ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഇരുണ്ട കാലമാണ് പക്ഷേ, ഭയപ്പെടരുത്

ഏകാധിപതികളുടെ സമഗ്രാധിപത്യം ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ വിഡ്ഡിത്തമാണ്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ കുലപതിയുടെ ശരത്കാലം വായിക്കുക. ഭയചകിതനും ഭയാനകമാം വിധം ഏകാന്തനുമായിത്തീരുന്ന അത്തരം സമഗ്രാധിപതികളെ നോക്കി കാലം ചുണ്ടുകോട്ടിച്ചിരിക്കുന്നത് കാണാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഏകാധിപതിയായ സമഗ്രാധിപത്യത്തിന്റെ പ്രയോക്താവായിരുന്നു. ചാര്‍ളി ചാപ്ലിന്‍ ആദ്യമായി സംസാരിച്ചത് ഹിറ്റ്‌ലറെ ദയനീയനായ കോമാളിയാക്കി അവരോധിക്കാനാണ്. ഇക്കാലത്ത് ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്റര്‍; ആ സിനിമയിലാണല്ലോ ചാപ്ലിന്‍ ആദ്യമായി മിണ്ടുന്നത്, കാണാവുന്നതാണ്. സിനിമയെയും നോവലിനെയും തുടക്കത്തിലേ ആനയിച്ചത് പറയാന്‍ പോകുന്ന സന്ദര്‍ഭങ്ങളെ, ആ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന കൊടുംവിലാപങ്ങളുടെ ഓര്‍മകളെ അയവുള്ളതാക്കാനാണ്. അത്തരം മധുരങ്ങളെ കാട്ടി കയ്പിലേക്ക് ആട്ടിത്തെളിക്കപ്പെടുന്ന ജനതയാണ് നാമെന്നാണല്ലോ രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യത്തെ അമ്പത് ദിനങ്ങള്‍ തെളിച്ചുപറയുന്നത്. ഒരു സന്ദര്‍ഭം ഓര്‍ക്കാം; ഈ കുറിപ്പെഴുതുമ്പോള്‍ ഉന്നാവയില്‍, ഒരു ബി.ജെ.പി എം.എല്‍.എ കുറ്റാരോപിതനായ ബലാത്സംഗക്കേസിലെ പെണ്‍കുട്ടി മരണത്തിലേക്ക് നിസ്സഹായമായി തുഴയുകയാണ്. അവള്‍ മരിച്ചു എന്ന് വാര്‍ത്തകള്‍. ഇല്ല എന്ന് ദുര്‍ബലമായ തിരുത്തുകള്‍. അവള്‍ക്ക് ജീവനുണ്ടെങ്കിലും അവള്‍ എന്നേ മരിച്ചു എന്ന് നമുക്ക് ആരും പറഞ്ഞുതരേണ്ടതില്ല. അവളുടെ ഉറ്റവര്‍, അവള്‍ക്ക് കൈ കൊടുത്തവര്‍ ഒന്നൊന്നായി പകല്‍വെട്ടത്തില്‍ കൊല്ലപ്പെട്ടുവല്ലോ?

