എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

എല്ലാ വെടിയുണ്ടകളുടെയും ലക്ഷ്യം ഭരണഘടന

പ്രിയപ്പെട്ട ഇന്ത്യക്കാരേ
ജയ് ഭീം, ജയ് ഭരണഘടന.

നമ്മുടെ പ്രക്ഷോഭത്തോടുള്ള സര്‍ക്കാറിന്റെ പ്രതികരണം, ഭരണഘടന എത്രമാത്രം കരുത്തുറ്റതാണെന്നും അതില്‍ ബഹുജനങ്ങളുടെ താല്പര്യം എത്രമാത്രം നിക്ഷിപ്തമാണെന്നും വ്യക്തമാക്കുന്നതാണ്.

ആര്‍എസ്എസ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങി പട്ടികജാതി/വര്‍ഗ (അതിക്രമം തടയല്‍) നിയമം അപ്രസക്തമാക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാറിന്റെ നീക്കം വിഫലമായത് ഭീം ആര്‍മിയും മറ്റുദളിത് സംഘടനകളും നടത്തിയ പോരാട്ടം മൂലമായിരുന്നു. സന്ത്ശിരോമണി രവിദാസ് മഹാരാജിന്റെ ഗുരുഘര്‍ പൊളിച്ചപ്പോള്‍ ഡല്‍ഹിയിലും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ബഹുജനങ്ങളായിരുന്നു. ബഹുജനങ്ങളുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ശിക്ഷയായി എന്നെ ജയിലില്‍ അടച്ചു. ഒരിക്കല്‍കൂടി നാം അത്തരമൊരു സ്ഥിതിവിശേഷം നേരിടുകയാണ്.

ബി ജെ പിയുടെ സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം നിര്‍മിച്ചിരിക്കുകയാണ്. ഈ നിയമനിര്‍മാണം മുസ്ലിംകള്‍ക്ക് മാത്രമല്ല എല്ലാ ബഹുജനങ്ങള്‍ക്കും-പട്ടികജാതി/വര്‍ഗ/മറ്റു പിന്നാക്ക വിഭാഗങ്ങള്‍, മതന്യൂനപക്ഷങ്ങള്‍-എതിരാണ്. ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാലാണ് ഞാന്‍ വീണ്ടും ജയിലിലെത്തിയത്.

ഉത്തര്‍പ്രദേശില്‍ നിരവധി പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി ഞാന്‍ മനസ്സിലാക്കുന്നു. വേദനാജനകമായ ഈ സന്ദര്‍ഭത്തില്‍ എന്റെ ബഹുജനങ്ങള്‍ക്കൊപ്പമില്ലാതെ പോയതില്‍ എനിക്ക് ദുഃഖമുണ്ട്, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്ക്കുന്നത്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ പൂര്‍ണമായും ഏകാധിപത്യപരമാവുകയാണെന്ന് വ്യക്തമാണ്, എന്നാല്‍ ഈ വെടിയുണ്ടകള്‍ പതിക്കുന്നത് ബഹുജനങ്ങളില്‍ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലാണെന്നും നാം മനസ്സിലാക്കണം. ഭരണഘടന സംരക്ഷിക്കാന്‍, അതിന്റെ അനുയായികളായ എല്ലാവരും പൊരുതണം. എന്നാല്‍ ഭരണഘടനാനുസൃതമായിരിക്കണം പോരാട്ടം.

ബിജെപി അധികാരത്തില്‍ വന്നതില്‍ പിന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഹിന്ദുരാഷ്ട്രം യഥാര്‍ഥ്യമാകുന്നുവെങ്കില്‍ ബാബാ സാഹബ് അംബേദ്കര്‍ പറഞ്ഞതുപോലെ ഇന്ത്യയുടെ പതനം ഉറപ്പാണ്. എന്നാല്‍ ബിജെപി ഇന്ത്യയെ കൊണ്ടുപോകുന്നത് ആ വഴിയിലേക്കാണ്. എന്നെ ജയിലില്‍ അടച്ചാലും നൂറുകണക്കിന് ഞങ്ങളുടെ പ്രവര്‍ത്തകരെ പിടികൂടിയാലും പ്രക്ഷോഭത്തെ തണുപ്പിക്കാന്‍ സര്‍ക്കാറിനാവില്ല. ഈ സമരം മുസ്ലിം സമുദായത്തിന്റേത് മാത്രമല്ല. ബഹുജന വിഭാഗത്തിലെ ഓരോ അംഗത്തെയും പൗരത്വ ഭേദഗതി നിയമം (സി എ എ)ബാധിക്കും.

പ്രിയപ്പെട്ട ബഹുജന്‍ സഹയാത്രികരേ, സി എ എ ഇന്ത്യയ്ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ പൗരത്വം തെളിയിക്കാന്‍ മുസ്ലിംകളോട് മാത്രമല്ല മോഡിസര്‍ക്കാര്‍ ആവശ്യപ്പെടുക. പട്ടികജാതി/വര്‍ഗക്കാര്‍, പാവങ്ങള്‍, ഭവനരഹിതര്‍, സ്ഥിരവാസമില്ലാത്തവര്‍, കൃഷിക്കാര്‍, ആദിവാസികള്‍ എന്നിവരെല്ലാം പൗരത്വം തെളിയിക്കേണ്ടിവരും.

ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ രേഖകര്‍ ഹാജരാക്കാന്‍ വായനക്കാരായ നിങ്ങളോടും ആവശ്യപ്പെടും. ഭവനരഹിതര്‍, വനവാസികള്‍, സ്ഥിരവാസമില്ലാത്തവര്‍, നിരക്ഷരരായ ബഹുജനങ്ങള്‍, ആദിവാസികള്‍ എന്നിവര്‍ക്ക് രായ്ക്കുരാമാനം വോട്ടവകാശവും സംവരണവും നഷ്ടപ്പെടും എന്നാണ് അതിനര്‍ഥം.

ഇതാണ് ആര്‍എസ്എസിന്റെ പ്രധാന കാര്യപരിപാടി. ബാബാ സാഹബ് അംബേദ്കര്‍ പൊരുതിയത് ഏത് വ്യവസ്ഥക്കെതിരാണോ അതിനു കീഴില്‍ നാം കൊണ്ടുവരപ്പെടും. അതിനാല്‍ പോരാട്ടത്തില്‍ നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. ഞങ്ങളെ തുറങ്കില്‍ അടച്ചതുകൊണ്ട് ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാറിന് ബോധ്യമാവും. ഈ പോരാട്ടം മനുസ്മൃതിയും ഭരണഘടനയും തമ്മിലാണ്. ബഹുജനവര്‍ഗത്തിന്റെ നിലനില്പിനു വേണ്ടിയാണ് ഈ പോരാട്ടം. ഈ പോരാട്ടത്തിനുവേണ്ടി ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നാലും ഞാനതിന് തയാറാവും.

ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിന് എല്ലാം ത്യജിക്കാന്‍ ഞാന്‍ തയാറാണ്. ഈ പ്രക്ഷോഭം എന്റെ സഹയാത്രികര്‍ ഒരിക്കലും അവസാനിപ്പിക്കുകയില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പ്രക്ഷോഭം അക്രമത്തിലേക്ക് മാറുന്നത് തടയണം. കാരണം ഈ പ്രക്ഷോഭം ബൃഹത്താണ്. അക്രമം അതിനെ ദുര്‍ബലപ്പെടുത്തും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമായ അനുശോചനം. ജയില്‍മോചിതനായാല്‍ ആ കുടുംബങ്ങളെ ഞാന്‍ കാണുന്നതാണ്.
ഉത്തര്‍പ്രദേശ് പൊലീസിന്റെ പെരുമാറ്റം സംശയാസ്പദമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലെ പക്ഷപാതപരമായാണ് അവര്‍ പെരുമാറുന്നത്. മീററ്റ് സിറ്റി പൊലീസ് സുപ്രണ്ട് അഖിലേഷ് സിങ് മുസ്ലിംകളെ ഭീഷണിപ്പെടുത്തി, പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞത് ഏറ്റവും പുതിയ ഉദാഹരണമാണ്. സുപ്രീം കോടതി ഇക്കാര്യത്തില്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിക്കുകയും പൊലീസ് ആക്രമം അന്വേഷിക്കാന്‍ ജഡ്ജിമാരുടെ സമിതി രൂപീകരിക്കുകയും വേണം. ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊലീസിന്റെ ഇരകളെ നിങ്ങള്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഇരകള്‍ക്കെതിരേ കള്ളക്കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാധാരണക്കാരായ ഭീം ആര്‍മി പ്രവര്‍ത്തകരുടെ ധാര്‍മ്മികത കാത്തുസൂക്ഷിച്ച് പൊലീസിന്റെ നിഷ്ഠുരമായ നടപടികളില്‍ നിന്നും സൂത്രങ്ങളില്‍ നിന്നും നിങ്ങളുടെ പ്രസ്ഥാനത്തെ രക്ഷിക്കുക.

നമ്മുടെ നിലനില്‍പിന് കാരണം ഭരണഘടനയാണ്. ഇതാണ് നമ്മുടെ മുഖ്യമായ, അടിസ്ഥാനപരമായ ചിന്ത. ഭരണഘടനയാണ് ബഹുജനവര്‍ഗത്തിന്റെ സംരക്ഷണകവചം. അതിനാല്‍ ഭരണഘടനയെ ലക്ഷ്യമാക്കുന്ന എല്ലാ നീക്കത്തിന്റെയും പരാജയം ഉറപ്പാക്കുക.
ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡ് ജനതയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ മനുവാദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക വഴി, അവര്‍ ഈ വിപത്ഘട്ടത്തില്‍ ഒരു പ്രകാശരശ്മി കാണിച്ചു തന്നിരിക്കുന്നു.

എന്ന് ,
നിങ്ങളുടെ സ്വന്തം
ചന്ദ്രശേഖര്‍ ആസാദ്
ഭീം ആര്‍മി നേതാവ്

വിവ. കുന്നത്തൂര്‍ രാധാകൃഷ്ണന്‍

You must be logged in to post a comment Login