സമര്‍പ്പണത്തിന്‍റെ ഹജ്ജു കാലം

നാലു രാപകലുകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്നേഹത്തിന്റെ പരിശീലനക്കളരിയിലൂടെ സ്വായത്തമാക്കിയ സേവന മനസ്സ് ജീവിത കാലം മുഴുവന്‍ കൊണ്ടു നടക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇനിയൊരു ഹജ്ജ് കാലത്തിന്റെ വരവിനായി കൊതിച്ചുകൊണ്ട്, പുണ്യഭൂമിയോട് ആര്‍എസ്സി വളണ്ടിയര്‍മാര്‍ വിടചൊല്ലിയത്.

ഫീച്ചര്‍//:  / ജലീല്‍ വെളിമുക്ക്

      എസ്എസ്എഫ് പ്രവാസി ഘടകമായ ആര്‍എസ്സി സഊദി നാഷണല്‍ കമ്മിറ്റിക്കു കീഴില്‍ സംവിധാനിച്ച ഹജ്ജ് വളണ്ടിയര്‍ കോര്‍, ഈ വര്‍ഷം ഹാജിമാര്‍ എത്തിത്തുടങ്ങിയതു മുതല്‍ മക്കയില്‍ നൂറുകണക്കിന് വളണ്ടിയര്‍മാരുമായി സജീവ രംഗത്തുണ്ടായിരുന്നു.

     ജാര്‍ഖണ്ടില്‍ നിന്നാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ആദ്യസംഘം പുണ്യഭൂമിയില്‍ ഇറങ്ങിയത്. മുസ്വല്ലയടങ്ങുന്ന കിറ്റ് നല്‍കി ആര്‍എസ്സി വളണ്ടിയര്‍മാര്‍ അവരെ മക്കയിലേക്ക് സ്വീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹാജിമാരുടെ ഒഴുക്കായിരുന്നു. ഹറമും പരിസരവും ജനനിബിഢമായി. പ്രായം എഴുപത് കഴിഞ്ഞവരായിരുന്നു ഇന്ത്യയില്‍ നിന്നെത്തിയവരില്‍ ഏറെയും. സംവിധാനങ്ങളുടെ ബാഹുല്യവും പരിചിതമല്ലാത്ത ഭാഷയും പരിസരവും. ഒന്നു കണ്ണു പിഴച്ചാല്‍ പിന്നെ പരസഹായം തന്നെ ആശ്രയം.

    ഒരുപോലെ തോന്നിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍, റോഡുകള്‍, ജനബാഹുല്യം. കൂട്ടംതെറ്റി ഏറെ നേരത്തെ അലച്ചിലിനൊടുവില്‍ വളണ്ടിയര്‍മാരുടെ മുന്നിലെത്തിപ്പെടുന്ന ഹാജിമാരില്‍ പലരും അവശരും നടക്കാന്‍ കഴിയാത്തവരുമായിരിക്കും. നിറകണ്ണുകളോടെ നിസ്സഹായരായി മുഖത്തേക്കു നോക്കുന്ന പ്രായം ചെന്ന ഹാജിമാരുടെ മുഖം മറക്കാനാവില്ലെന്ന് ഹറം കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറായ ആര്‍എസ്സി വളണ്ടിയര്‍ നജിം തിരുവനന്തപുരം പറയുന്നു. കിംഗ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല പാലത്തിലൂടെ വളണ്ടിയര്‍ സംഘം തങ്ങള്‍ക്കു മാപ്പില്‍ നിര്‍ണയിച്ചു നല്‍കിയ മിനയിലെയും മുസ്ദലിഫയിലെയും പോയന്റുകളിലേക്ക് നീങ്ങി. ഇരുപത് വളണ്ടിയര്‍മാര്‍ക്ക് ഒരു വൈസ് ക്യാപ്റ്റന്‍. പ്രധാന റോഡുകള്‍, ജംറകള്‍, പാലങ്ങള്‍, വിവിധ ഹജ്ജ് മിഷനുകളുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍, ആശുപത്രികള്‍, മെട്രോ ട്രയിനുകളിലേക്കുള്ള വഴികള്‍ തുടങ്ങി എല്ലാ മേഖലകളിലും വളണ്ടിയര്‍മാരെ പ്രത്യേകം വിന്യസിച്ചിരുന്നു. മദീന റാബഗ്, യാമ്പൂ, ഖമീസ് മുശൈത്ത്, ജിസാന്‍, നജ്റാന്‍, അബഹ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടാം ബാച്ചിലേക്കുള്ള വളണ്ടിയര്‍മാര്‍ പുലര്‍ച്ചയോടെ ക്യാമ്പ് സൈറ്റിലെത്തി.

