ഇന്‍ഷുറന്‍സും തകാഫുലും

ഇന്‍ഷുറന്‍സും തകാഫുലും

കേരളത്തിന് പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രണ്ടാമതും വീണ്ടും പ്രകൃതി ദുരന്തങ്ങളുടെ വേദനയേറ്റു വാങ്ങേണ്ടിവന്നു. സാമ്പത്തികരംഗത്ത് ചെലവുകള്‍ പതിന്മടങ്ങ് വര്‍ധിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പതിവുപോലെ വന്‍ കുത്തൊഴുക്കുണ്ടായി. എന്നാലോ, ഇത്തരം പ്രശ്‌നങ്ങളെ നേരിടാനുള്ള ശാശ്വതപരിഹാരങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല.

പ്രളയം പോലെ വേരടക്കം പിഴുതെടുക്കുന്ന അപകടസാധ്യതകളെ നേരിടാന്‍ ഓരോ വ്യക്തിയുമെടുക്കുന്ന മുന്‍കരുതലാണല്ലോ ഇന്‍ഷുറന്‍സ്. എന്തുകൊണ്ട് ഇന്‍ഷുറന്‍സ് സംവിധാനത്തിന് കേരളത്തിന്റെ പ്രളയത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്‍ഷുറന്‍സ് കമ്പനികളുടെ അടിസ്ഥാന ലക്ഷ്യത്തിന് നേരെ വരുന്ന ഈ ചോദ്യത്തിന്റെ ഉത്തരം നമ്മെ ‘തകാഫുല്‍’ സംവിധാനത്തിലേക്ക് കൊണ്ടെത്തിക്കും.

നാം ബന്ധപ്പെടുന്ന സാമ്പത്തിക ഇടപാടുകളിലെല്ലാം നഷ്ടസാധ്യതയുണ്ട്. അത് പ്രകൃതി നിയമമാണ്. ലാഭം സുനിശ്ചിതമായ നിക്ഷേപങ്ങളില്‍ വരെ, ആത്യന്തികമായി നഷ്ട സാധ്യതയുണ്ട്. ഇത്തരം അപകട സാധ്യതകളെ(Risk) ലഘൂകരിക്കാന്‍, BC 215 മുതല്‍ മനുഷ്യന്റെ ഭാഗത്തുനിന്ന് പല ശ്രമങ്ങളും വന്നിരുന്നു. അത്തരം ശ്രമങ്ങളുടെ നിലനില്‍ക്കുന്ന ഉദാഹരണമാണ് ഇന്‍ഷുറന്‍സ്.

ഇന്‍ഷുറന്‍സിന്റെ സാധ്യതകള്‍
നമുക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ഉപഭോഗം കഴിഞ്ഞ് ബാക്കി വരുന്ന തുക നിക്ഷേപത്തിനും (Investment) ഈടുവയ്പിനും(Saving) വേണ്ടിയാണ് വിനിയോഗിക്കാറുള്ളത്. ഭാവിയിലുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കു വേണ്ടി ഒരു കരുതലെന്നോണമാണ് ഈടുവയ്പിനെ കണക്കാക്കുന്നത്. എന്നാല്‍, നിക്ഷേപങ്ങളിലൂടെ ലക്ഷ്യംവെക്കുന്നത് സമ്പത്തിലെ വര്‍ധനവാണ്. ലാഭ നഷ്ടങ്ങള്‍ക്കു സാധ്യതയുള്ള ഇടങ്ങളിലേക്കാണ് കൂടുതലായും നിക്ഷേപങ്ങള്‍ നടത്താറുള്ളതും.
എന്തിലും ലാഭം കണ്ടെത്തുന്ന മനുഷ്യന്‍ ഈടുവയ്പിനെയും ലാഭം കണ്ടെത്താനുള്ള ഉപാധിയാക്കി മാറ്റി. പലിശയുടെ പുതിയ വകഭേദങ്ങളിലൂടെ അതിന് പ്രാവര്‍ത്തികമായ രൂപമുണ്ടാവുകയും ചെയ്തു. സമ്പത്ത് സംരക്ഷിക്കുന്നതോടൊപ്പം ലാഭമുണ്ടാക്കാനും ജനങ്ങള്‍ താത്പര്യം കാണിക്കാന്‍ തുടങ്ങി. നിലവിലെ ഇന്‍ഷുറന്‍സിനെ ഈ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു വേണം അപഗ്രഥിക്കാന്‍.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വങ്ങളെ കൂട്ടമായി പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് ഇന്‍ഷുറന്‍സെന്ന് സര്‍ വില്യം ബെവറിഡ്ജ് പറഞ്ഞുവെക്കുന്നുണ്ട്. അതിന്റെ നിലവിലുള്ള പ്രയോഗികതയെ ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സിന് കണ്ടുവരുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം.

