പെരുന്നാള്‍ പാച്ചിലില്‍ മറന്നു പോവുന്നത്

പെരുന്നാള്‍ പാച്ചിലില്‍ മറന്നു പോവുന്നത്

എത്ര ആലോചിച്ചിട്ടും പിടികിട്ടാതിരുന്ന ഒരു കണക്ക് ആണ് പെരുന്നാളിന്‍റെ ആദ്യ ഓര്‍മ ഈദുല്‍ഫിത്വറിന്‍റെ പ്രധാന ഘടകമായ ഫിത്വര്‍സകാത്ത് ഒരാള്‍ക്ക് ഒരു സ്വാഅ് വീതം എന്നാണ് കണക്ക് ഒരു സ്വാഅ് എന്നാല്‍ നാല് മുദ്ദ് ആണെന്ന് മദ്റസയില്‍ പഠിച്ചും വഅ്ള് കേട്ടും മനസ്സിലാക്കി വെച്ചിരുന്നു ഒരു സ്വാഅ് എന്നാല്‍ മൂന്ന് ലിറ്ററിലധികം വരും എന്നും കേട്ടറിഞ്ഞു
ഇനിയാണ് പ്രശ്നം

ശവ്വാല്‍ പിറ കണ്ട് ഖാളിയാര്‍ പെരുന്നാള്‍ ഉറപ്പിച്ചാല്‍ ഉത്രാടപ്പാച്ചില്‍’ പോലെ ഒരു പാച്ചിലുണ്ടായിരുന്നു പണ്ട് സഞ്ചിയും തൂക്കി പെണ്ണുങ്ങള്‍ വാരുന്ന അരി’ (ഫിത്വര്‍സകാത്ത്)ക്കു വേണ്ടി വീടു വീടാന്തരം കയറി ഇറങ്ങും ഓരോ വീട്ടിലും വാരി’ തീരുന്നതിന് മുന്പ് ഓടിയെത്തണം എങ്കിലേ സഞ്ചി നിറയൂ

ഞങ്ങളുടെ ഓലപ്പുരയുടെ കോലായയില്‍ ഒരു വശത്ത് വലിയൊരു തിണ്ണയാണ് ആ തിണ്ണയില്‍ വാരാനുള്ള അരി കൂട്ടിയിട്ടിരിക്കും വാങ്ങാന്‍ വരുന്നവരുടെ സഞ്ചിയിലേക്ക് വാപ്പ രണ്ട് കൈ ചേര്‍ത്ത് വലിയൊരു കുന്പിളാക്കി അരി വാരിയിടുകയാണ് ചെയ്യുക ചിലപ്പോള്‍ ഉമ്മയാകും വാരിയിടുന്നത്

കുട്ടിയായിരിക്കെ വല്ലാത്തൊരു കൗതുകത്തോടെയാണ് ഇതു നോക്കിനിന്നിരുന്നത് വീടിന്‍റെ ഉമ്മറപ്പടിയില്‍ നിന്ന് അകലേക്കു നോക്കിയാല്‍ കാണാം പാവപ്പെട്ട സ്ത്രീകളും കുട്ടികളും ഗൃഹനാഥന്മാരും ചൂട്ടുമായി പല ദിക്കുകളിലേക്ക് ഓടുന്നത് ചിലപ്പോള്‍ പെരുന്നാളായി എന്ന വിവരം അറിയുന്നതു തന്നെ ഈ പാച്ചിലിന്‍റെ ശബ്ദം കേട്ടാണ്

പിടികിട്ടാത്ത കണക്കിന്‍റെ പ്രശ്നത്തെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത് പ്രശ്നമിതാണ് മദ്റസയില്‍ പഠിച്ചും വഅളില്‍ കേട്ടും മനസ്സിലാക്കിയതു പ്രകാരം ഫിത്വര്‍സകാത്ത് ആയി ഒരാള്‍ക്ക് ഒരു സ്വാഅ് അരി നല്‍കണം അതാകട്ടെ മൂന്ന് ലിറ്ററിലധികം വരും എന്നാല്‍ ചൂട്ട് കത്തിച്ചു സഞ്ചിയുമായി വരുന്ന ആര്‍ക്കും വാപ്പയോ ഉമ്മയോ ഒരു സ്വാഅ് നല്‍കുന്നില്ല !

