ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

ഴാക്യൂസ്, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍

‘ഴാക്യൂസ്’ (J’Accuse) എന്ന ഫ്രഞ്ച് പദം ആധുനിക ലോക രാഷ്ട്രീയ ചരിത്രത്തില്‍ അനവധി തവണ മുഴങ്ങിക്കേട്ട പ്രതിഷേധത്തിന്റെ കനല്‍സ്വരങ്ങളിലൊന്നാണ്. ‘ഐ അക്ക്യൂസ്’ അഥവാ ‘ഞാന്‍ ആരോപിക്കുന്നു’ എന്നാണീ പദത്തിന്റെ അര്‍ഥം. ‘ഞാന്‍ ശക്തമായി അപലപിക്കുന്നു’ എന്ന് കൂടുതല്‍ കൃത്യമായി ഇതിനെ വിവര്‍ത്തനം ചെയ്യാം. പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള ആണ് ‘ഴാക്യൂസ്’ എന്ന പ്രയോഗത്തിന്റെ പ്രോദ്ഘാടകന്‍.

ഫ്രാന്‍സിലെ തേഡ് റിപ്പബ്ലിക്കിന്റെ കാലത്ത്, ആല്‍ഫ്രഡ് ഡ്രെയ്ഫ്യൂസ് എന്ന ജൂത വംശജനായ സൈനികോദ്യോഗസ്ഥന്‍ നേരിട്ട രാജ്യദ്രോഹക്കുറ്റവിചാരണയാണ് സന്ദര്‍ഭം. ഫ്രഞ്ച് സേനയില്‍ ക്യാപ്റ്റനായിരുന്ന ഡ്രെയ്ഫ്യൂസിനെ 1894 ഒക്ടോബറില്‍ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യുകയും രണ്ടുമാസങ്ങള്‍ക്കുള്ളില്‍ ജീവപര്യന്തം തടവ് വിധിച്ച് കുപ്രസിദ്ധമായ ഫ്രഞ്ച് ഗയാന പീനല്‍ കോളനിയില്‍ തടവിലടയ്ക്കുകയുമായിരുന്നു. ക്യാപ്റ്റന്‍ ഡ്രെയ്ഫ്യൂസും അദ്ദേഹത്തിന്റെ കുടുംബവും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് രംഗത്തുവന്നുവെങ്കിലും അന്നത്തെ ഫ്രഞ്ച് പൊതുബോധവും ചില ദേശീയ മാധ്യമങ്ങളും ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന സെമിറ്റിക് വിരുദ്ധ തരംഗത്തില്‍ എല്ലാം മുങ്ങിപ്പോവുകയായിരുന്നു. ‘ലാ ലിബെര്‍ പരോള്‍’ എന്ന മുഖ്യദേശീയ ദിനപത്രം ഫ്രഞ്ച് ജൂത ന്യൂനപക്ഷത്തിന്റെ, ‘രാജ്യത്തോട് കൂറില്ലായ്മ’യുടെ സുവിദിത ദൃഷ്ടാന്തമായാണ് ‘ഡ്രെയ്ഫ്യൂസ് അഫയര്‍’ ഉയര്‍ത്തിക്കാട്ടിയത്!

സര്‍ക്കാര്‍ ഭാഷ്യത്തില്‍ വിശ്വാസം തോന്നാതിരുന്ന ജോര്‍ജസ് പിക്കാര്‍ട്ട് എന്ന ലഫ്റ്റനന്റ് കേണല്‍ സമാന്തരമായി നടത്തിയ രഹസ്യാന്വേഷണത്തിലെ കണ്ടെത്തലുകള്‍, പക്ഷേ കാര്യങ്ങള്‍ മാറ്റിമറിച്ചു. ഡ്രെയ്ഫ്യൂസ് അല്ല, ഫെര്‍ഡിനാന്‍ഡ് എസ്റ്റര്‍ഹാസി എന്ന ഫ്രഞ്ച് മേജറാണ് ചാരവൃത്തി നടത്തിയതെന്ന് അദ്ദേഹം തെളിവുകളോടെ സമര്‍ഥിച്ചു. പിക്കാര്‍ട്ടിന്റെ തൊപ്പിതെറിപ്പിച്ചുകൊണ്ട് ഭരണകൂടം തിരിച്ചടിച്ചുവെങ്കിലും പാരീസില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ വേരുപിടിപ്പിക്കുവാന്‍ അദ്ദേഹത്തിന്റെ അന്വേഷണം വഴിയൊരുക്കി. സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്ന് എസ്റ്റര്‍ഹാസിയെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്തുവെങ്കിലും ‘നിരപരാധിയാണെന്ന് വ്യക്തമാക്കി’ വിട്ടയക്കുകയായിരുന്നു.