1. ഭാവിയില്‍ സംഭവിക്കാവുന്ന അനിശ്ചിതത്വങ്ങളെ വലിയ നഷ്ടങ്ങളില്ലാതെ പ്രതിരോധിക്കാന്‍ സാധിക്കും.
2. ആശ്രിതരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലൂടെ ബിസിനസ് സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
3. ഇന്‍ഷുറന്‍സ് കമ്പനികളുടെ വരവോടു കൂടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
4. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്ന വരിസംഖ്യ, വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ രാജ്യത്ത് സാമ്പത്തിക വികസനം സാധ്യമാകും.
5. രാജ്യാന്തര കച്ചവടത്തില്‍ നേരിട്ടേക്കാവുന്ന വിലയിലെ മൂല്യശോഷണങ്ങളെ ഇന്‍ഷുറന്‍സ് കൊണ്ട് പരിഹരിക്കാന്‍ സാധിക്കും.

ഇന്‍ഷുറന്‍സിലെ അപകടങ്ങള്‍
ഒരുപാട് ഗുണങ്ങളുള്ള ഇന്‍ഷുറന്‍സ് ഇന്ന് വിമര്‍ശനവിധേയമായതിനു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന ലക്ഷ്യമായ ‘അപകടസാധ്യതകളെ കൂട്ടമായി പ്രതിരോധിക്കുക’ എന്നതില്‍ നിന്നും മാറി, ലാഭം കണ്ടെത്താനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഒരാള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുന്നത് ഭാവിയില്‍ അദ്ദേഹത്തിനുണ്ടായേക്കാവുന്ന സന്ദേഹങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ്. തന്റെ വരിസംഖ്യയിലൂടെ(Premium) തനിക്ക് ലഭിക്കുന്ന ലാഭം മാത്രമാണ് അയാളുടെ ലക്ഷ്യമായി കടന്നുവരുന്നത്. മറ്റൊരാളെ സഹായിക്കാന്‍ സാധിക്കുമെന്ന മനോതലമൊന്നും ഇന്‍ഷുറന്‍സ് ദാതാക്കളില്‍ കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണല്ലോ, ഇന്‍ഷുറന്‍സിന്റെ പേരില്‍ മക്കള്‍ മാതാപിതാക്കളെ കൊല്ലുന്നതും കള്ളരേഖയുണ്ടാക്കിയതിന്റെ പേരില്‍ ആളുകള്‍ പിടിക്കപ്പെടുന്നതുമെല്ലാം ദിനേന വാര്‍ത്താമാധ്യമങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്‍ഷുറന്‍സില്‍ ഒരു മൂല്യമുള്ള ആസ്തിയുടെ അഭാവമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവര്‍ക്ക് ലഭിക്കുന്ന വരിസംഖ്യ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും, അതനുസരിച്ചുള്ള പണം എല്ലാവര്‍ക്കും ലഭിക്കുന്നില്ല. ഇന്‍ഷുറന്‍സ് ഇടപാടില്‍, ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ലഭിക്കുന്ന തുക അയാള്‍ നല്‍കിയ വരിസംഖ്യയിലൂടെ ലഭിച്ച ലാഭത്തിന്റെ അനുപാതത്തിലാകണമെന്നില്ല. കൂടുകയും കുറയുകയും ചെയ്യാം. ഈ ഏറ്റവ്യത്യാസം ഇടപാടില്‍ അനീതിയുണ്ടാക്കുന്നു. മറ്റൊരാളുടെ പണം തട്ടിയെടുക്കുന്നതിന് തുല്യമാണിത്. ഇടപാടുകാര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍ പോലും ഇത് നീതീകരിക്കപ്പെടുകയില്ല. തൃപ്തിയോടെ വ്യഭിചരിക്കുന്നതിന് സമാനമാണത്.

