പ്ലസ്ടു കഴിഞ്ഞാല്‍ എന്ത് പഠിക്കണമെന്ന കാര്യത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. മറ്റ് വിഷയക്കാരേക്കാള്‍ കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് ഈ കണ്‍ഫ്യൂഷന്‍ ഇരട്ടിയാണ്. തിരഞ്ഞെടുക്കാന്‍ ഒട്ടേറെ സാധ്യതകളാണ് ഇവരെ കാത്തിരിക്കുന്നത് എന്നതു തന്നെ കാരണം. തൊഴില്‍വിപണിയില്‍ എന്നും പ്രിയമുള്ള വിഷയമാണ് കൊമേഴ്‌സ് എന്നതുകൊണ്ട് ഉപരിപഠനസാധ്യതകളും ഈ വിഷയത്തില്‍ ഒട്ടേറെയുണ്ട്. പ്ലസ്ടു കൊമേഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് തുടര്‍ന്ന് പഠിക്കാനുള്ള കോഴ്‌സുകളെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ ലക്കത്തിലെ തൊഴില്‍വഴികള്‍.
1. ബി.കോം
പ്ലസ്ടു കൊമേഴ്‌സുകാരില്‍ നല്ലൊരു ശതമാനവും തിരഞ്ഞെടുക്കുക ബി.കോം കോഴ്‌സ് തന്നെയായിരിക്കും. പുതിയ ഒട്ടേറെ കോഴ്‌സുകള്‍ നിലവില്‍ വന്നിട്ടുണ്ടെങ്കില്‍ ബികോമുകാര്‍ക്കുള്ള ജോലി സാധ്യത കൂടിയിട്ടേയുളളൂ. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, അഡ്വര്‍ട്ടൈസിങ്, ഫിനാന്‍സ്, ടാക്‌സേഷന്‍ രംഗങ്ങളിലൊക്കെയായി ഓരോ വര്‍ഷവും ആയിരക്കണക്കിന് ബികോമുകാര്‍ ജോലിക്ക് കയറുന്നു. വിദേശത്തേക്ക് തൊഴിലിന് ശ്രമിക്കുമ്പോഴും ബികോമുകാരുടെ സാധ്യത അധികമാണ്.
എന്തു പഠിക്കുന്നു എന്ന് തീരുമാനിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് എവിടെ പഠിക്കണമെന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലും ബികോം കോഴ്‌സുണ്ട്. അതിനുപുറമെ സ്വകാര്യ കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ബി.കോം കോഴ്‌സ് നടത്തുന്നു. എവിടെ നിന്നെങ്കിലും പഠിച്ചിറങ്ങിയിട്ട് കാര്യമില്ല. മികച്ച പഠനവകുപ്പും അധ്യാപകരുമുള്ള കോളേജുകള്‍ തിരഞ്ഞെടുത്ത് അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. കേരളത്തില്‍ നിന്ന് പുറത്തുപോയി പഠിക്കാന്‍ സാമ്പത്തിക-ഭൗതിക സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം. ബികോം കോഴ്‌സുകള്‍ക്ക് പേരുകേട്ട ഒട്ടേറെ കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണ് ഡല്‍ഹി. അവിടങ്ങളിലെ കോളേജുകളില്‍ നിന്നൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങുന്നുമുണ്ട്. ജാമിയ മില്ലിയ ഇസ്‌ലാമിയ, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് (എസ്.ആര്‍.സി.സി.), കമല നെഹ്‌റു കോളേജ്, ഹിന്ദു കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ ബി.കോം കോഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ സീറ്റ് കിട്ടുക അത്ര എളുപ്പമാണെന്ന് കരുതേണ്ട. പ്ലസ്ടുവിന് 98 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ കഴിഞ്ഞവര്‍ഷം എസ്.ആര്‍.സി.സി. കോളേജില്‍ അഡ്മിഷന്‍ നല്‍കിയിട്ടുള്ളൂ എന്നറിയുക. മറ്റുകോളേജുകളില്‍ ഇത്രയധികം മാര്‍ക്ക് വേണ്ടിവരില്ലെങ്കിലും 80 ശതമാനത്തിനടുത്ത് മാര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യം മുഴുവനുമുളള മിടുക്കരായ വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കുന്നതിനാല്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പ്. ഡല്‍ഹിയാണ് ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുള്ള ഒരുക്കങ്ങള്‍ പ്ലസ്‌വണ്‍ മുതല്‍ തുടങ്ങണമെന്നര്‍ഥം.
