മുത്വലാഖിനെ ചൊല്ലി പൊതുവേയുള്ള ഉത്കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് അതിനെ വൈകാരികമായ പ്രചാരണപരിപാടിയാക്കി മാറ്റി. വിവാഹബന്ധത്തെ അങ്ങനെ വേര്‍പിരിക്കുന്നത്, നിക്കാഹ് ഒരു ഉടമ്പടിയാണെങ്കില്‍ പോലും, തീര്‍ച്ചയായും അനീതിയാണ്. 1400 വര്‍ഷം പഴക്കമുള്ള ഹനഫി പാരമ്പര്യത്തിന്റെ ഭാഗമാണെങ്കില്‍ പോലും അത് ന്യായീകരിക്കപ്പെടില്ല. പ്രത്യേകിച്ചും ഖുര്‍ആന്‍ അത് പവിത്രീകരിക്കുന്നില്ലെങ്കില്!
സുപ്രീം കോടതിയുടെ വിധി ഇക്കാര്യത്തില്‍ മൂന്നു വഴിയില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ജഡ്ജുമാരില്‍ രണ്ടു പേര് അതിനെ മതപരമായ ആചാരമായി അംഗീകരിച്ചു-ഇടപെടാന്‍ പാടില്ലാത്ത വ്യക്തിഗത നിയമങ്ങളുടെ ഭാഗം. ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അതിനെ അംഗീകരിക്കാത്തതു കൊണ്ട്, ജഡ്ജുമാര്‍ മുത്വലാഖിനെ നിരോധിച്ചു. അവര്‍ പാര്‍ലമെന്റിന് നിയമമുണ്ടാക്കാനായി ആറു മാസത്തെ സമയം നല്കി. അങ്ങനെയൊരു നിയമത്തിന്റെ അഭാവത്തില്‍ മതപരമായ ആ ആചാരം നിയമാനുസൃതമായിരിക്കും. മറ്റു രണ്ടു ജഡ്ജുമാര്‍ മുത്വലാഖിനെ ഭരണാഘടനാവിരുദ്ധമെന്ന് എഴുതിത്തള്ളി. ധാര്‍മികമായി വെറുക്കപ്പെടുന്നത് നിയമപരമായി ന്യായീകരിക്കപ്പെടരുതെന്ന സിദ്ധാന്തത്തെയാണ് അഞ്ചാമത്തെ ജഡ്ജ് പിന്തുടര്ന്നത്. മുത്വലാഖ് ചൊല്ലിയാല്‍ അത് ഒറ്റത്തവണ ത്വലാഖായി കണക്കാക്കപ്പെടേണ്ടതാണ്. ഷമീം ആര കേസില്‍ സുപ്രീം കോടതി മുന്നോട്ടുവെച്ച നിയമമാണ് അത്തരം അവസരങ്ങളില്‍ ബാധകമാകുന്നത്. മുത്വലാഖ് അത്തരം അവസരങ്ങളില്‍ വൈവാഹിക പദവി വേര്‍പെടുത്തില്ല. ഇരുകക്ഷികള്‍ക്കും അനുരഞ്ജനശ്രമങ്ങള്‍ക്ക് സമയം ലഭിക്കും. അതിനുശേഷം മാത്രമേ ത്വലാഖിന് നിയമസാധുത ലഭിക്കൂ. ഈ കേസിലെ വിധിയുടെ കാര്യത്തില്‍ ഭൂരിപക്ഷ വിധിയുണ്ടായില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മുസ്ലിം വിമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഇന്‍ മാര്യേജ്) ഓര്‍ഡിനന്‍സ് 2019 രാജ്യസഭയില്‍ അംഗീകരിക്കപ്പെട്ടതോടെ നിയമമായി മാറി. എന്നാലത് തെറ്റായി രൂപകല്പന ചെയ്യപ്പെട്ട ഒരു നിയമമാണ്. മുത്വലാഖ് മുസ്ലിം സമുദായത്തിനുള്ളില്‍ വ്യാപകമാണെന്നതു പോലെ അത് ആ സമുദായത്തെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്നുമുണ്ട്. 200 ദശലക്ഷം പേരുള്ള ഒരു സമുദായത്തില്‍ മുത്വലാഖ് കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ നിയമമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു തന്നെ വെറും മുന്നൂറെണ്ണമായിരുന്നു. മുസ്ലിം സ്ത്രീകള്‍ക്കായി പൊഴിക്കപ്പെട്ട മുതലക്കണ്ണീരല്ല, രാഷ്ട്രീയമാണ് ആ നിയമനിര്‍മാണത്തിന് പുറകിലുള്ളത്. ഇക്കാര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മാത്രം അടിയന്തിരസാഹചര്യം നിലവിലില്ലായിരുന്നു. പാര്‍ലമെന്റിലെ സ്റ്റാന്റിംഗ് കമ്മറ്റി പരിശോധിച്ചിരുന്നെങ്കില്‍ അതൊരു സാധുതയുള്ള നിയമനിര്മാണമാകുമായിരുന്നു. ഇപ്പോള്‍ അതങ്ങനെയല്ല.
