മറിയക്കും യോഹന്നാന്റെ മാതാവിനും അനേകം തലമുറകള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യനാണ് അഹറോണ് അഥവാ ഹാറൂണ്‍. ഒരിക്കലും സഹോദരന് എന്ന സ്ഥാനത്ത് ആലങ്കാരികമായി പോലും പറയാനാകില്ല. ഒരുപക്ഷേ, പിതാവ് എന്ന് സംബോധന ചെയ്യാം. ഇവിടെ കൃത്യമായി ഖുര്‍ആനില്‍ തെറ്റു വന്നിട്ടുണ്ട്. ഹാറൂണിന് സ്വന്തമായി മറിയ എന്ന സഹോദരി ഉണ്ട്. ആ മറിയയും യേശുവിന്റെ അമ്മയായ മറിയയും ഒന്നാണെന്നു ഖുര്‍ആന്‍ എഴുതിയ വ്യക്തിക്ക് ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇതൊരു ഭീമമായ ചരിത്രാബദ്ധമാണ് .
വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത നിഷേധിക്കുന്നതിന് അതില്‍ ചരിത്രപരമായ പിശകുകള്‍ ഉണ്ടെന്നു വരുത്താനുള്ള ശ്രമമാണിത്. അതിന്റെ ഭാഗമായി ഉന്നയിക്കുന്ന ഒരാരോപണമാണിത്.
വിശുദ്ധ ഖുര്‍ആനിലെ പത്തൊമ്പതാം അധ്യായം ഇരുപത്തെട്ടാം വചനമാണ് ചര്‍ച്ച:
‘ഹാറൂന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍നടപ്പുകാരിയും ആയിരുന്നില്ല’.
മര്‍യം ബീവിയെ(റ) ഹാറൂന്റെ സഹോദരിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നു. ഈ ഹാറൂന്‍ ആരാണ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. മൂസാനബിയുടെ സഹോദരനായ ഹാറൂന്‍ ആണെന്ന അഭിപ്രായവും ആ ചര്‍ച്ചകളില്‍ കാണാം. വിമര്‍ശകര്‍ ഉന്നംവെക്കുന്നത് ആ അഭിപ്രായത്തെയാണ്. നമുക്കിപ്പോള്‍ അതിനെ കുറിച്ചു പറയാം:
യേശുവിന്റെ അമ്മയായ മറിയയും അവരുടെ എത്രയോ തലമുറകള്‍ക്കു മുമ്പു ജീവിച്ച മോശെയുടെ സഹോദരനായ അഹരോനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ആരാണ് അഹരോന്?
മോശെ കഴിഞ്ഞാല്‍ ന്യായപ്രമാണത്തിലെ നിറസാന്നിധ്യമാണ് അഹരോന് . അദ്ദേഹത്തെയും മക്കളെയുമാണ് യിസ്രയേല്യരുടെ പുരോഹിതന്മാരായി തിരഞ്ഞെടുത്തത്. മോശെയോട് യഹോവ പറയുന്നു:
‘അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രയേല്‍ മക്കളുടെ ഇടയില്‍നിന്ന് നിന്റെ അടുക്കല്‍ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നെ’ (പുറപ്പാട് 28/1). മുഖ്യപുരോഹിതന്മാരായി കരുതപ്പെട്ടു പോന്നിരുന്നത് അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും വംശപരമ്പരയേയുമാണ് (ലേവ്യ 1:7,സങ്കീ 115:10). അമ്രാമിന്റെ പുത്രന്മാര്: അഹരോന്, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുവാനും യഹോവയുടെ സന്നിധിയില്‍ ധൂപംകാട്ടുവാനും അവന് ശുശ്രൂഷചെയ്യുവാനും എപ്പോഴും അവന്റെ നാമത്തില്‍ അനുഗ്രഹിക്കുവാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു (1 ദിന. 23/13).
ഈ പുരോഹിത കുടുംബത്തില്‍ പെട്ട ഒരു പുരോഹിതനായിരുന്നു സ്നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ് (ലൂക്കാ1:5-9). അഥവാ, സെഖര്യാവ് അഹരോന്യനും ലേവ്യനും ആണ്.