        രാവിലെ പത്തുമണിയോടെ രണ്ടാം ബാച്ച് തമ്പുകളുടെ നഗരിയിലേക്കു നീങ്ങി.നേരത്തെ ഷെഡ്യൂള്‍ ചെയ്തതനുസരിച്ച് ഇടതടവില്ലാതെ നാലുദിവസത്തെ സേവന ദിനങ്ങള്‍, ക്ഷീണം മറന്ന സമര്‍പ്പിത മനസ്സ്, ആത്മാര്‍ത്ഥമായ പരിചരണം എല്ലാം അനുഭവങ്ങളുടെ ഒരായിരം ചെപ്പുകള്‍ തുറന്നു വച്ചു. കിലോമീറ്ററുകള്‍ നടന്നും ദാഹം സഹിച്ചും, ഹാജിമാരെ താങ്ങി തോളിലേറ്റിയും, വീല്‍ചെയര്‍ ഉന്തിയും സഹജീവി സ്നേഹത്തിന്റെ പൊരുളറിഞ്ഞ മൂന്നു നാല് രാവുകള്‍.ത്വവാഫിനിടെ കാണാതായ ഭാര്യയെ ഏറെ നേരം തിരഞ്ഞ് അവശനായി പുറത്തു കാത്തിരിക്കുകയായിരുന്ന മലയാളി ഹാജി അപ്രതീക്ഷിതമായി മുന്നില്‍ എത്തിപ്പെട്ട ഭാര്യയെ കണ്ടതും ഹറമിന്റെ മുറ്റത്തു കുഴഞ്ഞു വീണതും ഒപ്പമായിരുന്നു. എണ്‍പത്തിയെട്ട് വയസ്സ് കഴിഞ്ഞ വയനാട് സ്വദേശിയായ ഹാജി മകളോടൊപ്പമാണ് ഹജ്ജിനെത്തിയത്. ജംറയില്‍ വച്ച് മകളുടെ കൈവിട്ടു പോയി. ഹാജി കൂട്ടം തെറ്റി. രണ്ടു ദിവസം കഴിഞ്ഞ്, ജിദ്ദയില്‍ നിന്നെത്തിയ ആര്‍എസ്സി വളണ്ടിയര്‍ ഹമീദ് ഹാജിയെ കാണുമ്പോള്‍ മനോനില തെറ്റിയ നിലയിലായിരുന്നു. “ഞാനും മകളും ചായ കുടിക്കാന്‍ കോഴിക്കോട്ടിറങ്ങിയതാ… മകളെവിടെപ്പോയി എന്നറിയില്ല.” ടെന്റിലെത്തുമ്പോള്‍ പിതാവിനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതി വിഷമിച്ചിരിക്കുകയായിരുന്നു മകള്‍. *** ബുറൈദയില്‍ നിന്നു വളണ്ടിയറായെത്തിയതാണ് മുസ്തഫ. ആദ്യദിവസം തന്നെ – അറഫയില്‍ നിന്നു കൂട്ടം തെറ്റി വഴിയരികില്‍ അവശനായി കിടക്കുന്ന മലയാളി ഹാജിയെ കണ്ടു. വല്ലാതെ ക്ഷീണിച്ചിരുന്നു. തൊട്ടടുത്ത ക്ളിനിക്കില്‍ എത്തിച്ചു ശുശ്രൂഷ നല്‍കിയ ശേഷം ടെന്റിലെത്തിച്ചു. രണ്ടുനാള്‍ കഴിഞ്ഞ് ഹാജിയുടെ അവസ്ഥ അന്വേഷിച്ചെത്തിയ മുസ്തഫ കേട്ടത് ഹാജി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയാണ്. പ്രായം ചെന്ന ഒരു ആഫ്രിക്കന്‍ ഹാജി. മാതൃഭാഷയില്‍ പലതും പറയാന്‍ ശ്രമിക്കുന്നുണ്ട്. കൃത്യമായ രേഖയുമില്ല. തന്നെ പ്രതീക്ഷയോടെ നോക്കുന്ന ഹാജിയെ ഉനൈസ് കൈവിട്ടില്ല. കിലോമീറ്ററുകള്‍ താണ്ടി, അതിസാഹസികമായി ടെന്റിലെത്തിച്ചു. തന്റെ സഹയാത്രികരോടൊപ്പം എത്തിയപ്പോള്‍ ഹാജി ഉനൈസിനെ വാരിപ്പുണര്‍ന്ന് ഉമ്മവച്ചു. കൈകള്‍ വാനിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. സന്തോഷം ആനന്ദക്കണ്ണീരായി നിറഞ്ഞൊഴുകി. ***

