ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും; നാലാം വ്യവസായ വിപ്ലവത്തിന്റെ സാധ്യതകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും; നാലാം വ്യവസായ വിപ്ലവത്തിന്റെ സാധ്യതകള്‍

‘The development of full artificial intelligence could spell the end of human race’
-Stephen Hawking

സമകാലിക ലോകം നാലാമതൊരു വ്യാവസായിക വിപ്ലവത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തത്തോടെ യൂറോപ്പില്‍ തുടക്കംകുറിച്ച കാര്‍ഷികേതര സമ്പദ് വ്യവസ്ഥയുടെയും മുതലാളിത്ത- ഉപഭോഗ സംസ്‌കാരത്തിന്റെയും കാലഘട്ടമായ ‘The age of mechanical production’ ആണ് ഒന്നാം വ്യാവസായികവിപ്ലവമായി പരിഗണിക്കപ്പെടുന്നത്. രണ്ടാം വ്യാവസായിക വിപ്ലവം ഇരുപതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച ‘The age of science and mass production’ ആയിരുന്നു. ദ്രുതഗതിയിലുള്ള ശാസ്ത്രീയ പുരോഗതികളുടെയും മാസ് പ്രൊഡക്ഷന്റെയും അതിന്റെ അനന്തരഫലമായി ഉടലെടുത്ത നഗരവല്‍കരണത്തിന്റെയും കാലഘട്ടമായിരുന്നു ഇത്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ അതിനൂതനമായ ഡിജിറ്റല്‍ സംവിധാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പോസ്റ്റ് മോഡേണ്‍ കാലഘട്ടമാണ് ‘The age of digital revolution’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നാം വ്യാവസായിക വിപ്ലവം. എന്നാല്‍ നാലാം വ്യാവസായിക വിപ്ലവം റോബോട്ടുകള്‍, കൃത്രിമബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വിപ്ലവാത്മകമായ ശാസ്ത്രീയ പുരോഗതികളുടെ കാലഘട്ടം ആയിരിക്കുമെന്നാണ് സാങ്കേതികവിദഗ്ധരുടെ നിരീക്ഷണം. അതിനേക്കാളുപരി മനുഷ്യര്‍ പോലും ഇത്തരം റോബോട്ടിക് സംവിധാനങ്ങളുടെ കൈകളില്‍ ഒതുങ്ങുന്ന അതിയന്ത്രവല്‍കരണത്തിന്റെ യുഗം പിറക്കുമോ എന്നും സംശയിക്കപ്പെടുന്നു.
ടെര്‍മിനേറ്റര്‍, മെട്രോപോളിസ്, എന്തിരന്‍ തുടങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു റോബോട്ടിക് യുഗത്തിന്റെ പടിവാതിലില്‍ ആണ് നാമിപ്പോള്‍ എത്തിനില്‍ക്കുന്നത്. അതിസങ്കീര്‍ണമായ ബഹിരാകാശദൗത്യങ്ങള്‍ മുതല്‍ ചെറുകിട വീട്ടുജോലികള്‍ വരെ റോബോട്ടുകളും കൃത്രിമബുദ്ധി യന്ത്രങ്ങളും ചെയ്തുതുടങ്ങി. ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍ 10 ഗോഡൗണുകളില്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടിക് കൈകളും റോബോട്ടുകളും ആണ് ഉപയോഗിക്കുന്നത്. ഒലുതേ, ഷാഡോ എന്നീ റോബോട്ടിക് കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് ഇത്തരം റോബോട്ടിക് കരങ്ങള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്നും അടുത്ത പത്തുവര്‍ഷത്തിനകം വീടുകളിലേക്കും മറ്റു മേഖലകളിലേക്കും ഉപയോഗപ്പെടുത്താവുന്ന ഇത്തരം റോബോട്ടിക് കൈകള്‍ ആമസോണ്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും ആമസോണ്‍ സി ഇ ഒ ജെഫ് ബസോസ് മാധ്യമങ്ങളോട് പറഞ്ഞു. ആമസോണിന്റെ തന്നെ അലക്‌സയും ഗൂഗിളിന്റെ അസിസ്റ്റന്റും ആപ്പിളിന്റെ സിരിയും മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാനയും ഇതിനോടകം തന്നെ നമ്മുടെ നിത്യജീവിതത്തില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. ദുബായ് നഗരത്തിലാകട്ടെ പോലീസിലും മെഡിക്കല്‍ ഷോപ്പുകളിലും വരെ റോബോട്ടുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്‌സ്‌പോ കോണ്‍ഫറന്‍സില്‍ അതിഥികളെ വരവേല്‍ക്കാന്‍ എത്തിയത് ദുബായ് പോലീസിന്റെ പുതിയ റോബോ പോലീസുകാര്‍ ആയിരുന്നത്രെ.