ഈ ഘട്ടത്തിലാണ് ‘ഴാക്യൂസ്’ എന്ന തലവാചകത്തില്‍ എമിലി സോള തന്റെ ചരിത്ര പ്രസിദ്ധമായ തുറന്ന കത്ത് എഴുതുന്നത്. ‘ലെറ്റര്‍ റ്റു ദി പ്രസിഡന്റ് ഓഫ് ദി റിപ്പബ്ലിക്ക്’ എന്ന് ശീര്‍ഷകം നല്‍കപ്പെട്ട്, അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫെലിക്‌സ് ഫോറിനെ അഭിസംബോധന ചെയ്തുകൊണ്ട് സോള എഴുതിയ ഈ സുദീര്‍ഘമായ കത്ത് മാത്രമായിരുന്നു 1898 ജനുവരി 13ാം തിയ്യതിയിലെ ‘ലൂഹാഹ്’ (L’Aurore എന്നെഴുതും. പുലരി/ പ്രഭാതം എന്നര്‍ഥം) ദിനപത്രത്തിന്റെ ഫസ്റ്റ് പേജില്‍ നിറഞ്ഞുനിന്നിരുന്നത്. നിരപരാധിയെ പ്രതിയാക്കുകയും യഥാര്‍ഥ പ്രതി എന്ന് സംശയിക്കപ്പെടുന്നയാളെ വെറുതെവിടുകയും ചെയ്യുന്ന രണ്ട് കുറ്റവിചാരണകള്‍ക്കെതിരെയും ആഞ്ഞടിച്ച സോള, ഭരണകൂടത്തിന്റെ വംശവെറിയെയും നീതിരാഹിത്യത്തെയും ഉജ്വലമായി തുറന്നുകാട്ടുകയായിരുന്നു തന്റെ കത്തിലൂടെ. മഹാനായ ഈ എഴുത്തുകാരനെയും രാജ്യദ്രോഹത്തിന് ശിക്ഷിക്കാനുള്ള മൂഢധാര്‍ഷ്ട്യം ഫ്രഞ്ച് ഭരണകൂടം കാണിച്ചുവെങ്കിലും യു എസിലേക്ക് പലായനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യം നിലനിര്‍ത്തുകയായിരുന്നു എമിലി സോള. ‘ഴാക്യൂസി’ന്റെ പ്രഭാവവും തുടര്‍ന്നുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റുകളും മൂലം 1899ല്‍ ഡ്രെയ്ഫ്യൂസിനെ ജയില്‍ വിമോചിതനാക്കുകയും 1906ല്‍ പൂര്‍ണമായും കുറ്റവിമുക്തനാക്കുകയും ചെയ്ത്, ആത്യന്തികമായ നീതിബോധത്തിന് ഫ്രഞ്ച് ഭരണകൂടം കീഴടങ്ങുന്നതോടെയാണ് ചരിത്രത്തില്‍ ഈ അധ്യായം പര്യവസാനിക്കുന്നത്.

