വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

വാര്‍ത്തകള്‍ സമാധാനമുണ്ടാക്കട്ടെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പ്രധാന ആയുധം സാമൂഹിക മാധ്യമങ്ങളാകും. ഇന്ത്യയുടെ വിവര സാങ്കേതിക രംഗത്തുണ്ടായ കുതിപ്പ് ഇത് വളരെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തു വാട്‌സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ എങ്ങനയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നുണപ്രചാരങ്ങളും, വ്യാജ വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്നുണ്ടെന്ന് സൂക്ഷ്മതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍രംഗത്ത് വിദഗ്ധമായി പടയാളികളെ നിയോഗിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി ജെ പി. ഭരണ പാര്‍ട്ടി കൂടിയായ ബി ജെ പിയുടെ സൈബര്‍ ഇടപെടലുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്വാതി ചതുര്‍വേദിയുടെ ‘I am a Troll: Inside BJP’s Secret Digital Army’ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബി ജെ പിയുടെ സൈബര്‍ വിംഗിന്റെ മുന്‍ നടത്തിപ്പുകാരിയായിരുന്ന സദാവി കോസ്ലയുടെ തുറന്നുപറച്ചിലുകളാണ് പുസ്തകത്തിന്റെ പ്രധാന ഭാഗങ്ങള്‍. വ്യാജവാര്‍ത്തകളെ കുറിച്ചും അതിനെ ഇന്റര്‍നെറ്റ് ലോകത്ത് എങ്ങനെ പ്രധിരോധിക്കാമെന്നും ഉള്ള ആശയം മുന്‍നിര്‍ത്തി എന്‍ ഡി ടി വി വാര്‍ത്താ അവതാരിക നിധി റസ്ദാന്‍ ഒരു പ്രൈം ടിം ചര്‍ച്ച (Left, Right, Center) നടത്തുകയുണ്ടായി. തിരഞ്ഞെടുപ്പുകാല ചട്ടങ്ങളായ Moral code of conduct പ്രകാരം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ മാറിനില്‍ക്കണം എന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിലവില്‍ ഉള്‍പ്പെടുത്തും എന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയവ ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ തടയാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. എന്‍ ഡി ടി വിയുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ഒരു വസ്തുത രാജ്യത്ത് 2018ല്‍ 8 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു, ആ സമയങ്ങളില്‍ ഇത്തരത്തിലൊരു സംവിധാനം വേണ്ടവിധം നടപ്പില്‍ വരുത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിട്ടുണ്ട്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇത്തരമൊരു ചട്ടങ്ങള്‍ കൊണ്ട് വലിയൊരു നേട്ടമൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നാണ്. മാത്രമല്ല ഹഫിംഗ്ടണ്‍ പോസ്റ്റ് ജനുവരിയില്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രകാരം നരേന്ദ്ര മോദിയുടെ ആപ്പ് ‘നമോ’യിലൂടെ നിരവധി വ്യാജവാര്‍ത്തകള്‍ അനുദിനം പ്രചരിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ ഭീമമായ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് നമുക്ക് ഏറ്റവും നല്ല ഉദാഹരണം 2014 ലെ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വളരെ എളുപ്പം വെറുപ്പിന്റെ രാഷ്ട്രീയത്തെ കത്തിച്ചുവിട്ടത് ഇന്ത്യ കണ്ടതാണ്. അന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത എന്ന പ്രതിഭാസത്തെ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. പിന്നീട് എ എല്‍ ടി ന്യൂസ്, ഭൂം ലൈവ് തുടങ്ങിയ വെബ്‌സൈറ്റികളിലൂടെയാണ് വ്യാജവാര്‍ത്തകളുടെ അനുദിനമുള്ള വളര്‍ച്ചയെ കുറിച്ചും അത് ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ ഡി ടി വിയടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വിഷയത്തെ കൂടുതല്‍ ഗഹനമായി സമീപിക്കേണ്ടതാണ്. ഇന്ത്യയിലെ വോട്ടവകാശമുള്ള കോടിക്കണക്കിനാളുകളില്‍ എല്ലാവരും, വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നവരല്ല, ഒരുപക്ഷേ എളുപ്പം വ്യാജവാര്‍ത്തകള്‍ വിശ്വസിച്ചേക്കുന്നവരുമാണ്. ഇങ്ങനെ കൈമാറുന്ന വാര്‍ത്തകളില്‍ മിക്കവയും, രൂക്ഷമായ മത ജാതീയ വെറുപ്പുകള്‍ ആളുകളിലേക്ക് എത്തിക്കുന്നവയാണ്, അതിനെ മുതലെടുക്കുന്ന രാഷ്ട്രീയം ആണ് ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നതും.