സെഖര്യാവിന്റെ ഭാര്യയെ പറ്റി ലൂക്കോസ് പറയുന്നതിങ്ങനെ: ‘അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരില്‍ ഒരുവള്‍ ആയിരുന്നു; അവള്‍ക്ക് എലിസബെത്ത് എന്നു പേര്. ‘ (ലൂക്കാ1:5). മോശെയുടെ സഹോദരനായിരുന്ന അഹരോണിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞും എലിസബെത്ത് അഹരോണിന്റെ പുത്രി എന്നു വിളിക്കപ്പെട്ടു! സംശയിക്കേണ്ട, അവരും അഹരോന്റെ ഗൃഹത്തില്‍ പെട്ടതാണു കാരണം.
മറിയയും അഹരോനും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ഗ്യാപ് ആയിരുന്നു ഇവിടെ പ്രശ്നം. ലൂക്കോസ് എലിസബെത്തിനെ അഹരോന്റെ പുത്രി എന്നു പറഞ്ഞിരിക്കുന്നുവല്ലോ എന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ആരോപണത്തിന്റെ മുന ഒന്നൊടിഞ്ഞു; പുത്രി എന്നു പറയാം, സഹോദരി എന്നു പറയുന്നതാണ് വങ്കത്തം എന്നായി പിന്നത്തെ ആരോപണം?
അതെങ്ങനെ? ഇസ്ലാം വിമര്‍ശകനായ ഒരു ലേഖകനെ ഉദ്ധരിക്കാം: ‘ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ ‘പുത്രന്’/’പുത്രി’ അബ്രാഹത്തിന്റെ ‘പുത്രന്’/’പുത്രി’ എന്നിങ്ങനെ കാണാം. യോക്കൊബിന്റെ ‘സഹോദരന് ‘ എന്നോ മോശയുടെ ‘സഹോദരി’ എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ, അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!
നബി പറഞ്ഞത് വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്, സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ. ഒന്നുകില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക് തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിന് അഹരോന് എന്ന പേരില്‍ ഒരു സഹോദരന് ഉണ്ടായിരിക്കണം. രണ്ടാമത്തെതാണോ നബി ഉദ്ദേശിച്ചത് എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ് പരിശോധിക്കണം.
In Sahih Muslim, the Hadith related by Mughirah ibn Shu’bah, #5326, says:
‘When I came to Najran, they (the Christians of Najran) asked me: You read ‘Sister of Harun’, (i.e. Mary), in the Qur’an, whereas Moses was born well before Jesus. When I came back to Allah’s Messenger I asked him about that, and he said: ‘The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them.’ [Sahih Muslim, translated by Abdul Siddiqi].
മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്. അതായത് പുള്ളിക്കാരന് ഉദ്ദേശിച്ചത് മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.
വാസ്തവത്തില്‍, വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നു ഒന്നു കൂടെ ഊട്ടിയുറപ്പിക്കുന്ന അത്ഭുതമാണ് മറിയ അഹരോന്റെ (പുത്രിയല്ല) സഹോദരിയാണ് എന്ന പ്രയോഗം! പറയാം.
അതിനു മുമ്പ് ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, ലേഖകന്‍ ഉദ്ധരിച്ച സ്വഹീഹു മുസ്ലിമിന്റെ ഹദീസില്‍ ഉദ്ദേശിച്ചത് മോശെയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്നു തീര്‍പ്പു പറയാന്‍ പറ്റില്ല, അതൊരു സാധ്യത മാത്രമാണ്. മറിയത്തിനു അഹരോന് എന്ന പേരില്‍ ഒരു സഹോദരന് ഉണ്ടായിരിക്കാം എന്ന സാധ്യതയെ ആ ഹദീസ് ഖണ്ഡിക്കുന്നില്ല.
ഹദീസിന്റെ അര്‍ഥമെന്ത്?