മറ്റൊരു സന്ദര്‍ഭവും ഓര്‍ക്കാം. ഖാലിദ് എന്ന പതിനേഴുകാരനെ കത്തിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ്. ജയ് ശ്രീരാം മുഴക്കാന്‍ വിസമ്മതിച്ചു എന്നതായിരുന്നു അവന്റെ കുറ്റം. യു.പി പൊലീസ് ഇത് അസന്ദിഗ്ധമായി നിഷേധിച്ചതും ഓര്‍ക്കാം. സത്യം പുറത്തുവരാനിരിക്കുമ്പോഴും ഒരു സത്യത്തിന് ഇനി മറഞ്ഞിരിക്കല്‍ അസാധ്യമാണ്. അത് ഖാലിദ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന സത്യമാണ്. മറ്റൊന്നുകൂടിയുണ്ട്. രാജ്യത്തെമ്പാടും പുതിയൊരു ബാധ ആവേശിച്ചിരിക്കുന്നു. അത് ജയ് ശ്രീറാം എന്ന ആഹ്വാനമാണ്. ലോകാഭിരാമന്‍, ലോകത്തെ ആഹ്ലാദിപ്പിക്കുന്നവനെന്ന് രാമായണം പറഞ്ഞ രാമന്‍ വിദ്വേഷത്തിന്റെ പുതിയ മുദ്രാവാക്യമായി പടരുന്നു. പുതിയ എന്ന വാക്ക് ബോധപൂര്‍വമാണ്. മുമ്പും അതിഹൈന്ദവതയുടെ രാഷ്ട്രീയായുധമായിരുന്നു രാമന്‍. പക്ഷേ, ഇത്തവണ രൂപവും ഭാവവും പ്രഹരശേഷിയും അതല്ല. അതങ്ങനെ സ്വാഭാവികമായി പ്രഹരശേഷി ആര്‍ജിച്ചതുമല്ല. 2014 മുതലുള്ള ഒന്നാം മോഡി കാലത്തെ ഓര്‍മിക്കുന്നവര്‍ അതിന്റെ ആദ്യപകുതിയില്‍ സമാനമായ ആള്‍ക്കൂട്ട കൊലകളും, കലാകാരന്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരില്‍ ഉയര്‍ന്ന ഭീഷണികളും മറന്നിട്ടുണ്ടാവില്ല. ഗോവിന്ദ് പന്‍സാരെയെ, കല്‍ബുര്‍ഗിയെ, ഗൗരിലങ്കേഷിനെ കൊന്ന് തള്ളിയതും മറന്നിട്ടുണ്ടാവില്ല. ആദ്യപകുതി എന്നത് പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പിലേക്കിറങ്ങിയ അവസാന നാളുകളില്‍ അല്ല ഇതൊന്നും അരങ്ങേറിയത്. ഒരേ തിരക്കഥയില്‍ രണ്ടാം ആഖ്യാനമെന്ന് തോന്നുന്നുണ്ടോ? അല്ല. മറിച്ച് അതിസൂക്ഷ്മമായ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഗണിതഭദ്രമായ പ്രയോഗമാണിത്. അതിനാല്‍ രണ്ടാം മോഡി സര്‍ക്കാറിന്റെ അമ്പത് ദിനങ്ങളെ നോക്കുമ്പോള്‍, പാര്‍ലമെന്റിലൂടെ തിരക്കിട്ടുവരുന്ന നിയമനിര്‍മാണങ്ങളെ നോക്കുമ്പോള്‍, ആള്‍ക്കൂട്ട കൊലകളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കപ്പെടുമ്പോള്‍ നാം മനസിലാക്കേണ്ടത് അത്ര ലളിതമായി പ്രതിരോധിക്കാവുന്ന ഒരു സംവിധാനമല്ല ഇക്കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നാണ്.

നാം മനസിലാക്കിയിട്ടില്ലാത്ത ഒരു കാര്യം, ഭരണത്തിലേറുക എന്നതായിരുന്നില്ല, മറിച്ച് ഭരണത്തെ എങ്ങനെ ദീര്‍ഘകാലത്തേക്കുള്ള ഒന്നാക്കി മാറ്റാം എന്നതിലായിരുന്നു കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നാഗ്പൂരില്‍ നിന്ന് പ്രവഹിക്കുന്ന ആലോചനകളുടെ ശ്രദ്ധ എന്നതാണ്. അതിനായി അവര്‍ നടത്തിയ മണ്ണൊരുക്കങ്ങളുടെ സ്ഥലജലവിഭ്രാന്തിയിലായിരുന്നു സംഘപരിവര്‍ വിമര്‍ശനങ്ങള്‍ കളിയാടിയത്. ഈ പംക്തി ഉള്‍പ്പടെ ആ വിഭ്രമങ്ങളില്‍ പലവട്ടം കൂപ്പുകുത്തിയെന്ന് പറയാതെ വയ്യ. എന്താണ് ആ സ്ഥലജല വിഭ്രമം? ഇന്ദ്രപ്രസ്ഥത്തില്‍, മയന്‍ പണിത മഹാരാജധാനിയില്‍ എത്തുന്ന ദുര്യോധനാദികള്‍ സ്ഫടികത്തിളക്കത്തില്‍ വിഭ്രാന്തമായതാണല്ലോ സ്ഥലജല വിഭ്രമം. നിരപ്പുള്ള തറ തിളക്കത്താല്‍ ജലമായും മുട്ടോളമുള്ള വെള്ളം തിളക്കത്താല്‍ തറയായും അവര്‍ക്കുതോന്നുകയും കരയില്‍ നീന്തിയും വെള്ളത്തില്‍ നടന്നും അവര്‍ വശംകെടുകയും ചെയ്തു എന്ന് കഥ. അതേ വിഭ്രാന്തികളാണ് 90 മുതലുള്ള സംഘ് വിമര്‍ശനത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത്. വിമര്‍ശകരുടെ പരിഭ്രാന്തികളും വീഴ്ചയും കണ്ട് സംഘപരിവാര്‍ കരയ്ക്കിരുന്നു കയ്യടിച്ചു. വിമര്‍ശകര്‍ വശംകെട്ടു. വിമര്‍ശനങ്ങളുടെ ദിശ തെറ്റി. അതിനാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ പാര്‍ലമെന്റ് വഴി കടത്തിവിടുന്ന പുതിയ തരം നിയമങ്ങളെ, പാര്‍ലമെന്റില്‍ തിണ്ണമിടുക്കുകൊണ്ട് കൊല്ലുന്ന മഹാനിയമങ്ങളെ ഓര്‍ത്ത് നാം നടത്തുന്ന വിമര്‍ശനങ്ങള്‍ ഇനിയെങ്കിലും കരുതലോടെയും കരുത്തോടെയുമാക്കാന്‍ നമുക്ക് മുമ്പ് എന്നതിനേക്കാള്‍ ഇപ്പോള്‍ ബാധ്യതയുണ്ട്. കാരണം കൃത്യമായ പദ്ധതികളാണ് അരങ്ങേറുന്നത്. കൃത്യമല്ലാത്ത ചെറുത്തുനില്‍പുകള്‍ ഫലം കാണില്ല. ശത്രു ബലവാനാണെന്ന് തിരിച്ചറിയാതെ പ്രയോഗിക്കുന്ന എല്ലാ ആയുധങ്ങളും ബുമറാങ്ങുകളാണ്.

എന്താണ് ആര്‍.എസ്.എസിന്റെ ആദ്യ ഭരണകൂട പദ്ധതി? നിസ്സംശയം അത് സമഗ്രാധിപത്യമാണ്. ഹിന്ദു സമഗ്രാധിപത്യം. എല്ലാ സമഗ്രാധിപത്യങ്ങളും വെള്ളം കുടിക്കുന്ന വേര് ഫാഷിസമാണ്. നരേന്ദ്രമോഡി എന്ന ഒറ്റ നായകനെ മുന്നില്‍ നിര്‍ത്തിയുള്ള പദ്ധതിയാണോ അത്? അല്ല. ഏകാധിപതിയായ ഭരണാധിപനായി രണ്ടാം ഊഴത്തില്‍ നരേന്ദ്രമോഡി മാറുമോ? ജര്‍മനിയിലെ ഹിറ്റ്‌ലര്‍, ഇറ്റലിയിലെ മുസോളിനി എന്നിങ്ങനെ ഏകാധിപതിയാല്‍ നിര്‍മിതമായ സമഗ്രാധിപത്യത്തിലേക്ക് ഇന്ത്യ വീഴുമോ? നോക്കൂ, നമ്മുടെ വിമര്‍ശകര്‍ മിക്കവാറും ആ ഈണത്തിലാണ് പാടുന്നത്. അത്തരം ഏകാധിപതികള്‍ ചരിത്രത്തില്‍ വീണുപോയ കഥ പാടിയാണ് അവര്‍ സ്വയവും നമ്മെയും ആശ്വസിപ്പിക്കുന്നത്. അങ്ങനെ നിലംപൊത്തുമോ മോഡി? ഇല്ല, കാരണം ഏകാധിപതികളുടെ സമഗ്രാധിപത്യം അതിവേഗം പൊടിഞ്ഞു വീഴുമെന്ന് ആര്‍.എസ്.എസിന് നന്നായറിയാം. അതിനാല്‍ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ഒരു ടൂള്‍ മാത്രമായാണ് അവര്‍ മോഡിയെ സൃഷ്ടിച്ചതും ഇപ്പോള്‍ പരിപാലിക്കുന്നതും. എങ്ങനെയെല്ലാമാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞുള്ള, അതേ പാര്‍ലമെന്ററി രീതിയില്‍ തന്നെ, സമഗ്രാധിപത്യം സ്ഥാപിക്കേണ്ടത് എന്നത് ആര്‍.എസ്എസിന്റെ അതിദീര്‍ഘ പദ്ധതിയായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്. അതിന്റെ നടപ്പാക്കലിലെ ആദ്യ ചുവട് മാത്രമാണ് രണ്ടാം മോഡി സര്‍ക്കാറും അമിത് ഷായുടെ ആഭ്യന്തര മന്ത്രി പദവിയും ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്ന ൈബപ്പാസിംഗും.