ഡല്‍ഹിക്ക് പുറമെ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും പേരുകേട്ട ബികോം കോളേജുകളുണ്ട്. കൊല്‍ക്കത്തയിലെ സേവിയേഴ്‌സ് കോളേജ്, മുംബൈയിലെ നാഴ്‌സി മോഞ്ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ഉദാഹരണങ്ങള്‍.
വീട്ടിന് തൊട്ടടുത്ത കോളേജില്‍ തന്നെ ബികോം കോഴ്‌സ് ഉളളപ്പോള്‍ എന്തിനാണ് പണം മുടക്കി മഹാനഗരങ്ങളില്‍ പോയി അതേ കോഴ്‌സ് പഠിക്കുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ രണ്ടിടങ്ങളിലും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ മികവിലും അവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകളിലും വലിയ വ്യത്യാസമുണ്ടെന്നതുതന്നെ കാരണം. മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹജമായുള്ള അപകര്‍ഷതാബോധം മാറാനും ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ പഠിക്കാനുമൊക്കെ അന്യദേശപഠനം സഹായിക്കും.
2. ബി.എ. ഇക്കണോമിക്‌സ്
ബി.കോം പോലെത്തന്നെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സാണ് ബി.എ. ഇക്കണോമിക്‌സ്. കൊമേഴ്‌സില്‍ കണക്കെഴുത്തിന്റെ വിവിധ വശങ്ങളാണ് പഠിപ്പിക്കുന്നതെങ്കില്‍ സാമ്പത്തികശാസ്ത്രത്തിന്റെ സമഗ്രപഠനമാണ് ബി.എ. ഇക്കണോമിക്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് പോളിസി ആന്‍ഡ് സ്ട്രാറ്റജി, ഇന്‍ഡസ്ട്രിയല്‍ സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് റിസോഴ്‌സ് ഇക്കണോമിക്‌സ്, ഫോറിന്‍ ട്രേഡ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ലേബര്‍ ഇക്കണോമിക്‌സ്, ഇക്കണോമിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച്… കേരളത്തിന് പുറത്തെ വിവിധ സര്‍വകലാശാലകളിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത വിഷയങ്ങളാണിവ. കൊമേഴ്‌സില്‍ അടിത്തറയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏറെ ശോഭിക്കാന്‍ കഴിയും ഈ വിഷയങ്ങളില്‍. നമ്മുടെ നാട്ടിലെ ബി.എ. ഇക്കണോമിക്‌സ് സിലബസില്‍ ഇപ്പോഴും പരമ്പരാഗതവിഷയങ്ങളായ മൈക്രോ, മാക്രോ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാന്‍സ്, ഇന്ത്യന്‍ ഇക്കോണമി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകള്‍ തന്നെയാണ് ബി.എ. ഇക്കണോമിക്‌സ് കോഴ്‌സിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്, ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലെ ബി.എ. ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്ക് രാജ്യാന്തരനിലവാരമുണ്ട്.
3. ബി.എ. (എ.എസ്.പി.എസ്.എം.)
