ഇസ്ലാം സന്പൂര്‍ണമാണ്; ആഘോഷങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് നല്‍കിയത് അതുകൊണ്ടാണ്. പെരുന്നാള്‍ ദിനത്തില്‍ നോന്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ രണ്ട് പെണ്കൊച്ചുങ്ങള് എന്റെയടുത്തു നില്ക്കുന്പോള് അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്റെ ചൂളം വിളി അല്ലാഹുവിന്റെ റസൂലിന്റെ വീട്ടിലോ?’ എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: “അബൂബക്കര്‍! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.'(മുസ്ലിം 892) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരിപ്പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈദാഘോഷിക്കാന്‍ ഹലാലായ രൂപം സ്വീകരിക്കാമെന്നു ചുരുക്കം.
മോചനത്തിന്റെ മാസമായ റമളാനില്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂടി നരകമോചന പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്റ് ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമളാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത്. പെരുന്നാള്‍ ആഘോഷങ്ങളും വിനോദങ്ങളും ഇസ്ലാം പഠിപ്പിക്കുന്ന സംസ്ക്കാരത്തോടും അധ്യാപനങ്ങളോടും എതിരാകുന്നതാകാന്‍ പാടില്ലല്ലോ. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വിരുന്നുകള്‍ തുടങ്ങിയതൊന്നും ഇസ്ലാം അംഗീകരിക്കുന്നേയില്ല. പെരുന്നാളിന്റെ പേരില്‍ ഇന്നു നടക്കുന്ന തോന്നിവാസങ്ങള്‍ അസഹനീയമാണ്.
ശവ്വാലിന്റെ പൊന്നന്പിളി ആകാശത്ത് തെളിഞ്ഞതു മുതല്‍ തക്ബീര്‍ ചൊല്ലിത്തുടങ്ങണം. ഇത് പെരുന്നാളിന്റെ പകലില്‍ പെരുന്നാള്‍ നിസ്ക്കാരം തുടങ്ങുന്നതു വരെ എല്ലാവര്ക്കും ഏതുസമയത്തും സുന്നത്താണ്. എല്ലാ ഫര്‍ള് നിസ്ക്കാരത്തിന്റെയും സുന്നത്ത് നിസ്ക്കാരത്തിന്റെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നബി(സ)പറഞ്ഞു: “”നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക”(ത്വബ്റാനി). വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്റെ ആരവത്തിലായിരിക്കണം. നടന്നും കിടന്നും ഇരുന്നും വാഹനത്തിലായും എങ്ങനെയുമാകാം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും ചൊല്ലണം. സ്ത്രീകള്‍ അന്യപുരുഷന്മാര് കേള്‍ക്കത്തക്ക വിധം ശബ്ദം ഉയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ നിസ്ക്കരിക്കാത്തവര്‍ക്ക് ഉച്ചതിരിയുന്നതുവരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പെരുന്നാളിന്റെ രാത്രി ഇബാദത്ത് കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബൂദര്‍ദാഅ്(റ)പറയുന്നു: ആരെങ്കിലും ഇരു പെരുന്നാള്‍ രാവില്‍ കൂലിയാഗ്രഹിച്ചു നിസ്ക്കരിച്ചാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന സമയത്ത് അവന്റെ ഹൃദയം മരിക്കുകയില്ല. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട അഞ്ചു സമയങ്ങളില്‍ ഒന്ന് ചെറിയ പെരുന്നാളിന്റെ രാത്രിയിലാണ്. (കിതാബുല്‍ഉമ്മ് 1/43)
പെരുന്നാളിന്റെ പ്രഭാതത്തില്‍ കുളിച്ച് ഭംഗിയുള്ള വസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നതൊക്കെ നല്ല പുണ്യമാണ്. അതുപോലെ പരസ്പരം പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറലും ഹസ്തദാനം ചെയ്യലും സുന്നത്ത് തന്നെ. വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഇതൊക്കെ സുന്നത്താകുന്നു. ആശംസക്കായി ഏതു നല്ല വാക്കും ഉപയോഗിക്കാവുന്നതാണ്. ആശംസയായി “തഖബ്ബലല്ലാഹു മിന്കും’ എന്നും മറുപടിയായി “തഖബ്ബലല്ലാഹു മിന്കും, അഹ്യാകുമുല്ലാഹു ലി അംസാലിഹി, കുല്ലു ആമിന് വഅന്തും ബിഖയ്ര്‍’ എന്നും പറയാവുന്നതാണ്.
