അധികാരത്തിന്റെ വര്‍ഗബോധത്തിലാണ് ശ്രീറാം ഒളിച്ചുകടന്നത്

അധികാരത്തിന്റെ വര്‍ഗബോധത്തിലാണ് ശ്രീറാം ഒളിച്ചുകടന്നത്

പ്രിയപ്പെട്ട കെ.എം. ബഷീര്‍ ഈ താളുകളില്‍ നമുക്കൊപ്പം സഞ്ചരിച്ചിട്ടുണ്ട്. അധികാരത്തിന്റെ നാനാതരം ഹിംസാത്മകതകള്‍ നിസ്സഹായരായ മനുഷ്യരോടും അവരുടെ അതിജീവനപ്രതീക്ഷകളിലൊന്നായ ജനാധിപത്യത്തോടും ചെയ്യുന്ന കൊടിയ അനീതികളെക്കുറിച്ചായിരുന്നല്ലോ നമ്മുടെ സംഭാഷണങ്ങളില്‍ ഏറെയും. ജീവിതത്തിലും തൊഴിലിലും മനുഷ്യരോടുള്ള നീതിയായിരുന്നു കെ.എം.ബിയുടെ ജീവിതാദര്‍ശങ്ങളിലൊന്ന്. ജീവിതത്തെ നേര്‍രേഖയില്‍ ആവിഷ്‌കരിക്കാന്‍ നിരന്തരം ശ്രമിച്ചു. പരിമിതികളോട് പരിഭവിക്കാതിരിക്കാന്‍, അതേ പരിമിതികളെ സഹജീവികളോടുള്ള കരുതലിന്റെ സാധ്യതയാക്കാന്‍ പഠിച്ചു. ചുറ്റും പടര്‍ത്തുന്ന പ്രകാശമാണ് മനുഷ്യാതിജീവനത്തിന്റെ മഹിതമായ തുരുത്തെന്ന് നമ്മെ പഠിപ്പിച്ചു. അതിനാല്‍ നിസ്സഹായതക്കുമേലുള്ള അധികാരത്തിന്റെ തേര്‍വാഴ്ചകളോട് ജാഗ്രത്തായി നിലകൊണ്ടു. അതുകൊണ്ടാണ് നമ്മള്‍ ഈ താളുകളില്‍ കെ.എം.ബിക്കൊപ്പവും സഞ്ചരിച്ചിരുന്നു എന്ന് പറഞ്ഞത്. ഇതൊരു വിടചൊല്ലല്‍ കുറിപ്പല്ല. മനുഷ്യജീവിതവും വിധിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അന്തിമവിജയിയായ വിധി കെ.എം.ബിയെ കൊണ്ടുപോയതല്ല, അധികാരം കൊന്നുകളഞ്ഞതാണ്. അതിനാല്‍ നാമിപ്പോള്‍ കെ.എം.ബിക്ക് വിടനല്‍കുന്നില്ല. നമുക്ക് മറക്കാനാവില്ല.

അധികാരം ഒരു ഗൂഢസംഘമാണെന്ന് നമുക്കറിയാം. കേരളത്തിന്റെ അധികാരകേന്ദ്രത്തില്‍, അതിന്റെ പലവിധമായ ഹുങ്കാരങ്ങളെ നേരില്‍ കണ്ടാണ് കെ.എം. ബഷീര്‍ ജോലിചെയ്തത്. നിയമസഭയില്‍ നിന്നുള്ള കുറിപ്പുകള്‍ നാം മറന്നിട്ടില്ല. പിച്ചിക്കീറപ്പെട്ട് കിടന്ന ബഷീറിനെ കാണാന്‍ അധികാരത്തിന്റെ മഹാരൂപങ്ങള്‍ ഒന്നൊഴിയാതെ നിരന്നുവന്നത് നാം മറന്നിട്ടില്ല. കെ.എം.ബി അപരിചിതനായിരുന്നില്ല. എന്നിട്ടും അതേ അധികാരം അതിന്റെ നാം അധികമൊന്നും മനസ്സിലാക്കിയിട്ടില്ലാത്ത കൂറ്റന്‍ തേറ്റകളാല്‍ കെ.എം.ബിയെ മരണാനന്തരം അപമാനിക്കുന്നതും നാം കാണുകയാണ്. കണ്ടു നടുങ്ങുകയാണ്.

