കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 7, 2019), 18 വയസ്സുള്ള കാശ്മീരി മുസ്ലിം ബോളിവുഡ് നായിക സൈറ വസീം സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിച്ചത് ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സിനിമാ ജീവിതം ഒരുപാടു സ്നേഹവും പിന്തുണയും അംഗീകാരങ്ങളും നല്‍കിയെങ്കിലും അജ്ഞതയുടെ പാതയിലേക്ക് നയിച്ചു; മതവുമായും ഈമാനുമായുമുള്ള ബന്ധം ശിഥിലമായി എന്ന് നായിക ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
പോസ്റ്റില്‍ വൈയക്തിക അനുഭവങ്ങള്‍ മറച്ചു വെക്കുന്നുണ്ടെങ്കിലും ലൗകികാഗ്രഹങ്ങള്‍ നിരസിക്കാനും സൃഷ്ടിപ്പിന്റെ ലക്ഷ്യം ഓര്‍ക്കാനുമുള്ള ഖുര്‍ആന്‍ ആയതുകളും ഇസ്ലാമിക അധ്യാപനങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ദങ്കല്‍ എന്ന ലോക പ്രശസ്തമായ ഇന്ത്യന്‍ സിനിമയിലെ കുട്ടി റെസ്റ്റ്ലറുടെ വേഷത്തിലൂടെയാണ് വസീം ശ്രദ്ധ നേടുന്നത്. ശേഷം സ്വന്തം സിനിമയായ സീക്രെട് സൂപ്പര്‍സ്റ്റാര്‍ , ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ദി സ്കൈ ഈസ് പിങ്ക് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017 ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കി.
വസീമിന്റെ ബോളിവുഡ് ജീവിതം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. മത പശ്ചാത്തലത്തില്‍ അവര്‍ അഭിനയിക്കുന്നതിന് എതിരെ ചില മുസ്ലിംകള് തന്നെ രംഗത്തുവന്നു. ഇന്ത്യന്‍ ദേശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഉറ്റ സുഹൃത്തും കശ്മീര്‍ പ്രശ്നങ്ങളുടെ ദുഷ്പ്രചാരകരും മേധാവിത്തം വഹിക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ സ്വന്തം നാടായ കാശ്മീരിലും എതിര്‍പ്പുകളുണ്ടായിരുന്നു. ബോളിവുഡ് താരങ്ങള്‍ അന്ന് പ്രതിരോധിക്കാനായി മുന്നിട്ടുവരികയും കാശ്മീരി യുവത്വത്തിന്റെ ഐക്യബോധത്തിന്റെ പ്രതിരൂപമായി വസീം ഉയര്‍ത്തപ്പെടുകയും ചെയ്തു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം, ബോളിവുഡ് വേദിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലും ന്യൂസ് റൂമുകളിലും വന്‍ചര്‍ച്ചകള്‍ക്ക് നിമിത്തമായിരിക്കുന്നു. പ്രശസ്തിയുടെയും സമ്പത്തിന്റെയും നടുക്കുള്ള ജീവിതമുപേക്ഷിക്കാനുള്ള ധീരമായ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ധാരാളം മുസ്ലിംകള്, പ്രത്യേകിച്ചും കശ്മീരികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ മുഖ്യധാരാ സൈദ്ധാന്തിക വ്യവഹാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അവരെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വസീമിന്റെ തീരുമാനത്തിന്റെയും അതിനെ തുടര്‍ന്നുവന്ന പ്രഖ്യാപനത്തിന്റെയും പിന്നിലെ അനുഭവങ്ങളും സങ്കീര്‍ണതകളും നമുക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം. മാത്രമല്ല, ഭാവിയില്‍ അവര്‍ തന്നെ ഈ തീരുമാനം മാറ്റുകയും ചെയ്തേക്കാം. ഈ ദിവസം മുഴുവനും ഞാന്‍ ശ്രദ്ധിച്ചത് ലിബറല്‍ ഫെമിനിസ്റ്റ് വൃത്തങ്ങളും വലതുപക്ഷ ഹിന്ദുദേശീയതയും സിനിമാ മേഖലയില്‍ നിന്നുള്ള വിരമിക്കലിനു അവള് നല്കിയ ന്യായീകരണങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്നാണ്. അവള് ചെയ്ത കുറ്റം ബോളിവുഡില്‍ നിന്നും വിരമിച്ചു എന്നതല്ല, അങ്ങനെ ചെയ്യുന്നതിന് ഇസ്ലാമിനെ കൂട്ടുപിടിച്ചു എന്നതാണ്. അതുതന്നെ ഉറക്കെ പറയുകയും ചെയ്തു. മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങളെ പരസ്യപ്പെടുത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹിന്ദു വിശ്വാസങ്ങളുടെ പരസ്യ പ്രഖ്യാപനങ്ങള്‍ പ്രത്യേകിച്ചും സിനിമാതാരങ്ങള്‍ക്കിടയില്‍ പ്രശംസനീയമാണ്.