ഇമാം മുസ്ലിം, തിര്‍മിദി, നസാഈ തുടങ്ങിയവരെല്ലാം നിവേദനം ചെയ്തിട്ടുള്ള ഹദീസിന്റെ പരിഭാഷ എല്ലാവര്ക്കും വേണ്ടി വായിക്കാം:
മുഗീറതു ബ്നു ശുഅ്ബ(റ) പറയുന്നു: റസൂലുല്ലാഹി(സ) ചില ആവശ്യങ്ങള്‍ക്കായി എന്നെ നജ്റാന്‍കാരുടെ അടുത്തേക്ക് അയച്ചിരുന്നു. അന്നവരെന്നോടു ചോദിച്ചു: ‘ഓ ഹാറൂന്റെ സഹോദരീ’ എന്നല്ലേ നിങ്ങളോതാറുള്ളത്? ഞാന്‍ പറഞ്ഞു: അതെ. അപ്പോള്‍ ‘മോശെയുടെയും യേശുവിന്റെയും ഇടയില്‍ എത്രയോ തലമുറകള്‍ ഉണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ’ എന്നു അവര്‍ പറഞ്ഞു. പിന്നീട് ഞാന്‍ ഇക്കാര്യം റസൂലിന്റെ തിരുസവിധത്തിലുണര്‍ത്തി. തിരുനബി ഉടനെ പറഞ്ഞു: താങ്കളെന്തു കൊണ്ട് ‘യിസ്റയേല്യര്‍ പ്രവാചകന്മാരുടേയും മുന്‍ഗാമികളായ സജ്ജനങ്ങളുടേയും പേരുകള്‍ തങ്ങളുടെ പേരുകളാക്കാറുണ്ട്’ എന്ന മറുപടി പറഞ്ഞില്ല?’
ഈ ഹദീസില്‍ മോശയുടെ സഹോദരനായ അഹരോനെ അല്ല ഖുര്‍ആന്‍ ഉദ്ദേശിച്ചത് എന്ന് പ്രത്യേകം പ്രസ്താവിച്ചിട്ടില്ല. മറിയയുടെ സമകാലികര്‍ പ്രവാചകന്മാരുടെയും മുന്‍ഗാമികളുടെയും പേര് സ്വീകരിക്കാറുണ്ട് എന്നു മാത്രമേ ഉള്ളൂ. ഇതിന്റെ പ്രത്യക്ഷാര്‍ഥത്തില്‍ തന്നെ എടുത്താല്‍ മറിയക്ക് ഹാറൂന്‍ എന്നു പേരുള്ള ഒരു സഹോദരനുണ്ടായിരുന്നുവെന്ന വീക്ഷണത്തെ അതു നിരാകരിക്കുകയില്ല. അതു കൊണ്ടാണ് അങ്ങനെ ഒരു സാധ്യത അന്വേഷിച്ച വ്യാഖ്യാതാക്കളും ഇതേ ഹദീസിനെ അവലംബമാക്കിയത്.
എന്നിട്ടും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മോശെയുടെ സഹോദരനായ അഹറോനായിരിക്കാം സൂക്തത്തിലെ ഉദ്ദേശ്യമെന്ന നിഗമനത്തിലെത്തുന്നതു വേറെ രണ്ടു സാഹചര്യങ്ങളെ പരിഗണിച്ചാണ്. ഒന്ന്, ഹദീസിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നത് മറുപടി പറയാതിരിക്കുന്നതിനു പകരം ഇങ്ങനെ മറുപടി പറഞ്ഞിരുന്നെങ്കില്‍ സന്ദേഹം ദൂരീകരിക്കാന്‍ കഴിയുമായിരുന്നു എന്നു മാത്രമാണ്. രണ്ട്, മറിയ കൈക്കുഞ്ഞിനെയും എടുത്തു യിസ്രയേല്‍ ജനത്തിനിടയിലേക്ക് ഇറങ്ങി വന്ന രംഗം ഒന്നാലോചിച്ചു നോക്കൂ. സമൂഹത്തില്‍ അതു വലിയ കോളിളക്കം സൃഷ്ടിച്ചതിന്റെ കാരണം അഹരോന് എന്നു തന്നെ പേരുള്ള അപ്രശസ്തനായ ഒരു വ്യക്തിയുടെ കന്യകയായിരുന്ന സഹോദരി പിഴച്ചു പെറ്റു എന്നതായിരുന്നില്ലെന്ന് വ്യക്തം. പ്രത്യുത, യിസ്റയേല്യരിലെ ഏറ്റവും വിശുദ്ധ കുലത്തിന്റെ കുലപതിയായ അഹരോന്റെ കുടുംബത്തിലെ ഒരു സന്തതിക്കാണ് ഈ ഗതിയെത്തിയത് എന്നതു തന്നെയാകുന്നു. അതിനാലാണവര്‍ മറിയക്കു ചുറ്റും ഓടിക്കൂടിയത്. ‘മറിയയേ, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ’ എന്നു ശക്തമായ സ്വരത്തില്‍ ആക്ഷേപിച്ചത്. ‘നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍നടപ്പുകാരിയും ആയിരുന്നില്ല’ എന്നെല്ലാം പറഞ്ഞത്. മഹാപുരോഹിതന്റെ വിശുദ്ധ കുടുംബത്തിനു കളങ്കമേറ്റു എന്നവര്‍ ഭയന്നിരിക്കണം. ഈ വസ്തുതകള്‍ പരിശോധിച്ചാല്‍ സൂക്തത്തിലെ വിവക്ഷ മോശെ പ്രവാചകന്റെ സഹോദരനായ അഹരോനെ തന്നെയായിരിക്കും എന്നു മനസ്സിലാകുന്നു.
