ആത്മായനം 9 : മുഴുക്കുടിയനും സേവകനും

മുരീദ്

‘അല്‍ ഗഫൂര്‍’ എന്ന വിശേഷണം യജമാനന്റെ കാരുണ്യത്തെപ്പറ്റിയാണ് ഓര്‍മപ്പെടുത്തുന്നത്. തന്നില്‍ പങ്കുചേര്‍ക്കലല്ലാത്ത എല്ലാ തെറ്റും പൊറുക്കുമെന്ന വാഗ്ദാനം അടിമക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

    ഇച്ഛകളുടെ സങ്കീര്‍ണമായ ലോകത്ത് നിന്ന് സ്വാസ്ഥ്യത്തിന്റെ വിഹായസിലേക്ക് യാനം ചെയ്യുന്ന സാധകന് പ്രതീക്ഷയുടെ വെളിച്ചമാണ് എപ്പോഴും വഴി കാട്ടുന്നത്. മാഞ്ഞുപോവുകയോ അസ്തമിച്ച് പോവുകയോ ചെയ്യുന്ന നൈമിഷിക പ്രതീക്ഷകളില്‍ സാധകന്റെ കണ്ണുകള്‍ ഉടക്കിനില്‍ക്കില്ല. മറിച്ച് പ്രതീക്ഷകളുടെ സ്രോതസ്സിലേക്കാണ് അവന്റെ യാത്ര. സര്‍വ സങ്കീര്‍ണതകളിലും പ്രതീക്ഷയുടെ ചിരാത് മനസ്സില്‍ കെട്ടുപോവാതെ സംരക്ഷിച്ച് നിര്‍ത്തുകയെന്നതാണ് സാധകന് കരണീയമായിട്ടുള്ളത്. ഗുരുവിന്റെ വാക്കുകള്‍ കഠിന പ്രയത്നം ആവശ്യപ്പെടുന്ന സാധകന്റെ ശീലങ്ങളെ പരിചയപ്പെടുത്തുകയാണ്.

   ഭയവും പ്രതീക്ഷയും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. പക്ഷങ്ങള്‍ വിടര്‍ത്തി സമാന വിതാനത്തില്‍ ആവുമ്പോള്‍ പക്ഷി ആകാശത്ത് സ്വച്ഛന്ദമായി പറന്നുപോവുന്നു. പക്ഷത്തില്‍ ഒന്നിന് വല്ല തകരാറും വരുമ്പോള്‍ അതിന്റെ ഗതിയില്‍ മാറ്റം വരികയും സഞ്ചാരത്തിന് വിഘ്നം സംഭവിക്കുകയും ചെയ്യുന്നു. രണ്ടു ചിറകുകളും നഷ്ടപ്പെടുമ്പോള്‍ നിമിഷാര്‍ധം കൊണ്ട് പറവ ഭൂമിയില്‍ ആപതിച്ചു പോവുന്നു. സാധകന്റെ ആത്മീയാന്വേഷണത്തിന്റെ ഭയവും പ്രതീക്ഷയും പക്ഷിയുടെ ഇരുചിറകുകള്‍ പോലെ പ്രധാനമെന്നാണ് ജ്ഞാനിയായ അബൂ അലി അറ്ള് ബാരിയുടെ അഭിപ്രായം. ഇവ രണ്ടും ഒരെ വിതാനത്തില്‍ സാധകനില്‍ കാണുന്നില്ലെങ്കില്‍ മടിയും നിരാശയും കീഴടക്കിക്കളയാന്‍ സാധ്യതയുണ്ടെന്നാണ് അബൂ ഉസ്മാന്‍ അല്‍ മഗ്രിബിയുടെ ഉപദേശം.

   പ്രതീക്ഷയുടെ സ്രോതസില്‍ മാത്രമാവണം സാധകന്റെ ജീവിതം നങ്കൂരമിടേണ്ടത്. എങ്കില്‍ മാര്‍ഗഭ്രംശം വന്നുപോവുന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. ഒരുവനില്‍ പ്രതീക്ഷയുടെ തിരിനാളം ഉണ്ടെങ്കില്‍ കാരുണ്യവാരിധിയായ ദൈവത്തിന്റെ അനുഗ്രഹം കാണുമ്പോള്‍ അവന്റെ ഹൃത്തടം ആനന്ദത്താല്‍ ത്രസിച്ചു കൊണ്ടിരിക്കുമെന്നാണ് ജ്ഞാനിയായ അബൂ അബ്ദില്ലാഹി ബ്നു കഫീഫിന്റെ അഭിപ്രായം. ദൈവത്തിന്റെ അപാരമായ അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരം സാധകനില്‍ പ്രതീക്ഷയുടെ വിളക്ക് തെളിക്കും.