വലതുപക്ഷ ട്രോളുകള്‍ ഈ തീരുമാനത്തെ സൈദ്ധാന്തികവത്കരണത്തിന്റെയും തീവ്രവാദത്തിന്റെയും ഉല്പന്നമായി ചിത്രീകരിക്കുകയും ജിഹാദിന്റെ മാനങ്ങളുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ലിബറല്‍ ഫെമിനിസ്റ്റുകള്‍ ഒരു സ്ത്രീയുടെ സ്വതന്ത്രജീവിതം തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിനെതിരെ അവിശ്വാസ്യത പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ബോളിവുഡ് നായിക രവീണ ടണ്ടന് ഇതിനെ വിശദീകരിക്കുന്നത് പിന്തിരിപ്പന് നിലപാടായിട്ടാണ്. പ്രമുഖ ജേണലിസ്റ്റും സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുമായ ബര്‍ഖ ദത്ത് പറയുന്നു: ‘മതം നിര്‍മിക്കുന്ന യാഥാസ്ഥികത്വത്തിന്റെ ആദര്‍ശവത്കരണത്തില്‍ പ്രക്ഷുബ്ധയാണ് അവള്. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ചോയ്സ് എന്നത് ഒരു കുഴക്കുന്ന പദമാണ്’. അതുപോലെ തന്നെ വാഷിംഗ്ടണ്‍ പോസ്റ്റിലെ മുന്‍ ഇന്ത്യന്‍ കറസ്പോണ്ടന്റ് രാമലക്ഷ്മി എഴുതുന്നു: ‘എല്ലാ മതങ്ങളും കാപട്യത്തിന്റെയോ നിഷ്കപടതയുടെയോ അസത്യവചനങ്ങള്‍ കൊണ്ട് നിങ്ങളുടെ മനസ്സ് നിറക്കുകയാണ്. നിങ്ങള്‍ക്കൊരു ആധുനിക ഭരണഘടനയുണ്ടാകുമ്പോള് സദാചാരത്തെ നിര്‍ണയിക്കാന്‍ നിങ്ങളെന്തിനാണ് പ്രാകൃത മതങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നത്?’
ചോയ്സ് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന പദം തന്നെയാണ്, പക്ഷേ അത് മുസ്ലിം സ്ത്രീയുടെ കാര്യം വരുമ്പോള്‍ മാത്രമായിപ്പോകുന്നു. ആന്ത്രോപോളജിസ്റ്റ് സബ മഹ്മൂദ് തന്റെ വിഖ്യാത രചനയായ ‘പൊളിറ്റിക്സ് ഓഫ് പയറ്റി’യില്‍ പറയുന്നുണ്ട്, മുസ്ലിം സ്ത്രീയുടെ തിരഞ്ഞെടുപ്പും വ്യവഹാരങ്ങളും ലിബറലിസത്തെ (ഇവിടെ ഹിന്ദു ദേശീയതയെ ) അടിസ്ഥാനപ്പെടുത്തി മാത്രമേ മൂല്യവത്താവുകയുള്ളു, എപ്പോഴാണോ നിശ്ചിത പ്രമാണങ്ങളെ അത് എതിര്‍ക്കുന്നത്, എപ്പോഴാണോ അത് മതത്തിനു കീഴില്‍ നിന്നും പുറത്തു കടക്കുന്നത് അപ്പോള്‍ മാത്രം.
