ഷിന്‍സിയാങ്: ചൈനയുടെ അസാധാരണ തടവറ

ഷിന്‍സിയാങ്: ചൈനയുടെ അസാധാരണ തടവറ

ചൈനയുടെ ചില രാഷ്ട്രീയ നിലപാടുകളും മനുഷ്യാവകാശ സമീപനങ്ങളും ലോകം കൗതുകത്തോടെ വീക്ഷിക്കുകയും, ആ കമ്യൂണിസ്റ്റ് രാജ്യം ലോകത്തിലെ പൊരുതുന്ന ജനതയോട് കാണിക്കുന്ന നിലപാടുകളെ പലപ്പോഴും വിശകലനം ചെയ്തിട്ടുമുണ്ട്. ഫലസ്തീനില്‍ ജൂത ഭരണകൂടം കാട്ടുന്ന കൊടും ക്രൂരതകളെ എല്ലാ കാലത്തും ചൈന എതിര്‍ത്തുവന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലും രക്ഷാസമിതിയിലും പൊരുതുന്ന ഫലസ്തീന്‍ ജനതയുടെ ഒപ്പമാണ് ചൈന നിലയുറപ്പിച്ചിട്ടുള്ളത്. ഇത് ചൈനയുടെ ഒരു മുഖം മാത്രമാണെന്ന വസ്തുത തിരിച്ചറിയണമെങ്കില്‍, ഷിന്‍സിയാങിലെ മുസ്‌ലിം പീഡനങ്ങളും ടിബറ്റിലെ ബുദ്ധമത വിശ്വാസികളോട് കാണിക്കുന്ന അടിച്ചമര്‍ത്തല്‍ നയവും പരിശോധിച്ചാല്‍ മതി. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തെക്കുറിച്ച് പല കാലങ്ങളില്‍ എഴുതപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഷിന്‍സിയാങിലെ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന കൊടും പീഡനങ്ങളെക്കുറിച്ച് ലോക മാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ ഇന്നോളം ചര്‍ച്ച ചെയ്തിട്ടില്ല. ഈയടുത്ത് കവിയും നോവലിസ്റ്റുമായ ടി.പി. രാജീവനാണ് ഉയ്ഗര്‍ മുസ്‌ലിംകള്‍ എങ്ങനെയൊക്കെയാണ് ചൈനാ ഭരണകൂടത്തിന്റെ കൊടിയ പീഡനത്തിനും വംശഹത്യക്കും വിധേയമാകുന്നതെന്ന വിവരം ഈ ലേഖകന് തന്നത്. തുടര്‍ന്ന് അതിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ആഴത്തിലുള്ള പഠനങ്ങളോ മറ്റോ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്നിട്ടില്ലെന്ന് ഖേദപൂര്‍വം മനസിലാക്കി. നമ്മുടെ സമൂഹം ചൈനയുടെ ഇരട്ടത്താപ്പിനെക്കുറിച്ച് മനസിലാക്കേണ്ടതിന്റെ ആവശ്യകത ചെറുതല്ലതാനും.
ചൈനയുടെ പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശമാണ് ഷിന്‍സിയാങ്. ബീജിംങ്ങില്‍ നിന്നും ഷിന്‍സിയാങിലേക്ക് എത്തിപ്പെടുക എളുപ്പമല്ലെങ്കിലും, ഈ ഭൂപ്രദേശം ഒരു സ്വയംഭരണ ഭൂഭാഗമാണ്. ചൈനയുടെ വികസന മാതൃകകളൊന്നും ഇവിടെ കാണില്ല. ഷിന്‍സിയാങിന്റെ ഏതാണ്ട് പകുതിയിലേറെ പ്രദേശം മുസ്‌ലിം ജനവിഭാഗമായ ഉയ്ഗര്‍ വാസികളെക്കൊണ്ട് നിറഞ്ഞതാണ്. ഇരുപത്തിയാറ് മില്ല്യണ്‍ മുസ്‌ലിംകള്‍ ഇവിടെയുണ്ട്. ഷിന്‍സിയാങിലെ മുസ്‌ലിം ഭൂരിപക്ഷം തന്നെയാണ് ചൈനീസ് ഭരണകൂടത്തെ അലട്ടുന്ന മുഖ്യപ്രശ്‌നം. ചൈനയെ സംബന്ധിച്ചിടത്തോളം ഉയ്ഗര്‍ മുസ്‌ലിംകള്‍ രാജ്യത്തിന്റെ ശത്രുക്കളായും ഒറ്റുകാരായും തീവ്രവാദികളായുമാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ മനുഷ്യത്വപരമായ എല്ലാ നീതിഘടനയും ഇവിടെ കീഴ്‌മേല്‍ മറിയുന്നു. ഒരു ഉയ്ഗര്‍ മുസ്‌ലിമിനെ മനുഷ്യനായി പരിഗണിക്കാന്‍ ചൈനക്ക് കഴിയുന്നില്ല. സംശയത്തിന്റെ മുള്‍മുനയിലാണ് അവരുടെ ജീവിതം. പുറംലോകവുമായി ബന്ധപ്പെടാനോ മറ്റ് പ്രദേശവാസികളുമായി ഇടപഴകാനോ ഇവര്‍ക്ക് പാടില്ല. ഇന്റര്‍നെറ്റ് സംവിധാനത്തിന് കര്‍ശനമായ വിലക്കുകളോ പരിശോധനകളോ ഇവിടെയുണ്ട്. ഒരു തടവറയ്ക്കുള്ളില്‍ എങ്ങനെയാണോ ഒരു ജയില്‍പ്പുള്ളി ജീവിക്കുന്നത്, അതേപോലെയാണ് ഷിന്‍സിയാങിലെ മുസ്‌ലിംകളിന്ന്.

