ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ശ്രീറാമിന്റെ നീതി, ബഷീറിന്റെ നീതി

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരു മണി നേരത്ത് തലസ്ഥാനത്തെ ഏറ്റവും പ്രധാന രാജവീഥികളിലൊന്നില്‍ മ്യൂസിയത്തിനു സമീപം ഒരു മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ദുരന്തത്തിനിരയായത് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ തലവനായ കെ.എം.ബഷീര്‍. ബഷീറിനെ ഇടിച്ചു കൊന്നത് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. ഈ സംഭവം നടന്നത് മ്യൂസിയം പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്ററിനകത്ത്.
ജോലി സംബന്ധമായി കൊല്ലത്തുപോയി തലസ്ഥാനത്ത് തിരിച്ചെത്തിയ ബഷീര്‍ താമസസ്ഥലത്തേക്കു ബൈക്കില്‍ പോകവേ ഫോണില്‍ സംസാരിക്കാനായി വാഹനം റോഡരികില്‍ ഒതുക്കിനിര്‍ത്തി. അപ്പോള്‍ സമയം അര്‍ധരാത്രി കഴിഞ്ഞ് 12.55. സല്‍ക്കാരപാര്‍ട്ടിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സ്വയം ഓടിച്ചുവന്ന കാര്‍ ബഷീറിന്റെ മേല്‍ പാഞ്ഞുകയറി. ബഷീര്‍ തല്‍ക്ഷണം മരിച്ചു. ശ്രീറാം വെങ്കിട്ടരാമന് നിസ്സാരമായ പരിക്കു മാത്രം. അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്ന സുഹൃത്തും ആ വാഹനത്തിന്റെ ഉടമയുമായ വഫ ഫിറോസ് എന്ന യുവതിക്ക് പരിക്കൊന്നുമുണ്ടായില്ല.

കൃത്യം പത്തുനിമിഷത്തിനകം മ്യൂസിയം പൊലീസ് രംഗത്തെത്തുന്നു, മേല്‍ നടപടികള്‍ സ്വീകരിക്കുന്നു. ആദ്യനടപടികളിലൊന്ന് കാറിനകത്തുണ്ടായിരുന്ന യുവതിയെ ഒരു ടാക്‌സി പിടിച്ച് സുരക്ഷിതയായി വീട്ടിലേക്കു പറഞ്ഞുവിടുക എന്നതായിരുന്നു. ശ്രീറാമിനെതിരെ ആദ്യം തട്ടിക്കയറിയ പൊലീസ് താന്‍ ഡോക്ടറാണ് എന്നു ശ്രീറാം പറഞ്ഞതോടെ തികഞ്ഞ ഭവ്യതയിലായി. വൈകാതെ ഈ കാര്‍യാത്രികന്‍ ഐ.എ.എസുകാരനാണെന്നും പൊലീസിന് മനസ്സിലായി.
അപകടമുണ്ടാക്കിയത് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് എന്നറിഞ്ഞ നിമിഷം തൊട്ട് പൊലീസിന്റെ സ്വാഭാവിക നീതിബോധത്തിലും മാറ്റം വന്നു. അപകടം നടന്ന് പത്തുമിനിട്ടിനകം സ്ഥലത്തെത്തിയിരുന്ന പൊലീസ് പക്ഷേ പ്രഥമവിവര റിപ്പോര്‍ട്ടില്‍ അക്കാര്യം മറച്ചുവെച്ചു. രാവിലെ 7.17 ന് ബഷീറിന്റെ സുഹൃത്തായ സൈഫുദ്ദീന്‍ ഹാജി ഒരു പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചപ്പോഴാണ് ഈ അപകടത്തെക്കുറിച്ചറിഞ്ഞത് എന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമയെ രാത്രിയില്‍ പൊലീസ് തന്നെയാണ് ടാക്‌സിയില്‍ കയറ്റി പറഞ്ഞുവിട്ടത്. എന്നിട്ടും വാഹന ഉടമ ആര് എന്ന കോളത്തില്‍ എഫ്.ഐ.ആറിലെ ഉത്തരം ‘അജ്ഞാതം’എന്നായിരുന്നു. അപകടം നടക്കുന്നത് കണ്ടയുടനെ എത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍, കാറിനകത്തുണ്ടായിരുന്ന വഫ ഫിറോസ്, ശ്രീറാമിനെ ആദ്യം പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍- ഇവരൊക്കെ ഒരേ പോലെ നല്‍കിയ ഒരു മൊഴി- ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചിരുന്നു എന്നത്, പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് സംശയമുണ്ടായാലുടന്‍ സംസ്ഥാനത്തെ ഏത് പ്രദേശത്തെ പൊലീസും ചെയ്യേണ്ട പ്രധാന നടപടിയായ രക്തപരിശോധന നടത്താന്‍ ഇവിടുത്തെ പൊലീസ് ശ്രമിച്ചില്ല. അതിന് പറഞ്ഞ ന്യായം ശ്രീറാം വെങ്കിട്ടരാമന്‍ എന്ന പ്രതി അതിന് സമ്മതം നല്‍കിയില്ല എന്നാണ്. ഇങ്ങനെ സമ്മതം വാങ്ങിയും നോക്കിയുമാണോ പിടിക്കപ്പെടുന്നവരുടെ രക്തപരിശോധന പൊലീസ് നടത്താറുള്ളത് എന്ന് ചോദിക്കരുത്. ശ്രീറാമിന്റെ ദേഹത്തുനിന്നും മദ്യത്തിന്റെ അംശം മുഴുവന്‍ ഇല്ലാതാവാന്‍ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രിപ്പ് നല്‍കി എന്നാണ് കേള്‍ക്കുന്നത്. എങ്ങനെയായാലും മദ്യത്തിന്റെ അംശം മുഴുവന്‍ നീങ്ങിപ്പോകാന്‍ മതിയായ സമയം കഴിഞ്ഞശേഷം മാത്രം, അപകടം നടന്ന് ഒന്‍പത് മണിക്കൂറിനു ശേഷമാണ് രക്തസാമ്പിള്‍ എടുക്കുന്നതും പരിശോധനയ്ക്ക് അയക്കുന്നതും. അതും പ്രതി തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രിയില്‍ സുഖവാസത്തിന് അനുവദിച്ച ശേഷം.

സ്വാഭാവികമായും രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന ശാസ്ത്രീയത്തെളിവ് പൊലീസിന് കിട്ടുന്നു. (നൂറു നൂറു സാക്ഷിമൊഴികളെക്കാളും വിലപ്പെട്ടത് ഒരേയൊരു ശാസ്ത്രീയ തെളിവാണ് എന്ന് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കവേ ഹൈക്കോടതി പിന്നീട് പറഞ്ഞത് ഓര്‍ക്കുക). നിയമം പാലിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഒരു മനുഷ്യനെ സര്‍വനിയമവും ലംഘിച്ച്- അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍- വാഹനമോടിക്കുകയും ഇടിച്ചു കൊല്ലുകയും ചെയ്ത സംഭവത്തില്‍ സര്‍വതലത്തിലും ഉയര്‍ന്ന രോഷം തണുപ്പിക്കാന്‍ 304 അ എന്ന വകുപ്പു ചാര്‍ത്തി ശ്രീറാമിനെതിരെ കേസെടുക്കുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ. പ്രതിഷേധം കനത്തപ്പോള്‍ മനപൂര്‍വമായ നരഹത്യയുടെ വകുപ്പ് ചേര്‍ത്തതായി പൊലീസ് അറിയിക്കുന്നു. പക്ഷേ ഏത് കഠിന വകുപ്പിട്ട് കേസെടുത്താലും ഒരു പരിക്കുമില്ലാതെ ഊരിപ്പോരാവുന്ന തെളിവുകള്‍ അപ്പോഴേക്കും സൃഷ്ടിച്ചുകഴിഞ്ഞിരുന്നു പൊലീസ്. വസ്തുതാപരമായി വൈരുധ്യങ്ങളുള്ള പ്രഥമവിവര റിപ്പോര്‍ട്ട്, കുറ്റകൃത്യത്തെ നിര്‍വീര്യമാക്കുന്ന ശാസ്ത്രീയ തെളിവ്, കാര്യമായ പരിക്കൊന്നുമില്ലാത്ത പ്രതിയെ അവശനിലയില്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍… ഇതെല്ലാം ഒരുക്കിയതിനു ശേഷം കണ്ണില്‍ പൊടിയിടാന്‍ ചില കടുത്ത വകുപ്പുകള്‍ ചാര്‍ജ് ചെയ്യല്‍. ബ്യൂറോക്രസിയുടെ ഉന്നതശ്രേണിയില്‍ മെനഞ്ഞ തിരക്കഥ തലസ്ഥാനത്തെ പൊലീസ് ഗംഭീരമായി സംവിധാനം ചെയ്തു. ഫലമോ, ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നിന്ന് ജാമ്യം. കാറോടിക്കുമ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നില്ല, മദ്യപിച്ചതിന് തെളിവില്ല, രക്തത്തില്‍ മദ്യത്തിന്റെ കണിക പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല..!! ഇപ്പോള്‍ ഏറ്റവുമൊടുവിലായി, പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍, ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിച്ചത് ബഷീറിന്റെ സ്ഥാപനത്തിന്റെ മാനേജറും പരാതിക്കാരനുമായ സൈഫുദ്ദീന്‍ ഹാജി കാരണമാണെന്ന വിചിത്രവാദം ഉന്നയിച്ചിരിക്കുന്നു. വാദി പ്രതിയായി മാറുന്നത് പഞ്ചതന്ത്രം കഥകളില്‍ മാത്രമല്ല എന്ന് നമുക്ക് ഇന്നും ധൈര്യമായി പറയാം.

മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും, ആഭ്യന്തരവകുപ്പിന്റെ അധിപനായ മുഖ്യമന്ത്രിയും സര്‍ക്കാറും തളളിപ്പറഞ്ഞിട്ടും ഉന്നതശ്രേണിയിലുള്ള ഒരു പ്രമാണിക്ക് വേണ്ടി നിയമവും നീതിയും അട്ടിമറിക്കപ്പെട്ടത് ബ്യൂറോക്രസിയുടെ ഭീമാകാരസാന്നിധ്യത്തിന്റെ ഏറ്റവും ചെറിയ തെളിവു മാത്രമാണ്. എന്നാല്‍ നമ്മുടേതു പോലുള്ള ഒരു ഉദ്ബുദ്ധ സമൂഹത്തിന്റെ ചില ബോധതലങ്ങളിലും ഒരുതരം ഉന്നതശ്രേണീലാളനമനോഭാവവും പ്രമാണിമാരുടെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്ന വൈകാരികയുക്തികളും നിറഞ്ഞ മനോനില പടര്‍ന്നുനില്‍ക്കുന്നു എന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. രാജഭരണകാലത്തെ മൃഗയാവിനോദങ്ങളെ ഉദാരതയോടെ അനുവദിക്കുന്ന കീഴാള അപകര്‍ഷതാബോധത്തിന്റെ പരലുകള്‍ അലിയാതെ കിടക്കുന്നുണ്ട് ഈ ആധുനിക സമൂഹത്തിലും എന്ന് നമ്മള്‍ക്ക് തിരിച്ചറിയാം. വീരാരാധനയുടെ വക്രീകരിക്കപ്പെട്ട നീതിബോധം, രാജ്യത്തിന്റെ ലിഖിതനീതിശാസ്ത്രത്തെ ഫ്യൂഡല്‍ നീതിബോധത്താല്‍ തളളിക്കളയുന്ന മാനസികാവസ്ഥ എന്നിവ നവോത്ഥാനകേരളത്തിലും അരങ്ങു ഭരിക്കുന്നതിന്റെ ഉദാഹരണമായി ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി ഉയരുന്ന അനുകമ്പാപ്രചാരണങ്ങളെ കാണാം. ശ്രീറാം വെങ്കിട്ടരാമനെ ഒരിക്കല്‍പോലും അറിയാത്തവര്‍ പോലും അദ്ദേഹത്തെ ന്യായീകരിക്കാന്‍ മുന്നോട്ടുവരുന്നു. മരിച്ചത് ബഷീറിന്റെ വിധിയും കൊന്നത് ശ്രീറാമിന്റെ ക്ഷമിക്കാവുന്ന കൈപ്പിഴയുമായി വാദിക്കുന്നു.