ഈയൊരു വീക്ഷണപ്രകാരം, ഒരു ആസ്തിയുടെയും പിന്‍ബലമില്ലാതെ നമുക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക എവിടെ നിന്നാണ് സ്വരൂപിക്കുന്നത്. ഇത്തരം ഇടപാടുകള്‍ റിയലിസത്തിന് എതിരാകുമെന്ന് രിസാല ലക്കം 1333ല്‍ സൂചിപ്പിച്ചിരുന്നു.

അന്യായമായി മറ്റൊരാളുടെ പണം അപഹരിക്കുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് നല്‍കുന്നുണ്ട്. ‘അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങള്‍ വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്'(ബഖറ/188). ‘അന്യായം’ എന്ന പദം കൊണ്ടുള്ള ഉദ്ദേശ്യം ഇബ്‌നുല്‍ ജൗസി(റ) അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായ സാദുല്‍ മസ്വീറില്‍ വിശദീകരിക്കുന്നുണ്ട്: ‘അന്യായം രണ്ടു വിധത്തിലുണ്ടാകാം. ഉടമസ്ഥന്റെ തൃപ്തിയില്ലാതെ അപഹരിക്കുന്നതാണ് ഒന്നാമത്തെ രൂപം. രണ്ടാമതായി ചൂതാട്ടം പോലെ പരസ്പര തൃപ്തിയോടെ കൈപ്പറ്റുന്നതാണ്'(191/4). നമുക്കര്‍ഹതപ്പെടാത്ത പണം സ്വന്തമാക്കുന്നതിനെയാണ് അന്യായം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇമാം ശഅ്‌റാവിയും പറയുന്നുണ്ട്. ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്ന കൂട്ടുബന്ധങ്ങളെ ഇമാം ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്(214/4). ഇന്ന് നിലവിലുള്ള ഇന്‍ഷുറന്‍സിനെ കുറിച്ച് ആദ്യമായി ഫത്വ ഇറക്കിയെന്ന് പറയപ്പെടുന്ന ഹനഫീ പണ്ഡിതനായ ഇബ്നു ആബിദീന്‍(റ) പറഞ്ഞത് അതില്‍ ‘അര്‍ഹതപ്പെടാത്തത് സ്വന്തമാക്കുക’ എന്ന സ്ഥിതിവിശേഷം ഉണ്ടെന്നാണ് (റദ്ദുല്‍ മുഖ്താര്‍ അലാ ദുറില്‍ മുഖ്താര്‍ 273/3). ഇത്തരത്തിലുള്ള അന്യായങ്ങള്‍ക്കെതിരെ ഇസ്ലാം സ്വീകരിച്ച പലിശനിരോധനം എന്ന ഫിലോസഫിക്കല്‍ സാമ്പത്തികനയം ഇന്‍ഷുറന്‍സ് പോലുള്ള ഇടങ്ങളില്‍ കൂടുതല്‍ പ്രസക്തിയര്‍ഹിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ നിക്ഷേപങ്ങള്‍ പലതും പലിശയുള്ള ബോണ്ടുകളിലേക്കും മറ്റുമാണ് വിനിയോഗിക്കുന്നതെന്നും ഇതിനോടൊപ്പം മനസിലാക്കേണ്ടതാണ്.