വ്യാജവാര്‍ത്തകള്‍ കൂടുതലും പ്രചരിക്കുന്നത് പ്രാദേശിക ഭാഷകളിലൂടെയാണ്, മുഖ്യമായും ഹിന്ദി. എന്നാല്‍ ഹിന്ദി ചാനലുകള്‍ ഒന്നും തന്നെ വ്യാജവാര്‍ത്തകളുടെ അപകടങ്ങളെ കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്നില്ല. മാത്രമല്ല എ ബി പി ന്യൂസ് പോലുള്ള ചാനലുകള്‍ അപക്വമായ പ്രീ പോള്‍ ഫലങ്ങള്‍ ഉണ്ടാക്കി ബി ജെ പിയ്ക്ക് 2019 ല്‍ വമ്പിച്ച ഭൂരിപക്ഷം എന്ന രീതിയിലുള്ള വാര്‍ത്തകളാണ് നല്‍കുന്നത്.
മാര്‍ച്ച് 14, കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്കുള്ള നേതാക്കന്മാരുടെ ഒഴുക്കിനെ കുറിച്ച് ദ ഹിന്ദു ഒരു റിപ്പോര്‍ട്ട് തയാറാക്കുകയുണ്ടായി. സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ എന്നറിയപ്പെട്ടിരുന്ന ടോം വടക്കന്റെ ബി ജെ പിയിലേക്കുള്ള പ്രവേശനവും പശ്ചിമ ബംഗാളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ, ബി ജെ പിയിലേക്കെത്തിയാതുമായിരുന്നു വാര്‍ത്ത. മാര്‍ച്ച് 14 ന് തന്നെ വാര്‍ത്ത തിരുത്തിയെഴുതുകയുണ്ടായി. തിരുത്തലിന് മുമ്പേ കൊടുത്ത വാര്‍ത്തയില്‍ ടോം വടക്കന്റെ ബി ജെ പി പ്രവേശത്തിന് കാരണം, കേരളത്തില്‍ ഹിന്ദു- ക്രിസ്ത്യന്‍ യുവാക്കളെ തങ്ങളുടെ തീവ്രആദര്‍ശങ്ങളിലേക്ക് നയിക്കുന്നു എന്ന് പറയപ്പെടുന്ന ഇസ്‌ലാമിക ശക്തികളെ ചെറുക്കാന്‍ ബി ജെ പിക്ക് സാധിച്ചത് കൊണ്ടാണ്. ഇത്തരം ഒരു ഭാഗം വാര്‍ത്തയില്‍ നിന്ന് ദ ഹിന്ദു മാറ്റിയെന്നത് ശരി തന്നെ. എന്നാല്‍ പോലും കേരളത്തിലും ദേശീയതലത്തിലും വളരെയധികം വിശ്വാസ്യതയുള്ള ഒരു പത്രം, വാര്‍ത്തയുമായി വലിയ ബന്ധമൊന്നും ഇല്ലാത്ത, കേവലം നുണപ്രചാരണങ്ങളെ ഒരു രാഷ്ട്രീയവാര്‍ത്തയില്‍ ഉള്‍പെടുത്തുക എന്നത് വലിയൊരു പിഴവ് തന്നെയാണ്. കേരളത്തില്‍ തീവ്രഇസ്‌ലാമികതയെ പ്രചരിപ്പിക്കാന്‍ സംഘടനകളുണ്ടെന്ന വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല, മാത്രമല്ല, വാര്‍ത്ത ടോം വടക്കന്‍ എന്ന മുന്‍കോണ്‍ഗ്രസ് പ്രതിനിധിയെ കുറിച്ചുള്ളതുമാണ്. അത്തരമൊരു വാര്‍ത്തയില്‍ ഈ തിരഞ്ഞെടുപ്പുകാലത്ത് ഇസ്‌ലാമിക ഭീകരവാദം ചികഞ്ഞെടുക്കുന്ന ദ ഹിന്ദു പോലുള്ള പത്രത്തിലെ റിപ്പോട്ടര്‍മാര്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സ്ഥിതിയും കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനു ഇന്ത്യന്‍ നിയമവ്യവസ്ഥിതിയുടെ ഭാഗമായിരുന്ന മുന്‍ ന്യായാധിപന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം മതി. ഗുജറാത്ത് മുന്‍ സിറ്റികോര്‍ട്ട് ജഡ്ജി ആയിരുന്ന ഹിമാന്‍ഷു ത്രിവേദി, സ്‌ക്രോള്‍.ഇന്‍ എന്ന ന്യൂസ് പോര്‍ട്ടലിനു ഫോണ്‍ വഴി നല്‍കിയ സംഭാഷണത്തില്‍ പറഞ്ഞത് അദ്ദേഹം ഇന്ത്യ വിട്ട് ന്യൂസിലന്റില്‍ കുടിയേറാനുള്ള പ്രധാന കാരണം ഇന്ത്യയില്‍ വളര്‍ന്നുവന്ന തീവ്രഹിന്ദുത്വവും, മുസ്‌ലിം സമുദായത്തോട് കാണിക്കുന്ന വെറുപ്പുമാണെന്നുമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി സത്യത്തെ കണ്ടതായി നടിക്കുന്നില്ലെന്നും, പത്തു വര്‍ഷമായി താന്‍ പറയുന്നതിന് വലിയ സ്വീകാര്യതയൊന്നും കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നു. 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചതിനോടൊക്കെയും പൊലീസിനും ഭരണാധികാരികള്‍ക്കും പൂര്‍ണ ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം ആണയിടുന്നു. മാത്രമല്ല ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി കാലങ്ങളായി മനുഷ്യാവകാശ പോരാട്ടം നടത്തുന്ന ടീസ്റ്റ സെതല്‍വാദിന് സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചതിനു തീവ്രഹിന്ദുത്വയുടെ സൈബര്‍ പോരാളികള്‍ അവരെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തും മുസഫര്‍നഗറുമൊക്കെ ആവര്‍ത്തിച്ചു വാര്‍ത്തകളില്‍ നിറയണം. അതൊരിക്കലും സാമുദായികമായ ധ്രുവീകരണത്തിനു വേണ്ടിയല്ല. മറിച്ച് ഭിന്നിപ്പിച്ച നയങ്ങള്‍ കൊണ്ട് വോട്ട് നേടിയ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടത് മാധ്യമങ്ങളാണ്.
ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിലെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായിരുന്ന മാന്‍ കി ബാത് ഒരു വലിയ പരാജയം ആയിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യാനും, മാധ്യമങ്ങളെ ഒഴിവാക്കാനും നരേന്ദ്ര മോഡിക്ക് ഉണ്ടായിരുന്ന ന്യായം മാന്‍ കി ബാത് ആയിരുന്നു. ആള്‍ ഇന്ത്യാ റേഡിയോയുടെ കണക്കുകള്‍ പ്രകാരം മാന്‍ കി ബാതിന് വളരെ കുറഞ്ഞ പ്രേക്ഷകര്‍ മാത്രമേ ഉള്ളൂ. എന്നാല്‍ എ ഐ ആറി ന്റെ പ്രക്ഷേപണ സാധ്യതകളെ വികസിപ്പിച്ച, രാജ്യമൊട്ടാകെ എത്തും വിധം തയാറാക്കുന്ന പരിപാടിക്ക് എ ഐ ആറിന് നല്ല പരസ്യവരുമാനം ഉണ്ടാക്കിക്കൊടുത്തു എന്ന മെച്ചം മാത്രമേയുള്ളൂ. എന്നാല്‍ മാന്‍ കി ബാതിന് വഹിക്കേണ്ടി വരുന്ന ചിലവുകളെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ എ ഐ ആര്‍ തയാറല്ല. ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ പരിപാടിക്ക് പ്രേക്ഷകരേയില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല മാന്‍ കി ബാത് ഇന്ത്യയിലെ ജനങ്ങളെ നിരന്തരം വിഡ്ഢികളാക്കുന്ന പരിപാടി മാത്രമാണ്. സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസെ നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങള്‍ മുഴുവന്‍ അസ്പഷ്ട ജല്പനങ്ങളാണെന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ ന്യായീകരിക്കുന്നതാണ്, നോട്ടു നിരോധനകാലത്തു നരേന്ദ്ര മോഡി രാജ്യത്തോട് കള്ളപ്പണം കണ്ടുകെട്ടുന്നതിനെപ്പറ്റി സംസാരിച്ചതും. 2014 മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മോഡിക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി 5 വര്‍ഷത്തെ ഭരണത്തെ കുറിച്ചായിരിക്കണം മാധ്യമങ്ങള്‍ ഇനി സംസാരിക്കേണ്ടത്.

വെളുത്ത തീവ്രവാദം
ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തില്‍ മാര്‍ച്ച് 16 നു നടന്ന ഭീകരമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 ലേറെ പേരാണ്. മുസ്‌ലിംകളുടെ സവിശേഷ നിസ്‌കാര ദിവസമായ വെള്ളിയാഴ്ച്ച തോക്കുപയോഗിച്ച് വീഡിയോ ഗെയിമിനെ അനുസ്മരിപ്പിക്കും വിധം ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് വെടിയുതിര്‍ക്കുകയാണ് ചെയ്തത്. ആക്രമണത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തീര്‍ത്തും വ്യത്യസ്തമായൊരു കാഴ്ചപ്പാടിലാണ്. തോക്കും, സ്‌ഫോടന വസ്തുക്കളും ഇസ്‌ലാം മതത്തിന്റെ പേരില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന പദ പ്രയോഗങ്ങളാണ് തീവ്രവാദവും, ഭീകരവാദവുമെന്ന സന്ദേശമാണ് മാധ്യമങ്ങള്‍ നല്കുന്നത്. ആക്രമണത്തിന്റെ കാരണവും, അക്രമിയെ കുറിച്ചുള്ള വിവരങ്ങളും അളന്നുതൂക്കിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി എന്‍ എന്‍ ബിസിനസിന്റെ റിപ്പോര്‍ട്ടില്‍ അക്രമിയെ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ‘An internet driven evaluation of nationalist hatred’ സാമൂഹിക മാധ്യമങ്ങളിലൂടെ വെള്ളക്കാരുടെ മേല്‍ക്കോയ്മാവാദം