ഫാഷിസത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഏറ്റവും സുരക്ഷിതവും ശക്തവുമായ ഒളിയിടം ജനാധിപത്യമാണെന്ന് നാം പലവുരു കണ്ടതാണ്. നാമിപ്പോള്‍ അതീവ പുരോഗമനപരം എന്ന് മനസ്സിലാക്കിയിട്ടുള്ള പലതരം സാമൂഹിക ദര്‍ശനങ്ങളും സമൂഹ നിര്‍മാണ പദ്ധതികളും ഇതേപോലെ ഫാഷിസത്തിന് മറഞ്ഞിരിക്കാന്‍ മുറികളുള്ള വീടാണ്. ബെനിറ്റോ മുസോളിനി ഇടതുപക്ഷക്കാരനായിരുന്നു എന്ന് അറിയാമല്ലോ? ജോസഫ് സ്റ്റാലിനെ ഇന്ന് ലോകം മനസിലാക്കുന്നത് കമ്യൂണിസ്റ്റ് എന്ന നിലയിലല്ല, മറിച്ച് സമഗ്രാധിപത്യത്തിലെ ഏകാധിപതിയായാണ്. അതിനാല്‍ ഫാഷിസത്തിന് ജനാധിപത്യം പോലെ നന്നായി ഇണങ്ങുന്ന മറ്റൊരു മുഖാവരണം ഇല്ല എന്ന് നാം കരുതുന്നതിനേക്കാള്‍ സൂക്ഷ്മബുദ്ധിയുള്ള ആര്‍.എസ്.എസ്സിന് അറിയാം. അതുകൊണ്ടുതന്നെ പാര്‍ലെമന്റ് തിരഞ്ഞെടുപ്പില്‍ 500 സീറ്റുകള്‍ നേടിയാലോ കര്‍ണാടക മോഡല്‍ കച്ചവടം നടത്തി സംസ്ഥാനങ്ങളൊന്നാകെ വരുതിയിലാക്കി രാജ്യസഭ പിടിച്ചാലോ സംഘപരിവാര്‍ നിലവിലുള്ള ഭരണഘടനയെയോ, പാര്‍ലമെന്റിനെയോ ഇന്ത്യന്‍ ജനാധിപത്യത്തേയോ റദ്ദാക്കില്ല. കാരണം ഇന്ത്യന്‍ പാര്‍ലമെന്റിനോളം അവര്‍ക്ക് സുരക്ഷിതമായ മറ്റൊരിടമില്ല.

പക്ഷേ, ആ സുരക്ഷിതത്വത്തിന് ചില വിലങ്ങുതടികളുണ്ട്. സുതാര്യത അതിലൊന്നാണ്. സമഗ്രാധിപത്യത്തിന് സുതാര്യമാവാന്‍ കഴിയില്ല. സുതാര്യമായാല്‍ തീര്‍ന്നുപോകും അതിന്റെ മുഴുവന്‍ ബലവും. ഒളിച്ചിരിക്കല്‍ സഹജവാസനയായ ഒന്നാണ് സമഗ്രാധിപത്യം. 2004 ജൂണ്‍ പതിനഞ്ചിന് ഗുജറാത്ത് സര്‍ക്കാറിന്റെ പൊലീസ് വെടിവെച്ചുകൊന്ന ഇസ്രത്ത് ജഹാന്‍ വാസ്തവത്തില്‍ ആരായിരുന്നു എന്ന് പറയേണ്ടി വന്നാല്‍ പിന്നെ സമഗ്രാധിപത്യത്തിന് സ്‌കോപ്പില്ല. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് എങ്ങനെ കൊല്ലപ്പെട്ടു എന്ന്, ഭാര്യ കൗസര്‍ബിക്ക് എന്ത് സംഭവിച്ചു എന്ന് പറയേണ്ടി വന്നാല്‍, സാക്ഷിയായിരുന്ന തുള്‍സി റാം ്രപജാപതിയെ ആര് കൊന്നു എന്ന് പറയേണ്ടി വന്നാല്‍, പിന്നെ സമഗ്രാധിപത്യം എന്ന ഒന്നില്ല. 2007 ഫെബ്രുവരി 18ന് സംജോതാ എക്‌സ്പ്രസില്‍ നടന്നത് എന്ത് എന്ന്, 2008 സെപ്തംബറില്‍ മല്‍ഗോവയില്‍ ആര് സ്‌ഫോടനം നടത്തി എന്ന്, ഹേമന്ത് കര്‍ക്കരെക്ക് എന്ത് സംഭവിച്ചു എന്ന്, 2008-ല്‍ തന്നെ കന്ധമാലിലും ഒഡിഷയിലും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അക്രമിക്കപ്പെട്ടത് എങ്ങനെ എന്ന്, 2013 ആഗസ്തില്‍ മുസഫര്‍ നഗറില്‍ എന്താണുണ്ടായതെന്ന്, 2014 ഏപ്രിലില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആയിരുന്ന അമിത് ഷാ മുസഫര്‍ നഗറിന് സമീപം നടത്തിയ വംശീയ പ്രസംഗത്തിനെതിരെ എന്തുനടപടി എടുത്തു എന്ന്, (ഉത്തര്‍പ്രദേശില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഇറ്റ് ഈസ് ആന്‍ ഇലക്ഷന്‍ ഫോര്‍ ഹോണര്‍ എന്നായിരുന്നു അമിത് ഷായുടെ വാചകം, ശ േശ െമി ലഹലരശേീി ീേ മേസല ൃല്‌ലിഴല ളീൃ വേല ശിൗെഹ.േ ക േശ െമി ലഹലരശേീി ീേ ലേമരവ മ ഹലീൈി ീേ വേീലെ ംവീ വമ്‌ല രീാാശേേലറ ശിഷൗേെശരല എന്നുകൂടിയുണ്ട്), 2003 മുതല്‍ 2009 വരെ രാജ്യവ്യാപകമായി നടന്ന പരമ്പര സ്‌ഫോടനങ്ങള്‍, 2008-ലെ മുംബൈ ഭീകരാക്രമണം ഇങ്ങനെ സമഗ്രാധിപത്യത്തിന്റെ വേരാഴ്ത്തല്‍ പദ്ധതികള്‍ ഒന്നൊന്നായി സുതാര്യമാക്കപ്പെട്ടാല്‍ പിന്നെ ആധിപത്യം നടക്കില്ല. അതിനാല്‍ സുതാര്യതയെ സമഗ്രാധിപത്യം വെറുക്കും, ചെറുക്കും. വിവരാവകാശ നിയമത്തിന്റെ കാമ്പില്‍ കത്തിവെച്ച ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന്റെ പിന്നില്‍ അതാണ്. മേല്‍പറഞ്ഞ കാര്യങ്ങള്‍ അല്ലെങ്കിലും വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്നല്ലേ? വരില്ല, പക്ഷേ, ആ നിയമം അതേ ബലത്തോടെ തുടര്‍ന്നാല്‍ വരായ്കയുമില്ല.