ജിദ്ദയിലെ തബൂക് കിംഗ് ഫഹദ് സ്‌പെഷ്യല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ വിതരണം ചെയ്യുന്നത് ഫാര്‍മസിസ്റ്റുകള്‍ അല്ല, പകരം റോബോട്ടുകളാണ്. ചൈനയില്‍ കൃത്രിമബുദ്ധി ആദ്യമായി പുറത്താക്കിയിരിക്കുന്നത് വാര്‍ത്താ അവതാരകനെയാണ്. ബീജിംഗിലെ കസിന്‍ചുവ എന്ന മാധ്യമ സ്ഥാപനമാണ് അവരുടെ വാര്‍ത്താഅവതാരകന് പകരമായി കൃത്രിമബുദ്ധി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നത്. ചൈനയില്‍ തന്നെ ഈയടുത്ത് നടന്ന വേള്‍ഡ് ഇന്റലിജന്‍സ് ചലഞ്ച് എന്ന പ്രോഗ്രാമില്‍ ജലത്തിനടിയിലെ കാര്യങ്ങള്‍ ഇനി റോബോട്ടിനെ ഏല്‍പ്പിക്കാന്‍ പോകുന്നുവെന്നും അത്തരം റോബോട്ടുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. എന്തിനധികം, മനുഷ്യരെ തമാശ പറഞ്ഞു ചിരിപ്പിക്കാനും താരാട്ടുപാടി ഉറക്കാനും റോബോ കൂട്ടുകാര്‍ എത്തിത്തുടങ്ങി. ഒറിഗോണ്‍ സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഡേറ്റാ എന്ന റോബോയും ആമസോണിന്റെ അലക്‌സയുടെ പുതിയ വേര്‍ഷനും ഇത്തരം വിനോദ റോബോകളില്‍ മുഖ്യപങ്കുവഹിക്കുന്നു. ഗൂഗിള്‍ കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്കുപ്രകാരം സാമൂഹിക ഒറ്റപ്പെടല്‍ അനുഭവിക്കുന്ന യുവാക്കളില്‍ വലിയൊരു പങ്കും ഗൂഗിളിന്റെ അസിസ്റ്റന്റിനോട് തമാശയും കിന്നാരവും പറഞ്ഞു സമയം നീക്കാന്‍ ആഗ്രഹിക്കുന്നവരാണത്രെ. മെഡിക്കല്‍ രംഗത്തെ അതിസങ്കീര്‍ണവും സൂക്ഷ്മവുമായ സര്‍ജറികളില്‍ റോബോട്ടിക്‌സ് അതിവിജയകരമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും സംവിധാനമായി. മനുഷ്യര്‍ക്ക് ചെയ്തുകൊടുക്കുന്ന സേവനങ്ങളുടെയും പ്രവര്‍ത്തിക്കുന്ന ജോലി മേഖലകളുടെയും അടിസ്ഥാനത്തില്‍ റോബോട്ടുകളെ തരംതിരിക്കാന്‍ സാധിക്കും. കെയര്‍ റോബോട്ട്, അസംബ്ലിംഗ് റോബോട്ട്, മിലിറ്ററി റോബോട്ട്, വെല്‍ഡിങ് റോബോട്ട്, ഹെവിഡ്യൂട്ടി റോബോട്ട്, ഹൗസ് ഹോള്‍ഡ് റോബോട്ട്, മെഡിക്കല്‍ റോബോട്ട് തുടങ്ങിയവ ഇവയില്‍ ചിലതുമാത്രം. തുഴയാനും നീന്താനും ചാടാനും ഓടാനും ഇഴയാനും പറക്കാനും കഴിയുന്ന റോബോട്ടുകള്‍ സുലഭമാണ്. ഇവയില്‍ തന്നെ സ്വയം ചുമതലകള്‍ നിര്‍വഹിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഓട്ടോണോമസ് റോബോട്ടുകളുമുണ്ട്. ചുറ്റുപാടുകളെ മനസ്സിലാക്കി ദീര്‍ഘനേരം മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് സാധിക്കും. ബഹിരാകാശ ഗവേഷണം, സമുദ്രാന്തരിക പര്യവേക്ഷണം, അപകട സാധ്യതയേറിയ ഖനനം തുടങ്ങി സങ്കീര്‍ണമായ മേഖലകളിലും ഉപയോഗപ്പെടുത്താവുന്ന റോബോട്ടുകളും വളരെ ലളിതവും നിത്യജീവിതത്തിന്റെ ഓരോ വശങ്ങളെയും സഹായിക്കുന്നതുമായ കുഞ്ഞു റോബോട്ടുകളും തുറക്കുന്നത് സാധ്യതകളുടെയും പുരോഗതിയുടെയും വാതിലുകളാണ്.

എന്തിരന്മാരുടെ ചരിത്രം കേവലം ഇരുപതാം നൂറ്റാണ്ട് മുതലാണ് ആരംഭിക്കുന്നതെങ്കിലും ലിയനാര്‍ഡോ ഡാവിഞ്ചിയും ഇസ്മായില്‍ അല്‍ ജസ്രിയുമൊക്കെ ഇത്തരമൊരു കോണ്‍സെപ്റ്റിന്റെ ആമുഖരൂപങ്ങള്‍ പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.1920 ല്‍ ചെക്ക് (czech) എഴുത്തുകാരനായ കാരെല്‍ കാപ്പക്ക് രചിച്ച ‘Rossum’s Universal Robots’ എന്ന നാടകത്തിലൂടെയാണ് റോബോട്ട് എന്ന വാക്കിന്റെ ഉദ്ഭവം. സയന്‍സ് ഫിക്ഷന്‍ രംഗത്തെ അതികായനായ ഐസക് അസിമോവ് ആണ് 1944ല്‍ റോബോട്ടുകളെ കുറിച്ചുള്ള പഠനശാഖയെ സൂചിപ്പിക്കുന്ന റോബോട്ടിക്‌സ് എന്ന വാക്കിന് തുടക്കം നല്‍കിയത്. 1948 – ല്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ വില്യം ഗ്രേ വാള്‍ട്ടര്‍ നിര്‍മിച്ച ഇലക്ട്രോണിക് ഓട്ടോണമസ് റോബോട്ടുകളും, 1940- കളുടെ അവസാനം ജോണ്‍ ടി. പാര്‍സണ്‍സ്, ഫ്രാങ്ക് എല്‍ സ്റ്റ്യൂളന്‍ എന്നിവര്‍ രൂപകല്‍പന ചെയ്ത കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ മെഷീനുകളും റോബോട്ടുകളുടെ ചരിത്രത്തിലെ നിര്‍ണായക ചുവടുകളായിരുന്നു. ആദ്യത്തെ കൊമേഴ്ഷ്യല്‍- ഡിജിറ്റല്‍- പ്രോഗ്രാമബ്ള്‍ റോബോട്ട് ആയി പരിഗണിക്കപ്പെടുന്നത് 1954 ല്‍ ജോര്‍ജ് ഡെവല്‍ വികസിപ്പിച്ചെടുത്ത യുണിമേറ്റ് ആണത്രെ. 