2018 ലെ ഒരു ട്വീറ്റിന്റെ പേരിലാണ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ അന്വേഷണമുണ്ടാകുന്നത്. ഹിന്ദുതീവ്രവാദികളെ ‘വിദ്വേഷകര്‍’ എന്നു വിളിക്കുന്ന വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് അദ്ദേഹത്തെ അന്വേഷിക്കുകയാണ്. അദ്ദേഹത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബംഗളുരുവിലെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹത്തെ ഒന്നിലധികം കേസുകളില്‍ ഉൾപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 1983 ലെ ഒരു ബോളിവുഡ് സിനിമയിലെ രംഗമാണ് സുബൈര്‍ 2018 ല്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ കുറ്റാരോപിതനായ വ്യക്തിക്കുള്ള അവകാശങ്ങളും പൗരന്മാരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള പൊലീസിന്റെ അധികാരവും അന്വേഷണവിധേയമാക്കേണ്ടതാണ്.
ഒരു കേസ് മറ്റൊരു അറസ്റ്റ്
2020-ലെ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് സുബൈറിനെ ഡല്‍ഹി പൊലീസ് വിളിച്ചുവരുത്തുന്നത്. ആ കേസില്‍ അദ്ദേഹം സുരക്ഷിതനായിരുന്നു. ജൂണ്‍ 27 ന് അദ്ദേഹം പൊലീസിനു മുന്നില്‍ ഹാജരായി. സ്റ്റേഷനിലെത്തിയ സുബൈര്‍ അതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സാധാരണയില്‍, ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ കുറ്റാരോപിതനായ വ്യക്തിക്ക് പൊലീസ് നോട്ടീസയക്കണം. ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ സെക്ഷന്‍ 41 എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അധിക്ഷേപകരമായി ഒരു വ്യക്തിയോട് നടത്തിയ ട്വീറ്റിന്റെ പേരിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ, ആ കേസ് നിലനില്‍ക്കില്ലെന്ന് മനസ്സിലാക്കി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്ത് നോട്ടീസയക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സുബൈറിനെ അറസ്റ്റു ചെയ്യുന്നത്.
വര്‍ഗീയതയൊന്നുമില്ലാത്ത, നാലുവര്‍ഷം മുമ്പ് നടത്തിയ ട്വീറ്റിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ കപില്‍ സിബല്‍ അഭിപ്രായപ്പെട്ടിരുന്നു. “ഈ കേസിലുള്ള അറസ്റ്റ് നിലനില്‍ക്കില്ലെന്ന് മനസ്സിലാക്കിയ അന്വേഷണ ഏജന്‍സി യഥാര്‍ത്ഥ അറസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത മറ്റു കാര്യങ്ങള്‍ ചികഞ്ഞ് അന്വേഷിച്ച് കണ്ടെത്തുകയാണ്. ദുരുദ്ദേശ്യപരമായ അറസ്റ്റും തുടര്‍ന്നുള്ള മീന്‍പിടിത്ത അന്വേഷണവുമാണ് ഇപ്പോള്‍ കാണുന്നത്.’ സിബല്‍ പറയുന്നു.
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുക, തുടര്‍ന്ന് അയാള്‍ക്ക് കുറ്റം കണ്ടെത്തുക എന്ന രീതിയാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്നത്. അതിനായി പൗരന്റെ മറ്റു രേഖകളില്‍ കൈകടത്തുകയും അവന് ജാമ്യം നിഷേധിക്കാനുള്ള വഴികള്‍ കണ്ടെത്തി കോടതിയിലെത്തിക്കുകയും ചെയ്യുന്നു.
2018 ലെ ട്വീറ്റ് കേസുമായി ബന്ധപ്പെട്ട് സുബൈറിന് പൊലീസ് നോട്ടീസ് അയച്ചിട്ടില്ല. സുപ്രീം കോടതി അഭിഭാഷകന്‍ വിക്രം ഹെഗ്‌ഡെ പറയുന്നു: നോട്ടീസ് അയക്കാതെ അറസ്റ്റു ചെയ്യുക, അല്ലെങ്കില്‍ ഒരു കേസില്‍ നോട്ടീസ് അയച്ച് മറ്റൊരു കേസില്‍ അറസ്റ്റു ചെയ്യുക എന്നത് ശരിയായ രീതിയല്ല. എന്നാൽ കേട്ടുകേള്‍വിയില്ലാത്ത കാര്യവുമല്ല; 2020 ലെ ഡല്‍ഹി കലാപക്കേസിലെ പ്രതികളെ ഒരു കേസില്‍ സമന്‍സ് അയച്ച് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
അങ്ങനെ ചെയ്യുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഒരു കേസില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം വാങ്ങിയത് മറ്റൊരു കേസിന് ബാധകമാവില്ല. മാത്രമല്ല, പൊലീസ് ഒരു കേസ് അന്വേഷിക്കുന്നത് കൊണ്ട് മറ്റൊന്ന് അന്വേഷിക്കാന്‍ പാടില്ല എന്നില്ലല്ലോ. അതിനാല്‍ സമന്‍സ് അയച്ച കേസില്‍ നിന്നും സംരക്ഷണം നേടിയാല്‍ പോലും അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ലെന്നര്‍ഥം. പിന്നെയുള്ള ഒരു വഴി അറസ്റ്റിന്റെ സാഹചര്യവും അതിനുള്ള പ്രേരണയും മനസ്സിലാക്കുക എന്നതാണ്.