നിസ്കാരത്തിന്‍റെയും നോന്പിന്‍റെയും ഓത്തിന്‍റെയും കാര്യത്തില്‍ പട്ടാളച്ചിട്ടയാണ് വീട്ടില്‍ഒന്നിനും ഒരു വീഴ്ചയും പാടില്ല വീഴ്ച വരുത്തിയാല്‍ വീട്ടു വളപ്പിലെ പുളിങ്കൊന്പൊടിയും പക്ഷേ ഫിത്വര്‍സകാത്ത് ഒരാള്‍ക്ക് ഒരു സ്വാഅ് കൊടുക്കേണ്ടേ! ഇതെന്തു ന്യായം ?

കാലം വേഗം മാറി ഫിത്വര്‍സകാതിന് വേണ്ടിയുള്ള ഉത്രാടപ്പാച്ചില്‍ അവസാനിച്ചു അരി കവറിലാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പതിവി വന്നു അപ്പോഴുമില്ല ഒരു കവറിലും ഒരു സ്വാഅ് തികച്ച് പിന്നീട് മനസ്സിലായി ഞങ്ങളുടെ വീട്ടില്‍ നിന്നും കൊടുക്കുന്പോള്‍ മാത്രമല്ല ഈ സ്വാഅ് തികയാത്ത പ്രശ്നം എന്ന് ആരും ആര്‍ക്കും ഒരു സ്വാഅ് അരി നല്‍കുന്നില്ല

അപ്പോള്‍ പിന്നെ പെരുന്നാള്‍ ഖുത്ബയില്‍ സ്വാഅന്‍ മിനല്‍അറുസി, ഔ സ്വാഅന്‍ മിനത്തംരി, ഔ സ്വാഅന്‍ മിന എന്നിങ്ങനെ സ്വാഅ് ഊന്നിപ്പറയുന്നതിന്‍റെ പൊരുള്‍? പൊതുവെ കണക്കില്‍ മണ്ടനായിരുന്നതിനാല്‍ സ്വാഅ് കണക്ക് ആരോടെങ്കിലും ചോദിക്കാനും മടി ആര്‍ക്കും ഒരു സംശയവുമില്ലാത്ത ഈ കണക്ക് വളരെക്കാലം മനസ്സില്‍ കിടന്നു കളിച്ചു അതോടൊപ്പം തന്നെ മറ്റൊരു സംശയവുമുണ്ടായിരുന്നു പെരുന്നാള്‍ ദിവസത്തില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ കുഞ്ഞിനും അന്ന് ജനിച്ച കുട്ടിക്ക് പോലും ഫിത്വര്‍സകാത്ത് കൊടുക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല

പക്ഷേ എനിക്ക് മാത്രം ആരും ഫിത്വര്‍സകാത്ത് തരുന്നില്ല എനിക്ക് മാത്രമല്ല വീട്ടില്‍ ആര്‍ക്കും ആരും കൊടുക്കുന്നത് കാണുന്നില്ല ഒരു വീട്ടില്‍ എത്രയാളുണ്ടോ അത്രയും പേര്‍ക്ക് ഒരാള്‍ക്ക് ഒരു സ്വാഅ് എന്ന വീതം കണക്കാക്കി അരി പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതിനാണ് ഫിത്വര്‍സകാത്ത് എന്ന് മനസ്സിലാക്കാന്‍ കുറച്ച് സമയം വേണ്ടിവന്നു അതുവരെ കുഴക്കിയ ഗണിതപ്രശ്നം അവിടെ തീര്‍ന്നു

നോന്പ് രണ്ടാം പാതിയില്‍ പ്രവേശിക്കുന്നതോടെ പെരുന്നാളിനെക്കുറിച്ചുള്ള അവ്യക്തമായ പ്രതീക്ഷകള്‍ തുടങ്ങുകയായി പുതുവസ്ത്രമാണ് അക്കാലത്ത് പെരുന്നാളിന്‍റെ ഏറ്റവും വലിയ പ്രലോഭനം മാസപ്പിറവി പോലെ ഉറപ്പുള്ള ഒരു സംഗതിയല്ല അത്! ഭാഗ്യമുണ്ടെങ്കില്‍ കിട്ടും അത്ര തന്നെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്നുള്ള പരുക്കന്‍ തുണിയായിരിക്കും അധിക പക്ഷവും കിട്ടുന്നത് അല്‍ അമീന്‍, ഫാറൂഖ്, അന്‍സാരി എന്നീ പേരുകളുള്ള ക്ലോത്ത് മാര്‍ട്ടുകളില്‍’ നിന്ന് അധിക വിലക്ക് തുണിത്തരങ്ങള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും സൗഭാഗ്യമുണ്ടാവണമെന്നില്ല നേരിയ കരയുള്ള ഒറ്റച്ചുറ മുണ്ട്, സീടി ഷര്‍ട്ട്, ടവല്‍ ഇവയെല്ലാം ഒത്താല്‍ ഫുള്‍ഡ്രസ് ആയി ഇതൊരു അപൂര്‍വ്വ സൗഭാഗ്യമാണ് മുഴുവന്‍ വില കൊടുത്ത് വാങ്ങുക പതിവില്ല ഉള്ളത് കൊടുത്ത് ബാക്കി പലപ്പോഴായി കൊടുത്ത് വീട്ടുന്ന സന്പ്രദായമായിരുന്നു പൊതുവില്‍ എല്ലാവരും പിന്തുടര്‍ന്നിരുന്നത്