വഞ്ചനക്ക് സാധ്യതയുള്ള മുഴുവന്‍ ഇടപാടുകളും തിരുനബി നിരോധിക്കുകയുണ്ടായി. അവസാനം എന്താകുമെന്നറിയാത്ത ഇടപാടുകളാണ് ഇവിടെ വഞ്ചനയുള്ള ഇടപാടുകള്‍ കൊണ്ട് അര്‍ഥമാക്കുന്നതെന്ന് കര്‍മ്മശാസ്ത്രപണ്ഡിതര്‍ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അവസാനം അറിയാതിരിക്കല്‍ കൊണ്ട് മാത്രം വഞ്ചനയുണ്ടാകണമെന്നില്ല. മറിച്ച്, നഷ്ടസാധ്യതയുടെ അനുമാനം ആനുപാതികമായി കൂടുകയും വേണം. നമ്മള്‍ നിര്‍ബന്ധമായി അടയ്‌ക്കേണ്ടി വരുന്ന വാഹന ഇന്‍ഷുറന്‍സില്‍, ഇന്‍ഷുറന്‍സിലൂടെ നമുക്കുണ്ടാകുന്ന നഷ്ടത്തിന്റെ സാധ്യത എത്രയാണ്. ഒട്ടുമിക്ക വാഹനങ്ങളും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നു. നാം സംരക്ഷണമെന്നോണം കൊടുത്ത പണം നഷ്ടമാവുകയും ചെയ്യുന്നു. ഇതിലൂടെ ഇസ്‌ലാം മുന്നറിയിപ്പ് നല്‍കിയ വഞ്ചന ഇന്‍ഷുറന്‍സിലുണ്ടാകുന്നു.

ചൂതാട്ടം തെറ്റാണെന്നത് സര്‍വരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരു വ്യക്തിയുടെ മാനസികതലങ്ങളെപ്പോലും ചൂതാട്ടം നെഗറ്റീവായി ബാധിക്കുമെന്ന് പഠനങ്ങളുണ്ട്. റഷ്യന്‍ സാഹിത്യകാരനായ ദസ്തയെവ്‌സ്‌കിയുടെ ‘ഠവല ഏമായഹലൃ’ എന്ന നോവലില്‍ ചരിത്രപരമായി തന്നെ അത് ചിത്രീകരിക്കുന്നതും കാണാം. ഇന്‍ഷുറന്‍സ് ഒരുതരത്തില്‍ ചൂതാട്ടം തന്നെയാണ്. ഭാവിയില്‍ സംഭവിക്കാവുന്ന അനിശ്ചിതത്വത്തെ മുന്‍നിറുത്തി കൂടുതല്‍ പണം സമ്പാദിക്കാമെന്ന ലക്ഷ്യത്തോടെ ഇന്ന് കുറഞ്ഞ പണം നിക്ഷേപിക്കുന്ന രീതിയാണത്. ഇതുതന്നെയാണ് ചൂതാട്ടം കൊണ്ട് അര്‍ഥമാക്കുന്നതും. അപകടം പെട്ടെന്നുണ്ടാകുന്ന പക്ഷം ഇന്‍ഷുര്‍ എടുത്ത വ്യക്തിക്ക് ലാഭമുണ്ടാകുന്നു. കൊടുക്കാനുള്ള പണം ഇന്‍ഷുര്‍ നല്‍കിയ വ്യക്തിയില്‍ ഇല്ലാതെയും വരുന്നു. ഇനി, അപകടം സംഭവിക്കുന്നില്ലെങ്കില്‍ ഇന്‍ഷുര്‍ എടുത്തയാള്‍ക്ക് പണം നഷ്ടമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ വലിയ നഷ്ടങ്ങള്‍ക്കു സാധ്യതയുള്ളതുകൊണ്ടാണ് ഇസ്ലാം ചൂതാട്ടം നിരോധിച്ചത്. ചെകുത്താന്റെ പ്രവര്‍ത്തനങ്ങളോടാണ് ചൂതാട്ടത്തെ ഇസ്ലാം ഉപമിക്കുന്നത്. ‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് അന്ത്യവിജയം പ്രാപിക്കാവുന്നതാണ്'(5:90). ചൂതാട്ടത്തില്‍ ഉപകാരമുണ്ടെങ്കിലും ഉപദ്രവമാണ് കൂടുതലെന്ന് മറ്റൊരു അധ്യായത്തിലും കാണാം(2:219).

