നൂല്‍മദ്ഹും കപ്പപ്പാട്ടും മൂളുന്നതെന്താണ്?

സ്വാലിഹ് പുതുപൊന്നാനി

ഭൌതിക സൌകര്യങ്ങളുടെ ആധിക്യമില്ല ജീവത്തായ ഒരു സമൂഹത്തിന്റെ ലക്ഷണം. ജീവനുള്ള മനസ്സാണ്. മരിക്കാത്ത ആത്മാവാണ്. ഉള്ളിലുറയുന്ന കറകളഞ്ഞ ജൈവബോധമാണ്. അതൊക്കെയും മേളിച്ച കേരളത്തിന്റെ ഗതകാല ആത്മീയ ഈവിടുവെപ്പുകളെപ്പറ്റിയുള്ള പരമ്പര തുടരുന്നു.

മഖ്ദൂമുമാര്‍ക്കും കോഴിക്കോട്ട് ഖാസി ഉലമാക്കള്‍ക്കും ശേഷം പിന്നെയും താരകങ്ങള്‍ വന്നു. പൊന്നാനിയില്‍ മഖ്ദൂം എന്ന പ്രത്യേക പദവി വഹിച്ച പത്താമനാണ് ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം (മ.ഹി.1141). അദ്ദേഹത്തിന്റെ ശിഷ്യ പ്രമുഖനാണ് അബ്ദുസ്സലാം മഖ്ദൂം. (മ.ഹി.1153). ഇസ്ലാമിക ദാര്‍ശനികതയും പ്രവാചക സ്നേഹവും നര്‍മബോധവും ഒന്നിച്ചുമേളിച്ച കപ്പപ്പാട്ടിന്റെ കര്‍ത്താവ് കുഞ്ഞായിന്‍ മുസ്ലിയാരുടെ ബഹുമാന്യ ഗുരുനാഥന്‍മാരായിരുന്നു, അവരിരുവരും. പരിശുദ്ധ റൌളയെക്കുറിച്ച്, റൌളയില്‍ വസിക്കുന്ന മുത്തുനബിയെക്കുറിച്ച് മുത്തുനബിയെ വിളിച്ച് കുഞ്ഞായിന്‍ പാടുന്നു.27

“യെഴുതാതെ അപ്പട്ടും കൊണ്ടു കുളത്തീ
വാരും വഴിക്കൊരു മാളികയുണ്ട്.
(ഹജ്ജ് കര്‍മ്മങ്ങള്‍ കഴിഞ്ഞ് വരു
ന്നവര്‍ക്ക് മദീനത്തെ മാളിക പരിചയപ്പെടുത്തുകയാണ്)
ഉണ്ടതില്‍ മുത്ത് കുലവെച്ച കപ്പല്‍
ഉണ്മയില്‍ മേഘം തണലിട്ട കപ്പല്‍
പായും കൊടിചീട്ടും കത്തേറ്റകപ്പല്‍
കൊണ്ടാടും വേലയില്‍ മണ്ടാടും കപ്പല്‍
കോനവന്‍ നിന്റെ തിരുവെള്ളക്കപ്പല്‍

ഇണ്ടല്‍ ഉലകരും ചെന്നു വിളിച്ചപ്പോള്‍
ഈടേറ്റം പെറ്റവര്‍ യാ റസൂലല്ലാഹ്
നീലക്കൊടികൊണ്ടവര്‍ യാ റസൂലല്ലാഹ്
നീതി വന്തോര്‍ ആലത്തില്‍ യാ റസൂലല്ലാഹ്
ബദ്റില്‍ തെളിന്തെങ്കില്‍ യാ റസൂലല്ലാഹ്

തിരുറൌളയിലെത്തുന്ന പ്രവാചകപ്രേമികളെ
കുഞ്ഞായന്‍ മുസ്ലിയാര്‍ മനസ്സില്‍ കാണുന്നു.28
ശീലഗുണം നല്ലെ ഖാജാക്കരിയേ
സലാം ചൊല്ലി അന്യായംനിപ്പോര്‍
നിപ്പാന്‍ നിനക്ക് കൊതിയില്ലപൊട്ടാ…

അവിടെ ചെന്നിട്ട് അന്യായം പറയാതെ പോരുന്നവന്‍ വിവരം കെട്ടവനാണെന്ന് കുഞ്ഞായിന്‍ മുസ്ലിയാര്‍. അക്കൂട്ടത്തില്‍ പെട്ടുപോകരുതെന്ന് കുഞ്ഞായിന്‍ മുസ്ലിയാര്‍ക്ക് ഉല്‍ക്കടമായ അഭിലാഷമുണ്ട്.29