അടുത്തത് ടൈലറുടെ ഊഴമാണ് ഇന്നത്തേതിനേക്കാളേറെ ടൈലര്‍മാര്‍ അന്നുണ്ടായിരുന്നു പെരുന്നാളടുത്താല്‍ ടൈലര്‍മാര്‍ക്ക് നിന്നു തിരിയാന്‍ നേരമുണ്ടാവില്ല ഉറക്കമൊഴിഞ്ഞാണ് അവര്‍ പണിയെടുത്തിരുന്നത് വൈകി തുണിയെടുത്ത് കൊടുത്തവരെല്ലാം ആശങ്കയുടെ മുള്‍മുനയിലായിരിക്കും ഇങ്ങനെയുള്ളവര്‍ക്കും ടൈലര്‍മാര്‍ക്കും ഒരേയൊരു പ്രാര്‍ത്ഥനയേ ഉണ്ടാവൂ മാസം കാണല്ലേ റബ്ബേ” ഉള്ളുരുകിയാണ് പ്രാര്‍ത്ഥനപെരുന്നാള്‍ ഒരു ദിവസം കൂടി കഴിഞ്ഞായാല്‍ അത്രയും ഇവര്‍ക്ക് നന്ന്!

മാസം കണ്ട വിവരം ചെന്നുപറയുന്നവരെ ഖാളിയാര്‍ ഉരുട്ടിയും വിരട്ടിയും ചോദ്യം ചെയ്യുന്നതിന്‍റെ പല കഥകളും ആളുകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയാമായിരുന്നു ഇങ്ങിനെ ചോദ്യം ചെയ്യലിന് വിധേയനായ ഒരു രസികന്‍ പിന്നീട് പറഞ്ഞുവത്രെ ഇനി മേലില്‍ സുബ്റയോളം വട്ടത്തില്‍ കണ്ടാലും ഞാനാരോടും മിണ്ടില്ല
സുബ്റ ?

സചിത്ര നിഘണ്ടുവിന്‍റെ സഹായമില്ലാതെ ഇന്നത്തെ തലമുറക്ക് ഈ വാക്കിന്‍റെ അര്‍ത്ഥം പിടികിട്ടണമെന്നില്ല ശബ്ദതാരാവലിയില്‍ സുബ്റ’യോ അതിന്‍റെ ശുദ്ധ രൂപമെന്ന് വിചാരിക്കപ്പെടുന്ന സുപ്ര’യോ ഇല്ല ആളുകള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്പോള്‍ ഭക്ഷണപ്പാത്രങ്ങള്‍ നിരത്തുന്നതിന് നിലത്ത് വിരിക്കുന്ന ചതുരത്തിലോ വട്ടത്തിലോ ഉള്ള വിരി എന്ന് സുബ്റയെ നിര്‍വചിച്ചാല്‍ പൂര്‍ണ്ണമാവില്ല കൈതോലകൊണ്ട്, അലങ്കാര വേലകളോടെ നെയ്ത വട്ടത്തിലുള്ള സുബ്റക്കാണ് തറവാടിത്തം പില്‍കാലത്താണ് പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ വട്ടത്തിലും ചതുരത്തിലുമുള്ള സുബ്റകള്‍ പ്രചാരത്തില്‍ വന്നത് ഇത് പല വലിപ്പങ്ങളില്‍ ഉണ്ടായിരുന്നു