ജനാധിപത്യം അതിന്റെ സഹജപ്രകൃതം കൊണ്ട് സ്വയംവരിച്ച ഒന്നല്ല ഈ സുതാര്യത. ജനാധിപത്യം പ്രാഥമികമായി വാഗ്ദാനം ചെയ്യുന്ന സമരസ്വാതന്ത്ര്യത്തെ ഉപയോഗിച്ച് ജനാധിപത്യപ്രവര്‍ത്തകര്‍ ദീര്‍ഘനാളത്തെ പരിശ്രമത്താല്‍ നേടിയെടുത്തതാണ്. 2005-ലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവരാവകാശ നിയമത്തിന്റെ പിറവി. കേവലം ഒരു സര്‍ക്കാര്‍ സംവിധാനമായി വിവരം നല്‍കലിനെ മാറ്റാന്‍ വലിയ ശ്രമങ്ങള്‍ തുടക്കത്തില്‍ നടന്നിരുന്നു. എന്നാല്‍ നിയമത്തിന്റെ ഹൃദയമെന്ന് വിളിക്കാവുന്ന 13-ഉം 16-ഉം വകുപ്പുകള്‍ ആ ശ്രമങ്ങളെ തകര്‍ത്തു. വിവരാവകാശം എന്നത് സമ്മതിദാനാവകാശം പോലെ ഒന്നായി മാറി. ഭരണഘടനാപരമായ ഉന്നതപദവി നിയമത്തിന് കൈവന്നു. മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന 13-ാം വകുപ്പായിരുന്നു ഏറ്റവും നിര്‍ണായകം. സര്‍ക്കാരിന്റെ കൈകടത്തല്‍ അസാധ്യമാക്കി കമ്മീഷണറുടെ അന്തസിനെ ആ വകുപ്പ് ഉയര്‍ത്തിപ്പിടിച്ചു. ആ പതിമൂന്നാം വകുപ്പിനെ ഭേദഗതിയിലൂടെ രണ്ടാം മോഡി സര്‍ക്കാര്‍ കൊന്നു. ഇനിമുതല്‍ കമ്മീഷണറെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കും. ഭരണഘടനാപരമായ പദവികളുടെ കരുത്ത് നിയമന കാലാവധിയാണ്. തോന്നുമ്പോള്‍ നിയമിക്കാനും തോന്നുമ്പോള്‍ പിരിച്ചുവിടാനും കഴിയുന്ന ഒന്നായാല്‍ ഏത് പദവിയും ദുര്‍ബലമാവും. 2005-ലെ നിയമത്തിന്റെ 16-ാം വകുപ്പ് പ്രകാരം വിവരാവകാശനിയമമാണ് കാലാവധി നിശ്ചയിച്ചിരുന്നത്; സര്‍ക്കാറല്ല. ഇപ്പോള്‍ പാര്‍ലമെന്റ് കടന്ന ഭേദഗതി പ്രകാരം അതും കേന്ദ്രം നിശ്ചയിക്കും. കേ്രന്ദ സര്‍ക്കാറിലെ ഒരുദ്യോഗസ്ഥനായി വിവരാവകാശ കമ്മീഷണര്‍ മാറും. നോക്കൂ, എത്ര വിദഗ്ധമായി, എത്ര ‘ജനാധിപത്യപരമായാണ്’ വിവരാവകാശനിയമത്തെ, ജനാധിപത്യത്തിലെ സുതാര്യതയെ ഒരു സമഗ്രാധിപത്യം ഇല്ലാതാക്കിയതെന്ന്? അതാണ് തുടക്കത്തില്‍ പറഞ്ഞത് ജനാധിപത്യമാണ് ഏറ്റവും ഭദ്രമായ ഒളിയിടമെന്ന്.
മറ്റൊന്നുകൂടി സംഭവിച്ചു ഈ അമ്പത് നാളുകളില്‍. അത് മനുഷ്യാവകാശ കമ്മീഷനിലാണ്. എല്ലാ സമഗ്രാധിപത്യങ്ങള്‍ക്കും നിതാന്ത തലവേദനയാണ് മനുഷ്യാവകാശ സംരക്ഷണം. ഉദാഹരണങ്ങള്‍ നിരത്താതെ നിങ്ങള്‍ക്കത് മനസിലാവും. അടിച്ചമര്‍ത്തിയല്ലാതെ, മനുഷ്യാവകാശങ്ങള്‍ ലംഘിച്ചല്ലാതെ അധികാരത്തിന് പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്. എന്നിരിക്കേ, അമിതാധികാരത്തിന്റെ പ്രയോഗമായ സമഗ്രാധിപത്യത്തിന് അതൊട്ടും സാധ്യമാവില്ല. പല്ലുകള്‍ക്ക് ബലമില്ലെങ്കിലും കടിക്കാന്‍ ശ്രമിക്കുന്ന ഒന്നായിരുന്നു ഇന്ത്യയിലെ മനുഷ്യാവകാശ കമ്മീഷന്‍. ചെറിയ അലോസരങ്ങള്‍ സൃഷ്ടിക്കാന്‍ അത് പര്യാപ്തവുമായിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന പദവിയുടെ സുതാര്യതയായിരുന്നു അതിന്റെ മൗലികമായ ആകര്‍ഷണം. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചയാളുടെ അടുത്ത പദവിയാണത്. ആ സുതാര്യത അവസാനിച്ചിരിക്കുന്നു. ആ പദവിയില്‍ ഇനി സര്‍ക്കാര്‍ ‘നോമിനി’ വിരാജിക്കും. ജനാധിപത്യത്തിന്റെ മറ്റൊരു ചിറക് ഒരു പൂവ് പറിക്കുന്ന ലാഘവത്തോടെ ഇറുത്തുകളയുന്നത് കണ്ടല്ലോ?
