‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

‘ഞാന്‍ മുട്ടുമടക്കില്ല’ ശ്വേതാഭട്ട് പോരാട്ടം തുടരുകയാണ്

”ഞാനൊരു ദുര്‍ബലയായ സ്ത്രീയാണ്; അവര്‍ക്കു എന്നെ ഇല്ലായ്മ ചെയ്യാന്‍ പ്രയാസമില്ല. പക്ഷേ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കു അത് കേട്ടില്ലെന്നു നടിക്കാനാവില്ല” – പറയുന്നത് ശ്വേതാഭട്ട്, ജയിലില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ സഹധര്‍മിണി.

കഴിഞ്ഞ ദിവസം കോഴിക്കോട്ടു കണ്ടപ്പോള്‍ അവര്‍ താനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ കുടുംബം നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും അവര്‍ വിവരിച്ചു. 2011ല്‍ നാനാവതി കമ്മീഷന്‍ മുന്‍പാകെ സഞ്ജീവ് ഭട്ട് മൊഴികൊടുത്ത ശേഷം അദ്ദേഹവും കുടുംബവും ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് നേരിടുന്ന ഭീഷണിയും പകപോക്കലുമാണ് അവര്‍ വിവരിച്ചത്. ഗുജറാത്തില്‍ 2002ല്‍ നടന്ന മുസ്‌ലിം വംശഹത്യാസംഭവങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നേരിട്ടു പങ്കുണ്ട് എന്നാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ ഭട്ട് അന്ന് മൊഴികൊടുത്തത്.
”പീഡനങ്ങള്‍ അന്ന് വൈകുന്നേരം തന്നെ തുടങ്ങി. ജോലിയില്‍ നിന്ന് അനുമതിയില്ലാതെ വിട്ടുനിന്നു എന്ന ആരോപണം ഉന്നയിച്ചു ഉടന്‍ സസ്‌പെന്‍ഷന്‍ വന്നു. പിന്നെ സീനിയര്‍ ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ലഭ്യമായ സൗകര്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി. സെക്യൂരിറ്റിക്ക് നിന്നിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. ജോലിയില്‍നിന്ന്പുറത്താക്കി. പിന്നെ കള്ളക്കേസുകള്‍ ഓരോന്നായി പൊന്തിവരാന്‍ തുടങ്ങി. അതില്‍ ഒരു കേസ് മുപ്പതുവര്‍ഷം മുന്‍പ് നടന്ന ഒരു കസ്റ്റഡി മരണത്തെ സംബന്ധിച്ച ആരോപണവുമായി ബന്ധപ്പെട്ടതാണ്. അന്ന് സഞ്ജീവ് പൊലീസ് സര്‍വീസില്‍ ചേര്‍ന്ന സമയമാണ്. സംഭവത്തില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ല. സത്യത്തില്‍ ആള്‍ മരിച്ചത് കസ്റ്റഡിയിലുമല്ല. എന്നിട്ടും മുപ്പതുവര്‍ഷം കഴിഞ്ഞു കേസ് കുത്തിപ്പൊന്തിച്ചെടുത്തു. ഒന്‍പതു മാസം മുന്‍പ് അറസ്റ്റ്. ജാമ്യം പോലും നല്‍കിയില്ല. ഒരിക്കല്‍പോലും ജയിലില്‍ അദ്ദേഹത്തെ കാണാന്‍ എന്നെ അനുവദിച്ചില്ല. ഇപ്പോള്‍ ഇതാ കേസില്‍ ജാംനഗര്‍ കോടതി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയും നല്‍കിയിരിക്കുന്നു…”

1990ല്‍ ഉണ്ടായ സംഭവം ഇതാണ്: അഡ്വാനിയുടെ രഥയാത്ര ഉത്തര്‍പ്രദേശില്‍ തടയപ്പെടുന്നു; അന്ന് അവിടെ കര്‍സേവകര്‍ക്കെതിരെ പൊലീസ് വെടിവെപ്പുണ്ടാകുന്നു. ഉടന്‍ നാട്ടിലെങ്ങും വിശ്വഹിന്ദു പരിഷത്തും മറ്റു സംഘപരിവാര്‍ സംഘടനകളും കലാപം അഴിച്ചുവിടുന്നു. ഗുജറാത്തിലെ ജംജോധ്പൂരില്‍ അക്രമം നടത്തിയ ചിലരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എസ്പിയുടെ നിര്‍ദേശപ്രകാരം സഞ്ജീവ് ഭട്ട് അവിടെപ്പോയി കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. പിടിയിലായവര്‍ക്കു പിറ്റേന്ന് കോടതി ജാമ്യം നല്‍കി. പതിനെട്ടു ദിവസം കഴിഞ്ഞു അതില്‍ ഒരാള്‍ മരിച്ചു; അയാള്‍ വൃക്കരോഗിയായിരുന്നു. അതാണ് മരണകാരണവും. ആ സംഭവമാണ് ഇപ്പോള്‍ സഞ്ജീവ് ഭട്ടിനെതിരെ ആയുധമാക്കിയത്.