ഈ നിയമത്തിന്റെ മൂന്നാം വകുപ്പ് മുത്വലാക്ക് ചൊല്ലുന്നത് നിയമവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുത്വലാഖ് അസാധുവാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ള അവസരത്തില്‍ അതിനെക്കുറിച്ചുള്ള പ്രത്യേക നിയമനിര്‍മാണത്തിന് യാതൊരു ന്യായവുമില്ല. ഏതെങ്കിലും രീതിയില്‍ മൂന്നു തവണ മൊഴി ചൊല്ലിയാല്‍ മുസ്ലിം ഭര്‍ത്താവിന് ഭാര്യയെ ഒഴിവാക്കാനാകില്ല. എന്നാല്‍ വിവാഹം നിലനില്ക്കുമ്പോള് ഭര്‍ത്താവിനെ ശിക്ഷിക്കുന്നതില്‍ യുക്തിയില്ല.
വിവാഹം നിലനില്ക്കുമ്പോള് ജീവനാംശം കൊടുക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? മുത്വലാഖ് ചൊല്ലിയാലും ഭാര്യയ്ക്ക് ‘ഭാര്യ’ എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും ലഭിക്കും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അവള്‍ക്ക് (പൊതുവായ വാസസ്ഥലത്തു നിന്ന് ഭര്‍ത്താവിനാല്‍ വിലക്കപ്പെട്ട ഒരു ഹിന്ദുസ്ത്രീക്കെന്നതു പോലെ) കോടതിയെ സമീപിക്കാം.
ഈ നിയമത്തിന്റെ ആറാം വകുപ്പില്‍ മുത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാം. എന്നാല്‍ വിവാഹത്തെയും വിവാഹമോചനത്തെയും സംബന്ധിച്ച എല്ലാ നിയമവ്യവസ്ഥകളിലും കുട്ടികളുടെ സൂക്ഷിപ്പ് കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കുട്ടികളുടെ താല്പര്യങ്ങള്ക്കാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടത്. പക്ഷേ അതിനു പകരം പുതിയ നിയമത്തില്‍ സ്ത്രീയ്ക്കാണ് കുട്ടികളുടെ മേലുള്ള അധികാരം. ഭര്‍ത്താവാകട്ടെ ജയില്‍വാസം അനുഭവിക്കുകയും ചെയ്യും. അത്തരം വ്യവസ്ഥകള്‍ യുക്തിക്ക് നിരക്കാത്തവയാണ്.
