കെട്ടുപോയിട്ടില്ല, രാജ്യത്തിന്റെ പ്രതീക്ഷകൾ

കെട്ടുപോയിട്ടില്ല, രാജ്യത്തിന്റെ പ്രതീക്ഷകൾ

തകർച്ചാ സിദ്ധാന്തം എന്ന ഒന്നുണ്ട്. പെസിമിസം എന്ന് പൊതുവിൽ പറയാവുന്ന ചിന്താധാരയുടെ തുടർച്ചയാണത്. 1930-കളിൽ ഉണ്ടായ വമ്പൻ സാമ്പത്തിക തകർച്ച, ഗ്രേറ്റ് ഡിപ്രഷൻ എന്ന പ്രതിഭാസത്തിലേക്ക് ലോകത്തെ നയിച്ചു. അന്ന് ലോക സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായിരുന്ന യൂറോപ്പും അമേരിക്കയുമാണ് സാമ്പത്തിക തകർച്ചയുടെ നെല്ലിപ്പടി കണ്ടത്. നിർമാണങ്ങൾ നിലച്ചു.ഭരണവീഴ്ചകൾ കുതിച്ചു. ഒരു സാംക്രമിക രോഗത്തിന്റെ അതേ തീവ്രതയോടെ മാന്ദ്യം പടർന്നു. നിരാശയുടെ മേഘങ്ങൾ മാത്രം. ചലിച്ചുകൊണ്ടിരുന്ന മനുഷ്യർ നിശ്ചലരായി മുഷിഞ്ഞു. യന്ത്രങ്ങളെക്കാൾ വേഗത്തിൽ മനുഷ്യർ തുരുമ്പിച്ചു. സ്വാഭാവികമായും അക്കാലത്തെ ആവിഷ്‌കാരങ്ങളിൽ, എല്ലാത്തരം കലകളിലും ഈ പ്രതീക്ഷാരാഹിത്യത്തിന്റെ ഇരുണ്ടചായങ്ങൾ കുമിഞ്ഞുകൂടി. ലോകം തീർന്നുപോകുന്നു എന്ന പ്രഖ്യാപനങ്ങൾ വന്നു. മലയാള സാഹിത്യം എഴുപതുകളിൽ പരിചയപ്പെട്ട അസ്തിത്വ പ്രതിസന്ധി ഭാവുകത്വം 1930-കളിൽ യൂറോപ്പിലാണല്ലോ പിറവിയെടുത്തത്. അത്തരം സാഹിത്യത്തിന്റെ, ചിത്രങ്ങളുടെ, ചലച്ചിത്രത്തിന്റെ എല്ലാം ഉറവിടം ഗ്രേറ്റ് ഡിപ്രഷൻ എന്നു പേര് ചാർത്തപ്പെട്ട സാമ്പത്തിക മാന്ദ്യം ആയിരുന്നു. ആ മാന്ദ്യം സൃഷ്ടിച്ച, വിശാലമായ അർഥത്തിൽ ആ മാന്ദ്യത്തെ സൃഷ്ടിച്ച രാഷ്ട്രീയ വ്യവസ്ഥ ആയിരുന്നു. പക്ഷേ, മനുഷ്യരും ലോകവും അതിനെ മറികടന്നു. വ്യവസ്ഥ ചലിക്കാൻ തുടങ്ങി. മനുഷ്യർ വേഗമാർജിച്ചു. ലോകം പഴയപടിയായി. പ്രത്യാശകളുടെ രജതവെളിച്ചങ്ങൾ എങ്ങും പടർന്നു. ആ വെളിച്ചത്തിന്റെ തരംഗങ്ങൾ സ്വാഭാവികമായും കല ഉൾപ്പടെയുള്ള ആവിഷ്‌കാരങ്ങളിൽ വന്നു. ലോകം അങ്ങനെയാണ്. എന്നും ഇരുൾ മാത്രമായിരിക്കില്ല.

