നിയമം നിര്‍മിക്കുന്നത് പാര്‍ലമെന്റല്ല മോഡി സര്‍ക്കാറാണ്

നിയമം നിര്‍മിക്കുന്നത് പാര്‍ലമെന്റല്ല മോഡി സര്‍ക്കാറാണ്

ഇന്ത്യയിലെ നിയമനിര്‍മാതാക്കളുടെ/സാമാജികരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ പറ്റിയ കാലമേയല്ല ഇത്. കര്‍ണാടകയിലെയോ ഗോവയിലെയോ നിയമസഭാംഗങ്ങള്‍ വ്യക്തിപരമായ നൈതികതയും പൊതുജീവിതത്തിലെ ധാര്‍മികതയും വിലപേശി വില്‍ക്കുന്നതു കൊണ്ടു മാത്രമല്ല അത്. കഴിഞ്ഞ രണ്ടു മാസമായി എംഎല്‍എമാരും എംപിമാരും തെറ്റായ കാരണങ്ങള്‍ക്കാണ് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. ഇന്‍ഡോറില്‍ ഒരു ബിജെപി എംഎല്‍ എ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ ബാറ്റു കൊണ്ടടിച്ചു. മുംബൈ -ഗോവ നെടുമ്പാതയില്‍ വെച്ച് കോണ്‍ഗ്രസ് എം എല്‍ എ ഒരു ഡെപ്യൂട്ടി എഞ്ചിനീയറെ ചെളിയില്‍ കുളിപ്പിച്ചു. ആഗ്രയില്‍ ഒരു ബിജെപി എം എല്‍ എ ടോള്‍ പ്ലാസയിലെ ജോലിക്കാരനെ ആക്രമിച്ചു. ദളിതനെ വിവാഹം കഴിച്ചതിന് പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ബിജെപി എം എല്‍ എ യുടെ മകള്‍ പറഞ്ഞതും മറ്റൊരു ബിജെപി എം എല്‍ എ ഒരു മുഖ്യമന്ത്രിയെ കൊല്ലുമെന്നു വീമ്പിളക്കിയതും വാര്‍ത്തയായിരുന്നു.

ഏതാനും വ്യക്തികളുടെ മോശം പ്രകടനം മൊത്തം നിയമനിര്‍മാതാക്കളെയും വിലയിരുത്താനുള്ള അളവുകോലായി ഉപയോഗിക്കാന്‍ കഴിയില്ല. അതില്‍ നിരവധി പേര്‍ക്ക് മനസിനുള്ളില്‍ വിശാലമായ പൊതുതാല്പര്യങ്ങളുണ്ട്. ഓരോരുത്തരും ദശലക്ഷത്തിനു മുകളില്‍ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അവരുടെ സ്വാധീനശക്തി പാര്‍ലമെന്റില്‍ വളരെ ദുര്‍ബലമാണ്. അവര്‍ നിയമങ്ങളുണ്ടാക്കുന്നുവെന്നത് സാങ്കേതികമായി മാത്രം നേരാണ്. അവര്‍ സംസാരിക്കുന്നുണ്ട്, പക്ഷേ മുമ്പേ എഴുതിത്തയാറാക്കിയ തിരക്കഥയനുസരിച്ചാണത്. അവരുടെ വാക്കുകളും പ്രവൃത്തികളും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയ്‌ക്കൊത്തു പോകേണ്ടതുണ്ട്.

ഒരു പരിധി വരെ അവര്‍ക്ക് മനസ്സു തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന ഇടമായിരുന്നു വിവിധ പാര്‍ലമെന്റ് സമിതികള്‍. എന്നാല്‍ ഇതുവരെയും ആ സമിതികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ധനബില്ലുകള്‍ ലോകസഭയില്‍ അംഗീകരിക്കപ്പെട്ടതും രാജ്യസഭയിലേക്ക് അയക്കപ്പെട്ടതും നിയമസംബന്ധിയായ യാതൊരു സൂക്ഷ്മ പരിശോധനയും കൂടാതെയാണ്.