എല്ലായിടത്തും ഇങ്ങനെയാണ്. അധികാരം ്രപതിയാകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും പൊടുന്നനെ അസാധാരണമാം വിധം അധികാരം ഐക്യപ്പെടും. നാം അതുവരെ കണ്ടിട്ടില്ലാത്ത കൂറ്റന്‍ ചിറകുകള്‍ അതിനെ പൊതിയും. അതിനോട് പൊരുതാനിറങ്ങുന്ന നമ്മെപ്പോലുള്ളവര്‍ രാവണന്‍കോട്ട കണ്ട് പരിഭ്രമിക്കും. അതിന്റെ ഇരുള്‍വഴികള്‍ നമ്മുടെ കണ്ണുകളെ മൂടും. തിരുവനന്തപുരത്തെ കെ.എം.ബിയുടെ പ്രിയപ്പെട്ടവരായ മാധ്യമപ്രവര്‍ത്തകര്‍, ഏതുകോട്ടയും തച്ചുതകര്‍ക്കാന്‍ പോന്ന കരുത്തുണ്ടെന്ന് നാം കരുതിപ്പോന്നവര്‍ എത്ര ശ്രമിച്ചിട്ടും കെ.എം.ബി അപമാനിക്കപ്പെട്ടത് കണ്ടില്ലേ? കാരണം നാം മുമ്പുപറഞ്ഞതാണ്. ചരിത്രത്തിലെ ഏറ്റവും ഭീഷണമായ ഗൂഢസംഘം അധികാരത്തിന്റേതാണ്.

അധികാരത്തിന്റെ വര്‍ഗബോധവും വര്‍ഗസ്‌നേഹവും നമുക്ക് ഭാവന ചെയ്യാന്‍ പോലുമാകാത്തത്ര ദൃഢമാണ്. നോക്കൂ, അധികാരികളുടെ വര്‍ഗബോധം എന്നല്ല പറഞ്ഞത്, അധികാരത്തിന്റെ വര്‍ഗബോധമെന്നാണ്. ഇന്ത്യാചരിത്രത്തിലെ അനവധി സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഈ ഭീഷണമായ വര്‍ഗബോധത്തിന് ഇരകളായിട്ടുണ്ട്. സമീപകാലത്തെ വ്യാപം അഴിമതി ഓര്‍ക്കുക. ഭയാനകമാംവിധം വധോത്സുകമായി ആ വര്‍ഗബോധം ്രപവര്‍ത്തിച്ചു മധ്യപ്രദേശില്‍. പ്രവേശന പരീക്ഷ കുംഭകോണമായിരുന്നല്ലോ അത്. എന്നിട്ടോ? ഇരകളോട് സംസാരിച്ചവര്‍, പ്രതികള്‍, അന്വേഷകര്‍ അങ്ങനെ വ്യാപത്തില്‍ സ്പര്‍ശിച്ച 43 പേര്‍ പലവിധത്തില്‍ മരിച്ചു. അന്വേഷണങ്ങള്‍ എങ്ങുമെത്താതെ തട്ടിത്തട്ടി തെന്നിത്തെന്നി നീങ്ങുന്നത് നാം കണ്ടു. ഒരു സിസ്റ്റം പെട്ടെന്ന് ഒരു വര്‍ഗരൂപം ആര്‍ജിക്കുകയാണ്. ഉന്നാവയിലും അതാണ് കണ്ടത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയാണ്. അവളുടെ ചുറ്റുമുള്ള മനുഷ്യരെ, ദുര്‍ബലരായ മനുഷ്യരെ ഇല്ലാതാക്കുകയാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ഭരണസംവിധാനങ്ങളും അനീതിക്കായി സംഘം ചേരുകയാണ്. അവള്‍ ഭയന്നു വിളിച്ച് ഓടുകയാണ്. അവളുടെ പിന്നാലെ ഊരും പേരുമില്ലാത്ത വാഹനങ്ങള്‍ കുതിച്ചെത്തുകയാണ്. അവളുടെ ഭയവും നിലവിളികളും പലവട്ടം കേട്ട് പകര്‍ത്തിയ മനുഷ്യനാണ് നമ്മുടെ കെ.എം.ബി. അത്രയൊന്നും വലുതല്ലാത്ത തന്റെ പണിയിടത്തില്‍ ആ കരച്ചിലുകളെ കെ.എം.ബി അച്ചടിച്ചിട്ടുണ്ട് പലവട്ടം. ചെറിയ ഇടങ്ങളാണ് ചെറിയ മനുഷ്യരെ കേള്‍ക്കുന്നത് എന്ന അഭിമാനമുണ്ടായിരുന്നു എന്നും കെ.എം.ബിയുടെ തൊഴില്‍ജീവിതത്തില്‍.

