മര്‍കസ്; കാലം പണിതീര്‍ത്ത ലോകം

   Dr. A. P. J. Abdul Kalam_at_Markaz_8

മര്‍കസിന്‍റെ ഗതി നിര്‍ണയിച്ചത് സാമൂഹ്യാവസ്ഥകളാണ്. അതിനാല്‍ തന്നെ മര്‍കസിന് എന്നും നിറയൌവനമാണ്. ആകയാല്‍ 35 വര്‍ഷങ്ങള്‍ക്ക് കാലഗണന പ്രകാരമുള്ള വിശേഷണപദങ്ങള്‍ മര്‍കസിനൊപ്പം എഴുതിച്ചേര്‍ക്കുന്നത് അനുചിതമാവും.

സി മുഹമ്മദ് ഫൈസി

    ഒരു ദേശത്തിന്റെ സാമൂഹ്യാവസ്ഥകളോടു ചേര്‍ത്തു വച്ചുകൊണ്ടു മാത്രമേ ഏതു പ്രസ്ഥാനത്തെയും സ്ഥാപനത്തെയും കുറിച്ചുള്ള വിശകലനങ്ങള്‍ പൂര്‍ണമാവുകയുള്ളൂ. നടപ്പുകാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇടപെടലുകള്‍ നടത്തുമ്പോഴാണ് അതിനു ലക്ഷ്യപ്രാപ്തി സാധ്യമാവുന്നത്. വര്‍ത്തമാനത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നതിനെക്കാള്‍ പ്രധാനം ഭാവിയുടെ സാധ്യതയും സാഹചര്യങ്ങളും ദീര്‍ഘദര്‍ശനം ചെയ്യുകയെന്നതാണ്. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കര്‍മസാഫല്യത്തിന് ഒരടിക്കുറിപ്പ് തയ്യാറാക്കുമ്പോള്‍ ഇങ്ങനെയൊരാമുഖം ഒഴിവാക്കാനാവില്ല.

     നമ്മുടേത് ഒരു ബഹുസ്വര സമൂഹമാണ്. വിവിധ മതങ്ങള്‍, ദര്‍ശനങ്ങള്‍, ചിന്താധാരകള്‍, ജാതികള്‍, ഉപജാതികള്‍, അസംഖ്യം രാഷ്ട്രീയ കക്ഷികള്‍, സാമുദായിക സംഘടനകള്‍, വൈജ്ഞാനിക സംരംഭങ്ങള്‍… വൈവിധ്യം ഒരു നാടിന്റെ കരുത്തും കരളുറപ്പുമായി മാറുന്നതെങ്ങനെയെന്നതിന് ഇന്ത്യനവസ്ഥയെക്കാള്‍ മികച്ചൊരുദാഹരണം ചൂണ്ടിക്കാട്ടാനില്ല. ഈ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നാം നിരവധി സമരസാക്ഷാത്കാരങ്ങള്‍ക്കു സാക്ഷികളും പങ്കാളികളുമായി. ഈ ഒരുമയാണ് അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ട വിജയത്തെ ത്വരിതപ്പെടുത്തിയത്. ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം പോലും ബ്രിട്ടീഷ് വാഴ്ചയ്ക്ക് ആയുര്‍ദൈര്‍ഘ്യം നല്‍കിയില്ലെന്ന ചരിത്രപാഠം ദേശസ്നേഹത്തെയെന്നതിലുപരി വൈപുല്യം നിര്‍ണയിക്കാനാവാത്ത മനുഷ്യസ്നേഹത്തെയാണ് വിളംബരപ്പെടുത്തുന്നത്.
ഇസ്ലാമിന്റെ പ്രകാശനമാണ് മര്‍കസിന്റെ മഹദ്ദൌത്യം. സമ്പൂര്‍ണാര്‍ത്ഥത്തില്‍ സമഗ്രമാണ് ഇസ്ലാം. നമുക്കിന്ന് പരിചിതമായ ജ്ഞാനശാഖകളത്രയും ആധുനിക ലോകം ഇസ്ലാമില്‍ നിന്ന് കടം കൊണ്ടതാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാവതല്ല. സമരവും സഹനവും പ്രവാചക ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയവും ഭരണസംവിധാനവും പരാമര്‍ശിക്കാതെ ചാടിക്കടന്ന പ്രത്യയശാസ്ത്രമല്ല ഇസ്ലാം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും മമ്പുറം തങ്ങളും ഉമര്‍ഖാളിയും അധിനിവേശത്തിനെതിരെ സമരോത്സുകരായത് വിശ്വാസ പ്രചോദിതരായാണെന്ന കേരളാനുഭവം ആത്മീയതയില്‍ സമരം സമം ചേരുന്നതെങ്ങനെയെന്ന് വിളിച്ചറിയിക്കുന്നുണ്ട്.