തിരച്ചിലും പിടിച്ചെടുക്കലും
കുറ്റാരോപിതരായ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് നിയമം അനുവാദം നല്‍കുന്ന വിവിധ വകുപ്പുകളുണ്ട്. ഏതെങ്കിലും അന്വേഷണത്തിനോ വിചാരണയ്ക്കോ വേണ്ടി ആവശ്യമോ അഭികാമ്യമോ ആയി കരുതുന്ന ഏതെങ്കിലും രേഖകളോ മറ്റെന്തെങ്കിലും കാര്യങ്ങളോ പൊലീസിന് പരിശോധിക്കാമെന്ന് സെക്ഷന്‍ 91 പറയുന്നു.
ആന്‍ഡ്രോയിഡ് ഉപകരണത്തിലൂടെയാണ് വിവാദമായ ട്വീറ്റ് ചെയ്തത് എന്നതിനാല്‍ സുബൈറിന്റെ ലാപ്‌ടോപ്പും മറ്റു ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ഡല്‍ഹി കോടതിയില്‍ ഇതിനെ ചോദ്യം ചെയ്തു. പക്ഷേ, ഇന്ത്യയിലെ നിലവിലെ നിയമങ്ങള്‍, കേസ് ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് കരുതുന്ന എന്തു മെറ്റീരിയലും പിടിച്ചെടുക്കാന്‍ പൊലീസിന് അധികാരം നൽകുന്നുണ്ട്. സുബൈര്‍ അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്നും ഫോര്‍മാറ്റ് ചെയ്ത ഫോണുമായാണ് അയാള്‍ എത്തിയതെന്നും പൊലീസ് ആരോപിച്ചു. അതിനാലാണ് അദ്ദേഹത്തിന്റെ മറ്റു ഉപകരണങ്ങള്‍ പരിശോധിക്കല്‍ അനിവാര്യമായതും പൊലീസ് പിടിച്ചെടുത്തതുമെന്നാണ് വാദം. പക്ഷേ, ഒരു ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നത് ഒരു കുറ്റമായി കാണാനാവില്ലെന്നാണ് ഹെഗ്‌ഡെ പറയുന്നത്.
കോടതിയിലോ ഒരു പൊതുപ്രവര്‍ത്തകന്റെ മുമ്പാകെയോ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനു ശേഷം തെളിവുകള്‍ ഹാജരാക്കുന്നത് തടയാനുള്ള ഉദ്ദേശ്യമുണ്ടെങ്കില്‍ മാത്രമെ തെളിവ് നശിപ്പിക്കല്‍ കുറ്റകൃത്യമാവൂ. സമന്‍സ് ലഭിച്ചതിന് ശേഷം, അല്ലെങ്കില്‍ തെളിവെടുപ്പിന് വിളിപ്പിക്കുമെന്ന് വിശ്വസിച്ചതിന് ശേഷം അദ്ദേഹം ഫോര്‍മാറ്റ് ചെയ്തതായി പൊലീസ് ആരോപിക്കുന്നുണ്ടെങ്കിലേ അതൊരു കുറ്റകൃത്യമായി ഗണിക്കാനാവൂ. അങ്ങനെ ആരോപണമില്ലാത്തിടത്തോളം അതൊരു കുറ്റമാവുന്നില്ല.
