ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല

മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനെ സി.ബി.ഐ, ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതും, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ മരണവുമായിരുന്നു ഇന്ത്യന്‍ ടി.വി ചാനലുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്. നരേന്ദ്ര മോഡി ഗവണ്‍മെന്റ് ധൈര്യശാലികളാണെന്നും മുഖംനോക്കാതെ നടപടിയെടുക്കുന്നുവെന്നും വരുത്തിത്തീര്‍ക്കുന്ന വിധം ചിദംബരത്തിന്റെ അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടു. ചിദംബരത്തെ എന്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത് എന്ന് വിശകലനം ചെയ്യുന്നതിലുപരിയായി, മോഡിയെ പുകഴ്ത്തുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. സമാധാനപരമായി നടത്താമായിരുന്ന അറസ്റ്റിനെ മതില്‍ ചാടിക്കടന്ന അതിസാഹസികതയാക്കി മാധ്യമങ്ങള്‍ക്ക് വേണ്ടി കാഴ്ചവെച്ചതില്‍ കൃത്യമായ അജണ്ടയുണ്ട്. ചിദംബരത്തിന്റെ ചരിത്രവും ഒട്ടും തന്നെ സുഖകരമല്ല. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടില്‍ തുടങ്ങി തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി നിരപരാധര്‍ക്കു നേരെ ഈ മുന്‍ആഭ്യന്തര മന്ത്രി നടത്തിയ നരവേട്ടയുടെ കാവ്യനീതിയാണ് ചിദംബരത്തെ തേടിയെത്തിയതെന്ന അഭിപ്രായ പ്രകടനങ്ങളും മാധ്യമങ്ങളിലുണ്ടായിരുന്നു. ഐ.എന്‍.എക്‌സ് മീഡിയക്കുവേണ്ടി അനധികൃത വിദേശനിക്ഷേപത്തിന് സഹായമൊരുക്കിയെന്നതാണ് ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെയുള്ള കേസ്. എന്നാല്‍ ചര്‍ച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഗത്ഭ്യത്തില്‍ ചുറ്റിപ്പറ്റി നില്‍ക്കുകയാണ് ചെയ്തത്.

ഫാഷിസ്റ്റുപ്രസ്ഥാനങ്ങളുടെ ഭാഗമായി നിലകൊണ്ടവര്‍ മരിച്ചുകഴിഞ്ഞാല്‍ അവരുടെ ചരിത്രത്തെ സമൂഹനന്മയ്ക്കായി തിരുത്തിയെഴുതേണ്ട ബാധ്യതയൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്കില്ല. ജെയ്റ്റ്‌ലി വിലയിരുത്തപ്പെടേണ്ടത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അത്തരത്തില്‍ എഴുതാന്‍ ‘ദ കാരവനെ’ പോലുള്ള ചുരുക്കം മാധ്യമങ്ങളേയുള്ളൂ. ജെയ്റ്റ്‌ലിയുടെ വിദ്യാര്‍ഥികാലഘട്ടം മുതലുള്ള മുന്നേറ്റത്തെക്കുറിച്ച് പ്രവീണ്‍ ദോണ്ഡി, കാരവനില്‍ ദീര്‍ഘലേഖനം എഴുതിയിട്ടുണ്ട്. പക്ഷേ മറുവശത്ത് ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ നവിക കുമാര്‍, ബര്‍ഖ ദത്ത് എന്നിവര്‍ ജെയ്റ്റ്‌ലിയെ ഗുരുതുല്യനായാണ് വിശേഷിപ്പിച്ചത്. ടൈംസ് നൗ ചാനല്‍ മാനേജിംഗ് എഡിറ്റര്‍ നവിക കുമാര്‍ ജെയ്റ്റ്‌ലിയെ കുറിച്ച് പറഞ്ഞത് ‘ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ ആരെയാണ് വിളിക്കുക എന്നാണ്’. ഒരു മുഖ്യധാരാ മാധ്യമസ്ഥാപനത്തിന്റെ പത്രാധിപര്‍ക്കു രാഷ്ട്രീയക്കാരുമായി ഇത്രയധികം വൈകാരികമായ അടുപ്പം വായനക്കാരില്‍ വലിയ സംശയം ജനിപ്പിക്കും. നവിക കുമാര്‍ ഒരു മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ തന്റെ ഇടത്തിന്റെ വില കുറച്ചുകാണുകയാണ് ഇതിലൂടെ ചെയ്യുന്നത്. ബര്‍ഖ ദത്ത് വളരെ അടുപ്പമുള്ള സുഹൃത്തായാണ് ജെയ്റ്റ്‌ലിയെ വിശേഷിപ്പിച്ചത്. കശ്മീര്‍ മുതല്‍ രുചി വൈവിധ്യങ്ങളെ കുറിച്ചുവരെ സംസാരിക്കാറുണ്ടായിരുന്നു എന്നാണു ബര്‍ഖ പറഞ്ഞത്. ബര്‍ഖയെ ടി.