ചരിത്രത്തില്‍ വിഭിന്ന ഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ കാരിരുമ്പിന്റെ കരുത്തോടെ ‘ഴാക്യൂസ്’ എന്ന പ്രതിഷേധസ്വരം പിന്നീടിന്നോളം പ്രതിധ്വനിയുണര്‍ത്തിയിട്ടുണ്ട്. നാസി ജര്‍മനിയും സയണിസ്റ്റ് ഇസ്രയേലും മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ള വംശീയ ഭരണകൂടങ്ങളുടെ കോട്ട കൊത്തളങ്ങളെ വിറപ്പിച്ച അതേ ‘ഴാക്യൂസ്’ ഇതാദ്യമായി ഇന്ത്യയിലും മുഴങ്ങിയ വര്‍ഷമാണിത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടു എന്ന ഒരൊറ്റ കുറ്റം നിമിത്തം കള്ളക്കേസുകളില്‍ കുരുങ്ങി അന്യായത്തടങ്കലില്‍ കഴിയുന്ന സഞ്ജീവ് ഭട്ട് എന്ന ഗുജറാത്തി പൊലീസ് ഓഫീസറുടെ പക്ഷത്ത് നിന്നുകൊണ്ട് അമിത്ഷായും നരേന്ദ്രമോഡിയും നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന്റെ മുഖത്തുനോക്കി ‘ഴാക്യൂസ്’ എന്ന് കരളുറപ്പോടെ വിളിച്ചുപറഞ്ഞത് റിട്ടയേഡ് സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആണ്. സഞ്ജീവ് ഭട്ടിനെ വേട്ടയാടിയ ഭരണകര്‍ത്താക്കളെയും അവരുടെ വേട്ടപ്പട്ടികളുടെ വേഷമെടുത്തണിഞ്ഞ ഭട്ടിന്റെ സഹപ്രവര്‍ത്തകരെയും നാണംകെട്ട പരിശകള്‍ എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് കട്ജു, ക്യാപ്റ്റന്‍ ഡ്രെയ്ഫ്യൂസിനെപ്പോലെ ഈ അഗ്നിപരീക്ഷ വിജയകരമായി അതിജീവിച്ച് സഞ്ജീവ് ഭട്ട് ഇന്നല്ലെങ്കില്‍ നാളെ ശക്തമായി തിരിച്ചെത്തുക തന്നെ ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. സത്യവും നീതിയും പുലരണമെന്നാഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇന്ന് ഇതേ പ്രതീക്ഷ തന്നെയാണ് പങ്കുവെക്കുന്നത്.

ഫാഷിസ്റ്റുവത്കരിക്കപ്പെടുന്ന ഒരു ഭരണകൂടത്തിന്റെ നീതിബോധം എത്രമാത്രം മനുഷ്യത്വവിരുദ്ധവും മര്‍ദനോത്സുകവുമായിരിക്കും എന്നതിന്റെ ഭീതിദവും വേദനാപൂര്‍ണവുമായ ഉദാഹരണമാണ് സഞ്ജീവ് ഭട്ട് കടന്നുപോയിക്കൊണ്ടിരിക്കുന്ന കാട്ടുനീതിയുടെ പീഡന പര്‍വം. 2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യക്കാലത്തും തുടര്‍ന്നും സത്യസന്ധമായി സംസാരിച്ചു എന്ന ഒരൊറ്റ തെറ്റ് മാത്രമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

1988ലെ ഗുജറാത്ത് കേഡറില്‍പെട്ട ഐ പി എസ് ഓഫീസറാണ് ബോംബെ ഐ ഐ ടി പ്രൊഡക്ട് കൂടിയായ സഞ്ജീവ് ഭട്ട്. 1990ല്‍ ഗുജറാത്തിലെ ജാംനഗര്‍ റൂറല്‍ ഡിവിഷന്‍ എ എസ് പി ആയി പോസ്റ്റിംഗ് ലഭിച്ച വേളയില്‍തന്നെയാണ് സഞ്ജീവ് ഭട്ട് ആദ്യത്തെ അഗ്നിപരീക്ഷ അഭിമുഖീകരിക്കുന്നത്.