ഇനി ഖുര്‍ആന്റെ പ്രയോഗത്തിലേക്കു വരാം. ആദ്യം മറിയയും എലീസബെത്തും തമ്മിലുള്ള ബന്ധം നിര്‍ദ്ധാരണം ചെയ്യണം.
മറിയയും എലിസബത്തും
ബൈബിളിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും നിലപാടുകള്‍ പരസ്പരം വിരുദ്ധമാകാത്തിടത്തോളം ഇതേ സ്രോതസ്സുകളെ അവലംബിച്ചു മുന്നോട്ടു പോകാം.
മറിയ എലിസബത്തിന്റെ ബന്ധുവായിരുന്നു എന്നു ബൈബിള്‍ സംസാരിക്കുന്നു:
നിന്റെ ചാര്ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞു വന്നവള്‍ക്കു ഇതു ആറാം മാസം (ലൂ. 1/36).
ഇവിടെ ചര്‍ച്ചക്കാരത്തി, ബന്ധു എന്നെല്ലാമാണ് ഗ്രീക്കില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഹീബ്രു ബൈബിളില്‍ (ഖെറാബത്കി) എന്നും അറബിയില്‍ (നസീബതുകി) എന്നും വിവര്‍ത്തനം ചെയ്തിട്ടുള്ള ഈ പദത്തിന്റെ കൃത്യമായ അര്‍ഥം എന്താണ് എന്ന കാര്യത്തില്‍ ഇംഗ്ലീഷ് വിവര്‍ത്തകര്‍ പല അഭിപ്രായക്കാരാണ്.
New International Version, New Living Translation, English Standard Version, New American Standard Bible, Holman Christian Standard Bible, International Standard Version എന്നിവയില്‍ ഹീബ്രു, അറബിക് ബൈബിളിന്റെ നേരെ വിവര്‍ത്തനമായ your relative എന്നാണ് കൊടുത്തിട്ടുള്ളത്. ഏകദേശം സമാനമായ അര്‍ഥം തന്നെയാണ് Young’s Literal Translation, English Revised Version, Darby Bible Translation, American Standard Version എന്നിവയിലുമുള്ളത്: thy kinswoman എന്ന്. relative എന്നോ kinswoman എന്നോ പറഞ്ഞതിന്റെ അര്‍ഥമാണ് ബന്ധു, ചാര്ച്ചക്കാരത്തി എന്നത്. അതാരുമാകാം. അടുത്ത ബന്ധുവോ അകന്ന ബന്ധുവോ അങ്ങനെ ആരു വേണമെങ്കിലും ആകാം.
എന്നാല്‍ King James Bible, Aramaic Bible in Plain English, American King James Version, Douay-Rheims Bible, Webster’s Bible Translation എന്നിവര്‍ കുറേക്കൂടി വ്യക്തമായ അര്‍ഥമാണ് കൊടുത്തിരിക്കുന്നത്: cousin എന്ന്. ഒരാള്‍ക്ക് മാതാവിന്റെയോ പിതാവിന്റെയോ സഹോദര സന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്നതാണ് ആ പദം. ഒന്നു കൂടെ വ്യക്തമാക്കി പറഞ്ഞാല്‍, അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ അല്ലെങ്കില്‍ സഹോദരിയുടെ മകനോ മകളോ ആയാലാണ് ഈ പദം ഉപയോഗിക്കേണ്ടത്. അഥവാ, എലീസബത്തിന്റെ പിതാവിന്റെയോ മാതാവിന്റെയോ സഹോദര പുത്രിയാണ് മറിയ എന്നാണ് വാച്യാര്‍ഥത്തില്‍ നിന്ന് എത്തിച്ചേരുന്നത്. ഈ വചനം അവരുടെ ബന്ധം കൃത്യമായി നിര്‍വചിക്കുന്നില്ല. Jamieson-Fausset-Brown Bible Commentary അതു അങ്ങനെത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ‘relative,’ but how near the word says not. ബന്ധുവാണ്, പക്ഷേ, എത്രത്തോളം അടുപ്പമുണ്ട് എന്ന് ഈ പദം പറയുന്നില്ല.