യാമ്പൂവില്‍ നിന്നെത്തിയ അബൂബക്കര്‍ സിദ്ദീഖിന് മുമ്പില്‍ ഒരു തടിച്ച ഈജിപ്തുകാരനായ ഹാജി. തിരിച്ചറിയാന്‍ ഒരു രേഖയുമില്ല. നടക്കാനാവുന്നില്ല. നന്നെ ക്ഷീണിച്ചിട്ടുണ്ട്. വീല്‍ ചെയര്‍ വരുത്തി- ഇരുന്നപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. *** ക്യാപ്ടന്‍ നിശ്ചയിച്ചു നല്‍കിയ ജംറ പാലത്തില്‍ സേവനത്തിലായിരുന്നു അബ്ദുല്‍ ഖാദര്‍. പാലത്തില്‍ ഒരു പാക്കിസ്താനി തളര്‍ന്നു കിടക്കുന്നു. പ്രായം അറുപത്തിയഞ്ച് പിന്നിട്ടിട്ടുണ്ട്. എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. പറ്റെ അവശനാണ്. ആരും കൂടെയില്ല. സഹായിക്കാനാരുമില്ല. ആംബുലന്‍സിനായി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. പിന്നെയൊന്നും ആലോചിച്ചില്ല. സഹ വളണ്ടിയറോടൊപ്പം തോളിലേറ്റി. പാലത്തില്‍ നിന്നും താഴെയിറക്കി സാഹസികമായി ഹോസ്പിറ്റലിലെത്തിച്ചു. അധികൃതര്‍ക്ക് ആശ്ചര്യം. ആര്‍എസ്സി വളണ്ടിയര്‍മാരുടെ സേവന തല്‍പ്പരതയെ ഡോക്ടര്‍മാരടങ്ങുന്ന സംഘം ഏറെ പ്രശംസിച്ചു. സംഘത്തെ വഴിപിരിഞ്ഞ ആന്ധ്രക്കാരി ഭക്ഷണവും വെള്ളവുമില്ലാതെ ടെന്റ് അന്വേഷിച്ചു നടക്കുന്നു. നാലു ദിവസം മുമ്പ് കൂട്ടുകാരെ കൈവിട്ടതാണ്. പരവശയായി കാണപ്പെട്ട സ്ത്രീക്ക് സംസാരിക്കാന്‍ നാവ് പൊങ്ങുന്നില്ല. പ്രതീക്ഷയറ്റ മുഖം. യാമ്പുവില്‍ നിന്നുള്ള അന്‍വര്‍ ടെന്റ് തേടിപ്പിടിച്ച് എത്തിച്ചപ്പോള്‍ ഒരു പുനര്‍ജ•ം കൈവന്ന പ്രതീതി. തലയില്‍ കൈവച്ച് ദുആ.ബുറൈദയില്‍ നിന്നുള്ള കെ ടി അലവിക്കുണ്ടായത് വിചിത്രമായൊരനുഭവം. ജംറയിലേക്കെത്താന്‍ സഹായമാവശ്യപ്പെട്ട് എത്തിയ കാശ്മീരി ഹാജിയെ കൈപിടിച്ച് ജംറ വരെ എത്തിച്ചപ്പോള്‍ അലവിയുടെ കൈയില്‍ നിന്നു കുതറിമാറി ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് മറഞ്ഞുപോയി. ഏറെ നേരം ഹാജിയെ തിരക്കിയ വളണ്ടിയര്‍ മറ്റൊരു ഹാജിയെയും കൊണ്ട് തിരിച്ചു നടന്നു.നടന്നു നടന്നു കാല്‍മുട്ടു രണ്ടും നീരു വന്നു വീര്‍ത്ത കാസര്‍ക്കോട്ടുകാരായ ദമ്പതികള്‍. ടെന്റ് തിരഞ്ഞു മണിക്കൂറുകള്‍ അലഞ്ഞു. വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ നഷ്ടപ്പെട്ടു. ദാഹവും വിശപ്പും. ഒരടി ഇനി മുന്നോട്ടു നടക്കാനാവില്ല. സഹായത്തിനു ഭാഷ തടസ്സം. റിയാദില്‍ നിന്നുള്ള അബ്ദുല്‍ ഖാദര്‍ ഒരു നിയോഗം പോലെ അവര്‍ക്കു മുമ്പില്‍ വന്നു നിന്നു. അലക്ഷ്യമായി ഇരിക്കുന്ന അവരോട് കാര്യം തിരക്കി. അവര്‍ സംഭവം വിവരിച്ചു. അറഫയില്‍ നിന്നു തുടങ്ങിയ നടത്തമാണ്. ഇനി എവിടേക്ക് പോകണമെന്നറിയില്ല. ജംറയിലെ കല്ലേറും നടന്നിട്ടില്ല. പ്രാഥമിക കാര്യങ്ങള്‍ക്കു കൂടി പരസഹായമില്ലാതെ വയ്യ. ഒരു ഓട്ടോ കിട്ടുമോ? അബ്ദുല്‍ ഖാദര്‍ വീല്‍ചെയറില്‍ അവരെ മാറി മാറിയിരുത്തി ഒരു വിധം ടെന്റിലെത്തിച്ചു. പിന്നെ ഒരു കൂട്ടപ്രാര്‍ത്ഥനയായിരുന്നു. എന്റെ മോനായി നീ പിറന്നില്ലല്ലോ എന്ന് ഉള്ളുനിറഞ്ഞ അഭിനന്ദനം. ഞങ്ങളുടെ മക്കളെ തീര്‍ച്ചയായും ഈ സ്നേഹസംഘത്തില്‍ അംഗമാക്കുമെന്ന പ്രതിജ്ഞ ആ ദമ്പതികള്‍ പരസ്യമായി പ്രഖ്യാപിച്ചു.

