ഫലസ്തീനികളുടെ അവശേഷിച്ച മണ്ണും തട്ടിയെടുക്കുകയാണ് ഇസ്രയേല്‍

ഫലസ്തീനികളുടെ അവശേഷിച്ച മണ്ണും തട്ടിയെടുക്കുകയാണ് ഇസ്രയേല്‍

ഫലസ്തീന്‍കാര്‍ ഇസ്രയേലി ഭരണകൂടത്തിന്റെ നിരന്തരമായ നിന്ദയും പീഢനവും അക്രമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. അമ്പതുവര്‍ഷത്തെ ഇസ്രയേലി അധിനിവേശത്തിനുശേഷം പതിവുകാഴ്ചകളായതുകൊണ്ട് ഇതൊന്നും വാര്‍ത്തകള്‍ പോലുമാകുന്നില്ല. ഈ അവസ്ഥ ഇസ്രയേലിനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.

തങ്ങള്‍ക്കനുഭവപ്പെട്ട സ്വകാര്യനഷ്ടങ്ങളെയും ഭീതിയെയും കുറിച്ച് ഫലസ്തീന്‍കാരില്‍നിന്നുകേട്ട കഥകളും ഞാന്‍ നേരിട്ടു കണ്ട അക്രമവും വിവരിക്കാന്‍ അസാധ്യമാണ്. പുറംലോകത്തുനിന്ന് ഈ കഥകള്‍ മറക്കാന്‍ ഇസ്രയേലി ഭരണകൂടം അക്രമണോത്സുകമായി ശ്രമിക്കുന്നുണ്ട്. ഫലസ്തീനിലെ ഇസ്രയേലിന്റെ കോളനിവത്കരണത്തിന്റെ ഭീകരചിത്രമാണ് ഈ കഥകള്‍ വരച്ചുകാട്ടുന്നത്. അബുദിസിലെ അല്‍ഖുദ്‌സ് സര്‍വകലാശാലയിലെ ഡീനും ഫാക്കല്‍റ്റി അംഗവുമായ ഒരു സ്ത്രീ പറഞ്ഞു: ”രാവിലെ ഇസ്രയേലി പൊലീസ് എന്നെ തടഞ്ഞുനിര്‍ത്തി. എന്റെ തിരിച്ചറിയല്‍ കാര്‍ഡിനോട് ഒത്തുനോക്കാന്‍ എന്റെ കോണ്‍ടാക്ട് ലെന്‍സുകള്‍ ഊരി കണ്ണുകള്‍ കാണിക്കണമെന്ന് പറഞ്ഞു. അയാള്‍ എന്റെ കണ്ണുകളിലേക്ക് ദീര്‍ഘനേരം ഉറ്റുനോക്കി. എന്റെ കണ്ണുകള്‍ പരിശോധിക്കാന്‍ ഇത്രയും നേരം വേണ്ടതുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. കണ്ണുകള്‍ അത്ര സുന്ദരമായതുകൊണ്ടാണ് തുറിച്ചുനോക്കുന്നതെന്നാണോ നീ വിചാരിക്കുന്നത്? അയാള്‍ മുറുമുറുത്തു. ഒരു പരിചയക്കാരന്‍ പറഞ്ഞതിങ്ങനെ: ഇസ്രയേല്‍ രൂപീകരിക്കപ്പെടുന്നതിന് മുമ്പ് 1920കളിലെ ആധാര പത്രങ്ങള്‍ ജാഫയിലെ വീട്ടില്‍ (ഇസ്രയേലിലെ ടെല്‍അവീവിനടുത്തുള്ള തുറമുഖപട്ടണം) ഞങ്ങള്‍ക്കുള്ള അധികാരം ഉറപ്പിക്കുന്നുണ്ട്. ആ വീട്ടിലെ ഇസ്രയേലി താമസക്കാരന് അത്തരമൊരു രേഖ കാണിക്കാനാകുമോ?” (ഇദ്ദേഹത്തിന്റെ മുന്‍തലമുറ 1948ലെ സയണിസ്റ്റ് പട്ടാള അതിക്രമത്തെ തുടര്‍ന്ന് വീടുവിട്ടോടി പോന്നതാണ്. ഫലസ്തീനിലെ നിരവധി ഭാഗങ്ങളിലായി അഞ്ഞൂറിലേറെ ഗ്രാമങ്ങള്‍ തകര്‍ത്തായിരുന്നു ആ വംശഹത്യാശ്രമങ്ങള്‍).

