നെഞ്ചിലെരിയുന്ന കത്ത്

നെഞ്ചിലെരിയുന്ന കത്ത്

പ്രിയപ്പെട്ട മോഡീ,
‘ആറു കോടി ഗുജറാത്തികളെ’ അഭിസംബോധന ചെയ്തുകൊണ്ട് താങ്കള്‍ ഒരു കത്തെഴുതാന്‍ തയാറായി എന്നതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. താങ്കളുടെ മനസിലേക്ക് ഒരു കിളിവാതില്‍ തുറന്നുതരിക മാത്രമല്ല, അതേ മാധ്യമത്തിലൂടെ താങ്കളോടു പ്രതികരിക്കുവാന്‍ എനിക്കൊരവസരം ലഭ്യമാക്കുക കൂടിയാണ് ഇതിലൂടെ താങ്കള്‍ ചെയ്തിരിക്കുന്നത്. എന്റെ പ്രിയ സഹോദരാ, ജാക്കിയ നാസിം എഹ്‌സാന്‍ ജാഫ്‌റിി വെര്‍സസ് സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധി താങ്കള്‍ പൂര്‍ണമായും തെറ്റായിട്ടാണ് മനസിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. താങ്കളെയും അതുവഴി താങ്കളെ സര്‍വോന്നത സാരഥിയായിക്കാണുന്ന ആ ‘ആറുകോടി ഗുജറാത്തി’കളെയും ഒരിക്കല്‍ക്കൂടി വഴിതെറ്റിച്ചിരിക്കുന്നത് താങ്കളുടെ സ്വന്തം ഉപദേശികള്‍ തന്നെയാവാനാണ് സാധ്യത! നമ്മുടെ രാഷ്ട്രീയ വര്‍ണരാജിയുടെ ചില കോണുകളില്‍ അനിയന്ത്രിതമായ ഉല്ലാസോന്മാദത്തിനും അപരനിന്ദയ്ക്കും വഴിമരുന്നിട്ട ആ വിധി നേരെ ചൊവ്വേ മനസിലാക്കുവാന്‍ ഒരു ഇളയ ഗുജറാത്തി സഹോദരന്‍ എന്ന നിലയ്ക്ക് ഞാന്‍ താങ്കളെ സഹായിക്കാം.

‘സുപ്രീം കോടതി വിധിയില്‍ ഒരുകാര്യം സുവ്യക്തമാണ്. 2002 ലെ കലാപങ്ങളെത്തുടര്‍ന്ന് എനിക്കും ഗുജറാത്ത് ഗവണ്‍മെന്റിനുമെതിരിലുയര്‍ന്ന് വന്നിട്ടുണ്ടായിരുന്ന അവാസ്തവികമായ ആരോപണങ്ങള്‍ക്കും അതുയര്‍ത്തിവിട്ട അനാരോഗ്യകരമായ സാഹചര്യങ്ങള്‍ക്കും ഈ വിധിയോടെ അന്ത്യം കുറിക്കുകയാണ്’ എന്ന് താങ്കളുടെ കത്തില്‍ കണ്ടു. പ്രസ്തുത കോടതി വിധി ഒരുതരത്തിലും, ഒരു വിദൂരാര്‍ഥത്തില്‍ പോലും, ശ്രീമതി സാക്കിയ ജാഫ്‌റിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ ഒന്നും തന്നെ വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുവാന്‍ ഞാനാഗ്രഹിക്കുകയാണ്. യഥാര്‍ഥത്തില്‍ ഗുജറാത്ത് കലാപത്തിനിരയായ ഹതഭാഗ്യരായ അസംഖ്യം മനുഷ്യരിലേക്ക് നീതിയുടെ കിരണം ചെന്ന് തൊടുന്നതിന്റെ വലിയൊരു തുടക്കമാണ് ബഹുമാനപ്പെട്ട കോടതിയുടെ വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. താങ്കള്‍ക്ക് നന്നായറിയുന്നതു പോലെ, തന്റെ പരാതി ഒരു എഫ്.ഐ.ആര്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്നഭ്യര്‍ഥിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതിയെയായിരുന്നു ശ്രീമതി ജാഫ്‌റി ആദ്യം സമീപിച്ചിരുന്നത്. പക്ഷേ ബഹുമാനപ്പെട്ട ഹൈക്കോടതി ആ പരാതി നിരസിച്ചതിനെത്തുടര്‍ന്നാണ് ഒരു സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്റെ രൂപത്തില്‍ അവര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. പരാതി സ്വീകരിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി അന്വേഷണച്ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറുകയും അവര്‍ ശേഖരിക്കുന്ന തെളിവുകള്‍ പരിശോധിക്കുവാന്‍ ‘അമിക്കസ് ക്യൂറി’യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീമതി ജാഫ്‌റിയുടെ പരാതി എഫ്.ഐ.ആര്‍ ആയി കണക്കാക്കുക മാത്രമല്ല, സി.ആര്‍.പി.സി സെക്ഷന്‍ 173(2) അനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുവാന്‍ എസ്.ഐ.ടിയോട് ആവശ്യപ്പെടുക കൂടിയായിരുന്നു ബഹുമാനപ്പെട്ട കോടതി ചെയ്തത്.