അന്നത്തെ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനിയുടെ രഥയാത്ര ലാലുപ്രസാദ് യാദവ് ബിഹാറില്‍ തടയുകയും അഡ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് ജാംനഗര്‍ ഉള്‍പ്പടെ ഗുജറാത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് 1990 ഒക്ടോബര്‍ അവസാന വാരമാണ്. ജാംനഗര്‍ ജില്ല മൂന്ന് പൊലീസ് ഡിവിഷനുകളായി (ജാം നഗര്‍ റൂറല്‍, ജാം നഗര്‍ സിറ്റി, ഖംബാലിയ) വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു. വര്‍ഗീയ കലാപത്തിന്റെ അതേസമയത്ത് തന്നെ ജാംനഗറിലെ മറ്റ് രണ്ടുഡിവിഷനുകളിലെ എ എസ് പിമാര്‍ അവധിയില്‍ പ്രവേശിച്ചതോടെ ജില്ലയുടെ മുഴുവന്‍ ചാര്‍ജും സഞ്ജീവ് ഭട്ടിന് ലഭിക്കുകയും അദ്ദേഹം കലാപം കാര്യക്ഷമമായി ഒതുക്കുകയും ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 30ന് നടന്ന ബി ജെ പി- വി എച്ച് പി ഭാരത്ബന്ദോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ജാം നഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുസ്‌ലിംകളുടെ സ്ഥാപനങ്ങളും സ്വത്തും ജീവനും ലക്ഷ്യം വെച്ച് നിയമഭേദകരായ കാപാലികര്‍ അഴിഞ്ഞാടി. ക്രമസമാധാനപാലന പരിശ്രമങ്ങളുടെ ഭാഗമായി 30ാം തീയതി ഉച്ചയ്ക്ക് 1.30ന് സഞ്ജീവ് ഭട്ട്, ജാം നഗര്‍ ജില്ലയിലെ ജം ജോധ്പൂര്‍ സ്റ്റേഷനിലെത്തിച്ചേര്‍ന്നു. അന്ന് രാവിലെ ഒമ്പതരയ്ക്കും പന്ത്രണ്ട് മണിക്കുമിടയിലെ വെറും മൂന്ന് മണിക്കൂറിനുള്ളില്‍ ആ പ്രദേശത്ത് നടന്ന 15 വ്യത്യസ്ത കലാപങ്ങളിലും കൊള്ളിവെപ്പുകളിലും പങ്കാളികളായിട്ടുള്ള 133 പേരെ ഐ പി സി, ടാഡ വകുപ്പുകളനുസരിച്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന വിവരം ഭന്‍വാദ് എന്ന സ്റ്റേഷന്‍ സി ഐ ആണ് ഭട്ടിനെ അറിയിക്കുന്നത്. ഇക്കൂട്ടത്തില്‍പ്പെട്ട പ്രഭുദ്ദ് മാധവ്ജി വൈഷ്ണാനി എന്നയാള്‍ ജാമ്യത്തിലിറങ്ങി ഇരുപത് ദിവസങ്ങള്‍ക്കുശേഷം അസുഖബാധിതനായി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഇയാളുടെ ശരീരത്തില്‍ ആന്തരികമായോ ബാഹ്യമായോ യാതൊരു വിധ മര്‍ദനവും നടന്ന തെളിവുകളില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനിടയില്‍ വിവിധ തവണ കോടതിയില്‍ ഹാജരാക്കപ്പെട്ടപ്പോഴൊന്നുംതന്നെ കസ്റ്റഡി മര്‍ദനത്തിന്റേതായ യാതൊരു പരാതിയും ഇയാള്‍ ഉന്നയിച്ചിരുന്നുമില്ല. എന്നാല്‍ താന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഈ മനുഷ്യനെ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതാണെന്ന് പിന്നീട് അയാളുടെ വി എച്ച് പിക്കാരനായ സഹോദരന്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തുടരന്വേഷണങ്ങളില്‍ ഭട്ട് നിരപരാധിയാണെന്ന് വ്യക്തമാവുകയും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഈ നാടകങ്ങളെല്ലാം പൂര്‍ത്തിയായി, ഭട്ടിന്റെ നിരപരാധിത്വം അംഗീകരിക്കപ്പെട്ട് ഏതാണ്ട് മൂന്ന് ദശകങ്ങള്‍ പിന്നിട്ടശേഷം (ഇക്കാലയളവിനുള്ളില്‍ ഭട്ടിന്റെ ജീവിതത്തില്‍ അരങ്ങേറിയ പലവിധ പകപോക്കലുകളുടെ കഥകള്‍ വഴിയേ പറയാം) ഇതേ കേസ് പൊടിതട്ടിയെടുത്ത്, വ്യാജമൊഴികളും വ്യാജ തെളിവുകളും നിര്‍മിച്ചെടുത്ത്, ഗുജറാത്തിലെ ഒരു കീഴ്‌ക്കോടതി മുഖേന അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിക്കുന്ന ഭരണകൂടത്തിന്റെ ഭീകരമുഖമാണ് ഈ ദിവസങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ധീരതയ്ക്കും സത്യസന്ധതയ്ക്കും നീതിബോധത്തിനും അടിയുറച്ച മതേതര വീക്ഷണങ്ങള്‍ക്കും പകരം സ്വന്തം ജീവിതം അപ്പാടെ വിട്ടുനല്‍കേണ്ടിവന്ന ഈ പൊലീസ് ഓഫീസര്‍ക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെപ്പോഴാണ് നാം ‘ഴാക്ക്യൂസ്’ എന്ന് അട്ടഹസിക്കുക?