ഇപ്പറഞ്ഞ മഹാമാന്ദ്യത്തിന്റെ കാലത്താണ് തകർച്ചാ സിദ്ധാന്തവും പടരുന്നത്. ഒരാത്മഹത്യയെ അത് ഒമ്പത് ആത്മഹത്യയാക്കി എണ്ണും. തീർന്നു ലോകം എന്ന് വിലപിക്കും. മനുഷ്യരാശിയുടെ, രാഷ്ട്രങ്ങളുടെ ചരിത്രം തരിമ്പും പരിഗണിക്കാതുള്ള ഈ വിലാപങ്ങൾ പക്ഷേ, താൽക്കാലികമായി വലിയ മേൽക്കൈ ഉണ്ടാക്കും. പ്രതീക്ഷ നഷ്ടപ്പെട്ട ജനങ്ങളിൽ പിടിമുറുക്കാൻ ദുരധികാരത്തിന് എളുപ്പത്തിൽ സാധിക്കും. കാരണം പ്രതീക്ഷയാണ് പ്രതിരോധത്തിന്റെ അടിസ്ഥാന ഊർജകേന്ദ്രം. അതിനാൽ നാം ജീവിക്കുന്ന വ്യവസ്ഥിതിയോടും, നാം ജീവിക്കുന്ന ജീവിതത്തോടും പ്രതീക്ഷാനിർഭരമായി ഇടപെടുക എന്നതാണ് അതിജീവനത്തിന്റെ ആദ്യമാതൃക.
ആമുഖമായി ഇത്രയും പറഞ്ഞത് രണ്ടാം മോഡി സർക്കാരിന്റെ വരവും പ്രതിപക്ഷത്തിന്റെ ദയനീയമായ തകർച്ചയും പ്രതിപക്ഷത്തിന് ചരിത്രപരമായി നേതൃത്വം കൊടുക്കേണ്ട കോൺഗ്രസിന് സംഭവിച്ച പതനവും എല്ലാം ചേർന്ന് ഇന്ത്യയിൽ ജനാധിപത്യവാദികളായ മനുഷ്യരിൽ സൃഷ്ടിച്ച ഒരു മനോനിലയെക്കുറിച്ച് സൂചിപ്പിക്കാനാണ്. മറ്റൊരു ഭരണം സാധ്യമാണ് എന്ന ചിന്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാഞ്ഞുപോയ മട്ടാണ്. രാജ്യം ഒരു സമ്പൂർണ ഹിന്ദുത്വയിലേക്ക് നിപതിക്കുന്നു എന്ന ആശങ്ക പടരുന്നു. അങ്ങനെയല്ല, ചരിത്രം അതല്ല സാക്ഷ്യപ്പെടുത്തുന്നത്, മാറ്റങ്ങൾ സ്വാഭാവികമായി ഉണർന്നുവരും എന്ന പ്രതീക്ഷാഭരിതമായ വാക്കുകൾ എവിടെനിന്നും ഉയരുന്നില്ല. മറിച്ച് ചെറിയ നുള്ളലിന് വലിയ നിലവിളികൾ പടർത്തുന്നു. ആ നിലവിളികൾ മനുഷ്യരുടെ പ്രതീക്ഷകളെ വീണ്ടും തളർത്തുന്നു. ഈ നിലവിളികളെ ഉച്ചത്തിൽ ഉച്ചത്തിൽ ആവർത്തിക്കുകയാണ് നമ്മുടെ പലതരം മീഡിയകൾ. ഒറ്റപ്പെട്ട സംഭവങ്ങളെ അവർ പർവതീകരിക്കുന്നു. മുഴുവൻ ജനാധിപത്യ സംവിധാനങ്ങളും അൽപം മങ്ങലോടെയെങ്കിലും പ്രകാശിക്കുന്ന രാജ്യമാണ് ഇന്ത്യ ഇപ്പോഴും എന്നത് ഇവർ കണക്കിലെടുക്കുന്നില്ല. പതിറ്റാണ്ടുകളായി വഷളത്തരം മാത്രം പറയുന്ന പി.സി ജോർജിന്റെ വളരെ സ്വാഭാവികമായ മനോ വൈകൃത പ്രകാശനത്തെ പുതിയതെന്തോ സംഭവിച്ചു എന്ന മട്ടിൽ വലിയ കാര്യമാക്കുന്നു. അതിൻമേൽ ചർച്ചകൾ. അത് ചർച്ച ചെയ്യാൻ രാഹുൽ ഈശ്വർ. ഒടുവിൽ പറഞ്ഞില്ലേ, ഫാസിസം വന്നത് കണ്ടില്ലേ, മുസ്‌ലിംകൾക്കൊപ്പം നിക്കുവിൻ എന്ന ലിബറൽ പുരോഗമന വായ്ത്താരികൾ. അനേക നൂറ്റാണ്ടുകളിൽ, അനേക ദേശങ്ങളിൽ വേരോടിപ്പടർന്ന് പന്തലിച്ച ഒരു വിശ്വാസത്തിന്, മതത്തിന് പി.സി. ജോർജ് എന്ന വൈകൃതം അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരാളുടെ സാക്ഷ്യപത്രം വേണോ എന്ന ഒറ്റ ചോദ്യത്തിൽ തീർക്കാവുന്ന സംഗതികളെ യമണ്ടൻ പ്രശ്‌നമാക്കുന്നു. സിനിമ പോലെ ക്രിമിനൽ മൂലധനത്തിന്റെ വിഹാര രംഗമായ ഒരിടത്ത് നടക്കുന്ന അശ്ലീലത്തിന്റെ പേരിൽ മുഴുവൻ ആണുങ്ങളും ബലാൽസംഘികളാണ് എന്ന മട്ടിൽ തീർപ്പുകൾ കൽപിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ നിലവിളികളുടെ പൂർവമാതൃകയാണ് മുപ്പതുകളിലും നാൽപതുകളിലും അരങ്ങേറിയ തകർച്ചാ സിദ്ധാന്തം. അതിനാൽ അത്തരം നിരാശകൾ ഫാസിസത്തേക്കാൾ വിനാശകാരിയായ അരാഷ്ട്രീയതയാണ്. സംഭവങ്ങളെ അവഗണിക്കണം എന്നല്ല ഇപ്പറഞ്ഞതിന്റെ അർഥം. അവയിൽ ഉടനടി തീർപ്പുകൾ പാടില്ല എന്നാണ്. തിരക്കേറിയ ഒരു ചന്തയിൽ പോക്കറ്റടിക്കപ്പെട്ട ഒരാൾ മുസ്‌ലിം എന്നതിനാൽ അതിനെ ഒരു മുസ്‌ലിം പ്രശ്നമാക്കി മാറ്റരുത് എന്നാണ്. ജമാ അത്തെ ഇസ്‌ലാമി ഉൾപ്പടെയുള്ള വിനാശം വിതക്കുന്ന സ്വത്വവാദികൾ പടർത്തിയ ഒരു രീതിയാണത്. ഇപ്പോൾ വിഷം തുപ്പുന്ന ഈ പി.സി ജോർജ് ഒരു കാലത്ത് പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾക്ക് വിമോചകനായ സുഹൃത്തായിരുന്നു, കൃഷ്ണമണിയായിരുന്നു എന്നോർക്കുക. ഈ രാജ്യം ഇനിയും കെട്ടുപോയിട്ടില്ല എന്ന് നാം വിശ്വസിക്കുക. ആ വിശ്വാസം നഷ്ടമാക്കുന്ന ദിവസം നമ്മുടെ പ്രതിരോധങ്ങൾ അവസാനിച്ചുപോകും.