വി വാര്‍ത്തകള്‍ക്ക് ഉപരിയായി ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രേരിപ്പിച്ചത് ജെയ്റ്റ്‌ലിയാണത്രെ. തീര്‍ച്ചയായും ബര്‍ഖക്കും നവികക്കും ജെയ്റ്റ്‌ലിയെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. എന്നാല്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പാലിക്കേണ്ട അകലം എത്രമാത്രം ലോപിച്ചിരിക്കുന്നു എന്നാണിത് വ്യക്തമാക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ – രാഷ്ട്രീയക്കാരാണെങ്കിലും, കുത്തക മുതലാളിമാരാണെങ്കിലും- വാര്‍ത്തകളെ നിശബ്ദമാക്കും. ജെയ്റ്റ്‌ലിയോട് മാധ്യമങ്ങള്‍ ചോദിക്കേണ്ടിയിരുന്ന നിരവധി ചോദ്യങ്ങളുണ്ട്. ധനമന്ത്രി ആയിരുന്നപ്പോള്‍ എടുത്ത നയങ്ങളെക്കുറിച്ച്, ഇന്ത്യക്ക് നല്‍കിയ സംഭാവനകളെക്കുറിച്ച്, വിജയ് മല്യ മുതല്‍ ചന്ദ്ര കൊച്ചാര്‍ വരെയുള്ളവര്‍ക്ക് നല്‍കിയ സഹായങ്ങളെക്കുറിച്ച്. എന്നാല്‍ ജെയ്റ്റ്‌ലി ‘മഹത്തായ സംഭാവനകള്‍’ നല്‍കി എന്നാവര്‍ത്തിക്കുന്ന ദേശീയമാധ്യമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നില്ല. സ്വന്തമായൊരു ചരിത്രമുണ്ടാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സംഘപരിവാര്‍. പട്ടേല്‍ മുതല്‍ സുഭാഷ് ചന്ദ്രബോസിനെ വരെ തങ്ങളുടേതാക്കാനുള്ള മൗഢ്യങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. അതോടൊപ്പം വിടപറഞ്ഞു പോകുന്ന ബി.ജെ.പി നേതാക്കളെ ചരിത്രപുരുഷന്മാരായി മാറ്റണമെന്ന ദൗത്യമാണ് ഏതാനും മാധ്യമങ്ങളെ ഏല്‍പിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ഷെഹല റാഷിദിനെ ദേശവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയെന്ന പേരില്‍ അറസ്റ്റുചെയ്ത സംഭവത്തില്‍, വായനക്കാര്‍ക്ക് ഷെഹല റാഷിദ് അറസ്റ്റ് ചെയ്യപ്പെടണോ വേണ്ടയോ എന്ന ചോദ്യം റീഡേര്‍സ് പോള്‍ ആയി നല്‍കിയവരാണ് നെറ്റ്‌വര്‍ക്ക് 18. അറസ്റ്റില്‍ ഗവണ്മെന്റിന്റെ അസഹിഷ്ണുതയെ ചോദ്യം ചെയ്യുന്നതിലുപരിയായി, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവരെ പോലെ അധഃപതിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തുടര്‍ന്ന് ഷെഹലയോട് സംസാരിക്കാനെത്തിയ മാധ്യമങ്ങള്‍ അവര്‍ക്കുനേരെ ചോദ്യങ്ങളുന്നയിച്ച് ആക്രമാസ്‌കതരാവുകയായിരുന്നു. തന്നെ ശാരീരികമായി അക്രമിക്കുന്നതിനു തുല്യമാണിതെന്ന് പറയുമ്പോഴും, മാധ്യമങ്ങള്‍ അവരുടെ മേല്‍ അധികാരം സ്ഥാപിക്കും വിധമാണ് ചോദ്യങ്ങള്‍ ചോദിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഒരു കശ്മീരി യുവതിയെ എളുപ്പം ചോദ്യംചെയ്യാം, പക്ഷേ അതേ മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കളിലേക്കെത്തുമ്പോള്‍ ചോദ്യം ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നതിനെപ്പറ്റിയും വിശ്രമിക്കുന്നതിനെപ്പറ്റിയുമൊക്കെയായി ചുരുങ്ങും. ജെയ്റ്റ്‌ലിയുടെ കാര്യത്തിലും ഇതേ മാധ്യമ ‘തന്ത്രമാണ്’ നടന്നിരിക്കുന്നത്. അതുകൂടാതെ, ജെയ്റ്റ്‌ലിക്ക് മാധ്യമങ്ങളിലുള്ള സ്വാധീനം കൂടിയാണിത് വെളിപ്പെടുത്തുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവിതത്തെ മനസ്സിലാക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒരിക്കലുമൊരു നല്ല സ്രോതസ്സാവില്ല. ഏതൊരു സവര്‍ണ സൗത്ത് ഡല്‍ഹിക്കാരനെക്കാളുമപ്പുറമൊന്നും ജെയ്റ്റ്‌ലിയും