നബി(സ) തങ്ങള്‍ പള്ളിയിലേക്ക് നേരത്തെ പോകുമായിരുന്നു. ഹസന്(റ)വില്‍ നിന്നുള്ള ഹദീസ് ശാഫിഈ ഇമാം ഉദ്ധരിക്കുന്നു: “തിരുനബി(സ) ബലിപെരുന്നാളിലും ചെറിയ പെരുന്നാളിലും സൂര്യനുദിച്ചുയരുന്നതിന് മുന്‍പു തന്നെ പള്ളിയില്‍ പോകുമായിരുന്നു.’ ചെറിയ പെരുന്നാള്‍ നിസ്ക്കാരത്തിന് ഭക്ഷണം കഴിച്ചതിനു ശേഷവും ബലി പെരുന്നാളിന് ഭക്ഷണത്തിന് മുന്‍പുമാണ് പോകേണ്ടത്. തിരുനബി(സ) കാരക്ക കഴിക്കാതെ ചെറിയ പെരുന്നാളില്‍ പള്ളിയിലേക്ക് പോയിരുന്നില്ല. അതുതന്നെ ഒറ്റയായിട്ടായിരുന്നു കഴിച്ചിരുന്നത്. പള്ളിയിലേക്കു പോകുന്പോള്‍ ഒരു വഴിയും മടങ്ങിവരുന്പോള്‍ മറ്റൊരു വഴിയുമാവുന്നതാണ് സുന്നത്ത്. ഇരു വഴികളിലുള്ള ജിന്നുകളും മലക്കുകളും മനുഷ്യരും അവനു വേണ്ടി സാക്ഷി പറയാന്‍ ഇതു കാരണമാകും. പള്ളിയിലേക്ക് നടന്നു പോകുന്നതാണ് ഉത്തമം. തിരുനബി(സ) പെരുന്നാള്‍ നിസ്ക്കാരത്തിനും ജനാസ നിസ്ക്കാരത്തിനും വേണ്ടി ഒരിക്കലും വാഹനത്തില്‍ പോയിട്ടില്ല. (കിതാബുല്‍ഉമ്മ് 1/417)
പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് നിസ്ക്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷം തിരുനബി മദീനാപള്ളിയില്‍ പ്രഥമ പെരുന്നാള്‍ നിസ്ക്കാരത്തിനു നേതൃത്വം നല്കി. സൂര്യന് ഉദിച്ചതു മുതല്‍ ഉച്ചതിരിയുന്നത് വരെയാണ് ഇതിന്റെ സമയം. സൂര്യന് ഉദിച്ച് 2025 മിനുട്ട് പിന്തിക്കല്‍ സുന്നത്തുണ്ട്. മഅ്മൂമീങ്ങള്‍ നേരത്തെ പള്ളിയിലെത്തുകയും ജമാഅത്തിനെ പ്രതീക്ഷിച്ചിരിക്കുകയും വേണം. ഇമാമിന് പള്ളിയില്‍ നിസ്ക്കാര സമയത്ത് എത്തിയാല്‍ മതി. നേരത്തെ പോകല്‍ സുന്നത്തില്ല. ചെറിയ പെരുന്നാള്‍ നിസ്ക്കാരം അല്പം വൈകി നിസ്ക്കരിക്കലാണ് ഉത്തമം. ഫിത്വ്ര് സകാത്തിന്റെയും സ്വദഖയുടെയും സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ബലിപെരുന്നാള്‍ നിസ്ക്കാരം ഉളുഹിയ്യത്തിന് കൂടുതല്‍ സമയം ലഭിക്കാന്‍ വേഗത്തിലാക്കണം. സൂര്യന് ഉദിച്ചുയര്‍ന്നാല്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് മുന്‍പും ശേഷവും ഇമാം മറ്റു സുന്നത്ത് നിസ്ക്കാരം നിര്‍വ്വഹിക്കല്‍ കറാഹത്താണ്. ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ നിസ്ക്കാരം മാത്രമേ ആ സമയത്ത് കല്പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ മഅ്മൂമിന് പെരുന്നാള്‍ നിസ്ക്കാരത്തിനു മുന്‍പ് മറ്റു സുന്നത്തുകള്‍ നിസ്ക്കരിക്കാവുന്നതാണ്. സമയബന്ധിതമായ ഏതൊരു സുന്നത്ത് നിസ്ക്കാരവും അതിന്റെ സമയം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളതു പോലെ പെരുന്നാള്‍ നിസ്ക്കാരവും ഖളാആയ വ്യക്തിക്ക് അത് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്.
