1992 ഡിസംബര്‍ 6, അയോധ്യ


    എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍, ബിജെപിയുടെ കാര്‍മികത്വത്തില്‍ കര്‍സേവകര്‍ ബാബരിമസ്ജിദ് തകര്‍ത്തിട്ട് ഇരുപതു വര്‍ഷം തികയുകയാണ്. രാജ്യത്തിന്റെ മതേതര സ്വപ്നങ്ങളെ അപ്പാടെ കരിച്ചുകളഞ്ഞ 1992 ഡിസംബര്‍ 6 രാജ്യത്തെ രാഷ്ട്രീയ രസതന്ത്രങ്ങളെയും കണക്കുകൂട്ടലുകളെയും മാറ്റിമറിച്ചു. നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ചവിട്ടിമെതിച്ച് ബിജെപി ഡല്‍ഹിയിലെത്തി. ബാബരി തകര്‍ച്ചയില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ കോണ്‍ഗ്രസ് ഇടവേളക്കു ശേഷം അധികാരത്തില്‍ തിരിച്ചെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേരുകളിലൊന്നായി ബാബരി മസ്ജിദ് മാറി.

   ഒരു പക്ഷേ, മുസ്ലിം സമുദായത്തില്‍ നിന്ന് ദുരന്തം നേര്‍ക്കുനേര്‍ കണ്ട ഒരേയൊരാള്‍ മലയാള മനോരമ (ഡല്‍ഹി)യുടെ ഫോട്ടോഗ്രാഫര്‍ പി മുസ്തഫയായിരിക്കും. മുസ്തഫയുടെ ക്യാമറ ഒന്നും കണ്ടില്ലെന്നു വെച്ചില്ല. എല്ലാം പകര്‍ത്തി. ഉള്‍ക്കിടിലത്തോടെ മാത്രം ഓര്‍ക്കാവുന്ന ആ ദിവസം, മികച്ച ഫോട്ടോഗ്രാഫര്‍മാരിലൊരാളായ മുസ്തഫയുടെ കണ്ണും ക്യാമറയും കണ്ടതെന്തൊക്കെയായിരുന്നു?

‘നാം ക്യാഹെ?’
‘മുസ്തഫ’
കര്‍സേവ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് വിതരണ കൌണ്ടറിന്റെ മുമ്പിലായിരുന്നു ഞാനപ്പോള്‍. പേര് കേട്ടപ്പോള്‍ കൌണ്ടറിലിരുന്നയാള്‍ എന്നെ രൂക്ഷമായൊന്നു നോക്കി. എന്റെ മതം അയാള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിനു മുമ്പും ഇതേ സാഹചര്യം ഞാന്‍ അഭിമുഖീകരിച്ചിട്ടുണ്ട്; 1990 ലാണത്. ബാബരി മസ്ജിദിനു മുകളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൊടി നാട്ടിയതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ടിരുന്നു. ഞാന്‍ ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്നതും അപ്പോഴാണ്. അയോധ്യയില്‍ നിന്ന് തിരിച്ച് ലക്നൌ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നി വിഴുങ്ങുന്നതു കണ്ടു. ടയറുകള്‍ കത്തിച്ചും കല്ലും തടിയും വലിച്ചിട്ടും ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കലാപകാരികള്‍ പലയിടത്തും വാഹനം തടഞ്ഞുവച്ചു. വ്യാജപ്പേരില്‍ രക്ഷപ്പെടുകയായിരുന്നു അപ്പോഴെല്ലാം. ലക്നൌവിലെത്തുമ്പോഴേക്ക് മനസ്സും ശരീരവും തളര്‍ന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ എനിക്ക് പോകേണ്ടിയിരുന്ന വിമാനം പറന്നു കഴിഞ്ഞിരുന്നു. മറ്റൊന്നിന് ടിക്കറ്റെടുക്കാന്‍ കയ്യില്‍ കാശുമില്ല. ഒടുവില്‍ അവിടെ പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനോട് കടം വാങ്ങിയാണ് ടിക്കറ്റിനുള്ള കാശൊപ്പിച്ചത്. ഡല്‍ഹിയിലെ ഓഫീസിലെത്തി അയാള്‍ക്ക് പണം തിരികെ നല്‍കി.

