2022-23 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ഡിജിറ്റൽ രംഗത്തെ വികസനത്തിൽ മാത്രം ഒതുങ്ങി ചർച്ച ചെയ്യേണ്ട ഒന്നല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാൻ കഴിയുന്ന കറൻസി മാർക്കറ്റിലായത് കൊണ്ടു തന്നെ ഡിജിറ്റൽ കറൻസിയെ വിശാലമായ പരിസരത്ത് നിന്നുകൊണ്ടുതന്നെ അഡ്രസ് ചെയ്യേണ്ടതുണ്ട്.
എന്താണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി?
പുതുതായി വരുന്ന ലോകക്രമത്തിൽ പഴയ കാല കറൻസി സംവിധാനങ്ങൾ നിലനിർത്തുന്നതോടു കൂടെ രാജ്യങ്ങളെല്ലാം ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് IMF മാനേജിങ് ഡയറക്ടർ ആയ ക്രിസ്റ്റലീന ജോർജിവ(Kristalina Georgieva) പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും UPI ഉപയോഗിച്ചും ഓൺലൈൻ ഇടപാടുകൾ സാധ്യമായിരിക്കേ പുതുതായി വരുന്ന ഡിജിറ്റൽ കറൻസിയുടെ ഇടവും സാധ്യതകളും എന്തൊക്കെയായിരിക്കും?
നിയമപരമായി സാധുതയുള്ള (Legal Tender) പേപ്പർ കറൻസിയുടെ ഡിജിറ്റൽ ആവിഷ്‌കാരമാണ് കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസി (Central Bank Digital Currency-CDBC). ഡിജിറ്റൽ രൂപമായതുകൊണ്ടുതന്നെ എളുപ്പത്തിൽ കൊണ്ടുനടക്കാനും ഇടപാടുകൾ നടത്താനും സാധിക്കും. പേപ്പർ കറൻസി കൈവശമുള്ളവരോടുള്ളത് പോലെ തന്നെ ഡിജിറ്റൽ കറൻസി കൈവശമുള്ള വ്യക്തിയോടും റിസർവ് ബാങ്കിന് സാമ്പത്തിക ബാധ്യതയുണ്ടാകും (Financial Liability). കേന്ദ്ര ബാങ്കിന്റെ കീഴിലിറക്കുന്ന കറൻസിയായതിനാൽ, ബിറ്റ്‌കോയിൻ അടക്കമുള്ള സ്വകാര്യ ക്രിപ്റ്റോ കറൻസികൾക്കുണ്ടാകുന്ന അപജയങ്ങളൊന്നും കേന്ദ്ര ബാങ്കിന്റെ ഡിജിറ്റൽ കറൻസിയിൽ കാണാൻ സാധിക്കുകയില്ല. മാത്രമല്ല, കറൻസിയുടെ സുതാര്യത ഉറപ്പുവരുത്താൻ വേണ്ടി ബ്ലോക്ക്ചെയിൻ അടക്കമുള്ള സാങ്കേതികവിദ്യയും ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു.
ഇടപാടുകൾ നടത്താൻ വേണ്ടി പലപ്പോഴും ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് നാമെല്ലാവരും. UPI, വാലറ്റ്, NEFT, IMPS, RTGS തുടങ്ങിയ സംവിധാനങ്ങളെല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. ഈ സംവിധാനങ്ങളെക്കാൾ, ഡിജിറ്റൽ കറൻസിയെ വേറിട്ടുനിർത്തുന്ന ഇടങ്ങൾ ഏതൊക്കെയാണെന്ന ആലോചനകൾ പ്രസക്തമാണ്.
