വായനക്കാരുടെ വീക്ഷണം

    അരക്കെട്ടഴിഞ്ഞ കേരളത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ശ്വേതാമേനോന്റെ പ്രസവചിത്രീകരണം. ഇത്തരമൊരു ചിത്രീകരണത്തിന് അവരെ മാത്രമല്ല, സ്ത്രീകളെ മുഴുവനും തന്നെ നിര്‍ബന്ധിക്കും വിധമാണ് സമൂഹത്തിന്റെ എടുപ്പും നടപ്പും. ലക്ഷണങ്ങളെ ചികിത്സിക്കാതിരുന്നാല്‍ രോഗം കടുപ്പമാവുകയേ ഉള്ളൂ.
റാഷിദ്, പറമ്പിന്‍മുകള്‍.

വൃദ്ധസദനങ്ങള്‍ പിറന്നതും മറന്നതും

     ഇവര്‍ക്കുണ്ടായിരുന്നു പുരനിറയെ മക്കളും അറനിറയെ സ്വത്തും. ഏക്കറകണക്കിന് പറമ്പുമുണ്ടായിരുന്നു. പക്ഷേ, ഇന്നതെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വത്തുമുഴുവന്‍ വട്ടംകൂടി വിഹിതം വച്ചത് വേണ്ടപ്പെട്ടവരോ, അന്യരോ? ഇവര്‍ക്കറിയില്ല. ‘അമ്മ’ എന്ന് എത്ര കേട്ടിട്ടും കൊതിതീരാത്ത കാതുകള്‍ക്ക് ആ ശബ്ദം ഇന്ന് അന്യമാണ്. വിധി ചാപ്പകുത്തിയ ആരോരുമില്ലാത്ത ജീവിത ചിത്രങ്ങളും വേദനകളും പേറി വൃദ്ധസദനങ്ങളില്‍ തീര്‍ക്കുന്ന ജീവിതം! രക്ത ബന്ധമില്ലാത്ത പ്രിയപ്പെട്ട ബന്ധുക്കളോടു കൂടെ വൃദ്ധ സദനങ്ങളുടെ നാലുമൂല മതില്‍കെട്ടുകളാണ് ഇന്നവരുടെ ലോകം.

     ഇതുപോലെ സ്വഗൃഹത്തിലെ പീഡനങ്ങള്‍ സഹിക്കാതെ വീടുവിട്ടിറങ്ങിയതോ, വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതോ ആയ പല വൃദ്ധജനങ്ങളെയും നമുക്കിന്ന് സമൂഹത്തില്‍ കാണാം. അതില്‍ മതത്തിന്റെ വേര്‍തിരിവുകളില്ല. ഒരു കാലത്ത് സ്വര്‍ഗതുല്യമായിരുന്ന വീടുകള്‍ തന്നെ പിന്നീട് നരകതുല്യമായി മാറുമ്പോള്‍ രക്ഷപ്പെടാന്‍ പലരും വീടുവിട്ടിറങ്ങുന്നു. തനിക്ക് അവശകാലത്ത് താങ്ങും തണലുമാകുമെന്ന് കരുതി വളര്‍ത്തിയെടുത്ത മക്കളാല്‍ തന്നെ തൊഴിക്കപ്പെടുന്നു. വൃദ്ധജനങ്ങള്‍ സഹതാപം കൊതിക്കുന്നവരാണ്. മനസ്സറിഞ്ഞൊരു ചിരി, സ്നേഹത്തിന്റെ ഒരു വാക്ക്. അല്ലെങ്കില്‍ ഒരു നോട്ടം നല്‍കാന്‍ ഇന്നത്തെ തലമുറയിലെ മക്കള്‍ തയ്യാറല്ല. ഏത് പാതിരാത്രിയിലായാലും വീട്ടില്‍ നിന്ന് മാതാപിതാക്കളെ ഇറക്കി ഓടിക്കുന്നതിലേക്ക് ഇന്നത്തെ മക്കള്‍ എത്തിയിരിക്കുന്നു. സാന്ത്വനമേകേണ്ട മക്കള്‍ കൈയ്യൊഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളാണ് അവരെ സംരക്ഷിക്കേണ്ടത്. അതുമില്ലെങ്കില്‍ സമൂഹത്തിനു ബാധ്യതയുണ്ട്. അല്ലാത്ത പക്ഷം, വീട്ടിലെ കാലിത്തൊഴുത്തുകളിലും ബാത്ത് റൂമുകളിലുമൊക്കെ തളയ്ക്കപ്പെട്ട നിലയില്‍ അവരെ കാണേണ്ട ദയനീയാവസ്ഥ ഇനിയും ഈ സമൂഹത്തിനുണ്ടാകും.

