കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

കരുതിയിരിക്കുക; നിങ്ങളെ ഭീകരവാദിയാക്കാന്‍ ഇനി അമിത് ഷാ വിചാരിച്ചാല്‍ മതി!

2001 സെപ്തംബര്‍ 11ന് ശേഷമുള്ള ആഗോള രാഷ്ട്രീയവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ മുഖം വന്‍ശക്തികള്‍ക്ക് ലോകപൗരസമൂഹത്തിന്റെമേലുള്ള കടിഞ്ഞാണില്ലാത്ത നിയന്ത്രണമാണ്. അതായത്, ഇങ്ങ് ഇറാനിലോ പാകിസ്ഥാനിലോ ഈജിപ്തിലോ ജീവിക്കുന്ന ഒരു മനുഷ്യന്‍ ഭീകരവാദിയാണെന്നും അയാള്‍ ലോകത്തിനു തന്നെ ഭീഷണിയാണെന്നും തീരുമാനിച്ചുകൊണ്ട് ഏകപക്ഷീയമായി ചാപ്പകുത്തി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ അനിയന്ത്രിത അധികാരത്തെ ആരും ഇതുവരെ ചോദ്യം ചെയ്തതായി നാം കേട്ടിട്ടില്ല. ഉസാമ ബിന്‍ ലാദിനോ ഐമന്‍ സവാഹിരിയോ, അബൂബക്കര്‍ ബഗ്ദാദിയോ മാത്രമല്ല, നമ്മുടെ അബ്ദുന്നാസര്‍ മഅ്ദനിയെ പോലും കൊടും ഭീകരവാദിയായി ചിത്രീകരിക്കാന്‍ യു.എസ് പ്രസിഡന്റ് വിചാരിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. ഇറാനിലെ ആയത്തുല്ല ഖാംനഈ ഭീകരവാദിയാണെന്ന് ഏതെങ്കിലും പടിഞ്ഞാറന്‍ശക്തിയുടെ തലവന്‍ പ്രസ്താവനയിറക്കിയാല്‍ ലോകം ഞെട്ടില്ല. കാരണം, 21ാം നൂറ്റാണ്ടില്‍ അവര്‍ക്കതിന് അവകാശമുണ്ട് എന്ന് ലോകം തന്നെ അംഗീകരിച്ചുകൊടുത്തിരുന്നു. അതേസമയം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീവ്രവാദിയാണെന്ന് ഏതെങ്കിലും മുന്നാം ലോകനേതാവ് പറഞ്ഞെന്നുവെക്കുക. എന്തായിരിക്കും പുകില്‍? ‘ഇസ്ലാമിക ഭീകരവാദത്തിന്റെ ഭയാനകമുഖം’ തുറന്നുകാട്ടാനായിരിക്കും ആ പ്രസ്താവത്തെ പീന്നീട് ഉപയോഗിക്കുക. ഭീകരവാദികളുടെയും ഭീകരകൂട്ടായ്മകളുടെയും പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ അംഗരാജ്യങ്ങള്‍ നിയമനടപടികള്‍ ആരംഭിക്കണമെന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ 1999തൊട്ടുള്ള പത്തോളം പ്രമേയങ്ങളുടെ ചുവടുപിടിച്ച് കരിനിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ മുസ്ലിം ഭീകരവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനും വേട്ടയാടലിനും അത് അനന്തമായ സാഹചര്യമൊരുക്കിക്കൊടുത്തു. തുടര്‍ന്ന് എണ്ണമറ്റ ഭീകരവേട്ടക്ക് നാം മൂകസാക്ഷിയായി. അമേരിക്ക അഫ്ഗാന്‍ ആക്രമിക്കാന്‍ ഏക കാരണം താലിബാന്‍ നേതാവ് മുല്ല ഉമറിനെ വിട്ടുകൊടുക്കാന്‍ അന്നത്തെ ഭരണകൂടം തയാറായില്ല എന്നതാണ്. മുല്ല ഉമര്‍ ചെയ്ത അപരാധമാവട്ടെ, ഉസാമാ ബിന്‍ ലാദിന് അഭയം നല്‍കി എന്നതും. ഒന്നാലോചിച്ചുനോക്കൂ! ഒരു ഭീകരവാദിയെ തിരഞ്ഞ് അഫ്ഗാനിസ്ഥാനില്‍ 2003തൊട്ട് നടത്തിയ സൈനികാതിക്രമങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല.