എങ്ങനെ അഭിനയിക്കണമെന്നും നടക്കണമെന്നും പൊതുജനത്തിന്റെ തുറിച്ചുനോട്ടങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും വ്യക്തമായ നിയമങ്ങളുള്ള ഇന്‍ഡസ്ട്രി അടിച്ചേല്‍പ്പിക്കുന്ന താല്പര്യങ്ങള്ക്കിടയില് സ്ത്രീയുടെ തിരഞ്ഞെടുക്കലുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ചര്‍ച്ചയാകാറില്ല. പ്രത്യുത, അതിനെ സ്വാതന്ത്ര്യമായും സ്ത്രീ വ്യവഹാരങ്ങളുടെ പൂര്‍ണതയായും പരിഗണിക്കപ്പെടുന്നു. അവസരവും അധികാരവും ഈ മേഖല തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്കു ലഭിക്കാറില്ല. സാംസ്കാരിക ആചാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെ, അവരെത്ര അതിക്രമങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പുരോഗമനമായി വിധിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പിന്തിരിപ്പനായ പരിഷ്കരണവാദത്തിലേക്കാണ് അവര്‍ എത്തിപ്പെട്ടിട്ടുള്ളത്.
തീര്‍ച്ചയായും ബോളിവുഡ് ഒരു സല്‍പേരുള്ള വ്യവസായമൊന്നുമല്ല. സ്വജനപക്ഷപാതം, തുടരെയുള്ള ലൈംഗിക ആക്രമണങ്ങള്‍, മദ്യ/മയക്കുമരുന്നു മാഫിയകള്‍, തട്ടിപ്പുകള്‍, ഭൗതികവാദം , ജിംഗോയിസം തുടങ്ങി ഒട്ടേറെ ദുഷ്പേര് നിരന്തരമായി അതിനെ വേട്ടയാടുന്നുണ്ട്.
നവീനമായ ഒരു ഭരണഘടന നിലവിലുണ്ടെങ്കിലും സ്ത്രീ ശാക്തീകരണത്തിന് ബോളിവുഡ് ഒട്ടും അനുഗുണമല്ല. നായികമാരെ ഐറ്റം നമ്പറുകളായി പ്രതിനിധീകരിക്കുകയും ശരീരം പ്രകടിപ്പിച്ചുള്ള സെലിബ്രിറ്റി സംസ്കാരത്തെ വളര്‍ത്തുകയുമാണ് ഇവിടെ ചെയ്യുന്നത്. എന്നും ശോഭിച്ചു നില്ക്കാന് ശരീരഭാരം കുറക്കാനും മറ്റും നിരന്തരമായ സമ്മര്‍ദങ്ങള്‍ നായികമാര്‍ക്ക് മുകളിലുണ്ട്. വിവാഹം പലപ്പോഴും മുന്‍നിര നായികമാര്‍ക്ക് വധശിക്ഷ തന്നെയാണ്. ദീപിക പദുകോണിനെയും ഇപ്പോള്‍ വസീമിനെയും പോലെ ഒരുപാടു നായികമാര്‍ തങ്ങളനുഭവിക്കുന സങ്കീര്‍ണതകളും പരിഭ്രാന്തിയും തുറന്നുപറഞ്ഞു രംഗത്തുവന്നിട്ടുണ്ട്.