വട്ടത്തിലുള്ള വലിയൊരു സുപ്രയുടെ അത്ര വലിപ്പത്തില്‍ ആകാശത്ത് ചന്ദ്രനെ കണ്ടാലും അക്കാര്യം ഖാളിയാരോട് പറയാന്‍ പോവില്ല എന്നാണ് ഒരിക്കല്‍ പിറ അറിയിക്കാന്‍ പോയ അനുഭവം വെച്ച് മേല്‍പറഞ്ഞ രസികന്‍ പറഞ്ഞതിന്‍റെ സാരം

ഞങ്ങളുടെ അയല്‍പക്കത്ത് അബ്ദുല്ലക്ക എന്ന പ്രായം ചെന്ന ഒരാളുണ്ടായിരുന്നു രാത്രി ഇശാഅ് കഴിഞ്ഞാല്‍ ടോര്‍ച്ചും വടിയുമായി അദ്ധേഹം ആ പരിസരത്ത് ഇടക്കിടെ ഒന്നു ചുറ്റി നടക്കും കള്ളന്മാരുടെയും മറ്റും ശല്യമുണ്ടായിരുന്നതിനാല്‍ അബ്ദുല്ലാക്കയുടെ ഈ റോന്ത് ചുറ്റല്‍ പരിസരവാസികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു ഉയരമുള്ള സ്ഥലത്തായിരുന്നു അദ്ദേഹത്തിന്‍റെ വീട് ഭക്തനും സ്വാത്വികനുമാണ് ആള്‍ ഒരിക്കല്‍ അദ്ദേഹം ശവ്വാല്‍പിറ കണ്ടു നല്ല ശബ്ദത്തില്‍ അദ്ദേഹം കൂകി

ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നില്ല അത് എങ്കിലും കേട്ടവര്‍ അടുത്തു കൂടി അപ്പോഴേക്കും അന്പിളി മാഞ്ഞ് പോയിരുന്നു
അബ്ദുല്ലക്കയെ എല്ലാവര്‍ക്കും വിശ്വാസമാണ് കുട്ടികളെ ഓത്തു പഠിപ്പിച്ച ആളാണ്

എവിടെ നിന്നോ ആരോ ജീപ്പ് സംഘടിപ്പിച്ചു കൊണ്ടുവന്നു ഖാളിയാരുടെ മുന്പില്‍ അബ്ദുല്ലക്ക ഹാജരാക്കപ്പെട്ടു
അബ്ദുല്ലക്ക കണ്ടതിന് അബ്ദുല്ലക്ക മാത്രമാണ് സാക്ഷി അതിനാല്‍ ആ കണ്ടത് മറ്റാര്‍ക്കും ബാധകമല്ല ഇതായിരുന്നിരിക്കണം ഖാളിയാരുടെ വിധി ആ മാസം ഉറപ്പിക്കപ്പെട്ടില്ല
പിന്നീട് അബ്ദുല്ലക്ക് മാസം നോക്കിയിട്ടുണ്ടാവില്ല!
റമളാന്‍ ഉരുപത്തിയൊന്പത് ഏറെ തിരക്കു പിടിച്ച ദിവസമായിരുന്നു