ഇന്ത്യ മുമ്പേ ഭീകരവാദി വേട്ട തുടങ്ങിയിരുന്നുവെങ്കിലും യഥാര്‍ഥ യുദ്ധം ആരംഭിക്കാന്‍ പോവുകയാണ്. ഒരിന്ത്യന്‍ പൗരന് ഭീകരവാദി മുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നിയമവിരുദ്ധപ്രവര്‍ത്തന തടയല്‍ നിയമം (യു.എ.പി.എ) ഭേദഗതി ചെയ്തുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 24ന് പാര്‍ലമെന്റ് അധികാരം കൈമാറിയിരിക്കുന്നു. ഇനി ആരെയും ഭീകവാദിയായി ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ അമിത് ഷാക്ക് അധികാരമുണ്ടായിരിക്കും. ലഷ്‌ക്കറെ ത്വയ്യിബ, ജെയ്ഷെ മുഹമ്മദ്, ഇസ്ലാമിക സ്റ്റേറ്റ് തുടങ്ങി സിമി വരെയുള്ള സംഘടനകളെ നിരോധിച്ചപ്പോള്‍ വ്യക്തികളെ ഏതെങ്കിലും തരത്തില്‍ അവയോട് ബന്ധിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്. ഇനി അതല്ല. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാനും അവരുടെ ബന്ധുക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമഭേദഗതി. ഏതെങ്കിലും ഭീകരവാദി സംഘടനയിലെ അംഗമല്ലെങ്കില്‍ പോലും രാജ്യത്തിനു സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രാലത്തിന് ഭീകരവാദിയായി മുദ്രകുത്താനും അനന്തമായി തടവിലിടാനും സാധിക്കും. അബ്ദുന്നാസര്‍ മഅ്ദനി രണ്ടുപതിറ്റാണ്ടായി പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലറകളില്‍ കഴിഞ്ഞത് ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചാര്‍ത്തിയാണ്. ആദ്യം കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍, പിന്നീട് ബംഗളുരു സ്ഫോടനക്കേസില്‍. ഈ പണ്ഡിതന്‍ അപരാധിയാണെന്ന് പൊലീസിന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. നിരപരാധിത്വം തെളിയിച്ച് ഈ വികലാംഗന്‍ ജീവിതസായാഹ്നത്തിലെങ്കിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കട്ടെ എന്ന് നീതീപീഠത്തിനും ഇതുവരെ തോന്നിയിട്ടുമില്ല. എണ്ണമറ്റ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബി.ജെ.പി ദേശീയ ്രപസിഡന്റ് കൂടിയായ ഷാ. മുന്‍ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹിരണ്‍ പാണ്ഡ്യയുടെ ദുരൂഹമായ അപകടമരണത്തിനു പിന്നില്‍ അമിത് ഷായുടെ കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നും മരണത്തെകുറിച്ച് പുനരഅന്വേഷണം വേണമെന്നും നിഷ്പക്ഷ മനുഷ്യാവകാശ കുട്ടായ്മായ ‘ബാര്‍ ആന്റ് ബെഞ്ച്’ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉന്നത നീതിപീഠം അഭ്യര്‍ഥന തള്ളുകയായിരുന്നു.

