പുതുജീവിതത്തിന്റെ പച്ചത്തുരുത്തു തേടി അമ്പത്തെട്ടു ദിവസം മുമ്പ് പഴയൊരു മീന്‍പിടിത്ത ബോട്ടില്‍ കയറി യാത്ര തുടരുമ്പോള്‍ കൊവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് അവര്‍ കേട്ടിട്ടുപോലുമില്ലായിരുന്നു. ബംഗ്ലാദേശ് -മ്യാന്മര് അതിര്‍ത്തിയില്‍നിന്ന് പുറപ്പെട്ട് ദിവസങ്ങള്‍നീണ്ട പ്രയാണത്തിനൊടുവില്‍ അവര്‍ മലേഷ്യന്‍ തീരത്ത് എത്തുമ്പോള്‍ കൊവിഡിനെക്കുറിച്ചുമാത്രമാണ് ലോകം സംസാരിച്ചുകൊണ്ടിരുന്നത്. മഹാമാരിയെപ്പേടിച്ച് മലേഷ്യ ആ ബോട്ടിനെ ആട്ടിപ്പായിച്ചു. തായ്ലന്‍ഡിന്റെ തീരത്തും അഭയം കിട്ടിയില്ല.
കരകാണാത്ത കടലില്‍ നിലയില്ലാതെ ആഴ്ചകളോളമാണവര് അലഞ്ഞുതിരിഞ്ഞത്. അപ്പോഴേക്കും കൈയില്‍ കരുതിയ ഭക്ഷണവും വെള്ളവും തീര്‍ന്നു. ബോട്ടിലെ എണ്ണയും തീരാറായി. പട്ടിണിയിലും ചൂടിലും അവര്‍ വാടിത്തളര്‍ന്നു. കുഞ്ഞുങ്ങളും വയോധികരും രോഗികളും വിശന്നുമരിക്കാന്‍ തുടങ്ങി. നാനൂറോളം പേരാണ് ആ ബോട്ടിലുണ്ടായിരുന്നത്. കരക്കെത്തുമ്പോഴേക്ക് 30 പേര് ഭക്ഷണം കിട്ടാതെ ഉപ്പുവെള്ളം കുടിച്ചും ചൂടേറ്റും അവശരായി മരണമടഞ്ഞിരുന്നു. കുറേപ്പേര് ജീവച്ഛവങ്ങളായിക്കഴിഞ്ഞിരുന്നു. ഉറ്റവരുടെ മൃതദേഹം കടലിലെറിയുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല അവര്‍ക്കു മുന്നില്‍.
നാടും വീടുമില്ലാത്തവരോട് മഹാമാരി എന്താണ് ചെയ്യുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നൂ കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് തീരത്തടുത്ത ആ ബോട്ടിലെ അഭയാര്‍ഥികള്‍. പൗരത്വവും മനുഷ്യാവകാശങ്ങളും നിഷേധിച്ച് മ്യാന്മറിലെ പട്ടാള ഭരണകൂടം ആട്ടിയിറക്കിയ പതിനാലു ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രതിനിധികളാണ് ആ ബോട്ടിലുണ്ടായിരുന്നത്. പുഴുക്കളെപ്പോലുള്ള ജീവിതത്തില്‍നിന്ന് മോചനം തേടിയാണ് അവര്‍ ആ സാഹസത്തിനു മുതിര്‍ന്നത്. പഴയൊരു മീന്‍പിടുത്ത ബോട്ടില്‍ മലേഷ്യ ലക്ഷ്യമാക്കിയുള്ള കടല്‍ യാത്ര.
അവരുടെ പ്രയാണം പാതി ദൂരം പിന്നിടുമ്പോഴേക്ക് ലോകം കൊവിഡിനെ നേരിടാന്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയിരുന്നു. തുറമുഖങ്ങളും തീരങ്ങളും കൊവിഡ് ഭീതിയില്‍ അടച്ചിരുന്നു. അനുമതിയില്ലാതെ, മതിയായ യാത്രാരേഖകളില്ലാതെയെത്തിയ ബോട്ട് തീരത്ത് അടുപ്പിക്കാന്‍ സ്വാഭാവികമായും മലേഷ്യ അനുവദിച്ചില്ല. പലവട്ടം, പല വഴികളിലൂടെ അവര്‍ തീരത്തെത്താന്‍ ശ്രമിച്ചു. ഓരോ തവണയും തീരരക്ഷാസേന ആട്ടിപ്പായിച്ചു. മടങ്ങിപ്പോകാന്‍ നാടുപോലുമില്ലാതെ കരകാണാ കടലില്‍ അവര്‍ കുടുങ്ങി. ബംഗ്ലാദേശിന്റെ തീരരക്ഷാസേനയ്ക്ക് കരുണ തോന്നിയതുകൊണ്ടുമാത്രം, അവശേഷിക്കുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ജീവനെങ്കിലും ബാക്കിയായി. കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാമ്പില്‍ സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തി പാര്പ്പിച്ചിരിക്കുകയാണവരെയിപ്പോള്.