നിയമത്തില്‍ കുഴപ്പിക്കുന്ന മറ്റു ചില വ്യവസ്ഥകളുമുണ്ട്. മുത്വലാഖ് ചൊല്ലുന്നത് ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്. വാറന്റില്ലാതെ ഭര്‍ത്താവിനെ ഇതനുസരിച്ച് അറസ്റ്റു ചെയ്യാം. ഭാര്യക്കോ അവളുടെ ബന്ധുവിനോ ഇക്കാര്യത്തില്‍ പരാതി നല്‍കാം. കുടുംബകലഹങ്ങള്‍ പ്രതികാരബുദ്ധിയിലേക്ക് ആളുകളെ നയിക്കുമെന്ന് നമുക്കറിയാം. എല്ലാ വിവാഹങ്ങളും സന്തോഷകരമായ വിവാഹബന്ധങ്ങളിലേക്ക് വളരാറില്ലല്ലോ. പരാതികള്‍ പരപ്രേരിതമാകാനുള്ള സാധ്യതയുമുണ്ട്. ഭര്‍ത്താവിനെ ഉപദ്രവിക്കാനായി അസംതൃപ്തയായ ഭാര്യയോ ബന്ധുക്കളോ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചേക്കാം. നല്കിയ പരാതി വേണമെങ്കില്‍ പിന്‍വലിക്കാമെന്നത് സ്വാഗതാര്‍ഹം തന്നെ. പക്ഷേ അതിനും മജിസ്ട്രേറ്റിന്റെ അനുമതി വേണം. അത്തരം സാഹചര്യത്തില്‍ മുത്വലാഖിന്റെ ഇരയായ ഭാര്യ പരാതി പിന്‍വലിക്കാന്‍ തയാറാകണമെന്നില്ല. നേട്ടങ്ങള്‍ക്കായി ഭീഷണിപ്പെടുത്താനുള്ള സാധ്യതകളും അതിനുള്ളിലുണ്ട്. ഇത്തരം കേസുകളില്‍ ജാമ്യം കിട്ടാനുള്ള വ്യവസ്ഥകളും യുക്തിക്ക് നിരക്കാത്തതാണ്. ജയിലിലില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ മുത്വലാഖിന്റെ ഇരയായ മുസ്ലിം സ്ത്രീയെ കേട്ടതിനു ശേഷം മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ.
പുരുഷന്മാര് സ്ത്രീകളെ ഉപേക്ഷിച്ച് വഴിയാധാരമാക്കുന്നതിനെ ഈ നിയമം പൂര്‍ണമായും തടയുമെന്നും വിചാരിക്കാനാകില്ല. കഴിഞ്ഞ കാനേഷുമാരിയനുസരിച്ച്, രണ്ടുദശലക്ഷത്തിലധികം സ്ത്രീകള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. അത്തരം എല്ലാ ഭര്ത്താക്കന്മാരെയും ലക്ഷ്യമിടുന്നതിനു പകരം മുസ്ലിം സമുദായത്തില്‍ മുത്വലാഖ് ചൊല്ലുന്ന ഏതാനും പേരെ മാത്രം ഭരണകൂടം ലക്ഷ്യമിടുന്നതെന്തിനാണ്? നിരാലംബരാക്കപ്പെട്ട 2.37 ദശലക്ഷം സ്ത്രീകളില്‍ 1.9 ദശലക്ഷം പേര് ഹിന്ദുക്കളാണ്. 2011 ലെ കാനേഷുമാരി അനുസരിച്ച്,വിവാഹം നിലനിര്‍ത്തുന്ന സ്ത്രീകളില്‍ 87.8 ശതമാനം പേരും മുസ്ലിംകളാണ്. ഇക്കാര്യത്തില്‍ ഹിന്ദുക്കള്‍ 86.2 ശതമാനവും ക്രിസ്ത്യാനികള്‍ 83.8 ശതമാനവുമാണ്. വിധവകളുടെ നിരക്ക് മുസ്ലിംകള്ക്കിടയില് 11.1 ശതമാനവും ഹിന്ദുക്കള്‍ക്കിടയില്‍ 12.9 ശതമാനവും ക്രിസ്ത്യാനികളില്‍ 14.6 ശതമാനവുമാണ്. വിവാഹമോചിതരാക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെ നിരക്ക് ഏറ്റവും കുറവ് മുസ്ലിംകള്ക്കിടയിലാണ്-0.67 ശതമാനം. ഹിന്ദുക്കള്ക്കിടയിലത് 0.69 ശതമാനവും ക്രിസ്ത്യാനികളിലത് 1.19 ശതമാനവുമാണ്.
മുത്വലാഖ് ബില്‍ കൊണ്ടുവന്നതില്‍ ബിജെപി സന്തോഷത്തിലാണെങ്കിലും മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള കരുതല്‍ അതിന്റെ ഭാഗമേയല്ല. രാജ്യത്തെ സമുദായങ്ങളെ ധ്രുവീകരിക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കപ്പെടുന്നത്. മുസ്ലിം സ്ത്രീകളുടെ സംരക്ഷണവുമായി ഈ നിയമത്തിന് യാതൊരു ബന്ധവുമില്ല. ഹിന്ദു വോട്ടുബാങ്കിന്റെ ശക്തിപ്പെടുത്തലാണ് അതിന്റെ ആത്യന്തികമായ ലക്ഷ്യം.
കപില്‍ സിബല്‍
You must be logged in to post a comment Login