     പിന്നീടും പലകുറി ഞാന്‍ അയോധ്യ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ബാബരി മസ്ജിദിനുള്ളില്‍ കടന്ന് പടമെടുക്കാനും സാധിച്ചു. സ്വയംഭൂവായി എന്ന് സംഘ്പരിവാര്‍ അവകാശപ്പെട്ട രാമവിഗ്രഹം പള്ളിയുടെ ഒരു താഴികക്കുടത്തിന് താഴെയാണ് സ്ഥാപിച്ചിട്ടുള്ളത്. പൂക്കളാണ് ആ വിഗ്രഹത്തിനു മുന്നില്‍ ഭക്തര്‍ പ്രധാന നൈവേദ്യമായി അര്‍പ്പിക്കാറുണ്ടായിരുന്നത്; അതിനാവശ്യമായ പൂക്കള്‍ കൃഷി ചെയ്യുന്നത് പ്രദേശത്തെ മുസ്ലിംകളും! അത് ഞാന്‍ നേരിട്ടറിഞ്ഞതാണ്. ആ പൂപ്പാടങ്ങളില്‍ ചെന്ന് ചിത്രം പകര്‍ത്താനും എനിക്കവസരമുണ്ടായി.

 സന്യാസികള്‍ക്കാവശ്യമായ മെതിയടികള്‍ നിര്‍മ്മിച്ചതും വില്‍പന നടത്തിയതും മുസ്ലിം കച്ചവടക്കാരായിരുന്നു. അവര്‍ ശരീരത്തില്‍ പുതച്ചിരുന്ന ‘രാം’ മുദ്ര കുത്തിയ ഷാള്‍ വിപണിയിലെത്തിച്ചതും മറ്റാരുമല്ല. ആര്‍ക്കും യഥേഷ്ടം കടന്നുചെല്ലാവുന്ന അന്തരീക്ഷമായിരുന്നു അന്നൊക്കെയും അയോധ്യയിലുണ്ടായിരുന്നത്. ബാബരി മസ്ജിദിനകത്ത് രാമവിഗ്രഹത്തിനു സമീപത്തെത്താന്‍ പോലും ആര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. അത്രമേല്‍ സ്നേഹവും സൌഹൃദവും പങ്കുവച്ചാണ് അയോധ്യയിലെ ജനങ്ങള്‍ ജീവിച്ചത്. ആ ഒരുമയാണ് 1992 ഡിസംബര്‍ ആറിന് ഒരു പറ്റം വര്‍ഗീയ ഭ്രാന്തന്മാര്‍ തച്ചുതകര്‍ത്തത്.

   തികച്ചും ആസൂത്രിതമായ ഒരു ഓപ്പറേഷനായിരുന്നു അത്. 1990 സെപ്തംബറില്‍ ആരംഭിച്ച അദ്വാനിയുടെ രഥയാത്ര ‘രാമജ• ഭൂമി’ വിഷയത്തെ രാഷ്ട്രീയ വോട്ടാക്കി മാറ്റാനുള്ള ഗൂഢോദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ടതാണെന്ന് സ്പഷ്ടമായിരുന്നു. ഞാനന്ന് ഡല്‍ഹിയില്‍ മനോരമയുടെ ഫോട്ടോഗ്രാഫറായി ജോലി നോക്കുകയാണ്. പ്രതീകാത്മക കര്‍സേവ മാത്രമേ നടക്കൂവെന്ന് യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് പ്രസ്താവിച്ചുവെങ്കിലും അതിനപ്പുറം മറ്റു പലതും നടക്കുമെന്ന് ഡല്‍ഹിയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഉറപ്പായിരുന്നു. വിശിഷ്യാ സംഘ്പരിവാര്‍ കേന്ദ്രങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവര്‍ക്ക് അക്കാര്യം നന്നായറിയുമായിരുന്നു.