ഒരു സുഹൃത്ത് പറഞ്ഞു: ”എന്റെ മുത്തച്ഛന്‍ ഹൈഫ(ഇപ്പോള്‍ ഇസ്രയേലിലെ പട്ടണം) ഗവര്‍ണറായിരുന്നു. ഒരു കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. 1948ല്‍ അദ്ദേഹം അവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടു”.

ഹെബ്രണിലെ പഴയ നഗരത്തിലെ കെട്ടിടങ്ങളുടെ മുകള്‍നിലകളില്‍ താമസിക്കുന്ന ഇസ്രയേലികള്‍ ചപ്പുചവറുകള്‍ നിരത്തിലൂടെ നടന്നുപോകുന്ന ഫലസ്തീന്‍കാരുടെ ദേഹത്തിടുന്നുണ്ട്. ഇത് തടയാനായി ഫലസ്തീന്‍ അധികൃതര്‍ കമ്പിവലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കുപ്പി മൂത്രമാണ് ഒരുതവണ ഇസ്രയേലി കുടിയേറ്റക്കാര്‍ താഴെ നടന്നുപോകുന്ന ഫലസ്തീനികളുടെ ദേഹത്തേക്കെറിഞ്ഞത്. അത് കമ്പിവലയില്‍ കുടുങ്ങിക്കിടന്നു.

ഹെബ്രോണ്‍ നഗരത്തിലെ ഒരു കൗതുകവസ്തു വില്‍പനക്കാരന്‍ പറഞ്ഞു: ‘ഇസ്രയേലി കുടിയേറ്റക്കാര്‍ മുകള്‍നിലയിലെ വീടുകളില്‍ താമസിക്കുകയും ഞങ്ങളുടെ ദേഹത്ത് ചപ്പുചവറുകള്‍ വലിച്ചെറിയുകയും ചെയ്യുന്നു. നിങ്ങളത് നേരിട്ടുകണ്ടിട്ടുണ്ടല്ലോ. ദയവായി അത് ലോകത്തെ അറിയിക്കൂ.’

നബ്ഖുസിലെ അല്‍ നജാ സര്‍വകലാശാലയിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞതിങ്ങനെയാണ്: ‘ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന നിരത്തിനരികിലുള്ള വീടായിരുന്നു ഞങ്ങളുടേത്. ആളുകളെയും വാഹനങ്ങളെയും നിരീക്ഷിക്കാനുള്ള സൗകര്യപ്രദമായ ഇടമാണെന്നുകണ്ട് ഇസ്രയേലി പട്ടാളക്കാര്‍ വീടിന്റെ മുകളില്‍ തമ്പടിക്കുകയും വീട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. വാതിലില്‍ ഏറെ തവണ മുട്ടുമ്പോള്‍ ഒരു പട്ടാളക്കാരന്‍ അത് തുറന്നുതരും. അതിഥികള്‍ വരുന്നുണ്ടെങ്കില്‍ അതും അവരെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ടായിരുന്നു.’

അല്‍ഖുദ്‌സ് സര്‍വകലാശാലയിലെ മറ്റൊരു ഫാക്കല്‍റ്റി അംഗത്തിന് പറയാനുള്ളത് ഇതാണ്: ‘കാമ്പസില്‍ ഇസ്രയേലി അക്രമണം നടക്കുകയും അവരെറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ എന്റെ ക്ലാസ്മുറിക്കുള്ളില്‍ പതിക്കുകയും ചെയ്തു. അവര്‍ പഠനോപകരണങ്ങള്‍ തകര്‍ക്കുകയും ഫലസ്തീനി തടവുകാരെ കുറിച്ചുള്ള ഒരു പ്രദര്‍ശനം തടയുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എല്ലാ തവണയും അക്രമമുണ്ടാകുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ വെബ്‌സൈറ്റിലൂടെ പ്രതിഷേധമറിയിക്കും. പക്ഷേ അതാരും വായിക്കുന്നുപോലുമില്ല.’
ഫലസ്തീനി വിദ്യാര്‍ത്ഥികളെ ഇസ്രയേലി പൊലീസുകാര്‍ നിരന്തരമായി പരിശോധനാകേന്ദ്രങ്ങളില്‍ തടഞ്ഞുവെക്കുന്നുണ്ട്. അക്കാരണത്താല്‍ അവര്‍ക്ക് ഏറെ ക്ലാസുകള്‍ നഷ്ടമാകുന്നുണ്ട്.

വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഒരു നഗരമായ ജെനിനിലെ ഫ്രീഡം തിയറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഒരു നടന്‍ പറഞ്ഞു: ‘ജെനിന്‍ അഭയാര്‍ത്ഥി കാമ്പിലെ സ്‌കൂള്‍ അധ്യാപകരെയാണ് 1988ല്‍ ഇന്‍തിഫാദ ആരംഭിച്ചപ്പോള്‍ ആദ്യം തുറുങ്കിലടച്ചത്.’

ഫലസ്തീനികള്‍ക്ക് രാത്രി സഞ്ചാരത്തിനും വിലക്കുണ്ട്. അല്‍ഖുദ്‌സ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥനെ രാത്രിനേരത്ത് ഇറങ്ങി നടന്നതിന് പൊലീസ് ഭീഷണിപ്പെടുത്തുകയുണ്ടായി. അതാകട്ടെ വെസ്റ്റ് ബാങ്കിനുള്ളില്‍ നടന്നപ്പോഴായിരുന്നു. അന്താരാഷ്ട്ര നിയമമനുസരിച്ച് അവിടെ ഇസ്രയേലികളുടെ സാന്നിധ്യം പോലും നിയമവിരുദ്ധമാണ്.
അല്‍നജ സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ പറഞ്ഞു: ‘കാലാവസ്ഥാപഠനത്തിനായി ഭൂമിയുടെ ഉപരിതലത്തിലെ സൂര്യതാപം അളക്കാന്‍ റേഡിയോ മീറ്ററുകള്‍ ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. ഒരു അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഇരുപത്തയ്യായിരം ഡോളറിന് അത് വാങ്ങുകയും ചെയ്തു. എന്നാല്‍ ഇസ്രയേലി പട്ടാളം അതിന് അനുമതി നിഷേധിച്ചു. റേഡിയോ മീറ്ററിന് ആണവവികിരണവുമായി യാതൊരു ബന്ധവുമില്ല. അത് സൂര്യകിരണങ്ങള്‍ അളക്കുക മാത്രമാണ് ചെയ്യുന്നത്. അക്കാദമിക ആവശ്യത്തിനപ്പുറത്ത് അതിന് പ്രാധാന്യവുമില്ല.’
അത്ത ജാബിര്‍ എന്ന കര്‍ഷകന്റെ വീട് രണ്ടുതവണയാണ് ഇസ്രയേലി പട്ടാളം തകര്‍ത്തത്. ആ കുടുംബം അതോടെ വീടില്ലാത്തവരായി മാറി. 1967 മുതല്‍ ഏതാണ്ട് അമ്പതിനായിരം ഫലസ്തീനി വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തിട്ടുണ്ട്. കുടുംബത്തിന്റെ വലിപ്പം ഫലസ്തീനില്‍ കൂടുതലായതിനാല്‍ വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ നിരാധാരമാകുന്നത് ആയിരക്കണക്കിനാളുകളാണ്.

തെക്കന്‍ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരവാസിയായ സെലിഖക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്: ‘അവര്‍ നഗരമധ്യത്തിലുള്ള സുഹദത്തെരുവ് അടച്ചു. വീട്ടില്‍നിന്ന് നിരത്തിലേക്കു തുറക്കുന്ന വഴി പൂട്ടുകയും ചെയ്തു. ഞങ്ങള്‍ അയല്‍ക്കാരന്റെ വീട്ടിലേക്ക് ഭിത്തിയിലൂടെ ദ്വാരമുണ്ടാക്കി. അയാളുടെ വീട് തുറക്കുന്നത് മറ്റൊരു നിരത്തിലേക്കാണ്.’ സുഹദത്തെരുവ് ഇന്ന് ഫലസ്തീനികള്‍ക്ക് വിലക്കപ്പെട്ടതാണ്. ഇസ്രയേലി ജൂതന്മാര്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ആ തെരുവിലേക്ക് പ്രവേശനമുള്ളത്.

ഇസ്രയേലി പട്ടാളം ഫലസ്തീനി ഗ്രാമങ്ങള്‍ നിരന്തരം അക്രമിക്കുകയും വകതിരിവില്ലാതെ കണ്ണീര്‍വാതകം ഉപയോഗിക്കുകയും ചെയ്യുന്നു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പോലും അവര്‍ വെറുതെ വിടുന്നില്ല.