പെരുന്നാള്‍ നിസ്ക്കാരത്തിന്റെ ഫര്‍ളുകളും സുന്നത്തുകളും ശര്‍ത്വുകളുമെല്ലാം മറ്റു സുന്നത്തു നിസ്ക്കാരങ്ങളുടേതു പോലെയാണ്. പെരുന്നാള്‍ നിസ്ക്കാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല. തുടങ്ങുന്നതിനു മുന്‍പ് “അസ്സ്വലാത്തു ജാമിഅ’ എന്നു വിളിച്ചു പറയല്‍ സുന്നത്തുണ്ട്. ചുരുങ്ങിയ രൂപം സാധാരണ രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം പോലെ പെരുന്നാളിന്റെ നിയ്യത്ത് വെച്ച് നിസ്ക്കരിക്കാവുന്നതാണ്. ഒന്നാം റക്അതില്‍ വജ്ജഹ്തുവിനു ശേഷം ഫാതിഹക്കു മുന്‍പ് കൈ രണ്ടും ചുമലിനു നേരെ ഉയര്‍ത്തി ഏഴു തക്ബീര്‍ ചൊല്ലണം. ഓരോ തക്ബീറിനിടയിലും സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍അലിയ്യില്‍അളീം എന്നു പറയണം. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്തറബത്ത് സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്താണ്. അതിന് സൗകര്യമില്ലെങ്കില്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ ഗാശിയ സൂറത്തും ഓതലാണ് സുന്നത്ത്. പെരുന്നാള്‍ നിസ്ക്കാരത്തിനു ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്. സാധാരണ വെള്ളിയാഴ്ച ഓതാറുള്ള ഖുത്ബ പോലെയാണ് പെരുന്നാളിന്റെ ഖുതുബയുമെങ്കിലും ഒന്നാം ഖുതുബ ഒന്‍പത് തക്ബീര്‍ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീര്‍ കൊണ്ടുമാണ് തുടങ്ങേണ്ടത്.
മുസ്ലിമിന്റെ ആഘോഷങ്ങളും പെരുന്നാളുകളും ബന്ധങ്ങള്‍ പുതുക്കുന്നതായിരിക്കണം. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് ഇസ്ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അയല്‍ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും രോഗികളെ സന്ദര്‍ശിക്കുകയും മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ച് പുണ്യം കരസ്ഥമാക്കുകയുമാകുന്പോള്‍ പെരുന്നാള്‍ കൂടുതല്‍ സന്തോഷദായകവും ആത്മീയ നിര്‍ഭരവുമാകുന്നു.
ഫൈസല്‍ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login