ആര്‍ക്കാണ് നീതി ലഭിക്കേണ്ടത് എന്നു പോലും നമ്മള്‍ മറന്നുപോകുന്നു. നീതിബോധത്തിന്റെ ശീര്‍ഷാസനമാണോ സമൂഹം ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട ബഷീറിനാണോ നീതി ലഭിക്കേണ്ടത്, അതോ ഇപ്പോഴും സസുഖം ജീവിച്ചിരിക്കുന്ന ശ്രീറാം വെങ്കിട്ടരാമനോ…? ഇരുഭാഗവും എടുത്തുനോക്കൂ. ഒരു ഭാഗത്ത് ബഷീര്‍, അദ്ദേഹത്തിന് യൗവനത്തിലേ നഷ്ടമായ ജീവിതം, അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍, ബഷീറിന്റെ അനാഥയാകുന്ന ഭാര്യ, ആറു വയസ്സുള്ള ഒരു മകള്‍, ആറുമാസം മാത്രം പ്രായമായ മറ്റൊരു പെണ്‍കുഞ്ഞ്, മകനെ നഷ്ടപ്പെട്ട വൃദ്ധയായ ഉമ്മ… അപരിഹാര്യമായ ഒരുപാട് നഷ്ടങ്ങള്‍, സങ്കടങ്ങള്‍. മറുഭാഗത്തോ, ലഹരിയുടെ ഉന്മാദത്തില്‍ ആറാടിയ പ്രമാണിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. അയാളുടെ ജീവിതത്തിലെ എല്ലാ ഭാവിസാധ്യതകളും അവിടെത്തന്നെയുണ്ട്. പ്രമാണിത്തമുണ്ട്, പദവിയുണ്ട്, പണമുണ്ട്, ഇനിയും കുടിച്ചുതീര്‍ക്കാവുന്ന ജീവിതമുണ്ട്. സമൂഹത്തിന്റെ നീതി ബോധം ആര്‍ക്കു വേണ്ടിയാണ് അനുകമ്പ ചുരത്തേണ്ടത്. പക്ഷേ ചിലര്‍ പറയുകയാണ്, ശ്രീറാം സമര്‍ഥനാണ്, അയാളുടെ ഭാവി പോയ്‌പ്പോകും, ജയിലില്‍ പോയാല്‍ ജോലി പോയ്‌പ്പോകും… അതെ മറ്റൊരുത്തന്റെ ജീവന്‍ പോയ്‌പ്പോയത് പോട്ടെ, ജീവനെടുത്തയാളിന്റെ ജോലി സംരക്ഷിക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധമാണ്. കൈയബദ്ധമാണ്, ക്ഷമിക്കാവുന്നതേയുള്ളൂ! അതെ, ഒരാളെ കള്ളു കുടിച്ച് കാറിടിച്ചു കൊന്നിട്ട് അത് ക്ഷമിക്കാവുന്നതേയുള്ളൂ. ഇന്ത്യന്‍ പീനല്‍ കോഡില്‍ പറയുന്ന ശിക്ഷയില്‍ നിന്നൊക്കെ ശ്രീറാമിനെ ഒഴിവാക്കണം, കാരണം അയാള്‍ വലിയൊരാളാണ്, വലിയൊരുദ്യോഗസ്ഥപ്രമാണിയാണ്. അയാളെ മനഃപൂര്‍വം ദ്രോഹിക്കുകയാണ് മാധ്യമങ്ങള്‍..!!

ശ്രീറാം വെങ്കിട്ടരാമന്‍ വൈദ്യശപഥമെടുത്ത ഒരു ഡോക്ടറാണ്. ആ ഡോക്ടര്‍ക്ക് അറിയാത്തതല്ല മദ്യപിച്ച് വാഹനമോടിച്ചാല്‍ ശരീരവും ബോധവും വഴങ്ങുകയില്ല എന്ന്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനായി തെളിവുകള്‍ മായ്ച്ചുകളയാന്‍ ഒത്തുകളിച്ച ഡോക്ടര്‍മാരുടെ ധാര്‍മികത ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. അവര്‍ ചെയ്തത് വലിയൊരു കുറ്റകൃത്യമല്ലേ? പോസ്റ്റ്‌മോര്‍ട്ടം ശരിയായി നിര്‍വഹിക്കാത്ത സര്‍ജനെതിരെ കേസെടുത്ത ചരിത്രം സമീപകാല കേരളത്തില്‍ തന്നെയുണ്ട്. ശ്രീറാമിന്റെ ശരീരത്തില്‍ മദ്യമില്ലെന്ന് വരുത്താന്‍ നടത്തിയ വൈദ്യശാസ്ത്രസഹായങ്ങള്‍ കുറ്റം മറച്ചുവെക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവും ഹിപ്പോക്രാറ്റിക് ശപഥത്തിന്റെ ലംഘനവുമല്ലേ?