ഫലസ്തീനികള്‍ പഴങ്ങളും പച്ചക്കറികളും വിളയിക്കുന്ന കൃഷിയിടങ്ങള്‍ക്കടുത്ത് ഇസ്രയേലി പട്ടാളം പടുകൂറ്റന്‍ മതിലുകള്‍ കെട്ടിപ്പൊക്കും. കൃഷി ചെയ്യാന്‍ പോകുന്നവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും തലയില്‍ തോക്കമര്‍ത്തുകയും ചെയ്യും. കാരണമൊന്നുമില്ലാതെ അവരെ അറസ്റ്റ് ചെയ്യുകയോ വെടിവെക്കുകയോ ചെയ്യും.

ഇസ്രയേലികള്‍ 2001ല്‍ അല്‍നജ സര്‍വകലാശാലയിലേക്കുള്ള വഴികള്‍ തടഞ്ഞു. അധ്യാപകരും കുട്ടികളും കുന്നുകള്‍ താണ്ടി സര്‍വകലാശാലയിലെത്തേണ്ട അവസ്ഥയുണ്ടായി. അതിന് മണിക്കൂറുകള്‍ വേണം. എങ്കിലും തങ്ങള്‍ പഠനം ഉപേക്ഷിക്കാന്‍ തയാറാകില്ലെന്ന് സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ എന്നോട് പറഞ്ഞു.

ആണ്‍ പട്ടാളക്കാരന്‍ മുഖപടം മാറ്റി മുഖം കാണിച്ചുകൊടുക്കാത്തതിന് വെടിവെച്ച് കൊല്ലപ്പെട്ട സഹപാഠിയുടെ ഓര്‍മയാണ് ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിക്ക് പറയാനുള്ളത്.
ബത്‌ലഹെം സര്‍വകലാശാലയിലെ പ്രൊഫസറും ഫലസ്തീന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡയറക്ടറുമായ മാസിന്‍ ക്യുംസിയേ അദ്ദേഹം സന്ദര്‍ശിച്ച ഒരു സുഹൃത്തിന്റെ വീടിനെ കുറിച്ച് പറയുന്നു: ‘വീടിന് തൊട്ടുപുറകിലായി ഇസ്രയേല്‍ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മേച്ചില്‍പുറത്തെയും ഒലീവുമരങ്ങളെയും കവര്‍ന്നെടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഖബറിടം വേലിക്കപ്പുറത്താണ്. അവിടെ പോകാനും അദ്ദേഹത്തിനാകുന്നില്ല. അദ്ദേഹം ഇസ്രയേലിലെ കോടതിയെ സമീപിച്ചു. കോടതിവിധി പ്രകാരം അദ്ദേഹത്തിന് ഇസ്രയേല്‍ വേലികള്‍ക്കിടയിലൂടെ ഒരു തുരങ്കം നിര്‍മിച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇസ്രയേലി പട്ടാളം ആ തുരങ്കം തടസ്സപ്പെടുത്തിയിരിക്കുന്നതായാണ് ഒരു മാസം കഴിഞ്ഞ് അവിടം സന്ദര്‍ശിച്ച ഞങ്ങള്‍ കണ്ടത്.’
മാസിന്‍ ക്യുംസിയേ വികാരാധീനനാണ്. തന്റെ പത്തൊമ്പതാമത്തെ ചങ്ങാതിയുടെ ഖബ്‌റിടത്തിലാണ് അദ്ദേഹമിപ്പോള്‍ ആദരമര്‍പ്പിക്കുന്നത്. അവരെല്ലാവരും തന്നെ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരാണ്.
എന്റെ അടുത്ത ചങ്ങാതിമാരിലൊരാള്‍ ഇ മെയില്‍ സന്ദേശത്തില്‍ ഇങ്ങനെയെഴുതി: ‘ഇന്ന് ഹെബ്രോണില്‍നിന്ന് മടങ്ങിവരുമ്പോള്‍ ഹിസ്മക്കടുത്ത് ഗതാഗതക്കുരുക്കില്‍ പെട്ടു. വളരെ അസ്വസ്ഥതയുളവാക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. നമുക്ക് അല്‍പം പോലും സുരക്ഷാ ബോധം തോന്നുന്നില്ല. ഹിസ്‌ലാ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് പട്ടാളക്കാര്‍ ആളുകളെ വിലക്കുന്നുണ്ട്. തനിക്ക് വീട്ടിലേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞ ഒരാളെ പട്ടാളക്കാര്‍ ട്രക്കില്‍നിന്ന് വലിച്ചിഴക്കുകയും തല്ലിച്ചതക്കുകയും ചെയ്തു. ഒരു അമ്മ പരിഭ്രമത്തോടെ അലറിക്കരഞ്ഞു. ‘എന്റെ മകന്‍.’ പക്ഷേ എനിക്ക് ആ സാഹചര്യത്തിനുമേല്‍ യാതൊരു നിയന്ത്രണവുമില്ലല്ലോ. പെട്ടെന്ന് പട്ടാളക്കാര്‍ വെടിവെപ്പ് തുടങ്ങി. എന്റെയടുത്തിരുന്ന നാലുവയസ്സുകാരിക്ക് ഞാന്‍ ധൈര്യം പകര്‍ന്നു, യാതൊരുറപ്പുമില്ലാതെ.
എനിക്ക് എന്നെപ്പോലും സംരക്ഷിക്കാനാകില്ലെന്ന കാര്യം ഞാന്‍ അംഗീകരിച്ചേ തീരൂ. സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാണ്.