അരഡസന്‍ ബില്ലുകള്‍ ഇങ്ങനെ യാതൊരു പരിശോധനയുമില്ലാതെ അംഗീകരിക്കപ്പെട്ടു. സര്‍ക്കാറാകട്ടെ വിവരാവകാശഭേദഗതി ബില്ലു പോലെ അത്യന്തം വിവാദപരമായ ബില്ലുകള്‍ അവതരിപ്പിക്കുകയാണ്. ആവശ്യമെങ്കില്‍ അതിനെതിരെ ചുവന്ന കൊടിയുയര്‍ത്തിക്കാട്ടാന്‍ ഒരൊറ്റ സമിതി പോലുമില്ല.
പ്രധാനപ്പെട്ട ബില്ലുകള്‍ നിയമസംബന്ധിയായ സൂക്ഷ്മ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അതിനെ തള്ളിക്കളഞ്ഞു. മോഡി സര്‍ക്കാറിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനവിജയം ഉയര്‍ത്തിക്കാട്ടിയായിരുന്നു അത്. തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസ് സാമാജികര്‍ ഒരു പോരാട്ടത്തിന് തയാറായതുമില്ല.
പാര്‍ലമെന്റല്ല, നരേന്ദ്ര മോഡി സര്‍ക്കാരാണ് ഇപ്പോള്‍ നിയമങ്ങള്‍ നിര്‍മിക്കുന്നത്. ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു, സാമാജികര്‍ പാര്‍ട്ടി നിലപാടനുസരിച്ച് ചട്ടപ്പടി പ്രസംഗങ്ങള്‍ നടത്തുന്നു, പ്രതിപക്ഷ സാമാജികര്‍ ചില പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടുന്നു, അതെല്ലാം തള്ളിക്കളയപ്പെടുന്നു. മിക്കപ്പോഴും ശബ്ദവോട്ടോടെ ബില്‍ അംഗീകരിക്കപ്പെടുന്നു. വോട്ടു ചെയ്യല്‍ തന്നെ, അങ്ങനെയൊന്ന് നടക്കുന്നുണ്ടെങ്കില്‍, പ്രതീകാത്മകമാണ്. മൃഗീയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാറിന് അബദ്ധങ്ങള്‍ സംഭവിക്കില്ലെന്ന സന്ദേശം വ്യക്തമാണ്. രാജ്യസഭയില്‍ ബില്ലുകള്‍ അംഗീകരിക്കപ്പെടുന്നതും ആരും ശ്രദ്ധിക്കുന്നേയില്ല.