പ്രഭുദ്ദ് വൈഷ്ണാനി കേസില്‍ സഞ്ജീവ് ഭട്ടിന്റെ നിരപരാധിത്വം 1991ല്‍ ഗുജറാത്ത് ഗവണ്‍മെന്റ് ഔദ്യോഗികമായി പ്രസ്താവിച്ച ശേഷം 2011 വരെയുള്ള ഇരുപത് വര്‍ഷം ഭട്ട് ഗുജറാത്ത് പൊലീസില്‍ വിവിധ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ സുരക്ഷാചുമതല വരെ ഇതിലുള്‍പ്പെടും. പക്ഷേ സംസ്ഥാന ഗവണ്‍മെന്റിന്റെയും പാര്‍ട്ടി ഘടകത്തിലെ ചില നേതാക്കന്മാരുടെയും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അരുനില്‍ക്കാതിരുന്നതിന്റെ പേരില്‍ വ്യാജരേഖ ചമയ്ക്കല്‍, കസ്റ്റഡി മരണം തുടങ്ങി വിവിധ കേസുകള്‍ നിര്‍മിച്ചെടുത്ത് അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും അദ്ദേഹത്തിന്റെ പ്രമോഷനുകള്‍ കാലങ്ങളോളം തടഞ്ഞുവെക്കുകയും ചെയ്യുകയുണ്ടായി. മോഡിക്കും അമിത്ഷാക്കും കീഴില്‍ ജോലി ചെയ്തുവരികെത്തന്നെ ഈ രണ്ട് വന്‍ പവര്‍ഹൗസുകളുമായി അത്യന്തം അപായപൂര്‍ണമായൊരു സംഘര്‍ഷപാത തുറന്നെടുക്കുക കൂടിയായിരുന്നു അക്കാലയളവില്‍ സഞ്ജീവ് ഭട്ട് എന്ന് സാരം.
2002ലെ വംശഹത്യയുടെ തൊട്ടുടനെ നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ‘ഗൗരവ് യാത്ര’യ്ക്കിടയില്‍ ബീച്ചാരാജി ക്ഷേത്രാങ്കണത്തില്‍ വെച്ച് അദ്ദേഹം നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോട് വിശദീകരണം തേടിയ സന്ദര്‍ഭമാണ് ഇതില്‍ ആദ്യത്തെ പ്രധാന ഘട്ടം. അങ്ങനെയൊരു പ്രസംഗമേ നടന്നിട്ടില്ലെന്നായിരുന്നു മോഡിയുടെയും ഗവണ്‍മെന്റിന്റെയും മറുപടിയെങ്കിലും സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ പ്രസ്തുത പ്രസംഗത്തിന്റെ കോപ്പി കമ്മീഷന് സമര്‍പ്പിക്കുക തന്നെ ചെയ്തു. പണിഷ്‌മെന്റ് ട്രാന്‍സ്ഫറിലൂടെയായിരുന്നു അന്ന് ഐ ബിയുടെ തലപ്പത്തുണ്ടായിരുന്ന ആര്‍ ബി ശ്രീകുമാറും ഇ രാധാകൃഷ്ണനും സഞ്ജീവ് ഭട്ടുമുള്‍പ്പെടെയുമുള്ള ഓഫീസര്‍മാരോട് മോഡി പ്രതികാരം ചെയ്തത്. കാലത്തിന് പോലും മായ്ച്ചുതീര്‍ക്കാനാവാത്ത അനവധി കറുത്ത പുള്ളികളാല്‍ അലംകൃതമാണ് നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ ജീവിത മേലങ്കി. അക്കൂട്ടത്തില്‍ ഒരേടായ ഈ പരാമര്‍ശിത പ്രസംഗത്തില്‍ അദ്ദേഹം പുറന്തള്ളിയ വിദ്വേഷമാലിന്യത്തില്‍നിന്ന് രണ്ടുവരി ഉദാഹരണമായെടുത്താല്‍ ഇങ്ങനെയാണ് നാം കേള്‍ക്കുക: ‘ബീച്ചാരാജി ക്ഷേത്രത്തിന് വേണ്ടി എട്ടുകോടി രൂപ വകയിരുത്തി എന്നതിന്റെ പേരിലാണ് നമ്മളെ ഹിന്ദുവാദി എന്ന് ആക്ഷേപിക്കുന്നത്. നാം പിന്നെ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? നമ്മളിവിടെയും റിലീഫ് ക്യാമ്പുകള്‍ തുറക്കുകയാണോ വേണ്ടത്? കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കുകയായിരുന്നോ നാം ചെയ്യേണ്ടിയിരുന്നത്? ‘നാം അഞ്ച്, നമുക്ക് ഇരുപത്തഞ്ച്’ എന്ന ചിന്താഗതി കൊണ്ട് നാട് നന്നാകുമോ? മദ്‌റസയില്‍ മാത്രം പോയി ശീലമുള്ള ആളുകള്‍ ഈ നാടിന് ഭാരമാണ്. മരണത്തിന്റെ വ്യാപാരികളുടെ കളി ഗുജറാത്തില്‍ വിലപ്പോവില്ല.’

ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കുശേഷം, 2011 ഏപ്രിലില്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് ശീതസമരങ്ങളെ ഒരു പൊട്ടിത്തെറിയിലേക്കെത്തിച്ചത്. 2002 ഫെബ്രുവരി 27ന് രാവിലെയാണ് 59 കര്‍സേവകരുടെ മരണത്തിനിടയാക്കിയ ഗോധ്ര തീവണ്ടി തീവെപ്പ് നടക്കുന്നത്. അന്നേദിവസം വൈകുന്നേരം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി തന്റെ ഔദ്യോഗിക വസതിയില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ ഒരുയോഗം വിളിച്ചുകൂട്ടുകയും ‘ഹിന്ദുക്കള്‍ അവരുടെ കോപവും പകയും വീട്ടിക്കൊള്ളട്ടെ; മുസ്‌ലിംകള്‍ പാഠം പഠിച്ചേ മതിയാവൂ. നിങ്ങളാരും ആ വഴിക്ക് വിലങ്ങുനില്‍ക്കരുത്’ എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന വെളിപ്പെടുത്തലായിരുന്നു ഈ സത്യവാങ്മൂലത്തിന്റെ നടുക്കമുളവാക്കുന്ന മര്‍മഭാഗം(വാസ്തവത്തില്‍ ഇതേ സത്യവാങ്മൂലം അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ, ‘സിറ്റിസണ്‍സ് ട്രിബ്യൂണലി’ന് 2003ല്‍ സമര്‍പ്പിച്ചിരുന്നു. 2003ല്‍ തന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ‘എന്റെ ഭര്‍ത്താവിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണ്. വര്‍ഷങ്ങളായി അദ്ദേഹത്തിന് നീതി ലഭിക്കാനായി ഞാന്‍ നിയമപോരാട്ടത്തിലാണ്. ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ലെങ്കിലും ഒരുനാള്‍ നീതി പുലരുക തന്നെ ചെയ്യും, അതുവരെ ഈ പോരാട്ടം തുടരുകയും ചെയ്യും’ എന്ന അദ്ദേഹത്തിന്റെ ഭാര്യ ജാഗൃതി പാണ്ഡ്യയുടെ വാക്കുകളുടെ ആഴം ഏറെ വലുതാണ്). ഈ യോഗത്തിന്റെ തൊട്ടടുത്ത ദിവസംമുതലാണ് മൂവായിരത്തിനും അയ്യായിരത്തിനും ഇടയ്ക്ക് നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്ത ഗുജറാത്ത് വംശഹത്യ ആരംഭിക്കുന്നത്. 2011ല്‍ നാനാവതി കമ്മീഷന്‍ തന്നെ സമന്‍ ചെയ്ത വേളയിലും ഭട്ട് ഈ അഫിഡവിറ്റ് ആവര്‍ത്തിക്കുകയുണ്ടായി. എന്തുകൊണ്ട് ഇത്രയും കാലം മിണ്ടാതിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ 2004 മുതല്‍ കമ്മീഷന് മുമ്പില്‍ തെളിവ് നല്‍കാനനുവാദം ചോദിച്ച് താന്‍ കത്തുകളയച്ചിരുന്നുവെന്നും എന്നാല്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നുമാണ് ഭട്ട് വിശദീകരിച്ചത്.