   അതുകൊണ്ടുതന്നെ ഞങ്ങള്‍ കാലേക്കൂട്ടി ഫൈസാബാദിലെത്തി. മലയാളി മാധ്യമപ്രവര്‍ത്തകരായ ജോണ്‍ ബ്രിട്ടാസ്, ആര്‍ പ്രസന്നന്‍, അജിത് കുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി വി തോമസ് എന്നിവരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. 1992 ഡിസംബര്‍ മൂന്നിന് ഫൈസാബാദിലെത്തി ഞങ്ങള്‍ ലോഡ്ജില്‍ താമസമാക്കി. 1992 നവംബറില്‍ തന്നെ 20000 കര്‍സേവകര്‍ ഫൈസാബാദിലും അയോധ്യയിലുമായി തമ്പടിച്ചിരുന്നു. പുറമേക്ക് ശാന്തമെങ്കിലും അയോധ്യയുടെ അകമെരിയുകയാണെന്ന് പലരുടെയും സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമസ്ഥന്‍ ‘കാക്കാമാരെ ഇക്കുറി നമ്മള്‍ കെട്ടുകെട്ടിക്കുമെന്ന്’ എന്നോട് പറയുകയുണ്ടായി. മുത്തു എന്ന വ്യാജ പേരിലാണ് ഞാന്‍ ലോഡ്ജില്‍ മുറിയൊപ്പിച്ചത്. സ്വന്തം പേരില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യമെല്ലാം പാസ് വിതരണ കൌണ്ടറിനു മുന്നില്‍ ചോര്‍ന്നു പോയിരുന്നു. പുതിയപേര് (മുത്തു) നല്‍കിയ സൌഹൃദത്തിന്റെ ആത്മവിശ്വാസത്തിലാവണം ലോഡ്ജുടമ എന്നോടതു പറഞ്ഞിട്ടുണ്ടാവുക.

   1992 ഡിസംബര്‍ ആറ്. ഞങ്ങള്‍ കാലത്തു തന്നെ അയോധ്യയിലെത്തി. ബാബരി മസ്ജിദിന്റെ മുഖ്യപ്രവേശന കവാടത്തിന്റെ എതിര്‍ദിശയില്‍ ഒരു കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഇടമുറപ്പിച്ചു. മസ്ജിദിനും ബില്‍ഡിംഗിനുമിടയില്‍ അമ്പതുമീറ്റര്‍ അകലം മാത്രം. അവിടെ നിന്നാല്‍ താഴെ നടക്കുന്നതെല്ലാം കൃത്യമായി കാണാം. തലേന്നാള്‍ (ഡിസംബര്‍ 5) അവിടെ പ്രതീകാത്മക പൂജ നടന്നിരുന്നു. ഡിസംബര്‍ ആറിന് ഞങ്ങളെത്തുമ്പോള്‍ പള്ളിമുറ്റം ആളൊഴിഞ്ഞ നിലയില്‍ അനാഥമായിക്കിടന്നു. പള്ളിയുടെ വലതു വശത്ത് ഒരു സ്റേജ് കെട്ടിയുയര്‍ത്തിയത് കണ്ടു.