1966ല്‍ റേഷക്കി എന്ന റോബോട്ടിനെ സ്റ്റാന്‍ഫോര്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റിയും, 1979 ല്‍ വികസിപ്പിച്ച സ്റ്റാന്‍ഫഡ് കാര്‍ട്ടും, 1972ല്‍ ജപ്പാനിലെ വസേദ യൂണിവേഴ്‌സിറ്റി നിര്‍മിച്ച ആദ്യ ഹ്യൂമനോയിഡും 2000ല്‍ ഹോണ്ട നിര്‍മിച്ച അസിമോയും, 2015ല്‍ ഹാന്‍സണ്‍ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത് പിന്നീട് സഊദി പൗരത്വം നേടിയ സോഫിയ എന്ന ഹൂമനോയിഡ് റോബോട്ടും റോബോട്ടുകളുടെയും കൃത്രിമ ബുദ്ധിയുടെയും വികാസപരിണാമത്തിന്റെ വേഗത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
റോബോവല്‍കരണം വിശാലവും വിപ്ലവാത്മകവുമായ പുരോഗതികളുടെയും അവസരങ്ങളുടെയും ലോകം പണിതെടുക്കുമ്പോഴും അത്തരമൊരു മേഖലയുടെ വളര്‍ച്ച ആധുനിക ലോകക്രമത്തിലും സമ്പദ് വ്യവസ്ഥയിലും സാംസ്‌കാരിക വ്യവഹാരങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ക്കും കാരണമായിത്തീരുന്നുണ്ട്. പ്രധാനമായും റോബര്‍ട്ടിക്‌സിന്റെയും കൃത്രിമ ബുദ്ധിയുടെയും വളര്‍ച്ച പ്രതികൂലമായി സ്വാധീനിക്കുന്നത് മനുഷ്യവിഭവശേഷിയെയും മനുഷ്യാധ്വാനത്തെയുമാണ്. കാരണം, വരാന്‍ പോകുന്നതും ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യാധ്വാനത്തിനു പകരമായി കൂടുതല്‍ കൃത്രിമ ബൗദ്ധിക സംവിധാനങ്ങളെ വിഭാവനം ചെയ്യുന്നതും മനുഷ്യവിഭവശേഷിയെയും മനുഷ്യാധ്വാനത്തെയും വെല്ലുവിളിക്കുന്നവയുമാണ്. വ്യവസായ രംഗത്തും നഗരകേന്ദ്രീകൃത തൊഴില്‍മേഖലകളിലും എന്നു തുടങ്ങി എല്ലാ മേഖലകളിലുമുള്ള റോബോവല്‍കരണം ഉണ്ടാക്കിത്തീര്‍ക്കുന്നത് ഭീകരമായ തൊഴില്‍നഷ്ടങ്ങളാണ്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ വരുംകാലങ്ങളില്‍ 10 മുതല്‍ 25 ശതമാനം വരെ തൊഴില്‍നഷ്ടം പ്രതീക്ഷിക്കാമെന്ന് യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളുടെ സംഘടനയായ ഒ.ഇ.സി.ഡിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ മാത്രം 47 ശതമാനത്തോളം ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് 2013 -ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരായ ബെനഡിക്റ്റ് ഫ്രേയും മൈക്കിള്‍ ഒസ്‌ബോണും പുറത്തുവിട്ട പഠനങ്ങളില്‍ കാണുന്നു.