 ‘ഹദ്ഫുനാ റാഹതുല്‍ ഹജ്ജാജ്’ ആര്‍എസ്സി വളണ്ടിയറുടെ കോട്ടില്‍ ഉല്ലേഖനം ചെയ്ത പ്രൌഢമായ മുദ്രാവാക്യം പോലെ തന്നെയായിരുന്നു ഓരോ വളണ്ടിയറുടെയും സേവനം. ഹാജിമാരുടെ സംതൃപ്തി മാത്രമായിരുന്നു ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ അഞ്ഞൂറ് വളണ്ടിയര്‍മാരുടെ ക്യാമ്പ് സന്ദര്‍ശിച്ച എപി ഉസ്താദ് പ്രഖ്യാപിച്ച ആയിരം വളണ്ടിയര്‍മാര്‍ എന്നത് പ്രാവര്‍ത്തികമാക്കി 1132 വളണ്ടിയര്‍മാരുമായാണ് ആര്‍എസ്സി ഇത്തവണ സേവനത്തിനെത്തിയത്. അടുത്ത വര്‍ഷം ഇതിലും കൂടുതല്‍ പേരെ സേവനരംഗത്തിറക്കാമെന്ന പ്രതീക്ഷക്ക് കരുത്തു പകരുന്ന സമര്‍പ്പണമായിരുന്നു വളണ്ടിയര്‍മാരില്‍ നിന്നുണ്ടായത്. ഇന്ത്യന്‍ പതാകക്കു മുകളില്‍ രിസാല എന്നു ബ്രാക്കറ്റില്‍ മലയാളത്തില്‍ അടയാളപ്പെടുത്തിയിരുന്നു. ആര്‍എസ്സി എന്നു മുദ്രണം ചെയ്ത മഞ്ഞത്തൊപ്പിയും ഫ്ളൂറസന്റ് ഇളം പച്ച ജാക്കറ്റും വെള്ള ഷര്‍ട്ടുമായിരുന്നു ആര്‍എസ്സി സ്നേഹസംഘം വാര്‍ത്തെടുത്ത വളണ്ടിയര്‍മാരുടെ വേഷം.