    കേന്ദ്രം ഭരിക്കുന്നവര്‍ യു പിയിലെ ബി ജെ പി സര്‍ക്കാറിന്റെ വാക്കില്‍ വിശ്വാസമര്‍പ്പിച്ചതു കൊണ്ടാവും, കനത്ത പോലീസ് സന്നാഹമോ മതിയായ സുരക്ഷാ സംവിധാനമോ ഒരുക്കിയിട്ടില്ലെന്ന് അയോധ്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കു ബോധ്യമായി. നേരത്തെ തന്നെ അയോധ്യയിലും പരിസരത്തും തമ്പടിച്ച കര്‍സേവകരെ നിയന്ത്രിക്കാന്‍ മാത്രമുള്ള പോലീസുകാരാണ് ബാബരിയുടെ മുമ്പിലുണ്ടായിരുന്നത്. പോകെപ്പോകെ, ഒറ്റക്കും കൂട്ടമായും കര്‍സേവകരും സന്യാസിമാരും ബാബരി മസ്ജിദിലേക്കെത്തിത്തുടങ്ങി. കര്‍സേവകര്‍ മിക്കവരും കൈയില്‍ പണിയായുധങ്ങള്‍ കരുതിയിരുന്നു. ശൂന്യമായിരുന്ന പള്ളിയങ്കണം ജനനിബിഡമാവാന്‍ അധികസമയം വേണ്ടിവന്നില്ല. രണ്ടുലക്ഷം കര്‍സേവകര്‍ അന്ന് അയോധ്യയിലെത്തിയെന്നാണ് അനുമാനിക്കുന്നത്.

   എല്‍ കെ അദ്വാനിയുള്‍പ്പെടെ നേതാക്കള്‍ എത്തിയപ്പോള്‍ ജനം ഇളകിമറഞ്ഞു. ഭ്രാന്തമായ ആവേശത്തിന്റെ തള്ളിച്ചയില്‍ പൊടിപടലങ്ങള്‍ മുകളിലേക്കുയര്‍ന്നു. ആര്‍പ്പുവിളികളും ആക്രോശങ്ങളും മുഴങ്ങി. ഇടതുവശത്തെ സ്റേജില്‍ നിന്ന് കര്‍സേവകരുടെ ആവേശത്തെ ആളിക്കത്തിക്കുന്ന വാക്കുകള്‍. നേതാക്കള്‍ പള്ളിക്കകത്തു കയറി രാമവിഗ്രഹത്തെ തൊഴുതിറങ്ങി. അശോക് സിംഗാള്‍, മുരളീ മനോഹര്‍ ജോഷി, വിനയ് കത്യാര്‍ മുതല്‍ നേതാക്കളും സന്യാസിമാരും പള്ളിയില്‍ നിന്ന് പുറത്തേക്കുവരുന്നത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവര്‍ നേരെ വേദിയിലേക്ക് കയറി. വേദിക്കും പള്ളിക്കുമിടയില്‍ 10 മീറ്റര്‍ അകലമേയുള്ളൂ. അവിടെ നിന്ന് എല്ലാം വളരെ വ്യക്തമായി പകര്‍ത്താം. ഇന്ത്യാ ടുഡേയുടെ ഫോട്ടോഗ്രാഫര്‍ പ്രശാന്ത് പാഞ്ചര്‍ നേതാക്കള്‍ക്കൊപ്പം ആ വേദിയിലാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബാബരി തകര്‍ന്നു വീഴുന്നതിന്റെ ഏറ്റവും ക്ളോസായ ഫോട്ടോകളെടുക്കാന്‍ കഴിഞ്ഞത് പാഞ്ചറിനാണ്.

    നേതാക്കള്‍ തൊഴുതിറങ്ങിയതോടെ രാമവിഗ്രഹം പുറത്തേക്ക് മാറ്റപ്പെട്ടു. പ്രതീകാത്മക കര്‍സേവയല്ല നടക്കുന്നതെന്ന് അതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം ബോധ്യമായി. അദ്വാനിയടക്കമുള്ളവര്‍ വേദിയില്‍ സുരക്ഷിതമായി നിലയുറപ്പിച്ചതോടെ ജനത്തിന്റെ എല്ലാ നിയന്ത്രണവും വിട്ടു. ഭ്രാന്തെടുത്തിട്ടെന്ന പോലെ അവര്‍ ബാബരി പള്ളിക്കു നേരെ കുതിച്ചു. ആര്‍പ്പുവിളികള്‍ അത്യുച്ചത്തിലായി. പള്ളിക്കു കാവല്‍ നിന്ന സുരക്ഷാ ഭട•ാരെ അടിച്ചോടിക്കുകയാണ് കര്‍സേവകര്‍ ആദ്യം ചെയ്തത്. തൊട്ടപ്പുറത്തെ കെട്ടിടങ്ങളില്‍ നിന്ന് സ്ത്രീകള്‍ കൈ കൊട്ടിയും അംഗവിക്ഷേപങ്ങളിലൂടെയും കര്‍സേവകരെ പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. ബാബരി പ്രശ്നം എത്രമേല്‍ ആഴത്തിലാണ് അയോധ്യയുടെ മനസ്സിനെ വിഭജിച്ചതെന്നതിന്റെ തെളിവ് കൂടിയായിരുന്നു സ്ത്രീകളുടെ ആ അത്യാവേശം. കൂടുതല്‍ നേരം അതൊന്നും നോക്കിയിരിക്കാന്‍ പറ്റിയില്ല. താഴെ യുദ്ധസമാനമായ അന്തരീക്ഷം. ജയ്ശ്രീറാം വിളികളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം.