ഉണ്ടായിരുന്നില്ല. ആഡംബരജീവിതത്തോടുള്ള ഭ്രമവും, വിലപിടിപ്പുള്ള വാച്ചുകളുടെയും പേനകളുടെയും ശേഖരങ്ങളുമാണ് ജെയ്റ്റ്‌ലിയുടെ താല്പര്യങ്ങളിലൊന്നായി പ്രവീണ്‍ ദോണ്ഡി, കാരവന്‍ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ജെയ്റ്റ്‌ലിയുടെ പ്രധാന വിവാദ പരാമര്‍ശമായിരുന്നു ഡല്‍ഹി റേപ്പ് കേസിനെ ‘അപ്രസക്തമായ സംഭവം’ എന്നു വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ദാരിദ്ര്യവും കര്‍ഷക പ്രതിസന്ധിയുമൊന്നും ജെയ്റ്റ്‌ലിക്ക് വിഷയമല്ലായിരുന്നു, അല്ലെങ്കില്‍ ജെയ്റ്റ്‌ലിയുടെ താല്പര്യങ്ങളായിരുന്നില്ല. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നോട്ടുനിരോധനം ഉണ്ടായി എന്നല്ലാതെ ജെയ്റ്റ്‌ലിയുടേതായി ഒരു സംഭാവനയും ഇന്ത്യയിലില്ല. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം ആയി അറിയപ്പെടാന്‍ പോകുന്നു. മാധ്യമങ്ങള്‍ ഒന്നുകൂടി ഓര്‍ക്കുമെങ്കില്‍ നന്ന്, ഫാഷിസ്റ്റുകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ നിലവിളിക്കേണ്ടതില്ല.

പ്രക്ഷോഭങ്ങളും സമരങ്ങളും ജനാധിപത്യത്തിന്റെ ലക്ഷണമാണ്; അതിലുള്ള പ്രത്യാശയാണ്. പ്രതികരിക്കാന്‍ കഴിയാത്ത ജനം ഒരിക്കലും ജനാധിപത്യ സംവിധാനത്തിലുള്ളവരല്ല. പോരാട്ടം നടക്കുന്നത് കശ്മീരിലാണെങ്കിലും ഡല്‍ഹിയിലാണെകിലും അതിന്റെ കാരണങ്ങളും നടത്തുന്നവരുടെ ആവശ്യങ്ങളും കേള്‍ക്കുകയെന്ന ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അത്തരത്തില്‍ ഡല്‍ഹിയില്‍ നടന്ന ദളിത് പ്രക്ഷോഭത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെയാണു റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ആഗസ്ത് 21 നു പതിനഞ്ചാം നൂറ്റാണ്ടിലെ ഋഷി കവിയും ദളിതരുടെ പുനരുദ്ധാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത രവിദാസിന്റെ ക്ഷേത്രം ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ നിന്നും പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ് നല്‍കി. ക്ഷേത്രം പൊളിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ദളിതര്‍ നടത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ വകവെച്ചില്ല. അണ്ണാ ഹസാരെ നടത്തിയ സമരങ്ങള്‍ മുന്‍വശത്തെ പേജുകളില്‍ കൊടുത്ത മുഖ്യധാരാമാധ്യമങ്ങള്‍ ദളിതരുടെ മാര്‍ച്ചിന് നല്‍കിയത് ഉള്‍പേജുകളിലെ രണ്ടുകോളങ്ങള്‍ മാത്രം. മാധ്യമങ്ങളാണ് അജണ്ടകള്‍ നിര്‍മിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. വിശ്വാസം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഇന്ത്യന്‍സാഹചര്യത്തില്‍ ദളിതരുടെ ചിഹ്നങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കുന്നത് എന്തുകൊണ്ടാണ് അധികാരികള്‍ക്ക് പ്രശ്‌നമാകാത്തത്? ദളിത് ജീവിതങ്ങള്‍ ബ്രാഹ്മണ താല്പര്യങ്ങളല്ല എന്നതുതന്നെയാണ് ഉത്തരം. ഇന്ത്യയിലെ ദളിതരെ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ഹിന്ദുഐക്യം എന്ന പേരില്‍ ചേര്‍ത്തുനിര്‍ത്തുന്നതിലെ കാപട്യമാണ് ഇവിടെ അഴിഞ്ഞുവീഴുന്നത്. ദളിതന്റെ സ്വത്വരാഷ്ട്രീയത്തെ തീവ്രവലതുപക്ഷം നന്നായി ഭയക്കുന്നുണ്ട്. ആദിവാസി സംസ്‌കാരങ്ങളില്‍ പോലും ഹിന്ദുത്വയെ കുത്തിനിറയ്ക്കുന്ന അജണ്ടകള്‍ ആ സ്വത്വത്തെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്.

ഇന്ത്യയില്‍ ഭൂരിപക്ഷ രാഷ്ട്രീയത്തിന് വളമിട്ടുകൊടുക്കാന്‍ ബാബരി മസ്ജിദ് പതനവും രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനവും മുന്‍പന്തിയിലുണ്ട്. ഇന്നും ഇന്ത്യയിലെ സാധാരണക്കാരെക്കൊണ്ട് ആഹാരത്തെക്കാളുപരിയായി രാമക്ഷേത്രം വേണമെന്ന് പറയിപ്പിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ദളിതന്റെ ആരാധനാലയങ്ങള്‍ ഇല്ലാതാക്കപ്പെടുന്നതിനെ നിശബ്ദമായി അംഗീകരിക്കുന്നു. അവയൊരിക്കലും ചാനലുകളില്‍ ചര്‍ച്ചാവിഷയമാകുന്നില്ല. മാധ്യമങ്ങള്‍ സമരത്തെ തീര്‍ത്തും ബഹിഷ്‌കരിച്ചു എന്ന ആരോപണങ്ങള്‍ സമരക്കാരില്‍ നിന്നുമുണ്ടായി. ദളിത് ലോക്‌സഭാ പ്രതിനിധികളും വിഷയത്തില്‍ പ്രതികരിക്കുന്നില്ലായെന്നത് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിക്കുന്നു. വര്‍ഗീയരാഷ്ട്രീയത്തെ തിരിച്ചറിയാന്‍ റാം മന്ദിറും രവിദാസ് മന്ദിറും തമ്മിലുള്ള ദൂരം അളന്നാല്‍ മതിയാകും; അവയ്ക്കുമേല്‍ മാധ്യമങ്ങള്‍ നടത്തുന്ന ഇരട്ടത്താപ്പും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അംബേദ്കറെ തെറ്റായി ഉദ്ധരിച്ച സംഭവം പോലും ദളിതും തീവ്രവലതുപക്ഷവും ഇരു ധ്രുവങ്ങളിലാണെന്ന് തെളിയിക്കുന്നതാണ്. ബല്‍രാജ് മഥോക് എന്ന സംഘപരിവാറുകാരന്‍ എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് വെങ്കയ്യനായിഡു അംബേദ്കര്‍ ആര്‍ട്ടിക്ക്ള്‍ 370 (കശ്മീരിന്റെ പ്രത്യേക പദവി) എതിര്‍ത്തിരുന്നു എന്ന അവകാശവാദവുമായി വരുന്നത്. ദ് വയര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എങ്ങനെയാണ് ഭരണഘടനയുടെ ശില്പിയെ തന്നെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നതെന്ന് വിശകലനം ചെയ്യുന്നുണ്ട്.