‘പുറപ്പെട്ട് പത്തു ദിവസംകൊണ്ട് ഞങ്ങള്‍ മലേഷ്യന്‍ തീരത്തെത്തിയതാണ്. പക്ഷേ, തീരരക്ഷാസേന ബോട്ട് അടുപ്പിക്കാന്‍ സമ്മതിച്ചില്ല. വീണ്ടും പലവട്ടം ഞങ്ങള്‍ തീരത്തടുക്കാന്‍ ശ്രമിച്ചു. പക്ഷേ പതിവില്ലാത്ത കാര്ക്കശ്യത്തോടെയായിരുന്നു മലേഷ്യയുടെ പ്രതികരണം’ -ജീവനോടെ രക്ഷപ്പെട്ട മുഹമ്മദ് എന്ന നാല്പതുകാരന് ക്യാമ്പില്‍ നിന്ന് ഗാര്ഡിയന് ദിനപത്രത്തോട് പറഞ്ഞു. ‘ദിവസവും ഒന്നും രണ്ടും പേര് ബോട്ടില്‍ വിശന്നു മരിച്ചു. മൃതദേഹത്തിനു മുന്നില്‍ ഞങ്ങള്‍ അല്പനേരം പ്രാര്‍ത്ഥിക്കും. പിന്നെ മൃതശരീരം കടലിലേക്ക് എറിയും,’ രക്ഷപ്പെട്ട അന്‍വാറുല്‍ ഇസ്ലാം എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ അഭയാര്ഥിത്താവളങ്ങളിലൊന്നായ കോക്സ് ബസാറില്‍ കൊവിഡ് കാലത്തെ അവസ്ഥയെന്തെന്ന് പരിശോധിക്കുന്ന റിപ്പോര്‍ട്ട് ‘ദ ഇക്കോണമിസ്റ്റി’ല്‍ ഉണ്ട്. 34 ക്യാമ്പുകളിലായി 8,50,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ബംഗ്ലാദേശിലെ ഈ അഭയാര്‍ഥികേന്ദ്രത്തിലുള്ളത്. മുളയും ടാര്പോളിനുംകൊണ്ട് തട്ടിക്കൂട്ടിയ ഓരോ കൂരയിലും തിങ്ങിഞെരുങ്ങിക്കഴിയുകയാണ് ആളുകള്‍. ചതുരശ്ര കിലോമീറ്ററില്‍ 40,000 എന്നതാണ് ജനസാന്ദ്രത. സാമൂഹിക അകലമെന്നത് നടപ്പുള്ള കാര്യമല്ല. ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ മതി, ദിവസങ്ങള്കൊണ്ടത് ആളിപ്പടരും. ‘അല്ലാഹുവിനു മാത്രമേ ഞങ്ങളെ കൊറോണയില്‍നിന്നു രക്ഷിക്കാനാവൂ’- സാമൂഹിക അകലം പാലിക്കാനൊന്നും മെനക്കെടാതെ പള്ളിയിലേക്കു പോകുന്ന അഭയാര്‍ഥികളില്‍ ഒരാള്‍ ‘ഇക്കണോമിസ്റ്റ്’ ലേഖകനോട് പറഞ്ഞു.