    കേരളീയ മുസ്ലിംകള്‍ക്കിടയില്‍ അറിവുണര്‍വിന്റെ കാരണക്കാരായത് പണ്ഡിത•ാരും പള്ളി ദര്‍സുകളുമാണ്. പൊന്നാനിയില്‍ നിന്ന് സമുദായം പകര്‍ന്നെടുത്ത വിജ്ഞാന വെളിച്ചം നമ്മുടെ സാമൂഹ്യ പ്രക്രിയയെ വലിയൊരളവില്‍ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. ജാതിവൈരത്തിന്റെയും ദുരാചാരത്തിന്റെയും ഇരുട്ടില്‍ നിന്ന് വിവേചനരഹിതമായ മൂല്യവ്യവസ്ഥിതിയിലേക്ക് സമൂഹത്തെ വഴിനടത്തിയത് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൊന്നായി വാഴ്ത്തപ്പെടേണ്ടതാണ്. ദൌര്‍ഭാഗ്യവശാല്‍, ദേശത്തിന്റെ ചരിത്രമെഴുതിയവര്‍ മുസ്ലിം പണ്ഡിത•ാര്‍ നയിച്ച സാമൂഹ്യമുന്നേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്.

    തിരുനബി(സ)യുടെ ശിഷ്യ•ാര്‍ കേരളത്തിന് കൈമാറിയ, മഖ്ദൂമുമാര്‍ സജീവമാക്കിയ ജ്ഞാന പ്രകാശത്തിന്റെ കൈവഴികളിലൊന്നായാണ് 1978 ഏപ്രില്‍ 18 ന് മര്‍കസ് പിറവിയെടുക്കുന്നത്. മര്‍കസ് രൂപപ്പെട്ടുവന്ന കാലത്തിന്റെ സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥ കൂടി പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. കേരളത്തില്‍ അറുപതെഴുപതുകളിലുണ്ടായ തീവ്ര രാഷ്ട്രീയധാര ബൌദ്ധികമായ ചില ഉണര്‍വുകള്‍ക്കൊപ്പം അനാരോഗ്യകരമായ പലതിനും വഴി തുറന്നു. ലക്ഷ്യം കാണാതെ പോയ ആ അത്യുത്സാഹങ്ങള്‍ നമ്മുടെ നാട്ടിലെ യുവാക്കളിലൊരു വിഭാഗത്തെ അരാജകത്വത്തിലേക്കാണ് തെളിച്ചു കൊണ്ടുപോയത്. മുസ്ലിം സമുദായത്തിലും അത്തരക്കാരുടെ എണ്ണം കുറവായിരുന്നില്ല. ഇമ്മട്ടില്‍ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന പ്രതിസന്ധികളെ ആത്മീയോര്‍ജം കൊണ്ട് മറികടക്കാന്‍ പലരും ശ്രമിച്ചതിന് നാട്ടില്‍ ജീവിക്കുന്ന തെളിവുകളേറെയുണ്ട്.

    ‘എത്രമേലകലാം, ഇനി അകലാനിടമില്ലെന്നതുവരെ’ എന്ന മട്ടില്‍ ആധുനിക വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും രണ്ടുവഴിയേ സഞ്ചരിച്ച കാലമായിരുന്നു അത്. ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അകലം കുറയ്ക്കുന്നതിന്, 1973 ല്‍ ജ•മെടുത്ത എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായെങ്കിലും എല്ലാവര്‍ക്കും എല്ലാ വിദ്യാഭ്യാസവും പ്രാപ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് മര്‍കസിന്റെ പിറവി അനിവാര്യമാക്കിയ പശ്ചാത്തല ഘടകമാണ്.

