നമ്മുടെ ഭാഷാപമാനവും അഭിമാനവും

“പല പേഷ്യന്റ്സും റിസല്‍റ്റ് തരുന്നൊരു ഹെയര്‍ ഓയിലിനെക്കുറിച്ച് ചോദിക്കുമായിരുന്നു. പലതും അവയ്ലെബിള്‍ ആണെങ്കിലും ഒന്നും ഇഫക്ടീവാണെന്ന് പറയാനാവില്ലായിരുന്നു. ഒരു റൈറ്റ് അപ് വായിച്ചാണ് ഞാന്‍ ഇന്ദുലേഖയെക്കുറിച്ച് അറിയുന്നത്. ഉപയോഗിച്ചു നോക്കിയപ്പോള്‍ വിശ്വാസമായി. ഇപ്പോള്‍ പേഷ്യന്റ്സിന് ഞാന്‍ ഇന്ദുലേഖ തന്നെ സജസ്റ് ചെയ്യുന്നു.”

      മേല്‍ പറഞ്ഞത് ഒരു പരസ്യവാചകം. ഒരു ഡോക്ടറുടെ കുറിപ്പടിയായി തോന്നിപ്പിക്കാന്‍ ഈ ചെറിയ ഖണ്ഡികയെ വികൃതമാക്കിയത് എട്ട് ഇംഗ്ളീഷ് വാക്കുകളെ ഇടയില്‍ കൂട്ടിച്ചേര്‍ത്താണ്.

     ഇനി പറയുന്നത് ശ്രദ്ധിക്കുക; നോക്കൂ, നമുക്ക് നമ്മുടെ സ്വന്തം ശൈലികളില്‍ വല്ല അഭിമാന ബോധവുമുണ്ടോ? (മുസ്ലിംകളെയാണ് ഉദ്ദേശിച്ചത്). വേഷത്തില്‍, ശൈലിയില്‍ അങ്ങനെ നമ്മുടെ പല തനതായ ശൈലികളില്‍? ഹിന്ദുസുഹൃത്ത് അവരുടെ ആചാര്യന്മാരുടെ പേരിനു മുന്നില്‍ ശ്രീയും സ്വാമിയും തുടങ്ങി അമ്മയും ഗുരുവുമെല്ലാം ചേര്‍ത്ത് പൊതു മണ്ഡലത്തില്‍ വരുമ്പോഴും ക്രിസ്ത്യാനികളും ഇങ്ങനെ തന്നെയാകുമ്പോഴും നമുക്ക് മടിയാണ്. പൊതുമണ്ഡലത്തിലെങ്ങനാ ഉസ്താദ് എന്നൊക്കെ പറയുക? ഇങ്ങനെ സംശയിക്കുന്നവര്‍ക്ക് ‘രിസാല’ തന്നെയാണ് മറുപടി. ‘രിസാല’ എന്ന അറബി പദം എങ്ങനെയാണ് പൊതുമണ്ഡലത്തിലേക്ക് ഒരു അരോചകവുമില്ലാതെ ഇഴുകിച്ചേര്‍ന്നത്?ഉസ്താദ് ബിസ്മില്ലാ ഖാനെന്നോ മറ്റോ കേള്‍ക്കുമ്പോഴും കാണുമ്പോഴും നമ്മിലുണ്ടാകാത്ത ഒരു അരോചകത്വം മതപണ്ഡിതര്‍ക്കു മുന്നില്‍ ഉസ്താദ് ചേര്‍ക്കുമ്പോള്‍ എങ്ങനെയുണ്ടാകുന്നു?

     ഇത്ര കൂടി എഴുതാം; ഇംഗ്ളീഷാണല്ലോ പുതിയ മലയാളിയുടെ സ്വപ്നഭാഷ. അതില്ലെങ്കിലെങ്ങനെയാ ഒരു മനുഷ്യനാവുക എന്ന വെപ്പാണല്ലോ പലര്‍ക്കും. അതെന്തു കൊണ്ടെന്നാല്‍ ഇന്നും നാം മലയാളികള്‍ ബ്രിട്ടീഷുകാരന്റെ ബൂട്ടിനടിയില്‍ തന്നെയാണെന്നാണ് അതിന്റെ അര്‍ത്ഥം. തമിഴനും ചൈനക്കാരനും ഇറാനിയും തുടങ്ങിയ ഇതര ഭാഷക്കാരെല്ലാം തങ്ങളുടെ ഭാഷക്ക് ഒരു അസ്തിത്വമുണ്ടെന്ന് അഭിമാനം കൊള്ളുമ്പോഴും നാം ആംഗലേയ ഭാഷയും തിരുകി നമ്മുടെ ഭാഷയെ വികൃതമാക്കിക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെ മലയാള ഭാഷ ചുരുങ്ങിച്ചുരുങ്ങി പുതിയ വാക്കുകളെല്ലാം മറ്റു ഭാഷകളില്‍ നിന്ന് കടമെടുക്കേണ്ട അവസ്ഥയിലേക്ക് ചുരുണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരമാകുമോ, അതോ പാതിവഴിയിലെറിയപ്പെട്ട പഴഞ്ചാക്കാകുമോ മലയാള ഭാഷാ സര്‍വകലാശാല?

സ്വാദിഖ് അലി വി പി
കരുളായി

You must be logged in to post a comment Login