        എല്ലാവരെയും സ്നേഹത്തില്‍ ചാലിച്ച മനഃശാസ്ത്ര സമീപനത്തിലൂടെ സമീപിച്ചാണ് വളണ്ടിയര്‍മാര്‍ കൈയിലെടുത്തത്. മക്കളില്‍ നിന്നു പ്രതീക്ഷിക്കുന്ന സ്നേഹവായ്പ്.ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെ നടന്നു വലഞ്ഞവര്‍, നീരുവന്നു വീര്‍ത്ത കാലുകള്‍ക്ക് താങ്ങാനാവാതെ ശരീരം തളര്‍ന്നിരിക്കുന്നവര്‍, ആംഗ്യം കാണിച്ച് സഹായമാവശ്യപ്പെട്ടവര്‍, സമനില തെറ്റി പരിസര ബോധം നഷ്ടപ്പെട്ടവര്‍, ഫോണും തിരിച്ചറിയല്‍ രേഖയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവര്‍, മക്കളെ നഷ്ടപ്പെട്ട ഉമ്മമാര്‍ – വളണ്ടിയര്‍മാരുടെ മുമ്പിലെത്തുന്ന അഞ്ചും പത്തും പേര്‍ ഒരേ സമയം സഹായമാവശ്യപ്പെട്ട് ദൈന്യതയൂറുന്ന കണ്ണുകളോടെ നില്‍ക്കുമ്പോള്‍ എല്ലാവരെയും ഒരേ സമയം സഹായിക്കാനാവാത്ത നിസ്സഹായാവസ്ഥ. പരമാവധി സേവനം ചെയ്ത് സഹജീവികളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുകയായിരുന്നു വളണ്ടിയര്‍മാര്‍.രണ്ട് ഷിഫ്റ്റിലായി ഇരുപത്തിനാല് മണിക്കൂറും സേവനനിരതരായ വളണ്ടിയര്‍മാര്‍ക്ക് മിനക്കടുത്ത് അസീസിയ്യയിലായിരുന്നു താമസമൊരുക്കിയത്. ഷമീം, ഉസ്മാന്‍ കുറുകത്താണി, മുഹമ്മദലി വലിയോറ, റഷീദ് വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ ഊട്ടുപുരയും എന്‍ജി. മുനീര്‍ വാഴക്കാടിനു കീഴില്‍ മെഡിക്കല്‍ വിംഗും. നൌഫല്‍ ചിറയില്‍, ഷബീര്‍ മാറഞ്ചേരി, ഹസൈനാര്‍ ബാഖവി എന്നിവര്‍ ക്യാമ്പ് ഓഫീസ് നിയന്ത്രിച്ചു.ക്യാമ്പ് സെറ്റില്‍ പ്രവര്‍ത്തിച്ച മീഡിയാ സെല്‍ സദാസമയവും പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. ആവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കിക്കൊണ്ടിരുന്നു. ഖലീല്‍ റഹ്മാന്‍, ആഷിഖ് നേതൃത്വം നല്‍കി.വിവിധ ആശുപത്രികളും ക്ളിനിക്കുകളും സന്ദര്‍ശിച്ച് അഡ്മിറ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഹാജിമാരുടെ വിവരങ്ങള്‍ ശേഖരിച്ച് ഹജ്ജ് മിഷനു കൈമാറി. അബ്ദുല്‍ ബാരി പെരിമ്പലം, മുസ്തഫ ടീമിനായിരുന്നു ചുമതല.

      ഇബ്റാഹിം സഖാഫിയുടെ നേതൃത്വത്തിലുള്ള ദഅ്വ ടീം, ഹാജിമാരുടെയും പ്രവര്‍ത്തകരുടെയും കര്‍മ്മശാസ്ത്രപരമായ സംശയങ്ങള്‍ക്കു പരിഹാരമേകി. ഹജ്ജ് വളണ്ടിയര്‍ കോര്‍ ഭാരവാഹികളായ ഷരീഫ്, ജലീല്‍, മഹ്മൂദ് സഖാഫി മാവൂര്‍, അബ്ദുറഹീം കോട്ടക്കല്‍ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി ക്യാമ്പിലും മിനയിലും നിറഞ്ഞു നിന്നു. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുമെത്തിയ സംഘത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള അമ്പത്തിമൂന്ന് വളണ്ടിയര്‍മാരുടെ സേവനം സ്ത്യുത്യര്‍ഹമായി. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന പ്രവര്‍ത്തകരെയാണിത്തവണ കൂടുതല്‍ തിരഞ്ഞെടുത്തത്. പുതിയ പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യ പദങ്ങളുടെ വിവിധ ഭാഷകളിലുള്ള അര്‍ത്ഥമടങ്ങുന്ന ചാര്‍ട്ട് നേരത്തെ കൊടുത്തിരുന്നു. നേരിട്ടും ഓണ്‍ലൈന്‍ വഴിയും രണ്ടും മൂന്നും പരിശീലനങ്ങള്‍ കഴിഞ്ഞാണിക്കുറി വളണ്ടിയര്‍മാര്‍ എത്തിയത്.