ഉയ്ഗര്‍ മുസ്‌ലിംകള്‍ ബന്ധപ്പെടാനിടയുള്ള ലോകത്തിലെ 26-ല്‍പരം വരുന്ന മുസ്‌ലിം രാഷ്ട്രങ്ങളുമായി ഇവിടത്തുകാര്‍ ബന്ധപ്പെടുന്നത് കര്‍ശനമായി വിലക്കിയിരിക്കുകയാണ് ചൈന. ഒരു കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ തന്നെ അവന്റെ ഡി.എന്‍.എ. രഹസ്യമായി പരിശോധിച്ച് വംശ പാരമ്പര്യം രേഖപ്പെടുത്തുന്നു. പല കാലങ്ങളില്‍ പുറംലോകവുമായി ബന്ധപ്പെട്ട ഒരു മില്യണ്‍ മുസ്‌ലിംകള്‍ ഇന്ന് ചൈനയുടെ തടവറയിലുണ്ട്. തടവറയില്‍ കഴിയുന്നവരെ നിര്‍ബന്ധപൂര്‍വം ചൈനീസ് ഭാഷയായ മാന്‍ഡാരിന്‍ പഠിപ്പിക്കുന്നതിലൂടെ ഉയ്ഗര്‍ വംശജരുടെ ഭാഷയെയും സംസ്‌കാരത്തെയും ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ചൈന നടത്തുന്നത്. കാലങ്ങളായി ഉയ്ഗര്‍ മുസ്‌ലിംകള്‍ പിന്‍തുടര്‍ന്നുവരുന്ന ആചാര-വിശ്വാസങ്ങളെ ചൈന അടിച്ചമര്‍ത്തുന്നതിനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. ഉയ്ഗര്‍ വംശജരെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരേപോലെ സഹിക്കേണ്ടിവരുന്നതിനെക്കുറിച്ച് ഒരു തടവുകാരന്‍ ഈയിടെ ബി.ബി.സി. ലേഖകനോട് പങ്കുവെച്ചത് പുറംലോകം അധികം അറിഞ്ഞിട്ടില്ല; അല്ലെങ്കില്‍ ചൈനീസ് ഭരണകൂടം അറിയിക്കാന്‍ സമ്മതിച്ചിട്ടില്ല. കലാകാരന്മാര്‍ക്കും കവികള്‍ക്കും ചൈനീസ് ഭരണകൂടത്തിന്റെ ഭീഷണിയുണ്ട്. അബ്ദുല്‍ റഹീം ഹെയ്ത്തിയെ പോലുള്ള കവികള്‍ ഇന്നും ചൈനീസ് തടവറയിലാണ്. അവര്‍ പുറംലോകം കണ്ടിട്ടില്ല.