   വിശുദ്ധ ഖുര്‍ആനിലെ 15-ാം അധ്യായത്തിലെ 49-ാം സൂക്തം ഇങ്ങനെ വായിക്കാം : എന്റെ അടിമകളോട് പറഞ്ഞുകൊള്ളുക. ഞാന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണെന്ന്.’ ഈ സൂക്തം അവതരിക്കാനിടയായ ഒരു സംഭവം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ഒരിക്കല്‍ വിശ്വഗുരു മുഹമ്മദ് നബി (സ) തന്റെ ശിഷ്യരിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ എന്തോ കാര്യം പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നുവത്രെ. ഇതുകണ്ട പ്രവാചകന്‍ അവരോടു പരഞ്ഞു: ‘നിങ്ങള്‍ പൊട്ടിച്ചിരിക്കുകയാണോ? ഞാന്‍ അറിഞ്ഞത്രയും നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ ഏറെ വിലപിക്കുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു.’ ഇതു പറഞ്ഞുകൊണ്ട് പ്രവാചകന്‍ കടുന്നപോയി. പക്ഷെ കുറച്ച് അകലെ എത്തിയ പ്രവാചകന്‍ തിരിച്ചുവന്നുകൊണ്ട് ശിഷ്യരോട് പറഞ്ഞുവത്രെ. ഇപ്പോള്‍ എനിക്ക് ജിബ്രീലിന്റെ സാന്നിധ്യമുണ്ടായി. തുടര്‍ന്ന് പ്രവാചകന്‍ മേല്‍ സൂചിപ്പിച്ച അധ്യായത്തിലെ 49-ാം വചനം അവര്‍ക്ക് ഓതിക്കൊടുക്കുകയും ചെയ്തു. ദൈവത്തിന്റെ കാരുണ്യത്തിന് അതിരുകളില്ല. അതിരുകളില്ലാത്ത കാരുണ്യം അവന്റെ സൃഷ്ടിജാലങ്ങളിലേക്ക് സദാ വര്‍ഷിച്ച് കൊണ്ടിരിക്കുന്നു. ഈ സ്മരണ ഏതൊരു ദാസനിലും പ്രതീക്ഷകളുടെ വാതായനങ്ങള്‍ തുറക്കുവാന്‍ ഉതകുന്നതത്രെ.

    അല്ലാഹുവിന്റെ മഹോന്നത നാമങ്ങളുടെ (അല്‍ അസ്മാഉല്‍ ഹുസ്ന) പൊരുളുകള്‍ ചര്‍ച്ച ചെയ്യവെ ജ്ഞാനിയായ ഒരു ഗുരു പറഞ്ഞു: പ്രതീക്ഷയുടെ അതിരുകളില്ലാത്ത ചക്രവാളത്തെയാണ് അല്ലാഹുവിന്റെ വിശേഷണ നാമമായ അല്‍ ഗഫൂര്‍ സൂചിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ആ വിശേഷണ നാമം അടിമയെ തെറ്റുകളിലേക്ക് വഴുതി വീണുപോവുന്ന പ്രകൃതത്തിലാണ് സൃഷ്ടിച്ചതെന്ന് സൂചിപ്പിക്കുന്നു. സൃഷ്ടിച്ചവന്‍ തന്നെ വേണം സൃഷ്ടിയുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തുതരേണ്ടതും. ആകയാല്‍ അവന്‍ അതിരുകളോ സീമകളോ ഇല്ലാതെ തന്റെ അടിമകള്‍ക്ക് പൊറുത്തു കൊടുക്കുന്നു. ഒരു തെറ്റും ഞാന്‍ പൊറുക്കില്ലെന്നാണ് അല്ലാഹുവിന്റെ കല്‍പനയെങ്കില്‍ വിശ്വാസികള്‍ തെറ്റുകളിലേക്ക് ഒരിക്കലും തെന്നിവീഴാതെ ശ്രദ്ധിച്ചെന്നിരിക്കും. കാരണം അല്ലാഹുവിനോട് ഒന്നിനെയും പങ്കുചേര്‍ക്കരുതെന്നും അത് ഒരിക്കലും പൊറുക്കില്ലെന്നുമുള്ള കല്‍പന വിശ്വാസികള്‍ പരിപൂര്‍ണമായും പാലിക്കുന്നുണ്ടല്ലോ. എന്നാല്‍ മറ്റു തെറ്റുകള്‍ അവന്‍ പൊറുക്കുക തന്നെ ചെയ്യുമെന്നതാണ് അല്‍-ഗഫൂര്‍ എന്ന ദിവ്യനാമത്തിന്റെ പൊരുള്‍. ഇത് അടിമയില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു.