      മുസ്ലിം സമൂഹത്തിലെ അത്യാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ മുന്നേറ്റം എന്ന നിലയില്‍ രംഗപ്രവേശം ചെയ്ത നവീന വാദികളുടെ ഒളിയജണ്ടകള്‍ ഏറെ വൈകാതെ മറ നീക്കി പുറത്തുവന്നു. മുന്‍ഗാമികളിലാര്‍ക്കും പരിചയമില്ലാത്ത പുതിയ മതത്തെ ഇസ്ലാമിന്റെ ലേബലുപയോഗിച്ച് സമൂഹത്തില്‍ വിറ്റഴിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിനെതിരെ വിശ്വാസികളെ ബോധവത്കരിക്കാന്‍ സ്ഥാപിതമായ പണ്ഡിതസഭ കേരളത്തില്‍ ഏറ്റവും പിന്തുണയുള്ള ഇസ്ലാമിക പ്രസ്ഥാനമായി നിലകൊണ്ടു. പ്രമാണങ്ങളെ തള്ളിയ പുതുവാദക്കാര്‍ പണ്ഡിത•ാരെ താറടിക്കാനും വില കുറച്ചു കാണിക്കാനും വല്ലാതെ തത്രപ്പെട്ടു. ഈ വക അഭ്യാസങ്ങളെ നിഷ്പ്രഭമാക്കാന്‍ സുന്നീ നേതൃത്വം തുടങ്ങിവച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയായി മര്‍കസിനെ വായിച്ചെടുക്കാവുന്നതാണ്.

    അറിവന്വേഷണങ്ങളെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് വിശുദ്ധ ഇസ്ലാം. ‘അറിവുടയവരും അല്ലാത്തവരും തുല്യരാണോ’യെന്ന ചോദ്യം വിശുദ്ധ ഖുര്‍ആന്റേതാണ്. പണ്ഡിത•ാര്‍ പ്രവാചക ശ്രേഷ്ഠരുടെ അനന്തരഗാമികളാണെന്ന തിരുദൂതര്‍(സ)യുടെ പ്രസ്താവം അറിവിനെ മതം എത്രമേല്‍ മഹിതമായി മാനിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ്. യുദ്ധത്തടവുകാര്‍ക്ക് പ്രവാചകര്‍ നിര്‍ദേശിച്ച ‘ശിക്ഷ’ അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് അത് പഠിപ്പിക്കുകയെന്നതായിരുന്നു. മറ്റേതു ചരിത്ര പുരുഷനെയാണ് നാമിങ്ങനെ വായിച്ചിട്ടുള്ളത്?

     അറിവ് ലോകത്തെ ദീപ്തമാക്കും. ജ്ഞാനികള്‍ ജനതക്ക് വഴി തെളിയിക്കും. ആത്മീയമായ അറിവിനും ഉണര്‍വിനും മാത്രമേ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാവാന്‍ കഴിയുകയുള്ളൂ. ഒരു വ്യക്തിക്ക്/സമൂഹത്തിന് ആത്യന്തികമായ അനുഭൂതി ലഭിക്കുന്നത് ആത്മീയാനുഭവങ്ങളില്‍ നിന്നാണെന്ന് ആരും അംഗീകരിച്ചു തരും. മനുഷ്യനെ അപഥ സഞ്ചാരങ്ങളില്‍ നിന്ന് ആത്മീയ സഞ്ചാരത്തിലേക്കു വഴിതിരിച്ചു വിടുന്ന ഉത്തരവാദിത്തമാണ് പണ്ഡിത•ാര്‍ക്ക് നിര്‍വഹിക്കാനുള്ളത്. തി• അപകടകരമാം വിധത്തില്‍ സമൂഹഗാത്രത്തെ ഗ്രസിക്കുമ്പോള്‍ ചികിത്സിക്കാനറിയുന്ന പണ്ഡിത•ാരെ ആവശ്യമായി വരും. മര്‍കസിന്റെ സന്തതികളില്‍ വലിയൊരു വിഭാഗം മതപണ്ഡിത•ാരാണ്. അവര്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ വിജയകരമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

     ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജ്, അനാഥശാല, ഇസ്ലാമിക് ആര്‍ട്സ്കോളജ്, ആര്‍ട്സ് &സയന്‍സ് കോളജ്, ഇംഗ്ളീഷ് സ്കൂളുകള്‍, ഐ ടി ഐ, പോളിടെക്നിക്, ഹോസ്പിറ്റല്‍…. മര്‍കസ് ഒരു സ്ഥാപന സമുച്ചയമാണെങ്കിലും ശരീഅത്ത് കോളജ് തന്നെയാണ് പ്രഥമഗണനീയം. മതപണ്ഡിത•ാരെ വാര്‍ത്തെടുക്കുന്നതിനുള്ള ഈ ഔത്സുക്യത്തിന്റെ ഗുണഭോക്താക്കള്‍ സമൂഹമാണ്. പണ്ഡിതരാല്‍ നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മതം അതിന്റെ തനതു തനിമയില്‍ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുന്നത്.

   മര്‍കസ് ആരംഭം മുതല്‍ താത്പര്യപ്പെട്ടത് വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണത്തിനാണ്. മര്‍കസ് രൂപപ്പെട്ട കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി വിദ്യാസമ്പന്നരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഇക്കാലയളവിലുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുകയോ വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുകയോ ചെയ്യേണ്ട ദുരവസ്ഥ ഇന്നില്ല. ഒപ്പം ശാസ്ത്ര സാങ്കേതിക രംഗത്ത് നമ്മുടെ രാജ്യം സമീപ കാലത്ത് വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. ഇതിനൊരു മറുവശം കാണാതിരുന്നൂ കൂടാ; സമൂഹത്തില്‍ തി•കള്‍ പ്രളയം തീര്‍ക്കുകയാണ്. എല്ലാ സാങ്കേതിക വിദ്യകളും ദുരുപയോഗപ്പെടുത്തുന്നു. സ്ഫോടനങ്ങള്‍, അഴിമതി, പെണ്‍വാണിഭം, മാഫിയാ വാഴ്ച, കൊള്ള, പിടിച്ചുപറി, സ്ത്രീ പീഡനങ്ങള്‍… വാര്‍ത്തകളിലെ വലിയ തലക്കെട്ടുകളായി ഇതെല്ലാം നമ്മുടെ ജീവിതത്തെ അലോസരപ്പെടുത്തുകയും സ്വൈരം കെടുത്തുകയും ചെയ്യുന്നു. പല സംഭവങ്ങളിലും പിടിക്കപ്പെടുന്നതാവട്ടെ, അഭ്യസ്തവിദ്യരും. ഒരു വ്യക്തിയെ സംസ്കാര സമ്പന്നനാക്കുന്നതിന് ക്ളാസ് റൂമുകളിലെ വിദ്യാവ്യായാമങ്ങള്‍ മാത്രം മതിയാകില്ല. ധാര്‍മികബോധം പുതുതലമുറക്ക് പകരാന്‍ അധ്യാപകനു സാധിക്കണം. അത്തരത്തില്‍ നമ്മുടെ സിലബസും ക്ളാസ് മുറികളും പുന:സംവിധാനിക്കപ്പെടണം.
വിദ്യാഭ്യാസ സ്ഥാപനമായാണ് പിറവി കൊണ്ടതെങ്കിലും മര്‍കസിന്റെ പ്രവര്‍ത്തന മണ്ഡലം ആ മേഖലയില്‍ മാത്രം പരിമിതപ്പെട്ടതല്ല. ഒരു സ്ഥാപനത്തിനും ഇക്കാലത്ത് ഏകമുഖഭാവത്തോടെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നതാണ് സത്യം. കാരണങ്ങള്‍ പലതാണ്. മദ്യത്തിലും ലഹരിയിലും ജീവിതത്തിന്റെ ആനന്ദം കണ്ടെത്തുന്ന തലമുറക്ക് മുക്തി മാര്‍ഗം കാണിച്ചുകൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. സ്വതന്ത്ര ലൈംഗികതയും സ്വവര്‍ഗ പ്രണയങ്ങളും നടപ്പുശീലങ്ങളാക്കി മാറ്റിയ സാമൂഹ്യ വ്യവസ്ഥയെ നമുക്ക് പുതുക്കിപ്പണിയണം. സാമ്പത്തിക ദാരിദ്യ്രം വിശ്വാസ ദാരിദ്യ്രത്തിലേക്ക് സഹജീവികളെ തള്ളിവിടുമ്പോള്‍ അവര്‍ക്കൊരു കൈ സഹായം നല്‍കാതെ പിന്തിരിയാന്‍ ധര്‍മബോധമുള്ളവര്‍ക്കാവില്ല തന്നെ. മര്‍കസിന്റെ കര്‍മമണ്ഡലം വികസിപ്പിച്ചത് ഇത്തരം ചില തിരിച്ചറിവുകളാണ്.