ടര്‍ക്കിസ്ഥാന്റെ ഒരു ഭാഗമായി കിടന്നിരുന്ന ഷിന്‍സിയാങിനെ 1949-ലാണ് ചൈന കോളനിയാക്കി മാറ്റുന്നത്. ടിബറ്റില്‍ എന്താണോ ചൈന ചെയ്തുകൊണ്ടിരിക്കുന്നത് അതിനേക്കാള്‍ ഭീകരമായ വംശീയഹത്യയാണ് ഉയ്ഗര്‍ മുസ്‌ലിംകള്‍ക്കു മീതെ ചൈന അനുവര്‍ത്തിക്കുന്നത്. ഇസ്‌ലാമിക ആശയ സംഹിതകളെ പിന്‍പറ്റുവാനോ അതനുസരിച്ച് ജീവിക്കാനോ ഉയ്ഗര്‍ മുസ്‌ലിംകള്‍ക്ക് അവകാശമില്ല. പള്ളികളും മദ്‌റസകളും ഇസ്‌ലാമിക പഠന പദ്ധതികളും ഷിന്‍സിയാങില്‍ വിലക്കിയിരിക്കുകയാണ്. വേദഗ്രന്ഥമായ ഖുര്‍ആനും കര്‍ശനമായ നിരോധനയുണ്ട്. ഒരു മുസ്‌ലിം പേര് ഉച്ചത്തില്‍ പറയുന്നതുപോലും നിയമവിരുദ്ധമാണിവിടെ. വാ തുറക്കാന്‍ പാടില്ലെന്ന് മനസിലാക്കിയാല്‍ മതി. ലോകത്ത് മറ്റേതൊരു രാജ്യത്താണ് ഈ ദുര്‍വിധി ഉണ്ടാവുക? ചൈനയല്ലാതെ ഏത് ഭരണകൂടമാണ് ഇത്രയും നീചമായ വംശീയ ഉന്മൂലന രീതി അനുവര്‍ത്തിക്കുന്നത്? മുസ്‌ലിം വിശ്വാസത്തെ പ്രതിനിധീകരിക്കുന്ന വസ്ത്രധാരണ രീതി, താടി വളര്‍ത്തല്‍ എന്നിവയ്‌ക്കെല്ലാം ചൈന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഷിന്‍സിയാങില്‍ നിന്നും വരുന്ന രസകരമായ മറ്റൊരു വാര്‍ത്തയുണ്ടിന്ന്. മുസ്‌ലിംകള്‍ ഓടിക്കുന്ന ബൈക്കുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ ജി.പി.എസ്. സിസ്റ്റം ഘടിപ്പിച്ചിരിക്കണമെന്നതാണത്. മുസ്‌ലിംകള്‍ പോവാനിടയുള്ള പ്രദേശങ്ങള്‍, ബന്ധപ്പെടുന്ന വ്യക്തികള്‍ എന്നിവയെക്കുറിച്ചെല്ലാം സര്‍ക്കാറിന് അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടാനാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഒരു വിശ്വാസി സമൂഹത്തെ എങ്ങനെയെല്ലാം പാര്‍ശ്വവല്‍ക്കരിക്കാന്‍ കഴിയും അങ്ങനെയൊക്കെ ചൈന ചെയ്തുകൊണ്ടിരിക്കുന്നു.
ചൈനയിലെ പൊലീസ് വിഭാഗത്തിനും പട്ടാള മേധാവികള്‍ക്കും പുതിയ പരിശീലന പദ്ധതികള്‍ രാജ്യം നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു എന്നതാണ് അവിടെ നിന്നും വരുന്ന പുതിയ ഒരു വാര്‍ത്ത. അതിനുവേണ്ടി ചൈനീസ് വിദഗ്ധര്‍ നവീനമായ സോഫ്റ്റ്‌വെയറുകള്‍ തയാറാക്കിക്കഴിഞ്ഞു. ഒരു പ്രത്യേകതരം ഗ്ലാസുകള്‍ പൊലീസുകാര്‍ക്ക് ചൈന വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇവ മുഖത്തണിഞ്ഞാല്‍ ഉയ്ഗര്‍ മുസ്‌ലിംകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമത്രെ! തീവണ്ടികളിലും ബസ്സുകളിലും സഞ്ചരിക്കുന്ന മുസ്‌ലിംകളെ പിന്തുടരാനാണ് ഇത്തരം സോഫ്റ്റ്‌വെയറുകളുടെ വിപണനം. മുസ്‌ലിംകളുടെ പുറത്തേക്കുള്ള യാത്രകള്‍ നിരീക്ഷിക്കുകയാണ് ചൈനയുടെ ലക്ഷ്യം. പുറംലോകവുമായുള്ള ഇവരുടെ ബന്ധങ്ങളെ ചൈന ഭയപ്പെടുന്നുണ്ട്. മുസ്‌ലിം വിശ്വാസ-ആചാര ക്രമങ്ങളെ ഉപേക്ഷിക്കാന്‍ തയാറാവാത്ത മുസ്‌ലിംകളെ പിടിച്ചുകൊണ്ടുവന്ന് തടവറയില്‍ പാര്‍പ്പിക്കുകയും അവര്‍ക്ക് പുതിയ വിദ്യാഭ്യാസ തത്വശാസ്ത്രങ്ങള്‍ പഠിപ്പിക്കുകയും വിശ്വാസത്തിന് പുറത്തേക്കുള്ള വഴി തെളിയിച്ചുകൊടുക്കുകയുമാണ് ചൈനയുടെ പുതിയ വിദ്യാഭ്യാസ നയം. ഉയ്ഗര്‍ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നവീന വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍ ചൈന അവരുടെ പ്രത്യയശാസ്ത്രത്തിനകത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. ‘നീ എഡ്യുക്കേഷന്‍ ക്യാമ്പു’കളെന്നാണ് ചൈന ഇതിനെ വിളിക്കുന്നത്. ‘വിശ്വാസികളായ മുസ്‌ലിംകളെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്; പ്രത്യേകിച്ച് താടി വളര്‍ത്തിയവരെ’ എന്നാണ് ഭരണകൂടത്തിന്റെ നയപ്രഖ്യാപനം.