പടര്‍ന്നുപിടിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ അത് കൂടാതെ ‘വൈറ്റ് സുപ്രീമസിയും’ മുസ്‌ലിംകളോടുള്ള വിരോധവും ഇന്റര്‍നെറ്റിലൂടെ മാത്രം രൂപപ്പെട്ടു വന്നതല്ല. അമേരിക്കയിലെ യു കെ മെയില്‍ എന്ന പത്രം അക്രമി ബ്രെന്റോ ടാരന്റിനെ പറ്റിയെഴുതിയ ലേഖനം, കറുത്തവനും ന്യൂന പക്ഷങ്ങളും അക്രമിക്കപ്പെടുമ്പോള്‍ അത് മാധ്യമങ്ങള്‍ എത്ര വൈരുധ്യങ്ങളോട് കൂടിയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു. മെയിലിന്റെ വാര്‍ത്തയില്‍ അക്രമിയെ ന്യായീകരിക്കുന്ന വിധത്തിലുള്ള സൂചനകളാണ് നല്കുന്നത്. സുന്ദരനായ ഒരു വെളുത്ത വര്‍ഗക്കാരന്‍ കുഞ്ഞായിരുന്ന ബ്രെന്റോ ടാരന്റ് എങ്ങനെ അക്രമിയായി എന്നതിന് നല്‍കുന്ന ന്യായം പിതാവ് അര്‍ബുദരോഗം കാരണം മരണപ്പെട്ടതിനു ശേഷം ലോകം സഞ്ചരിക്കാന്‍ തുടങ്ങിയ ഓസ്‌ട്രേലിയന്‍ വംശജന്‍ വൈറ്റ് സുപ്രീമിസത്തിലേക്ക് ആകൃഷ്ടനായി എന്നാണ്. ഒപ്പം അക്രമി പകര്‍ത്തിയ ദൃശ്യങ്ങളും മെയില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തങ്ങളുടെ എഡിറ്റോറിയല്‍ നയങ്ങള്‍ വൈറ്റ് സുപ്രീമസിയോട് ചായ്‌വുള്ളതാണെന്ന് പ്രകടിപ്പിക്കും വിധമാണ് ലേഖനത്തിന്റെ ഉള്ളടക്കം. മെയില്‍ കൂടാതെ ഡെയ്‌ലി മിറര്‍, ദ സണ്‍ തുടങ്ങിയ വെബ്‌സൈറ്റുകളും വീഡിയോയുടെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ന്യൂസിലാന്റ് പ്രധാനമന്ത്രി ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിലക്കിയെങ്കിലും ഇത് പാലിക്കാനുള്ള യുക്തി ചില മാധ്യമങ്ങള്‍ക്കുണ്ടായില്ല. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അക്രമി പകര്‍ത്തിയ ദൃശ്യങ്ങളും, മാനിഫെസ്റ്റോയും പ്രസിദ്ധീകരിക്കുന്നതിലൂടെ അത്തരം വാര്‍ത്തകളെ കൂടുതല്‍ കൈ മാറ്റം ചെയ്യാനും, വെറുപ്പിനെ വളര്‍ത്താനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ്, അക്രമിക്ക് തോക്ക് കൈവശം കിട്ടിയത് ഗുരുതരമായ പ്രശ്‌നമാണ്. തോക്കു ഉപയോഗത്തിനും വില്പനയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ എടുക്കേണ്ട നിയമനടപടിയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. അമേരിക്കയിലെ ജൂതന്മാരുടെ പ്രാര്‍ത്ഥനാകേന്ദ്രമായ സിനഗോഗിലും സമാനമായ സംഭവമുണ്ടായത് ഈയടുത്താണ്. വൈറ്റ് സുപ്രീമസിയ്ക്ക് വളരാന്‍ ഇടം നല്‍കിയതില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്കും ചെറുതല്ല. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നിയോ നാസിസത്തെ ചെറുക്കാന്‍ ട്രംപും റിപ്പബ്ലിക് പാര്‍ട്ടിയും യാതൊരു നയങ്ങളും സ്വീകരിച്ചിട്ടില്ല. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ വെളുത്ത തീവ്രവാദത്തെ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടുകൊണ്ട് ലഘൂകരിക്കരുത്. ഓസ്‌ട്രേലിയന്‍ ഭരണാധികാരികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും അതു കാലങ്ങളായി പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഇതിനുത്തരവാദികള്‍ ആണ്.
നബീല പാനിയത്ത്‌

You must be logged in to post a comment Login