അങ്ങയുടെയും അങ്ങയുടെ ആറുകോടി ഗുജറാത്തി സഹോദരീ-സഹോദരന്മാരുടെയും അറിവിലേക്കായി ഞാന്‍ പറയട്ടെ, 173(2) അനുസരിച്ചുള്ള ഈ റിപ്പോര്‍ട്ടിന് ചാര്‍ജ് ഷീറ്റ്/ഫൈനല്‍ റിപ്പോര്‍ട്ട് എന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ അര്‍ഥം. തങ്ങള്‍ ശേഖരിക്കുന്ന തെളിവുകളും അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകളും ഒത്ത് ചേര്‍ത്ത് ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് മുമ്പില്‍ സമര്‍പ്പിക്കുവാനും ബഹുമാനപ്പെട്ട കോടതി എസ്.ഐ.ടിയോട് നിര്‍ദേശിച്ചിരുന്നു. നിയമവാഴ്ച ഉറപ്പാക്കാന്‍ ബഹുമാനപ്പെട്ട കോടിതിയുടെ മുമ്പിലുണ്ടായിരുന്ന ഏറ്റവും മികച്ച ഒപ്ഷനും ഇത് തന്നെയായിരുന്നു എന്ന് താങ്കളും മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.
താന്‍ ചോദിച്ചതില്‍ കൂടുതലാണ് വാസ്തവത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി ശ്രീമതി ജാഫ്‌റിക്ക് നല്‍കിയിരിക്കുന്നത്. നമ്മളില്‍ ചിലരൊക്കെ ദുഃസന്തോഷപൂര്‍വം പരനിന്ദയുടെ ആമോദത്തിന് ഉപയോഗപ്പെടുത്താന്‍ നോക്കുന്ന ആ വിധി, സത്യത്തില്‍ 2002 കലാപത്തിലെ ആസൂത്രകരെയും അപരാധികളെയും അവരുടെ അന്തിമവിധിയുടെ ചാരത്തേക്ക് ഏതാനും ചുവടുകള്‍ കൂടി അടുപ്പിക്കാനുതകും വിധം ചാതുര്യത്തോടെ എഴുതപ്പെട്ട നീതിവാചകമാണ്. ഗുജറാത്തിലെ പച്ചപ്പരമാര്‍ഥികളായ ജനങ്ങളെ വഴിപിഴപ്പിക്കുവാനും അകം ശൂന്യമായ ഒരാത്മവിശ്വാസം പാര്‍ട്ടി അണികളില്‍ കുത്തിവെക്കാനുമുള്ള സമര്‍ഥമായ ഒരു ശ്രമമാണ് പ്രചരിപ്പിക്കപ്പെടുന്ന ഈ വ്യാജഗര്‍വ് എന്ന് എനിക്ക് നന്നായറിയാം. വിധിയുടെ സത്ത ശിരസാവഹിക്കപ്പെടുന്ന ഘട്ടത്തില്‍ തികച്ചും വിഭിന്നമായ ഒരു ചിത്രമായിരിക്കും ഉരുത്തിരിഞ്ഞുവരികയെന്ന് ദയവായി മനസിലാക്കുക. ഗൂഢോദ്ദേശ്യങ്ങള്‍ സാധിച്ചെടുക്കുവാനായി താങ്കളെപ്പോലെയുള്ളവര്‍ ഗുജറാത്തി ജനതയെ ബോധപൂര്‍വമോ ചിന്താശൂന്യമായോ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍, ‘ആറുകോടി ഗുജറാത്തി’കളില്‍ ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് അഗാധമായ വേദനയും ചതിക്കപ്പെടുന്നു എന്ന തോന്നലുമാണ് ഉണ്ടാകുന്നത്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഉറ്റ തോഴനും നാസി ജര്‍മനിയിലെ പ്രോപഗാണ്ട മിനിസ്റ്ററും ആയിരുന്ന പോള്‍ ജോസഫ് വിജയകരമായി ആവിഷ്‌കരിച്ചു നടപ്പിലാക്കിയ ആ സിദ്ധാന്തം ഉപയോഗിച്ച് നിശ്ചയമായും കുറെ ആളുകളെ കുറെ കാലത്തേക്ക് പറ്റിക്കാനാകും. പക്ഷേ ഒരു ജനതയെ ഒന്നടങ്കം എല്ലാ കാലത്തേക്കും വിഢികളാക്കുവാന്‍ ഗീബല്‍സിയന്‍ പ്രോപഗാണ്ടക്ക് കഴിയുകയില്ല എന്നതിന് ചരിത്രം തന്നെയാണ് ഏറ്റവും മികച്ച തെളിവ്.