ഇനി ശ്രീറാം വെങ്കിട്ടരാമന് പറ്റിയത് അറിയാതെ പറ്റിപ്പോയ അബദ്ധമാണോ എന്ന് ചിന്തിച്ചുനോക്കാം. തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ കാറുമായി എത്തിയ വനിതാസുഹൃത്ത് അല്‍പനേരം ഓടിച്ച കാര്‍ നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച് സ്റ്റിയറിങ് സീറ്റില്‍ മാറിയിരുന്ന ശ്രീറാം എന്ന ഡോക്ടര്‍ക്ക് തന്റെ ഉള്ളിലെ ലഹരി ഡ്രൈവിംഗിന് അപകടമാകും എന്ന് അറിയാത്തതാണോ? അത്യമിത വേഗതയിലുള്ള ഓട്ടം കരുതിക്കൂട്ടിത്തന്നെയായിരുന്നു. വനിതാസുഹൃത്തിനെ തന്നെ കാറോടിക്കാന്‍ ശ്രീറാം അനുവദിച്ചിരുന്നെങ്കില്‍ ഈ സംഭവം തന്നെ നടക്കില്ലായിരുന്നു എന്ന ഒറ്റ കാര്യം മതി ഇത് ഒരു ഇന്റണ്‍ഷണല്‍ മൂവ് ആയിരുന്നു എന്ന് ചിന്തിക്കാന്‍. കൊല്ലണമെന്ന ഇന്റണ്‍ഷന്‍ അല്ല, പക്ഷേ താന്‍ ചെയ്യുന്നത് നിയമവിരുദ്ധമായതാണ്, നിയമത്തിന്റെ മുന്നില്‍ കുറ്റകൃത്യമാണ് എന്ന് വ്യക്തമായ ധാരണയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍. അതു തന്നെയാണ് ഈ കേസില്‍ ഈ ഐ.എ.എസ്.ഓഫീസറെ ശരിയായ കുറ്റവാളിയാക്കുന്നതും.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസുകാരനെ, അതിനും മുമ്പ് ശ്രീറാം വെങ്കിട്ടരാമനെന്ന ഡോക്ടറെ ഉണ്ടാക്കിയതിനു പിന്നില്‍ ഈ മരിച്ച ബഷീര്‍ ഉള്‍പ്പെടെ പൊതുഖജനാവിന് കൊടുത്ത നികുതിപ്പണവും ഉണ്ടെന്നുറപ്പാണ്. പക്ഷേ ശ്രീറാം പ്രമാണിയും ഉന്നതസ്വാധീനമുള്ളവനും ബഷീര്‍ അതില്ലാത്തവനും ആണ്. ഇതല്ലാതെ മറ്റെന്താണ് വ്യത്യാസം. ദേവികുളത്തെ അനധികൃത കുരിശു പറിക്കുന്നതിന് നിയുക്തനാകുന്ന ഉദ്യോഗസ്ഥന്‍ സൗജന്യസേവനമല്ല ചെയ്യുന്നത്, ഉയര്‍ന്ന പദവി ആസ്വദിച്ചുകൊണ്ടും ഉയര്‍ന്ന ശമ്പളം വാങ്ങിക്കൊണ്ടുമാണ്. തന്റെ ജോലി ചെയ്യാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അയാള്‍ അല്ലെങ്കില്‍ ഇതേ കസേരയില്‍ മറ്റൊരാള്‍ വരും.