      ഒരിടത്ത് മദ്യപാനിയായ ഒരു യജമാനനും അദ്ദേഹത്തിന്റെ ഒരു അടിമയും താമസിച്ചിരുന്നു. ഒരു ദിവസം വീട്ടിലേക്ക് മദ്യസത്കാരത്തിനായി യജമാനന്‍ തന്റെ എല്ലാ സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തി. എല്ലാവരും എത്തിക്കഴിഞ്ഞപ്പോള്‍ അല്‍പം പഴവര്‍ഗങ്ങള്‍ വാങ്ങിക്കൊണ്ടുവരാനായി അടിമയെ 4 ദിര്‍ഹം കൊടുത്ത് അദ്ദേഹം അങ്ങാടിയിലേക്ക് അയച്ചു. വഴിമധ്യേ മന്‍സൂര്‍ ബിന്‍ അമ്മാര്‍ എന്ന ജ്ഞാനി ഒരു സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നത് കണ്ട അടിമ അങ്ങോട്ടു ചെന്നു. അവിടെ ഒരു സാധുവായ മനുഷ്യനെ സഹായിക്കുവാനായി പണം സമാഹരിക്കുകയായിരുന്നു മന്‍സൂര്‍ ബിന്‍ അമ്മാര്‍. നാല് ദിര്‍ഹമുകള്‍ സംഭാവന നല്‍കി ഈ സാധുവിനെ സഹായിക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് വേണ്ടി ഞാന് നാല് പ്രാര്‍ത്ഥനകള്‍ നടത്താം. മന്‍സൂര്‍ ബിന്‍ അമ്മാര്‍ ജനങ്ങളോട് പറയുന്നതു കേട്ട അടിമ തന്റെ കൈയിലുള്ള നാല് ദിര്‍ഹമുകള്‍ മന്‍സൂറിനെ ഏല്‍പിച്ചു. മന്‍സൂര്‍ ചോദിച്ചു: ഞാന്‍ എന്താണ് നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്? എനിക്ക് എന്റെ യജമാനനില്‍ നിന്നും സ്വതന്ത്രനാവണം. അടിമ പ്രതിവചിച്ചു. മന്‍സൂര്‍ അതിനായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് രണ്ടാമത്തെ ആവശ്യം എന്താമെന്ന് ചോദിച്ചപ്പോള്‍ ദൈവത്തില്‍ നിന്നും നാല് ദിര്‍ഹമിന് തുല്യമായ പ്രതിഫലം കിട്ടണമെന്ന് ആഗ്രഹിക്കുന്നുവെന്ന പറഞ്ഞ അടിമക്കു വേണ്ടി മന്‍സൂര്‍ വീണ്ടും പ്രാര്‍ത്ഥിച്ചു. എന്റെ യജമാനന്റെ മനസ്സില്‍ ദൈവം പശ്ചാത്താപത്തിനുള്ള തോന്നല്‍ ഉണ്ടാക്കട്ടെ എന്നതാണ് മൂന്നാമത്തെ ആഗ്രഹമെന്ന് അടിമ മന്‍സൂറിനോട് പറഞ്ഞു. അതിനു വേണ്ടിയും മന്‍സൂര്‍ പ്രാര്‍ത്ഥിച്ചു. നാലാമത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് അടിമ മറുപടി പറഞ്ഞത് ഇങ്ങിനെ ആയിരുന്നു. എനിക്കും എന്റെ യജമാനനും താങ്കള്‍ക്കും പിന്നെ ഞങ്ങളുടെ വീട്ടില്‍ വന്ന മദ്യപ•ാരായ എല്ലാ അതിഥികള്‍ക്കും ദൈവം പൊറുത്തുകൊടുക്കണമേ എന്നതാണാഗ്രഹം. മന്‍സൂര്‍ അടിമയുടെ നാലാമത്തെ ആഗ്രഹ സാഫല്യത്തിനു വേണ്ടിയും പ്രാര്‍ത്ഥന നടത്തി. അടിമ വീട്ടിലേക്ക് തിരിച്ചു. എന്താണ് ഇത്ര വൈകിയതെന്ന ചോദ്യത്തിന് അടിമ സത്യസന്ധമായി മറുപടി പറഞ്ഞു. തുടര്‍ന്ന് എന്തൊക്കെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനാണ് നീ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതെന്ന് യജമാനന്‍ ചോദിച്ചപ്പോള്‍ ഒന്നാമതായി താങ്കളില്‍ നിന്നും സ്വതന്ത്രനാവാനാണ് ആവശ്യപ്പെട്ടതെന്ന് അടിമ പറഞ്ഞു. ഞാന്‍ നിന്നെ ഇപ്പോള്‍ തന്നെ സ്വതന്ത്രനാക്കിയിരിക്കുന്നുവെന്നായിരുന്നു യജമാനന്റെ മറുപടി. രണ്ടാമതായി എന്റെ 4 ദിര്‍ഹമിന് തുല്യമായ പ്രതിഫലം ദൈവത്തില്‍ നിന്ന് ലഭിക്കണമേ എന്നതായിരുന്നു മന്‍സൂറിനോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് അടിമ പറഞ്ഞപ്പോള്‍ ആ യജമാനന്‍ 4000 ദിര്‍ഹം അടിമയുടെ കൈയില്‍ വെച്ചു കൊടുത്ത് എടുത്തുകൊള്ളാന്‍ പറഞ്ഞു. എന്റെ യജമാനന്റെ മനസ്സില്‍ പശ്ചാത്താപം ഇട്ടുകൊടുക്കണമേ എന്നതാണ് മൂന്നാമത്തെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചതെന്ന് അടിമ പറഞ്ഞപ്പോള്‍ യജമാനന്‍ ഉടനെ കൈകള്‍ ഉയര്‍ത്തി പശ്ചാത്താപത്തിനായി കേണുപറഞ്ഞു. നാലാമത്തെ ആവശ്യം എന്തായിരുന്നുവെന്നു യജമാനന്‍ ചോദിച്ചപ്പോള്‍ എനിക്കും താങ്കള്‍ക്കും താങ്കളുടെ മറ്റു സുഹൃത്തുക്കള്‍ക്കും മന്‍സൂരിനും ദൈവം പൊറുത്തുകൊടുക്കണമേ എന്നായിരുന്നുവെന്ന് അടിമ പറഞ്ഞു. ഇക്കാര്യത്തില്‍ നിന്റെ യജമാനനായ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന് പറഞ്ഞു. ആ യജമാനന്‍ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. അന്ന് രാത്രി യജമാനന്‍ ഒരു സ്വപ്നം കണ്ടു. നിനക്കും നിന്റെ സുഹൃത്തുക്കള്‍ക്കും മന്‍സൂറിനും മറ്റെല്ലാവര്‍ക്കും ഞാന്‍ പൊറുത്തു തന്നിരിക്കുന്നു. കാരണം നിന്റെ അധികാരത്തിലുള്ള കാര്യങ്ങള്‍ നീ പൂര്‍ണമായി നിറവേറ്റിയ
ിരിക്കുന്നു. എന്റെ അധികാരത്തിലുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തു തീര്‍ക്കുന്നില്ലെന്ന് നീ കരുതുന്നുവോ? ഞാന്‍ നിനക്ക് സര്‍വം പൊറുത്തു തന്നിരിക്കുന്നു. ഇതായിരുന്നു ആ സ്വപ്നത്തില്‍ യജമാനന്‍ കേട്ട ആശയം. (72) പ്രതീക്ഷയുടെ ചിരകിലേറി വിമലമാനസരായി ആത്മീയ യാനം ചെയ്ത സച്ചരിതരായ പൂര്‍വസൂരികള്‍ തെളിച്ച വഴിയേ യാത്ര ചെയ്യുകയാണ് കരണീയമായിട്ടുള്ളത്. സാധകന്‍ ശീലിക്കേണ്ട ഏറ്റവും സുപ്രദാനമായ ആത്മീയ ശിക്ഷണത്തെക്കുരിച്ചുള്ള സുദീര്‍ഘമായ ഒരു പ്രഭാഷണമായിരുന്നു ഗുരു നടത്തിയത്.

nisarhistory@gmail.com

കുറിപ്പുകള്‍
1. രിസാലത്തുല്‍ ഖുശൈരിയ്യ
2. അതേ പുസ്തകം
3. ഖുര്‍ആന്‍ 15:49
4.. രിസാലത്തുല്‍ ഖുശൈരിയ്യ
5. അതേ പുസ്തകം

You must be logged in to post a comment Login