വ്യക്തികളെ നിയമം വേട്ടയാടുമ്പോള്‍
തീവ്രവാദി സംഘടനകളെ പോലെയല്ല വ്യക്തികള്‍. മൗലികാവകാശങ്ങള്‍ക്ക് അര്‍ഹതപ്പെട്ടവരാണവര്‍. ഒരാള്‍ ഭീകരവാദിയായി ്രപഖ്യാപിക്കപ്പെടുന്നതോടെ മൗലികാവകാശങ്ങള്‍ സ്വാഭാവികമായും ഹനിക്കപ്പെടുമെന്നുറപ്പ്. കു്രപസിദ്ധമായ ടാഡ, പോട്ട കരിനിയമങ്ങളുടെ കിരാത പട്ടികയിലേക്കാണ് യു.എ.പി.എയും കടന്നുചെല്ലുന്നത്. കര്‍ക്കശമായ ഈ നിയമം ഒരിക്കലും ദുരുപയോഗം ചെയ്യില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, പാകിസ്ഥാന്‍ ആസ്ഥാനമായി ്രപവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് തലവന്‍ മസ്ഊദ്, ലഷ്‌ക്കറെ ത്വയ്യിബ് തലവന്‍ ഹാഫിസ് സഈദ് എന്നിവരെ ഭീകരരായി ഇന്ത്യക്ക് പ്രഖ്യാപിക്കാനാവുമെന്നാണ് വാദിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം രാജ്യത്തിന്റെ മണ്ണില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ബാധകമാവൂ എന്നതുകൊണ്ട് യു.എ.പി.എ എങ്ങനെ അതിര്‍ത്തിക്കപ്പുറം പ്രയോഗത്തില്‍ കൊണ്ടുവരുമെന്ന് കണ്ടറിയണം. സുരക്ഷാ ഏജന്‍സികളാണത്രെ ഒരാളെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിടേണ്ടത്. ആഭ്യന്തരമന്ത്രാലയം അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വകുപ്പ് മന്ത്രിക്ക് കൈമാറുകയും അദ്ദേഹം ഒപ്പുവെക്കുന്നതോടെ ആ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുകയുമാണ് ചെയ്യാന്‍ പോകുന്നത്. ഭീകരമു്രദ ചാര്‍ത്തപ്പെട്ടവന്‍ അപ്പീല്‍ നല്‍കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിനാണ്. റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കാമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ഇത്തരം സംവിധാനങ്ങളില്‍ തിരുകിക്കയറ്റുന്നത് ആര്‍.എസ്.എസ് ചായ്വുള്ള ഉദ്യോഗസ്ഥരെയായിരിക്കുമെന്നതിനാല്‍ നീതിയോ നിഷ്പക്ഷതയോ പ്രതീക്ഷിക്കേണ്ടതില്ല. യൂറോപ്യന്‍ യൂണിയന്‍, യു.എസ്, ചൈന, ഇസ്രയേല്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഭീകരവിരുദ്ധ നിയമ സംവിധാനങ്ങളില്‍ ഈ വക വ്യവസ്ഥകളുണ്ട് എന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരോട് സര്‍ക്കാര്‍പക്ഷം ന്യായീകരിക്കുന്നത്. രാജ്യം ഭരിക്കുന്നത് കടുത്ത ന്യൂനപക്ഷ, ദളിത് വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണെന്നും പ്രതികാരബുദ്ധിയോടെ നിയമം പ്രയോഗിക്കാന്‍ തുടങ്ങിയാല്‍ നിസ്സാര കുറ്റത്തിനു പിടക്കപ്പെട്ടവരുടെമേല്‍ പോലും തീവ്രവാദം ആരോപിച്ച് യു.എ.പി.എ പ്രകാരം ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് നിഷ്പക്ഷമതികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹിന്ദുത്വ അജണ്ട ലക്ഷ്യമിടുന്ന കുറേ ദുര്‍ബല-അശരണ വിഭാഗങ്ങളുണ്ടിവിടെ. ന്യൂനപക്ഷങ്ങളും ദളിതരും ഈ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതു ചിന്തകരും (മോഡിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അര്‍ബണ്‍ നക്സല്‍സ്) ഇനി ഏത് സമയവും ഭീകരരായി പിടിക്കപ്പെടാം.