”ഇത് തികഞ്ഞ അതിക്രമമാണ്. എന്നെയും കുടുംബത്തെയും അവര്‍ ദ്രോഹിക്കുന്നതിനു കണക്കില്ല. ഈയിടെ അവര്‍ എന്നെയും ലക്ഷ്യംവെച്ചതായി തോന്നുന്നു”. ഏതാനും മാസം മുന്‍പുള്ള അനുഭവം അവര്‍ വിവരിച്ചു. ശ്വേതാഭട്ട് അഹമ്മദാബാദില്‍ ഒരു കാര്‍ ഓടിച്ചു പോവുകയാണ്. എത്രയോ കാലമായി പരിചിതമായ നാട്; റോഡുകളും ചിരപരിചിതം. പെട്ടെന്ന് ഒരു ലോറി ഇരമ്പിവരുന്നു. അത് വലതുവശത്തു കൂടെ ചീറിവന്നു കാറിനു ഒറ്റയിടി. ”ഞാന്‍ ഭയന്നു പോയി. കാര്‍ ഇടത്തോട്ട് വെട്ടിച്ചു അവിടെയുള്ള മതിലില്‍ ഇടിച്ചുനിന്നു .ഭാഗ്യത്തിന് ചെറിയ ചില പോറലുകള്‍ മാത്രമാണ് പറ്റിയത്. പക്ഷേ ഭീതിപ്പെടുത്തുകയാണ് അവരുടെ ഉന്നം എന്ന് വ്യക്തമായിരുന്നു.” അവര്‍ പറഞ്ഞു.

ഇതാണ് ഇപ്പോള്‍ കുടുംബത്തിന്റെ അവസ്ഥ. എപ്പോള്‍ വേണമെങ്കിലും അവരെ തകര്‍ത്തുകളയും എന്ന മട്ടില്‍ നില്‍ക്കുന്ന ഭരണകൂടം. അവരുടെ കുതന്ത്രങ്ങള്‍ നടപ്പാക്കാന്‍ തയാറായി പൊലീസും ഗുണ്ടകളും. 53വയസ്സുള്ള വീട്ടമ്മയായ ശ്വേതയും രണ്ടുമക്കളും ഭീതിജനകമായ ഈ അവസ്ഥയില്‍ ആണ് കഴിഞ്ഞുകൂടുന്നത്.
”പക്ഷേ ഞാന്‍ മുട്ടുമടക്കുകയില്ല. എന്തുവന്നാലും പോരാട്ടം തുടരും. സഞ്ജീവ് പുറത്തുവരും വരെ പോരാട്ടം തുടരും; അതിനു ഏതറ്റം വരെയും പോകും.” ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി അസംബന്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍കോടതിയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോരാട്ടം തുടരും.

പക്ഷേ ജീവിതം പ്രയാസകരമാണ്. കേസ് നടത്താന്‍ അഹമ്മദാബാദ് മുതല്‍ ജാംനഗര്‍ വരെയും സഞ്ജീവിനെ അടച്ചിട്ടിരിക്കുന്ന പാലംപുര്‍ മുതല്‍ ഡല്‍ഹി വരെയും നിരന്തരം സഞ്ചരിക്കുകയാണ് അവര്‍. വിശ്രമമില്ല; ആവശ്യത്തിന് പണമില്ല. പൊതുസമൂഹത്തിന്റെ സഹായം തേടിയാണ് കേരളത്തില്‍ എത്തിയത്. ഈ പോരാട്ടത്തില്‍ നാട്ടിലെ ജനങ്ങളുടെ പൂര്‍ണപിന്തുണ തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്വേതാഭട്ടും കുടുംബവും.

ശ്വേതാഭട്ട്/ എന്‍ പി ചെക്കുട്ടി

You must be logged in to post a comment Login