നിലവിൽ നാം ഉപയോഗിച്ചുവരുന്ന ഓൺലൈൻ ഇടപാടുകളിൽ ഒരു ബാങ്കിനെ ആശ്രയിച്ചുകൊണ്ടുള്ള ട്രാൻസാക്ഷനാണ് സാധ്യമാവുന്നത്. എന്നാൽ ഡിജിറ്റൽ കറൻസിയിലൂടെ ബാങ്കുകളെ ഇടനിലക്കാരനാക്കാതെ, നേരിട്ട് സെൻട്രൽ ബാങ്കുമായി കണക്ട് ചെയ്യാൻ ജനങ്ങൾക്ക് കഴിഞ്ഞേക്കും. പേപ്പർ കറൻസി പ്രിന്റിങ്ങിലൂടെ സമ്പദ്്വ്യവസ്ഥക്കുണ്ടാകുന്ന അധികചെലവ് ഒഴിവാക്കാനും ഡിജിറ്റൽ കറൻസിയിലൂടെ വഴിയൊരുങ്ങും. എല്ലാത്തിലുമുപരി, സ്വകാര്യ ക്രിപ്റ്റോ കറൻസിയിലേക്കുള്ള ഒഴുക്കിനെ തടയാനും ഡിജിറ്റൽ കറൻസി വഴി സാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറയുന്നുണ്ട്.
അമിതവേഗം ആപത്ത്
ഈ വരുന്ന സാമ്പത്തികവർഷത്തിൽ തന്നെ ഡിജിറ്റൽ കറൻസി ലഭ്യമാകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
എന്നാൽ, കാര്യമായ ആലോചനകളും തയാറെടുപ്പുകളുമില്ലാതെ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് നോട്ട് നിരോധനത്തിൽ സംഭവിച്ചതുപോലെയുള്ള വീഴ്ചകൾ ആവർത്തിക്കാൻ കാരണമായേക്കും. ലോകരാജ്യങ്ങളിൽ മിക്കതും ഡിജിറ്റൽ കറൻസിയെ കുറിച്ച് കൂടുതൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. യു എസ് അടക്കമുള്ള 38 രാജ്യങ്ങൾ ഇപ്പോഴും ഡിജിറ്റൽ കറൻസിയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കറൻസി പുറത്തിറക്കിയ ഒൻപതോളം രാജ്യങ്ങൾ ജനസംഖ്യ വളരെ കുറവുള്ള രാജ്യങ്ങളാണ്. ചൈനയിൽ ഇ-യുവാൻ ഇപ്പോഴും നിരീക്ഷണ ഘട്ടത്തിലാണ്. യൂറോപ്യൻ യൂണിയൻ കഴിഞ്ഞ രണ്ടു വർഷമായി അതിനെക്കുറിച്ച് പഠിക്കുന്നു. യു എസ് ഫെഡറൽ റിസർവ് അതിന്റെ സാധ്യതകൾ മനസിലാക്കാൻ വേണ്ടി പ്രമേയം പാസാക്കിയിട്ട് കൂടുതൽ ദിവസമായിട്ടില്ല. എന്നിരിക്കേ, കേവല രാഷ്ട്രീയ മേൽക്കോയ്മക്കുവേണ്ടി ഇന്ത്യ ധൃതിപ്പെടുന്നത് ഒട്ടും ഗുണകരമല്ലാത്ത തീരുമാനമാണ്. ഡിജിറ്റൽ കറൻസിയുടെ സാധ്യതകളെ കുറിച്ചുള്ള ഗവേഷണം ഇന്ത്യയിൽ കൂടുതലായി നടക്കേണ്ടതുണ്ട്.
ഡിജിറ്റൽ കറൻസികൾ ഒരേസമയം ഒരു ഫിനാൻഷ്യൽ അസറ്റ് ആയും ഇടപാടുകൾ നടത്താനുള്ള സാമ്പത്തിക ഉപകരണമായും ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ടുതന്നെ, പണപ്പെരുപ്പം പോലെയുള്ള പ്രശ്നങ്ങൾ തടയാൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന മോണിറ്ററി പോളിസികൾ, ഡിജിറ്റൽ കറൻസിയുടെ വരവോട് കൂടെ ഒരു പരിധി വരെ അപ്രാപ്യമായി വരും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് ചെന്നെത്തിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ത്യ പോലുള്ള രാജ്യങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് മോണിറ്ററി പോളിസികളാണ്.