എഫ് ഐ ആര്‍ അന്വേഷണത്തിന്റെ തുടക്കം മാത്രമാണ്. വിശാലമായ അന്വേഷണമുണ്ടാകുകയും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസിന് തോന്നുകയും ചെയ്താല്‍, പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷിക്കാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എഫ് ഐ ആറില്‍ പുതിയ വകുപ്പുകള്‍ എഴുതിച്ചേര്‍ക്കാനോ, പൊലീസ് അന്വേഷണം വിപുലീകരിക്കാനോ കഴിയില്ലെന്ന് പറയുന്ന നിയമമോ മുന്‍വിധികളോ ഇല്ല. സുബൈറിനെതിരെ അന്വേഷണം നടക്കുകയാണെന്നും അതിനായി അയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കേണ്ടത് ആവശ്യമാണെന്നും പൊലീസ് കോടതിയെ അറിയിച്ചത് അതുകൊണ്ടാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളും സ്വകാര്യതയും
കുറ്റാരോപിതരായ വ്യക്തികള്‍ക്ക്, പ്രത്യേകിച്ച് പത്രപ്രവര്‍ത്തകര്‍ക്ക്, സ്വകാര്യതയ്ക്കുള്ള അവകാശവും ഉപകരണ പരിശോധനയെ എതിര്‍ക്കാനുള്ള പുട്ടസ്വാമി വിധിയും ഉദ്ധരിക്കാന്‍ കഴിയുമോ? നിര്‍ഭാഗ്യവശാല്‍ ഇല്ല എന്നാണ് ഉത്തരം. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് പൗരന്റെ സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നുവെങ്കിലും, മുന്‍കാലങ്ങളില്‍ കോടതികള്‍ പൊലീസിന് അതിനുള്ള അനുമതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളിലേക്കും ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുമുള്ള പൊലീസ് പ്രവേശനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും ചോര്‍ച്ചയ്ക്കും പൊലീസ് പ്ലാന്റ് ആരോപണത്തിനും ശേഷം. (2020-ല്‍, മയക്കുമരുന്ന് കേസില്‍ പ്രതികളായ സെലിബ്രിറ്റികളുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ തിരഞ്ഞെടുത്ത ചില മാധ്യമങ്ങളിലേക്ക് ചോര്‍ന്നിരുന്നു. ഭീമാ കൊറേഗാവ് കേസിലെ പ്രതികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ രേഖകള്‍ പതിഞ്ഞതിന്റെ തെളിവുകള്‍ വിദേശത്തുള്ള സ്വതന്ത്ര ഗവേഷകര്‍ കണ്ടെത്തി.)
എങ്കിലും, ആളുകളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്ന വ്യക്തമായ നിയമങ്ങളില്ലാതെ കുറ്റാരോപിതനായ വ്യക്തിയുടെ ഉപകരണങ്ങള്‍ പൊലീസിന് ആക്സസ് ചെയ്യാന്‍ കഴിയുമോ എന്നത് കോടതിയുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുന്നു. ഡാറ്റാ പരിരക്ഷണത്തെക്കുറിച്ചുള്ള നിര്‍ദിഷ്ട നിയമം ഇപ്പോഴും ഒരു ഡ്രാഫ്റ്റാണ്, സൂക്ഷ്മപരിശോധനയിലാണ്.
അടുത്തിടെയുണ്ടായ രണ്ട് ഹൈക്കോടതി വിധികള്‍ പൗരന്റെ ഉപകരണങ്ങളിലേക്ക് പ്രവേശനം നേടാനുള്ള പൊലീസിന്റെ അധികാരം സ്ഥാപിക്കുന്നുണ്ട്. ചന്ദന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ചിലെ കര്‍ണാടക ഹൈക്കോടതി വിധിയായിരുന്നു ഒന്ന്. ബെംഗളുരുവിലെ സെലിബ്രിറ്റി പാര്‍ട്ടി പ്ലാനറായ വീരേന്‍ ഖന്നയെ അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടി ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും പരിശോധന വിധേയമാക്കാനും വിചാരണ കോടതിയില്‍ നിന്ന് പൊലീസ് ഉത്തരവ് നേടുകയും പോളിഗ്രാഫ് നടത്താന്‍ അനുമതി നേടുകയും ചെയ്തു. വിചാരണ കോടതി ഉത്തരവിനെ എതിര്‍ക്കാന്‍, തന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും സ്വയം കുറ്റപ്പെടുത്തലിനെതിരായ അവകാശവും വീരന്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ തുറക്കാന്‍ പൗരന്റെ പാസ്്വേഡ്, പിന്‍, വിരലടയാളം പോലുള്ള ബയോമെട്രിക്സ് നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് “വിരലടയാളം’, “വസ്ത്രങ്ങളുടെ സാമ്പിള്‍, ബയോളജിക്കല്‍ സാമ്പിളുകള്‍, കെമിക്കല്‍ സാമ്പിളുകള്‍ മുതലായവ എടുക്കുന്നതിന് തുല്യമാണെന്നും കുറ്റാരോപിതരുടെ ഭാഗത്തുനിന്ന് നിര്‍ബന്ധിത സാക്ഷ്യമായി കണക്കാക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
പൊലീസിന് അധികാരം നല്‍കുന്ന രണ്ടാമത്തെ വിധി, ദിലീപ് കേസിലെ കേരള ഹൈക്കോടതിയുടെ വിധിയാണ്. ദിലീപിന് സ്വകാര്യത ചൂണ്ടിക്കാട്ടി തന്റെ മൊബൈല്‍ ഫോണുകള്‍ പൊലീസിന് നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കുറ്റാരോപിതരായ വ്യക്തികള്‍ അവരുടെ ഉപകരണങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അത് ജോലിയില്‍ തടസം സൃഷ്ടിച്ചു എന്ന പുതിയ കേസായി ചാര്‍ജ് ചെയ്യപ്പെടും. കോടതിയില്‍ സംരക്ഷണം തേടേണ്ടിവരും.
സന്യുക്ത ധര്‍മാധികാരി
കടപ്പാട്: ദ ന്യൂസ് മിനിറ്റ്
വിവ. എബി
You must be logged in to post a comment Login