തീര്‍ന്നില്ല, ഇന്ത്യന്‍ ജനതയ്ക്ക് മേലുള്ള ഭരണകൂട അമിതാധികാരത്തിന്റെ ഒരു നിയമരൂപമായിരുന്നല്ലോ യു.എ.പി.എ. നിലവില്‍ ദുരുപയോഗത്തിന് പഴിയേറെ കേട്ടിട്ടുള്ള ആ നിയമം കൂടുതല്‍ ദൃഢമാക്കാനും നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കാനുമുള്ള ഭേദഗതിയും എത്തിക്കഴിഞ്ഞു. തീരെ ചെറിയ ചെറുത്തുനില്‍പ് പോയിട്ട്, ചെറുത്തുനില്‍പ് സംബന്ധിച്ച ആലോചന പോലും നിങ്ങളെ തടവറയിലേക്ക് നയിക്കും എന്നര്‍ഥം.
ചാപ്ലിന്റെ സിനിമയും മാര്‍ക്കേസിന്റെ നോവലും പറഞ്ഞ് സന്ദര്‍ഭത്തെ ലഘൂകരിച്ചാണ് നമ്മള്‍ തുടങ്ങിയത്. ഇപ്പറഞ്ഞത്രതയും നമ്മെ ഭയപ്പെടുത്തുന്ന, എന്നാല്‍ പ്രതീക്ഷിതവുമായ സംഗതികളാകയാല്‍ ബോധപൂര്‍വമായിരുന്നു അത്. എന്നാല്‍ സര്‍വവും തീര്‍ന്നു എന്ന വിലാപമായി നാം ഈ കുറിപ്പിനെ വായിക്കുന്നില്ല. ഈ കുറിപ്പ് പൂര്‍ത്തിയാവുമ്പോള്‍ ഉന്നാവോയിലെ പെണ്‍കുട്ടിക്ക് വേണ്ടി തീരെ ചെറുതെങ്കിലും പ്രതിരോധങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജയ് ശ്രീരാം എന്ന അഭിവാദ്യം കൊലവിളിയാകുന്നതിനെതിരെ പ്രതിരോധം ഉയരുന്നുണ്ട്. ആ പ്രതിരോധങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ ചെറുത്തുനില്‍പ് ഉണ്ടാകുന്നുണ്ട്. ആളെണ്ണം കൊണ്ട് അതിദുര്‍ബലമായ പ്രതിപക്ഷത്ത് നിന്ന് ശശി തരൂര്‍ പറയുന്നത് ലോകം കേള്‍ക്കുന്നുണ്ട്. അത്രയെളുപ്പം കീഴടങ്ങുന്ന ഒരു ജനാധിപത്യത്തെയല്ല ദേശീയപ്രസ്ഥാനം ഇന്ത്യയില്‍ സൃഷ്ടിച്ചതെന്ന് നാം മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ ഈ കുറിപ്പ് വിലാപമല്ല, പ്രതിരോധത്തിനുള്ള ക്ഷണമാണ്. ഏകാധിപതികളില്ലാത്ത സമഗ്രാധിപത്യം കൂട്ടായ ചെറുത്തുനില്‍പിനാല്‍ പരാജിതമാകുമെന്ന് നാം ്രപത്യാശിക്കുന്നുണ്ട്.
ഇരുണ്ടകാലമാണ് ഇത് എന്നത് ശരിയാണ്. പ്രതിരോധത്തിന്റെ മഹാരൂപമായിരുന്നല്ലോ ബ്രെഹ്‌തോള്‍ഡ് ബ്രെഹ്ത്. ഇരുണ്ടകാലത്ത് പാട്ടുകളുണ്ടാകുമോ എന്ന് സ്വയം ചോദിച്ച് ബ്രെഹ്ത് പറഞ്ഞ ഒരു വിഖ്യാത മറുപടി നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിങ്ങനെയാണ്:
‘ഇരുണ്ട കാലത്ത് പാട്ടുകളുണ്ടാകുമോ?
ഉണ്ടാകും, ഇരുണ്ടകാലത്തിന്റെ പാട്ടുകള്‍’.

കെ കെ ജോഷി

You must be logged in to post a comment Login