ഇവിടെ, എലീസബത്തിന്റെയും മറിയയുടെയും വംശാവലികള്‍ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും.
എലീസബെത്തിന്റെ വംശാവലി: അബ്രഹാമിന്റെ പുത്രന് യെസഹാഖ് (ഉ. 21: 1-3), യെസഹാഖിന്റെ പുത്രന് യാക്കോബ് (ഉ. 25: 19-26), യാക്കോബിന്റെ പുത്രന്മാര് പന്ത്രണ്ടു പേരായിരുന്നു. മൂന്നാമന് ലേവി, നാലാമന് യെഹൂദാ (ഉ. 35:23), ലേവിയുടെ പുത്രന് കഹാത് (പു. 6:16), കഹാതിന്റെ പുത്രന് അമ്രാം (പു. 6:18), അമ്രാമിന്റെ പുത്രന് അഹരോന് (പു. 6:20). അഹരോന്റെ വംശാവലിയില്‍ പില്ക്കാലത്ത് എലീസബത്ത് ജനിക്കുന്നു.
മറിയയുടേതായി ഒരു വംശാവലി ബൈബിള്‍ പരാമര്‍ശിച്ചിട്ടില്ല. മറിയയുടെ മാതാപിതാക്കളുടെ പേരുകള്‍ പോലും കാനോനിക സുവിശേഷങ്ങളിലില്ല. യേശുവിന്റെ സഹോദരനായി പരിചയപ്പെടുത്തപ്പെടുന്ന യാക്കോബ് എഴുതിയ സുവിശേഷത്തില്‍ നിന്നാണ് അവരുടെ പേരുകളെങ്കിലും നമുക്കു വായിക്കാനാവുന്നത്. മത്തായിയും ലൂക്കോസും പ്രസിദ്ധീകരിച്ചിട്ടുള്ള യേശുവിന്റെ വംശാവലിയാകട്ടെ അവളുടെ പ്രതിശ്രുത വരനായിരുന്ന യോസേഫിന്റേതാണ്. ഈ വിഷയത്തില്‍ നമുക്കു ചെയ്യാവുന്നത് അബ്രഹാമിന്റെയും ദാവീദിന്റെയും കുടുംബത്തിലാണ് യേശു ജനിച്ചതെന്ന ക്രൈസ്തവ സഭകളില്‍ ഏറെക്കുറെ പൊതുസമ്മതമുള്ള ആശയത്തെ അടിസ്ഥാനമാക്കി മറിയയുടെയും എലീസബത്തിന്റെയും പൊതുവായ പിതൃവ്യന് ആരാണെന്നു കണ്ടെത്തുകയാണ്. മത്തായിയുടെ ഒന്നാം അധ്യായവും ലൂക്കോസിന്റെ മൂന്നാം അധ്യായവും ഉദ്ധരിക്കുന്ന വംശാവലികള്‍ പ്രകാരം:
അബ്രഹാമിന്റെ പുത്രന് യെസഹാഖ്, യെസഹാഖിന്റെ പുത്രന് യാക്കോബ്, യാക്കോബിന്റെ പുത്രന് യെഹൂദ, യെഹൂദയുടെ പുത്രന് പെരസ്, പെരസിന്റെ പുത്രന് ഹെസ്രോന് … അങ്ങനെ നീളുന്നു.
അതായത് യാക്കോബിന്റെ പുത്രന് ലേവിയുടെ വംശപരമ്പരയില്‍ എലീസബത്ത് ജനിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരനായ യഹൂദയുടെ വംശപരമ്പരയില്‍ മറിയ ജനിക്കുന്നു. പിതാവു വഴി സഹോദരങ്ങളായ രണ്ടു പേരുടെ പുത്രിമാരാണ് ഇരുവരും എന്നര്‍ഥം.
മുഹമ്മദ് സജീര്‍ ബുഖാരി
You must be logged in to post a comment Login