ഇതിനു പുറമേ, ബോളിവുഡില്‍ നടക്കുന്ന ലൈംഗിക വിവേചനവും അതിക്രമങ്ങളും യഥാര്‍ഥ ജീവിതത്തില്‍ ബാധിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതെല്ലാം മനസില്‍വെച്ചുകൊണ്ട് തന്നെ വസീം എത്തിച്ചേര്‍ന്ന തീരുമാനത്തെ എന്തുകൊണ്ടാണ് സമൂഹത്തിനു അംഗീകരിക്കാന്‍ സാധിക്കാതെ വരുന്നത്? പ്രത്യേകിച്ചും വസീം ഇന്ഡസ്ട്രിയിലേക്കിറങ്ങിയ ചെറിയ പ്രായത്തെ കൂടി മാനിച്ചു കൊണ്ട്. പിന്തിരിപ്പനും സെക്സിസ്റ്റും സര്‍വോപരി സ്ത്രീ കച്ചവടവത്കരണത്തിന്റെ കുത്തകയുമായ ബോളിവുഡ് വസീമിന്റെ തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് അധോഗമനമായി കണക്കാക്കുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദേശീയതയുമായി ചാര്ച്ചയുണ്ടാക്കി ജനങ്ങളെ തല്ലിക്കൊല്ലുന്നവരില്നിന്ന് 18 വയസ്സുള്ള മുസ്ലിം നായികയിലേക്ക് വിമര്‍ശനങ്ങള്‍ കേന്ദ്രീകരിക്കപ്പെടുന്നത്?
ചില അപവാദങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ റാഡിക്കലൈസേഷനെതിരെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതികരണങ്ങളെവിടെ? ലക്ഷ്മിയെയും ദത്തിനെയും പോലുള്ള ലിബറല്‍ മാധ്യമപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ നിയമാനുസൃതവും ഭരണഘടനാപരവുമായ സംരക്ഷിത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നുവെങ്കില്‍, ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെ പുച്ഛത്തോടെ നോക്കിക്കാണുന്നതില്‍ അതിശയിക്കാനില്ല.
ഇന്‍ഡസ്ട്രി ഉപേക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമൊന്നും അല്ല. ബോളിവുഡിലെ ലൈംഗിക പീഡന അനുഭവങ്ങളുമായി നടി തനുശ്രീ ദത്ത തുറന്നുപറച്ചിലുകള്‍ നടത്തിയപ്പോള്‍ എല്ലാവരും അവരുടെ ധൈര്യത്തെ പ്രശംസിച്ചു. സൈറയെ പിന്തുണയ്ക്കാന്‍ തയാറായ ചുരുക്കം ചിലരില്‍ ഒരാളും അവര്‍ തന്നെയാണ്.
ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളടക്കം അതിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ അണി നിരന്നു. യോഗ എന്നത് ഹിന്ദു മതാചാര പ്രകാരമുള്ള ആത്മീയ അനുഷ്ഠാനമാണ്. ആത്മീയതയിലേക്കിറങ്ങാന്‍ തനിക്കും ഒരു നിലം വേണമെന്ന് സൈറ വസീമിനും ആഗ്രഹിക്കാം. അവരത് ഇസ്ലാമികമായി തിരഞ്ഞെടുത്തു . പക്ഷേ ഇസ്ലാമോ മുസ്ലിംകളോ ഉള്‍പ്പെടാത്ത ആത്മീയവികാസ മാതൃകകള്‍ മാത്രമേ ഘോഷിക്കപ്പെടുകയുള്ളൂ എന്നതാണ് വാസ്തവം.
സമകാലിക ഇന്ത്യയെ ഭരിക്കുന്ന മതേതര- ഹിന്ദുത്വ ഫാഷിസത്തിന്റെ കീഴില്‍ അംഗീകരിക്കപ്പെടാന്‍ മുസ്ലിംനെസ് എന്ന ബോധത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞുനില്ക്കണം എന്നതാണ് സൈറയോടുള്ള പ്രതികരണങ്ങളില്‍ നിന്ന് ഒരിക്കല്‍ കൂടി വെളിപ്പെടുന്നത്.
സൈറയില്‍ നിന്ന് മാറി, ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടായിരിക്കാം ഒരു സംഘര്‍ഷ മേഖലയിലെ പതിനെട്ടുകാരിയായ മുസ്ലിം പെണ്‍കുട്ടിക്ക് തന്റെ താരപ്പൊലിമയില്‍ നിന്ന് പിന്നോട്ട് മാറേണ്ടി വന്നിട്ടുണ്ടാവുക?
ഹഫ്സ കഞ്ച്വല്
(കടപ്പാട്: അല്‍ജസീറ)
You must be logged in to post a comment Login