ഏതായാലും മോഡിയുടെ തിരിച്ചടിക്ക് മൂന്നുമാസം മാത്രമേ കാത്തിരിക്കേണ്ടിയിരുന്നുള്ളൂ. ‘അണ്‍ ഓഥറൈസ്ഡ് അബ്‌സന്‍സ്’ എന്ന കുറ്റം ചുമത്തി 2011 ആഗസ്തില്‍ ഗുജറാത്ത് ഗവണ്‍മെന്റ് ഭട്ടിനെ സസ്‌പെന്റ് ചെയ്തു. സുപ്രീം കോടതിയിലും നാനാവതി കമ്മീഷനിലും ഭട്ട് സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലങ്ങളില്‍, അദ്ദേഹം മോഡി വിളിച്ച യോഗത്തില്‍ പങ്കെടുത്തതിന്റെ ദൃക്‌സാക്ഷികളിലൊരാളായിരുന്ന പൊലീസ് ഡ്രൈവര്‍ കെ ഡി പന്തും ഒപ്പ് വെച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞുവീണ പന്ത്, സഞ്ജീവ് ഭട്ട് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നൊരു മറുപരാതിയുമായാണ് രംഗത്തെത്തിയത്. ഈ പരാതിയുടെ മറപിടിച്ച്, 2011 സെപ്തംബര്‍ 30ന് സഞ്ജീവ് ഭട്ട് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടു. പതിനഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും 2012 ഏപ്രിലില്‍ സുപ്രീം കോടതി പന്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്തു. എങ്കിലും ഭട്ട് കൊമ്പുകോര്‍ത്തവരുടെ പകയൊടുങ്ങിയിരുന്നില്ല. 2012 നവംബറില്‍ പഴയ പ്രഭുദ്ദ് വൈഷ്ണാനി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018 സെപ്തംബര്‍ മുതല്‍ ഭട്ട് വീണ്ടും പൊലീസ് കസ്റ്റഡിയിലാണ്. 2019 ജൂണ്‍ 20ന് വൈഷ്ണാനിയുടെത് കസ്റ്റഡി മരണമാണെന്ന തീര്‍പ്പില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

സത്യത്തിനും നീതിയ്ക്കും ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നിലകൊണ്ട ധീരനായ, ആദരണീയനായ ഈ മനുഷ്യന്റെ ജീവിതം നമ്മുടെ ഭരണകൂടം അപ്പാടെ താറുമാറാക്കിക്കളഞ്ഞിരിക്കുന്നു. അപഹാസ്യമായ ഒരു ചോദ്യചിഹ്നം പോലെ നീതിപീഠം മിഴിച്ചുനില്‍ക്കുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്കപ്പുറം കനത്തൊരു പ്രതിഷേധം പോലുമുയരാതെ നാട് തലതാഴ്ത്തി നില്‍ക്കുകയും ചെയ്യുന്നു.

ഈ നീതിനിഷേധത്തെ നാം കനത്ത സ്വരത്തില്‍ അപലപിച്ചേ മതിയാവൂ. സഞ്ജീവിന് വേണ്ടി പോരാടേണ്ടത് ശ്വേതാഭട്ടിന്റെ മാത്രം ഉത്തരവാദിത്വമല്ല തന്നെ.

കെ സി ശൈജല്‍

You must be logged in to post a comment Login