കെ.എം.ബി യെ മറക്കില്ല എന്ന് പറഞ്ഞതിനര്‍ഥം കെ.എം.ബി ഇല്ലാതായ രാത്രിയെ, ആ ഒറ്റരാ്രതിയില്‍ വര്‍ഗരൂപമാര്‍ജിച്ച അധികാരത്തിന്റെ നൃശംസതയെ മറക്കില്ല എന്നുകൂടിയാണ്. നോക്കൂ, ഒരു ദിനപത്രത്തിന്റെ തലസ്ഥാന എഡിഷനിലെ ചുമതലക്കാരനായിരുന്ന ജേണലിസ്റ്റായിരുന്നു കെ.എം.ബി. ജോലിയുടെ ഭാഗമായ, നിത്യശീലമായ രാത്രിയാത്ര. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട, അതീവ സുരക്ഷാമേഖലയെന്ന് ആവര്‍ത്തിക്കാറുള്ള പാതയിലായിരുന്നു കെ.എം. ബഷീര്‍. ജോലിയുടെ ഭാഗമായിരുന്നു ആ യാത്ര; എല്ലാ അര്‍ഥത്തിലും. അതേ പാതയിലൂടെ, പൊലീസ് ജാഗ്രതയോടെ ഇരിക്കുന്നു എന്ന് നാം വിശ്വസിക്കുന്ന അതേ പാതയിലൂടെ കുറ്റകരമാം വിധം വേഗതയില്‍, ക്രിമിനല്‍ കുറ്റമായ വിധം വേഗതയില്‍ ഓടിച്ചുവന്ന എയര്‍ബാഗുള്‍പ്പടെയുള്ള അതീവസുരക്ഷിതമായ കാര്‍, കെ.എം.ബഷീറിനെ ഇടിച്ചുകൊല്ലുകയായിരുന്നു. അത്തരം സുരക്ഷകള്‍ ഒന്നുമില്ലാത്ത, ഇടത്തരക്കാരന്റെ നിത്യജീവിതത്തിന്റെ യന്ത്രയടയാളമായ ഇടത്തരം ബൈക്കിലായിരുന്നു കെ.എം.ബി. അരികിലേക്ക് ചേര്‍ന്ന് ചേര്‍ന്ന് നിന്നിട്ടും കൊലയാളിയിലേക്ക് രൂപമാറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന അയാള്‍, ആ കാറോടിച്ച് വന്ന നിലതെറ്റിയ ആള്‍, ഇടിച്ച് വലിച്ചിഴച്ച് മതില്‍ ചേര്‍ത്തരച്ച് കൊന്നു കളഞ്ഞു ഒരു മനുഷ്യനെ.