   പോലീസുകാരെയും സുരക്ഷാഭടന്മാരെയും ആട്ടിയോടിച്ച കര്‍സേവകര്‍ കമ്പിവേലി തകര്‍ത്ത് പള്ളിക്കു മുകളിലേക്ക് വലിഞ്ഞുകയറുന്നു. ഒപ്പം തകര്‍ക്കാനുള്ള ആയുധങ്ങളും മുകളിലേക്ക് കൈമറിഞ്ഞെത്തുന്നു. പ്രധാന താഴികക്കുടത്തിനു മുകളില്‍ കര്‍സേവകര്‍ എത്തിയതോടെ താഴെ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഉച്ചസ്ഥായിയിലായി. പള്ളിക്കു മേല്‍ ആയുധം ആഞ്ഞു പതിക്കുന്നത് കാണാമിപ്പോള്‍. രാജ്യത്തിന്റെ കരളിനാണ് അവര്‍ മുറിവേല്‍പ്പിക്കുന്നതെന്നു തോന്നി. പള്ളി പൊളിക്കുന്നതിനിടെ അപകടം പിണഞ്ഞ കര്‍സേവകരെയുമായി വേറെ ചിലര്‍ പുറത്തേക്കു പോകുന്നു. പരിക്കേറ്റവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിശയിപ്പിക്കുന്നതായിരുന്നു. ഏതോ ധീരകൃത്യം നിര്‍വഹിച്ചവരോടെന്ന പോലെയാണ് മറ്റുള്ളവര്‍ അവരെ പരിഗണിച്ചും പരിചരിച്ചതും.