ബംഗളൂരുവിലെ സഹോദരന്മാരോട് അതു കൊണ്ടാണ് ന്യൂഡല്‍ഹിയിലെ സാമാജികര്‍ നന്ദിയുള്ളവരാകേണ്ടത്. അവരുടെ ജനാധിപത്യ ‘പരീക്ഷണങ്ങള്‍’ കൂറുമാറ്റ നിരോധന നിയമത്തെ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
2010 ല്‍ കോണ്‍ഗ്രസ് എം പിയായ മനീഷ് തിവാരി ലോകസഭയില്‍ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചു. അവിശ്വാസ പ്രമേയവും സര്‍ക്കാറിന്റെ നിലനില്പിനെ ബാധിക്കുന്ന ധനബില്ലുകളും ഒഴിച്ചുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി നിലപാടെടുത്താല്‍, പാര്‍ട്ടിയില്‍ നിന്ന് അയോഗ്യത കല്പിക്കപ്പെടുന്നതില്‍ നിന്ന് സാമാജികരെ ഒഴിവാക്കുന്ന ബില്ലായിരുന്നു അത്. എം പിയെന്ന നിലയില്‍ തിവാരിയുടെ ആദ്യത്തെ ഊഴമായിരുന്നു അത്. ഏറെ ഉത്സാഹവും അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അനൗദ്യോഗികമായി ഏറെ എംപിമാര്‍ അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു. ഗുണദോഷവിചിന്തനമോ മന:സാക്ഷിയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനമോ പരിഗണിക്കാതെ പാര്‍ട്ടിയുടെ നിലപാടനുസരിച്ച് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പാര്‍ട്ടി വിപ്പിനെതിരെ പലര്‍ക്കും പ്രതിഷേധമുണ്ടായിരുന്നു.
2016 ല്‍ തിവാരി എഴുതി: ”1985 ല്‍ അംഗീകരിക്കപ്പെട്ട കൂറുമാറ്റ നിരോധന നിയമം വഴി അടിച്ചേല്‍പ്പിക്കപ്പെട്ട ധാര്‍മികത ഒരു സാമാജികന്റെ മനസ്സാക്ഷിയെയും ഉത്തമബോധ്യങ്ങളെയും സാമാന്യബുദ്ധിയെയും മണ്ഡലത്തെക്കുറിച്ചുള്ള ആകുലതകളെയും കണക്കിലെടുത്ത് വോട്ടു ചെയ്യാനുള്ള അവകാശത്തിനെതിരെ പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് വിലയിരുത്തേണ്ട കാലമായിരിക്കുന്നു.”
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജ്യമായ അമേരിക്കയില്‍ നിന്ന് ഒന്നോ രണ്ടോ സൂചനകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്നതാണ്. കഴിഞ്ഞ ആഴ്ച നാല് റിപ്പബ്ലിക്കന്‍ സാമാജികര്‍ ഡെമോക്രാറ്റുകളോടൊപ്പം, ചില കോണ്‍ഗ്രസ് വനിതാഅംഗങ്ങള്‍ക്കെതിരെയുള്ള പ്രസിഡന്റ് ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചു. കഴിഞ്ഞ മാസവും നാല് റിപ്പബ്ലിക്കന്മാര്‍ ട്രംപിന്റെ യുദ്ധഅധികാരങ്ങള്‍ പുന:പരിശോധിക്കാന്‍ ഡെമോക്രാറ്റുകളോടൊത്ത് വോട്ടു ചെയ്തിരുന്നു. ലോകസഭയില്‍ ഒരു ബില്ലിനെതിരെ ഒരു ബിജെപി എം പി വോട്ടു ചെയ്യുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.
പാര്‍ലമെന്റില്‍ എംപിമാരുടെ വര്‍ധിച്ചു വരുന്ന അഭാവത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നീരസം പ്രകടിപ്പിച്ചിരുന്നു. എങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയും ലോകസഭയില്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളുണ്ടായിരുന്നു. നിയമനിര്‍മാണത്തില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് സാമാജികര്‍ കരുതുന്നതെന്താണെന്ന് അത് കാണിച്ചുതരുന്നുണ്ട്.
മനീഷ് തിവാരി ഈ ലോകസഭയിലുണ്ട്. തന്റെ പഴയ ബില്‍ പുതുക്കാന്‍ ഇത് അദ്ദേഹത്തിന് അവസരമായേക്കാം. സദുദ്ദേശ്യത്തോടു കൂടിയുള്ള ആശയങ്ങളോടും നിര്‍ദേശങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്നയാളാണ് പ്രധാനമന്ത്രി. നിയമനിര്‍മാണത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ സ്വതന്ത്രമായി ഉപയോഗിക്കാനും ആശയങ്ങള്‍ ചങ്കൂറ്റത്തോടെ പ്രകടിപ്പിക്കാനും നിയമനിര്‍മാതാക്കളെ ശാക്തീകരിക്കുന്നതില്‍ ചിലപ്പോള്‍ അദ്ദേഹം പ്രാധാന്യം കണ്ടേക്കാം.

(കടപ്പാട്: ദ പ്രിന്റ്, ജൂലൈ 22)

You must be logged in to post a comment Login