കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370 -ാം വകുപ്പ് പിന്‍വലിക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ എന്തു ചെയ്യുകയാണ്?
സാധാരണ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയിട്ടുണ്ടെന്ന അവകാശവാദങ്ങള്‍ മാറ്റിവെക്കാം. കശ്മീര്‍ താഴ്വരയിലും കേന്ദ്ര ഭരണപ്രദേശത്തിന്റെ മറ്റു ഭാഗങ്ങളിലും കേന്ദ്രഭരണകൂടം പൗരന്മാരുമായി സംഘര്ഷത്തിലാണെന്നതാണു നേര്. മോഡി ഭരിക്കുന്ന ഇന്ത്യക്ക് ‘എതിരു’ നില്ക്കുന്ന ‘വിദേശമാധ്യമചാരന്മാര്’ നല്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കേണ്ടെന്നു കരുതിയാല്‍ പോലും കശ്മീരിലെ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളുടെ മുകളില്‍ ചുമത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ അതിശക്തമായ സര്‍ക്കാരിന് കഴിയാത്തതെന്തു കൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. തെരുവില്‍ ജഡങ്ങള്‍ വീഴുന്നില്ലെന്നതു മാത്രമാണ് കശ്മീരിലെ സമാധാനം എന്നതു കൊണ്ട് മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. ഒരു മുഴുവന്‍ പ്രവിശ്യയെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് അടച്ചുപൂട്ടിയാണ് ആ അവസ്ഥ നേടിയെന്നത് ദയനീയം തന്നെ. ഇന്ത്യയില്‍ ആരും തന്നെ വിശന്നുമരിക്കുന്നില്ലെന്ന വാദഗതിയെ അതിനോട് കൂട്ടിച്ചേര്‍ത്തുവായിക്കാന്‍ തോന്നുന്നു. വിശപ്പിനേക്കാള്‍ ദയനീയമായ പോഷകാഹാരക്കുറവു മൂലം ലക്ഷക്കണക്കിനു പേരാണല്ലോ ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്!
ഇഞ്ചിഞ്ചായി കൊല്ലുന്ന പോഷകാഹാരക്കുറവിനെ പോലുള്ള അവസ്ഥയിലാണ് കശ്മീരികള്‍ അകപ്പെട്ടിരിക്കുന്നത്. പോഷകാഹാരക്കുറവിനെപ്പോലെ അതും അദൃശ്യമാണെന്നതാണ് ഏറ്റവും ഭീകരമായ കാര്യം. പ്രത്യേക പദവി എടുത്തു കളഞ്ഞും കേന്ദ്ര ഭരണപ്രദേശമാക്കി താഴ്ത്തിക്കെട്ടിയും നടക്കുന്ന ഇരട്ട അപമാനം കശ്മീരികള്‍ പൊറുക്കില്ലെന്നാണ് ശ്രീനഗറിന്റെ മുന്മേയര് എന്‍ ഡി ടി വിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. തങ്ങളോട് ആലോചിക്കാതെ എടുത്ത നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും സമാധാനപരമായി സംഘം ചേരാനുമുള്ള ജനാധിപത്യഅവകാശം നിഷേധിക്കുന്നതെന്തിനെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. അത് ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായപ്രകാശന സ്വാതന്ത്ര്യത്തിന് എതിരാണ്. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള ഇന്ത്യയുടെ സ്വാതന്ത്യസമര ചരിത്രത്തെ തള്ളിപ്പറയുകയാണ് ആ നിഷേധം. ഇന്ത്യയില്‍ പുതിയ സംസ്ഥാനങ്ങളെല്ലാം തന്നെ അനുവദിക്കപ്പെട്ടിട്ടുള്ളത് ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണെന്നതും ഇതിനോട് കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സെപ്തംബര്‍ അവസാനം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം വരെ കശ്മീരില്‍ അത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
കശ്മീരിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ത്യയില്‍ ചേര്‍ന്നത് പ്രത്യേക പദവിയെന്ന പിന്‍ബലത്തിലാണ്. കശ്മീരിലെ നിയമസഭയോട് ആലോചിക്കാതെ അത് പിന്‍വലിച്ചതിലൂടെ അവിടത്തെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. അവരെല്ലാം തന്നെ കടുത്ത അസ്തിത്വ പ്രതിസന്ധിയിലാണ്. തരംതാണ വഴങ്ങിത്തരല് എന്ന തലത്തില്‍ നിന്ന് അവര്‍ ഇനി രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകുമെന്ന് കരുതുന്നതു തന്നെ മൗഢ്യമാണ്. തടങ്കലിലാക്കപ്പെട്ട രാഷ്ട്രീയക്കാര്‍ പുറത്തുവരുമ്പോള്‍ കശ്മീരില്‍ രൂപപ്പെടാന്‍പോകുന്ന രാഷ്ട്രീയം പുതിയ അഭിപ്രായൈക്യങ്ങള് രൂപപ്പെടുത്തേണ്ടതുണ്ട്. കശ്മീരിലെ വികസനത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ ഇനി വിലപ്പോകുമെന്നു തോന്നുന്നില്ല. ഇക്കാര്യത്തില്‍ കശ്മീരിന്റെ ലോലമായ പരിസ്ഥിതിയെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എണ്ണയും മറ്റു പ്രകൃതിവിഭവങ്ങളും തേടിയെത്തുന്നവര്‍ നശിപ്പിക്കാവുന്ന കാടുകളെക്കുറിച്ച് ഓരോ കശ്മീരിയിലും ഉത്കണ്ഠയുണ്ട്.
ജമ്മു പ്രവിശ്യയില്‍ സ്ഥലം വാങ്ങാനും ജോലി തേടാനുമുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത് ആ ഉത്കണ്ഠകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കശ്മീരികളുടെ ജോലി സാധ്യതകള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരുടെ കടന്നുകയറ്റത്താല്‍ അട്ടിമറിക്കപ്പെടുമെന്ന പേടിയും അവര്‍ക്കുണ്ട്. പുറത്തുനിന്നുള്ളവരെ ലഡാക്കില്‍ ഭൂമി വാങ്ങാന്‍ അനുവദിക്കില്ലെന്ന് അവിടെയുള്ളവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
370 -ാം വകുപ്പ് പിന്‍വലിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഹരജികളിന്മേല് രാജ്യത്തെ പരമോന്നത കോടതി എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ഐക്യരാഷ്ട്രസഭയില്‍ പ്രശ്നം അവതരിപ്പിക്കുന്നതിനെ കോടതി നടപടികള്‍ ദോഷകരമായി ബാധിക്കുമെന്ന സര്‍ക്കാരിന്റെ രാഷ്ട്രീയ ഹരജിയെ കോടതി തള്ളിക്കളഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമാണ്. കോടതിയില്‍ തീര്‍ച്ചയായും നമുക്ക് വിശ്വാസമുണ്ട്. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ അടിക്കല്ലുകള്‍ ഇളക്കുന്ന നടപടികളിലേക്ക് ഇനിയും ഭരണകൂടം ചെല്ലാതിരിക്കാന്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മികച്ച ഒരു വിധി അനിവാര്യമാണ്.
കടപ്പാട്: ദ വയര്‍.ഇന്‍
You must be logged in to post a comment Login