ളണം. കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വാദത്തിന് എക്കാലവും ഇരകളാക്കപ്പെടുന്നത് കര്‍ഷകരാണ് എന്നതാണ് യാഥാര്‍ഥ്യം. വിപണിയില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ഷം തോറും വര്‍ധനവ് പ്രകടമാകാറുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണകരമായി വര്‍ത്തിക്കാറില്ല. എന്നുമാത്രമല്ല കാര്‍ഷികോല്‍പന്നങ്ങളുടെയും വ്യാവസായികോല്‍പന്നങ്ങളുടെയും വിലവര്‍ധനകളിലെ ഭീമമായ അന്തരം അവരുടെ നിത്യജീവിതച്ചെലവുകള്‍ ഭാരിച്ചതായി മാറ്റുകയും ചെയ്യുന്നു.
ഉല്‍പാദനച്ചെലവിന്റെ അമ്പത് ശതമാനം കര്‍ഷകര്‍ക്ക് നല്‍കണമെന്നും മിനിമം സഹായവില പ്രഖ്യാപിക്കണമെന്നും സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. പത്രമാധ്യങ്ങളോടും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജനങ്ങളോടും പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കുകയും സുപ്രീം കോടതിയില്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക അപ്രായോഗികമാണെന്ന് സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കടങ്ങള്‍ എഴുതിത്തള്ളലും കര്‍ഷകരും
കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക എന്ന ആവശ്യം കര്‍ഷകസംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഒന്നാണ്. ഇതിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണങ്ങള്‍ പലപ്പോഴും ഭിന്നങ്ങളായിരിക്കും. കര്‍ഷകരുടെ പ്രത്യക്ഷ പ്രതിഷേധത്തിന്റെ ഇരകളെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയെ നേരിടുമെന്ന കാരണം പറഞ്ഞ് സംസ്ഥാനങ്ങള്‍ സ്വന്തം ബാധ്യതയില്‍ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയില്‍ 36,000 കോടി രൂപ എഴുതിത്തള്ളിക്കൊണ്ട് യുപി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മഹാരാഷ്ട്രയും ഏതാണ്ട് 30,000 കോടി രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു. പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി എട്ടോളം സംസ്ഥാനങ്ങളാണ് കര്‍ഷകപ്രതിഷേധങ്ങളുടെ സമ്മര്‍ദ്ദം കാരണം കര്‍ഷകരുടെ കടബാദ്ധ്യതകള്‍ എഴുതിത്തള്ളാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഈയിനത്തില്‍ 3.1ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എട്ട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഒന്നാം മോഡി സര്‍ക്കാര്‍ കാലയളവില്‍ എഴുതിത്തള്ളിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരും അവരോട് ചേര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകള്‍ പരിഹാസ്യമാണ്. കാരണം, വന്‍കിട കോര്‍പ്പറേറ്റ് കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്താതിരിക്കുകയും പലപ്പോഴും എഴുതിത്തള്ളുകയും ചെയ്യുന്ന ഗവണ്‍മെന്റാണ് കര്‍ഷകരുടെ കടങ്ങള്‍ക്ക് മേല്‍ പിടിമുറുക്കാന്‍ ആവശ്യപ്പെടുന്നത്! കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏഴാം ശമ്പളക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന വേതന വര്‍ധനവ് നടപ്പിലാക്കിയാല്‍ ഒരു ലക്ഷം കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 58ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക. അതേസമയം 1.9 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളുമ്പോള്‍ 4.7 കോടി കര്‍ഷക കുടുംബങ്ങളുടെ കണ്ണീരൊപ്പുമെന്ന് പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റ് കവിത കരുഗന്തി അഭിപ്രായപ്പെടുന്നു.