അപകടസാധ്യതകളെ മുന്‍കൂട്ടി കണക്കാക്കുന്നത് വഞ്ചനയാകുമെങ്കില്‍ കച്ചവടത്തില്‍ ലാഭ നഷ്ടങ്ങളുണ്ടാക്കുന്ന റിസ്‌കി(ഞശസെ)നോടുള്ള ഇസ്ലാമിന്റെ സമീപനമെന്താണ്? അപകടസാധ്യത ലാഭമുണ്ടാക്കുമെന്ന(Where there is risk, there is profit) പൊതുകച്ചവട സിദ്ധാന്തത്തോട് എങ്ങനെ പ്രതികരിക്കുന്നു? ഭാവിയില്‍ സംഭവിക്കാവുന്ന വലിയ നഷ്ട്ടങ്ങളെ ഇന്‍ഷുറന്‍സില്ലാതെ നമുക്കെങ്ങനെ പ്രതിരോധിക്കാനാകും? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തകാഫുല്‍ സംവിധാനം മുന്നോട്ടു വെക്കുന്നത്.

തകാഫുല്‍: ഒരു സമ്പൂര്‍ണ ബദല്‍
അനിശ്ചിതത്വങ്ങളെ കരുതിയിരിക്കാന്‍ ഇസ്ലാം ഉദ്‌ബോധിപ്പിക്കുന്നുണ്ട്. യൂസുഫ് നബിയുടെ കാലത്ത് വരാന്‍ പോകുന്ന വരള്‍ച്ചയെ നേരിടാന്‍ നാളുകള്‍ക്ക് മുമ്പേ തന്നെ ധാന്യശേഖരണം നയിയത് ഖുര്‍ആനിലുണ്ട്.

ആധുനിക സമ്പദ്‌വ്യവസ്ഥയിലെ ഇന്‍ഷുറന്‍സ് സംവിധാനം ലക്ഷ്യം മറന്ന്, ഒരു സാമ്പത്തിക ഉപാധിയായി ഉപയോഗിക്കപ്പെടുകയും, അതിലൂടെ ചൂഷണം വര്‍ധിക്കുകയും ചെയ്തപ്പോഴാണ്, തകാഫുല്‍ വ്യവസ്ഥാപിത സംവിധാനമായി മുന്നോട്ടുവരുന്നത്. അനിശ്ചിതത്വങ്ങളെ നേരിടാന്‍ സഹായിക്കുകയും പലിശ, ചൂതാട്ടം, വഞ്ചന തുടങ്ങിയ സാമൂഹികവിപത്തുകളെ മാറ്റി നിര്‍ത്തുകയും ചെയ്ത തകാഫുല്‍ ദ്രുതഗതിയില്‍ ആഗോളശ്രദ്ധ നേടുകയും ചെയ്തു.

ഇന്‍ഷുറന്‍സിന്റെ സൈദ്ധാന്തികമായ ലക്ഷ്യങ്ങളെ ശരിവെക്കുന്ന രൂപമാണ് തകാഫുലിലുള്ളത്. സാമ്പത്തികരംഗത്തുണ്ടാകുന്ന അപകട സാധ്യതകളെ കൂട്ടമായി ചെറുക്കുന്ന രീതിയാണത്. കമ്പനിക്ക് നഷ്ടങ്ങളുണ്ടാകുന്ന സമയത്ത് എല്ലാവരും ഭാരം ഏറ്റെടുക്കുന്നു. ഇതിലൂടെ വഞ്ചനയുണ്ടാകുന്ന വലിയ അനിശ്ചിതത്വങ്ങളും ഇല്ലാതാകുന്നു. മാത്രവുമല്ല, തകാഫുലില്‍ അംഗത്വമുള്ള സുഹൃത്തിന്റെ പണം അപഹരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ കാണാന്‍ സാധിക്കില്ല. ഇവിടെ ലാഭം ഉദ്ദേശ്യമല്ല. ഒരു സാമൂഹികസേവന പ്രവര്‍ത്തനം എന്ന തലത്തില്‍ തകാഫുലിനെ മനസ്സിലാക്കുന്നതാണ് കൂടുതല്‍ ഉചിതം.

ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ ഖിറാള് (മുളാറബ), വക്കാലത്ത്, സ്വദഖ, വഖ്ഫ് തുടങ്ങിയ സാമ്പത്തിക ഉപാധികള്‍ ഉപയോഗിച്ചുകൊണ്ടാണ് തകാഫുല്‍ പ്രവര്‍ത്തിക്കുന്നത്. നാം നല്‍കുന്ന വരിസംഖ്യ കച്ചവട നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കുകയും ലാഭ നഷ്ടങ്ങളുടെ നിശ്ചിത ശതമാനം പണം നല്‍കിയ വ്യക്തിയുടെ പേരിലാക്കുകയും ചെയ്യുന്ന രൂപമാണ് ‘ഖിറാള്’. ഇവിടെ ലാഭ നഷ്ടത്തിന്റെ എത്ര ശതമാനമാണ് തനിക്ക് ലഭിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് ദാതാവ് അറിയണം. ഖിറാള് കൂടാതെ സ്വദഖയായും വഖ്ഫ് ആയും തകാഫുല്‍ വരിസംഖ്യ നല്‍കാവുന്നതാണ്. അതിലൂടെ ലഭിക്കുന്ന തുക തകാഫുല്‍ അംഗങ്ങളില്‍ പെട്ട ആര്‍ക്കെങ്കിലും അപകടങ്ങളുണ്ടാകുന്ന സമയത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഖിറാളിലൂടെ ലഭിക്കുന്ന തുക കച്ചവടം നടത്തുന്ന ‘ആമിലായ’ തകാഫുല്‍ അധികൃതര്‍ക്ക് കമ്പനിയുടെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാവുന്നതാണ്. കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം അതാത് സമയത്ത് ഇന്‍ഷുറന്‍സ്ദാതാവിന് നല്‍കാതെ റിസേര്‍വ് ആയി വെക്കുകയും പിന്നീട് അയാള്‍ക്ക് തന്നെ അപകടമുണ്ടാകുന്ന സമയത്ത് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് തകാഫുലിലുള്ളത്. എന്തെങ്കിലും കാരണവശാല്‍ ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിവാകുമ്പോള്‍ നിലവില്‍ റിസേര്‍വിലുള്ള തുക നല്‍കി ഇടപാട് അവസാനിപ്പിക്കുകയും ചെയ്യാം.
തകാഫുലുമായി ബന്ധപ്പെട്ട് നിഷേധാത്മകമായ പഠനങ്ങളുമുണ്ട്. തകാഫുല്‍ എന്ന പേരില്‍ നടക്കുന്ന ചില കമ്പനികള്‍, കര്‍മശാസ്ത്രം മുന്നോട്ടുവെക്കുന്ന ചില നിബന്ധനകളില്‍ നിന്ന് മാറി സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉടലെടുക്കുന്നത്. തകാഫുലില്‍ അംഗത്വമെടുക്കണമെങ്കില്‍ ഒരു വിഹിതം സ്വദഖ-വഖ്ഫ് തുടങ്ങിയ ഇടങ്ങള്‍ക്കു വേണ്ടി നിര്‍ബന്ധമായും നല്‍കണമെന്ന നിബന്ധന വെക്കുന്നത് ‘ഖിറാള്’ എന്ന നിക്ഷേപ ഇടപാടിന് പ്രശ്‌നങ്ങളുണ്ടാക്കും. സാമൂഹ്യസേവനമെന്നോണം, ഇന്‍ഷുറന്‍സ് ദാതാവിന് സ്വീകരിക്കാവുന്ന ഒരു മാര്‍ഗം മാത്രമാണ് സ്വദഖയും വഖ്ഫും. അപ്പോള്‍ കമ്പനിക്കുണ്ടാകുന്ന ചെലവുകള്‍, ഖിറാളിലൂടെ കിട്ടുന്ന ലാഭത്തില്‍ നിന്നും, പുറമെ നിന്ന് ലഭിക്കുന്ന ചാരിറ്റി ഫണ്ടുകളില്‍ നിന്നും നല്‍കാവുന്നതാണ്. പ്രളയം വന്ന സമയത്ത് തന്റെ കടയില്‍ നിന്ന് ചാക്കു കണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദ്ക്കയുടെ നാട്ടുകാരെന്ന നിലയില്‍ പ്രസ്തുത ചാരിറ്റിയുടെ സാധുതയെ കുറിച്ച് സംസാരിക്കേണ്ടതില്ലല്ലോ.
തകാഫുലിലുള്ള കച്ചവടത്തെക്കുറിച്ച് ഇന്‍ഷുറന്‍സ് ദാതാവിന് ഒരു വിവരവുമില്ലെന്നും തകാഫുല്‍ അധികൃതര്‍ പറയുന്നതിനനുസരിച്ച് വഴിപ്പെടാന്‍ വിധിക്കപ്പെട്ടവരാണവരെന്നും വിമര്‍ശനങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍, കര്‍മ്മശാസ്ത്ര നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വിമര്‍ശനങ്ങളിലേക്ക് വഴിവെക്കുന്നത്. തകാഫുല്‍ അധികൃതര്‍ ഏര്‍പ്പെടുന്ന കച്ചവടത്തെക്കുറിച്ച് അറിയുവാനും, തനിക്ക് പ്രാപ്യമെല്ലെങ്കില്‍ അതില്‍ നിന്ന് ഒഴിവാകാനും ഇസ്ലാം അനുമതി നല്‍കുന്നുണ്ട്.