   കര്‍സേവകര്‍ കൂടുതല്‍ കൂടുതല്‍ അക്രമാവേശിതരാവുകയാണ്. ഒരു നാടിനു മുഴുവന്‍ ഭ്രാന്തു പിടിച്ചെന്ന പോലെ എല്ലാവരും അക്രമാസക്തരായി മാറിയിരിക്കുന്നു. വേദിയില്‍ നിന്ന് ‘തകര്‍ക്കൂ, തകര്‍ക്കൂ’ എന്ന് അത്യുച്ചത്തില്‍ മൈക്കിലൂടെ ആരോ വിളിച്ചു പറയുന്നു. ഇനിയും അവിടെ തുടരുന്നത് പന്തികേടാണെന്നു തോന്നി. കര്‍സേവകര്‍ മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോഗ്രാഫര്‍മാരെയും തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. രണ്ടു ക്യാമറകളാണ് ഞാനന്ന് കൈയില്‍ കരുതിയിരുന്നത്. കര്‍സേവകര്‍ പലരുടെയും ക്യാമറകള്‍ തട്ടിപ്പറിച്ച് ഫിലിം റോളുകള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചില സന്യാസിമാര്‍ ആ ഫിലിം റോളുകള്‍ കഴുത്തില്‍ ചുറ്റി ആഹ്ളാദനൃത്തം ചവിട്ടുന്നു. രണ്ടു ക്യാമറകളില്‍ നിന്നും ഫിലിം റോളുകള്‍ ഊരിയെടുത്ത് ഞാനെന്റെ സോക്സില്‍ തിരുകി. എത്രയും പെട്ടെന്ന് രക്ഷപ്പെടണം. കൂടെയുള്ളവര്‍ക്ക് എന്റെ കാര്യത്തിലാണ് ആധി കൂടുതല്‍. ഞാന്‍ തിരിച്ചറിയപ്പെട്ടാല്‍ പിന്നെയൊരു ദാക്ഷിണ്യവുമുണ്ടാകില്ല. ബാബരി മസ്ജിദ് തകര്‍ച്ചക്കു സാക്ഷ്യം വഹിച്ച ഒരേയൊരു മുസ്ലിം ഫോട്ടോഗ്രാഫര്‍ ഞാനായിരിക്കണം. മുസ്ലിംകളോടായിരുന്നു കര്‍സേവകരുടെ ദേഷ്യം മുഴുവന്‍. സ്വാധി റിതംബരയുടെ വാക്കുകളില്‍ അത് വ്യക്തമായിരുന്നു. മുസ്ലിംകളെ ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി അവരെ ചവിട്ടിയരച്ചു കൊല്ലുകയെന്നതാണ്. ആവേശിതരായ കര്‍സേവകര്‍ക്ക് റിതംബരയുടെ ആഗ്രഹസാക്ഷാത്കാരത്തിന് അവിടെ കിട്ടാവുന്ന ഒരേയൊരു ‘ഇര’ ഞാനായിരിക്കണം. ഓര്‍ത്തപ്പോള്‍ ഉള്ളുകിടുങ്ങി. വളരെ അകലെയാണ് ഞങ്ങളുടെ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. അവിടേക്കെത്തുകയെന്നതാണ് ശ്രമകരമായ ദൌത്യം. എന്നിട്ടും കാര്യമില്ല. ഫൈസാബാദിലെത്തിയെങ്കിലേ ശ്വാസം നേരെ വീഴൂ. ഒരു മാര്‍ഗമേ മുന്നില്‍ തെളിഞ്ഞുള്ളൂ. ‘റാം’ മുദ്രപതിച്ച കാവിത്തുണി തലയില്‍ ചുറ്റി ‘ജയ്ശ്രീറാം’ എന്ന് ഉറക്കെവിളിച്ച് കര്‍സേവകരായി അഭിനയിച്ച് രക്ഷപ്പെടുക. ഞങ്ങള്‍ അതു തന്നെ ചെയ്തു. വാഹനം പാര്‍ക്ക് ചെയ്തിടത്തേക്ക് ഓടുകയായിരുന്നു. മരണമുഖത്തു നിന്ന് ജീവിതത്തിലേക്കുള്ള ഓട്ടം. ഇടക്ക് വഴിയില്‍ കിട്ടിയ ഇഷ്ടിക കയ്യിലെടുത്തു. പള്ളി പൊളിച്ചു വരുന്നവരാണെന്ന ധാരണ സൃഷ്ടിക്കാന്‍ അത് സഹായകമായി.