   കേരളത്തില്‍ നിന്ന് തുലോം വ്യത്യസ്തമാണ് ഇതര സംസ്ഥാനങ്ങളിലെ, വിശിഷ്യാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മതപരിസരം. മതപഠനത്തിന് വ്യവസ്ഥാപിത സംവിധാനമോ കരുത്തുറ്റ നേതൃത്വമോ അവിടെയില്ല. ആത്മീയ നേതാക്കളെക്കാള്‍ രാഷ്ട്രീയ നേതാക്കളാണ് അവിടങ്ങളിലെ മുസ്ലിംകളുടെ ദിശനിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ആത്മീയ ഇസ്ലാമിനെക്കാള്‍ രാഷ്ട്രീയ ഇസ്ലാമിനെയാണ് പരിചയം. മര്‍കസിന്റെ ഇടപെടല്‍ ഈയൊരവസ്ഥക്ക് കാതലായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. മതപഠനവും ആധുനിക വിദ്യാഭ്യാസവും സ്വായത്തമാക്കാന്‍ അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് അവസരമൊരുക്കി. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സ്വയം പര്യാപ്തമാകാന്‍ ഏതു വിഭാഗത്തിനും സാധിക്കുകയുള്ളൂ. അല്ലാത്തിടത്തോളം അന്യന്റെ അടുക്കളപ്പുറത്തും കൃഷിയിടങ്ങളിലുമായി ജീവിതം ഹോമിക്കേണ്ടി വരുമെന്നതിന് ഉത്തരേന്ത്യന്‍ മുസ്ലിംകളുടെ ജീവിതം സാക്ഷ്യം പറയും. മുസ്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും ചില സംസ്ഥാനങ്ങളില്‍ സജീവമാണ്. പിന്നാക്കക്കാര്‍ എന്നും പിന്നാക്കക്കാരായിരിക്കണമെന്ന ചിലരുടെ ദുശ്ശാഠ്യങ്ങള്‍ പിഴുതെറിയപ്പെടണം. അതിന് മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യമൊട്ടുക്കും ഉയര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്.

   മര്‍കസിന്റെ ഗതി നിര്‍ണയിച്ചത് സാമൂഹ്യാവസ്ഥകളാണ്. സാഹചര്യങ്ങളുടെ അനിവാര്യതയിലാണ് മര്‍കസിന്റെ വിവിധ സ്ഥാപനങ്ങള്‍ വിവിധ ദേശങ്ങളില്‍ സ്ഥാപിതമായത്. അതിനാല്‍ തന്നെ മര്‍കസിന് എന്നും നിറയൌവനമാണ്. ആകയാല്‍ 35 വര്‍ഷങ്ങള്‍ക്ക് കാലഗണന പ്രകാരമുള്ള വിശേഷണപദങ്ങള്‍ മര്‍കസിനൊപ്പം എഴുതിച്ചേര്‍ക്കുന്നത് അനുചിതമാവും. കാലത്തിനു മുമ്പെ സഞ്ചരിക്കാനുള്ള സ്ഥാപന സാരഥികളുടെ നിശ്ചദാര്‍ഢ്യത്തിന്റെ സാക്ഷാത്കാരങ്ങളാണ് മൂന്നരപതിറ്റാണ്ടിന്റെ കര്‍മഫലമായി മര്‍കസിന് അവതരിപ്പിക്കാനുള്ളത് എന്നുമാത്രം സൂചിപ്പിക്കട്ടെ.

You must be logged in to post a comment Login