ലോകരാജ്യങ്ങൾ ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പഠിക്കുന്നതേയുള്ളൂ എന്നതിനാൽ അന്താരാഷ്ട്ര വാണിജ്യ ഇടങ്ങളിൽ ഡിജിറ്റൽ കറൻസിയുടെ ഇടം എന്താകുമെന്ന ആശങ്കയും മുന്നിൽ കാണേണ്ടതുണ്ട്. ഇന്ത്യയിൽ ജനസംഖ്യ കൂടുതലായതുകൊണ്ട്, ഡിജിറ്റൽ കറൻസിക്കുള്ള ഡിമാൻഡും കൂടുതലായിരിക്കും. കൂടി വരുന്ന ഈ ഡിമാന്റിനെ നേരിടാനുള്ള സാമ്പത്തിക സ്രോതസും സാങ്കേതിക സഹായവും പ്രഥമഘട്ടത്തിൽ തന്നെ ഉറപ്പുവരുത്തിയാൽ മാത്രമേ കറൻസി മാർക്കറ്റിൽ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. സൈബർ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് തികഞ്ഞ സുരക്ഷ ഉറപ്പുവരുത്തുമ്പോൾ മാത്രമേ നമ്മുടെ രാജ്യത്തിന്റെ കറൻസി മൂല്യം ഉയർത്തിക്കൊണ്ടുവരാനാകൂ. ഈ മുൻകരുതലുകൾ ഉറപ്പുവരുത്താൻ വേണ്ടി ലോകരാജ്യങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ജനസാന്ദ്രത കൂടിയ ഇന്ത്യയിൽ മുഴുവൻ ഇടങ്ങളിലും സാങ്കേതിക സഹായം ലഭ്യമാകാതെ ഡിജിറ്റൽ കറൻസി പൊടുന്നനെ പുറത്തിറക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ ചെറുതായിരിക്കില്ല.
ഡിജിറ്റൽ കറൻസിയിൽനിന്ന് സ്വകാര്യ ക്രിപ്റ്റോയിലേക്കുള്ള ദൂരം
പുതിയ ബജറ്റിൽ, ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാപനത്തോടൊപ്പം ക്രിപ്റ്റോ കറൻസി കൈമാറ്റത്തിലൂടെ ലഭിക്കുന്ന വരുമാനത്തിൽ 30 ശതമാനം നികുതി ഈടാക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇത് ക്രിപ്റ്റോ കറൻസി അംഗീകരിച്ചുവെന്ന തരത്തിൽ വായിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. അത് വിശ്വസിച്ച് സ്വകാര്യ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നത് അതിലേറെ വിഡ്ഢിത്തവുമാണ്.
മണി മാർക്കറ്റിൽ കേന്ദ്രീകൃത രീതി (centralized) ഒഴിവാക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത് ഓസ്ട്രിയൻ സാമ്പത്തികശാസ്ത്രജ്ഞനായ ഫ്രഡ്‌റിക്ക് ഹയെക് (Friedrich Hayek) ആണ്. 1976 ൽ പ്രസിദ്ധീകരിച്ച ഹയെകിന്റെ “Denationalisation of money’ എന്ന പുസ്തകത്തിലൂടെയാണ് കേന്ദ്രീകൃതമല്ലാത്ത, സ്വകാര്യ സ്വഭാവമുള്ള “good money’ എന്ന ആശയം അദ്ദേഹം ഉന്നയിക്കുന്നത്. പണപ്പെരുപ്പം പോലുള്ള സാമ്പത്തിക സമസ്യകളുടെ കെട്ടഴിക്കാൻ ഇത്തരം പണങ്ങൾക്ക് സാധിക്കുമെന്നായിരുന്നു ഹയെകിന്റെ അവകാശ വാദം.
ആധുനിക/പാരമ്പര്യ സമ്പദ്്ഘടനാ രീതിയിൽ നമ്മുടെ പണമിടപാടുകൾ നിയന്ത്രിക്കുന്ന ഒരു അതോറിറ്റിയുണ്ട്. ഇന്ത്യയിൽ ഫിനാൻസ് ഡിപ്പാർട്മെന്റ്, റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങിയ സ്ഥാപനങ്ങളാണ് അത് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാളുടെ വരുമാനത്തെക്കുറിച്ചും അതിന്റെ ക്രയവിക്രയങ്ങളെക്കുറിച്ചും കൃത്യമായ ധാരണ സർക്കാരിനുണ്ടാകും. അനധികൃതമായി പണമിടപാട് നടത്താനോ നികുതി വെട്ടിക്കാനോ സാധിക്കുകയില്ല. രാജ്യത്തുള്ള പണത്തിന്റെ ലഭ്യത (Money Supply) നിയന്ത്രിക്കാനും സാധിക്കും.