   വഴിയിലുടനീളം മാധ്യമപ്രവര്‍ത്തകര്‍, വിശിഷ്യാ ഫോട്ടോഗ്രാഫര്‍മാര്‍ അക്രമിക്കപ്പെട്ടു. ഒരു തെളിവും ബാക്കിവെക്കരുതെന്ന് ശാഠ്യം പിടിച്ചിരുന്നു അവര്‍. ക്യാമറയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സമീപത്തുള്ള ഏതെങ്കിലും വീട്ടില്‍ ഒളിപ്പിക്കാമെന്നു വച്ചാല്‍ ആരും അനുവദിക്കുന്നില്ല. അവരെ കുറ്റം പറയാനാകില്ല. മദം പൊട്ടിയ ആനയുടെ പരാക്രമങ്ങളാണ് പുറത്ത് കര്‍സേവകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒടുവില്‍ ഒരു വീട്ടുകാരെ നിര്‍ബന്ധിച്ച് ‘നിങ്ങള്‍ തിരിച്ചു തന്നില്ലെങ്കിലും വേണ്ടീല’ എന്നു പറഞ്ഞ് ക്യാമറ അവിടെയൊളിപ്പിച്ചു. ജീവനു വേണ്ടിയുള്ള പരക്കം പാച്ചിലിനിടയില്‍ ക്യാമറ(അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വില കൂടിയതായിരുന്നു അത്. അടുത്ത ദിവസം ജോണ്‍ ബ്രിട്ടാസ് ആ വീട് തേടിപ്പിടിച്ച് ക്യാമറ വീണ്ടെടുത്തു) ഉപേക്ഷിക്കുന്നത് ഒരു പ്രശ്നമായി തോന്നിയില്ല. ഫിലിം റോളുകള്‍ സോക്സിനുള്ളില്‍ സുരക്ഷിതമായി ഉണ്ടെന്നത് മാത്രമാണ് ആശ്വാസം. എങ്ങനെയെല്ലാമോ കാര്‍ പാര്‍ക്ക് ചെയ്തിടത്തെത്തി. ഫൈസാബാദിലെത്താന്‍ ഏകദേശം 10 കിലോമീറ്റര്‍ സഞ്ചരിക്കണം. വഴിയിലുടനീളം കര്‍സേവകര്‍ ആക്രോശങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