പതിവിന് വിപരീതമായി കൊടുവള്ളി അങ്ങാടി രാത്രി സജീവത കൈവരിക്കുന്നു ഇന്നത്തേതു പോലെ പരിസര പ്രദേശങ്ങളൊന്നും വികസിച്ചിട്ടില്ല സാധനങ്ങള്‍ക്കെല്ലാം കൊടുവള്ളി തന്നെയാണ് ആശ്രയം മുര്‍ച്ച കൂട്ടിയ കത്തിയുമായി ഒരുങ്ങി ഓങ്ങി നില്‍ക്കുന്ന അറവുകാര്‍ നിരനിരയായി ഉണ്ടാവും വലിയ പോത്തുകളെ എല്ലാ അറവുശാലകളും പ്രദര്‍ശനത്തിനു വച്ചിരിക്കും ഇതാ ഞങ്ങള്‍ അറുക്കുന്നത് പോത്ത് തന്നെയാണ്, മായമില്ല, മന്ത്രമില്ല’ എന്നാണ് പ്രദര്‍ശനത്തിന്‍റെ അര്‍ത്ഥം അറവുശാലക്കാരുമായി ലോഹ്യമുള്ള ആളുകള്‍ പഹയാ! നമ്മളെ പറ്റിക്കരുതേ, പോത്തു തന്നെ തരണേ’ എന്ന് പാതി കളിയായും പാതി കാര്യമായും പറയുന്നതു കേള്‍ക്കാം
കൊടുവള്ളിയില്‍ അന്ന് രണ്ടോ മുന്നോ ചെരുപ്പു കടകളേ ഉണ്ടായിരുന്നുള്ളൂ അതിലൊന്നാണ് വാപ്പയുടേത് വാപ്പ സ്വന്തമായി ഉണ്ടാക്കുന്ന ലെതര്‍ ചെരിപ്പുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട് റമളാന്‍ അവസാന രാവുകളില്‍ വാപ്പ രാത്രി കട തുറക്കുമായിരുന്നു തറാവീഹിനു മുന്പും പിന്പുമായി ചില ചെരിപ്പുകളുടെ പണി തീര്‍ക്കാനുണ്ടാവും പെരുന്നാള്‍ തലേന്ന് രാത്രി വൈകിയേ കട അടയ്ക്കുകയുള്ളൂ സഹായത്തിന് ഒരു അണ്ണാരക്കണ്ണനും നമ്മളും’ നേരത്തെ ഹാജരായിട്ടുണ്ടാവും നമ്മളുടെ രസം അങ്ങാടിയിലെ തിരക്കു കാണുന്നതിലാണെന്നു മാത്രം ആളുകളുടെ ധൃതി പിടിച്ചുള്ള വരവും പോക്കും സരസ സംഭാഷണങ്ങളും അവരുടെ മുഖങ്ങളില്‍ നിന്ന് എന്തെല്ലാം വായിച്ചെടുക്കാം! പീടികക്കോലായയില്‍ ഇരുന്ന് അനേകമനേകം പേരുടെ ആധികളും ഉല്‍കണ്ഠകളും അങ്കലാപ്പുകളും നിരീക്ഷിക്കുമായിരുന്നു അവരുടെ വീടുകളിലെല്ലാം എന്തൊക്കെയാവും സംഭവിക്കുന്നത് എന്നെല്ലാം ഭാവന ചെയ്തു നോക്കും ഇങ്ങനെ ആലോചനകളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്പോഴാവും എടോ!’ എന്ന വിളി വാപ്പയാണ് ഞെട്ടിപ്പിടഞ്ഞ് , ഏല്‍പിച്ച പണിയെന്തെങ്കിലുമുണ്ടെങ്കില്‍ അതു മുഴുവനാക്കും

മാസം കണ്ടോ?’

ഇതാവും ആളുകള്‍ക്ക് പരസ്പരം ചോദിക്കാനുണ്ടാവുക അങ്ങാടിയിലെ ചില കടകളിലൊക്കെ റേഡിയോ തുറന്നു വച്ചിട്ടുണ്ടാവും ആ റേഡിയോകള്‍ക്കു ചുറ്റും എപ്പോഴും ഒരു സംഘവുമുണ്ടാകും

ശവ്വാല്‍ മാസപ്പിറവി കണ്ടതായി”

എന്ന അറിയിപ്പ് കേട്ട് ചിലര്‍ ആറവം പുറപ്പെടുവിക്കാന്‍ തുടങ്ങുന്പോഴായിരിക്കും
ഇതു വരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല” എന്ന് ബാക്കി കേള്‍ക്കുക
ഒന്നു രണ്ടു കടകളിലാണ് ഫോണുള്ളത് അവര്‍ കോഴിക്കോട്ടേക്ക് ട്രങ്ക് ബുക്ക് ചെയ്ത് കാത്തിരിക്കുകയാവും ആ ഫോണ്‍ ശബ്ദിക്കുന്നത് ചെവിയോര്‍ക്കും ചില പ്രമാണിമാര്‍ കാലിന്‍മേല്‍ കാല് കയറ്റി വെച്ച് കാത്തിരിക്കുന്നത് കാണാം

ഇതിനിടക്ക് ആരോ അറവ് തുടങ്ങിയിട്ടുണ്ടാവും വെളിപാടു പോലെയാണ് അവര്‍ക്ക് വിവരം കിട്ടുന്നത് എന്ന് തോന്നുന്നു
അങ്ങാടിയിലെ ആരവങ്ങള്‍ക്കിടയ്ക്ക് എപ്പോഴോ ഒരു പൊതി ഇറച്ചിയുമായി വീട്ടിലേക്ക് നടക്കുന്നു