വിദ്വേഷത്തെ വിദ്വേഷം കൊണ്ട് കീഴ്‌പ്പെടുത്തുവാനാകില്ല എന്ന താങ്കളുടെ പുതിയ ബോധ്യത്തെ ഞാന്‍ പൂര്‍ണമായും വിലമതിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെ ഗുജറാത്തിനെ സേവിച്ച താങ്കള്‍ക്കല്ലാതെ, 23 വര്‍ഷക്കാലം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ജോലിചെയ്ത എനിക്കല്ലാതെ, മറ്റാര്‍ക്കാണ് ഇത് ഇതിലും നന്നായി മനസിലാവുക! ഗുജറാത്തിലെ വിഭിന്ന കേളീരംഗങ്ങളില്‍ അപരവിദ്വേഷത്തിന്റെ സംഘനൃത്തങ്ങള്‍ രൂപകല്‍പന ചെയ്യപ്പെടുകയും കൊട്ടിയാടപ്പെടുകയും ചെയ്ത 2002 കാലത്ത് താങ്കള്‍ക്ക് കീഴില്‍ ജോലി ചെയ്യേണ്ടി വരിക എന്ന ദയനീയമായ ദുര്യോഗം അനുഭവിക്കേണ്ടി വന്ന ഒരാള്‍ കൂടിയാണ് ഞാന്‍. അന്നത്തെ നമ്മളിരുവരുടെയും വേഷങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ ചര്‍ച്ച ചെയ്യാനോ ഉള്ള വേദിയല്ല ഇതെന്നതിനാല്‍ ഇവിടെ ഞാനതിന് മുതിരുന്നില്ല. പക്ഷേ, ഗുജറാത്തിലെ അധാര്‍മിക-പ്രായോഗിക രാഷ്ട്രീയത്തിന്റെ (real politics) വിദ്വേഷാധിഷ്ഠിത അന്തര്‍ധാരകളെക്കുറിച്ച് ആഴത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുവാന്‍ നമുക്കിരുവര്‍ക്കും അവസരം ലഭിക്കാതിരിക്കില്ല എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ പേരില്‍ താങ്കളും താങ്കളുടെ ഭരണകൂടത്തിനകത്തും പുറത്തുമുള്ള ചങ്ങാതിമാരും എന്നെ വെറുക്കുകയില്ല എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
സത്യസന്ധവും ഹൃദ്യവുമായ ഒരു സല്‍പേര് നമുക്ക് വിലകൊടുത്ത് വാങ്ങുവാനോ പിടിച്ചുപറിച്ച് സ്വന്തമാക്കുവാനോ സാധിക്കില്ലെന്ന് താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങനെയൊന്നിന് അര്‍ഹനാകുവാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കുവാനേ നമുക്ക് സാധിക്കുകയുള്ളൂ. അതാവട്ടെ ഏറെ ദുഷ്‌കരമായ ഒരു ദൗത്യവുമാണ്. മഹാത്മജിയുടെ നാട്, പതുക്കെപ്പതുക്കെ അതിന്റെ ഹിപ്‌നോട്ടിക് സ്‌റ്റേറ്റില്‍ നിന്ന് പുറത്തേക്ക് കടന്നു തുടങ്ങിയിരിക്കുന്നുവെന്നാണ് കാലം അനുതാപപൂര്‍വം വിളിച്ചോതുന്നത്.