ഇന്ത്യയുടെ അയല്‍രാജ്യമായ മ്യാന്മര് 1982ല്‍ കൊണ്ടുവന്ന പൗരത്വനിയമം കാരണം ഭ്രഷ്ടരാക്കപ്പെട്ടവരാണ് അവര്‍. അതോടെ റോഹിംഗ്യ എന്ന പേരു പോലും ആ രാജ്യത്ത് നിയമവിരുദ്ധമായി. പൗരത്വം നഷ്ടമായതിനൊപ്പം പതിനാലു ലക്ഷത്തോളം വരുന്ന റോഹിംഗ്യകള്‍ക്ക് മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു. ജന്മഗ്രാമത്തിന്റെ പുറത്തേക്ക് സഞ്ചരിച്ചാല്‍ അറസ്റ്റു ചെയ്യപ്പെടുമെന്നതായി സ്ഥിതി. പട്ടാള ഭരണകൂടമായ ജുണ്ടയുടെ ഭടന്മാര് വേട്ടപ്പട്ടികളെപ്പോലെ ഗ്രാമങ്ങളില്‍ കറങ്ങിനടന്ന് റോഹിംഗ്യകളെ പിടികൂടി. വീടുകള്‍ക്ക് തീവെച്ചു. അന്നു തുടങ്ങിയ റോഹിംഗ്യാവേട്ട ഒരനുഷ്ഠാനം പോലെ ഇപ്പോഴും അവിടെ തുടരുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ പതിനായിരക്കണക്കിന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും നുഴഞ്ഞുകയറി. അക്കൂട്ടത്തിലുള്ളവരെയാണ് കോക്സ് ബസാറില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആവശ്യത്തിന് ഭക്ഷണംപോലും കിട്ടാതെ അഭയാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് പതിവായപ്പോള്‍ കോക്സ് ബസാറില്‍ ബംഗ്ലാദേശ് ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും വിഛേദിച്ചു. അതോടെ കൊവിഡ് പടരുന്നത് തടയുന്നതിന് സ്വീകരിക്കേണ്ട മുന്നറിയിപ്പുകള്‍പോലും ഇവിടത്തെ പാവങ്ങള്‍ക്കു ലഭിക്കാതായി.
കോക്സ് ബസാറിലെ റോഹിംഗ്യകളെപ്പോലെത്തന്നെ ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വലയുകയാണ് വടക്കുപടിഞ്ഞാറന്‍ ടാന്‍സാനിയയിലെ ന്യാരുഗുസു ക്യാമ്പിലുള്ളവരുമെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുറുണ്ടിയില്നിന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്നിന്നുമുള്ള അഭയാര്‍ഥികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വെള്ളം അത്ര സുലഭമല്ല ഇവിടെ. കൊവിഡില്‍ നിന്നു രക്ഷപ്പെടാന്‍ സോപ്പിട്ട് കൈ കഴുകണമെങ്കില്‍ നീണ്ട വരിയില്‍ കാത്തുനില്ക്കണം. ‘ഭക്ഷണത്തിനു വകയില്ലാതെ വലയുന്നവര്‍ സോപ്പു വാങ്ങാന്‍ പണം മുടക്കുമോ?’ കെയര്‍ ഇന്റര്‍നാഷണലിന്റെ ഏഷ്യ റീജ്യണല്‍ ഡയരക്ടര്‍ ദീപ്മാല മാഹല ചോദിക്കുന്നു.
അതിലും ദയനീയമാണ് ഇദ്ലിബിലെ സിറിയന്‍ അഭയാര്‍ഥികളുടെ കാര്യം. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനു നടുവിലാണ് സിറിയ ഇപ്പോള്‍. പശ്ചിമേഷ്യയില്‍ മധ്യധരണ്യാഴിയുടെ തീരത്തുള്ള സിറിയന്‍ അറബ് റിപ്പബ്ലിക്കിലെ ആഭ്യന്തര യുദ്ധം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പത്തുവര്‍ഷം പിന്നിട്ടു. ഒമ്പതു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ആറുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു; അന്‍പതു ലക്ഷത്തിലേറെയാളുകള്‍ രാജ്യംവിട്ടുപോയി. എഴുപതുലക്ഷത്തോളംപേര് കുടിയിറക്കപ്പെട്ട്, മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട് ജന്മനാട്ടില്ത്തന്നെ അഭയാര്‍ഥികളായി കഴിയുന്നു. അഭയാര്‍ഥിപ്രവാഹം രൂക്ഷമായതോടെ മിക്ക രാജ്യങ്ങളും സിറിയയില്‍ നിന്നെത്തുന്ന പാവങ്ങള്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടച്ചു കഴിഞ്ഞു. അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും ജോര്‍ദാനും ലെബനോനും അഭയാര്‍ഥികളെ ബലംപ്രയോഗിച്ച് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ്.