നിങ്ങള്‍ ഇടിച്ച വാഹനത്തെ നോക്കിയോ? അക്രമാസക്തവും നിലതെറ്റിയതുമായ മനോനിലയില്‍ മാത്രമേ ഒരു മനുഷ്യന് ആ വാഹനം അത്രക്ക് ഭീകരമായി അത്തരത്തില്‍ ഇടിച്ചുകയറ്റാന്‍ കഴിയൂ. നിയന്ത്രണം വിട്ടുപോയ വാഹനങ്ങള്‍ അപകടമുണ്ടാക്കിയ ചിത്രങ്ങളും കാഴ്ചകളും നമുക്ക് അത്ര അപരിചിതമല്ല. മൂന്നിടത്ത് ക്രൈം സ്‌പോട്ടുകളുണ്ട് ബഷീര്‍ മരിച്ചയിടത്ത്. ഇടിച്ചിട്ടും ഇടിച്ചിട്ടും മതിയാവാതെ കുതിച്ചിട്ടുണ്ട് ആ കാര്‍. കുത്തിനിര്‍ത്തിയ നിലയായിരുന്നു ബഷീറിന്റെ കൊച്ചുവാഹനം. ബോണറ്റില്‍ കോര്‍ത്തെടുത്തു ബഷീറിനെ. പൊലീസ് സര്‍വസജ്ജമായ ഇടമാണത്. വിളിപ്പാടകലെ കേരളത്തിലെ ഏറ്റവും പ്രബലവും വലുതുമായ പൊലീസ് സ്‌റ്റേഷന്‍. എന്താണ് പക്ഷേ, സംഭവിച്ചത്?

കാറില്‍ ഉണ്ടായിരുന്നത് അതിപ്രശസ്തനായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും അയാളുടെ കൂട്ടുകാരി വഫ ഫിറോസ് എന്ന യുവതിയുമായിരുന്നു. സമയം അര്‍ധരാത്രിയായിരുന്നു. ഇരുവരുടെയും സ്വകാര്യയാത്രയായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ശ്രീറാം ആയിരുന്നു എന്നും ലഹരിയില്‍ ആയിരുന്നു എന്നും സാക്ഷിമൊഴി. മുന്‍വൈരാഗ്യത്തോടെ കൊല്ലാനല്ല എങ്കില്‍ ലഹരിയിലല്ലാതെ ഒരാള്‍ക്കും ഇത്ര ക്രൂരമായി വാഹനമിടിപ്പിക്കാന്‍ കഴിയില്ല എന്ന് വിദഗ്ധര്‍.
കാറില്‍ നിന്നിറങ്ങിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പൊടുന്നനെ നമ്മള്‍ പറഞ്ഞത് സംഭവിച്ചു. അധികാരത്തിന്റെ വര്‍ഗബോധം ഭയാനകമായി പ്രവര്‍ത്തനസജ്ജമായി. നിങ്ങള്‍ കരുതുന്നുവോ, അത് ശ്രീറാം എന്ന യുവ ഉദ്യോഗസ്ഥനോടുള്ള സ്‌നേഹത്താല്‍ പ്രചോദിതമായി സംഭവിച്ചതാണെന്ന്? നിങ്ങള്‍ കരുതുന്നുണ്ടോ ഒരു യുവ ഓഫീസറുടെ ഭാവിയെക്കരുതി അയാളോടുള്ള സഹതാപത്താല്‍ ജ്വലിതമായി സംഭവിച്ചതാണ് ആ വര്‍ഗബോധമെന്ന്? അല്ല, അങ്ങനെ അല്ല. ശ്രീറാം അധികാരികള്‍ക്ക് അത്ര പ്രിയപ്പെട്ടവനല്ല. പ്രത്യേകിച്ച് ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള പൊലീസിന്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അത്ര പ്രിയങ്കരനല്ല അയാള്‍. ശ്രീറാമിന്റെ എടുത്തുചാട്ടങ്ങളും പ്രശസ്തിമോഹവും സെലിബ്രിറ്റി പദവിയുമൊക്കെ അവരെ അലോസരരാക്കിയതിന് ഇടനാഴി ഗോസിപ്പുകള്‍ സാക്ഷിയാണ്. പകരമെന്താണ് ആ വര്‍ഗബോധത്തിലേക്ക്, വര്‍ഗ രൂപീകരണത്തിലേക്ക് നയിച്ചത്? അതിന്റെ ഉത്തരം നമ്മെ നടുക്കണം. നമ്മുടെ ഇനിയുള്ള ജീവിതത്തെ ഓര്‍ത്ത് ഭയപ്പെടുത്തണം. കാരണം അത് ഭീഷണമായ ഒന്നാണ്.
ബ്യൂറോക്രാറ്റിക് അധികാരം അതിന്റെ അടിത്തറയില്‍ തന്നെ ഒരു ജനവിരുദ്ധതയെ ഉള്ളില്‍ വഹിക്കുന്നുണ്ട്. അത് ജനപ്രിയമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് ഒരിക്കലും ജനങ്ങളുടെ അവകാശനിര്‍വഹണം ആയല്ല മറിച്ച് അധികാരത്തിന്റെ ഔദാര്യമായാണ്. തങ്ങള്‍ ജനങ്ങളാല്‍, വെറും ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുന്നത് അവര്‍ സഹിക്കില്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം തങ്ങളില്‍ പെട്ടവരെ സംരക്ഷിക്കാന്‍ അവര്‍ ഒരു സിസ്റ്റത്തെ സൃഷ്ടിക്കും. കൊടും അഴിമതി നടത്തിയ മനുഷ്യര്‍ വന്‍ബ്യൂറോക്രാറ്റുകളായി തുടരുന്നതിന്റെ കാരണം ഇതാണ്. ആ സിസ്റ്റത്തിലേക്ക് അവര്‍ ജനങ്ങളുടെ നോട്ടത്തെ എത്തിക്കില്ല. ശ്രീറാം രക്ഷപെട്ടത് ആ വഴിയിലാണ്.
രണ്ട് സിസ്റ്റങ്ങളാണ് അയാളെ രക്ഷിച്ചത്. അയാള്‍ വൈദ്യവും പഠിച്ചിരുന്നു. ഡോക്ടര്‍മാരുടെ വര്‍ഗസ്‌നേഹം പറയേണ്ടതില്ല. ഒരു വാഹനാപകടം നടന്നാല്‍ ചെയ്യേണ്ട പ്രാഥമികമായ എല്ലാം പൊലീസ് അട്ടിമറിച്ചത് ഈ രണ്ട് സിസ്റ്റങ്ങളുടെയും ചെലവിലാണ്. അട്ടിമറിച്ചവരും കൂട്ടുനിന്നവരും ഇപ്പോഴും ആഘോഷത്തിലാണ്. നോക്കൂ, തൊട്ടുപിന്നാലെ കൂട്ടുപ്രതിയായ ആ സ്ത്രീ, വഫ ചാനലില്‍ വന്ന് നിര്‍ലജ്ജം കള്ളങ്ങള്‍ പറഞ്ഞു. നിങ്ങള്‍ക്കറിയാമോ, ബഷീറിനൊപ്പം നില്‍ക്കുമായിരുന്ന കേരളത്തെ പലതരത്തില്‍ പിളര്‍ത്തി ബഷീറിനെയും അവന്റെ കുറച്ച് ചങ്ങാതിമാരെയും ഒറ്റക്കാക്കി കളഞ്ഞതില്‍ ആ അഭിമുഖത്തിന് വലിയ പങ്കുണ്ട്. മരിച്ചത് ബഷീര്‍ മാത്രം.
പ്രിയപ്പെട്ട അനുജാ,

