പി ജി

ബി ആര്‍ പി ഭാസ്കര്‍

     ‘നമുക്കെന്തിനാണ് വായിക്കുന്നര്‍, ചിന്തിക്കുന്നവര്‍, ലാല്‍ സലാം പി ജി’. സിവിക് ചന്ദ്രനില്‍ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ് പി ഗോവിന്ദന്‍പിള്ളയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.

     കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്ത് വിജ്ഞാന പ്രദങ്ങളായ നിരവധി പുസ്തകങ്ങളാണ് പി ജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ കണ്ടത്. ഇനിയും ധാരാളം അറിവു പകര്‍ന്നു തരാന്‍ അദ്ദേഹത്തിനുണ്ടെന്നും ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കാത്ത സമയവുമായി മത്സര ഓട്ടത്തിലാണ് അദ്ദേഹമെന്നും വ്യക്തമായിരുന്നു. ഒരു ജ•നാളില്‍ ആശംസ അറിയിക്കാന്‍ ചെന്നപ്പോള്‍ അതിനാല്‍ അദ്ദേഹം എത്രമാത്രം ക്ളേശം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. പതിവുപോലെ പിറന്നാളിനും അദ്ദേഹം എ കെ ജി ഭവനിലെ മുറിയിലെത്തി വായനയിലും എഴുത്തിലും മുഴുകി. നല്ല പ്രകാശമുള്ള മേശവിളക്കിനരികിലാണ് ഇരിപ്പ്. കട്ടിയുള്ള കണ്ണട ധരിച്ചിട്ടുണ്ട്. പക്ഷെ ഭൂതക്കണ്ണാടി (മാഗ്നിഫയിംഗ് ഗ്ളാസ്) കൂടി ഉണ്ടായാലേ അച്ചടിച്ചതുപോലും വായിക്കാനാവൂ.

     കക്ഷിരാഷ്ട്രീയം ജീവിതത്തിന്റെ നല്ല പങ്ക് അപഹരിച്ചിരുന്നില്ലെങ്കില്‍ പിജിയില്‍ നിന്ന് എത്രയോ അധികം കൃതികള്‍ എത്രയോ നേരത്തെ ലഭിക്കുമായിരുന്നല്ലോ എന്ന് ഞാന്‍ ചിന്തിച്ചുപോയി. പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയെ തുടര്‍ന്ന് ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റിംഗ് ഉള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവായത് വിശാല സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്രദമായ ഭൌതിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അദ്ദേഹത്തെ സഹായിച്ചു. പാര്‍ട്ടിയുടെ ശിക്ഷാ നടപടി നാടിന് ഗുണകരമായെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിയില്‍ ആത്മാര്‍ത്ഥത എപ്പോഴും പ്രകടമായിരുന്നു.

      വ്യത്യസ്ത മേഖലകളില്‍ വികസിച്ചു കൊണ്ടിരുന്ന പുതിയ അറിവുകള്‍ മനസ്സിലാക്കുകയും അവ മലയാളി സമൂഹത്തിന് പകര്‍ന്നു നല്‍കുകയുമാണ് പി ജി അവസാന കാലത്ത് ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഒരു സര്‍വകലാശാല ചെയ്യേണ്ടത് ഒറ്റക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സര്‍വകലാശാലകള്‍ കര്‍ത്തവ്യം ഫലപ്രദമായി നിര്‍വഹിക്കുന്നില്ലെന്നത് ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കഠിനയത്നത്തിന്റെ പ്രാധാന്യം വ്യക്തമാകും. കേരളത്തിലെ കലുഷിതമായ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരു സര്‍വകലാശാല പ്രൊഫസറായിരുന്നെങ്കില്‍ പാര്‍ട്ടി സൈദ്ധാന്തികനെന്നതിനപ്പുറം നിരവധി തലമുറകളുടെ ചിന്തയെ സ്വാധീനിച്ച ധിഷണാശാലിയായി പി ജി രൂപാന്തരപ്പെടുമായിരുന്നെന്നാണ് എന്റെ വിശ്വാസം.

      ദീര്‍ഘകാലം പുറത്തായിരുന്ന ഞാന്‍ കേരളത്തില്‍ ഒരു പൊതു വേദിയില്‍ ആദ്യമായി പങ്കെടുത്തത് പി ജിയുമൊത്താണ്. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും കമ്യൂണിസ്റ് ഭരണകൂടങ്ങള്‍ നിലംപൊത്തുന്ന സമയത്ത് ഡെക്കാന്‍ ഹെറാര്‍ഡിനു വേണ്ടി ഞാന്‍ ആ രാജ്യങ്ങളില്‍ ഒരു മാസം ചെലവഴിക്കുകയുണ്ടായി. മടക്കയാത്രയില്‍ ഡല്‍ഹിയില്‍ കെ പി ഉണ്ണിക്കൃഷ്ണനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അക്കൊല്ലത്തെ സി കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്താന്‍ ആളെ അന്വേഷിക്കുകയായിരുന്നു. കിഴക്കന്‍ യൂറോപ്പിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം ഞാന്‍ സ്വീകരിച്ചു. കോട്ടയത്തായിരുന്നു പരിപാടി. എന്നെക്കൂടാതെ സംസാരിക്കാനുണ്ടായിരുന്നത് പിജി മാത്രം. അദ്ദേഹം സംസാരിക്കുന്നതാകട്ടെ എനിക്കു ശേഷവും. എന്റെ നിരീക്ഷണങ്ങളോട് അദ്ദേഹം കര്‍ക്കശമായി പ്രതികരിക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍ അദ്ദേഹം ഞാന്‍ നിരത്തിയ വസ്തുതകളെ നിഷേധിക്കാനോ അവഗണിക്കാനോ ശ്രമിച്ചില്ല. കിഴക്കെ യൂറോപ്പിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം സ്വീകാര്യമാണെന്നും എന്നാല്‍ അതിനോടൊപ്പം ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലും ഇറ്റലിയിലെ ഒരു നഗരത്തിലും ആയിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ് പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും തെക്കെ അമേരിക്കയിലും ഇടതു പ്രസ്ഥാനങ്ങള്‍ വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസവും സത്യവും തമ്മില്‍ ഒരിക്കലും പൊരുത്തക്കേടുണ്ടായിരുന്നില്ല.

2 Responses to "പി ജി"

  1. Karimt10  February 21, 2013 at 6:09 am

    IT IS VERY GOOD TO INCLUDE THE REVIEW ABOUT THE LEADERS OF OTHER COMMUNITIES AND ORGANAISATIONS

  2. Karimt10@yahoo.com  February 21, 2013 at 6:17 am

    NOW RISALA ONLINE IS 80% OK …BUT NOT BETTER THAN THE PREVIOUS..THERE SHOULD BE BASIC STUDIES ABOUT HADITH,THE IMPORTANCE OF IJMAU…,ABOUT SALAFISM: ALSO INCLUDE LETTERS OF READERS…GOOD LUCK

You must be logged in to post a comment Login