   കടന്നുപോകുന്ന എല്ലാ വാഹനങ്ങളും അവര്‍ പരിശോധിക്കുന്നു. ഫോട്ടോഗ്രാഫര്‍മാരുണ്ടോയെന്നാണ് അവര്‍ കാര്യമായി നോക്കുന്നത്. ഞങ്ങള്‍ കൂട്ടത്തിലൊരാളെ മടിയില്‍ കിടത്തി പള്ളി പൊളിക്കിടയില്‍ അപകടം പിണഞ്ഞതാണെന്ന മട്ടില്‍ മുന്നോട്ടു നീങ്ങി. വാഹനം തടയുമ്പോഴെല്ലാം ഇഷ്ടികകള്‍ ഉയര്‍ത്തിക്കാട്ടിയും ജയ്ശ്രീറാം വിളിച്ചുമാണ് തടി കാത്തത്. ഇതു പോലൊരനുഭവം ജീവിതത്തിലാദ്യമാണ്. എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നു തോന്നി. രണ്ടുലക്ഷം വര്‍ഗീയ ഭ്രാന്ത•ാര്‍ ചങ്ങല പൊട്ടിച്ച് ആര്‍ത്തലച്ചെത്തിയാല്‍ എന്തു സംഭവിക്കുമോ അതാണ് 1992 ഡിസംബര്‍ ആറിന് അയോധ്യയിലുണ്ടായത്. രാജ്യം ഭരിക്കുന്നവരുടെ അലംഭാവം കൂടിയായപ്പോള്‍ എല്ലാം പൂര്‍ണമായി. ഫൈസാബാദിലെ ലോഡ്ജിലെത്തി വസ്ത്രങ്ങളെടുത്ത് ഞാനും പ്രസന്നനും ലക്നൌവിലേക്ക് പോന്നു. ഫോട്ടോ കോഴിക്കോട്ടേക്കയക്കണം. യാത്രാ മധ്യേ പലയിടങ്ങളിലും വഴി തടയപ്പെട്ടു. എല്ലാവര്‍ക്കുമറിയേണ്ടത് പള്ളി തകര്‍ത്തോ എന്നു മാത്രമാണ്. സ്വകാര്യ ചാനലുകള്‍ മുഖം കാണിച്ചിട്ടില്ലാത്ത കാലമാണ്. സര്‍ക്കാര്‍ മീഡിയകളാകട്ടെ ഒന്നും വ്യക്തമായി പുറത്തു വിടുന്നില്ല. ചില അന്തര്‍ദേശീയ മീഡിയകള്‍ വാര്‍ത്ത പുറത്തു വിട്ടെങ്കിലും ടെലിവിഷന്‍ അപൂര്‍വമായ അക്കാലത്ത് അയോധ്യയില്‍ നിന്ന് മടങ്ങുന്നവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ആകാംക്ഷക്കറുതി വരുത്തുകയായിരുന്നു ജനങ്ങളുടെ മുമ്പിലുള്ള ഏക പോംവഴി. വര്‍ഗീയതയുടെ ഉന്‍മാദം ഒരു രോഗമായി ഇന്ത്യ മുഴുവന്‍ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു പലരുടെയും മുഖഭാവങ്ങള്‍.വാര്‍ത്ത പരന്നതോടെ കടകളടഞ്ഞു. കലാപവും തുടങ്ങി. ലക്നൌവിലെ ഒരു സ്റുഡിയോയില്‍ താഴ്ത്തിയിട്ട ഷട്ടറിനുള്ളില്‍ ഞാനെന്റെ ഫിലിം കഴുകിയെടുത്തു; ഏറ്റവും സാഹസികമായി ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ഫോട്ടോഗ്രാഫിയില്‍ പലതവണ ഞാന്‍ നേടിയിരിക്കുന്നു. എന്റെ കൈയിലിരിക്കുന്ന ഈ ഫോട്ടോകള്‍ക്കു പകരം വെക്കാന്‍ ഒരു അവാര്‍ഡും മതിയാകുമായിരുന്നില്ല. അത്രയേറെ കടമ്പകള്‍ കടന്നാണ് ബാബരി കോമ്പൌണ്ടില്‍ നിന്ന് ഞാനീ ഫിലിമുകള്‍ ലക്നൌവിലെത്തിച്ചത്.
പ്രിന്റെടുത്ത് ഫോട്ടോകള്‍ മനോരമക്കയച്ചു. പക്ഷേ പിറ്റേന്ന് ഒറ്റ ഫോട്ടോ പോലും പത്രത്തില്‍ അടിച്ചു വന്നില്ല. കേരളത്തിന്റെ സാമുദായിക സൌഹാര്‍ദം അപകടപ്പെടുത്തുമെന്നതിനാല്‍ മാത്തുക്കുട്ടിച്ചായന്റെ(കെ എം മാത്യു) പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഫോട്ടോ പ്രസിദ്ധീകരിക്കാതിരുന്നതെന്ന് പിന്നീടറിഞ്ഞു. വെളിച്ചം കാണാതെ പോയ ആ ഫോട്ടോകളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഞാനിപ്പോള്‍ ആലോചിക്കുകയാണ്. ഗാന്ധിവധത്തിനു ശേഷം രാഷ്ട്രം സാക്ഷിയായ ഏറ്റവും വലിയ ദുരന്തം മറവിക്ക് വിഴുങ്ങാന്‍ വിട്ടു കൊടുത്തു കൂടല്ലോ.
കേട്ടെഴുത്ത് :
മുഹമ്മദലി കിനാലൂര്‍

2 Responses to "1992 ഡിസംബര്‍ 6, അയോധ്യ"

  1. Shajeer Mangalassery Abdulla  December 2, 2013 at 6:26 am

    പൂക്കളാണ് ആ വിഗ്രഹത്തിനു മുന്നില്‍ ഭക്തര്‍ പ്രധാന നൈവേദ്യമായി അര്‍പ്പിക്കാറുണ്ടായിരുന്നത്; അതിനാവശ്യമായ പൂക്കള്‍ കൃഷി ചെയ്യുന്നത് പ്രദേശത്തെ മുസ്ലിംകളും

    ഇത്തരം മണ്ടൻ കുണാപ്പികൾ ആയി ഈ സമുദായം അധപതിച്ചത് കൊണ്ടാണ് ബാബറി ദുരന്തം ഉണ്ടായത്

  2. Saifu Saif  December 8, 2013 at 3:14 pm

    തീർച്ചയായുംആ ഫോട്ടോകൾ പൊതു താല്പര്യ പ്രകാരം പ്രദർശിപ്പികണം

You must be logged in to post a comment Login