ബാധിച്ചും റൌളാക്കരിയെ ഞാന്‍ നിപ്പാന്‍
വാഴുന്നനായനെയേകണം അല്ലാഹ്
കണ്ണില്‍ മണിയായ റൌള ഞാന്‍ കണ്ട്
ഖല്‍ബ് തിളങ്കുവാന്‍ യേകണം അല്ലാഹ്
യെണ്ണം മികച്ചോരെ റൌള ഞാന്‍ കണ്ട്
യേറ്റം സലാം ചൊല്‍മാന്‍ യേകണം അല്ലാഹ്
പുന്നാര ഖോജാന്റെ റൌള ഞാന്‍ കണ്ട്
പുണ്യം തേടുവാന്‍ യേകണം അല്ലാഹ്
മന്നര്‍ വേദാമ്പര്‍ റൌള ഞാന്‍ കണ്ട്
മാറാതെ നിപ്പാന്‍ വഴക്കുണം യാ അല്ലാഹ്
മുത്ത് വേദാമ്പറെ റൌള ഞാന്‍ കണ്ട്
മുത്തിമണം കൊള്‍വാന്‍ യേകണം അല്ലാഹ്…

റൌളയിലെ തിരുമുത്തല്ലാതെ മറ്റാര് എന്നു ചോദിക്കുന്ന കുഞ്ഞായിന്‍ മുസ്ലിയാരില്‍ നിന്ന് കേരളീയ ഇസ്ലാമിന്റെ മുഖ്യധാര എന്തായിരുന്നെന്നറിയണം.

“ചിത്തിരമുത്തുള്ളെ റൌള ഞാന്‍ കണ്ട്
ചേര്‍ന്നു വിളിപ്പാന്‍ അരുളണം അല്ലാഹ്
ഓര്‍ക്കുകില്‍ മറ്റ് നമുക്കാരാനുമുണ്ടോ
ഓടിപ്പിടിച്ചിട്ടുണപ്പിച്ചു കൊള്‍വാന്‍?30
അവിടം ചെന്നുകണ്ട് പറഞ്ഞാല്‍ ശഫാഅത്ത് കിട്ടുമെന്ന വലിയ പ്രതീക്ഷയിലാണ് ആ ദാര്‍ശനിക കവി.
വേറെ വിഴക്കൂലും നാം ഒത്ത് ചെന്നാല്‍
യേറ്റം ശഫാഅത്ത് ചെയ്യും നമുക്ക്
ചേര്‍ന്നു നാം എല്ലാരും ഒന്നൊത്ത് ചെന്നാല്‍
ചൊക്കര്‍ ശഫാഅത്ത് ചെയ്യും നമുക്ക്
കൂറിട്ട് നാം ഒത്ത് കൂസാതെ ചെന്നാല്‍
ഖാജാ ശഫാഅത്ത് ചെയ്യും നമുക്ക്.31
മനുഷ്യരാശിയുടെ സംരക്ഷണം ഏറ്റെടുത്ത രക്ഷാകപ്പലാണു കുഞ്ഞായിന്‍ മുസ്ലിയാര്‍ക്ക് മുത്തുനബി(സ).
കപ്പല്‍ നമുക്കിതുപോലെ മറ്റുണ്ടോ?
കാരിയം മറ്റിത് പോലെ ഒന്നുണ്ടോ?32

കുഞ്ഞായിന്‍ മുസ്ലിയാരുടെ ദാര്‍ശനിക സ്വഭാവമുള്ള പ്രവാചക പ്രകീര്‍ത്തന ചരിത്ര കാവ്യമാണ് നൂല്‍ മദ്ഹ്. കാവ്യത്തിന്റെ ആമുഖത്തില്‍ തന്നെ, നബിതങ്ങളുടെ പദവിയെ മുന്‍ നിര്‍ത്തിയുള്ള തവസ്സുല്‍ പ്രാര്‍ത്ഥയിങ്ങനെ കാണാം:
“ബാധിത്ത് ഇ റസൂല്‍ പേര്‍ത്തും പുകളാല്‍ യെന്ന് പിഴ പൊറുത്ത് കൃപയെയും വല്ലഭാ!”33 മുത്തുനബിയെ കാണാനുള്ള തീവ്രാഭിലാഷമാണ് കവി നൂല്‍ മദ്ഹില്‍ പ്രകടിപ്പിക്കുന്നത്. മുത്തുനബിയുടെ സഹായവും (മദദ്) തുണയും ലഭിക്കുമോയെന്ന ആശങ്കയുള്ള കവി ചോദിക്കുന്നു:

മുത്ത് മാമണിയെ മുസ്തഫാവെ നീര്‍-
മദദും തുണ ആര്‍യെനില്‍ നീര്‍യെനും?34
റൌളയെ വിസ്മരിച്ചു ഭൌതികാനന്ദത്തില്‍ ആറാടുന്നവരെ കവി ആക്ഷേപിക്കുന്നു.
“ആടിനാടി നടന്തയെല്ലോ
ആരശാണ്ടെ റൌള മറന്ത് നീ
മതിലെങ്കും റൌളമറന്ത് നീ
വന്നിതേടില്‍ മികന്തല്ലേ?!35

കാവ്യത്തില്‍ അന്ത്യഘട്ടത്തില്‍ തന്റെ ഉസ്താദുമാര്‍ക്കും ശൈഖുമാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമുള്ള പ്രാര്‍ത്ഥനാ വരികളാണ്. കൂട്ടുകുടുംബങ്ങള്‍ വിട്ടുപോകുന്ന വിചാരണ വേളയില്‍ ‘കുടനല്‍ മുഹ്യിദ്ദീന്‍ കൊടി തണലില്‍’ രക്ഷ ആഗ്രഹിക്കുന്ന അദ്ദേഹം ‘ഖാജാ മുഹ്യിദ്ദീന്‍ തുണയും കൂട്ടി’ നബിയുല്ലാഹിയുടെ ശഫാഅത്ത് ലഭിക്കാന്‍ സാധിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നു.36 ഖാദിരി ത്വരീഖത്തിന്റെ ഖലീഫ പദവി വഹിച്ചിരുന്ന കുഞ്ഞായിന്‍ മുസ്ലിയാര്‍ മുഹ്യിദ്ദീന്‍ ശൈഖിനെക്കുറിച്ചെഴുതിയ നൂല്‍മാല, ഖാസി മുഹ്യിദ്ദീന്റെ മുഹ്യിദ്ദീന്‍ മാലക്കു ശേഷം രചിക്കപ്പെട്ട മനോഹരമായ മദ്ഹ് ഗാനമാണ്. മുഹ്യുദ്ദീന്‍ മാലയിലെ ഇസ്തിഗാസയെ വെല്ലുന്ന വരികളാണ നൂര്‍മാലയിലുള്ളത്. മഖ്ദൂമുമാര്‍ കൊണ്ടുതന്ന ഇസ്ലാമിക പാരമ്പര്യമാണിത്.

അനുബന്ധം ഒന്ന്: പോര്‍ച്ചുഗീസില്‍ നിന്നെത്തിയ അക്രമികള്‍ക്കെതിരെ സാമൂതിരി ഭരണത്തിനു കീഴില്‍ നിന്ന് ജിഹാദു പ്രഖ്യാപിച്ച മഖ്ദൂമുമാരുടെ സമര കൃതികളാണ് തഹ്രീളും തുഹ്ഫത്തുല്‍ മുജാഹിദീനും. ഹാകിമിയ്യത്ത് അല്ലാഹുവിന് മാത്രം എന്ന് ശാഠ്യം പിടിച്ച് അന്ന് മഖ്ദൂമുമാര്‍ക്കു പകരം മൌദൂദിയായിരുന്നെങ്കില്‍, ഒന്നു മനസ്സില്‍ കണ്ടു നോക്കൂ! കേരള മുസ്ലിംകളുടെ കഴിഞ്ഞ കാലം എന്തായിരിക്കും? ഭരണമില്ലാത്ത ദീന്‍ ജലരേഖയാണെന്നും സാമൂതിരി വച്ചുനീട്ടിയ പരിമിത സ്വാതന്ത്യ്രം ഹുകൂമത്തെ ഇലാഹിക്കു പകരമാകില്ലെന്നും ഒരു പത്രപ്രവര്‍ത്തകന്‍ എഴുതുകയും അതിനു സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കില്‍!