ഗുജറാത്തിലെ ഏറ്റവും കരുത്തനായ വ്യക്തി എന്ന നിലയ്ക്ക്, സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ആളുകളുടെ ബോധ്യങ്ങളോട് മറുപടി പറയേണ്ട ആവശ്യമൊന്നും തനിക്കില്ലെന്ന് താങ്കള്‍ കരുതുന്നുണ്ടാവും. പക്ഷേ, എന്നെ വിശ്വസിക്കൂ – സത്യസന്ധമായ സല്‍പേരില്ലാത്ത എല്ലാ സര്‍വാധികാരികളും തിരിച്ചുവരവില്ലാത്ത അപായഭരിതമായ ഇരുള്‍പാതകളിലൂടെ യാത്ര ചെയ്തവരാണെന്നാണ് ചരിത്രം ആവര്‍ത്തിച്ചു വിളിച്ചുപറയുന്നത്.

സദ്ഭാവന സാധ്യമാവണമെങ്കില്‍ സമഭാവന കൂടിയേ തീരൂ. സമതയിലും ധര്‍മത്തിലും അധിഷ്ഠിതമായ ഭരണം എന്ന തത്വം താങ്കളുടെ മത വിശ്വാസങ്ങളെയും ജീവിത തത്വസംഹിതകളെയും നിര്‍ണയിച്ചേ തീരൂ. എളുപ്പത്തില്‍ വിഴുങ്ങാന്‍ കഴിയാത്ത കയ്പുള്ള ഔഷധമാണ് പലപ്പോഴും സത്യം. ഈ കത്ത് അതിന്റെ ശരിയായ അര്‍ഥത്തില്‍ തന്നെ താങ്കളെടുക്കുമെന്നും താങ്കളോ താങ്കളുടെ സില്‍ബന്തികളോ സ്വതസിദ്ധമായ ശൈലിയില്‍ ഇതിന്റെ പേരിലും പ്രതികാര നടപടിയുമായി ഇറങ്ങിപ്പുറപ്പെടില്ല എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞതുപോലെ, എവിടെയെങ്കിലും ഒരനീതി സംഭവിച്ചാല്‍ അത് എല്ലായിടത്തുമുള്ള നീതിബോധത്തിന് നേരെ ഉയരുന്ന ഒരു ഭീഷണിയാണ്. നീതിക്കുവേണ്ടി പൊരുതുന്ന ഗുജറാത്തിലെ നിര്‍ഭാഗ്യവാന്മാരായ ഇരകളുടെ ഉശിരാര്‍ന്ന പോരാട്ടവീര്യത്തിന് ഇടക്കൊക്കെ വാട്ടം സംഭവിച്ചേക്കാം. പക്ഷേ, ഒരുതരം ഗീബല്‍സിയന്‍ പ്രോപഗണ്ട കൊണ്ടും അവരെ പൂര്‍ണമായും അടിച്ചമര്‍ത്തുവാന്‍ സാധിക്കുകയില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒരു കാലത്തും, ലോകത്തിന്റെ ഒരു ഭാഗത്തും, ആയാസരഹിതമായിരുന്നില്ല. അവിരാമമായ ക്ഷമയും അശ്രാന്തവും അപരാജിതവുമായ പരിശ്രമവും അതിന് അനിവാര്യമാണ്. ഗുജറാത്തില്‍ സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുന്ന ക്രൂശഭടന്മാരുടെ ആത്മവീര്യത്തെ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഭുചുങ് സോനം തന്റെ കവിതയില്‍ മനോഹരമായി സംക്ഷേപിച്ചിരിക്കുന്നത് നോക്കൂ:

‘എനിക്ക് തത്വദീക്ഷയുണ്ട്
അധികാരമില്ല
നിനക്ക് അധികാരമുണ്ട്
മൂല്യബോധമില്ല.

നീ
നീയായിരിക്കുമ്പോള്‍,
ഞാന്‍
ഞാനായിരിക്കുമ്പോള്‍
വിട്ടു വീഴ്ച എന്ന ഒരു പ്രശ്‌നമേ ഉദിക്കുന്നില്ല
അതിനാല്‍ പോരാട്ടം ആരംഭിക്കട്ടെ
എന്റെ കയ്യില്‍ സത്യമുണ്ട്
മറ്റൊരു സൈന്യവുമില്ല
നിനക്ക് സൈനിക ശക്തിയുണ്ട്
പക്ഷേ, നിന്നില്‍ സത്യമില്ല.

നീ
നീയായിരിക്കുമ്പോള്‍
ഞാന്‍
ഞാനായിരിക്കുമ്പോള്‍
വിട്ടുവീഴ്ച എന്ന ഒരു പ്രശ്‌നമേ ഉദിക്കുന്നില്ല.
അതിനാല്‍ പോരാട്ടം ആരംഭിക്കട്ടെ…

നീ എന്റെ തലയോട് തച്ചുതകര്‍ത്തേക്കാം
പക്ഷേ, ഞാന്‍ പോരാടും
നീ എന്റെ എല്ലുകള്‍ ഒടിച്ചു കളഞ്ഞേക്കാം
പക്ഷേ ഞാന്‍ പോരാടും
നീ എന്നെ ജീവനോടെ കുഴിച്ചുമൂടിയേക്കാം
പക്ഷേ,
അപ്പോഴും
ഞാന്‍
പോരാടും.
എന്നിലൂടെ പ്രസരിക്കുന്ന സത്യത്തിലൂടെ
ഞാന്‍ പോരാടും
എന്റെ ഓരോ തുള്ളി കരുത്തോടെയും
ഞാന്‍ പോരാടും
എന്റെ പിടഞ്ഞുതീരുന്ന അവസാന ശ്വാസവുമായി
ഞാന്‍ പോരാടും.
ഞാന്‍ പോരാടും,
പെരുംനുണകള്‍കൊണ്ട് നീ
വാര്‍ത്തെടുത്ത നിന്റെ കൊട്ടാരം
തകര്‍ന്ന് മണ്ണടിയുന്നതുവരെ;’

പെരുംനുണകളാല്‍ നീ ആരാധിച്ചു പോന്ന
ചെകുത്താന്‍ എന്റെ നേരുകളുടെ
മാലാഖയ്ക്കു മുമ്പില്‍ മുട്ടുമടക്കുന്നതുവരെ

എല്ലാ മനുഷ്യരോടും സമഭാവനയോടെയും ഉദാര മനസ്‌കതയോടെയും പെരുമാറാന്‍ ആവശ്യമായ കരുത്ത് ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കുമാറാകട്ടെ!
സത്യമേവ ജയതേ!

ശുഭാശംസകളോടെ,
വിശ്വസ്തതയോടെ,
സഞ്ജീവ് ഭട്ട്
23 ജൂണ്‍ 2019

സഞ്ജീവ് ഭട്ട്‌

You must be logged in to post a comment Login