കൊമേഴ്‌സ് പ്ലസ്ടു കഴിഞ്ഞു. പക്ഷേ കണക്കിലും അക്കൗണ്ടിങിലുമൊന്നും വലിയ താത്പര്യമില്ല, മാര്‍ക്കറ്റിങിലോ സെയില്‍സിലോ വല്ല ജോലിയും കിട്ടണമെന്നാണ് ആഗ്രഹം. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് നൂറുശതമാനം അനുയോജ്യമായ കോഴ്‌സാണ് ബി.എ. അഡ്വര്‍ടൈസിങ്, സെയില്‍സ് പ്രമോഷന്‍ ആന്‍ഡ് സെയില്‍സ് മാനേജ്‌മെന്റ് അഥവാ എ.എസ്.പി.എസ്.എം. രാജ്യത്തെ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ നിലവില്‍ ഈ കോഴ്‌സുള്ളൂ. ഏതാനും വര്‍ഷങ്ങള്‍ക്കകം കേരളമടക്കമുളള സംസ്ഥാനങ്ങളിലും ഈ കോഴ്‌സ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ബി.കോമിലും ബി.എ. ഇക്കണോമിക്‌സിലും പോലെ ഡല്‍ഹിയിലെ കോളേജുകളാണ് എ.എസ്.പി.എസ്.എം. കോഴ്‌സിന്റെ കാര്യത്തിലും വഴി നയിക്കുന്നത്. ഡല്‍ഹിയിലെ കമല നെഹ്‌റു കോളേജ്, ജീസസ് ആന്‍ഡ് മേരി കോളേജ്, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ ഈ കോഴ്‌സ് നടക്കുന്നുണ്ട്. അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ട്ടൈസിങില്‍ (മൈക്ക) ഇതേ വിഷയത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സും സംഘടിപ്പിക്കുന്നുണ്ട്. മുദ്രയില്‍ നിന്ന് വര്‍ഷാവര്‍ഷം കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര പരസ്യഏജന്‍സികളിലെല്ലാം ജോലി ചെയ്യുന്നു.
4. ബി.ബി.എ.
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ ചുരുക്കപ്പേരാണ് (ബി.ബി.എ.) പേരിലെ സാമ്യം സൂചിപ്പിക്കുന്നതുപോലെ എം.ബി.എ. കോഴ്‌സിന്റെ അണ്ടര്‍ഗ്രാജ്വേറ്റ് രൂപമാണിത്. ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബി.ബി.എം.), ബാച്ചിലര്‍ ഓഫ് ബിസിനസ് സ്റ്റഡീസ് (ബി.ബി.എസ്.) എന്ന പേരിലും സമാനമായ കോഴ്‌സുകള്‍ പല സര്‍വകലാശാലകളും നടത്തുന്നുണ്ട്. എല്ലാത്തിന്റെയും വിഷയം ബിസിനസ് അഡ്മിനിസ്‌ട്രേഷന്റെ അടിസ്ഥാന പാഠങ്ങള്‍ തന്നെ. ഡല്‍ഹി സര്‍വകലാശാല, മുംബൈ സര്‍വകലാശാല, പൂനെയിലെ സിംബിയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, മുംബൈയിലെ എന്‍.എം.ഐ.എം.എസ്. സര്‍വകലാശാല എന്നിവയ്ക്ക് കീഴിലുള്ള പല കോളേജുകളിലും വളരെ പ്രശസ്തമായ രീതിയില്‍ ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), ഡല്‍ഹിയിലെ ഷഹീദ് സുഖ്‌ദേവ് കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, നോയ്ഡയിലെ അമിറ്റി ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ബി.ബി.എ./ബി.ബി.എം./ ബി.ബി.എസ്. കോഴ്‌സുകള്‍ക്ക് പേരുകേട്ടവ. ഇവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും ഐ.ഐ.എം. പോലുളള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം.ബി.എ. പ്രവേശനത്തിന് സീറ്റ് ലഭിക്കാറുണ്ട്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്
അക്കൗണ്ടന്റ് രംഗത്തെ ഗ്ലാമര്‍ പദവികളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേതും കോസ്റ്റ് അക്കൗണ്ടന്റിന്റെതും. ഇതിനോടൊപ്പം ചേര്‍ത്തുവെക്കാവുന്ന ജോലിയാണ് കമ്പനി സെക്രട്ടറിയുടേതും. കൊമേഴ്‌സ് പ്ലസ്ടുക്കാര്‍ക്ക് അല്‍പമൊന്ന് പരിശ്രമിച്ചാല്‍ എത്തിപ്പിടിക്കാവുന്ന ജോലികളാണിവ. ഒരു സര്‍വകലാശാലകളിലോ കോളേജുകളിലോ ഇതു സംബന്ധിച്ച കോഴ്‌സുകള്‍ നടത്തുന്നില്ലെന്നതാണ് രസകരമായ കാര്യം. കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) യാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എ.ഐ. സെന്ററുകളില്‍ ചേര്‍ന്ന് പ്ലസ്ടുക്കാര്‍ക്ക് ഈ കോഴ്‌സ് പഠിക്കാം. കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഐ.സി.എ.ഐ. ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. നാലുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയും മൂന്നുവര്‍ഷത്തെ പ്രായോഗികപരിശീലനവും വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്കേ ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ സാധിക്കൂ. ഫൈനല്‍ പരീക്ഷയെഴുതുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ 8-16 ശതമാനം പേര്‍ മാത്രമേ വിജയിക്കാറുള്ളൂ. അത്രയ്ക്ക കടുപ്പമേറിയ സിലബസാണ് സി.എ. കോഴ്‌സിനുള്ളത്. എങ്കിലും ചിട്ടയായ പഠനവും കഠിനാധ്വാനവും കൊണ്ട് സി.എ. പരീക്ഷ പാസായ നിരവധിപേര്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.
സി.എയ്ക്ക് സമാനമായ കോഴ്‌സാണ് കോസ്റ്റ് അക്കൗണ്ടിങ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എന്ന സ്റ്റാറ്റിയൂട്ടറി സംവിധാനമാണ് കോസ്റ്റ് അക്കൗണ്ടന്റുമാര്‍ക്കുള്ള പരിശീലനം നല്‍കുന്നതും പരീക്ഷ സംഘടിപ്പിക്കുന്നതും. ഒരു ഉല്പന്നത്തിന്റെയോ സേവനത്തിന്റെയോ വില നിശ്ചയിക്കുകയും അതിന്റെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി കമ്പനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് കോസ്റ്റ് അക്കൗണ്ടന്റിന്റെ ജോലി. ഉല്പന്നമുണ്ടാക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുവിന്റെ വില തൊട്ട് ഓരോ ഘട്ടത്തിലും അതുണ്ടാക്കാന്‍ മുടക്കുന്ന ചെലവുകള്‍ വരെയുള്‍പ്പെടുത്തിവേണം വില നിശ്ചയിക്കാന്‍. എല്ലാവിധ വ്യാവസായ ശാലകളിലും വന്‍കിടനിര്‍മാണ കേന്ദ്രങ്ങളിലുമൊക്കെ കോസ്റ്റ് അക്കൗണ്ടന്റിന്റെ സേവനം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ മികച്ച ശമ്പളം ലഭിക്കുന്ന ഉയര്‍ന്ന ജോലിയാണ് കോസ്റ്റ് അക്കൗണ്ടന്റിന്റേത്. പ്ലസ്ടു കഴിഞ്ഞ ഏതൊരു വിദ്യാര്‍ഥിക്കും ഫൗണ്ടേഷന്‍, ഇന്റര്‍മീഡിയറ്റ്, ഫൈനല്‍ പരീക്ഷകള്‍ പാസായി കോസ്റ്റ് അക്കൗണ്ടന്റാകാം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനിസെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) എന്ന സ്വയംഭരണസ്ഥാപനമാണ് കമ്പനിസെക്രട്ടറി കോഴ്‌സ് നടത്തുന്നത്. ഇതിന് ചേരാന്‍ ആവശ്യമായ അടിസ്ഥാനയോഗ്യതയും പ്ലസ്ടു തന്നെ. ഫൗണ്ടേഷന്‍, എക്‌സിക്യുട്ടീവ്, പ്രൊഫഷനല്‍ എന്നീ മൂന്ന് ഘട്ടങ്ങളാണ് കോഴ്‌സിനുള്ളത്.
റസല്‍
You must be logged in to post a comment Login