അതുപോലെതന്നെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇന്റര്‍നെറ്റ് ലേണിംഗും മറ്റ് സംവിധാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളും ഇന്റര്‍നെറ്റ് രംഗത്തെ അതിഭീമമായ ഡാറ്റാ ശേഖരണത്തെ ദുരുപയോഗം ചെയ്യാനും വ്യക്തികളുടെയും രാജ്യങ്ങളുടെയും സുരക്ഷിതത്വത്തെ പോലും ചോദ്യം ചെയ്യാനുമുള്ള സാധ്യതകളും വളര്‍ന്നുവരുന്നുണ്ട്. എല്ലാ കാര്യങ്ങളും യന്ത്രങ്ങളെ ഏല്‍പ്പിക്കുകയും അവയെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യന്റെ ചിന്താശേഷിയെയും ജന്മസിദ്ധമായ സഹജവാസനകളെയും കഴിവുകളെയും മുരടിപ്പിക്കുന്നതിലേക്കും ഇത് വഴിവെച്ചേക്കാം. ഹ്യൂമനോയിഡുകളുടെ നിര്‍മാണവും പൗരത്വഅംഗീകാരങ്ങളും നിയമപരമായ വലിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്.
അതിനുപരിയായി മനുഷ്യകുലത്തിന്റെ പ്രകൃതിപരമായ ലൈംഗിക നിയമങ്ങളെ പോലും തകിടംമറിക്കുന്ന രൂപത്തിലാണ് സെക്‌സ് ടോയ്‌സും സെക്‌സ് റോബോട്ടുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ചലനശേഷിയില്ലാത്ത സെക്‌സ് ടോയ്‌സുകള്‍ മുതല്‍ പൂര്‍ണമായും മനുഷ്യ സങ്കല്പങ്ങളോട് കിടപിടിക്കാവുന്നതും ഓരോ ഉപഭോക്താവിന്റെയും കാമഭാവനകള്‍ക്കനുസരിച്ചും ഇത്തരം റോബോട്ടുകള്‍ നിര്‍മിക്കപ്പെടുന്നു. പുതുതലമുറയിലെ യുവത പോണ്‍ വീഡിയോകളില്‍ കൂടുതല്‍ ആസ്വാദനം കണ്ടെത്തുന്നവരാണെന്നും അതില്‍ തന്നെ സ്ത്രീകള്‍ വളരെ മുന്നിലാണെന്നും ഇത്തരം സ്ത്രീ പുരുഷന്മാരില്‍ നല്ലൊരുപങ്കും സെക്‌സ് റോബോട്ടുമായുള്ള രതി സല്ലാപത്തില്‍ കൂടുതല്‍ തല്‍പരരാണെന്നും, അടുത്ത പത്തുവര്‍ഷത്തിനകം മനുഷ്യരുടെ കിടപ്പറകളില്‍ നല്ലൊരു ശതമാനം യന്ത്രമനുഷ്യര്‍ കയ്യടക്കുമെന്നും ഇയാന്‍ പിയേഴ്‌സണ്‍ എന്ന ഗവേഷകന്റെ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം സെക്‌സ് റോബോ നിര്‍മാണത്തില്‍ ചൈനീസ് കമ്പനിയായ ഇ.എക്‌സ് ഡോളും ജാപ്പനീസ് കമ്പനിയായ ഡോള്‍ സീറ്റ് ഡോള്‍സുമാണ് മുന്‍നിരക്കാര്‍. കേവലം 5870 ഡോളറിന് അടുത്തവര്‍ഷം തന്നെ തങ്ങള്‍ യൂറോപ്യന്‍ വിപണി കീഴടക്കുമെന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം സെക്‌സ് റോബോകള്‍ ആരോഗ്യകരമായ ലൈംഗിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുമെന്നും, വ്യായാമം പോലെയും ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം പോലെയും സ്വാതന്ത്രവും അനിയന്ത്രിതവുമായ സെക്‌സിനുള്ള അവസരമാണ് തങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് എന്നും കമ്പനി മേധാവി പോള്‍ ലംബ് പറയുന്നു. സ്വതന്ത്രവും റോബോവല്‍കൃതവുമായ രതി സംസ്‌കാരം വരും തലമുറയിലെ കുടുംബവ്യവസ്ഥയില്‍ വരുത്താനിടയുള്ള മൂല്യച്യുതിയും അപചയവും ഭീകരമായിരിക്കും.