നന്മയുടെ മേല്‍ പരസ്പരം സഹായിക്കാനാണ് ഖുര്‍ആന്‍ പറയുന്നത്. ‘പുണ്യത്തിലും ധര്‍മനിഷ്ഠയിലും അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും സഹായിക്കരുത്(5/2)’. വിശ്വാസികള്‍ ഒരു കെട്ടിടം പോലെയാണെന്നൊക്കെയുള്ള തിരുനബി ദര്‍ശനങ്ങള്‍ പരസ്പര സഹായത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നുമുണ്ട്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ സുഭിക്ഷമായി ഉണ്ടുറങ്ങുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന സന്ദേശം പ്രസരിപ്പിച്ച മതമാണ് ഇസ്‌ലാം. ഇത്തരം സിദ്ധാന്തങ്ങളുടെ ബലത്തിലുണ്ടായ സാമ്പത്തിക ഉപാധിയാണ് തകാഫുല്‍.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശേഖരിക്കണം. ലഭിക്കുന്ന മുഴുവന്‍ വരുമാനവും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് വേണ്ടി തന്നെ ഉപയോഗിക്കണം. ലാഭം ഒരു ലക്ഷ്യമായി കടന്നുവരരുത്. ഇത്രയും പാഠങ്ങളാണ് തകാഫുല്‍ ആധുനിക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കുന്നത്.

2015ല്‍ രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തകാഫുലിനെ ഒരു ഇന്‍ഷുറന്‍സ് മോഡല്‍ ആയി അംഗീകരിക്കുന്നുണ്ട് (Final Report, Rajya Sabha Select Committee on The Insurance Laws (Amendment) Bill, 2008, Page 19, 20)  ഇന്നും അത് നിയമപരമായി പ്രാബല്യത്തില്‍ വന്നിട്ടില്ല. കേരളം രണ്ടാമതും പ്രളയത്തെ അതിജീവിച്ച സമയത്ത് സമ്പദ്‌വ്യവസ്ഥയില്‍ നേരിടുന്ന വെല്ലുവിളികളെ ഇന്‍ഷുറന്‍സ് സംവിധാനത്തിന് എത്രത്തോളം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്? ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്ന പണം ഇത്തരം അപകട സാധ്യതകളെ നേരിടാന്‍ വേണ്ടി തന്നെ ഉപയോഗിക്കണം. അല്ലാതെ അതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ഉപാധി കണ്ടെത്തരുത്. അത് ചൂഷണാത്മകമായ സാമ്പത്തിക അസമത്വത്തിലേക്കാണ് നയിക്കുക. ഇത്തരം ഇടങ്ങളിലാണ് ഇസ്‌ലാമിലെ സാമ്പത്തിക നയങ്ങളെ, അതിന്റെ സൈദ്ധാന്തികതലത്തില്‍ നിന്ന് തന്നെ വായിക്കാന്‍ പഠിക്കേണ്ടത്.

സി.എം ശഫീഖ് നൂറാനി നാദാപുരം

You must be logged in to post a comment Login