നിങ്ങള്‍ ഒരു പ്രമാണിയാണ്, അതിനാല്‍ ചില മൃഗയാവിനോദമൊക്കെ ആവാം. നിങ്ങളുടെ പദവി വെച്ച് അതങ്ങ് ക്ഷമിച്ചേക്കാവുന്നതേയുളളൂ. നിങ്ങളുടെ ഭാവി കളയരുത്. എന്നാല്‍ നിങ്ങളുടെ മൃഗയാവിനോദത്തില്‍ ജീവന്‍ നഷ്ടമായി മറവിയുടെ മണ്‍പുതപ്പിനടിയില്‍ കിടക്കുന്നയാളുടെ നെഞ്ചത്ത് കയറിയിരുന്നാണ് ഈ പറച്ചില്‍ എന്ന് ഓര്‍ക്കണം. ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യയിലെ നീതിന്യായവും തുല്യനീതിക്കും വിവേചനമില്ലായ്മയ്ക്കും വേണ്ടി നിലകൊള്ളുന്നവയാണ്. കുറ്റവാളിയോട് ക്ഷമിക്കാനും അതില്‍ ഇടമുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അത് കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പ് അല്ല. രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയോട് ക്ഷമിക്കാന്‍ രാജീവിന്റെ ഭാര്യ സോണിയ തയാറായ സാഹചര്യം ഓര്‍ക്കുക. പ്രതി ആരായാലും, എത്ര ഉന്നതനായാലും, അയാള്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ മുഖം നോക്കാതെ നല്‍കുക എന്നതാണ് ഉന്നത നീതിപീഠം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ സത്ത മറ്റെന്താണ്?
പ്രമാണിയെങ്കില്‍ നീതി പ്രമാണിക്കുവേണ്ടി എന്നത് കേരളത്തില്‍ സമീപകാലത്തായി അപകടകരമാം വിധം സമഷ്ടിബോധത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ഇത് ജന്മിത്തകാല നീതിയിലേക്കുള്ള തിരിഞ്ഞുനടത്തമാണ്. മൂന്നു നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍ ഇതുണ്ടായിരുന്നു. ഒരു കുറ്റം പല സമുദായങ്ങളിലുള്ളവര്‍ ചെയ്താല്‍ പലതരം ശിക്ഷയായിരുന്നു അന്ന്. ബ്രാഹ്മണന്‍ ഒരു കൊലപാതകം ചെയ്താല്‍ ശിക്ഷയില്ല, ക്ഷത്രിയന്‍ ചെയ്താല്‍ പിഴ, വൈശ്യര്‍ ചെയ്താല്‍ പിഴയും അടിയും തടവും, ശൂദ്രനെങ്കില്‍ വധശിക്ഷ തന്നെ… ഇങ്ങനെ. പല അസ്ഥികൂടങ്ങളും ഉണര്‍ന്നു വരുന്നതിന്റെ കാലമാണിത്. മണ്ണാര്‍ക്കാട്ട് തല്ലിക്കൊല്ലപ്പെട്ട ആദിവാസി മധുവിനെ മറക്കാന്‍ നമുക്ക് എളുപ്പമാണ്. മധു നിസ്വനാണ്, അഗണ്യകോടിയില്‍ ഒരുവനാണ്. തല്ലിക്കൊന്നത് സമൂഹത്തിലെ ഉത്തമര്‍ണന്‍മാരാണ്. അവര്‍ക്ക് മധുവിനെ തല്ലാം, ചട്ടം പഠിപ്പിക്കാം, കൊല്ലാം.. ഇവന്മാരെയൊക്കെ തല്ലിക്കൊന്നു പോകും- ഇങ്ങനെ പോകും സമൂഹമനസ്സിന്റെ വ്യാഖ്യാനം. പൊതുമനസ്സ് മിക്കപ്പോഴും വരേണ്യാനുകൂലമായിട്ടാണ് നില്‍ക്കുക. ഇതേ ബോധത്തിന്റെ ആവര്‍ത്തനമാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉന്നത ബ്യൂറോക്രാറ്റിനു നേരെയുള്ള സഹതാപ നിര്‍മിതിയിലും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ഇത് വളരെ ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തി, വളര്‍ത്തിക്കൊണ്ടുവരുന്ന സഹതാപ നിര്‍മിതിയാണ്. കേരളത്തിനു പുറത്തുനിന്ന് ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ധാരാളം പോസ്റ്ററുകളും കുറിപ്പുകളും ഇംഗ്ലീഷില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട് എന്നത് ഇതിനു തെളിവാണ്. മലയാളിയുടെ പൊതുബോധം പതുക്കെ ഇതില്‍ വഴുതിവീണുപോകുകയും കെ.എം.ബഷീറിന്റെ യാത്രയാണ് യഥാര്‍ഥത്തില്‍ പ്രശ്‌നമുണ്ടാക്കിയത് എന്ന യുക്തിയില്‍പോലും എത്തിച്ചേരുകയും ചെയ്യും. ഇതിനെ മറികടന്നേ മതിയാവൂ.

സി നാരായണന്‍

You must be logged in to post a comment Login