ഒരു താല്‍ക്കാലിക ആശ്വാസ നടപടി എന്ന നിലയിലല്ലാതെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് വലിയൊരളവില്‍ കര്‍ഷകര്‍ക്ക് സഹായകമായ സംഗതിയല്ല എന്ന വസ്തുതയും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ചില യാഥാര്‍ഥ്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കര്‍ഷകരില്‍ 82%വും ചെറുകിട-ശരാശരിയിലും താഴെയുള്ള കര്‍ഷകരാണ്. അതായത് ഭൂവുടമസ്ഥത 0.4-2 ഹെക്ടര്‍ മാത്രം ഉള്ളവരെയാണ് ചെറുകിട കര്‍ഷകര്‍ എന്നുപറയുന്നത്. ഇതില്‍ തന്നെയും 1 ഹെക്ടറില്‍ താഴെയുള്ളവരുടെ സംഖ്യ 64%മാണ്. മേല്‍പറഞ്ഞ ചെറുകിട കര്‍ഷകരില്‍ പാതിയോളം പേര്‍ (47.4% -NSSO data) തങ്ങളുടെ കാര്‍ഷിക കടങ്ങള്‍ക്കായി അനൗദ്യോഗിക സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. സ്വകാര്യപണമിടപാടു സ്ഥാപനങ്ങളും പ്രാദേശിക വട്ടിപ്പലിശക്കാരും ആണ് ഈ മേഖലയില്‍ സ്വതന്ത്രമായി വിഹരിക്കുന്നത്. ചെറുകിട കര്‍ഷകരെ ഇത്തരത്തില്‍ വട്ടിപ്പലിശക്കാരുടെ കൈകളിലേക്ക് തള്ളിയകറ്റുന്നതിന് നമ്മുടെ ബാങ്കുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഒരു ലക്ഷം വരെയുള്ള കാര്‍ഷികകടങ്ങള്‍ക്ക് പണയവസ്തുക്കള്‍ (Collateral Security) ആവശ്യപ്പെടരുതെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാന്‍ ബാങ്കുകള്‍ തയാറാകാതിരിക്കുന്നതുകൊണ്ടാണ് ചെറുകിട കര്‍ഷകര്‍ക്ക് ഈ രീതിയില്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരുന്നത്. സര്‍ക്കാര്‍ എഴുതിത്തള്ളുന്ന കടങ്ങള്‍ ഔദ്യോഗിക സ്ഥാപനങ്ങളുമായി മാത്രം ബന്ധപ്പെട്ടാണ് എന്നുള്ളതുകൊണ്ടുതന്നെ ചെറുകിട കര്‍ഷകരില്‍ പകുതിയോളം ഭാഗത്തിന് ഇതിന്റെ നേട്ടം ലഭ്യമാകാറില്ല. കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പിറകില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ കടങ്ങള്‍ എഴുതിത്തള്ളുന്നതിലൂടെ കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആത്മാര്‍ത്ഥമായിട്ടാണ് നാം ചിന്തിക്കുന്നതെങ്കില്‍ പ്രധാനമായും ചെയ്യേണ്ടത് കര്‍ഷകര്‍ക്ക് അവരുടെ വിളവിന്‍മേല്‍ ന്യായമായ വില ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. മിനിമം സഹായവില ഉയര്‍ത്തുകയും അതോടൊപ്പം ഉല്‍പാദനച്ചെലവിന്റെ 50% ഉറപ്പുവരുത്തുകയും പ്രകൃതിദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന കാര്‍ഷിക നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകുകയും ചെയ്യേണ്ടതുണ്ട്. കാര്‍ഷിക കടങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ഗുണനിലവാരം കുറഞ്ഞ വിത്തുകള്‍ വില്പന ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കുകയും സര്‍ക്കാര്‍ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. പൊതുമേഖലാ സംഭരണകേന്ദ്രങ്ങള്‍ ന്യായമായ വിലയ്ക്ക് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ മുഴുവനായും വാങ്ങുമെന്ന ഉറപ്പ് കര്‍ഷകര്‍ക്ക് ഉണ്ടാകേണ്ടതും അനിവാര്യമാണ്. സംഭരണ കേന്ദ്രങ്ങളുടെ കാര്യക്ഷമതയും ശേഷിയും വര്‍ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന അഥവാ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ വിളവെടുപ്പ്