ഇന്ത്യയിലെ കരിനിയമങ്ങളുടെ ചരി്രതം പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഞെട്ടിപ്പിക്കുന്ന ഒരു കാര്യം എല്ലാം പാസ്സാക്കിയെടുത്തത് കോണ്‍ഗ്രസ് ഭരണകാലത്താണ് എന്നതാണ്. യു.എ.പി.എയും ‘ടാഡ’യും ‘പോട്ട’യും കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു. ഖലിസ്ഥാന്‍ തീ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രാബല്യത്തില്‍ വന്ന ടാഡയുടെ ഇരകളായി മാറിയത് സിഖുകാരായിരുന്നില്ല, മറിച്ച് മുസ്ലിംകളായിരുന്നു. പൊലീസിന് നല്‍കുന്ന മൊഴി തെളിവായി എടുക്കാനും നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കായതുകൊണ്ടും ഇരകളെ പൊലിസ് ക്രൂരമായി പീഡിപ്പിച്ചതിന്റെ എണ്ണമറ്റ അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ നിയമം പുനഃപരിശോധിക്കുന്ന സന്ദര്‍ഭത്തില്‍ ഭരണഘടനബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് കര്‍ത്താര്‍ സിങ് ഹൃദയവേദനയോടെ പറഞ്ഞത്, ദിനംതോറും പുറത്തുവന്നുകൊണ്ടിരിക്കുന്ന പൊലീസ് അതിക്രമങ്ങളുടെ രക്തം മരവിപ്പിക്കുന്ന അനുഭവകഥകള്‍ ഹൃദയഭേദകമാണ് എന്നത്രെ. പോട്ട ചെയ്തുകൂട്ടിയതും ഇതേ ക്രൂരതകള്‍ തന്നെ. പീപ്പ്ള്‍സ് ട്രിബ്യൂണല്‍ ഈ ദിശയില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ‘The Terror of Pota and other Security Legislation’ A Report on the People-s Tribunal) ഒരാവര്‍ത്തി വായിച്ചാല്‍ ഹൃദയം പൊട്ടും; അത്തരത്തിലുള്ള ക്രൂരതകളാണ് അന്ന് നടമാടിയത്. ഹിന്ദുത്വ ആയിരുന്നില്ല അന്ന് രാജ്യം ഭരിച്ചത്. ന്യൂനപക്ഷങ്ങളുടെ, വിശിഷ്യാ മുസ്ലിംകളുടെ പേരില്‍ നാഴികക്ക് നാല്‍പത്‌വട്ടം ചന്ദ്രഹാസമിളക്കുന്ന കോണ്‍ഗ്രസിന്റെ കരങ്ങളിലായിരുന്നു രാജ്യത്തിന്റെ കടിഞ്ഞാണ്‍. കാലം അല്‍പം മുന്നോട്ടുനീങ്ങിയതോടെ, ഇന്ത്യാ മഹാരാജ്യം ആര്‍.എസ്.എസിന്റെ നിഷ്ഠൂരകരങ്ങളിലേക്ക് നിപതിച്ചു. ഈ ശപ്തകാലഘട്ടത്തിലാണ്, കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കൈകളിലേക്ക് സ്വര്‍ണതാലത്തില്‍ വെച്ച് കുറേ കരിനിയമങ്ങള്‍ കൈമാറിയിരിക്കുന്നത്. യു.എ.പി.എക്ക് കൂടുതല്‍ പല്ലും നഖങ്ങളും കൂട്ടിച്ചേര്‍ത്തു. ദേശീയ അന്വേഷണ ഏജന്‍സി എന്‍.ഐ.എയുടെ കര്‍മമണ്ഡലം വികസിപ്പിച്ച് ഫെഡറല്‍ വ്യവസ്ഥിതിയുടെ എല്ലാ അതിരുകളും ലംഘിക്കാന്‍ അധികാരം നല്‍കി. മുമ്പ് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ മാത്രമേ സംസ്ഥാനങ്ങള്‍ അതിക്രമിച്ചു കടന്നു ഈ ദേശീയ പൊലീസ് സംഘം അന്വേഷിച്ചിരുന്നുള്ളൂ. ഇനി ചെറിയൊരു പടക്കം പൊട്ടിയാല്‍ മതി. സ്ഫോടനവസ്തു നിര്‍മാണ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടി അന്വേഷിക്കാമെന്നത് കൊണ്ട് എന്‍.ഐ.എ അവിടെയും ഓടിയെത്തും. രാഷ്ട്രീയ അക്രമങ്ങള്‍ സ്ഥിരമായ കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍നിന്ന് അമിത് ഷായുടെ പൊലീസ് വിട്ടുപോകില്ല എന്നുറപ്പ്.