ആമസോണ്‍ കത്തിത്തീരുകയാണ്
ആമസോണ്‍ മഴക്കാടുകള്‍ അഗ്നിക്കിരയായത് ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയാണ്. പ്രാദേശികമായും ലോകവ്യാപകമായും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ആമസോണ്‍ കാടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജി.7 ഉച്ചകോടിയില്‍ അന്താരാഷ്ട്ര പ്രശ്‌നമായി ചര്‍ച്ചചെയ്യുകയാണ് ലോക രാജ്യങ്ങള്‍. ആമസോണ്‍ മഴക്കാടുകളിലെ തീ അണയ്ക്കുക എളുപ്പമല്ല. മനുഷ്യന്റെ അനിയന്ത്രിതമായ വിഭവചൂഷണം തന്നെയാണ് മഴക്കാടുകളെ ഇല്ലാതാക്കിയത്. അതിനെ ചെറുത്തുനിന്ന ബ്രസീലിലെ ഗോത്രവിഭാഗങ്ങളെ എളുപ്പം അരികുവത്കരിക്കുകയും കുത്തകകള്‍ക്ക് നിയമസഹായം നല്‍കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോല്‍സോണാരോ ആമസോണ്‍ ബ്രസീലിന്റെ മാത്രം പ്രശ്‌നമാണെന്ന രീതിയിലാണ് പ്രതികരിച്ചത്. ആമസോണ്‍ ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്ന് വിവിധ പരിസ്ഥിതി സംഘടനകളും ഗോത്രവിഭാഗങ്ങളും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. 74000 കാട്ടുതീ സംഭവങ്ങളാണ് ദ വോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഒരുവര്‍ഷത്തിനിടെ ആമസോണില്‍ ഉണ്ടായത്. തണ്ണീര്‍ത്തട പ്രദേശങ്ങളാല്‍ സമ്പന്നമായ മഴക്കാടുകളില്‍ സ്വമേധയാ തീ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് തന്നെ മനുഷ്യനിര്‍മിതമാണ് തീയുടെ ഉറവിടങ്ങളെല്ലാം. നിയമവിരുദ്ധമായി കാടുകളില്‍ നടക്കുന്ന തടി ശേഖരമാണ് വലിയ രീതിയില്‍ കാട്ടു തീ സൃഷ്ടിച്ചത്. ആമസോണ്‍ വനാന്തരങ്ങളെ ചൂഷണം ചെയ്യുന്ന മാഫിയകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിരവധിപേര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ആമസോണിനെ ചുറ്റിനില്‍ക്കുന്ന അന്താരാഷ്ട്ര കണ്ണികള്‍ അത് സൃഷ്ടിക്കാന്‍ പോകുന്ന പ്രകൃതിദുരന്തത്തെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ ബ്രസീലില്‍ ഇന്നും ആറോളം സംസ്ഥാനങ്ങളിലേക്ക് തീ വ്യാപിക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും പരിസ്ഥിതി ചൂഷണം അവസാനിപ്പിക്കാനുമുള്ള ബാധ്യത ബ്രസീലിയന്‍ ഭരണകൂടത്തിനുണ്ട്. ഗോത്രവര്‍ഗങ്ങളില്‍ നിന്ന് പിടിച്ചുപറിച്ച ഭൂമി കുത്തകള്‍ക്ക് നല്‍കുമ്പോഴുണ്ടാകുന്ന അസമത്വത്തിനു ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയും. ആമസോണ്‍ വിഷയത്തില്‍ ജാഗരൂഗരാകേണ്ടതിന്റെ പ്രധാന കാരണം, ഇനിയുള്ള വീഴ്ചകള്‍ തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്തവിധം ഈ പ്രകൃതിസമ്പത്ത് ഇല്ലാതാക്കും എന്നതുതന്നെയാണ്. ബാക്കി നില്‍ക്കുന്നതിനെ തിരിച്ചു കൊണ്ടുവരിക എന്നതാവണം പ്രധാന ലക്ഷ്യം. മഴക്കാടുകളുടെ നാശം കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധമാക്കുമെന്ന് ലോകരാജ്യങ്ങള്‍ മനസ്സിലാക്കണം. ആമസോണ്‍ വനാന്തരങ്ങള്‍ ഭൂമിയുടെ നിലനില്പിനായി തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ ഉണ്ടാകണം. കാടു കത്തിയപ്പോള്‍ ലോകമെമ്പാടും കേട്ട നിലവിളി നാം കുറെ മുമ്പേ കേള്‍ക്കേണ്ടിയിരുന്നു. ബ്രസീലിലെ ഗോത്രവിഭാഗങ്ങള്‍ നടത്തിയ ചെറുത്തുനില്പിന്റെയും സഹനത്തിന്റെയും മുറവിളികളായിരുന്നു ഇന്നത്തെ ആമസോണിനെ കുറിച്ചുള്ള പഴക്കം ചെന്ന മുന്നറിയിപ്പ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login