വീട്ടില്‍ പെങ്ങന്‍മാര്‍ മൈലാഞ്ചി അരച്ച് കൈവള്ളയിലും കാല്‍ നഖങ്ങളിലും പിടിപ്പിക്കുന്ന തിരക്കായിരിക്കും ചക്ക വിളഞ്ഞി ചൂടാക്കി ഇളം കൈയില്‍ നിറയെ കുത്തി അതിനു മുകളില്‍ മൈലാഞ്ചി തേച്ചാല്‍ നല്ല ഭംഗിയുണ്ടാവും ഉമ്മയുടെ പ്രിയപ്പെട്ട കലാവിഷ്കാരം ആയിരുന്നു ഈ പുള്ളിക്കുത്ത്

രാവേറെ ചെല്ലുവോളം പള്ളികളില്‍ നിന്ന് തക്ബീറുകള്‍ കേള്‍ക്കാം
അല്ലാഹു അക്ബറുല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്

പുലരുന്പോഴേക്ക് ഇറച്ചി പാകമാക്കുന്ന തിരക്കിലായിരിക്കും അടുക്കളകളില്‍ ഉമ്മമാര്‍ എപ്പോഴാണ് കിടക്കുന്നതെന്നോര്‍മ്മയില്ല സുബ്ഹ് ബാങ്കിനു മുന്പേ വീടുകള്‍ ഉണര്‍ന്നിരിക്കും

സുബ്ഹ് നിസ്കാരാനന്തരമുള്ള തക്ബീറുകളാല്‍ അന്തരീക്ഷം മുഖരിതമാവുന്നു

വീട്ടിലെ സ്ത്രീകളടക്കം എല്ലാവരും നേരത്തെ കുളിച്ചൊരുങ്ങുകയായി സാധാരണ, മണമില്ലാത്ത കോട്ടാര്‍ അല്ലെങ്കില്‍ ലൈഫ് ബോയി സോപ്പാണെങ്കില്‍ പെരുന്നാളിനു വാസനാ സോപ്പ് ഉണ്ടായിരിക്കും എന്നത് ഒരു പ്രത്യേകതയാണ് പെരുന്നാളിന്‍റെ മാത്രമായ വിശേഷം

കിണറ്റില്‍ നിന്ന് വെള്ളം കോരി കിണറ്റിന്‍ കരയില്‍ എല്ലാവരും ഒരുമിച്ചാണ് കുളി അയല്‍പ്പക്കത്തെ അഞ്ചോ ആറോ വീടുകള്‍ക്കാശ്രയം ഞങ്ങളുടെ കിണറായിരുന്നു അവരുമുണ്ടാവും പുലര്‍ച്ചെ കിണറ്റിന്‍കരയില്‍

ഇറച്ചിക്കറിയും കട്ടിപ്പത്തിരിയും

ഈദുല്‍ഫിത്വറിന് പെരുന്നാള്‍ നിസ്കാരത്തിനു പോവുന്നതിനു മുന്പ് ഭക്ഷണം കഴിക്കലാണ് സുന്നത്ത് . ഒരു വഴിക്ക് പോയി മറ്റൊരു വഴിക്ക് തിരിച്ചു വരുന്നതാണ് പ്രവാചകചര്യ.

പള്ളിയിലേക്ക് പുറപ്പെടുന്പോള്‍ വാപ്പ അത്തറ് പുരട്ടിത്തരും അത്തര്‍ കച്ചവടം പെരുന്നാള്‍ കച്ചവടത്തിന്‍റെ ഭാഗമായിരുന്നു സ്പ്രേകളുടെ കാലം വന്നതില്‍ പിന്നെ അത്തര്‍ കച്ചവടക്കാരുടെ വംശം കുറ്റിയറ്റു ആദാമിന്‍റെ മകന്‍ അബുവില്‍ സലീം കുമാര്‍ അവതരിപ്പിക്കുന്ന അത്തര്‍ കച്ചവടക്കാരന്‍ കഥാപാത്രം മുസ്ലിം സാമൂഹിക ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു

കല്ലു വച്ച മോതിരവും അത്തറുമാണ് അവര്‍ വിറ്റിരുന്നത് അത്തറു വില്‍പ്പന നോക്കി നിന്നാല്‍ നോക്കുകൂലി’യായി ഇത്തിരി അത്തറ് സൗജന്യമായി പുരട്ടിത്തരുന്ന പതിവുണ്ട് അത് കൊണ്ടു തൃപ്തിപ്പെടാനേ പലര്‍ക്കും യോഗമുണ്ടായിരുന്നുള്ളൂ

പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയിലെത്തിയാല്‍ കൂട്ടുകാരില്‍ എത്ര പേര്‍ക്ക് പുതിയ ഉടുപ്പുണ്ട് എന്നാവും നോട്ടം എല്ലാവര്‍ക്കുമൊന്നും ഉണ്ടാവില്ല ചില പെരുന്നാളുകളില്‍ ഈ ഇല്ലാത്തവരുടെ ചേരിയില്‍ നമ്മളും ഉണ്ടാവുമല്ലോ അതിനാല്‍ ആരുടേയും നോട്ടത്തില്‍ സഹതാപമല്ലാതെ പരിഹാസമുണ്ടാവുകയില്ല ഒരു വീട്ടിലെ കുട്ടികള്‍ക്കെല്ലാം ഒരേ തരം കുപ്പായമായിരിക്കും മിക്കപ്പോഴും ഉണ്ടാവുക ഒരു ശീലയില്‍ നിന്ന് പല അളവില്‍ മുറിക്കുന്ന കുപ്പായങ്ങള്‍ ഞങ്ങളുടെ കുട്ടിക്കാലത്ത് റെഡിമെയ്ഡ് എന്ന സംഭവമില്ല!

അയല്‍പ്പക്കങ്ങളിലും കുടുംബ വീടുകളിലുമുള്ള മാരത്തണ്‍ സന്ദര്‍ശനമാണ് പെരുന്നാള്‍ ദിനത്തിന്‍റെ സുഖദായകമായ ഓര്‍മ്മ
മാനിപുരത്തിനും കൊടുവള്ളിക്കും ഇടയിലെ ഒതയോത്ത് എന്ന സ്ഥലത്ത് നിന്ന് കൊടുവള്ളി താമരശ്ശേരി റൂട്ടില്‍ കൊടുവള്ളിയില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള പാലക്കുറ്റി വരെയുള്ള നടത്ത പരിധിയിലാണ് ഞങ്ങളുടെ കുടുംബ വീടുകള്‍ ഞങ്ങള്‍ ഏട്ടനും അനിയന്‍മാരും ഒറു സംഘമായി കാല്‍നട ജാഥ’ തുടങ്ങും മുക്കിലങ്ങാടിയില്‍ നിന്ന് ഒരു വയല്‍ കടന്ന് ചെറിയൊരു കയറ്റം കയറിയാല്‍ കുളന്പലത്ത് വീട് പിന്നീട് കൊടുവള്ളി അങ്ങാടിയില്‍ നിന്ന് ഇടതു ഭാഗത്തേക്ക് ദീര്‍ഘമായ ഒരിട വഴി താണ്ടി ആലപ്പുറായില്‍, പാതിരിക്കണ്ടി വീടുകള്‍ പിന്നീട് നടവരന്പുകളും ഇടവഴികളും പിന്നിട്ട് പാലക്കുറ്റിയില്‍ വാപ്പയുടെയും ഉമ്മയുടെയും ബന്ധു വീടുകളെല്ലാം കയറിയിറങ്ങിയാണ് ഞങ്ങളുടെ പദയാത്ര അഞ്ച്, പത്ത് , ഇരുപത്, ഇരുപത്തിയഞ്ച് പൈസകളുടെ തുട്ടുകള്‍ പതൃവ്യന്‍മാരുടെയോ അമ്മാവന്‍മാരുടേയോ വകയായി കീശയില്‍ വന്നു ചേരും എന്നതാണ് ഈ പെരുന്നാള്‍ യാത്രയുടെ പ്രധാന ആകര്‍ഷണീയത

നെയ്ചോറ്, പപ്പടം, പരിപ്പുകറി, ഇറച്ചിക്കറി/ഇറച്ചി വരട്ടിയത് ഇത്രയുമായാല്‍ അന്നത്തെ പെരുന്നാള്‍ സദ്യയുടെ ഫുള്‍ കോഴ്സ്’ ആയി ഇവയില്‍ ആദ്യം പറഞ്ഞതിന് വകയുള്ളവര്‍ ചുരുങ്ങും ബിരിയാണിയുടെ അധിനിവേശം ഉണ്ടാവുന്നത് വൈകിയാണ് ഇപ്പോള്‍ നമ്മുടെ രുചികളില്‍ അറേബ്യന്‍ അധിനിവേശത്തിന്‍റെ കാലമാണല്ലോ തനി കേരളിയമായ തേങ്ങാചോറി’ന്‍റെ പ്രതാപ കാലം എന്‍റെ പ്രായക്കാരുടെ ഓര്‍മ്മകളില്‍ നിന്ന് മറഞ്ഞിട്ടില്ല
അവസാനമെത്തുന്ന കുടുംബ വീട്ടില്‍ രാത്രി തങ്ങി പിറ്റേന്നാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തുക