റോബോ നിര്‍മാണത്തിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഇസ്‌ലാമിക വശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സ്വയംനിയന്ത്രിതമോ അര്‍ധ നിയന്ത്രിതമോ ആയ റോബോട്ടുകളുടെ നിര്‍മാണം ഒരിക്കലും ഇസ്‌ലാം എതിര്‍ക്കുന്നില്ല. മാത്രമല്ല, മനുഷ്യര്‍ക്ക് ഉപയോഗമുള്ള കണ്ടുപിടുത്തങ്ങള്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതുമാണ്. എന്നാല്‍ ഇത്തരം യന്ത്രങ്ങള്‍ നിലവിലുള്ള മനുഷ്യന്റെയോ മറ്റിതര ജീവികളുടെയോ തനതു രൂപപ്പകര്‍ച്ചയില്‍ ഉണ്ടാക്കിയെടുക്കുന്നതിനെ ഇസ്‌ലാം നിഷിദ്ധമായി കാണുന്നുണ്ട്. കണ്ടാല്‍ ജീവനുള്ളതാണെന്ന് തോന്നിക്കും രൂപത്തിലുള്ള രൂപസാദൃശ്യത്തെയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. ബിംബനിര്‍മാണത്തോട് സാമ്യത പുലര്‍ത്തുന്നതാണിതിന് കാരണം. ‘പ്രവാചകഘാതകന്മാര്‍ കഴിഞ്ഞാല്‍ ലോകത്തേറ്റവും നീചര്‍ ജീവികളുടെ ശില്പനിര്‍മാണം നടത്തുന്നവരാണ്’ എന്ന പ്രവാചക പ്രസ്താവനയാണ് ഇതിന് പ്രധാന തെളിവായി ഉദ്ധരിക്കുന്നത്. ഭാഗികമോ നേര്‍പകുതിയോ ആയ മനുഷ്യസാദൃശ്യമുള്ള റോബോകളെയും ഹ്യൂമനോയിഡ് എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. അത്തരം രൂപങ്ങള്‍ക്ക് പൂര്‍ണമായ മതവിലക്ക് ബാധകമാകണമെന്നില്ല. സെക്‌സ് റോബോട്ടുകളുടെ നിര്‍മാണവും ഉപയോഗവും തീര്‍ത്തും നിഷിദ്ധമാണ്. വ്യഭിചാരം ആയിട്ടല്ല അത്തരം ബന്ധപ്പെടലുകള്‍ പരിഗണിക്കപ്പെടുക എന്നും സ്വയംഭോഗത്തിന്റെ വിധിയാണെന്നും പണ്ഡിതതീര്‍പ്പുണ്ട്.

ഈയടുത്ത കാലങ്ങളായി റോബോട്ടിക്‌സിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നിര്‍മാണവും വ്യാപനവുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ ലോക സാങ്കേതിക വിദഗ്ധര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ചര്‍ച്ചകളില്‍ പ്രധാന ചോദ്യമായി ഉയരുന്നത് റോബോട്ടിക്‌സും നിര്‍മിത ബുദ്ധിയും മാനവരാശിയുടെ ശത്രുവായി മാറുമോ അതോ മിത്രമായി നിലകൊള്ളുമോ എന്നാണ്. ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യനാദെല്ല തുടങ്ങിയ സാങ്കേതിക രംഗത്തെ പ്രമുഖര്‍ റോബോട്ടുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പൂര്‍ണമായും മനുഷ്യകുലത്തിന്റെ പുരോഗതിക്കും എക്കാലവും മനുഷ്യനിയന്ത്രണത്തിലായിരിക്കുമെന്നും വാദിക്കുമ്പോള്‍ സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ്, സ്റ്റീഫന്‍ ഹോക്കിംഗ് തുടങ്ങിയവരുടെ വീക്ഷണത്തില്‍ റോബോട്ടുകളും നിര്‍മിത ബുദ്ധിയും മനുഷ്യരെ അതിജയിക്കുകയും മനുഷ്യകുലത്തിന്റെ തന്നെ സര്‍വനാശത്തിലേക്കിത് വഴിവെക്കുമെന്നും വീക്ഷിക്കുന്നു. ടെക്‌നിക്കല്‍ രംഗത്തെ ചില ആകസ്മിക സംഭവങ്ങള്‍ എലോണ്‍ മസ്‌കിന്റെ വാദഗതികള്‍ക്ക് ശക്തി പകരുന്നതാണ്. ഫേസ്ബുക്കിന്റെ ചില പരീക്ഷണങ്ങളില്‍ നിര്‍മിത ബുദ്ധിയധിഷ്ഠിതമായ രണ്ട് ചാറ്റ്‌ബോട്ടുകള്‍ അതിന്റെ കണ്‍ട്രോളര്‍മാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രൂപത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ഫേസ്ബുക് ആ പരീക്ഷണം താത്കാലികമായി നിര്‍ത്തിവച്ചുവെന്നും ഏതാനും മാസങ്ങള്‍ മുമ്പ് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ദൈവത്തേക്കാള്‍ ശക്തിപ്രാപിക്കാന്‍ സാധ്യമാണെന്നും അത്തരമൊരു കൃത്രിമ ബുദ്ധിദൈവത്തെ സൃഷ്ടിച്ചെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഗൂഗിള്‍ മുന്‍ സാങ്കേതിക വിദഗ്ധനായ ആന്റോണിയോ ലെവന്‍ഡോവ്‌സ്‌കിയുടെ പക്ഷം. Way of the future (WOTF) എന്ന സംഘടനയും ഒരു പ്രത്യേക കമ്പനിയും വരെ അദ്ദേഹം ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു നാലാം വ്യവസായ വിപ്ലവം സാധ്യമാവുകയും അത്തരം അതിയന്ത്രവല്‍കൃതമായ ഒരു ലോകത്ത് മനുഷ്യര്‍ക്ക് റോബോട്ടുകളെയും നിര്‍മിതബുദ്ധിയെയും അതിജയിക്കണമെങ്കില്‍ മനുഷ്യബുദ്ധിയും ചിന്താമണ്ഡലവും കമ്പ്യൂട്ടറുകളെക്കാള്‍ വികസിതമാവണമെന്നും, മനുഷ്യ തലച്ചോറിനെ കമ്പ്യൂട്ടര്‍ ചിപ്പുമായി ബന്ധപ്പെടുത്തുന്ന ‘ന്യൂറോലിങ്ക്’ എന്ന സംവിധാനത്തിലൂടെ അത് സാധ്യമാണെന്നും Elon musk ഈയടുത്ത് പ്രഖ്യാപിക്കുകയുണ്ടായി. ചുരുക്കത്തില്‍ റോബോട്ടുകള്‍ നിറയുന്ന അതിയന്ത്രവല്‍കൃതമായ അത്തരമൊരു ലോകത്ത് മനുഷ്യര്‍ക്ക് തന്നെ അത്തരം സംവിധാനങ്ങളെ നിയന്ത്രിക്കാനും സാധ്യമാകേണ്ടതുണ്ട്. അല്ലാത്തപക്ഷം musk പറഞ്ഞതുപോലെ ലോകം ഏറ്റവും ക്രൂരവും സ്വേഛാധിപത്യപരവുമായ ചില കൈകളില്‍ ഞെരിഞ്ഞമര്‍ന്നേക്കാം.

അവലംബം;
1. How Robots Work: Tom Harris
2. How Artificial Intelligence Is Transforming The World?- Darrell M. West And John R. Allen
3. മനുഷ്യന്‍ അധികപ്പറ്റാവുന്ന നാലാം വ്യവസായവിപ്ലവം – ടി.ടി. ശ്രീകുമാര്‍
4.യന്ത്രമനുഷ്യര്‍ പണി തരുമോ? ഫ്യൂച്ചര്‍ കേരള
5.റോബോട്ടിക് വിസ്മയങ്ങള്‍; എല്‍മര്‍ മുതല്‍ സോഫിയ വരെ: രഞ്ജിത്ത് ആര്‍. നായര്‍

You must be logged in to post a comment Login