അധികാരം നല്കിയ ശമിക്കാത്ത ലഹരിയിലായിരുന്നു അയാള്‍. മദ്യത്താലും ശമിക്കാതെയാണ് ആ രാത്രി അവന്‍ കുതിച്ചത്, നിന്നെ ഇല്ലാതാക്കിയത്. അയാളെ തൂക്കിലേറ്റാനോ അയാളുടെ ജീവിതത്തെ റദ്ദാക്കാനോ ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, നിന്റെ മരണത്തോട് തലകുനിക്കാനുള്ള ഒരു മനസ്സ്, അതുപോലും അവനുണ്ടായില്ല. പുഴുക്കളാണല്ലോ നമ്മള്‍.

പക്ഷേ, കാലം വലിയ സിസ്റ്റമാണ് ബഷീര്‍. അധികാരത്തെക്കാള്‍ ബലവത്തായ വ്യവസ്ഥയാണ് കാലം. കാലത്തിന് ലോബിയിംഗില്ല. അധികാരത്തിന്റെ ആ വൃത്തികെട്ട തേറ്റകള്‍ പറിച്ചുകളയുന്ന കാലം വരാതിരിക്കുമോ? ശരികള്‍ക്ക് ശരിയാവാതിരിക്കാന്‍ കഴിയില്ലല്ലോ?

കെ കെ ജോഷി

You must be logged in to post a comment Login