അവിടെ അറബികളുടെയും ഇസ്രയേലികളുടെയും കാറുകള്‍ ഉള്ളതുകൊണ്ട് ഒരു കൂട്ടക്കൊല ഒഴിവായി. ആ ഭ്രാന്ത് ഒഴിഞ്ഞുപോയതിനു ശേഷം ഞാന്‍ നീന്താന്‍ പോയി. അതിനുശേഷം മാത്രമാണ് അടിമുടി വിറച്ച ശരീരം ആ ഞെട്ടലിനെ അതിജീവിച്ചത്. എന്റെ ഹൃദയം ഭാവിയെ കുറിച്ചോര്‍ത്ത് വിഹ്വലമാണ്. ഏതൊരു വിഭാഗീയതയും ഫലസ്തീനികളെ പ്രതികൂലമായി ബാധിക്കും. മനുഷ്യകുലമെന്ന നിലയില്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ആ പാതയെ തടയുകയും ചെയ്യേണ്ടതുണ്ട്.’

കഥകള്‍ അന്തമില്ലാത്തവയാണ്- ഫലസ്തീനികളുടെ ജീവിതത്തിന്റെ ഓരോ അംശവും ഇസ്രയേലി ഉപരോധം തകര്‍ക്കുകയും കലുഷിതമാക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് പട്ടികപ്പെടുത്താന്‍ അസാധ്യമാണ്.

ഇസ്രയേല്‍ ഇത്തരം കണ്ണില്ലാത്ത അക്രമപ്രവൃത്തികളില്‍നിന്ന് നേടുന്നതെന്താണ്? ഫലസ്തീനികളുടെ കയ്യില്‍ അവശേഷിച്ച മണ്ണും തട്ടിയെടുക്കാനാണ് അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ഔപചാരികമായി പിടിച്ചെടുത്താല്‍ അവിടെയുള്ള ഫലസ്തീനികള്‍ക്ക് ഇസ്രയേലി പൗരത്വം നല്‍കേണ്ടതായി വരും. അതുകൊണ്ടാണ് കഴിയാവുന്നത്ര ഫലസ്തീനികളെ അവരുടെ ഭൂമിയില്‍നിന്നും അവര്‍ ആട്ടിയോടിക്കുന്നത്. നാണം കെടുത്തലും പീഢനവുമാണ് ഫലസ്തീനികളെ തുരത്താനുള്ള ഉപകരണങ്ങള്‍. അവര്‍ നല്ല ജീവിതം തേടി മറ്റെവിടേക്കെങ്കിലും രക്ഷപ്പെടുമ്പോള്‍ ലോകത്തിന്റെ മുമ്പിലത് സ്വമേധയാ ചെയ്യുന്ന പ്രവര്‍ത്തനങ്ങളായി മാറുന്നു.

ചിരാക് ധാര

(ചിരാക് ധാര കാലാവസ്ഥാ ഭൗതിക ശാസ്ത്രജ്ഞനാണ്. അദ്ദേഹം ഫലസ്തീന്‍ പ്രശ്‌നത്തില്‍ അതീവതല്‍പരനാണ്. 2018ന്റെ ആദ്യം ഫലസ്തീന്‍കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധിനിവേശത്തില്‍ അമരുന്ന വെസ്റ്റ് ബാങ്ക് അദ്ദേഹം സന്ദര്‍ശിച്ചിരുന്നു).

You must be logged in to post a comment Login