നമ്മള്‍ മുതിരുന്നതിനനുസരിച്ച് പെരുന്നാളിന്‍റെ ഈ ആകര്‍ഷണ വലയങ്ങളെല്ലാം ഓരോന്നായി നാം ഭേദിച്ചു പുറത്തു ചാടി!
ഇപ്പോള്‍ ഒന്നുമില്ല

എല്ലാം ചടങ്ങായിത്തീര്‍ന്നതു പോലെ കഴിഞ്ഞ വര്‍ഷം ഒരു കൗതുകം തോന്നി ബാല്യത്തിന്‍റെ ഗൃഹാതുര വഴികളിലൂടെ ഒരു കാല്‍നട ജാഥ! വഴിമധ്യേ മടുത്തു തിരിച്ചു പോന്നു

കാലം നമ്മെ ഓരോരുത്തരേയും ഓരോ തുരുത്തിലേക്ക് ചുരുക്കിക്കളഞ്ഞിരിക്കുന്നു മൊബൈല്‍ ഫോണും വാഹനവും സമൃദ്ധിയും ഇല്ലാതിരുന്ന കാലങ്ങളിലെ സുഹൃദ് ബന്ധത്തിന്‍റെയോ കുടുംബ ബന്ധത്തിന്‍റെയോ ഊഷ്മളത സൗകര്യങ്ങളെല്ലാം വിളിപ്പുറത്തുള്ള ഇക്കാലത്ത് വിനഷ്ടമായത് പോലെ
എല്ലാവരും എല്ലാവരെയും കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു അകന്ന ബന്ധുക്കള്‍ പോലും വന്നു ചേരുന്ന ഒരു ദിനം
ആങ്ങളമാര്‍
അമ്മായിമാര്‍
മൂത്തമ്മമാര്‍
മൂത്താപ്പമാര്‍
എളേമമാര്‍
വല്യുപ്പമാര്‍
വല്യുമ്മമാര്‍
പെങ്ങന്‍മാര്‍
വഴിക്കണ്ണുമായി കാത്തു നിന്നു തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍, പ്രിയപ്പെട്ടവര്‍ എത്ര വൈകിയാലും വരുമെന്ന പ്രതീക്ഷയോടെ എവിടെയെല്ലാമോ ആരെല്ലാമോ നമുക്ക് വേണ്ടി കാത്തിരുന്നു നമ്മള്‍ അവര്‍ക്കു വേണ്ടിയും കാത്തിരുന്നു

അങ്ങനെ വന്നു ചേരുന്നവര്‍ക്കായി കൊടുക്കാന്‍ ഒരുപാടു സ്നേഹം എല്ലാവരും കരുതിവെച്ചു

ദുഃഖങ്ങളെല്ലാം ആ സമാഗമങ്ങളില്‍ ആവിയായിപ്പോയി മണിക്കൂറുകള്‍ ഒരുമിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാതെ കണ്ടിട്ടും കേട്ടിട്ടും മതിയാവാതെ
ഓരോ പെരുന്നാളും ഒരു കൊല്ലത്തേക്കുള്ള ഈടുവയ്പായി മാറി ഓരോ ബന്ധവും ഒരു മൊബൈല്‍പ്പാടകലത്തിലേക്ക് ചുരുങ്ങുകയാണ്.

ഇന്നു കുടുംബ വീടുകളിലേക്ക് പോവുന്നവരുണ്ടാവാം
പക്ഷേ കേള്‍ക്കുന്ന വര്‍ത്തമാനങ്ങളിലധികവും
ഉച്ച തിരിഞ്ഞാല്‍ എന്താ പരിപാടി?”
ബീച്ചില്‍ പോവുകയല്ലേ?”
ഇന്നോവ, ടവേര, ഡിസയര്‍ ബൈക്കുകള്‍
പെരുന്നാളിന്‍റെ മോട്ടോര്‍ പാച്ചിലുകള്‍
പടച്ചവനേ! നാളത്തെ പത്രങ്ങളില്‍ ഇവരെ കാണാതിരിക്കാനാകട്ടെ’ എന്നാവുന്നു ഈ കാഴ്ച കണ്ടുനില്‍ക്കുന്നവരുടെ പ്രാര്‍ത്ഥന.

എ കെ അബ്ദുല്‍മജീദ്

You must be logged in to post a comment Login