ഒന്നാം മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന. കര്‍ഷകരുടെ അനുമതിയില്ലാതെ ബാങ്കുകള്‍ വഴി നിര്‍ബന്ധമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണിത്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ നിന്ന് ബാങ്കുകള്‍ വഴി പ്രീമിയം തുക ഇന്‍ഷ്വറന്‍സ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇതിന്റെ രീതി. രാജ്യത്തെ കോടിക്കണക്കായ കര്‍ഷകരെ അവരുടെ അനുവാദമില്ലാതെ തന്നെ ഈ പദ്ധതിയുടെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷത്തില്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമെന്ന് തോന്നിപ്പിക്കുന്ന ഈ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ രാജ്യത്തെ വന്‍കിട ഇന്‍ഷ്വറന്‍സ് കമ്പനികളാണ് എന്നതാണ് വസ്തുത. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.സായ്‌നാഥ് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്, റഫാല്‍ അഴിമതിയെക്കാളും വലിയ അഴിമതിയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നാണ്. മഹാരാഷ്ട്രയിലെ ഒരു ജില്ലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി അക്കാര്യം അദ്ദേഹം വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുന്നുണ്ട്. ഗുണഭോക്തൃ വിഹിതമായി കര്‍ഷകരില്‍ നിന്ന് 19.2 കോടി രൂപ, കേന്ദ്ര-സംസ്ഥാന വിഹിതമായി 77 കോടി രൂപ വീതം മഹാരാഷ്ട്രയിലെ ഒരു ജില്ലയില്‍ നിന്നു മാത്രമായി 173.2 കോടി രൂപയായിരുന്നു റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ലഭിച്ചത്. ആ വര്‍ഷം വരള്‍ച്ചയെ തുടര്‍ന്ന് സോയാബീന്‍ കൃഷി പൂര്‍ണമായും നശിച്ചിട്ടുപോലും റിലയന്‍സ് കമ്പനി കര്‍ഷകര്‍ക്ക് നല്‍കിയത് കേവലം 30 കോടി രൂപ മാത്രമായിരുന്നു. ഈയൊരൊറ്റ ജില്ലയില്‍ നിന്നുമാത്രമായി 143.2 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പോക്കറ്റിലേക്ക് ചെന്നെത്തിയത്. രാജ്യത്തെ പത്തോളം ഇന്‍ഷ്വറന്‍സ് കമ്പനികളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് എന്നത് വ്യക്തം. ഈ രീതിയില്‍ കാര്‍ഷികമേഖലയില്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും ഗുണഭോക്താക്കള്‍ വന്‍കിട കമ്പനികളാണ് എന്നത് പരസ്യമായ സംഗതിയാണ്. രാസവള-കീടനാശിനി സബ്‌സിഡികളടക്കമുള്ള സൗജന്യങ്ങള്‍ ഉദാഹരണം.

കോര്‍പറേറ്റ് കൃഷിയും കോര്‍പറേറ്റ് ജന്മിത്വവും
കൃഷി-കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ നട്ടെല്ലൊടിച്ചുകൊണ്ട്, കാര്‍ഷികവൃത്തിയില്‍ നിന്ന് വിട്ടുപോകാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്ന നയങ്ങള്‍ ഒരുഭാഗത്ത് ശക്തമാക്കുമ്പോള്‍ മറുഭാഗത്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും കോര്‍പറേറ്റ് ലോകത്തിന്റെ വരുതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഈയൊരു വസ്തുത പ്രകടമാണ്. വ്യവസായ പാര്‍ക്ക്, മെട്രോകള്‍, വ്യവസായ ഇടനാഴികള്‍ എന്നിവയടങ്ങുന്ന പശ്ചാത്തല വികസന പദ്ധതികള്‍ (Infrasrtucture Development Projects) എന്നിവയ്ക്കായി അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ 100 ലക്ഷം കോടി രൂപയാണ് ചെലവഴിക്കപ്പെടാന്‍ പോകുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഇത് യഥാര്‍ഥത്തില്‍ കര്‍ഷകരുടെ കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് മാറ്റിമറിക്കുന്നതിനായി വിനിയോഗിക്കപ്പെടും എന്നതില്‍ തര്‍ക്കമൊന്നുമില്ല. വ്യക്തികളും കുടുംബങ്ങളും കാര്‍ഷികവൃത്തികളില്‍നിന്ന് പതുക്കെ പതുക്കെ പിന്‍വലിയുകയും വന്‍കിട യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. റോത്ഷില്‍ഡ്, റിലയന്‍സ്, പെപ്‌സി, കാര്‍ഗില്‍, ഗ്ലോബല്‍ ഗ്രീന്‍, ഐടിസി, ഗോഡ്‌റെജ്, മെറികോ തുടങ്ങിയ വന്‍കിട കമ്പനികള്‍ പഞ്ചാബ്, ഹരിയാന, യു.പി, ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ വിവിധങ്ങളായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മാങ്ങ, കശുവണ്ടി, സപ്പോട്ട, ആപ്പിള്‍, ലിച്ചി തുടങ്ങിയ പഴവര്‍ഗങ്ങളും വിവിധങ്ങളായ പച്ചക്കറികളും നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്.

ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു പരിധിയില്‍ കവിഞ്ഞ് സ്വന്തമായി കൃഷി സൂക്ഷിക്കാനുള്ള അനുവാദമില്ലാത്ത വിധത്തില്‍ ലാന്റ് സീലിംഗ് ആക്ട് നിലനില്‍ക്കുന്നുണ്ട്. വന്‍തോതില്‍ കൃഷിഭൂമി സ്വന്തമാക്കുന്നതില്‍ നിന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങളെ തടയുന്നത് ഈ നിയമമാണ്. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ ലാന്റ് സീലിംഗ് ആക്ട് ഭേദഗതി ചെയ്യാനുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ഗുജറാത്ത് സംസ്ഥാനം ഇത്തരത്തില്‍ നടത്തിയ ഭേദഗതിക്ക് 2018 സെപ്തംബറില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കുകയുണ്ടായി. നിയമപരിരക്ഷയില്ലാത്ത സ്ഥലങ്ങളില്‍ കമ്പനികള്‍ തങ്ങളുടെ ഡയറക്ടര്‍മാരുടെയും തൊഴിലാളികളുടെയും പേരില്‍ ഭൂമി വാങ്ങിക്കൂട്ടുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം അതത് സ്ഥലങ്ങളിലെ സര്‍ക്കാരുകളുടെ സമ്പൂര്‍ണ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷികവൃത്തിയില്‍നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന കര്‍ഷകരുടെ സംഖ്യ പ്രതിവര്‍ഷം കൂടിക്കൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോഴേക്കും ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം 11.95 കോടി ആയി മാറുമെന്ന് കണക്കാക്കപ്പെടുന്നു. അപ്പോഴേക്കും കോര്‍പറേറ്റ് കമ്പനികള്‍ കാര്‍ഷിക മേഖലയില്‍ തങ്ങളുടെ നിയന്ത്രണം പൂര്‍ത്തിയാക്കും. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കൃഷി ഭൂമിയുടെ മേല്‍ നിയന്ത്രണം സാധ്യമാകുന്ന കോര്‍പറേറ്റ് ജന്മിത്വത്തിനാണ് സംഘപരിവാര്‍ ഭരണകൂടം ഒത്താശചെയ്തുകൊടുക്കുന്നത് എന്ന് വ്യക്തം.

തുടരുന്ന അവഗണനകള്‍
കാര്‍ഷികമേഖലയോടുള്ള അവഗണനയ്ക്ക് ബിജെപി സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദികളെന്ന് വിലയിരുത്തുന്നത് അസംബന്ധമായിരിക്കും. നാളിതുവരെ രാജ്യം ഭരിച്ച എല്ലാ സര്‍ക്കാരുകളും കാര്‍ഷികമേഖലയോട് കാണിച്ചത് വഞ്ചനാപരമായ നിലപാടാണ് എന്നതാണ് സത്യം. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഈ അവഗണന അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്നു എന്ന് മാത്രം. ഇന്ത്യയുടെ ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ അറുപത് ശതമാനം സംഭാവന ചെയ്തിരുന്ന കാര്‍ഷിക മേഖല ഇന്ന് കേവലം 14-12ശതമാനം മാത്രം സംഭാവന ചെയ്യുന്ന ഒന്നായി മാറിക്കഴിഞ്ഞതിന് പിന്നില്‍ നാളിതുവരെ നാം പിന്തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഘനവ്യവസായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൃഷിയെ കയ്യൊഴിഞ്ഞപ്പോള്‍ നാം അപകടത്തിലാക്കിയിരിക്കുന്നത് നമ്മുടെ ഭക്ഷ്യസുരക്ഷയെത്തന്നെയാണ് എന്ന വസ്തുത വൈകാതെ കടുത്ത യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ അവതരിക്കും. വ്യാവസായിക പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള നെഹ്‌റു-മഹനലോബിസ് മാതൃക കൃഷിയെ രണ്ടാംമേഖലയായി പരിഗണിക്കുകയാണുണ്ടായത് അതിന്റെ പരിണതിയാണ് നാമിന്ന് കാണുന്നത്. ബിജെപി സര്‍ക്കാരിന്റെ സ്വദേശിയില്‍ പൊതിഞ്ഞ കോര്‍പറേറ്റ് അജണ്ടകള്‍ ഈ പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കും എന്നുമാത്രം.

കെ.സഹദേവന്‍

You must be logged in to post a comment Login