രാജ്യം കെട്ടുപോയിട്ടില്ല എന്നും വിസമ്മതങ്ങളും പ്രതിരോധങ്ങളും അപ്രതീക്ഷിത കോണുകളിൽ നിന്ന് ആളിക്കത്തുന്നുണ്ടെന്നും വിശ്വസിക്കാൻ അസാമിലേക്ക് നോക്കാം. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ. ജേക്കബ് എഴുതിയത് വായിക്കാം.
“ഈ രാജ്യത്തിന്റെ ഭരണഘടനയിൽ, സംവിധാനങ്ങളിൽ, അതിന്റെ ചക്രങ്ങൾ ചവിട്ടുന്ന അജ്ഞാതരായ മനുഷ്യരിൽ ഒക്കെ നമ്മൾ ചിലപ്പോൾ ചില പ്രതീക്ഷ വയ്ക്കില്ലേ, ഇക്കാണായ  മനുഷ്യരുടെയെല്ലാം ജീവിതത്തിനുമേൽ കുതിര കയറുന്നവരെ നമുക്കായിട്ടു ഒന്നും ചെയ്യാനാവുന്നില്ല, പക്ഷെ, ആരെങ്കിലും എവിടയെങ്കിലും ഒന്ന് കൈയുയർത്തുമെന്ന്, അനീതിക്കെതിരെ ചെറുതായെങ്കിലും ഒന്ന് ശബ്ദിക്കുമെന്ന്.