      ദുല്‍ഹിജ്ജ പന്ത്രണ്ടിനു ക്യാമ്പ് സന്ദര്‍ശിച്ച സുന്നി നേതാക്കളുടെ സാന്നിധ്യം പ്രര്‍ത്തകര്‍ക്ക് ഏറെ ആവേശമായി. സയ്യിദ് ഖലീലുല്‍ ബുഖാരി, എ പി ഉസ്താദ്, എസ്എസ്എഫ് ദേശീയ അധ്യക്ഷന്‍ സയ്യിദ് തുറാബ് തങ്ങള്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, നാസര്‍ ഹാജി ഓമച്ചപ്പുഴ തുടങ്ങിയവരുടെ പ്രാര്‍ത്ഥനയും ഉപദേശവും അതോടൊപ്പം വളണ്ടിയര്‍മാരുടെ ഒന്നിച്ചുള്ള സംഗമവും ഹൃദ്യാനുഭവമായി.കൃത്യമായ ആസൂത്രണവും മുന്‍വര്‍ഷങ്ങളില്‍ നിന്നു ലഭിച്ച അനുഭവ സമ്പത്തും വിജയത്തിനു സഹായകമായി. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ എല്ലാ പിന്തുണയും ലഭിച്ചു. നേരത്തെ ആര്‍എസ്സി വളണ്ടിയര്‍കോര്‍ ഭാരവാഹികള്‍ ഹജ്ജ് കോണ്‍സല്‍ നൂര്‍ മുഹമ്മദ് ശൈഖുമായും കോണ്‍സല്‍ ജനറല്‍ അഹ്മദ് ക്വിദ്വായിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹാജിമാര്‍ക്ക് ചെയ്യേണ്ട സേവനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. വളണ്ടിയര്‍മാരുടെ സേവനം ഹജ്ജ് മിഷനും ഹജ്ജ് മന്ത്രാലയത്തിനും ഏറെ സഹായകമാണ്. ആയിരക്കണക്കിന് പോലീസ്, സ്കൌട്ട് മറ്റു സംവിധാനങ്ങള്‍, എല്ലാം അപര്യാപ്തമാവുന്ന മിനയില്‍ ഹാജിമാര്‍ക്ക് ഒരു കൈ സഹായമാവുകയാണ് മലയാളി സന്നദ്ധ കൂട്ടായ്മകള്‍.പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും കൂട്ടം തെറ്റി എത്തുന്നതെന്ന് വളണ്ടിയര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടങ്ങളിലെ ഹജ്ജ്മിഷന്റെ പോരായ്മയോ, പരിശീലനക്കുറവോ അറിവില്ലായ്മയോ ആവാം കാരണം.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍, പോലീസ്, സ്കൌട്ട് വിഭാഗങ്ങള്‍, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രശംസ ആര്‍എസ്സി വളണ്ടിയര്‍മാര്‍ പിടിച്ചുപറ്റി.

      വളണ്ടിയര്‍മാരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയില്‍ ഭീമമായ പണം ചെലവുണ്ടെങ്കിലും സഹജീവി സ്നേഹം കാത്തു സൂക്ഷിക്കുന്ന കരുണയുള്ള ഹൃദയങ്ങള്‍ ഏറെ പിന്‍ബലമേകി. അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും – തീര്‍ച്ച. നാലു രാപകലുകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്നേഹത്തിന്റെ പരിശീലനക്കളരിയിലൂടെ സ്വായത്തമാക്കിയ സേവന മനസ്സ് ജീവിത കാലം മുഴുവന്‍ കൊണ്ടു നടക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇനിയൊരു ഹജ്ജ് കാലത്തിന്റെ വരവിനായി കൊതിച്ചുകൊണ്ട്, പുണ്യഭൂമിയോട് ആര്‍എസ്സി വളണ്ടിയര്‍മാര്‍ വിടചൊല്ലിയത്.

You must be logged in to post a comment Login