സ്വകാര്യ ക്രിപ്റ്റോ കറൻസികളിലൂടെ ഈ സുതാര്യത നഷ്ടമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ബജറ്റിന്റെ വിശദീകരണമായി സ്വകാര്യ ക്രിപ്റ്റോ കറൻസി നിയമപരമായി അംഗീകരിച്ചിട്ടില്ലെന്ന് ധനമന്ത്രിക്ക് ആവർത്തിക്കേണ്ടി വരുന്നത്. രാജ്യത്തെ സാമ്പത്തികഭദ്രതക്ക് അത് വലിയ തടസമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തിദാസ് കഴിഞ്ഞ ദിവസങ്ങളിൽ പറയുകയുമുണ്ടായി.
അങ്ങനെയെങ്കിൽ ക്രിപ്റ്റോ കറൻസിയിൽ നികുതി ചുമത്തുന്നത് എന്തിനു വേണ്ടിയാണ്. നിയമപരമായ അംഗീകാരമല്ല ഈ നികുതിയിലൂടെ സർക്കാർ നൽകുന്നത്. മറിച്ച്, പ്രസ്തുത മാർക്കറ്റിനെ ഇല്ലാതാക്കാനും തൽസ്ഥാനത്ത് സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെ പ്രതിഷ്ഠിക്കാനുമാണ്. എന്നാൽ, ഈ എടുത്തുകളയൽ എത്രത്തോളം വിജയകരമാകും എന്നതും ഒരു ചോദ്യമാണ്. കാരണം ഡിജിറ്റൽ കറൻസിയുടെയും സ്വകാര്യ ക്രിപ്റ്റോയുടെയും ഉപഭോക്താക്കൾ രണ്ടും രണ്ടാണ്. എന്തുതന്നെയായാലും സ്വകാര്യ ക്രിപ്റ്റോ പൂർണമായും ഒഴിവാക്കാൻ തന്നെയാണ് സർക്കാർ നീക്കം.
ക്രിപ്റ്റോ കറൻസി ബിൽ
കഴിഞ്ഞ പാർലമെന്റ് വിന്റർ സെഷനിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞ ക്രിപ്റ്റോ കറൻസി ബില്ലും സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിൽ ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയവരുടെ എണ്ണം 10 കോടിയിൽ അധികം വരും. അതുകൊണ്ടുതന്നെ പൂർണമായും നിരോധിക്കുക എന്നത് എളുപ്പം സാധ്യമാകുന്ന ഒന്നല്ല. നിയന്ത്രിക്കുക എന്നതാണ് ഒരേയൊരു വഴി. ഈ ചിന്തയാണ് ക്രിപ്റ്റോ കറൻസി ബില്ലിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചത്.
സ്വകാര്യ ക്രിപ്റ്റോ കറൻസികളെയെല്ലാം വിലക്കുന്ന സമീപനമാണ് ബില്ലിലുണ്ടാവുക എന്ന് പറയപ്പെടുന്നു. സ്വകാര്യ കറൻസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സർക്കാർ ഏജൻസികൾ പുറത്തിറക്കാത്ത കറൻസി എന്നാണ്. അല്ലാതെ നിയമസാധുതയില്ലാത്ത കറൻസി എന്നല്ല. ആകയാൽ, ഇനിയെപ്പോഴെങ്കിലും നിയമസാധുത വന്നാലും സ്വകാര്യ ക്രിപ്റ്റോ എന്ന തലവാചകം ഒഴിവാകുകയില്ല.
ക്രിപ്റ്റോയിലെ അപകടം
പോൺസി സ്കീമുകളോട്(Ponzi Scheme) സാദൃശ്യമുള്ളതിനാൽ ഇന്ത്യയിൽ സ്വകാര്യ ക്രിപ്റ്റോ കറൻസികൾ വിലക്കണമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ കഴിഞ്ഞ തിങ്കളാഴ്ച പറയുകയുണ്ടായി. ഡിജിറ്റൽ കറൻസി വരുന്നതോടുകൂടെ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ വ്യാപകമായി ഏർപ്പെടുന്നവർ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുന്നത് സ്വരക്ഷയ്ക്ക് സഹായകമായേക്കും.
സി എം ശഫീഖ് നൂറാനി നാദാപുരം
You must be logged in to post a comment Login