ഫിത്വര്‍ സകാത്ത്

ഫിത്വര്‍ സകാത്ത്

നോമ്പിന്റെ സമാപനത്തോടെ നിര്‍ബന്ധമാകുന്ന ഒരു ദാനമുണ്ട്. അതാണ് ഫിത്വര്‍ സകാത്ത്. പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട് ഫിത്വര്‍ എന്നാല്‍ വ്രതമുക്തി. റമളാന്‍ നോമ്പ് നിര്‍ബന്ധമായ ഹിജ്റ രണ്ടാം വര്‍ഷം തന്നെയാണ് ഫിത്വര്‍ സകാത്തും നിര്‍ബന്ധമായത്.
നിസ്കാരത്തിന് സഹ്വിന്റെ സുജൂദ് പോലെയാണ് റമളാന്‍ നോമ്പിന് ഫിത്വര്‍ സകാത്ത് എന്ന് ഇമാം വകീഅ്(റ) പറഞ്ഞിട്ടുണ്ട്. നിസ്കാരത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ സുജൂദ് പരിഹരിക്കും പോലെ നോമ്പില്‍ വരുന്ന വീഴ്ചകള്‍ ഈ സകാത്ത് പരിഹരിക്കുന്നു.
ഈ സകാത്തു നല്‍കല്‍ ധനികര്‍ക്ക് മാത്രമല്ല നിര്‍ബന്ധം. കുറഞ്ഞ സാമ്പത്തികമുള്ളവര്‍ പോലും ഇതു നല്‍കേണ്ടി വരും. അഥവാ പെരുന്നാള്‍ രാപകല്‍ ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിച്ചു മിച്ചമുള്ള എല്ലാ മുസ്ലിമിനും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുന്നു. അവന്‍ തന്റെയും താന്‍ ചെലവിനു നല്‍കാന്‍ ബാധ്യതപ്പെട്ടവരുടെയും സകാത്ത് നല്‍കണം.
റമളാന്‍ അവസാന ദിനത്തിലെ അസ്തമയത്തോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. അഥവാ റമളാനിന്റെ അവസാനവും ശവ്വാലിന്റെ ആദ്യവും ഒത്തുചേരുമ്പോള്‍ ഈ സമയത്തുള്ളവരുടെ സകാത്തേ നല്‍കേണ്ടതുള്ളൂ. ഇതിനു ശേഷം ജനിക്കുന്ന കുഞ്ഞിനു വേണ്ട. ശേഷം വിവാഹം ചെയ്യുന്ന ഭാര്യയുടേത് അവനു ബാധ്യതയില്ല. പിന്നീടുണ്ടാകുന്ന സാമ്പത്തിക ശേഷി സകാത്ത് നിര്‍ബന്ധമാക്കുകയില്ല. അസ്തമയ സമയം ഉണ്ടായിരുന്നില്ല എന്നതാണ് കാരണം. അതേസമയം അസ്തമയ ശേഷമുള്ള ഇല്ലായ്മ കൊണ്ട് ബാധ്യത ഒഴിവാകുകയുമില്ല. ശേഷമുള്ള മരണം, വിവാഹമോചനം എന്നിവ ഉദാഹരണം. ഇവര്‍ അസ്തമയ സമയത്തോടെ നിര്‍ബന്ധമായവരായിത്തീര്‍ന്നതിനാല്‍ ആ ബാധ്യത വീട്ടിയേ പറ്റൂ.
ഒരാളുടെ നിര്‍ബന്ധ വിഹിതം 2.500 കിലോ ഗ്രാമാണ്. (ഒരു സ്വാഅ്=3.200 ലിറ്റര്‍). പത്ത് അംഗങ്ങളുടെ ബാധ്യതയുള്ള ഗൃഹനാഥന്‍ 25 കിലോ നല്‍കണമെന്നര്‍ത്ഥം. നല്‍കേണ്ടത് നാട്ടിലെ മുഖ്യാഹാരമാണ്. കേരളീയര്‍ അരി തന്നെ നല്‍കണം. വില നല്‍കിയാല്‍ പോരാ, ധാന്യം തന്നെ വേണം.
പെരുന്നാള്‍ നിസ്കാരത്തിനു മുന്പേ നല്‍കലാണ് സുന്നത്ത്. അതിനപ്പുറം പിന്തിക്കല്‍ കറാഹത്താണ്. എന്നാല്‍ ബന്ധുക്കളെയോ അയല്‍ക്കാരെയോ പ്രതീക്ഷിച്ച് അസ്തമയത്തിനു മുമ്പു വരെ പിന്തിക്കാം. ഇതു സുന്നത്തുമുണ്ട്. പെരുന്നാളിന്റെ പകലിനെയും വിട്ട് പിന്തിക്കല്‍ ഹറാമാണ്. എന്നാല്‍ തന്റെ ധനം സ്ഥലത്തില്ലാതിരിക്കുക, വാങ്ങാന്‍ അര്‍ഹതയുള്ളവര്‍ ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ പിന്തിക്കാം.
നിര്‍ബന്ധമാകുന്നത് നോമ്പ് അവസാനത്തോടെയാണെങ്കിലും റമളാന്‍ ഒന്നു മുതല്‍ തന്നെ ഫിത്വര്‍ സകാത്ത് നല്‍കല്‍ അനുവദനീയമാകും. പക്ഷേ ഇത് സകാത്തായി പരിഗണിക്കണമെങ്കില്‍ കൊടുത്തവനും വാങ്ങിയവനും സകാത്ത് കൊടുക്കാനും വാങ്ങാനും അര്‍ഹന്‍ തന്നെയായ നിലയില്‍ ശവ്വാല്‍ പിറവിയുടെ സമയത്ത് ജീവിച്ചിരിക്കണം. സകാത്ത് നേരത്തെ വാങ്ങിയ ഒരാള്‍ ശവ്വാല്‍ പിറന്നപ്പോഴേക്കും ഏതെങ്കിലും നിലയില്‍ സാമ്പത്തിക ശേഷി നേടിയാല്‍ കൊടുത്തവന്റെ സകാത്ത് വീടുകയില്ല. ഇവന്‍റേത് അന്യായമായ കൈപ്പറ്റലുമായി മാറും.

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login