ചൈനയുടെ മുസ്‌ലിം വംശഹത്യയെ ലോകരാജ്യങ്ങളോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഗൗരവത്തില്‍ സമീപിക്കാത്തത് ചൈനയുടെ ധാര്‍ഷ്ട്യം ഉയര്‍ത്തുകയാണ്. 2018-ല്‍ മാത്രമാണ് ചില മനുഷ്യാവകാശ സംഘടനകള്‍ ചൈനയുടെ നടപടികളെ ചോദ്യം ചെയ്തത്. ഉയ്ഗര്‍ മുസ്‌ലിംകളിലെ വലിയൊരു വിഭാഗത്തെ ചൈന തടവിലാക്കുകയും അവര്‍ക്ക് ചൈനീസ് വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പീഡനങ്ങളായി കൊടുമ്പിരികൊണ്ടപ്പോഴുമായിരുന്നു ഇത്. 2018-ല്‍ ചൈനയുടെ ‘ശുദ്ധീകരണ’ പ്രക്രിയകളില്‍പെട്ട് മരണമടഞ്ഞ ഉയ്ഗര്‍ വംശജരുടെ എണ്ണം ഇന്നും ലോകത്തിന്റെ മുന്നില്‍ അജ്ഞാതമാണ്. 2017-ല്‍ ചൈനീസ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയ സദാം മുസാഫിര്‍ എന്ന ഉയ്ഗര്‍ വംശജന് പില്‍ക്കാലത്ത് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങള്‍ മാത്രം മതി അതിന്റെ തീക്ഷ്ണത കാണിക്കാന്‍. അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് തടവിലാക്കുകയും മകനെ കൊലപ്പെടുത്തുകയും ചെയ്തുവത്രെ! സ്വന്തം നിഷ്ഠുരതകള്‍ പുറംലോകം അറിയുമോയെന്ന ഭയം ചൈനയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. 2018-ല്‍ യു.എന്‍. കമ്മിറ്റി ചൈനയുടെ നീതിരാഹിത്യത്തെ ചോദ്യം ചെയ്‌തെങ്കിലും, മറ്റൊരു രാജ്യമോ മുസ്‌ലിം രാഷ്ട്രങ്ങളോ ഉയ്ഗര്‍ മുസ്‌ലിംകളെ പിന്തുണച്ച് ഇതേവരെയും കടന്നുവന്നിട്ടില്ല. ലോകരാജ്യങ്ങളിലെല്ലാം തങ്ങളുടെ വ്യാപാര ശൃംഖല പടുത്തുയര്‍ത്തുന്ന ചൈനയെ നിലയ്ക്കുനിര്‍ത്താന്‍ വളരെ എളുപ്പമാണെന്നിരിക്കെ ലോകം നിശബ്ദമാകുന്നതിന്റെ സാംഗത്യമെന്താണ്? ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഏത് മാളത്തിനുള്ളിലാണ്?

അബ്ദുല്ല പേരാമ്പ്ര

You must be logged in to post a comment Login