ന്യൂഡല്‍ഹി ന്യൂറംബെര്‍ഗിന്റെ വഴിയേ തന്നെ
ന്യൂറംബെര്‍ഗ് വിചാരണയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍, ന്യൂറംബെര്‍ഗ് നിയമങ്ങളെ കുറിച്ച് കേട്ടവര്‍ ചുരുങ്ങും. ജര്‍മനിയില്‍ നാസി തേര്‍വാഴ്ച അവസാനിച്ചപ്പോള്‍ ഹോളോകാസ്റ്റിന് (വംശവിച്ഛേദനം) നേതൃത്വം കൊടുത്ത കിങ്കരന്മാരെ വിചാരണ ചെയ്യാന്‍ ന്യൂറംബെര്‍ഗ് തിരഞ്ഞെടുത്തത്, യഹൂദ വംശത്തെ ഉന്മൂലനം ചെയ്യുന്നതിന് ഹിറ്റ്ലര്‍ നിയമങ്ങള്‍ ഉണ്ടാക്കിയത് ഈ പട്ടണത്തില്‍വെച്ചാണ് എന്നതു കൊണ്ടാണ്. ആര്യമസ്തിഷ്‌കങ്ങളുടെ സൃഷ്ടിയായിരുന്നു ആ കിരാത നിയമങ്ങള്‍. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് ജൂതരിലെ നല്ലൊരു വിഭാഗം വിശ്വസിച്ചുപോയിരുന്നു. പ്രായോഗികതലത്തില്‍ നിയമത്തിന്റെ കൊടും നിഷ്ഠൂരത യഹൂദവര്‍ഗത്തിന്റെ സ്വകാര്യജീവിതത്തിലേക്ക് ഇരച്ചുകയറിയപ്പോഴാണ് ഇത് വലിയൊരു ദുരന്തത്തിന്റെ തുടക്കമാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷത്തെ പൂര്‍ണമായും വെട്ടിമാറ്റാനും അവരുടെ ജീവിതം ദുസ്സഹമാക്കാനും ഭരണകൂടം നീക്കങ്ങളാരംഭിച്ചത് ന്യൂറംബെര്‍ഗ് നിയമങ്ങളുടെ തിണ്ണബലത്തിലാണ്. അപ്പോഴേക്കും യഹൂദര്‍ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജര്‍മന്‍ പൗരന്മാരല്ലാതായിത്തീര്‍ന്നിരുന്നു. അവരുടെ സ്വകാര്യജീവിതത്തിന്റെ ഓരോ നിമിഷത്തിലേക്കും കടന്നുകയറാന്‍ നിയമം വഴി കിട്ടിയ അധികാരം ‘ഗെസ്റ്റെപ്പോ’ എന്ന രഹസ്യപൊലീസിന് വീടകങ്ങളിലെ രഹസ്യങ്ങള്‍ പോലും ചോര്‍ത്താന്‍ അവസരം നല്‍കി. ആരുമായാണ് ലൈംഗികബന്ധം പുലര്‍ത്തേണ്ടത് എന്ന് നിയമം അനുശാസിക്കുന്നതുകൊണ്ട് ഏതുപാതിരാവിലും ജൂതരുടെ കിടപ്പുമുറികളില്‍ കയറിച്ചെല്ലാന്‍ പൊലീസിന് അധികാരമുണ്ടായിരുന്നു. ഏതു രീതിയിലുള്ള ലൈംഗികക്രീഡകളിലാണ് ഏര്‍പ്പെട്ടതെന്ന് വിശദമായി ചോദിച്ചറിഞ്ഞത് ‘സെ്കഷ്വല്‍ ഇന്റര്‍കോഴ്സി’ന്റെ നിര്‍വചന പരിധിയില്‍ അവരുടെ ചെയ്തികള്‍ വരുന്നുണ്ടോ എന്നുറപ്പാക്കാനാണത്രെ. ഓരോ ജര്‍മന്‍ സ്ത്രീക്കും പിറക്കാന്‍ പോകുന്ന കുഞ്ഞ് കലര്‍പ്പില്ലാത്ത ആര്യരക്തത്തില്‍നിന്നാവണമെന്ന് നാസി പ്രത്യയശാസ്ത്രത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരാണ് ജൂതന്‍, ആരാണ് യഥാര്‍ഥ ജര്‍മന്‍ പൗരന്‍ തുടങ്ങിയ അന്വേഷണങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഭരണകൂടത്തിന്റെ നടപടികള്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് പിറന്ന മണ്ണില്‍ തങ്ങള്‍ അന്യരാണെന്നും ഏത് സമയവും ആട്ടിപ്പുറത്താക്കപ്പെടാവുന്ന അവസ്ഥയാണെന്നും അവര്‍ മനസിലാക്കുന്നതും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കുള്ള തീവണ്ടികളില്‍ കയറാന്‍ വരിവരിയായി നില്‍ക്കാന്‍ തുടങ്ങിയതും.

20കോടിയോളം വരുന്ന മുസ്ലിംകളെ അപരവത്കരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് പുതിയ നിയമഭേദഗതികളിലൂടെ ഹിന്ദുത്വഭരണകൂടം ലക്ഷ്യമിടുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ നാം തിരഞ്ഞെടുത്തയച്ച പാര്‍ലമെന്റംഗങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നിടത്താണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login