സിറിയയില്‍ നിന്ന് അതിര്‍ത്തികടന്ന് തുര്‍ക്കിയില്‍ എത്തിപ്പെട്ട അഭയാര്‍ഥികള്‍ക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ലഭിക്കുന്നുണ്ട്. എന്നാല്‍, സ്വന്തം രാജ്യമായ സിറിയയിലെ ഇദ്ലിബില് വീടുനഷ്ടപ്പെട്ട് കുരുങ്ങിക്കിടക്കുന്നവരുടെ കാര്യം അതല്ല. ഇവിടത്തെ 70 ആശുപത്രികളാണ് ആഭ്യന്തര യുദ്ധത്തില്‍ ബോംബിട്ടു തകര്‍ത്തത്. ഇദ്ലിബില് കഴിയുന്ന 30ലക്ഷം പേര്‍ക്കുവേണ്ടി അവശേഷിക്കുന്ന ആശുപത്രികളില്‍ 100 വെന്റിലേറ്ററുകള്‍ മാത്രമാണുള്ളത്. രോഗം പടര്‍ന്നുപിടിച്ചാല്‍ ഒരു ലക്ഷമാളുകള്ക്കെങ്കിലും തീവ്രപരിചരണം ആവശ്യമായി വരും. എന്നാല്‍ 200 പേരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ.
കോക്സ് ബസാറിലും ഇദ്ലിബിലും ന്യാരുഗുസുവിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള അഭയാര്‍ഥി താവളങ്ങളിലും ഇതുവരെ കൊവിഡ് എത്തിയിട്ടില്ലെന്നതുമാത്രമാണ് ഏക ആശ്വാസം. പക്ഷേ എന്നുവേണമെങ്കിലും അത് സംഭവിക്കാം. ലക്ഷക്കണക്കിനാളുകളായിരിക്കും ആഴ്ചകള്‍ക്കുള്ളില്‍ അതിന് ഇരകളാവുക. കൊവിഡ് എത്തിയിട്ടില്ലെങ്കിലും ഭക്ഷണക്ഷാമത്തിന്റെ രൂപത്തില്‍ ദുരിതം അഭയാര്ഥികള്ക്കടുത്ത് എത്തിക്കഴിഞ്ഞു. അടുത്തെത്തിക്കഴിഞ്ഞ ദുരന്തത്തിന്റെയും മരണത്തിന്റെയും വിനാശത്തിന്റെയും ആഴം മിക്കവരും മനസ്സിലാക്കിയിട്ടില്ലെങ്കിലും മനുഷ്യര്‍ വിശന്നുമരിച്ച ആ ബോട്ടില്‍നിന്ന് ഈ ക്യാമ്പുകളിലേക്ക് അധികം ദൂരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം നാട്ടില്‍നിന്ന് ആട്ടിയിറക്കപ്പെട്ട് അഭയാര്‍ഥികളായി മാറിയ ഏഴുകോടിയാളുകള് ഇന്നു ലോകത്തുണ്ടെന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭാ കമ്മീഷന്റെ (യു.എന്‍.എച്ച്.സി.ആര്) കണക്ക്. അതില്‍ മൂന്നുകോടിപ്പേര് മറ്റു രാജ്യങ്ങളില്‍ അഭയം തേടിയവരാണ്. നാലു കോടിപ്പേര്‍ സ്വന്തം രാജ്യത്ത് തന്നെ ഭിന്ന പ്രദേശങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു.
കൊവിഡ്19 പടരാന്‍ തുടങ്ങുന്നതോടെ ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ കടുത്ത പ്രതിസന്ധിയിലകപ്പെടുമെന്ന് ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റി ഏപ്രില്‍ ഒന്നിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുങ്ങിയ പ്രദേശങ്ങളായിരിക്കും ഏറ്റവും അപകടകരം എന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.
നാസി ജര്‍മ്മനിയില്‍ നിന്നു രക്ഷപ്പെട്ടെത്തിയവരെ സഹായിക്കാന്‍ 1933-ലാണ് വിഖ്യാത ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാം ലോകയുദ്ധത്തോടെ ലോകത്തെ ഏത് പ്രദേശത്തുനിന്നുമുള്ള അഭയാര്‍ഥികള്‍ക്കും സഹായമെത്തിക്കുന്ന പ്രസ്ഥാനമായി അത് മാറി. കൊവിഡില്‍നിന്നു രക്ഷപ്പെടാന്‍ വീട്ടിനുള്ളില്‍ത്തന്നെ ഇരിക്കുക എന്ന ആഹ്വാനം മുഴങ്ങുമ്പോഴാണ് നാടും വീടുമില്ലാത്തവര്‍ എന്തുചെയ്യും എന്ന ചോദ്യമുയരുന്നത്. പൗരത്വം നിഷേധിക്കപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കും സ്ഥലഭ്രംശം നേരിട്ടവര്‍ക്കും മുന്നില്‍ ഈ മഹാമാരി പുതിയൊരു ചോദ്യചിഹ്നമായി നില്ക്കുന്നു.
എസ് കുമാര്‍
You must be logged in to post a comment Login