ഒരു നേരിയ പ്രതീക്ഷയുടെ ശബ്ദം?
അങ്ങിനെയൊരു ശബ്ദം ഇന്ന് അസമിൽനിന്നും കേട്ടു.
ബാർപേട്ട ജില്ലാ ജഡ്ജി അപരേഷ് ചക്രബർത്തിയുടെ ശബ്ദമായിരുന്നു അത്.
വനിതാ പൊലിസുകാരിയെ ‘അപമാനിച്ചു’ എന്ന കുറ്റം കെട്ടിവച്ചു പോലീസ്  അറസ്റ്റ് ചെയ്ത ഗുജറാത്തിലെ എം എൽ എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ആയിരം രൂപയുടെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചുകൊണ്ടാണ് ജഡ്ജി ചക്രബർത്തി ചില നിരീക്ഷണങ്ങൾ നടത്തിയത്.പോലീസ് അറസ്റ്റ് ചെയ്തു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ രണ്ടു പോലീസുദ്യോഗസ്ഥന്മാർക്കൊപ്പമുണ്ടായിരുന്ന വനിതാ പോലീസിനെ മേവാനി ഉപദ്രവിച്ചു എന്ന കഥയൊക്കെ തന്നത്താൻ വിശ്വസിച്ചാൽ മതിയെന്നും ഇതൊരു കള്ള എഫ് ഐ ആർ ആണെന്നും ജഡ്ജി പച്ചയ്ക്കു പറഞ്ഞു.

ഇമ്മാതിരി എഫ് ഐ ആറുകൾ നിർമ്മിക്കുന്നതും സ്ഥിരം കലാപരിപാടിയായ വ്യാജഏറ്റുമുട്ടലുകളും ഒക്കെ നിർത്തി ഒന്ന് നന്നാകാൻ പോലീസിനെ ഉപദേശിക്കണമെന്നു അസാം ഹൈക്കോടതിയോടു ശുപാർശ ചെയ്യുക കൂടി ചെയ്തിട്ടുണ്ട് അദ്ദേഹം. ഇല്ലെങ്കിൽ അസാം ഒരു പോലീസ് സ്റ്റെയ്റ്റായി മാറും. അതുകൊണ്ടു ഉത്തരവ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അയച്ചുകൊടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ ശരീരത്തിൽ ക്യാമറ വെച്ചുവേണം പോകാൻ എന്നും അവരെ ഉപദേശിക്കണമെന്നു ഒരു പകുതി പരിഹാസം കൂടി ചേർത്തിട്ടുണ്ട് ജഡ്ജി.
ജഡ്ജ് ചക്രബർത്തി എത്രനാൾ സർവീസിലുണ്ടാകുമെന്നു എനിക്കറിയില്ല. എന്ത് എഫ് ഐ ആറോ വ്യാജ കേസോ ആണ് അദ്ദേഹത്തിനെതിരെ വരിക എന്നറിയില്ല. അദ്ദേഹം നടക്കാൻ പോകുമ്പോൾ എപ്പോഴാണ് ഓട്ടോറിക്ഷ വഴിതെറ്റി വരിക എന്നറിയില്ല. ജഡ്ജ് ലോയയെപ്പോലെ ഹൃദയസ്തംഭനം ഉണ്ടാകുമോ എന്നുമറിയില്ല.