     തലമുറകളേറെ കണ്ടവരാണ് ഇവര്‍. വറുതിയുടെ കാലം നീന്തിവന്നവര്‍. കഞ്ഞിമാത്രം കുടിച്ചും കപ്പ പുഴുങ്ങിത്തിന്നും പകലന്തിയോളം പണിയെടുത്തും അവശതയകറ്റിയവര്‍. സ്വയം പട്ടിണി കിടന്നാലും നൊന്തുപെറ്റ മക്കളെ വിശപ്പെന്തെന്നറിയിക്കാതെ നോക്കി വളര്‍ത്തിയവര്‍. ഗത്യന്തരമില്ലാതെ വീടുവിട്ടിറങ്ങി കണ്ട തെരുവുകളില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടാല്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ക്ക് കണ്ടു നില്‍ക്കാന്‍ സാധിക്കില്ല. അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇവരെ സംരക്ഷിക്കാന്‍ വൃദ്ധസദനങ്ങള്‍ പിറന്നത്. പക്ഷേ, ഇന്നിത് പിറന്നതിന്റെ ലക്ഷ്യം മറന്നിരിക്കുകയാണ്. ഒരു ബിസിനസ്സായി കേരളത്തിന്റെ മുക്കുമൂലകളില്‍ പോലും ഇത് സ്ഥാനം പിടിച്ചപ്പോള്‍ ദൌത്യം മറന്ന് വന്‍തുകകള്‍ ഈടാക്കി കീശവീര്‍പ്പിക്കാനും മറ്റു മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമാണ് ഇതിന്റെ നടത്തിപ്പുകാര്‍ ശ്രമിക്കുന്നത്. എന്നാല്‍ നല്ല മനസ്സോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളും നമുക്കിടയില്‍ ഉണ്ടെന്നത് ഒരു സത്യമാണ്.

      സര്‍ക്കാര്‍ കോളജുകളില്‍ സീറ്റ് ലഭിക്കാന്‍ വേണ്ടി ഒഴുക്കുന്ന വിയര്‍പ്പൊന്നും വൃദ്ധസദനങ്ങളില്‍ വൃദ്ധരെ ഏര്‍പിക്കാന്‍ ഒഴുക്കേണ്ടതില്ലല്ലോ. പ്രവേശന രീതി വളരെ ലളിതമാണ്. ‘എന്റെ കാര്യം തന്നെ കഷ്ടത്തിലാ, പിന്നല്ലേ’ എന്ന സ്വാര്‍ത്ഥ ചിന്ത നിലനില്‍ക്കുന്ന സമൂഹത്തില്‍ മക്കളാല്‍ ആട്ടിപ്പുറത്താക്കപ്പെടുന്നവരെ ബന്ധുക്കളോ, നാട്ടുകാരോ തന്നെയാണ് വൃദ്ധസദനങ്ങളില്‍ ഏല്‍പിക്കുക. അധികവും സ്വന്തമായി വന്നുചേരുന്നവരാണ് എന്നതാണ് സത്യം. സുഖമായി മരിക്കാന്‍, മരിക്കുന്നതുവരെ സുഖമായി ജീവിക്കാന്‍. എന്നാല്‍ ബാലാല്‍ക്കാരമായി വൃദ്ധരെ പിടികൂടി വൃദ്ധസദനങ്ങളിലേക്ക് കൊണ്ടു വന്ന് അതവരുടെ മേല്‍ അടിച്ചേല്‍പിക്കുന്ന ഒരു പ്രവണത സമൂഹത്തിലിന്ന് വ്യാപകമാണ്. മിക്കവാറും വൃദ്ധസദനങ്ങളിലിന്ന് അവര്‍ നരക ജീവിതമാണനുഭവിക്കുന്നത്. ചിലത് വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തിക്കുന്നതായിരിക്കും. അതില്‍ തന്നെ വളരെ ഇടുങ്ങിയതും ഇരുണ്ടതുമായ റൂമുകളായിരിക്കും ഉണ്ടായിരിക്കുക. അവിടെ കയറിയാല്‍ ആരും മൂക്കു പൊത്തിപ്പോകും. നിത്യവും ഒരേ ഭക്ഷണമായിരിക്കും. പത്തിരുപത് അന്തേവാസികള്‍ക്ക് ആകെപ്പാടെ ഒന്നോ രണ്ടോ അറ്റന്റര്‍മാരുണ്ടാകും. വൃദ്ധരും രോഗികളുമായ അന്തേവാസികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ തന്നെ പാടുപെടുകയാണ്. ഇതു കൊണ്ടു തന്നെ വൃദ്ധസദനങ്ങളും ഇന്നിവരുടെ പേടിസ്വപ്നമായി മാറുകയാണ്.