ഭരണം പിടിച്ചടക്കുവാന്‍ ഗൂഢനീക്കമുണ്ടെന്ന് ഭയന്ന്, ഭരണത്തിന്റെ ഉന്നത തലങ്ങളില്‍ നിന്ന് അന്നേ സാമൂതിരിമാര്‍ മാപ്പിളമാരെ അകറ്റി നിര്‍ത്തിയിരുന്നെങ്കില്‍…? മാപ്പിളമാരെ ഒതുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില്‍? സര്‍വ്വജ്ഞനായ റബ്ബ് മലയാളി മുസ്ലിംകളെ കാത്തു. ഇനിയും കാത്തുരക്ഷിക്കുമാറാകട്ടെ.
രണ്ട്: തവസ്സുല്‍/ ഇസ്തിഗാസ നിറഞ്ഞു നിന്ന രചനകളാണ് മഖ്ദൂമുമാരുടേതും അവരുടെ പിന്‍ഗാമികളുടേതുമെന്ന് പകല്‍ പോലെ വ്യക്തം. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതുന്നു: “കേരളത്തിലെ അതുല്യ മതപണ്ഡിത•ാരായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം, കുഞ്ഞായിന്‍ മുസ്ലിയാര്‍, വെളിയങ്കോട് ഉമര്‍ ഖാസി, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ (മമ്പുറം) മുതലായവര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ അവിരാമം പടപൊരുതിയിരുന്നു. ഉപരിസൂചിത പണ്ഡിത•ാരുടെ ഗ്രന്ഥങ്ങളിലും ഫത്വകളിലും പദ്യങ്ങളിലുമൊന്നും തന്നെ മണ്‍മറഞ്ഞവരോ ജീവിച്ചിരുന്നവരോ ആയ മഹാത്മാക്കളോടുള്ള ജാഹ്, ഫള്ല്‍, ബറകത്ത് മുതലായവ മുഖേനയുള്ള പ്രാര്‍ത്ഥന (ഇടതേട്ടം) കാണപ്പെടുന്നില്ല! പരേതാത്മക്കളുടെ പ്രാര്‍ത്ഥന(ഇസ്തിഗാസ)യും അവര്‍ക്ക് അപരിചിതമായിരുന്നു. പരേതാത്മക്കളോടുള്ള ഇസ്തിഗാസയും തവസ്സുലുമെല്ലാം പില്‍ക്കാലത്താണ് കേരള മുസ്ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.”37 കണ്ണടച്ചുള്ള ചരിത്രമെഴുത്ത്. ഇതല്ലേ ശരിക്കും അന്ധവിശ്വാസം. കരീം മാഷ് പുനര്‍വായിക്കപ്പെടേണ്ട ചരിത്രകാരനാണ്.

മൂന്ന്: മുന്‍കാലക്കാരുടെ വിശ്വാസവഴി പ്രകടമാണ്. ആ വഴിക്കുവരാന്‍ കൂട്ടാക്കാത്തവരോട് കുഞ്ഞായിന്‍ മുസ്ലിയാര്‍ക്ക് ചിലതു പറയാനുണ്ട്.
“കണ്ടിട്ടറിവാനോ കണ്ണില്ലെ പൊട്ടാ
കാരുണാര്‍ചോന്നേചൊല്‍ കേട്ടില്ലെ പൊട്ടാ
പണ്ടുള്ളോര്‍ ചൊല്ലിന്‍ പതിരുണ്ടോ പൊട്ടാ
പൈ തന്നെ പാലില്‍ കയ്പുണ്ടോ പൊട്ടാ
പട്ടം പൊളിഞ്ഞാല്‍ പറക്കുമോ പൊട്ടാ
പാലം മുറിഞ്ഞാല്‍ കിടക്കാമോ പൊട്ടാ…38
കുറിപ്പ്
27. കപ്പപ്പാട്ട് കുഞ്ഞായിന്‍ മുസ്ലിയാര്‍. ഉദ്ധ. കപ്പപ്പാട്ടും നൂല്‍ മദ്ഹും. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം.
28. അതേ പുസ്തകം.
29. അതേ പുസ്തകം.
30. അതേ പുസ്തകം.
31. അതേ പുസ്തകം.
32. അതേ പുസ്തകം.
33. നൂല്‍ മദ്ഹ്, കുഞ്ഞായിന്‍ മുസ്ലിയാര്‍.
34. അതേ പുസ്തകം.
35. അതേ പുസ്തകം.
36. അതേ പുസ്തകം.
37. കപ്പപ്പാട്ടും നൂല്‍ മദ്ഹും, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം. പുറം 42,43.
38. കപ്പപ്പാട്ട്, കാഞ്ഞായിന്‍ മുസ്ലിയാര്‍.

You must be logged in to post a comment Login