പക്ഷെ, ഒരു വേള അമിത് ഷായുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന,  പഴയ കോൺഗ്രസുകാരനായ ഹിമാന്ത ശർമ ഭരിക്കുന്ന നാട്ടിൽനിന്നാണ് കള്ളക്കഥകളുടെ പിൻബലത്തിൽ ഒരു ദളിത് നേതാവിനെ കാലാകാലം തുറുങ്കിലടയ്ക്കാമെന്ന സംഘബോധ ഹുങ്കിന്റെ കാറ്റഴിച്ചുവിടാൻ ഒരു ജഡ്ജി ധൈര്യം കാണിച്ചത്.
ഭരണാധികാരിയുടെ നാക്കുനീട്ടംപോലെ ഭരണഘടനയും നിയമവുമൊക്കെ വഴങ്ങുന്ന കാഴ്ച നമ്മൾ കാണാറുണ്ട്. അപ്പോഴും ഹൻസ് രാജ് ഖന്നമാരുടെ വംശം കുറ്റിയറ്റുപോയിട്ടില്ല എന്നും ഇത്തരം ചക്രബർത്തിമാർക്കു പഞ്ഞമുള്ള നാടല്ല ഇത് എന്നും ഈ നാടിന്റെ ഏതു കോണിലും ഭരണഘടനയും നിയമവുമൊക്കെ ശ്വാസവായുപോലെ കൊണ്ടുനടക്കുന്ന ന്യായാധിപന്മാരുണ്ട് എന്നതുമൊക്കെ കാണുമ്പോൾ ഒരു കാര്യമേ എനിക്കോർക്കാനുള്ളൂ.
പരിവാരം എത്ര ശ്രമിച്ചാലും, എന്തു വില കൊടുക്കേണ്ടി വന്നാലും ഇതത്ര മോശം നാടാകില്ല, നമ്മളത്ര ഗതികെട്ട മനുഷ്യരുമാകില്ല.

നീതിബോധമുള്ള ചിലർ അവസാനമണിക്കൂറിലും ജാഗ്രതയോടെയിരിക്കുന്നുണ്ടാകും.
അത്രേയുള്ളൂ. ഒരു വെറും സെഷൻസ് ജഡ്ജാണ് അപരേഷ്. അസം സംസ്ഥാനത്തെ ബാർപെട്ടയിലെ ജില്ലാ സെഷൻസ് ജഡ്ജ്. മുൻപ് നിങ്ങളോ ഞാനോ ആ പേര് കേട്ടിട്ടില്ല. ഇന്ത്യയിൽ ആയിരത്തിലേറെ സെഷൻസ് ജഡ്ജിമാരുണ്ടല്ലോ. പക്ഷേ, അസമിൽ നിന്ന് ആ മനുഷ്യൻ ഉയർത്തിയ വിരൽ മുഴുവൻ നിരാശാ സിദ്ധാന്തങ്ങളുടെയും നടുവൊടിക്കുന്നതാണ്. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് ഒരു മോഡി-അമിത്ഷാ പദ്ധതിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടേ? അല്ല എന്നതാണ് ശരി. ഗുജറാത്ത് ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ അവർ അത്തരം ഒരു വിഡ്ഢിത്തം കാണിക്കാൻ സാധ്യത കുറവാണ്. ഇത് അസം സർക്കാരിന്റെ വെറും പാദസേവയാണ്. ഒരു ജില്ലാ ജഡ്ജി വട്ടം നിന്നാൽ ഒടിഞ്ഞു പോകാവുന്ന കളി. നോക്കൂ, അലമുറയിട്ട് കരയേണ്ട സാഹചര്യം ഇപ്പോഴും ഈ രാജ്യത്തില്ല. ജഹാംഗിർ പുരിയിൽ ഇരമ്പിവന്ന ബുൾഡോസറുകൾ നിന്നുപോയ വഴി നാം കണ്ടതല്ലേ?. സുപ്രീം കോടതിയാണ് അന്ന് തടഞ്ഞത്. വൃദ്ധയായ ഒരു കമ്യൂണിസ്റ്റുകാരിയുടെ ചൂണ്ടുവിരലിന് ശക്തിയുണ്ടായത് അവരുടെ കയ്യിൽ അപ്പോഴുണ്ടായിരുന്ന ആ കോടതി ഉത്തരവാണ്. പ്രതീക്ഷയുടെ വെളിച്ചങ്ങൾ എമ്പാടുമുണ്ട്. നാമത് തേടിപ്പിടിക്കണം എന്നേയുള്ളൂ.