     വൃദ്ധര്‍ പല്ലില്ലാത്ത മോണ കാട്ടിച്ചിരിച്ച് ജീവിത കഥകളോരോന്ന് പറയാന്‍ തുടങ്ങിയാല്‍ തലമുറകളായി കൈമാറിവന്ന സ്നേഹ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടും. പക്ഷേ, ആരെയും അന്യരായി കാണുകയും, സ്നേഹിക്കപ്പെടേണ്ടവരെ അകറ്റുകയും കൂട്ടുകുടുംബത്തിന്റെ ശിഥിലീകരണവും അണുകുടുംബത്തിന്റെ വ്യാപനവും വഴി സ്നേഹ സമൃദ്ധമായ രക്തബന്ധങ്ങളെ പോലും ദുര്‍ബലാക്കുകയും ചെയ്യുന്ന ഇന്നത്തെ യുവാക്കള്‍ക്ക് ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെ എവിടെ സമയം! വീട്ടിലെ വേലക്കാരന്റെ പരിഗണനപോലും നല്‍കാതെ അവരെ അധികപ്പറ്റായി കാണുന്നവരുടെ അവസ്ഥ സഹതാപകരമാണ്. വീടുകള്‍ തടവറകളാണെന്നു ബോധ്യപ്പെടുന്ന മാതാപിതാക്കള്‍ വീടുവിട്ട് ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. സ്വസ്ഥമായി ജീവിക്കാന്‍ പിന്നെ വൃദ്ധസദനങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്വാഭാവികം. അവിടെയും അവര്‍ക്ക് നരകം തീര്‍ത്ത് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഇനിയെങ്കിലും തീ പിടിച്ച ഹൃദയങ്ങളില്‍ തീ കനല്‍ വാരിയെറിയാതിരിക്കുക.
ശഫീഖ് പി കെ, മാടവന.

കയ്യൂക്കെത്തിയാല്‍ നിറംമാറും

    കയ്യൂക്കെത്തിയാല്‍ സലഫികളും മൌദൂദികളുമൊക്കെ തീവ്രസ്വഭാവം പുറത്തെടുക്കുമെന്നതിന് ഏറ്റവും പുതിയ തെളിവാണ് മലാല സംഭവം. നമ്മുടെ നാട്ടില്‍ നമ്മള്‍ കാണുന്ന ‘പുരോഗമനവാദികള്‍’ തന്നെ അന്നാട്ടിലെ താലിബാനികള്‍. ഇവിടെ കയ്യൂക്കില്ല. അവിടെ അതുണ്ട്. അതാണു വ്യത്യാസം. കയ്യൂക്കുള്ളിടത്ത് പള്ളി പിടിച്ചടക്കിയും മിമ്പര്‍ പിടിച്ചടക്കിയും മദ്യം വിളമ്പി വോട്ട് പിടിച്ചടക്കിയുമൊക്കെ നമ്മുടെ നാട്ടിലെ സലഫികളും ഇഖ്വാനികളും ഉത്തമ മാതൃക കാട്ടിയിട്ടുണ്ട്.
സഫ്വാന്‍ ഇ കെ, തയ്യുള്ളതില്‍, വടകര

ലാല്‍സലാം, സലാം വേള്‍ഡ്

     സലാം വേള്‍ഡ് അവകാശപ്പെടുന്ന ഇസ്്ലാമിക മൂല്യവും ഹലാല്‍ ഫേസ്ബുക്കിംഗും എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. സലാം വേള്‍ഡ് ലക്ഷ്യമിടുന്നത് ഇസ്്ലാമിക മൂല്യങ്ങളില്‍ മാത്രമല്ല, കച്ചവടത്തിലും കൂടിയാണ്. ഇന്ന് ലോകത്ത് ഒരു ഡസണിലധികം ഇസ്്ലാമിക് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉണ്ട്. അവ ദുരുപയോഗം ചെയ്യാതെ ഉപയോഗിച്ചാല്‍ സലാം വേള്‍ഡ് പോലെ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന് ആവശ്യമില്ല. കാരണം ലോകത്തിലെ ഭീകരവാദികള്‍ക്കും, വംശീയ വാദികള്‍ക്കും, വര്‍ഗ്ഗീയ വാദികള്‍ക്കും, പരിഷ്കര്‍ത്താക്കള്‍ക്കും പുതിയ ഒരു താവളം ഒരുക്കുകയാണ് സലാം വേള്‍ഡ് ചെയ്തിരിക്കുന്നത്. സലാം വേള്‍ഡിന്റെ ഹലാല്‍ ഫേസ് ബുക്കിംഗ് ഹറാമാകുമോ? പുലി പോലെ വന്ന് എലി പോലെ പോകുമോ? കാത്തിരുന്ന് കാണാം.
മുഹമ്മദ് ഉവൈസ് പാലാട്

You must be logged in to post a comment Login