അപരേഷിന്റെ ആ ഇടപെടലിന് മറ്റൊരു പ്രാധാന്യം ഉണ്ട്. പൊലീസ് വാഹനത്തിൽ വെച്ച് തന്നെ അപമാനിച്ചു എന്ന ആ വനിതാ പൊലീസ് ഓഫീസറുടെ ഗൂഢാലോചനാഭരിതമായ കള്ളം മുഖവിലക്കെടുത്ത്, സ്ത്രീപീഡനക്കുറ്റം ചുമത്തി മേവാനിയെ തടവിലിട്ടു എന്ന് വിചാരിക്കുക. കേസ് നീളും. അസം ആണ് സംസ്ഥാനം. ഹിമന്ത് ബിശ്വ ശർമ്മയാണ് മുഖ്യമന്ത്രി.മേവാനി കാലങ്ങളോളം മായ്ക്കപ്പെടും.
മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ ദൈവത്തെപ്പോലെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനും ഐക്യത്തിനുമായി ആഹ്വാനം ചെയ്യണം എന്ന് വ്യാഖ്യാനിക്കാവുന്ന ഒന്നായിരുന്നു മേവാനിയുടെ ട്വീറ്റ്. ഗുജറാത്തിലിരുന്ന് നടത്തിയ ട്വീറ്റിന് കേസെടുത്തത് അസമിൽ. ദേശീയോദ്ഗ്രഥനം തകർക്കൽ, മതവികാരം വ്രണപ്പെടുത്തൽ, സമാധാനം തകർക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ മോദി ഭക്തി ഒന്ന് കൊണ്ട് മാത്രം അസം പോലീസ് ചുമത്തി. മേവാനി ഒരു എം.എൽ.എ ആണ്. അതൊന്നും പരിഗണിക്കാതെ പിടിച്ചുകൊണ്ടുപോയി റിമാൻഡ് ചെയ്യുകയായിരുന്നു. ഏപ്രിൽ 20-ന് ആയിരുന്നു അറസ്റ്റ്. അസമിലേക്ക് മേവാനിയെ എത്തിച്ചു. കൊക്രജാർ മജിസ്ട്രറ്റ് മുൻപിൻ നോക്കാതെ രാജ്യമാകെ അറിയപ്പെടുന്ന, ജനപ്രതിനിധിയായ ഒരു ദളിത് നേതാവിനെ റിമാൻഡ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒടുവിൽ 25-ന് അതേ കോടതി മേവാനിക്ക് ജാമ്യം നൽകി. പൊലീസ് ഫ്രെയിം ചെയ്ത ചാർജുകൾ സാധൂകരിക്കാനുള്ള കോപ്പ് പൊലീസിന് ഉണ്ടായിരുന്നില്ല. അപ്പോഴാണ് സ്ത്രീപീഡനം എന്ന പുതിയ വകുപ്പുണ്ടാക്കി കുടുക്കാൻ നോക്കിയത്. അതാണ് ഇക്കാലം വരെ നമുക്ക് അജ്ഞാതനായ ആ സെഷൻസ് ജഡ്ജ് പൊളിച്ചത്.  ഇന്ത്യ എന്ന ആശയത്തിന്റെ അപാരമായ ശക്തിയാണത്.

അതാണ് നാം പറയേണ്ടത്. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ജനാധിപത്യം എന്ന പ്രയോഗത്തിന്റെ അസാധാരണമായ ശക്തി, ഒരു ചെറുവിരലിനുപോലും തിരുത്തൽ വരുത്താൻ കരുത്തുപകരുന്ന വിധത്തിലുള്ള അതിന്റെ രൂപം തുടങ്ങി നമുക്ക് പ്രതീക്ഷിക്കാനും ആഹ്ലാദിക്കാനും പ്രചരിപ്പിക്കാനും ധാരാളം കാര്യങ്ങൾ രാജ്യത്തുണ്ട്. പ്രതീക്ഷ ഒരു തരി മതി. അത് കെടാതിരിക്കാൻ നമ്മൾ ശ്രദ്ധിച്ചാൽ മതി.

കെ കെ ജോഷി

You must be logged in to post a comment Login